വധശിക്ഷ വേ(ണ്ട)ണം

ഇന്ദ്രൻ

ഏത് പൊല്ലാപ്പും സി.പി.എമ്മിന്റെ ചുമലില്‍ ചെന്നുപതിക്കുമെന്നത് ഒരു പൊതുനിയമമായിട്ടുണ്ടല്ലോ. ഗോവിന്ദച്ചാമിയും സി.പി.എമ്മിനെ ധര്‍മസങ്കടത്തിലാക്കിയിരിക്കയാണ്.

ഗോവിന്ദച്ചാമിയെ തൂക്കേണ്ട എന്നു തീരുമാനിച്ചത് സുപ്രീം കോടതിയൊന്നുമല്ല, മുഖ്യമന്ത്രി പിണറായി വിജയനാണ് എന്നു തോന്നിപ്പോകും ചില ധാര്‍മികരോഷ വികാരജീവികളുടെ പ്രകടനങ്ങള്‍ കണ്ടാല്‍. തൂക്കിക്കൊല്ലുന്നില്ല എന്നു മാത്രമല്ല, ഗോവിന്ദച്ചാമിയെ പദ്മശ്രീയോ മറ്റോ കൊടുത്ത് ആദരിക്കുകയും ചെയ്തു എന്നും തോന്നിപ്പിക്കുന്നതാണ് പൊതുജനരോഷം. ജനത്തെ കുറ്റംപറഞ്ഞിട്ടു കാര്യമില്ല. ചാമിയെപ്പോലുള്ളവരെ കൈയില്‍കിട്ടിയാല്‍ ചിലപ്പോള്‍ മഹാത്മാഗാന്ധിയും ഹിംസാവാദിയായെന്നുവരും.
ഏത് പൊല്ലാപ്പും സി.പി.എമ്മിന്റെ ചുമലില്‍ ചെന്നുപതിക്കുമെന്നത് ഒരു പൊതുനിയമമായിട്ടുണ്ടല്ലോ.

ഗോവിന്ദച്ചാമിയും സി.പി.എമ്മിനെ ധര്‍മസങ്കടത്തിലാക്കിയിരിക്കയാണ്. വധശിക്ഷ നിര്‍ത്തലാക്കണമെന്ന് പാര്‍ട്ടി ഒരു നയവും നിലപാടുമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഗോവിന്ദച്ചാമിയെ രക്ഷിക്കാന്‍ വേണ്ടിയാണ് 2013ല്‍ ഇങ്ങനെ തീരുമാനിച്ചത് എന്നൊന്നും പറഞ്ഞേക്കരുതേ… ഗോവിന്ദച്ചാമിയുടെ കേസ് വിധിയാകുംമുമ്പേ, പാര്‍ട്ടിയുടെ പ്രമേയം വായിച്ച് കേന്ദ്രസര്‍ക്കാര്‍ വധശിക്ഷ നിര്‍ത്തലാക്കിക്കളയും എന്നു വിശ്വസിക്കാനുള്ള മൗഢ്യമൊന്നും ആര്‍ക്കുമുണ്ടാകരുത്. ഇനിയേതായാലും ബി.ജെ.പി.ഭരണം തീരുംവരെ അങ്ങനെയൊരു ചിന്തയേ വേണ്ട. വര്‍ഷത്തില്‍ ഒരു നൂറു പേരെയെങ്കിലും രാജ്യദ്രോഹക്കുറ്റം ചുമത്തി തൂക്കിലേറ്റണമെന്ന് ക്വാട്ട നിശ്ചയിച്ചേക്കാനും മതി.

ഏത് ദുര്‍ബല നിമിഷത്തിലാണ് പാര്‍ട്ടി വധശിക്ഷ മനുഷ്യത്വരഹിതമാണെന്ന നയം സ്വീകരിച്ചതെന്നു ചിന്തിച്ചുപോകുന്നുണ്ടാകും സഖാക്കളിപ്പോള്‍. അത്രയൊന്നും വേവലാതിപ്പെടേണ്ട കാര്യമില്ല. എന്തെല്ലാം കാര്യങ്ങളില്‍ പാര്‍ട്ടികള്‍ ഒന്നു പറയുകയും വിപരീതം പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഇതാണ് ശരി എന്നു പാര്‍ട്ടി പറഞ്ഞു. ശരിയേ ചെയ്യാവൂ എന്നാരെങ്കിലും പറഞ്ഞോ? രാഷ്ട്രീയകൊലപാതകം ശരിയല്ല എന്നാണ് പാര്‍ട്ടി നിലപാട്. എന്നുവെച്ച്, നാളെ മുതല്‍ ആരെയും കൊല്ലാന്‍ പാടില്ല എന്ന് പാര്‍ട്ടി പറഞ്ഞോ? അതില്ല. വധശിക്ഷ ശരിയല്ല. പക്ഷേ, ചിലപ്പോള്‍ ചിലരെ നൂറുപ്രാവശ്യം തൂക്കിക്കൊല്ലാം.

തത്ത്വം വേറെ, പ്രയോഗം വേറെ എന്ന പ്രായോഗിക സിദ്ധാന്തത്തിന്റെ കോപ്പിറൈറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് അവകാശപ്പെട്ടതൊന്നുമല്ല. ഏതു പാര്‍ട്ടിയാണ് അങ്ങനെ പാടില്ല എന്നു വാശി പിടിക്കാറുള്ളത്? മഹാത്മാഗാന്ധി വധശിക്ഷയ്‌ക്കെതിരായിരുന്നു. പക്ഷേ, ഗാന്ധിജി ഭഗത് സിങ്ങിന്റെ വധശിക്ഷയെ മൗനംകൊണ്ട് ശരിവെച്ചതായി ആക്ഷേപമുയര്‍ന്നതാണ്. ‘സ്വതന്ത്രഭാരതത്തില്‍ കുറ്റമുണ്ടാകും, പക്ഷേ, ശിക്ഷയുണ്ടാകില്ല. കുറ്റം ഉണ്ടാകുന്നത് മനസ്സിന്റെ രോഗംകൊണ്ടാണ്, അതിന് ശിക്ഷയല്ല പരിഹാരം, ചികിത്സയാണ്’ എന്നെഴുതിയതും ഗാന്ധിജിയാണ്. അതു വേറെ കാര്യം. നാഥുറാം ഗോഡ്‌സെയെ ഭ്രാന്താസ്പത്രിയില്‍ ചികിത്സിക്കുകയല്ല തൂക്കിക്കൊല്ലുകയാണ് നെഹ്രു ഗവണ്മെന്റ് ചെയ്തത്. ഇന്ന് ഗോഡ്‌സെയ്ക്ക് അമ്പലം പണിയുന്നവനെ നമ്മള്‍ ശിക്ഷിക്കുന്നുമില്ല, ഭ്രാന്താസ്പത്രിയില്‍ പ്രവേശിപ്പിക്കുന്നുമില്ല. മഹാകഷ്ടമാണ്.
ജനങ്ങളുടെ ഇച്ഛയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കലാണ് ജനാധിപത്യമെന്ന് മുഖ്യമന്ത്രിക്കും നിയമമന്ത്രിക്കും എം.എ. ബേബിക്കുപോലും വേണമെങ്കില്‍ വാദിക്കാം. ജനഹിതമാണ് ജനാധിപത്യം. സി.പി.എം. കേന്ദ്രക്കമ്മിറ്റിയംഗങ്ങള്‍ ഒരു ഭാഗത്തും മുഴുവന്‍ ജനം മറുഭാഗത്തും നിന്നാല്‍ സര്‍ക്കാര്‍ എന്തുചെയ്യും? ഗോവിന്ദച്ചാമിയെ നൂറുവട്ടം തൂക്കിക്കൊല്ലാം എന്നു പറയാന്‍ ഒരു എ.കെ. ബാലനെങ്കിലും വേണ്ടേ?
ലോകത്തിലെ നൂറോളം വികസിത ജനാധിപത്യങ്ങളിലൊന്നും വധശിക്ഷയില്ലെന്ന് എം.എ. ബേബി പറയുന്നതില്‍ കാര്യമുണ്ട്. നമ്മളെ അവരുടെ കൂട്ടത്തില്‍ ചേര്‍ക്കണമോ എന്നചോദ്യം പ്രസക്തമാണ്. വധശിക്ഷ വേണ്ടെന്നുവെക്കാന്‍ വികസിത ജനാധിപത്യമൊന്നുമാവേണ്ട.

തിരുവിതാംകൂര്‍ രാജഭരണം വധശിക്ഷ വേണ്ടെന്നു തീരുമാനിച്ചിരുന്നതാണ്. ഇന്ത്യയില്‍ ചേര്‍ന്നപ്പോഴാണ് വധശിക്ഷ തിരിച്ചുവന്നത് എന്ന് അധികം പേരോര്‍ക്കുന്നുണ്ടാവില്ല. നിയമനിര്‍മാതാക്കളല്ല, ജുഡീഷ്യറിയാണ് അന്നത്തെക്കാള്‍ ഗാന്ധിയന്മാരായത് എന്നതാണ് പ്രധാനമാറ്റം. പൊടുന്നനെയുണ്ടായ ഒരു രോഷത്തില്‍ കത്തിയെടുത്തു കുത്തുകയും ആള്‍ മരിച്ചുപോവുകയും ചെയ്ത കേസുകളില്‍പ്പോലും പ്രതിയെ തൂക്കിക്കൊന്ന സംഭവങ്ങളുണ്ട് അമ്പതുകളില്‍. ഇന്ന് ജന്മനാ ക്രിമിനല്‍ ആണെങ്കിലും അപൂര്‍വത്തില്‍ അപൂര്‍വമായ രീതിയില്‍ കൊന്നാലേ വധശിക്ഷ കിട്ടൂ. ഗോവിന്ദച്ചാമിയുടെ കാര്യത്തില്‍ വധശിക്ഷ വിധിച്ചാലും തൂക്കിക്കൊല്ലാന്‍  പറ്റണമെന്നില്ല. കൈയില്ലാത്ത ആളെ തൂക്കാമോ എന്ന ചോദ്യവുമായി ആളൂരന്മാര്‍ വരുമെന്നുറപ്പ്.

****
ചര്‍ച്ചചെയ്യാന്‍ ഒരു വിഷയവും കിട്ടാതെ കേരളത്തിലെ എണ്ണമറ്റ ചാനലുകള്‍ മൗനത്തിലായാല്‍ ഓണാഘോഷംതന്നെ മങ്ങിപ്പോകുമായിരുന്നു. അതൊഴിവാക്കാനാവണം ശശികല ടീച്ചര്‍ മുതല്‍ അമിത് ഷാജി വരെയുള്ള ആര്‍ഷഭാരതസംസ്‌കാരവാദികള്‍ വാമനമഹാബലി വിഷയം എടുത്തുപുറത്തിട്ടത്. ബി.ജെ.പി.യുടെ അഖിലേന്ത്യാ യോഗം കേരളത്തില്‍ നടക്കുന്നതിനു തൊട്ടുമുമ്പായി ഇങ്ങനെയൊരു വിഷയം കുത്തിപ്പൊക്കിയത് സമയോചിതമായിയെന്നേ പറയേണ്ടൂ. അമ്പതുകൊല്ലംമുമ്പ് ഇതേ പാര്‍ട്ടിയുടെ ഒറിജിനല്‍ രൂപത്തിന്റെ അഖിലേന്ത്യാമാമാങ്കം കോഴിക്കോട്ട് നടന്നപ്പോള്‍പ്പോലും ആരും വാമനന്റെ ഒറിജിനല്‍ രൂപത്തെക്കുറിച്ച് കേരളീയരെ ഓര്‍മപ്പെടുത്തിയില്ല. അന്ന് ശശികലടീച്ചറും അമിത് ഷാജിയും ഉണ്ടായിരുന്നില്ലല്ലോ എന്നു ചോദിക്കരുത്. ഒ. രാജഗോപാലും പി. പരമേശ്വരനുമെങ്കിലും അന്നുണ്ടായിരുന്നല്ലോ. അന്നുതന്നെ ഈ വിഷയം കേരളത്തില്‍ ഇറക്കിയിരുന്നെങ്കില്‍ ഹിന്ദുത്വപാര്‍ട്ടിക്ക് നിയമസഭയിലെന്നല്ല ഒരു പഞ്ചായത്തില്‍പ്പോലും അക്കൗണ്ട് തുറക്കാന്‍ പറ്റുമായിരുന്നില്ല.

ഇത്ര ബുദ്ധി അന്നു തോന്നാഞ്ഞത് മഹാവിഷ്ണുവിന്റെ അനുഗ്രഹം കൊണ്ടാണെന്നു കരുതാം.നിരാശവേണ്ട. കാലം മുന്നോട്ടാണ് പോകുക എന്നതൊക്കെ വെറും അന്ധവിശ്വാസമാണ്. ബീഫ് തിന്നെന്നു പറഞ്ഞും ചത്ത പശുവിന്റെ തോലുരിഞ്ഞെന്നുപറഞ്ഞും ആളെക്കൊല്ലാന്‍ അന്നൊന്നും ആരും ഒരുമ്പെട്ടിട്ടില്ലല്ലോ. ഇപ്പോള്‍ പണി തുടങ്ങിയാല്‍ ഇരുപത്തഞ്ചുകൊല്ലം കൊണ്ട് ഓണത്തിന്റെയും മാവേലിയുടെയും എല്ലാ അവശിഷ്ടങ്ങളും മായ്ച്ചുകളയാന്‍ പറ്റിയേക്കും. ശ്രമിക്കുന്നതിനെന്താണ് തടസ്സം? ഉത്തരേന്ത്യന്‍ ഹിന്ദുമതത്തെ ആഗോള ഹിന്ദുമതമാക്കണം. ആചാരങ്ങളും ആഘോഷങ്ങളും പഞ്ചായത്തുതോറും മാറാന്‍ പാടില്ല. എങ്ങനെയെല്ലാം വേണമെന്ന് ദേശീയതലത്തില്‍ തീരുമാനിക്കും. നിലവിലുള്ള തെയ്യം, തിറ, ഓണപ്പൊട്ടന്‍, തിരുവാതിരക്കളി തുടങ്ങിയ എന്തെല്ലാം അനാചാരങ്ങളാണ് അതേപടി തുടരുന്നത്. ഇവയുടെയെല്ലാം പഴംകഥകളും പുരാണങ്ങളും സൂക്ഷ്മതലത്തില്‍ പരിശോധിക്കാന്‍ ഒരു സബ്കമ്മിറ്റിയെ നിയോഗിക്കാം. ഹിന്ദി പ്രദേശത്തെ സങ്കല്പങ്ങള്‍ക്കെതിരായവ ഒന്നും എവിടെയും വേണ്ട. മല്ലുകളുടെ മുണ്ടുംമടക്കിക്കുത്തിയുള്ള നടപ്പുതന്നെ നിരോധിക്കാന്‍ സമയമായി.
****
സൗമ്യ വധക്കേസിലെ സുപ്രീംകോടതിവിധി അബദ്ധമാണെന്നോ വിഡ്ഢിത്തമാണെന്നോ മറ്റോ ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു പറഞ്ഞതായി മാധ്യമങ്ങളില്‍ കാണുന്നുണ്ട്. കാര്‍ണോന്മാര്‍ക്ക് എവിടെയോ എന്തോ ചെയ്യാമെന്നൊക്കെ നാട്ടിന്‍പുറത്ത് പറയും. കട്ജു എന്തുപറഞ്ഞാലും ആരും ഒന്നുംചെയ്യില്ല. ഇനി വല്ല പത്രക്കാരനോ നിരീക്ഷകന്മാരോ വല്ലതും എഴുതിയാല്‍ കഥ കഴിഞ്ഞതുതന്നെയാണ്. കോടതിയലക്ഷ്യത്തെ പേടിയുള്ളതുകൊണ്ട് നമ്മളതൊന്നും കേട്ടിട്ടുമില്ല കണ്ടിട്ടുമില്ല. മനസ്സിലാക്കാന്‍ പറ്റാത്തത് ജഡ്ജിമാര്‍ക്ക് എങ്ങനെയാണ് ഇങ്ങനെ അബദ്ധങ്ങള്‍ പറ്റുന്നത് എന്നുമാത്രമാണ്.

വിചാരണക്കോടതിയും ഹൈക്കോടതിയും ഗോവിന്ദച്ചാമിയെ തൂക്കാന്‍ വിധിച്ചത് അബദ്ധമായിപ്പോയതുകൊണ്ടാണല്ലോ സുപ്രീംകോടതി അതു തിരുത്തിയത്. അപ്പോള്‍ വിചാരണക്കോടതിക്കു തെറ്റി, ഹൈക്കോടതിക്കും തെറ്റി. ഇപ്പോള്‍ കട്ജുവും മറ്റനവധി നിയമജ്ഞരും പറയുന്നതനുസരിച്ച് സുപ്രീം കോടതിക്കുംതെറ്റി. എല്ലാവര്‍ക്കുംതെറ്റി.
മനുഷ്യര്‍ക്ക്, അവര്‍ നിയമജ്ഞരായാലും തെറ്റുപറ്റും എന്നുള്ളതുകൊണ്ടാണ് തിരുത്താന്‍പറ്റാത്ത ശിക്ഷ, അതായത് മരണശിക്ഷ ആര്‍ക്കും നല്‍കിക്കൂടാ എന്ന് വിവേകമുള്ള മനുഷ്യര്‍ പറഞ്ഞിട്ടുള്ളത്. ഗോവിന്ദച്ചാമിയുടെ കുറ്റം സംശയലേശമെന്യേ തെളിഞ്ഞിട്ടുള്ളത് കേരളത്തിലെ പത്രവായനക്കാര്‍ക്ക് മാത്രമാവും. തെളിവും മൊഴിയും നോക്കുന്നവര്‍ക്ക് തെറ്റും പിഴവും പഴുതും ധാരാളം കണ്ടേക്കാം.

ആഴ്ചകളും മാസങ്ങളും എടുത്ത് സര്‍വരേഖകളും വായിച്ച് വിസ്താരവും ക്രോസ് വിസ്താരവും കഴിഞ്ഞ് തീരുമാനമെടുക്കുമ്പോള്‍ ജഡ്ജിമാര്‍ക്ക് തെറ്റാം. മറ്റ് പ്രൊഫഷനുകളില്‍ അപ്പീലുകള്‍ക്കും റിവ്യൂ പെറ്റീഷനുകള്‍ക്കും ഒന്നും വകുപ്പില്ല. വിസ്താരത്തിനും ക്രോസ് വിസ്താരത്തിനുമൊന്നും നേരവുമില്ല. തെറ്റിയാല്‍ മനുഷ്യന്‍ മരിക്കാം, ചിലപ്പോള്‍ കൂട്ടത്തോടെ മരിക്കാം. ഇതിനേക്കാള്‍ ചെറിയ തെറ്റുമതി ജയിലിലെത്താന്‍. ങ്ങാ… അങ്ങനെയാണ് ലോകം.

 

Leave a Reply

Your email address will not be published. Required fields are marked *

Go Top