മാണിയും ജോര്‍ജും കൊമ്പുകോര്‍ക്കുമ്പോള്‍ ഏതുപക്ഷത്താണ് ഉമ്മന്‍ചാണ്ടി?
ഇരുപക്ഷത്തുമുണ്ട് മുഖ്യമന്ത്രി. പക്ഷേ, ജോര്‍ജിന്റെ പക്ഷത്താണെന്ന്
മാണിക്ക് തോന്നാന്‍ പാടില്ല. മാണിയുടെ പക്ഷത്താണെന്ന്
ജോര്‍ജിനും തോന്നാന്‍ പാടില്ല. ആറുമാസംമുമ്പ് ആര്‍ക്കും
സ്വീകാര്യനായ പുണ്യപുരുഷനായിരുന്ന മാണിയെ വെറുക്കപ്പെട്ടവനാക്കിയ
കുതന്ത്രം ആരുടേതായിരുന്നു?
ഉമ്മന്‍ചാണ്ടിക്ക് പ്രതിസന്ധിയൊഴിഞ്ഞ നേരമുണ്ടായിട്ടില്ല. മന്ത്രിസഭ സ്ഥാനമേറ്റത് കഷ്ടി ഭൂരിപക്ഷത്തോടെ. നിയമസഭ നടന്നുകൊണ്ടിരിക്കേ മൂത്രമൊഴിക്കാന്‍ പോയവര്‍ വോട്ടെടുപ്പിന്റെ ബെല്ലടി കേട്ട്, പാഞ്ഞുവന്നിട്ടുണ്ട്. ഒരിക്കല്‍ ധനമന്ത്രി പ്രസംഗം നിര്‍ത്താന്‍ തുടങ്ങിയപ്പോഴാണ് വോട്ടെടുപ്പ് ജയിക്കാന്‍ സഭയില്‍ അംഗങ്ങളുടെ എണ്ണം പോരെന്ന വിവരം കിട്ടിയത്. ബജറ്റ് വിഷയമൊന്നും പറയാന്‍ ബാക്കിയില്ലാത്തതുകൊണ്ട് ബൈബിള്‍കഥ പറഞ്ഞിട്ടോ മറ്റോ പ്രസംഗം നീട്ടി. ഭൂരിപക്ഷം കുറഞ്ഞതിന്റെ എതിര്‍ അനുപാതത്തിലായിരുന്നു പ്രതിസന്ധികളുടെ പെരുപ്പം. രാവിലെ ഒരു പ്രതിസന്ധി, ഉച്ചയ്ക്ക് വേറൊന്ന്, രാത്രി വേറെ എന്ന നിരക്കില്‍ 365ത4 വര്‍ഷവും പ്രതിസന്ധികളായിരുന്നു. മൂന്ന് പ്രതിസന്ധിയെങ്കിലും ബ്രേക്കിങ് ന്യൂസായി വന്നില്ലെങ്കില്‍ ഉറക്കം നഷ്ടപ്പെട്ടിരുന്നത് ചാനലുകാര്‍ക്കല്ല, മുഖ്യമന്ത്രിക്കായിരുന്നു. 1957 മുതല്‍ ഉണ്ടായതിന്റെ ഇരട്ടി വിവാദങ്ങള്‍, ആക്ഷേപങ്ങള്‍, അപവാദങ്ങള്‍ എന്നിവ നാലുവര്‍ഷമുണ്ടായി. ബ്ലാക്ക്‌മെയ്‌ലിങ്, സ്ത്രീപീഡനം, വിവാഹമോചനക്കേസ് തുടങ്ങി സോളാര്‍ പോലുള്ള പാരമ്പര്യേതര അഴിമതിസ്രോതസ്സുകളും നന്നായി ഉപയോഗപ്പെടുത്തി. എന്നിട്ടും ജയിച്ചു, രണ്ട് ഉപതിരഞ്ഞെടുപ്പും ഒരു ലോക്‌സഭാ തിരഞ്ഞെടുപ്പും. ഇനിയും ആയിരം അപഖ്യാതികളില്‍ നിറഞ്ഞുനില്‍ക്കാന്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയ്ക്ക് ആയുസ്സ് ബാക്കി.
പുതുപ്പള്ളിയിലെ പള്ളിയില്‍ മെഴുകുതിരി കത്തിക്കാന്‍ ഏര്‍പ്പാട് ചെയ്താല്‍ പരിഹരിക്കപ്പെടുന്നവയല്ല പ്രതിസന്ധികളൊന്നും. പണം കൊടുത്ത് തീര്‍ക്കേണ്ടവ, പോലീസ് ഇടപെട്ട് തീര്‍ക്കേണ്ടവ, തല്ലിത്തീര്‍ക്കേണ്ടവ, തള്ളിമാറ്റേണ്ടവ, കേന്ദ്രം ഇടപെട്ട് തീര്‍ക്കേണ്ടവ, കേസ് കൊടുത്ത് തീര്‍ക്കേണ്ടവ, കള്ളം പറഞ്ഞ് തീര്‍ക്കേണ്ടവ, സത്യം കണ്ടെത്തി തീര്‍ക്കേണ്ടവ… ഇങ്ങനെ എന്തെല്ലാം ഇനം പ്രതിസന്ധികള്‍. തെണ്ണൂറും നൂറും സീറ്റുകിട്ടി ഭരിച്ച ആന്റണിവി.എസ്സുമാര്‍ക്ക് ഇത് മനസ്സിലാകില്ല. സര്‍ക്കാറിലെ 20 മന്ത്രിമാരുടെ വകുപ്പിലെ പ്രതിസന്ധിയും മുഖ്യമന്ത്രിയുടെ പ്രതിസന്ധിയാണ്. കെ.പി.സി.സി.യിലെ മാത്രമല്ല, 14 ഡി.സി.സി.യിലെ പ്രതിസന്ധിയും മുഖ്യന്റെ പ്രതിസന്ധിയാണ്. ഓരോന്നിനും പരിഹാരക്രിയകള്‍ നടത്തുന്നതിന് അനുയോജ്യരായ കാര്‍മികര്‍ വേണം. അവരുടെ എണ്ണംതന്നെ ഡസന്‍കണക്കിന് കാണണം.
ചില യു.ഡി.എഫ്. നേതാക്കളുടെ നടപ്പും വാക്കും കേട്ടാല്‍ ജനങ്ങള്‍ക്ക് തോന്നും ഈ കൂട്ടരാണ് മുന്നണിയുടെ വലിയ പ്രതിസന്ധിയെന്ന്. ആവണമെന്നില്ല. അവര്‍ വേറെ ചിലയിനം പ്രതിസന്ധികള്‍ക്കുള്ള മറുമരുന്നാണ്. ഇത്തരം വിചിത്രയിനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് പി.സി. ജോര്‍ജ്.
പി.സി. ജോര്‍ജ് ഒരു സ്ഥിരം പ്രതിസന്ധിയാണ് ചിലര്‍ക്ക്. പക്ഷേ, മുഖ്യമന്ത്രിക്ക് പി.സി. ജോര്‍ജ് ഒരു പ്രതിസന്ധിസംഹാരകനാണ്.എം.എല്‍.എ.യെ കാലുമാറ്റിക്കുന്നതിനായാലും അഴിമതിക്കേസിലെ സാക്ഷിയെ കാലുമാറ്റിക്കാനായാലും ചിലപ്പോള്‍ പി.സി. ജോര്‍ജിന്റെ സേവനം ആവശ്യമാകും. കെ.എം. മാണി പൊതുവേ പ്രതിസന്ധികള്‍ സൃഷ്ടിക്കാറില്ല. പക്ഷേ, ഇപ്പോള്‍ മാണിയാണ് ഏറ്റവും വലിയ പ്രതിസന്ധി. ഉമ്മന്‍ചാണ്ടിയുടെ മുന്‍ മന്ത്രിസഭക്കാലത്ത് പി.കെ. കുഞ്ഞാലിക്കുട്ടിയായിരുന്നു വലിയ പ്രതിസന്ധി. ഇപ്പോള്‍ ഒച്ചയും ബഹളവും ഉണ്ടാക്കാതെ, പ്രതിയും സന്ധിയുമാകാതെ കുഞ്ഞാലിക്കുട്ടി കണ്ണടച്ച് പാലുകുടിക്കുന്നുണ്ട്.
പി.സി. ജോര്‍ജ് എന്ത് പ്രതിസന്ധിയുണ്ടാക്കിയാലും ചീത്തപ്പേരുണ്ടാക്കിയാലും ഉമ്മന്‍ചാണ്ടി മിണ്ടില്ല. സെല്‍വരാജിനെ കാലുമാറ്റിക്കാനും പാമോലിന്‍ കേസില്‍ മുഖ്യമന്ത്രിയെ ഞോണ്ടിയ ജഡ്ജിയെ അധിക്ഷേപിക്കാനും കെ.ബി. ഗണേശ് കുമാറിനെ അരുക്കാക്കാനും സോളാര്‍ബാര്‍ അപഖ്യാതികളില്‍ അവിടെയും ഇവിടെയും തലയിട്ട് ആശയക്കുഴപ്പമുണ്ടാക്കാനുമെല്ലാം പി.സി. ജോര്‍ജ് വേണമായിരുന്നു. ശത്രുക്കള്‍ ചെയ്തതിനേക്കാള്‍ വലിയ ദോഷം മുഖ്യമന്ത്രിക്ക് ഉണ്ടാക്കിയത് ജോര്‍ജിനെപ്പോലുള്ള മിത്രങ്ങളാണെന്ന് അഭിപ്രായമുള്ളവരും കാണും. നിവൃത്തിയില്ല.
ശത്രുവായാല്‍ ഇതിനേക്കാള്‍ വലിയ ദ്രോഹം ചെയ്യും. ഇപ്പോഴത്തെ ദ്രോഹമാണ് ഭേദം എന്ന് മുഖ്യമന്ത്രിക്കറിയാം.
എന്തായാലും ഇപ്പോഴത്തേത് മുമ്പില്ലാത്ത പ്രതിസന്ധിയാണ്. മാണിയും ജോര്‍ജും കൊമ്പുകോര്‍ക്കുമ്പോള്‍ ഏതുപക്ഷത്താണ് ഉമ്മന്‍ചാണ്ടി? ഇരുപക്ഷത്തുമുണ്ട് മുഖ്യമന്ത്രി. പക്ഷേ, ജോര്‍ജിന്റെ പക്ഷത്താണെന്ന് മാണിക്ക് തോന്നാന്‍ പാടില്ല. മാണിയുടെ പക്ഷത്താണെന്ന് ജോര്‍ജിനും തോന്നാന്‍ പാടില്ല. ആറുമാസംമുമ്പ് ആര്‍ക്കും സ്വീകാര്യനായ പുണ്യപുരുഷനായിരുന്ന മാണിയെ ഏറ്റവും വെറുക്കപ്പെട്ടവനാക്കിയ കുതന്ത്രം ആരുടേതായിരുന്നു?
കേരളാ കോണ്‍ഗ്രസ്സിന്റെ രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്തിറക്കിയിട്ടില്ല. ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസ്സിലെ എ ഗ്രൂപ്പ് കൗടില്യന്മാരുമാണ് അതൊപ്പിച്ചത് എന്ന് ഏറെപ്പേര്‍ ഉറച്ചുവിശ്വസിക്കുന്നുണ്ട്. രാഷ്ട്രീയം തുടങ്ങിയ കാലംമുതല്‍ മാണിക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും പൊരുതിയാണ് ജോര്‍ജ് ചീഫ് വിപ്പ് എന്ന ലോഗ്രേഡ് മന്ത്രിപ്പണിവരെ നേടിയത്.
ജോര്‍ജിന്റെ ആ പണി മുഖ്യമന്ത്രിയെക്കൊണ്ട് തെറിപ്പിക്കണം. എന്നിട്ട്, ജോര്‍ജ് മുഖ്യമന്ത്രിയെ പൂഞ്ഞാര്‍ നിലവാരത്തില്‍ നാല് തെറിവിളിക്കുന്നത് കേട്ടിട്ടുവേണം മാണിസാറിന് സമാധാനമായി ഒരു രാത്രി ഉറങ്ങാന്‍.
ആശങ്കാജനകം, ഗുരുതരം, ആസന്നം, അത്യാസന്നം, വഷളായി, അറുവഷളായി… എന്നിങ്ങനെയാണ് രോഗശയ്യയില്‍ ആസന്നമരണനായി കഴിയുന്ന ചില നേതാക്കന്മാരുടെ നില പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുക. യു.ഡി.എഫിന്റെ നില വ്യത്യസ്തമല്ല. അറുവഷളായതിനുശേഷം എന്ത് അവസ്ഥയാണ് ഉണ്ടാവുക ?
****
സഹ്യാദ്രിക്കുമപ്പുറം പടരുകയാണ് കെ.എം. മാണിയുടെ കീര്‍ത്തി. ഇവിടെ രാജഗോപാല, മുരളീധര, സുരേന്ദ്ര പുണ്യവാന്മാര്‍ എന്ത് പ്രചരിപ്പിച്ചാലും മാണിസാറിന്റെ കീര്‍ത്തിരഥത്തിന്റെ പ്രയാണം തടയാനാവില്ല. സംസ്ഥാന ധനകാര്യമന്ത്രിമാരുടെ ഉന്നതാധികാരസമിതിയുടെ അധ്യക്ഷനായി കെ.എം. മാണിയെ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നിയമിച്ചിരിക്കുന്നു.
ബാര്‍കോഴയും വിവാദവും സംബന്ധിച്ച വിവരമൊന്നും ഇന്ദ്രപ്രസ്ഥത്തില്‍ എത്താഞ്ഞിട്ടാവില്ല. അദ്ദേഹത്തെ മറികടക്കാന്‍ പ്രാപ്തമല്ല ഈ പറഞ്ഞുകേട്ട ഒരു കോടിയുടെ കോഴക്കഥയൊന്നും. എത്ര വിനീതനായ ധനകാര്യമന്ത്രിയാണ് എന്നുതോന്നും അരുണ്‍ ജെയ്റ്റ്‌ലിക്ക്.
കേന്ദ്രസര്‍ക്കാറിലൊക്കെ ഒരു കോടി എന്നുപറയുന്നത് അണ്ടര്‍ സെക്രട്ടറിമാരൊക്കെ വാങ്ങുന്ന കോഴയാണ്. ലക്ഷം കോടിയെന്നൊക്കെയല്ലേ യു.പി.എ. കാലത്ത് പറഞ്ഞുകേട്ടിരുന്നത്. അത്രയൊന്നുമില്ലെങ്കിലും ഒരു നൂറുകോടിയെങ്കിലും വേണ്ടേ കോഴ എന്നൊക്കെ വിശേഷിപ്പിക്കാന്‍ ?
കുറച്ചെല്ലാം ദീര്‍ഘവീക്ഷണം ഇക്കാര്യത്തില്‍ സംസ്ഥാനനേതൃത്വം പ്രദര്‍ശിപ്പിക്കേണ്ടതായിരുന്നു. മാണിസാറിനെ എപ്പോഴാണ് ആവശ്യംവരിക എന്ന് പറയാനാവില്ല. അഴിമതി എന്ന് കേള്‍ക്കുമ്പോഴേക്ക് പാഞ്ഞുചെന്ന് സമരമൊന്നും നടത്തിക്കളയരുത്. കേരളത്തിലും നമുക്ക് അക്കൗണ്ടൊക്കെ തുറക്കേണ്ടേ? എക്കാലവും ഇങ്ങനെ നടന്നാല്‍മതിയോ ?
****
കേരളത്തിന്റെ സല്‍പ്പേരുയര്‍ത്തിയ നിയമസഭാ സമരത്തിനും അനുബന്ധ സംഭവങ്ങള്‍ക്കും മുന്‍കാല മാതൃകകളുണ്ടോ? ഗവേഷണം നടത്തുന്നുണ്ട് വിവരാവകാശ പ്രവര്‍ത്തകര്‍. 2000 ജൂലായില്‍ ഇടതുമുന്നണി ഭരണകാലത്ത് യു.ഡി.എഫുകാര്‍ നിയമസഭയില്‍ അനിശ്ചിതകാല നിരാഹാര സമരത്തിന് ഒരുമ്പെട്ടിരുന്നു. പ്ലസ് ടു ആയിരുന്നു വിഷയം.
അനിശ്ചിതകാലസമരം അനുവദനീയമോ?
ഇതാ, സ്പീക്കര്‍ എം. വിജയകുമാറിന്റെ റൂളിങ് ”…അനേകദിവസം സഭ സമ്മേളിച്ചെങ്കിലും ഒരു ദിവസവും നടപടികള്‍ പൂര്‍ത്തിയാക്കാനായില്ല. ഇപ്പോഴിതാ നാല് സാമാജികര്‍ ഉപവാസംനടത്താന്‍ പോകുന്നു. നിയമസഭയെ ഒരു സ്ഥിരം സമരകേന്ദ്രമാക്കുന്നത് സഭയോടുള്ള അനാദരവായി ചെയര്‍ കാണുന്നു. നിയമസഭ ജനാധിപത്യത്തിന്റെ ശ്രീകോവിലാണ്.
അംഗങ്ങള്‍ ഇത്തരം സമരനടപടികളില്‍നിന്ന് പിന്തിരിയണം. ജനാധിപത്യത്തിന് നല്ല കീഴ്വഴക്കങ്ങള്‍ സൃഷ്ടിക്കേണ്ട ബാധ്യത നമുക്കുണ്ട്.” അന്നത്തേത് അത്ര നല്ല കീഴ്വഴക്കമായിരുന്നില്ല. സാരമില്ല, ഇത്തവണ ഭേദപ്പെട്ട കീഴ്വഴക്കം ഉണ്ടാക്കിയിട്ടുണ്ട്. അടുത്തഘട്ടത്തില്‍ ഇത് കൂടുതല്‍ മെച്ചപ്പെടുത്താനാവും. സ്പീക്കറെ കൈയുംകാലും കെട്ടി പുറത്തിടുന്ന കീഴ്വഴക്കം സൃഷ്ടിച്ചാല്‍, ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്നും മറ്റും എഴുതാന്‍ ഭാവിയില്‍ ആരും ധൈര്യപ്പെടില്ല.