പൂര്‍വാധികം കരുത്തോടെ രാഹുല്‍ജി തിരിച്ചുവരുമെന്ന് എ.കെ.ആന്റണി പറഞ്ഞതാണ് ആകപ്പാടെയൊരു സമാധാനം. പുതിയ ഇനം ഉത്തേജനൗഷധം ഏതെങ്കിലും ലാബില്‍ കണ്ടെത്തിയതായി വിവരം ലഭിച്ചിട്ടായിരിക്കാം അദ്ദേഹം പറന്നത്
മോത്തിലാല്‍ നെഹ്രുവിന്റെയും ജവാഹര്‍ലാല്‍ നെഹ്രുവിന്റെയുമൊന്നും കാലമല്ലല്ലോ ഇത്. അവര്‍ക്കൊന്നും ജയിലില്‍പ്പോകാനും ഒളിവില്‍പ്പോകാനും പ്രയാസമുണ്ടായിരുന്നില്ല. ഇഷ്ടംപോലെ ജയിലില്‍പ്പോയെങ്കിലും ഒളിവില്‍പ്പോയില്ല അവരൊന്നും. ഗാന്ധിയന്‍ ലൈനനുസരിച്ച് ഒളിവില്‍പ്പോകാന്‍പാടില്ല. അത് പഴയ ഗാന്ധി. രാഹുല്‍ഗാന്ധിയന്‍ ലൈനനുസരിച്ച് ഒളിവില്‍പ്പോകാം. എപ്പോള്‍ പോകണം, എപ്പോള്‍ മടങ്ങണം എന്നെല്ലാം ഒളിവില്‍പ്പോകുന്നയാളാണു തീരുമാനിക്കേണ്ടത്.
അമ്മയോട് പിണങ്ങി ഒളിവില്‍പ്പോകുന്നതു തെറ്റല്ല. നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണത്. തലമുറകളായി ചെയ്തുവരുന്ന കാര്യം. അതിന്റെപേരില്‍ ആരും അദ്ദേഹത്തെ പരിഹസിക്കരുത്. വിപ്ലവകരമായ നടപടികള്‍സ്വീകരിച്ച് ചരിത്രത്തില്‍ സ്ഥാനംപിടിക്കാന്‍ വെമ്പുന്ന നേതാവാണദ്ദേഹം. ജയിലില്‍പ്പോകുന്നതിലൊന്നും പുതുമയില്ല. മറ്റാരും ചെയ്യാത്തതു ചെയ്യണം. ലോക ജനാധിപത്യചരിത്രത്തില്‍ ഒരു പാര്‍ട്ടിയുടെ അനിഷേധ്യനേതാവ് നമ്പര്‍ വണ്‍ ആകേണ്ടയാള്‍ ഒളിവില്‍പ്പോയ സംഭവം ഇതിനുമുമ്പുണ്ടായിട്ടില്ല. പുതിയതലമുറ പുതിയപാത കണ്ടെത്തും. പഴഞ്ചന്മാര്‍ക്കതു മനസ്സിലാവാത്തത് അവരുടെ കുറ്റമാണ്. അറസ്റ്റുഭീഷണിയില്ലാതെവേണം ഒളിവില്‍പ്പോകാന്‍. മറ്റാരും ചെയ്യാത്തത് ചെയ്യുന്നതിന്റെ രസം അദ്ദേഹം ആദ്യം കണ്ടെത്തുന്നത് 2013 സപ്തംബറിലാണ്. സ്വന്തം സര്‍ക്കാര്‍ ഇറക്കിയ ഒരു ഓര്‍ഡിനന്‍സിനെ ന്യായീകരിക്കാന്‍ പാര്‍ട്ടിനേതാവ് വിളിച്ചുകൂട്ടിയ പത്രസമ്മേളനത്തില്‍ കയറിച്ചെന്നാണ് യുവകേസരി ഓര്‍ഡിനന്‍സ് വലിച്ചുകീറിയെറിഞ്ഞത്. ‘അട്ടര്‍ നോണ്‍സെന്‍സ്’ എന്നോ മറ്റോ ആക്രോശിക്കുകയുംചെയ്തു. മറ്റാരെങ്കിലും ചെയ്തിട്ടുണ്ടോ ഇത്? ഇതാണു വിപ്ലവനേതൃത്വം.
അമ്മയോടുപിണങ്ങിയാണു നാടുവിട്ടതെന്നത് മാധ്യമസൃഷ്ടിയാകാനേ തരമുള്ളൂ. മോന്‍ പറയുന്നത് അതേപടിസ്വീകരിക്കുന്ന അമ്മയാണു സോണിയാജി. പിന്നെന്തിനു നാടുവിടണം? ഒരുപക്ഷേ, രാഹുല്‍ പിണങ്ങിയത് ഇന്ത്യന്‍ വോട്ടര്‍മാേരാടാകാം. നരേന്ദ്രമോദി രംഗപ്രവേശംചെയ്യുന്നതിനെത്രയോമുമ്പ്, അടുത്തപ്രധാനമന്ത്രിയാരെന്നുചോദിച്ചാല്‍ രാഹുല്‍ഗാന്ധിയെന്ന് ഏതു നഴ്‌സറി സ്‌കൂള്‍ക്കുട്ടിപോലും പറയുമായിരുന്നു. 2009ലെ തിരഞ്ഞെടുപ്പു കഴിഞ്ഞയുടനെ അമ്മയോടൊരുവാക്കുപറഞ്ഞാല്‍ രാഹുല്‍ജിക്കു പ്രധാനമന്ത്രിയാകാമായിരുന്നു. ഡോ. മന്‍മോഹനാണെങ്കില്‍ അതൊന്നു പറഞ്ഞുകിട്ടാന്‍ കാത്തുനില്‍ക്കുന്നയാളും. ഓര്‍ഡിനന്‍സ് കീറല്‍ സംഭവത്തിനുശേഷം മന്‍മോഹന്‍ജി രാജികൊടുത്തതായിക്കേട്ടിരുന്നു. പുത്രന്‍ ഓര്‍ഡിനന്‍സ് കീറിയതുപോലെ അമ്മ രാജിക്കത്തും കീറിക്കളഞ്ഞു. തിരഞ്ഞെടുപ്പിന് ഒരുവര്‍ഷംമുമ്പെങ്കിലും രാഹുല്‍ അധികാരമേറ്റ് ചീത്തപ്പേരെല്ലാം തുടച്ചുനീക്കുന്ന ശുദ്ധീകരണനടപടികള്‍ സ്വീകരിച്ചിരുന്നെങ്കില്‍ കളിമാറുമായിരുന്നില്ലേ? ഇത്രയൊക്കെ ചെയ്തിട്ടും തിരഞ്ഞെടുപ്പുവന്നപ്പോള്‍ പൊതുജനംകഴുത രാഹുല്‍പാര്‍ട്ടിയെ ചുരുട്ടിക്കൂട്ടിയെറിഞ്ഞുകളഞ്ഞു. ആരായാലും നാടുവിട്ടുപോകും.
പൂര്‍വാധികം കരുത്തോടെ രാഹുല്‍ജി തിരിച്ചുവരുമെന്ന് എ.കെ.ആന്റണി പറഞ്ഞതാണ് ആകപ്പാടെയൊരു സമാധാനം. പുതിയ ഇനം ഉത്തേജനൗഷധം ഏതെങ്കിലും ലാബില്‍ കണ്ടെത്തിയതായി വിവരം ലഭിച്ചിട്ടായിരിക്കാം അദ്ദേഹം പറന്നത്. രഹസ്യം ആന്റണി ചോര്‍ത്തിയെടുത്തതാവാം. സംഗതിനടന്നാല്‍ പൂര്‍വാധികം കരുത്തുകിട്ടുമെന്ന് ഉറപ്പല്ലേ? ആന്റണിക്കും കൂടെപ്പോകാമായിരുന്നു. സാരമില്ല. വരുമ്പോള്‍ സാമ്പിള്‍ കൊണ്ടുവരും. പിന്നെ പേടിക്കാനില്ല. നരേന്ദ്രമോദിയുടെ മണ്ട ഇടിച്ചുപൊളിക്കും, നോക്കിക്കോ.
****
ശരഅതിനിടെ, ഇവിടെ കുറേ കെ.എസ്.യു. പൈതങ്ങള്‍ രാഹുലിനെതിരെ പ്രമേയം കൊണ്ടുവരികയോ വിമര്‍ശിക്കുകയോമറ്റോ ചെയ്തത്രെ. ആപത്തുകാലത്ത് പാര്‍ട്ടിയെ നയിക്കേണ്ടയാള്‍ ഒളിവില്‍പ്പോയെന്നാണ് അവരുടെ വിമര്‍ശം. ഈ കുട്ടികള്‍ക്ക് രാഹുല്‍ജിയെ ശരിക്കും അറിഞ്ഞുകൂടാഞ്ഞിട്ടാണ്. മഹാരാജാസ് കോളേജില്‍ ക്ലാസ് കട്ട്‌ചെയ്ത് സിനിമയ്ക്കു പോകുന്നതുപോലെ പാര്‍ലമെന്റ് കട്ട്‌ചെയ്ത് വിദേശത്തും അജ്ഞാതകേന്ദ്രങ്ങളിലും പോകുന്ന ആളായിരുന്നു രാഹുല്‍ജി. 2004നും 2009നും ഇടയില്‍ അദ്ദേഹത്തെ ലോക്‌സഭയില്‍ കണ്ട ഓര്‍മതന്നെയില്ലെന്ന് പല ലേഖകരും എഴുതിയിട്ടുണ്ട്. പതിന്നാലാം ലോക്‌സഭയില്‍ ഭാവിപ്രധാനമന്ത്രി അഞ്ചു ചര്‍ച്ചകളിലാണു പങ്കെടുത്തതെന്ന് ടി.വി. എഡിറ്റര്‍ രജ്ദീപ് സര്‍ദേശായി എഴുതിയിട്ടുണ്ട്. രാഷ്ട്രീയപ്രവര്‍ത്തനമെന്നാല്‍ രാവും പകലും പാഞ്ഞുനടക്കലാണെന്ന് ഉമ്മന്‍ചാണ്ടിയും സുധീരനും പറയുമായിരിക്കും. അതൊക്കെ പഴയ സ്‌റ്റൈലാണ്. വൈകുന്നേരം ആറുകഴിഞ്ഞാല്‍ പുള്ളിക്കാരന്‍ പാര്‍ട്ടി ഓഫീസില്‍നിന്നിറങ്ങും. പിന്നെ എവിടെയെന്ന് പാര്‍ട്ടിക്കാര്‍ അന്വേഷിക്കുന്നത് വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്.
രാഹുല്‍ജിയെ വിമര്‍ശിച്ചതിന് കെ.എസ്.യു. യൂണിറ്റിനെതിരെ നടപടിയെടുത്തെന്നോമറ്റോ വാര്‍ത്തയുംകണ്ടു. അസ്സലായി. കെ.എസ്.യു.ക്കാര്‍ക്കൊക്കെ അവിടത്തെ മണ്ഡലം കമ്മിറ്റിയെയോ ജില്ലാ കമ്മിറ്റിയെയോ വിമര്‍ശിച്ചാല്‍പ്പോരേ? ഏറിവന്നാല്‍ സംസ്ഥാനകമ്മിറ്റിയെയും വിമര്‍ശിക്കാം. ഓരോരുത്തര്‍ക്കും ഓരോ റേഞ്ച് അനുവദിച്ചിട്ടുണ്ട്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വി.എം.സുധീരനും ഉമ്മന്‍ചാണ്ടിയുമെല്ലാം കെ.എസ്.യു. നേതാക്കളായിരുന്നപ്പോള്‍ അതിരുവിട്ടു വിമര്‍ശിച്ചിട്ടുണ്ടോ? അവര്‍ക്കു വിമര്‍ശിക്കാനും കുതിരകേറാനുമാണ് ഇവിടെ കരുണാകര്‍ജിയെ നിര്‍ത്തിയിരുന്നത്. ഇന്ദിരാജിയെയോ രാജീവ്ജിയെയോ വിമര്‍ശിക്കുകപോയിട്ട് ആരാധനയോടെയല്ലാതെ നോക്കുകപോലും ചെയ്തിട്ടില്ല. ചിന്താക്കുറ്റംചെയ്ത് പാപികളാവരുത്. ലക്ഷ്മണരേഖയ്ക്കിപ്പുറം നിന്നാല്‍ ഭാവിയില്‍ എം.എല്‍.എ.യൊക്കെ ആവാം
*****
ശരരാഷ്ട്രീയപ്പാര്‍ട്ടികള്‍ രാജ്യഭരണത്തിലിടപെടാന്‍പാടില്ലാത്ത അന്യഗോളശക്തിയാണെന്നു പറയാന്‍തുടങ്ങിയാല്‍ ബുദ്ധിമുട്ടാകും. നിയമസഭയിലേക്കു ജയിച്ചുകഴിഞ്ഞാല്‍ പിന്നെ അഞ്ചുവര്‍ഷം അവരെ തിരഞ്ഞെടുത്തയച്ച പാര്‍ട്ടിപോലും ചോദിക്കാനും പറയാനും പാടില്ലെന്നുവരുന്നത് ജനാധിപത്യമാകില്ല, ജനാധിപത്യവിരുദ്ധംതന്നെയാകും.
ബാര്‍ ലൈസന്‍സിന് എന്‍.ഒ.സി. കൊടുക്കാത്തതിനെതിരെയുള്ള കേസില്‍ ഹൈക്കോടതിപറഞ്ഞത് ജനാധിപത്യപരമാണെന്നെങ്ങനെപറയും?
കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ പഞ്ചായത്ത്മുനിസിപ്പല്‍ ഭരണസമിതികളിലുള്ള കോണ്‍ഗ്രസ്സുകാര്‍ക്ക് സര്‍ക്കുലറയച്ചു, ആരും ബാര്‍നടത്താന്‍ എന്‍.ഒ.സി. കൊടുത്തുകൂടായെന്ന്. തെറ്റില്ല. ബാറല്ല, എന്തും പാര്‍ട്ടിനയമനുസരിച്ചാണു നടക്കേണ്ടത്. നയം നടപ്പാക്കാനാണ് പാര്‍ട്ടിയെ ജനം തിരഞ്ഞെടുക്കുന്നത്.
മദ്യനിരോധനം വേണോയെന്നു തീരുമാനിക്കേണ്ടത് സംസ്ഥാനസര്‍ക്കാറാണ്. മദ്യനിരോധനമൊന്നുമില്ല, പക്ഷേ, നിങ്ങള്‍ക്കു വേണ്ടെങ്കില്‍ വേണ്ടെന്നുവെയ്ക്കാമെന്നാണ് നഗരപാലികാനിയമത്തിലെ വ്യവസ്ഥയുടെ അര്‍ഥം. കുട്ടിക്കുരങ്ങനെക്കൊണ്ട് ചുടുചോറു മാന്തിക്കുകയെന്നുപറഞ്ഞതിന്റെ വേറൊരു രൂപം. എല്ലാം വികേന്ദ്രീകരിക്കുന്നകൂട്ടത്തില്‍ ബാര്‍ ലൈസന്‍സിന് കാശുവാങ്ങുന്നതും വികേന്ദ്രീകരിച്ചെന്നേ ബാറുകാര്‍ ഇതുവരെ കരുതിയിരുന്നുള്ളൂ. പഞ്ചായത്തുഭരിക്കുന്ന പാര്‍ട്ടിക്കും കഴിഞ്ഞുകൂടണ്ടേ?
ആദര്‍ശമൊന്നും സംസ്ഥാനഭരണത്തില്‍ നടപ്പില്ല. പഞ്ചായത്തില്‍വേണം ആദര്‍ശംസൂക്ഷിക്കാനെന്നൊരര്‍ഥംകൂടി കെ.പി.സി.സി. സര്‍ക്കുലറിനുണ്ടെന്നത് ഇതിന്റെ മറുവശം. പഞ്ചനക്ഷത്രഹോട്ടലില്‍ കുറേ സാറന്മാര്‍ വലിയ കാറില്‍വന്ന് മുന്തിയസാധനം കുടിച്ചുപോകുന്നതെങ്ങനെയാണ് മുനിസിപ്പാലിറ്റിയിലെ ജനജീവിതത്തെ ബാധിക്കുകയെന്നുചോദിച്ചാല്‍ മറുപടികിട്ടാന്‍ പ്രയാസമാണ്. പാര്‍ട്ടിത്തലവന്മാര്‍ക്ക് ഒരുസഹായംചെയ്യാവുന്നതാണ്. പാവം പഞ്ചായത്തുകാരെ ധര്‍മസങ്കടത്തിലാക്കരുത്. പകരം, മുഖ്യമന്ത്രിക്കും മുന്നണിത്തലവന്മാര്‍ക്കും കൊടുക്ക് കടുപ്പത്തിലൊരു സര്‍ക്കുലര്‍. ഇന്നേ തീയതി സൂര്യനസ്തമിക്കുംമുമ്പ് കേരളത്തില്‍ സമ്പൂര്‍ണമദ്യനിരോധനം നടപ്പാക്കണമെന്നു കല്പിക്കൂ… നോക്കാമല്ലോ, ഹൈക്കോടതി എന്തുപറയുമെന്ന്.