ഒമ്പതുമാസത്തെ ഭരണംകൊണ്ട് ജനത്തിന് പലതും ബോധ്യപ്പെട്ടു. പറഞ്ഞുകേട്ടതുപോലുള്ള അദ്ഭുതസിദ്ധികളൊന്നും മോദിക്കില്ല എന്നതാണ് ആദ്യത്തെ ബോധ്യം. സ്വിസ്ബാങ്കിലെ കള്ളസമ്പാദ്യം മുഴുവന്‍ കണ്ടെടുത്ത് 15 ലക്ഷം രൂപവീതം ജന്‍ധന്‍ അക്കൗണ്ടില്‍ വരുമെന്ന് പറഞ്ഞിട്ട് അഞ്ചുപൈസപോലും ജനത്തിന് കിട്ടുന്ന ലക്ഷണമില്ല
മോദിഭാഗ്യം എന്നുപറഞ്ഞാല്‍ മോദിയുടെ ഭാഗ്യം. മോദിഭയം എന്നുപറഞ്ഞാല്‍ മോദിയുടെ ഭയമല്ല, മോദിയെ ഭയം എന്നര്‍ഥം. മോദിക്ക് ആരേയും ഭയമില്ല. എന്തായാലും മോദിഭയവും മോദിഭാഗ്യവും കാരണം ഡല്‍ഹി ജനത ബി.ജെ.പി.ക്ക് വോട്ടുചെയ്യണം എന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.
മോദിക്ക് ഭാഗ്യമുള്ളതുകൊണ്ടുമാത്രമാണ് അന്താരാഷ്ട്രതലത്തില്‍ ഇന്ധനവില കുറഞ്ഞത് എന്ന കോണ്‍ഗ്രസ് പ്രചാരണത്തില്‍ പിടിച്ചാണ് മോദിഭാഗ്യസിദ്ധാന്തം അവതരിപ്പിച്ചത്. ഭാഗ്യമുള്ള മോദിക്കൊപ്പമാണ്, അത് ലവലേശമില്ലാത്ത സോണിയരാഹുല്‍ പക്ഷത്തല്ല ജനം നില്‍ക്കേണ്ടത് എന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. ഭാഗ്യവാനായ മോദിയുടെ പാര്‍ട്ടിക്ക് വോട്ട് ഇതാണ് ഭാഗ്യസിദ്ധാന്തത്തിന്റെ അടിസ്ഥാനം.
ഇനി ഭയസിദ്ധാന്തം വിശദീകരിക്കാം. ഡല്‍ഹി മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയെ ഭയം വേണം. അദ്ദേഹം ഇടയ്ക്കിടെ ചൂരലെടുത്ത് നിലത്തടിച്ച് ശബ്ദമുണ്ടാക്കും. അതുകേട്ട് ഞെട്ടിക്കൊണ്ടിരിക്കണം ഡല്‍ഹി മുഖ്യമന്ത്രി. നേരിട്ട് അടി കിട്ടാതിരിക്കാന്‍വേണ്ടി മുഖ്യമന്ത്രി ജനോപകാരപ്രദമായ നടപടികള്‍ സ്വീകരിക്കും. കിരണ്‍ ബേദി തീര്‍ച്ചയായും ഈ ഇനത്തില്‍പ്പെട്ട ആളാണ്. പോലീസിലായിരുന്നു. സല്യൂട്ട് അടിച്ച് നല്ല ശീലമാണ്. മോദിജിയെ കാണുംമുമ്പ് അറ്റന്‍ഷനില്‍ സല്യൂട്ട് കാച്ചും. ഡല്‍ഹി മുഖ്യമന്ത്രി അങ്ങനെ ചെയ്തുതുടങ്ങിയാല്‍ ആ സിദ്ധാന്തം ഇന്ത്യ മുഴുവന്‍ പ്രാവര്‍ത്തികമാക്കാം. താടിയുള്ള അപ്പനെയേ പേടി കാണൂ എന്ന് പണ്ടേ ചൊല്ലുണ്ട്. മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിയെ കാണുമ്പോള്‍ സല്യൂട്ട് അടിക്കുക ഒരു പ്രോട്ടോക്കോള്‍ ആയി രേഖയിലാക്കാം. സല്യൂട്ടില്‍ ഹിന്ദുത്വം കുറവാണെന്ന് അഭിപ്രായമുണ്ടെങ്കില്‍ മുട്ടുകുത്തിനിന്ന് കാലുതൊടുന്ന രീതി സ്വീകരിക്കാവുന്നതേയുള്ളൂ. ഒട്ടും വിരോധമില്ല. അതുപോട്ടെ, പേടി വേണം മുഖ്യമന്ത്രിമാര്‍ക്ക് എന്ന അടിസ്ഥാനതത്ത്വംമാത്രം ഓര്‍മിച്ചാല്‍ മതി. കൊല്ലന്റെ ആലയില്‍ കെട്ടിയ ആടിനെപ്പോലെ പ്രധാനമന്ത്രിയുടെ അടി ശബ്ദം കേട്ട് മുഴുവന്‍ സംസ്ഥാന മുഖ്യമന്ത്രിമാരും ഞെട്ടിക്കൊണ്ടിരുന്നാല്‍ ഇന്ത്യന്‍ ഫെഡറലിസത്തിന്റെ ഭാവി ശോഭനമായിരിക്കും.
മുഖ്യമന്ത്രിമാരെ പേടിപ്പിക്കുന്ന ഈ ഹേഡ്മാസ്റ്റര്ക്ക് മുകളില്‍ വേറെ ആളില്ല. അതുകൊണ്ട് ആരെയും പേടിവേണ്ട. മുകളില്‍ പടച്ചോന് ഉണ്ടെന്നൊരു ചിന്ത ഉണ്ടോ എന്നറിയില്ല. ഉണ്ടായാലും അതുകൊണ്ട് വലിയ പ്രയോജനം ഉള്ളതായി തെളിയിക്കപ്പെട്ടിട്ടില്ല. ലക്ഷക്കണക്കിന് ആളുകളെ ഗ്യാസ് ചേമ്പറിലിട്ട് കൊന്ന ഹിറ്റ്ലര്‍ക്ക് ആ ഭയം ഉണ്ടായിട്ടില്ല. നാഗസാക്കിയിലും ഹിരോഷിമയിലും അണുബോംബിട്ട് നരകത്തീ പടര്‍ത്തി വേറെ കുറേ ലക്ഷങ്ങളെ കൊന്നവര്‍ക്കും അതുണ്ടായിട്ടില്ല. ജനാധിപത്യമാകുമ്പോള്‍ പൊതുജനം എന്ന കഴുതയെ പേടിക്കേണ്ടേ എന്നൊരു ചോദ്യമുണ്ട്. വേണ്ട, ഭയവും ഭാഗ്യവും ഉണ്ടെങ്കില്‍ ജനം കൂടെ നിന്നുകൊള്ളും. കൂട്ടക്കൊലകള്‍ ചിലപ്പോള്‍ ശക്തി കൂട്ടുകയാണ് ചെയ്യുക എന്ന് മോദിജിക്കുതന്നെ അനുഭവമുണ്ട്. ശക്തന്മാരെ ജനത്തിന് ഇഷ്ടമാണ്. ഇടക്കിടെ നെഞ്ചുവിരിച്ച് അളവ് കാട്ടിയാല്‍ മതി. മീശ പിരിച്ചുകാട്ടുന്നതും പ്രയോജനപ്പെടും.
ഒമ്പതുമാസമായി മോദിജി ഈ സിദ്ധാന്തങ്ങള്ക്കൊത്താണ് ഭരണം നടത്തിപ്പോന്നതെങ്കിലും എന്തോ എവിടെയോ അല്പം പിശകിയതായി ഡല്‍ഹി വോട്ടുകണക്ക് സൂചിപ്പിക്കുന്നുണ്ട്. എഴുപതംഗസഭയില്‍ ഒരു മോട്ടോര്‍ സൈക്കിളില്‍ പോകാന്‍ കഴിയുന്നത്ര അംഗബലമേ നമ്മുടെ പാര്‍ട്ടിക്ക് കിട്ടിയുള്ളൂ. കോണ്‍ഗ്രസ്സിന് ചിലപ്പോള്‍ അത്രയേ കിട്ടൂ, കിട്ടാവൂ എന്നാശിച്ചിരുന്നു. കഴിഞ്ഞതവണ രണ്ടാമനും മൂന്നാമനുംകൂടി ഒന്നാമനെ പ്രതിപക്ഷത്തിരുത്തി 49 ദിവസം ഭരിച്ചു എന്നത് സത്യം. രണ്ടുവര്‍ഷം പുള്ളിക്കാരന് ആ ഇരിപ്പ് ഇരുന്നിരുന്നെങ്കില്‍ നമ്മള് രക്ഷപ്പെട്ടേനെ. സ്ഥാനമോഹി, അഴിമതിക്കാരന്, ആദര്‍ശംപറഞ്ഞ് ആളെ പറ്റിച്ചവന് എന്നിങ്ങനെയുള്ള ബഹുമതികള്‍ ചാര്‍ത്തി ആളുടെ കഥ കഴിക്കാമായിരുന്നു. പക്ഷേ, ഭരണം ഇട്ടെറിഞ്ഞുപോയിക്കളഞ്ഞു. ഭരണം ഇട്ടെറിഞ്ഞുപോയ യൂസ്ലസ് എന്ന ബഹുമതി ചാര്‍ത്താന്‍ ശ്രമിച്ചു. അതുപക്ഷേ, ഏശിയില്ല. അധികാരം ഇട്ടെറിഞ്ഞ് പോകുന്നവനോടാണ് ജനത്തിന് പ്രിയം എന്ന് പിന്നെയേ മനസ്സിലായുള്ളൂ.
ഒമ്പതുമാസത്തെ ഭരണംകൊണ്ട് ജനത്തിന് പലതും ബോധ്യപ്പെട്ടു. പറഞ്ഞുകേട്ടതുപോലുള്ള അദ്ഭുതസിദ്ധികളൊന്നും മോദിക്കില്ല എന്നതാണ് ആദ്യത്തെ ബോധ്യം. സ്വിസ് ബാങ്കിലെ കള്ളസമ്പാദ്യം മുഴുവന്‍ കണ്ടെടുത്ത് 15 ലക്ഷം രൂപവീതം ജന്‍ധന്‍ അക്കൗണ്ടില്‍ വരുമെന്ന് പറഞ്ഞിട്ട് അഞ്ചുപൈസപോലും ജനത്തിന് കിട്ടുന്ന ലക്ഷണമില്ല. കോര്‍പ്പറേറ്റുകള്‍ക്ക് സേവചെയ്യുന്ന കാര്യത്തില്‍ യു.പി.എ.യ്ക്ക് രണ്ടാംസ്ഥാനമേ കിട്ടൂ എന്ന് തെളിയിച്ചു. ആണവ റിയാക്ടറുകളില്‍ അപകടമുണ്ടായാല്‍ അവ നല്കുന്നവര് നഷ്ടപരിഹാരം നല്‍കണമെന്ന വ്യവസ്ഥയാക്കി. അപകടമുണ്ടായാല്‍ അമേരിക്കയ്ക്ക് നഷ്ടപരിഹാരം നമ്മള് നല്കണമെന്നൊന്നും ചേര്‍ത്തിട്ടില്ലെന്ന് തോന്നുന്നു, ഭാഗ്യം. വര്‍ഗീയകലാപങ്ങള്‍, ഘര്‍ വാപസി പരിപാടികള്‍, ഗോഡ്സെ പ്രതിമകള്‍ തുടങ്ങിയ നമ്പറുകള്‍ കണ്ടാല്‍ ഒരു കാര്യം വ്യക്തമാകും. മുഖ്യമന്ത്രിമാര്‍ക്ക് മോദിയെ പേടിയായിരിക്കും. പക്ഷേ, മോദിക്ക് സംഘപരിവാറിലെ താടിമുടിക്കാരെയാണ് കൊടുംപേടി. താടിമുടി കാഷായക്കാരുടെ ഡയലോഗ് ഇതേ നിലയ്ക്ക് തുടര്‍ന്നാല്‍ രാഹുല്‍ ഗാന്ധിക്കുപോലും നല്ല ചാന്‍സ് ഇനിയുമുണ്ട്. മന്‍മോഹന്‍സിങ്ങിനും ചരിത്രത്തില്‍ നല്ല പേര് നേടാം.
****
കോണ്‍ഗ്രസ് യുവരാജാവ് രാഹുല്‍ ഗാന്ധിക്ക് പരാജയമൊന്നും ഒരു പ്രശ്നമല്ല. 404 സീറ്റുവരെ ലോക്സഭയില്‍ പിതാവിന്റെ നല്ല കാലത്ത് നേടുന്നത് രാഹുല്‍ കണ്ടിട്ടുണ്ട്. താന്‍ മുന്‍നിരയില്‍നിന്ന ആദ്യതിരഞ്ഞെടുപ്പില്‍ ഒരു പൂജ്യത്തിന്റെ കുറവേ പാര്‍ട്ടിക്ക് സംഭവിച്ചുള്ളൂ. പൂജ്യം നടുവിലത്തേതായിരുന്നു എന്നുമാത്രം. ഡല്‍ഹി തിരഞ്ഞെടുപ്പില്‍ പൂജ്യത്തിന് നിര്‍ണായക സ്ഥാനം ലഭിച്ചു. 15 വര്‍ഷം ഭരിച്ച സംസ്ഥാനത്ത് പാര്‍ട്ടിക്ക് ലഭിച്ചത് പൂജ്യം സീറ്റ്. എന്നിട്ടും രാഹുല്‍ കുലുങ്ങിയില്ല. ഫലം പ്രഖ്യാപിച്ച ദിവസം പാര്‍ട്ടി ആസ്ഥാനത്തോ മാധ്യമസദസ്സുകളിലോ അദ്ദേഹം തിരിഞ്ഞുനോക്കിയില്ല. ലോക്സഭയില്‍ തോറ്റിട്ട് തിരിഞ്ഞുനോക്കിയിട്ടില്ല. പിന്നെയാ ഒരു അര്ധസംസ്ഥാനമായ ഡല്‍ഹി തോറ്റിട്ട് കണ്ണീരൊലിപ്പിക്കാന്‍. അതിനൊന്നും രാഹുല്‍ജിയെ കിട്ടില്ല.
ഭാവി ഒട്ടും മോശമാകില്ല എന്നുറപ്പാണ് രാഹുല്‍ജിക്ക്. പൂജ്യത്തിനും താഴെ എന്തായാലും പോകില്ലല്ലോ. ലോക്സഭയില്‍ പോലും 44നേക്കാള്‍ താഴെയാകാന്‍ ഒരു കാരണവും കാണുന്നില്ല. കോണ്‍ഗ്രസ്സിന് അതിലേറെ കിട്ടാനുള്ള പണി നരേന്ദ്രമോദിതന്നെ ചെയ്തുകൊള്ളും. രാഹുലിന് ഒട്ടും വേവലാതിയില്ല.
കോണ്‍ഗ്രസ്സിന് പിന്നെ ഒരു നല്ല സ്വഭാവമുണ്ട്. എവിടെയെങ്കിലും മൂന്നാം സ്ഥാനത്തെത്തിപ്പോയാല് പിന്നെ മുന്നില്‍ നില്‍ക്കുന്നവരെ ഉപദ്രവിക്കുകയില്ല. മൂന്നില്‍ത്തന്നെ നില്ക്കും. ഗുജറാത്തില്‍ കോണ്‍ഗ്രസ് അവസാനം ഭരിച്ചത് 1995ല്‍ ആയിരുന്നു. വര്‍ഷം ഇരുപതാകുന്നു. തമിഴ്നാട്ടില്‍ 67ലാണ് അവസാനം കോണ്‍ഗ്രസ് ഭരിച്ചത്. പിന്നെ ആ വഴിക്ക് പോയിട്ടില്ല. പ.ബംഗാളില്‍ 40 വര്‍ഷമായി പാര്‍ട്ടി ഭരിച്ചിട്ട്. പാര്‍ട്ടിക്ക് കഴിയാതെ പോയത് പാര്‍ട്ടി വിട്ടുപോയ കഷ്ണംപാര്ട്ടിക്ക് ചെയ്യാന്‍ കഴിഞ്ഞു.
ഡല്‍ഹിയില്‍ കെജ്റിക്ക് ഒരു വീഴ്ചപറ്റിയാല്‍ തിരിച്ചുവരാന്‍ നാവില്‍ വെള്ളമിറക്കി കാത്തുനില്‍ക്കുകയാണ് ബി.ജെ.പി. പക്ഷേ, കോണ്‍ഗ്രസ്സിന്റെ കാര്യം കട്ടപ്പൊകയാണ്.
ഇതൊന്നും കോണ്‍ഗ്രസ് നേതൃത്വത്തെ അലട്ടുകയില്ല. പാര്‍ട്ടിതന്നെ ഇല്ലാതായാലും സോണിയാജിയെ മുഷിപ്പിക്കുന്ന പ്രശ്നമില്ല.
****
മദ്യബന്ധമുള്ള ആരെങ്കിലും പ്രസംഗിച്ചതിന് മുമ്പോ ശേഷമോ അതേ വേദിയില്‍ പ്രസംഗിക്കുന്നത് വി.എം. സുധീരന് കടുത്ത അലര്‍ജി, അപകീര്‍ത്തി, ആദര്ശഭംഗം എന്നിവ ഉണ്ടാക്കുമെന്ന് മറ്റ് എല്ലാ പ്രാസംഗികരും അറിയേണ്ടതാണ്. മദ്യബന്ധമുള്ളവര്‍ മേലില്‍ സമ്മേളനങ്ങളില്‍ പ്രസംഗിക്കാന്‍ പോകുംമുമ്പ് യോഗത്തില്‍ സുധീരന് ഇല്ലെന്ന് ഉറപ്പുവരുത്തണം. കെ.പി.സി.സി.യും ഇക്കാര്യത്തില്‍ ചില മുന്‍കരുതല്‍ എടുക്കുന്നതായിരിക്കും. സുധീരന് സഞ്ചരിക്കുന്ന വഴിയില്‍ മദ്യപര്‍, മദ്യഷോപ്പ് ഉടമകള്‍ എന്നിവരില്ല എന്ന് കോണ്‍ഗ്രസ് വളണ്ടിയര്‍മാര്‍ ഉറപ്പുവരുത്തും.
ഇതെല്ലാം രാഷ്ട്രീയം ശുദ്ധീകരിക്കാനുള്ള ദീര്‍ഘകാല യജ്ഞത്തിന്റെ തുടക്കം മാത്രമാണ്. മദ്യവില്പനമാത്രമാണ് ലോകത്തിലെ ഏക അധര്‍മം എന്ന് അദ്ദേഹം വിശ്വസിക്കുന്നില്ല. മദ്യവില്പന നിയമവിധേയമെങ്കിലുമാണല്ലോ. അതല്ലാത്തവ എന്തെല്ലാം കിടക്കുന്നു. ഇനി അവയെ ഓരോന്നായി നേരിടും. കൈക്കൂലി വാങ്ങുന്നവര്‍, കൊടുക്കുന്നവര്‍, കൊള്ളലാഭക്കാര്‍, അഴിമതിക്കാര്‍, കോഴവാങ്ങുന്നവര്‍, മായം ചേര്‍ക്കുന്നവര്‍, വ്യാജപിരിവുകാര്, വ്യഭിചാരികള്‍, സ്ത്രീപീഡകര്‍, ഭാര്യയെ തല്ലുന്നവര്, മറ്റ് 101 ഇനം ചൂഷകര്‍ തുടങ്ങിയ സകല ഹീനജീവികളെയും ഒന്നൊന്നായി കൈകാര്യംചെയ്യും. ഇവര്‍ പങ്കെടുക്കുന്ന യോഗങ്ങളിലും കെ.പി.സി.സി. പ്രസിഡന്റ് പങ്കെടുക്കുന്നതല്ല. ഒടുവിലാകുമ്പോള്‍ പ്രഭാഷകനും മൈക്ക് ഓപ്പറേറ്ററുമേ ഉള്ളൂ എന്ന നില വരുമായിരിക്കാം. സാരമില്ല, വിട്ടുവീഴ്ചക്കില്ല. സുധീരം മുന്നേറും.