ജയരാജനോട് കോടതി കാട്ടിയ കനിവ് ഒന്ന് വേറെ തന്നെ. കാക്കത്തൊള്ളായിരം
ആളുകള്‍ ജയിലില്‍പോയിട്ടുണ്ട്. സകല പത്രത്തിന്റെയും ഒന്നാംപേജില്‍ കൈവീശി
ജയിലില്‍പോകാന്‍ ചില്ലറ ഭാഗ്യമൊന്നും പോരാ. വിപ്ലവം നടത്തി ജയിലില്‍ പോയ
ചെഗുവേരയുടെ ഗമയായിരുന്നു ജയരാജന്
എം.വി. ജയരാജന്‍ ജയിലില്‍പോയെന്ന് കേട്ട് ഇ.എം.എസ്സിന്റെ ആത്മാവ് നൊമ്പരപ്പെട്ടിരിക്കണം. ഇല്ല, ആത്മാവ് ഇല്ല. എങ്കിലും… തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍വരുന്ന ആദ്യത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന പദവി നേടാനേ ഇ.എം.എസ്സിന് കഴിഞ്ഞുള്ളൂ. കോടതിയലക്ഷ്യത്തിന് ജയിലില്‍പോകാനായില്ല. ആ പദവി രണ്ടുവട്ടമാണ് തലനാരിഴയ്ക്ക് തെറിച്ചുപോയത്. ഗിന്നസ് ബുക്കിലും കേറാമായിരുന്നു. ’57ല്‍ മുഖ്യമന്ത്രിയായപ്പോഴാണ് ആദ്യം ചാന്‍സ് കിട്ടിയത്. വരന്തരപ്പള്ളിയില്‍ ആറേഴ് കമ്യൂണിസ്റ്റ് വിരുദ്ധന്മാര്‍ സഖാക്കളുമായി ഏറ്റുമുട്ടി സ്വയംമരിച്ച സംഭവത്തെപ്പറ്റി ഇ.എം.എസ്. എന്തോ അലക്ഷ്യം പറഞ്ഞത് കേസായി. ബൂര്‍ഷ്വാ വ്യവസ്ഥിതിയില്‍ ബൂര്‍ഷ്വാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ബൂര്‍ഷ്വാ മുഖ്യമന്ത്രിയായതിന്റെ സര്‍വപാപവും ബൂര്‍ഷ്വാ കോടതിയുടെ ജയില്‍ശിക്ഷ ഏറ്റുവാങ്ങിയിരുന്നുവെങ്കില്‍ ഇല്ലാതാകുമായിരുന്നു. പാര്‍ട്ടി സമ്മതിച്ചില്ല. മുഖ്യമന്ത്രി കോടതിയില്‍ നേരിട്ട് ഹാജരായി നിരുപാധികമായ ക്ഷമ യാചിക്കണമെന്നാണ് തീരുമാനമുണ്ടായത്.
”….. ആ പ്രസ്താവന പുറപ്പെടുവിച്ചതില്‍ പരിതപിക്കുകയും ബഹുമാനപ്പെട്ട കോടതിമുമ്പാകെ ക്ഷമായാചനം ചെയ്യുകയും ചെയ്യുന്നു. മാപ്പുതരികയും മേല്‍നടപടി എടുക്കാതിരിക്കാന്‍ ഉത്തരവാകുകയും ചെയ്യാന്‍ കോടതിക്ക് കാരുണ്യം ഉണ്ടാകണം’ സാക്ഷാല്‍ ഇ.എം.എസ്. കോടതിയില്‍ നേരില്‍ ഹാജരായി എഴുതിക്കൊടുത്താണിത്. വായിച്ച് ലജ്ജിക്കേണ്ട. അത് ചെയ്യിച്ചത് പാര്‍ട്ടിയിലെയും ബാറിലെയും മഹാന്മാര്‍. അന്ന് ജഡ്ജിനെ കേറി ശുംഭനെന്നും കോന്തനെന്നുമൊന്നും വിളിച്ചതായിരുന്നില്ല കേസ്. മറ്റേ വര്‍ഗത്തില്‍പ്പെട്ട ആളായിരുന്നതുകൊണ്ട് അത്തരം വാക്കുകളൊന്നും ഇ.എമ്മിന്റെ നാക്കില്‍വരാറില്ല. വിമോചനസമരം നയിച്ച മന്നത്ത് പത്മനാഭനെപ്പോലും തിരുമേനി ശുംഭനെന്നൊന്നും വിളിക്കുകയില്ല. കോടതിയില്‍ വേറൊരു നമ്പൂതിരി പറഞ്ഞ ന്യായപ്രകാരമാണോ എന്നറിയില്ല, ബഹുമാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെ ഏഭ്യന്മാര്‍ എന്ന് വിളിക്കാറില്ല, ഏഭ്യന്മാരെ ബഹുമാനപ്പെട്ട നേതാക്കളേ… എന്നേ വിളിക്കാറുള്ളൂ.
ഇ.എം.എസ്സിന്റെ പ്രസംഗം റിപ്പോര്‍ട്ട് ചെയ്ത കുറ്റം ചുമത്തി അന്നൊരു പത്രാധിപരെയും ഇതേ കോടതി ശിക്ഷിച്ചിരുന്നു. കക്ഷി മത്തായി മാഞ്ഞൂരാന്‍. അന്ന് നമ്പൂതിരിപ്പാടിന്റെ എതിരാളി. പത്തുവര്‍ഷം കഴിഞ്ഞപ്പോള്‍ ഒപ്പം മന്ത്രി. പത്ത് എം.വി. ജയരാജന്മാര്‍ വന്നാലും മത്തായി മാഞ്ഞൂരാന്റെ അടുത്തെത്തില്ല. ഇ.എം.എസ്. കോടതിയലക്ഷ്യം പറഞ്ഞാല്‍ അത് റിപ്പോര്‍ട്ട് ചെയ്യല്‍ തന്നെയാണ് തന്റെ പണി, മാപ്പുപറയുന്ന പ്രശ്‌നമില്ല. ഒരു മാസം ജയിലില്‍കിടന്നത് പിഴ കൊടുക്കാന്‍ നൂറ് രൂഫാ ഇല്ലാഞ്ഞിട്ടല്ല. കേസ് ശരിക്കും ജയിച്ചത് മത്തായിയാണ്.
രണ്ടാംവട്ടം ചാന്‍സ് കിട്ടിയപ്പോഴും ഇ.എം.എസ്. മുഖ്യമന്ത്രിയായിരുന്നല്ലോ. ”ബൂര്‍ഷ്വാ സമൂഹത്തില്‍ നീതിന്യായവ്യവസ്ഥ മര്‍ദകോപകരണമായ ഭരണകൂടത്തിന്റെയും ധനികരുടെയും പക്ഷത്താണെന്ന് താന്‍ അടങ്ങുന്ന കമ്യൂണിസ്റ്റുകാര്‍ വിശ്വസിക്കുന്നു” എന്നേ പറഞ്ഞുള്ളൂ. ബൂര്‍ഷ്വാ കീര്‍ഷ്വാ എന്നൊന്നും വിശേഷിപ്പിച്ചില്ലെങ്കിലും പില്‍ക്കാലത്ത് കേന്ദ്രനിയമമന്ത്രിമാരും ജഡ്ജുമാര്‍ തന്നെയും പറഞ്ഞിട്ടുണ്ട് ഇതിനേക്കാള്‍ കഠിനപദങ്ങള്‍. പക്ഷേ, കേസുമുണ്ടായില്ല, ജയിലുമുണ്ടായില്ല. സുപ്രീംകോടതിവരെ പോയി ഇ.എം.എസ്. പിഴയടച്ച് തടിയൂരി.
കേസ് ശിക്ഷിച്ചതുകൊണ്ടോ ജയിലില്‍ പോയതുകൊണ്ടോ മാത്രം കക്ഷി കേസില്‍ തോല്‍ക്കില്ലെന്നതാണ് സത്യം. സത്യം ചിലപ്പോള്‍ കോടതിക്കുപോലും പിടികിട്ടാറില്ല. ഇ.എം.എസ്സിന് മാര്‍ക്‌സിന്റെയും ഏംഗല്‍സിന്റെയും സിദ്ധാന്തങ്ങള്‍ ശരിക്കറിയില്ല എന്ന് വിധിന്യായത്തില്‍ എഴുതി ഒരു ജസ്റ്റിസ്. ഇന്ന് വായിക്കുന്നവര്‍ക്കറിയാം ജസ്റ്റിസാണ് കേസില്‍ തോറ്റത്, ഇ.എം.എസ്സാണ് ജയിച്ചത് എന്ന്. ജയിലില്‍പോകണമോ പിഴയടച്ച് തടിയൂരണോ എന്നാലോചിക്കാന്‍ ഇ.എം.എസ്സിന് അവസരം കൊടുത്തില്ല കോടതി. ശിക്ഷ പിഴമാത്രമായിരുന്നു. അന്ന് ശിക്ഷിക്കപ്പെട്ടെങ്കിലും ചരിത്രത്തിന്റെ കോടതിയില്‍ ജയിച്ചത് നമ്പൂതിരിപ്പാടാണ്. പിഴയടയ്ക്കാതെ ജയിലില്‍ പോയിരുന്നെങ്കില്‍ ജയം ഡിസ്റ്റിങ്ഷനോടെ ആവുമായിരുന്നു. പിഴ ശിക്ഷ വെറും മോഡറേഷന്‍ പാസായിപ്പോയി.
ശുംഭന്‍ കേസില്‍ ജയരാജനാണോ ജയിച്ചത് കോടതിയാണോ ജയിച്ചത് എന്നകാര്യത്തില്‍ ആര്‍ക്കും ലേശം സംശയം തോന്നും. കേസില്‍ കോടതിയാണ് പരാതിക്കാരന്‍, പരാതിക്കാരന്‍തന്നെയാണ് വിധി പറഞ്ഞതും. ഇതിന് മുന്‍വിധി എന്നുംപറയാം. ഇങ്ങനെയൊക്കെയാണെങ്കിലും ജയരാജനോട് കോടതി കാട്ടിയ കനിവ് ഒന്ന് വേറെത്തന്നെ. കാക്കത്തൊള്ളായിരം ആളുകള്‍ ജയിലില്‍പോയിട്ടുണ്ട്. സകല പത്രത്തിന്റെയും ഒന്നാംപേജില്‍ കൈവീശി ജയിലില്‍ പോകാന്‍ ചില്ലറ ഭാഗ്യമൊന്നും പോരാ. വിപ്ലവം നടത്തി ജയിലില്‍ പോയ ചെഗുവേരയുടെ ഗമയായിരുന്നു ജയരാജന്. ജയരാജന്‍ കുറ്റവാളിയാണ്, ഇനി കളിച്ചാല്‍ ജയിലിലാക്കും എന്ന് വാണിങ് നല്‍കി വെറുതെ വിട്ടിരുന്നെങ്കില്‍ കേസില്‍ ജയരാജന്‍ തോല്‍ക്കുമായിരുന്നു. തിയേറ്ററില്‍ സിഗരറ്റ് വലിക്കുന്നത് പോലുള്ള പെറ്റി കുറ്റങ്ങള്‍ ചെയ്തവരെ ശിക്ഷിക്കുംപോലെ, വൈകുന്നേരംവരെ കോടതി വരാന്തയില്‍ നില്‍ക്കാന്‍ ശിക്ഷിച്ചിരുന്നുവെങ്കില്‍ നാണം കെട്ടേനെ. ജയിലിലിട്ടതിന് കോടതിയോട് ജയരാജന്‍ നന്ദിപറയണം.
പൗരാവകാശത്തിനുവേണ്ടി പടപൊരുതിയാണ് താന്‍ ജയിലില്‍പോകുന്നതെന്ന് നടിക്കാന്‍ ജയരാജന് സ്വാതന്ത്ര്യമുണ്ട്. പക്ഷേ, ജനത്തിന് സത്യം അറിയാം. ശുംഭന്‍ എന്നുവിളിക്കാനുള്ള അവകാശത്തിനുവേണ്ടിയാണ് അദ്ദേഹം ജയിലില്‍ പോയത്. ആ വാക്കില്ലെങ്കില്‍ ജയിലുമില്ല, കേസുമില്ല, പത്രത്തില്‍ ഹെഡ്ഡിങ്ങുമില്ല, ചാനലില്‍ ചര്‍ച്ചയുമില്ല. അമാന്യ വാക്കുപറഞ്ഞ് കോടതിയെ അപമാനിക്കുകയും ചെയ്തു, അതിനെ കോടതി ഗൗരവത്തിലെടുത്തതുകൊണ്ട് കേസില്‍ ജയരാജന്‍ ജയിക്കുകയും ചെയ്തു. ഒരു മാസം ജയിലില്‍ കിടന്നാലെന്താ…. കാശ് മുതലായില്ലേ ?
പക്ഷേ, ഒന്നുണ്ട്. പ്രസംഗത്തില്‍ ഒന്നും ആഴത്തില്‍ ആലോചിച്ചല്ല പറയുക. പ്രത്യേകിച്ചും രാഷ്ട്രീയപ്രസംഗത്തില്‍. ഓര്‍ക്കാപ്പുറത്ത് ചില പ്രയോഗങ്ങള്‍ പ്രത്യക്ഷപ്പെട്ടേക്കും. പിന്നീട് അത് പിന്‍വലിക്കുന്നതിലും മാപ്പുപറയുന്നതിലും തെറ്റില്ല. കോടതിവിധി പക്ഷേ, ആലോചിച്ച്് എഴുതിത്തയ്യാറാക്കുന്നതാണ്. പ്രസംഗത്തില്‍ ജഡ്ജിനെ ശുംഭന്‍ എന്ന് വിളിക്കുന്നതാണോ പ്രതിയെ കോടതി, പുഴു എന്ന് വിളിക്കുന്നതാണോ വലിയതെറ്റ് എന്ന്് പൊതുജനം വിധിപറയട്ടെ.
ഇ.എം.എസ്. മുതല്‍ പാലോളി മുഹമ്മദ് കുട്ടി വരെയുള്ള സഖാക്കളെക്കൊണ്ടെല്ലാം കോടതിയില്‍ മാപ്പുപറയിച്ച പാര്‍ട്ടി, പറയാന്‍ പാടില്ലാത്തതുപറഞ്ഞ ആളെ മാപ്പുപറയിക്കാതെ ധീര വിപ്ലവകാരിയാക്കിയതിന്റെ ഗുട്ടന്‍സാണ് പിടികിട്ടാത്തത്. അബദ്ധം പറഞ്ഞതിന് ശിക്ഷ ലഭിച്ച ആദ്യത്തെ കമ്യൂണിസ്റ്റ് എന്ന പദവി ജയരാജന് വാങ്ങിക്കൊടുക്കാനാവും. തെറ്റില്ല.
****
ആസ്?പത്രിയില്‍ കിടക്കുന്നവരെ സന്ദര്‍ശിച്ച് സഹതാപം പ്രകടിപ്പിക്കുന്നതുപോലൊരു നാട്ടുനടപ്പായിട്ടുണ്ട് ജയിലില്‍ കിടക്കുന്നവരെ സന്ദര്‍ശിക്കലും. ജയരാജനെ സന്ദര്‍ശിക്കാന്‍ ബാലകൃഷ്ണപിള്ള പോയത് മനസ്സിലാക്കാം. അദ്ദേഹം കിടന്ന ജയിലില്‍ തന്നെയാണല്ലോ ജയരാജനും കിടക്കുന്നത്. ചില്ലറ ഉപദേശങ്ങള്‍ കൊടുക്കാനുണ്ടാവും. പോരാത്തതിന് രണ്ടുപേരും കോടതിയുടെ കടുംകൈയ്ക്ക് ഇരകള്‍ ആയതാണല്ലോ. ജഡ്ജ്മാരുടെ ബുദ്ധിയില്ലായ്മയെകുറിച്ച് നാല് വര്‍ത്തമാനം പറയുകയുകയും ചെയ്യാം. ജയരാജന്റെ കൈയില്‍ ടേപ്പ്‌റിക്കാര്‍ഡര്‍ ഉണ്ടാകില്ലെന്ന് ഉറപ്പായതുകൊണ്ട് ധൈര്യമായി പറയാം. സംസ്ഥാന ആഭ്യന്തരമന്ത്രി ജയിലില്‍ ജയരാജനെ സന്ദര്‍ശിച്ചതെന്തിനാണാവോ. കോാടതിക്കെതിരായ പോരാട്ടത്തില്‍ ജയരാജനോട് അനുഭാവം പ്രകടിപ്പിക്കാനോ ? അല്ലെങ്കില്‍, വെറുതെ മണ്ടത്തരം പറഞ്ഞ് ജയിലില്‍ പോകേണ്ടിവന്നതിലുള്ള സഹതാപം പ്രകടിപ്പിക്കാനോ ?
രാഷ്ട്രീയനേതാക്കള്‍ ഒരു വര്‍ഗമായി കഴിഞ്ഞതുകൊണ്ട് പരസ്?പരം സഹതാപം പ്രകടിപ്പിക്കാനും അനുഭാവം പ്രകടിപ്പിക്കാനും സഹായിക്കാനും എപ്പോഴും തയ്യാര്‍. അതല്ലെങ്കില്‍, ഏതെല്ലാം യോഗ്യന്മാര്‍ ജയിലില്‍ കിടക്കുന്നു. അക്കൂട്ടത്തില്‍ ഒന്നാംകിട പ്രതിഭാശാലികളും കാണും. ചിലരെയൊന്നും കോടതി ശിക്ഷിച്ചിട്ടുമുണ്ടാവില്ല. എല്ലാവരെയും
വണ്‍ ബൈ വണ്‍ സന്ദര്‍ശിച്ചുകൂടേ ?