തോല്‍വിയെക്കുറിച്ച് മിണ്ടരുത്‌

ഇന്ദ്രൻ

തോറ്റ് കാറ്റുപോയിക്കിടക്കുമ്പോള്‍ ആരോടെന്നില്ലാതെ അരിശംവരുന്നത് മനുഷ്യസഹജമാണ്. അങ്ങാടിയില്‍ തോറ്റവന്‍ വീട്ടില്‍പ്പോയി അമ്മയെ തല്ലും. പിന്നെയല്ലേ വഴിയെ പോകുന്നവനോട് സഹിഷ്ണുതയും മര്യാദയും കാട്ടുന്നത്.

തിരഞ്ഞെടുപ്പില്‍ തോല്ക്കുക എന്നത് അങ്ങാടിയില്‍ തോല്‍ക്കല്‍ തന്നെയാണ്. വീട്ടില്‍പ്പോയാണ് പലരും ശൗര്യം പുറത്തെടുക്കുക. ഒടുവില്‍ വീട്ടിലും നില്ക്കാന്‍ വയ്യ, റോട്ടിലും നില്ക്കാന്‍ വയ്യ എന്ന നിലയിലെത്തിച്ചേരും. അനുഭവിക്കട്ടെ.

കൂടെയുള്ളവര്‍ പാര വെച്ചതുകൊണ്ട്, അല്ലെങ്കില്‍ എതിരാളി അഴിമതി കാട്ടിയതുകൊണ്ട്, അല്ലെങ്കില്‍ വര്‍ഗീയത കൊണ്ട്, ചിലര്‍ വോട്ട് മറിച്ചതുകൊണ്ട് … ആണ് താന്‍ തോറ്റുപോയത്. അല്ലെങ്കില്‍ താനെങ്ങനെ തോല്ക്കാന്‍. അജയ്യനല്ലേ താന്‍. താന്‍ തോറ്റത് തന്റെ കുഴപ്പം കൊണ്ടാണ് എന്ന് സമ്മതിച്ച ഒരു സ്ഥാനാര്‍ത്ഥി എവിടെയെങ്കിലും ജീവിച്ചിരുന്നതായി അറിവില്ല. പഴത്തൊലിയില്‍ ചവിട്ടിയാലും ആരും വീഴാം. അപരന് നൂറുവോട്ടുപിടിച്ചാലും തോല്ക്കാം. അത് വേറെ കാര്യം. നമുക്ക് കുറ്റമൊന്നുമില്ല എന്ന് തെളിയിക്കാന്‍ പറ്റണമെങ്കില്‍ വേറെ ആര്‍ക്കെങ്കിലും വലിയ കുറ്റമുണ്ട് എന്ന് തെളിയിക്കണം. അതിനുള്ള തീവ്രശ്രമം എല്ലാ പാര്‍കളിലും നടക്കുകയാണ്. അത് വാര്‍ഡ് തലം തൊട്ട് ദേശീയതലം വരെ നടക്കുന്നുണ്ട്. ബൂത്ത് കമ്മിറ്റി കൂടിയും ഈ വിനോദത്തില്‍ ഏര്‍പ്പെടാം, കേന്ദ്രകമ്മിറ്റിയിലും ഇതാകാം. വിപ്ലവപാര്‍ട്ടികളില്‍ ഇത് ഒരു കുമ്പസാരത്തിന്റെ രൂപത്തില്‍ വേണം നടത്താന്‍.

പാര്‍ട്ടി സെക്രട്ടറിക്ക് തെറ്റുപറ്റി എന്ന് പറയുന്നത് സൂക്ഷിച്ചുവേണം. നാട്ടിലാരും കണ്ടിട്ടുപോലുമില്ലാത്ത മറ്റേ ചങ്ങാതിയെ കൂട്ടിക്കൊണ്ടുവന്ന് മത്സരിപ്പിച്ചത് ആരാണെന്ന് അറിഞ്ഞഭാവം നടിക്കരുത്. ടിയാനെ മത്സരിപ്പിച്ചതില്‍ നമുക്ക് തെറ്റുപറ്റിയോ എന്ന് സംശയമുണ്ട് എന്ന് പറഞ്ഞുവെച്ചാല്‍ മതി. മനസ്സിലാകേണ്ടവര്‍ക്ക് മനസ്സിലാകും. ഈ തരത്തില്‍ വിവിധ പാര്‍ട്ടികളിലും മുന്നണികളിലും മാധ്യമങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന തക്കിടതരികിടകള്‍ തീര്‍ച്ചയായും കേരളീയര്‍ക്ക് ഏറെ വിനോദവും ആശ്വാസവും പകരുന്നവയാണ്.

കാര്യമിതൊക്കെയാണെങ്കിലും ചില കൂട്ടര്‍ രാഹുല്ജിയെക്കുറിച്ച് പറയുന്നത് കേട്ടാല്‍ നമുക്കും സഹിക്കില്ല. സിനിമയില്‍ മുമ്പ് , ‘പോളണ്ടിനെക്കുറിച്ചൊരക്ഷരം മിണ്ടരുതെ’ന്ന് പറഞ്ഞതുപോലെ, രാഹുലിനെക്കുറിച്ചൊരക്ഷരം മിണ്ടരുത് എന്ന് നാമും പറഞ്ഞുപോകും.

കോണ്‍ഗ്രസ് മുഖപത്രത്തില്‍ പറഞ്ഞതുപോലെ 3,650 ദിവസങ്ങളില്‍ 580 ദിവസം മാത്രം ഡല്‍ഹിയില്‍ കഴിയുകയും ബാക്കി നാള്‍ മുഴുവന്‍ ഗ്രാമഗ്രാമാന്തരങ്ങളില്‍ അലയുകയും ചെയ്ത ഒരു മഹാനെക്കുറിച്ചാണ് കുറ്റവും കുറവും പറയുന്നത് എന്നോര്‍ക്കണം. സ്വന്തം അച്ഛനെ തന്തയ്ക്കുവിളിക്കുന്നവനും റോഡില്‍ നില്ക്കുന്ന വല്ലവനും അത് ചെയ്താല്‍ സഹിക്കുമോ? പിച്ചാത്തിയൂരില്ലേ? അവിടെയും ഇവിടെയും ചില കോണ്ഗ്രസ്സുകാര്‍ രാഹുല്‍ഗാന്ധിയെക്കുറിച്ച് ചിലതൊക്കെ പറഞ്ഞുതുടങ്ങിയിട്ടുണ്ട് എന്നത്

ശരിതന്നെ. എന്നുവെച്ച് മുസ്ലിംലീഗിന്റെ മുഖപത്രം കോണ്‍ഗ്രസ് തോല്‍വിയെക്കുറിച്ച് മുഖപ്രസംഗം കാച്ചിവിടാന്‍ പാടുണ്ടോ?

കോണ്‍ഗ്രസ്സുകാര്‍ പരസ്യമായി ഇതിലപ്പുറം പറഞ്ഞിട്ടുണ്ടാവാം. പാര്‍ട്ടിയോഗങ്ങളില്‍ ചിലര്‍ ഇനിയൊന്നും പറയാന്‍ ബാക്കിവെച്ചിട്ടില്ലായിരിക്കാം. വേറെ ചിലരുടെ മൗനത്തിന് പത്ത് തെറിവിളിയേക്കാള്‍ മുഴക്കവും ആഴവുമുണ്ടാവാം. പക്ഷേ, മുന്നണിയിലെ സഹജീവി, മൗനം പാലിക്കണം. ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടില്‍ കുത്തിയിരിക്കണം. ‘നോം രക്ഷിപ്പോം’ എന്ന് അലറി അവര്‍ രാഹുലിനെയും സോണിയയെയും ന്യായീകരിക്കാനും പിന്തുണയ്ക്കാനും പാഞ്ഞുവരികയാണ് ശരിക്കും വേണ്ടത്. ഇ. അഹ്മദ് സാഹിബ് മന്ത്രിക്കുപ്പായവുമിട്ട് ഡല്‍ഹിക്ക് പറക്കുന്നില്ലെന്ന് വെച്ച് എന്തുമാവാമെന്നോ?

പറഞ്ഞതില്‍ കാര്യമുണ്ടോ എന്നതല്ല, പറയാന്‍ പാടുണ്ടോ എന്നതാണ് കാര്യം. കോണ്‍ഗ്രസ് 206 സീറ്റിന്റെ ബലത്തില്‍ കേന്ദ്രം ഭരിക്കുമ്പോള്‍ രണ്ട് സീറ്റിന്റെ ബലത്തില്‍ കാലം കുറേയായി കേന്ദ്രമന്ത്രിസ്ഥാനം കൈവശംവെക്കുന്ന പാര്‍ട്ടിയല്ലേ മുസ്ലിംലീഗ് ? രാഹുലിന്റെ വണ്‍മാന്‍ ഷോ കൊണ്ട് ഗുണമുണ്ടായില്ല, പരിചയസമ്പന്നരായ ഉയര്‍ന്നനേതാക്കള്‍ തഴയപ്പെട്ടു, ഒരു സംസ്ഥാനമന്ത്രിസഭയില്‍ ഒരു വകുപ്പെങ്കിലും കൈകാര്യം ചെയ്തിട്ടില്ലാത്ത രാഹുലിനെ മുന്നില്‍ നിര്‍ത്തിയത് ഗുണം ചെയ്തില്ല, കോണ്‍ഗ്രസ്സിന് ആകര്‍ഷകമായ ഒരു മുദ്രാവാക്യമുണ്ടായില്ല തുടങ്ങിയ നട്ടാല്‍ മുളയ്ക്കാത്ത എന്തെല്ലാം നുണകളാണ് അവര്

മുഖപ്രസംഗത്തില്‍ വെച്ചുകാച്ചിയത്. രണ്ടുതരം കോണ്‍ഗ്രസ്സുകാരേ കേരളത്തിലുള്ളൂ. ഇതെല്ലാം ആരും പറയാതെത്തന്നെ അറിയുന്നവര്‍, ആരുപറഞ്ഞാലും അറിയാത്തവര്‍. രണ്ടുകൂട്ടര്‍ക്കും ലീഗ് പത്രാധിപരുടെ ഉപദേശവും വിശകലനവും ഒട്ടും ആവശ്യമില്ല. പ്രതിപക്ഷക്കാര്‍ പറയുന്നത് സഹിക്കാം. കേരളത്തിലെ മുന്നണിയിലുള്ളവര്‍ പറയുക… ലീഗുപത്രം പറയുക… സഹിക്കില്ല സഹിക്കില്ല.

മുസ്ലിംലീഗ് പത്രത്തിലും കോണ്ഗ്രസ് പത്രത്തിലുമെല്ലാം ചിലപ്പോള്‍ സ്ഥലകാലബോധമില്ലാതെ പ്രൊഫഷണലിസത്തിന്റെ ഇളകിയാട്ടം നടക്കാറുണ്ട്. നല്ലമരുന്ന് കൊടുത്താല്‍ പെട്ടെന്ന് രോഗശമനമുണ്ടാവുന്ന രോഗമാണ്. എം.കെ. മുനീറിന് വാര്‍ത്താചാനലില്‍ വക്കം മൗലവി കളിക്കാം. പാര്‍ട്ടി മുഖപത്രത്തിന് അത് പറ്റില്ല. കോണ്‍ഗ്രസ് പത്രത്തില്‍ പണ്ട് സി.പി. ശ്രീധരനും സി.പി.എം. പ്രസിദ്ധീകരണത്തില്‍ തായാട്ട് ശങ്കരനും നോക്കിയിട്ട് നടന്നിട്ടില്ല. അതെല്ലാം നല്ല കാലാവസ്ഥയിലായിരുന്നു എന്നെങ്കിലും സമാധാനിക്കാം. തിരഞ്ഞെടുപ്പില്‍ തോറ്റ് ശുണ്ഠി പിടിച്ചുനടക്കുമ്പോഴാണോ മുന്നില്‍ നിന്ന് കോക്രി കാണിക്കുന്നത് ? തിരഞ്ഞെടുപ്പില്‍ തോറ്റ് ജീവന്മരണ ചക്രശ്വാസം വലിക്കുമ്പോഴാണോ അവന്റെ തുലഞ്ഞ പ്രൊഫഷണലിസം.

****

സീറ്റ് കിട്ടാത്തതുകൊണ്ട് മറുകണ്ടം ചാടി മറ്റേ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായ ആളെ പരനാറി എന്ന് അധിക്ഷേപിച്ചതിന്റെ ധര്‍മശാസ്ത്രപരവും പ്രത്യയശാസ്ത്രപരവും ഭാഷാപരവും ആയ വശങ്ങള്‍ നമ്മള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണല്ലോ. അങ്ങനെ വിളിച്ചത് ശരിയായി എന്ന് തന്നെയാണ് വിളിച്ച ആളുടെ ഉത്തമബോധ്യം. ഒരാള്‍ എന്താണോ അതാണ് ആ ആളെ വിളിക്കേണ്ടത്. അതാണ് സത്യസന്ധത എന്ന ന്യായത്തില്‍ കഴമ്പുണ്ട്. പണ്ടൊരു കക്ഷി കോടതിയില്‍ ചോദിച്ചതുപോലെ കേശവനെ മ്ലേച്ഛന്‍ എന്ന് വിളിക്കാന്‍ പാടില്ലെങ്കില്‍ ശരി, മ്ലേച്ഛനെ ഞാന്‍ കേശവന്‍ എന്ന് വിളിച്ചോളാം എന്ന നിലപാടും എടുക്കാം.

ഇതിന് ആകപ്പാടെ ഒരു കുഴപ്പമേ ഉള്ളൂ. നികൃഷ്ടജീവി, മ്ലേച്ഛന്‍, പരനാറി, ചെറ്റ എന്നീ ശ്രേഷ്ഠപദങ്ങളുപയോഗിച്ച് വിശേഷിപ്പിക്കുന്ന സംസ്‌കൃതചിത്തനെ മറ്റുള്ളവര്‍ക്കും ഇതേ പദങ്ങളുപയോഗിച്ച് വിശേഷിപ്പിക്കാം. ധൈര്യമുണ്ടെങ്കില്‍ വിശേഷിപ്പിക്കാം എന്നേ ഉദ്ദേശിച്ചുള്ളൂ. അവനവന്റെ ശരീരം അവനവനെ തന്നെ സൂക്ഷിക്കണം. സീറ്റ് കിട്ടാതെ മറുകണ്ടം ചാടുന്നത് നികൃഷ്ടമെങ്കില്‍, അര്‍ഹിക്കുന്ന സീറ്റ് മര്യാദയില്ലാതെ നിഷേധിച്ച് മൂലയിലാക്കി നശിപ്പിക്കാന്‍ ശ്രമിക്കുന്നതും നികൃഷ്ടംതന്നെ. രാഷ്ട്രീയത്തിലെ നികൃഷ്ടതകളുടെ ലിസ്റ്റുണ്ടാക്കിയാല്‍ പുസ്തകംതന്നെ നിറയ്ക്കാം.

പാര്‍ട്ടിപത്രം ഭാഷാപരമായി ഈ പ്രതിഭാസത്തെ വിശകലനം ചെയ്തിട്ടുണ്ട്. പൂങ്കാറ്റിനെക്കുറിച്ചും കുളിരരുവിയെക്കുറിച്ചും പൂനിലാവിനെക്കുറിച്ചുമുള്ള കവിത ആസ്വദിച്ചുപോന്ന വരേണ്യവര്‍ഗത്തിന് രക്തത്തെക്കുറിച്ചും രോഗത്തെക്കുറിച്ചും ചോരയെക്കുറിച്ചും പട്ടിണിയെക്കുറിച്ചും എഴുതുന്നത് സഹിക്കാതിരുന്നതുപോലെയാണത്രേ ഈ സംഭവവും.

വരേണ്യഅഭിജാതവര്‍ഗത്തിന്റെ ഭാഷയല്ല തൊഴിലാളിവര്‍ഗത്തിന്റെ ഭാഷ. അലക്കിത്തേച്ച, മിനുക്കി വെടിപ്പാക്കിയ ഭാഷ ഉപയോഗിക്കുന്നത് കാപട്യം. നെറികേട് കാട്ടുന്നത് കുഴപ്പമല്ല, നെറികേടിനെ വിമര്‍ശിക്കുന്നതിന് ആഭിജാത്യമുള്ള ഭാഷ ഉപയോഗിക്കാത്തതാണോ കുഴപ്പം തുടങ്ങിയ അനേകം പ്രസക്തവാദങ്ങള്‍ മുഖപ്രസംഗം ഉള്‍ക്കൊള്ളുന്നുണ്ട്.

പാര്‍ട്ടിയിലെ പ്രത്യയശാസ്ത്രവിവാദകാലത്ത് പണ്ട് എം.എന്. വിജയന്‍, കേള്‍പ്പിക്കാന്‍ പറയേണ്ട ഭാഷയെക്കുറിച്ച് പറഞ്ഞിരുന്നു. അതുപക്ഷേ, സി.പി.എം.നേതൃത്വത്തെ കേള്‍പ്പിക്കാന്‍ പറഞ്ഞ ഭാഷയെ ന്യായീകരിച്ചായിരുന്നു എന്നൊരു കുഴപ്പമുണ്ട്. അതുകൊണ്ട് ഈ സന്ദര്‍ഭത്തില്‍ അതോര്‍ക്കുകയോ ഉദ്ധരിക്കുകയോ ചെയ്യാന്‍ പാടില്ല. മറ്റൊരു വിവാദം ചില മ്ലേച്ഛന്മാര് കുത്തിപ്പൊക്കുന്നുണ്ട്.

പാര്‍ട്ടി സെക്രട്ടറി നടത്തിയ ചെറ്റ പരാമര്‍ശം തൊഴിലാളിവര്‍ഗവിരുദ്ധമാണെന്നാണ് ചിലരുടെ വിമര്‍ശനം. ചെറ്റക്കുടിലെന്നും ചെറ്റപ്പുരയെന്നും പറയുന്നത് അന്യവര്‍ഗ പ്രയോഗമാണ് എന്ന വാദം ശരിയാവാം. പക്ഷേ, അതിന് മാര്‍ക്‌സിസിസ്റ്റുകാരെ കുറ്റപ്പെടുത്തിക്കൂടാ. ഫ്യൂഡല്‍ മുതലാളിത്ത മിക്‌സഡ് ഇക്കോണമിയില്‍ ജീവിക്കുമ്പോള്‍ അതിന്റെ ദോഷങ്ങള്‍ തൊഴിലാളിവര്‍ഗത്തിലും എത്തുമെന്ന് തിയറിയില്‍ പറയുന്നുണ്ട്. തൊഴിലാളിവര്‍ഗത്തിലെത്തുന്നത് വര്‍ഗനേതാവിലും എത്തും. സംശല്യ.

ഇങ്ങനെയൊക്കെയാണെങ്കിലും പത്രത്തില്‍ മുഖപ്രസംഗമെഴുതാന്‍ എല്ലാവര്‍ക്കും വരേണ്യഅഭിജാതവര്‍ഗത്തിന്റെ ഭാഷ തന്നെ വേണം. അതിന് തൊഴിലാളിവര്‍ഗപത്രം, കുത്തകപ്പത്രം എന്ന വ്യത്യാസമില്ല. ഇത് മാറണം.

ചെറ്റ, പരനാറി തുടങ്ങിയ പ്രയോഗങ്ങളുടെ നൂറുമടങ്ങ് വീര്യമുള്ള പ്രയോഗങ്ങള്‍ എട്ടുകോളം ഹെഡ്ഡിങ്ങുകളില്‍ തൊഴിലാളിവര്‍ഗപത്രത്തില്‍ നിറയണം. പ്രേമചന്ദ്രനെക്കുറിച്ച് പറഞ്ഞതിന്റെ ഇരട്ടി ശക്തിയില്‍ വേണം നരേന്ദ്രമോദി, രാഹുല്‍ഗാന്ധി, സോണിയാഗാന്ധി തുടങ്ങിയ………..കളെ വിശേഷിപ്പിക്കാന്‍. ഞെട്ടിത്തെറിക്കട്ടെ അഭിജാതവര്‍ഗം.

2 thoughts on “തോല്‍വിയെക്കുറിച്ച് മിണ്ടരുത്‌

  1. "സഖാവ് XXX ചത്തു. കത്തിക്കണോ കുഴിച്ചിടണോ എന്ന് പോളിറ്റ് ബ്യൂ റോ തീരുമാനിക്കും."
    പാർടി നോട്ടീസ് ഇങ്ങനെയാവുമോ, ആവോ?

  2. "സഖാവ് XXX ചത്തു. കത്തിക്കണോ കുഴിച്ചിടണോ എന്ന് പോളിറ്റ് ബ്യൂ റോ തീരുമാനിക്കും."
    പാർടി നോട്ടീസ് ഇങ്ങനെയാവുമോ, ആവോ?

Leave a Reply

Your email address will not be published. Required fields are marked *

Go Top