കെ.എം.റോയ്- എന്നും ജ്വലിച്ച തീപ്പന്തം

എൻ.പി.രാജേന്ദ്രൻ

വംശനാശം സംഭവിച്ച  കെ.എസ്.പി.ക്കാരനാണ് താന്‍ എന്ന് രാഷ്ട്രീയവിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ചിലപ്പോഴെല്ലാം കെ.എം.റോയ് പറയാറുണ്ട്. വിപ്ലവകരവും പൊതുസമൂഹത്തിന് അസ്വീകാര്യവുമായ ഏറെ ആശയങ്ങള്‍ ഉയര്‍ത്തിച്ചിടിച്ച മത്തായി മാഞ്ഞൂരാന്റെ അനുയായികളില്‍ അവശേഷിക്കുന്ന അപൂര്‍വരില്‍ ഒരാളായതു കൊണ്ടാണ് റോയ് അങ്ങനെ പറയുന്നത്. സ്വതന്ത്രകേരളം എന്ന ആശയം അത്രമോശം സംഗതിയൊന്നുമല്ല എന്ന് റോയ് കുറച്ചുകാലം മുമ്പും പ്രസംഗിക്കുന്നത് കേട്ടിട്ടുണ്ട്. എന്നാല്‍ വംശനാശം വന്ന കേരള സോഷ്യലിസ്റ്റ് പാര്‍ട്ടിക്കാരന്‍ എന്നതിലേറെ വംശനാശം വന്നുകൊണ്ടിരിക്കുന്ന മറ്റൊരു വര്‍ഗത്തിന്റെ പ്രതിനിധിയാണ് റോയിച്ചേട്ടന്‍- ആദര്‍ശങ്ങള്‍ ഇപ്പോഴും കൈയ്യൊഴിയാത്ത അപൂര്‍വം പത്രപ്രവര്‍ത്തകരുടെ പ്രതിനിധി.

പ്രൊഫഷനല്‍ പത്രപ്രവര്‍ത്തനത്തിന്റെ ഇക്കാലത്തും കക്ഷിരാഷ്ട്രീയത്തിന്റെ അല്പത്തങ്ങള്‍ തലയില്‍ കൊണ്ടുനടക്കുന്നവര്‍ ധാരാളമുണ്ടെങ്കിലും ആദര്‍ശരാഷ്ട്രീയത്തിന്റെ അഗ്നി മനസ്സില്‍ സൂക്ഷിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ അത്യപൂര്‍വമാണ്. കോളേജ് വിദ്യാര്‍ഥിയായിരുന്ന കാലത്തെ ചിന്തയെയും പ്രവര്‍ത്തിയെയും ജ്വലിപ്പിച്ച മൂല്യങ്ങള്‍ അന്ത്യം വരെ ഓരോ ചലനത്തിലും കൊണ്ടുനടന്ന അനുകരണസാധ്യമല്ലാത്ത വ്യക്തിത്വമാണ്്് കെ.എം.റോയിയുടേത്. പത്താം തരത്തില്‍ മറ്റെല്ലാ വിഷയത്തിലും പാസ്സായി മലയാളത്തില്‍ തോറ്റതിന്റെ വാശി തീര്‍ക്കാന്‍ തുടങ്ങിയ വായനയാണ് തന്നെ ബി.എ.ക്ക് പഠിക്കുമ്പോഴേക്ക് കെ.ബാലകൃഷ്ണന്റെ കൗമുദിയില്‍ ലേഖനമെഴുതാന്‍ പ്രാപ്തനാക്കിയതെന്ന് അദ്ദേഹം പറയാറുണ്ട്. എം.എ കഴിഞ്ഞപ്പോള്‍ ഏത് സര്‍ക്കാര്‍ ഉഉദ്യോഗത്തിനും പോകാമായിരുന്നിട്ടും അദ്ദേഹം ചേര്‍ന്നത് കൊച്ചിയിലെ ‘കേരളപ്രകാശം’  പത്രത്തിലായിരുന്നു. ഇംഗ്‌ളീഷിലും മലയാളത്തിലും ഒരുപോലെ തുളച്ചുകയറുംവിധം എഴുതുമായിരുന്ന മത്തായി മാഞ്ഞൂരാന്‍ അന്നവിടെ പത്രപ്രവര്‍ത്തകനാണ്. റോയ് മാഞ്ഞൂരാന്റെ ആരാധകനും ശിഷ്യനുമായി. ‘കേരളപ്രകാശ’ത്തില്‍ നിന്ന് മാറിയത് കോട്ടയത്തെ ‘ദേശബന്ധു’വിലേക്ക്. അന്നവിടെ സഹപ്രവര്‍ത്തകരില്‍ ഒരാള്‍ സര്‍ സി.പി.യെ വെട്ടി നാടുകടത്തിച്ച കെ.സി.എസ്.മണി ആയിരുന്നു. പിന്നീട് കേരളഭൂഷണത്തില്‍- അവിടെ സി.എന്‍.ശ്രീകണ്ഠന്‍നായരുമായി കൂട്ടുകെട്ട്. റോയ് പത്രങ്ങളില്‍ നിന്ന് പത്രങ്ങളിലേക്കും കൊടുങ്കാറ്റുകളില്‍ നിന്ന് കൊടുങ്കാറ്റുകളിലേക്കും മാറിക്കൊണ്ടിരുന്നു.

മലയാള പത്രപ്രവര്‍ത്തന രംഗത്ത് ഒരു സമയം പ്രൊഫഷനലിസത്തിന്റെയും  ട്രേഡ് യൂണിയന്റെയും നാമ്പുകള്‍ മുളപ്പിച്ചവരില്‍ റോയ് മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. പത്രപ്രവര്‍ത്തകയൂണിയന്‍ ടി.വേണുഗോപാലിനും വി.കെ.ബി. – ടി.കെ.ജി.മാര്‍ക്കും സി.വി.പാപ്പച്ചനും  എന്‍.വി.പൈലിക്കുമെല്ലാമൊപ്പം 1976ല്‍ സംസ്ഥാനത്ത് മുന്നിടത്ത് – അമ്പലമേട്ടിലും ഫറോക്കിലും ചരല്‍ക്കുന്നിലും – ഒരേ ടീം ചെന്ന് മാധ്യമശില്പശാല നടത്തിയപ്പോള്‍ മുഖ്യസംഘാടകരില്‍ ഒരാള്‍ കെ.എം.റോയ് ആയിരുന്നു എന്ന് ടി.വേണുഗോപാല്‍ എഴുതിയിട്ടുണ്ട്. അതിനുശേഷം നാലുപതിറ്റാണ്ടാവാറായിട്ടും ഇന്നും മാധ്യമസെമിനാര്‍ എന്നും ശില്പശാല എന്നും പറഞ്ഞാല്‍ റോയ് മുടക്കം പറയാറില്ല. ഈയിടെ പ്രസ് അക്കാദമി ചെന്നൈയില്‍ ദേശീയ സെമിനാറും തലശ്ശേരിയില്‍ ഗുണ്ടര്‍ട്ട് ബൈസെന്റിനറിയും നടത്തിയപ്പോള്‍ ഈ ലേഖകന്‍ പ്രസംഗിക്കാന്‍ ആദ്യം വിളിച്ചവരില്‍ ഒരാള്‍ റോയ് ആയിരുന്നു. എവിടെച്ചെന്നാലും കൈയ്യടിക്ക് വേണ്ടി അദ്ദേഹമൊന്നും പറയാറില്ല. പുരോഗമനവാദിയാണെന്ന് അഭിനയിക്കാനും അദ്ദേഹം മെനക്കെടാറില്ല. എത്ര അപ്രിയമായ ആശയമായാലും ആരുടെയും മുഖത്ത് നോക്കി പറയാനും അത്യുച്ചത്തില്‍ അതിനെകുറിച്ച് തര്‍ക്കത്തിലേര്‍പ്പെടാനും മടിക്കാറില്ല.

മിനിമം വേതനം പോലും ഇല്ലാതെ പത്രപ്രവര്‍ത്തകര്‍ ജോലിയെടുക്കുകയും ജീവിതാവസാനം  അന്നന്നത്തെ അന്നത്തിന് യാചിക്കുകയും ചെയ്യുന്ന ഒരു കാലംപോലും കേരളത്തിലുണ്ടായിരുന്നു എന്നദ്ദേഹം ഞങ്ങളെ ഓര്‍മിപ്പിക്കാറുണ്ട്. റോയിയുടെ യൂണിയന്‍ പ്രവര്‍ത്തനം എപ്പോഴും ഈ നില മാറ്റാന്‍ വേണ്ടിയുള്ളതായിരുന്നു. ഇന്ന് പത്രപ്രവര്‍ത്തകര്‍ അനുഭവിക്കുന്ന പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളുടെയും പിന്നില്‍ അദ്ദേഹത്തെപ്പോലുള്ള നിരവധി പേരുടെ പരിശ്രമവും ത്യാഗവുമുണ്ട്. യൂണിയന്‍ പ്രവര്‍ത്തനത്തിന് വേണ്ടി അദ്ദേഹം പല വലിയ  സ്ഥാപനങ്ങളിലെയും ജോലി ഉപേക്ഷിച്ചിട്ടുണ്ട്. പക്ഷെ, തളര്‍ന്നിട്ടില്ല. രാഷ്ട്രീയത്തില്‍ ഇറങ്ങിയിരുന്നെങ്കില്‍ ഉയരങ്ങളിലേക്ക് പാഞ്ഞുകയറാന്‍ അദ്ദേഹത്തിന് എളുപ്പം കഴിയുമായിരുന്നു. അതൊന്നും അദ്ദേഹത്തെ ആകര്‍ഷിച്ചില്ല. യൂണിയനില്‍ പലരുമായും പിണങ്ങുകയും എതിര്‍ക്കുകയും പൊരുതുകയുമെല്ലാം ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹം എന്തെങ്കിലും സ്വാര്‍ത്ഥലക്ഷ്യത്തിനോ സ്ഥാനലബ്ധിക്കോ വേണ്ടി ഒരു വാക്കെങ്കിലും പറഞ്ഞതായി ആരും കേട്ടിട്ടില്ല. 1988-91 കാലത്ത് യൂണിയന്‍ പ്രതിനിധിയായി കേരള പ്രസ് അക്കാദമി വൈസ് ചെയര്‍മാനായിരുന്ന അദ്ദേഹത്തിന് എന്നുവേണമെങ്കിലും ചെയര്‍മാനാകാമായിരുന്നു. അതിന് അദ്ദേഹം മെനക്കെട്ടില്ല. ഒടുവില്‍ ആയത് വെറും ജനറല്‍ കൗണ്‍സില്‍ അംഗം. റോയിയോട് ചോദിച്ചിട്ടുതന്നെയാണോ അദ്ദേഹത്തെ നോമിനേറ്റ് ചെയ്തത് എന്ന് അന്ന് മന്ത്രി കെ.സി.ജോസഫിനോട് ചൊദിച്ചപ്പോള്‍ പറഞ്ഞത്, ‘ഇല്ല ചോദിച്ചാല്‍ അദ്ദേഹം സമ്മതിക്കില്ല’ എന്നാണ്.

ദേശീയ പത്രപ്രവര്‍ത്തകസംഘടനയായ ഐ.എഫ്.ഡബ്‌ള്യൂ.ജെ.യുടെ ആദ്യത്തെ മലയാളി സിക്രട്ടറി ജനറല്‍ ആയിരുന്നു അദ്ദേഹം-1988-91 കാലത്ത്. 1975ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ദേശീയ എക്‌സിക്യൂട്ടീവും സമ്മേളനവും വിളിച്ച് ചേര്‍ത്ത് അതിന് പിന്തുണ പ്രഖ്യാപിക്കാന്‍ നടത്തിയ ശ്രമം ചെറുത്തുതോല്പ്പിച്ചത് കേരളത്തില്‍ നിന്നുള്ള പ്രവര്‍ത്തകരായിരുന്നു. കെ.എം.റോയ്  അതില്‍ നേതൃത്വപരമായ പങ്കുതന്നെ വഹിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടറായിരുന്നപ്പോഴും പത്രങ്ങള്‍ മാറിമാറി മംഗളം ജനറല്‍ എഡിറ്റര്‍ സ്ഥാനം വരെ എത്തിയപ്പോഴുമെല്ലാം തത്ത്വങ്ങളില്‍ നിന്നും മാധ്യമധാര്‍മികതയില്‍  നിന്ന് വഴിതെറ്റി നടക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ഐ.എസ്.ആര്‍. ഓ ചാരക്കേസ് പത്രങ്ങളെല്ലാം പൊലിപ്പിച്ചപ്പോള്‍ അതില്‍ ചാരപ്പണിയൊന്നും ഇല്ലെന്ന് എഴുതാന്‍ ധൈര്യം കാട്ടിയ അപൂര്‍വം പത്രപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു അദ്ദേഹം. ഏറെ ട്രേഡ് യൂണിയന്‍ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുമ്പോഴും അദ്ദേഹത്തിന് ഒരിക്കലും തന്റെ മേഖല അതാണ് എന്ന് തോന്നിയിട്ടില്ല. പത്രപ്രവര്‍ത്തനവും എഴുത്തും മാറ്റിവെച്ചുകൊണ്ടുള്ള പ്രവര്‍ത്തനത്തിന് പോയിട്ടില്ല. ശ്രദ്ധേയമായ ഏറെ സ്‌കൂപ്പുകളും റിപ്പോര്‍ട്ടുകളും അദ്ദേഹത്തിന്റേതായുണ്ട്. ഇംഗ്‌ളീഷിലും മലയാളത്തിലും ഒരു പോലെ മനോഹരമായി എഴുതിയിരുന്നു അദ്ദേഹം. കേരളത്തിനകത്തും പുറത്തുമായി നാല് പ്രസിദ്ധീകരണങ്ങളില്‍ സ്ഥിരം പംക്തികാരനായി തന്റെ നീതിശാസ്ത്രം ജനങ്ങളില്‍ എത്തിച്ചിരുന്നു റോയ്.

ജീവിതത്തോടുള്ള പ്രസന്നാത്മകമായ അദ്ദേഹത്തിന്റെ സമീപനം ഒപ്പമുള്ളവരിലേക്കും പ്രസരിക്കുമായിരുന്നു. ആരെക്കുറിച്ചും കുറ്റവും കുറവും പറയാറില്ല. വിരോധവും പ്രതികാരവും പ്രകടിപ്പിക്കാറില്ല. തുറന്നെതിര്‍ക്കുമ്പോഴും മോശമായ ഒരു വാക്ക് പറയാറില്ല.  പ്രസ്  അക്കാദമിയിലേക്ക് ഒരു യുവാവിനെപ്പോലെ അദ്ദേഹം പാഞ്ഞുകയറുന്നത് കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. തിരിച്ചുപോകുമ്പോള്‍, ‘വണ്ടി എടുത്തോളൂ’ എന്ന് പറഞ്ഞപ്പോള്‍  ‘തന്റെ വണ്ടിയൊന്നും വേണ്ട’ എന്ന് പറഞ്ഞ് ഓട്ടോറിക്ഷക്ക് പിറകെ പോകുന്നതും കണ്ടിട്ടുണ്ട്. കെ.എ.ബീനയും ഗീതാബക്ഷിയും , ഡേറ്റ് ലൈന്‍ എന്ന പുസ്തകത്തിന് വേണ്ടി ഇന്റര്‍വ്യൂ ചെയ്തപ്പോള്‍ അദ്ദേഹം പറഞ്ഞു. ‘ ജീവിതത്തില്‍ പൂര്‍ണ സംതൃപ്തി അനുഭവിക്കുന്ന ആളാണ് ഞാന്‍. ഒരുപാട് സുഹൃത്തുക്കളും സന്തോഷങ്ങളുമൊക്കെയായി ഞാനിങ്ങനെ കഴിഞ്ഞുപോകുന്നു’

Leave a Reply

Your email address will not be published. Required fields are marked *

Go Top