കോടതിയലക്ഷ്യനിയമം ചിലകൂട്ടര് നിരന്തരം ലംഘിക്കുന്നത് സി.പി.എമ്മിന് ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ല. ആ നിയമത്തോട് പാര്‍ട്ടിക്ക് സിദ്ധാന്തപരമായ എതിര്‍പ്പുണ്ടെന്നത് ശരി. ബൂര്‍ഷ്വാ കോടതിയെക്കുറിച്ചുതന്നെ മതിപ്പ് കുറവാണ്. പക്ഷേ, ശുംഭന്മാരോടൊന്നും ബഹുമാനക്കുറവ് കാട്ടാറില്ല. കോടതിയലക്ഷ്യനിയമത്തെ പല്ലും നഖവും ഉപയോഗിച്ച് പിച്ചിച്ചീന്തും. അത് വേറേക്കാര്യം. ആ നിയമം ലംഘിച്ചെന്നുപറഞ്ഞ് പണ്ട് സഖാവ് ഇ.എം.എസ്സിനെ ശിക്ഷിച്ച കാര്യം മറക്കില്ല പാര്‍ട്ടി. കോടതിക്കും വര്ഗസ്വഭാവമുണ്ടെന്ന് പറഞ്ഞതിനാണ് ശിക്ഷിച്ചത്. കോടതിയലക്ഷ്യനിയമം എത്ര മോശം നിയമമായാലും ശരി ഇപ്പോഴത് പാര്‍ട്ടിക്ക് ആവശ്യമുള്ള നിയമമാണ്. പാര്‍ട്ടിയെ പിച്ചിച്ചീന്താന്‍ വരുന്ന മാധ്യമക്കാരെ നേരിടാന്‍ വേറേ ആയുധമൊന്നും കാണുന്നില്ല. ഏത് പിശാചിനെ എപ്പോഴാണ് കൂട്ടുപിടിക്കേണ്ടിവരിക എന്ന് പറയാനാവില്ല.
അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുന്ന നിയമമാണെന്നതുകൊണ്ടാണ് പാര്‍ട്ടി കോടതിയലക്ഷ്യനിയമത്തെ എതിര്‍ത്തുപോന്നത്. അഭിപ്രായസ്വാതന്ത്ര്യം കൊണ്ട് ജീവിച്ചുപോരുന്ന വിഭാഗമായതുകൊണ്ട് പത്രക്കാര്‍ക്കും പൊതുവേ ഈ നിയമത്തോട് വലിയ കൂറില്ല. കോടതിയലക്ഷ്യം തടയുന്നതിനേക്കാള്‍ പ്രധാനം മാധ്യമസ്വാതന്ത്ര്യംതന്നെ എന്നാണ് പാര്‍ട്ടിയും പത്രക്കാരും പൊതുവേ പറയാറുള്ളത്. എന്നിട്ട് എന്താണിപ്പോള്‍ സംഭവിച്ചത്? മാധ്യമങ്ങളുടെ തലയ്ക്കടിക്കാന്‍ സി.പി.എം. കോടതിയലക്ഷ്യത്തിന്റെ ഇരുമ്പുദണ്ഡ് പുറത്തെടുത്തിരിക്കുന്നു. ജീവനില്‍ കൊതിയുള്ള മാധ്യമക്കാര്‍ക്ക് മണ്ടിപ്പാഞ്ഞ് വല്ല കുണ്ടിലോ കുഴിയിലോ ഒളിക്കാം.
സി.പി.എം. ഇത്രയും പ്രകോപിതമാകാന്‍ എന്താണ് സംഭവിച്ചതെന്നോ? ഒഞ്ചിയത്തേത് രാജ്യത്തുനടന്ന ആദ്യ രാഷ്ട്രീയക്കൊലപാതകമാണെന്ന മട്ടില്‍ മാധ്യമങ്ങള്‍ മാസമൊന്നായി പാര്‍ട്ടിയെ കടന്നാക്രമിക്കുകയാണ്. കൊന്നത് പാര്‍ട്ടിക്കാരാണെന്നാണ് പോലീസും മാധ്യമക്കാരും പറയുന്നത്. ആരാണ് കൊന്നതെന്ന് പാര്‍ട്ടിക്ക് അറിയില്ല. പാര്‍ട്ടിക്കാരല്ല എന്നറിയാം. അതെങ്ങനെയെന്ന് ചോദിക്കരുത്. അഹിംസാധിഷ്ഠിത ഗാന്ധിയന്‍ പാര്‍ട്ടിയാണ് നമ്മുടേത്. ആരെയും കൊല്ലില്ല. അപൂര്‍വമായി ചിലപ്പോള്‍ വണ്‍, ടു, ത്രീ എന്നിങ്ങനെ കൊല്ലാറുണ്ടെന്നത് വേറേക്കാര്യം. ഒഞ്ചിയത്തെ കൊല നടത്തിയത് പാര്‍ട്ടിയല്ല. കൊലയുടെ പേരില്‍ പിടികൂടപ്പെടുന്നവര്‍ പാര്‍ട്ടിക്കാരല്ല. പാര്‍ട്ടിക്കാരാണെങ്കില്‍ അവര്‍ കൊലയാളികളല്ല. അവര്‍ പോലീസ് ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിച്ചിട്ടില്ല. സമ്മതിച്ചിട്ടുണ്ടെങ്കില്തന്നെ അടിച്ച് സമ്മതിപ്പിച്ചതാണ്. അതിനാല്‍ അവര്‍ നല്കിയ മൊഴിയൊന്നും നിയമപരമായി ബലമുള്ളതല്ല. ആ മൊഴിയൊന്നും പോലീസുകാര്‍ പത്രക്കാര്‍ക്ക് ചോര്‍ത്തിക്കൊടുക്കാന്‍ പാടില്ല. കൊടുത്താല്‍തന്നെ അതൊന്നും പത്രക്കാര് പ്രസിദ്ധപ്പെടുത്താന്‍ പാടില്ല. പ്രസിദ്ധപ്പെടുത്തിയാല്തന്നെ ആരും അത് വിശ്വസിക്കാന്‍ പാടില്ല. ഇതാണ് പാര്‍ട്ടിനയം. ആരാണ് കുറ്റവാളി, ആരെയാണ് പിടിക്കേണ്ടത്, ആരാണ് കോടതിയലക്ഷ്യം നടത്തുന്നത് എന്നെല്ലാം പാര്‍ട്ടിക്കറിയാം; പാര്ട്ടിക്കോടതിക്കറിയാം. ക്ലിയര്‍ അല്ലേ?
പോലീസ് കൊടുക്കുന്ന കഥയാണ് പത്രക്കാര് എഴുതുന്നതെന്നതാണ് സി.പി.എമ്മിന്റെ വലിയ പരാതി. ഏതുകേസിലാണ് അങ്ങനെയല്ലാത്തത്? വാചകമടി കുറേ ഉണ്ടാവുമെങ്കിലും കേസുകളില്‍ സ്വന്തമായി അന്വേഷണം നടത്താനൊന്നും പത്രക്കാര്‍ക്ക് ആംപിയര്‍ പോര. നല്ല കഥപറയുന്ന ഉദ്യോഗസ്ഥനെ കണ്ടുപിടിക്കുക, പറഞ്ഞ കഥ വൃത്തിയായി എഴുതുക എന്നതാണ് പത്രപ്രവര്‍ത്തനം. കേസിലെ പ്രതി കുറ്റം സമ്മതിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥന് രഹസ്യമായി പറഞ്ഞാല്‍, പ്രതിയോട് ചോദിച്ചേ റിപ്പോര്‍ട്ട് കൊടുക്കൂ എന്ന് വാശിപിടിക്കാനൊന്നും സാധ്യമല്ല. സത്യമേ പത്രക്കാരോട് പറയൂ എന്ന ദുര്‍വാശിയൊന്നും നമ്മുടെ നാട്ടിലെന്നല്ല, ഒരു നാട്ടിലും പോലീസുകാര്‍ക്കില്ല. സത്യമേ എഴുതൂ എന്ന വാശി പത്രക്കാര്ക്കുമില്ല. ഭരിക്കുന്നത് ഇടതുപക്ഷവും കൊലക്കേസില്‍ പിടിയിലാകുന്നത് കോണ്‍ഗ്രസ്സുകാരും ആണെങ്കിലും പോലീസ് കൊടുക്കുന്ന കഥയേ പത്രങ്ങള്‍ കൊടുക്കൂ.
പോലീസുകാര്‍ പറഞ്ഞത് അപ്പടി പ്രസിദ്ധപ്പെടുത്തുന്നതിലാണ് പിണറായി വിജയന്റെ പാര്‍ട്ടിക്ക് പത്രങ്ങളോടുള്ള പരിഭവം. കുറച്ചുകൊല്ലംമുമ്പ് പിണറായിക്ക് ഇതില്‍ കൂടുതല്‍ പരിഭവം തോന്നിയത് മുത്തൂറ്റ് കൊലക്കേസില്‍ പോലീസ് പറഞ്ഞതൊന്നും പത്രക്കാര് കൊടുക്കാഞ്ഞതിനാലാണ്. പോലീസ് പറയുന്നത് വിശ്വസിക്കാതെ പത്രക്കാര് സ്വന്തം അന്വേഷണം നടത്തി. നമ്മുടെ പാര്‍ട്ടി ഭരിക്കുമ്പോഴത്തെ പോലീസല്ല മറ്റവന്മാര് ഭരിക്കുന്ന കാലത്തെ പോലീസ് എന്ന് മനസ്സിലാക്കാനുള്ള വിവരമൊന്നും പത്രക്കാര്ക്കില്ലാതെപോയി.
ചന്ദ്രശേഖരന്‍കേസില്‍ സി.പി.എമ്മിന് പരിഭവം തോന്നാനിടയാക്കിയ പല ഘടകങ്ങളുമുണ്ട്. അന്വേഷണത്തിന്റെ പോക്ക് നേരായ വഴിക്കല്ലെന്നതുപ്രധാനം. പോലീസിന് അന്വേഷിക്കാന്‍ പലതുമ്പും കൊടുത്തിട്ടും അതെല്ലാം അവഗണിക്കപ്പെട്ടു. കൊന്നവര്‍ വന്ന കാറിന്മേല് അറബിവാക്കുകള്‍ ഉണ്ടായിട്ടും ഒരു അറബിയെപ്പോലും പോലീസ് ചോദ്യം ചെയ്തില്ല! പോട്ടെ, ഒഞ്ചിയം ഭൂമിശാസ്ത്രപരമായി കോഴിക്കോട് പരിധിയില്‍പെട്ട സ്ഥലമല്ലേ ? എന്നിട്ടെന്തിന് നിരപരാധികളും നിഷ്കളങ്കരുമായ കൂത്തുപറമ്പ്, പാനൂര്‍, തലശ്ശേരി, അഞ്ചരക്കണ്ടി, ചെറ്റക്കണ്ടി, കോടിയേരി, പിണറായി പ്രദേശത്തുകാരെ പിടികൂടി ചോദ്യംചെയ്യുന്നു? ലോക്കല്‍ സെക്രട്ടറിയെ ചോദ്യംചെയ്തത് മനസ്സിലാക്കാം, ഓഫീസ് സെക്രട്ടറിയെ പിടികൂടി ക്വസ്റ്റ്യന്ചെയ്യാമോ ?
പോലീസ് സ്വമേധയാ പ്രതികളെ പിടികൂടുന്ന രീതിതന്നെ പാര്‍ട്ടി വിഭാവനംചെയ്യുന്ന ജനാധിപത്യത്തിന്റെ തത്ത്വങ്ങള്‍ക്കെതിരാണ്. കണ്ണൂര്‍ ജില്ലയിലെ വിമോചിതപ്രദേശങ്ങളില് ചില ചിട്ടകള്‍ നിലനില്‍ക്കുന്നുണ്ട്. വഴിയില്‍ക്കാണുന്ന പാര്‍ട്ടിക്കാരെ പിടിച്ചുകൊണ്ടുപോവുക, സ്റ്റേഷനില്‍ കസേരയിലിരുത്തുക, ചായ വാങ്ങിക്കൊടുക്കുക തുടങ്ങിയ നടപടികള്‍ സ്വീകരിക്കുന്നതിനെ പാര്‍ട്ടി എതിര്‍ക്കാറില്ല. അത് വാര്ത്തയാക്കുന്നതിലുമില്ല വിരോധം. ഒന്നുരണ്ടാഴ്ച കഴിഞ്ഞ് എല്ലാം ശാന്തമായാല്‍ സ്ഥലം എസ്.ഐ.ക്കോ സി.ഐ.ക്കോ ലോക്കല്‍ സെക്രട്ടറിയെക്കണ്ട് പത്ത് പ്രതികളെ വിട്ടുതരണം എന്നൊരു അപേക്ഷ വാക്കാല്‍ സമര്‍പ്പിക്കാവുന്നതാണ്. പാര്‍ട്ടി പതിനൊന്നുപേരെ വിട്ടുകൊടുക്കും. അത്ര ക്ലീന്‍ പാര്‍ട്ടിയാണ്. കാലക്രമേണ കോടതിയില്‍ വിചാരണ നടത്തി തെളിവുകളെല്ലാം ഇല്ലാതാക്കി പ്രതികളെ വെറുതെ വിടാവുന്നതേ ഉള്ളൂ. പ്രതികള്‍ക്ക് സെന്‍ട്രല്‍ ജയിലില്‍ യോഗാഭ്യാസമോ ചിത്രരചനയോ കവിതാരചനയോ നടത്തി കാലംകഴിക്കാം. ക്രമസമാധാനപാലനത്തില്‍ പോലീസുമായി പാര്‍ട്ടി ഇത്രയേറെ സഹകരിക്കുന്ന ഒരു സമ്പ്രദായം ചൈനയിലോ ക്യൂബയില്പോലുമോ ഇല്ല.
ചോദ്യംചെയ്തപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ എന്നമട്ടില്‍ വാര്‍ത്താപരമ്പരകള്‍ പത്രത്തില്‍ വരുന്നു. പാര്‍ട്ടി അതിനെതിരെയാണ് കോടതിയില്‍ പോയിട്ടുള്ളത്. ഇങ്ങനെ പണ്ടൊന്നും ഉണ്ടായിട്ടില്ലേ, അന്നൊന്നും പാര്‍ട്ടിയെന്തേ കോടതിയില്‍ പോയില്ല എന്ന് ചോദിക്കുന്നവരുണ്ട്. എല്ലാവരുടെയും വക്കാലത്തൊന്നും പാര്‍ട്ടി ഏറ്റെടുത്തിട്ടില്ല. അടിയന്തരാവസ്ഥയിലെ രാജന് കേസിന്റെയും മറ്റനേകം കേസുകളുടെയും ആദ്യ വിചാരണ പത്രങ്ങളിലാണ് നടന്നത്. എന്തേ പോലീസുകാര്‍ക്ക് കോടതിയില്‍പ്പോയി മാധ്യമങ്ങള്‍ക്കെതിരെ വിധി സമ്പാദിച്ചുകൂടായിരുന്നോ ? കുഞ്ഞാലിക്കുട്ടി-റജീന കേസിന്റെ വിവരങ്ങള്‍ പ്രസ്ക്ലബ്ബുകളിലാണ് പൊട്ടിത്തെറിച്ചുകൊണ്ടിരുന്നത്. എന്തേ കുഞ്ഞാലിക്കുട്ടിക്ക് കോടതിയില്‍പ്പോയി പത്രക്കാരെ തടഞ്ഞുകൂടായിരുന്നോ? ശരിതന്നെ. പക്ഷേ, അവരൊന്നും അങ്ങനെ ചെയ്യാതിരുന്നത് സി.പി.എം. ചെയ്യാതിരിക്കാനുള്ള ന്യായമല്ലല്ലോ.
കോടതിയിലുള്ള കേസിനെക്കുറിച്ച് പരസ്യമായി അഭിപ്രായം പറയുന്നതും പത്രത്തിലെഴുതുന്നതും കോടതിയലക്ഷ്യത്തിന്റെ വകുപ്പില്‍പ്പെടുന്ന കുറ്റമാണ്. അങ്ങനെ നോക്കിയാല്‍ ഈ ലേഖനമെഴുത്തും ചാനല്‍ ചര്‍ച്ചകളുമെല്ലാം കുറ്റകൃത്യമാണ്, ക്രിമിനല്‍ കോടതിയലക്ഷ്യമാണ്. ചതിക്കരുതേ….