ബാബ്‌റി മസ്ജിദ് തകര്‍ത്തിട്ട് വര്‍ഷം പതിനേഴായി. ആ സംഭവത്തെക്കുറിച്ചുള്ള ജുഡീഷ്യല്‍ അന്വേഷണത്തില്‍ ആര്‍ക്കെങ്കിലും താല്പര്യമുണ്ടായിരുന്നോ എന്ന് ചോദിച്ചാല്‍ ഒരു പേരേ ഉറപ്പിച്ചുപറയാനാവൂ. ജസ്റ്റിസ് ലിബര്‍ഹാന്റെ പേരുമാത്രം. അദ്ദേഹത്തിന്റെ ചുമലിലാണല്ലോ അന്വേഷണഭാണ്ഡം കയറ്റിവെച്ചിരുന്നത്. അന്വേഷിക്കാനും കണ്ടെത്താനും കാര്യമായൊന്നുമുണ്ടായിരുന്നില്ലെങ്കിലും കമ്മീഷന്റെ നടപടിക്രമങ്ങള്‍ ഇരുമ്പുലക്ക പോലെ കടുകട്ടിയുള്ളതാണ്. എത്രയും നേരത്തെ റിപ്പോര്‍ട്ട് നല്‍കണം, കൂടിയാല്‍ മൂന്നുമാസത്തിനകം എന്നാണ് സര്‍ക്കാര്‍ അദ്ദേഹത്തിന് നല്‍കിയ ഉത്തരവില്‍ പറഞ്ഞിരുന്നത്. മൂന്നുമാസമേയ് ! നിയമിച്ച് മൂന്നുമാസം കഴിഞ്ഞാണ് കമ്മീഷന്‍ പ്രവര്‍ത്തനമാരംഭിച്ചതുതന്നെ. ഏതന്വേഷണത്തിനും സിറ്റിങ് ജഡ്ജി വേണമെന്നാണ് എല്ലാവരും ആവശ്യപ്പെടുക. സിറ്റിങ്ങിനാണ് ബലം, റിട്ടയറായാല്‍ ഗൗരവം കുറയും. അതുകൊണ്ട് ലിബര്‍ഹാന്‍ എട്ടുകൊല്ലം സിറ്റിങ് പണിയും കമ്മീഷന്റെ സ്റ്റാന്‍ഡിങ് പണിയും ഒന്നിച്ചാണ് ചെയ്തത്. 2000 ത്തില്‍ റിട്ടയറായ ശേഷമാണ് കമ്മീഷന്റെ പണി അദ്ദേഹം ഗൗരവത്തിലെടുത്തത്. എന്നിട്ടും വേണ്ടിവന്നു ഒമ്പതുവര്‍ഷം. കര്‍സേവകര്‍ ഉച്ചപ്പണി കൊണ്ട് തീര്‍ത്ത അതിക്രമം അന്വേഷിക്കാന്‍ ആകെ 17 വര്‍ഷം. ചെലവ് എട്ടുകോടി, വരവ് പൂജ്യം, ഗുണം വട്ടപ്പൂജ്യം.
ജസ്റ്റിസ് ലിബര്‍ഹാന് ഇനിയും പത്തുകൊല്ലംകൂടി അന്വേഷിക്കണമെന്ന് തോന്നാതിരുന്നതിന് ദൈവത്തെ സ്തുതിക്കാം. അദ്ദേഹം അങ്ങനെ ആവശ്യപ്പെട്ടിരുന്നുവെങ്കില്‍ ഇന്ത്യാസര്‍ക്കാറിന് മുടക്കമൊന്നുംപറയാന്‍ പറ്റുമായിരുന്നില്ല. കമ്മീഷനെ വഴിക്കുവെച്ച് പിരിച്ചുവിടാന്‍ വകുപ്പില്ല; പകുതിയാക്കിയ പണി മറ്റാരും ഏറ്റെടുക്കുകയുമില്ല. എന്നാലും, ഇത്തരം കാര്യങ്ങളില്‍ അന്വേഷണക്കമ്മീഷന്‍ ആയി നിയോഗിക്കപ്പെടുക അപൂര്‍വമായ ഭാഗ്യം തന്നെയാണ്. ആര്‍ക്കും ഒരു ധൃതിയുമില്ല. ഒരു മോഷണക്കേസ് അന്വേഷിക്കുന്ന കോണ്‍സ്റ്റബിളിന്റെ വേവലാതി പോലും കമ്മീഷനുണ്ടാകേണ്ട കാര്യമില്ല. ഡല്‍ഹിയിലെ ഏതെങ്കിലും പത്രലേഖകനോട് ചോദിച്ചാല്‍ അറിയുന്നതില്‍ കൂടുതല്‍ യാതൊന്നും പുതുതായി കണ്ടെത്താനില്ല. അഞ്ചെട്ട് കോടി ചെലവായെന്നാണ് പത്രറിപ്പോര്‍ട്ടുകളില്‍ കാണുന്നത്. നിസ്സാരസംഖ്യ മാത്രം. റിട്ടയര്‍ ചെയ്ത ശേഷം ഇത്രയുമെങ്കിലും ചെലവാക്കാന്‍ സൗകര്യം കിട്ടുക ചെറിയ സംഗതിയല്ല. സര്‍വീസ് കാലം മുഴുവന്‍ ആകെ ഇതിന്റെ എട്ടിലൊന്നുപോലും ന്യായാധിപന് ചെലവാക്കാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല.
ഡിസംബര്‍ ആറിന് നടന്ന നശീകരണകര്‍മം വാജ്‌പേയിയും അദ്വാനിയുമൊന്നും മുന്‍കൂട്ടി അറിഞ്ഞിരുന്നില്ലെന്ന ഒരു തമാശ പ്രചരിപ്പിക്കുന്നതില്‍ വ്യാജമതേതരക്കാരും പങ്ക് വഹിച്ചതായി സംശയിക്കണം. മസ്ജിദ് കെട്ടിടമല്ല, പപ്പടം പോലും സ്വന്തം ഇഷ്ടത്തിനൊത്ത് പൊടിയാക്കാന്‍ ആര്‍ക്കും ലൈസന്‍സ് കൊടുക്കാത്ത പ്രസ്ഥാനമാണ് സംഘപരിവാര്‍. ക്ഷേത്ര നിര്‍മാണ രക്തരൂഷിത പ്രസ്ഥാനത്തിന്റെ ഒന്നും രണ്ടും ഗുണഭോക്താക്കള്‍ അദ്വാനിയും വാജ്‌പേയിയും ആയിരിക്കുമെന്നറിഞ്ഞുകൊണ്ടാണ് സംഘപരിവാര്‍ പിക്ആക്‌സേന്തിയത്. എന്നിട്ടും അവര്‍ രണ്ടുപേര്‍മാത്രം അതറിഞ്ഞിരുന്നില്ലെന്നാണ്് പറയുന്നത്. ഇത് അവര്‍ പാവം മന്ദബുദ്ധികളാണെന്ന് പറയുന്നതിന് തുല്യമാണ്. കൈ നനയാതെ മീന്‍ പിടിക്കുന്നവരെ ആരും മന്ദബുദ്ധികളെന്ന് വിളിച്ചുകൂടാത്തതാണ്.
ഡിസംബര്‍ ആറിന് എന്താണ് നടക്കാന്‍ പോകുന്നതെന്ന് സംഘപരിവാറിലെ ഏറ്റവും താഴെയുള്ള ട്രൗസര്‍ധാരികള്‍ക്കുപോലും അറിയാമായിരുന്നു. പിക്കാസും മണ്‍വെട്ടിയും പരസ്യമായാണ് കടത്തിയത്. അത് കണ്ട കേന്ദ്രരഹസ്യപോലീസ്, തര്‍ക്കപ്രദേശത്ത് വാഴകൃഷി നടത്താന്‍ സംഘപരിവാര്‍ തീരുമാനിച്ചതായുള്ള ഗുരുതര വാര്‍ത്തയായിരിക്കാം കേന്ദ്രആഭ്യന്തരവകുപ്പിന് നല്‍കിയിട്ടുണ്ടാവുക. വാഴകൃഷി തടയാന്‍ സംസ്ഥാനസര്‍ക്കാറിനെ പിരിച്ചുവിടുന്നത് ശരിയല്ല എന്ന് പ്രധാനമന്ത്രി നരസിംഹറാവുവിന് നിയമോപദേശവും ലഭിച്ചിട്ടുണ്ടാവാം. ലിബര്‍ഹാന്‍ കമ്മീഷന്റെ നിഗമനങ്ങളില്‍ ഒറിജിനാലിറ്റിയുള്ള വേറൊന്നും കണ്ടതായി ആരും പറഞ്ഞുകേട്ടില്ല.
സംഘപരിവാറിന്റെ അയോദ്ധ്യ സാഹസം തടയണമെങ്കില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിനെ പിരിച്ചുവിടുകയും അയോധ്യയില്‍ പട്ടാളത്തെ ഇറക്കുകയും ചെയ്യുകയല്ലാതെ വേറെ വഴിയില്ലെന്ന് നരസിംഹറാവുവിന് തോന്നിയിരിക്കാം. വെടിയില്‍ കുറഞ്ഞ ഏര്‍പ്പാടൊന്നും പട്ടാളത്തിന് നിശ്ചയമില്ലാത്ത നിലയ്ക്ക് പത്തോ അഞ്ഞൂറോ കര്‍സേവകരെ വെടിവെച്ചുവീഴ്‌ത്തേണ്ടി വന്നേക്കാം. എന്നാലും മസ്ജിദ് രക്ഷിക്കാന്‍ കഴിയണമെന്നില്ല. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ സ്വര്‍ഗം കിട്ടിയ സന്തോഷമാകുമായിരുന്നു സംഘപരിവാറിന്. ഭരണം അവരെ ഏല്‍പ്പിച്ച് റാവുവിന് രാജ്യം വിടാമായിരുന്നു. അതെല്ലാം ഒഴിവാക്കിയ ചാണക്യനാണ് റാവു എന്ന് കോണ്‍ഗ്രസ്സുകാര്‍ രഹസ്യം പറയുന്നത് വെറുതെയല്ല. തിരഞ്ഞെടുപ്പാഘാതത്താലും ആഭ്യന്തരകലഹത്താലും അര്‍ദ്ധപ്രാണനായി കഴിഞ്ഞിരുന്ന ബി.ജെ.പി.ക്ക് ഒന്ന് തലപൊക്കാന്‍ ലിബര്‍ഹാന്‍ കൈത്താങ്ങായി. പക്ഷേ, അയോദ്ധ്യക്ക് പഴയ വീര്യമില്ല. ഏത് ഒറ്റമൂലിക്കുമുണ്ടാകുമല്ലോ ഒരു എക്‌സ്പയറി ഡേറ്റ്.
*****
പാര്‍ട്ടി പത്രവും വാണിജ്യപത്രം തന്നെയാണെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്ക് പറഞ്ഞതിന്റെ എഴുതാപ്പുറം വായിക്കാന്‍ മാധ്യമസിന്‍ഡിക്കേറ്റുകാര്‍ ശ്രമിക്കേണ്ട. കാശ് കിട്ടുന്നതുകൊണ്ട് കേന്ദ്രസര്‍ക്കാറിന്റെ പരസ്യംപോലും പാര്‍ട്ടിപത്രം കൊടുക്കുന്നുണ്ടെന്നാണ് ഐസക് മന്ത്രി എടുത്തുപറഞ്ഞത്. ഏത് കേന്ദ്രസര്‍ക്കാറിന്റെ പരസ്യം ? മന്‍മോഹന്‍സര്‍ക്കാറിന്റെ മാത്രമല്ല, വാജ്‌പേയ് സര്‍ക്കാറിന്റെ ഇന്ത്യ തിളങ്ങുന്നുവെന്ന പരസ്യം തന്നെയും കൊടുത്തിട്ടുണ്ട്. അതിലപ്പുറം വരുമോ എമ്പ്രാന്റെയും തമ്പ്രാന്റെയും മാര്‍ബിള്‍ ?
സമൂഹത്തിന്റെ വികാസനിയമങ്ങള്‍ പോലെ പത്രത്തിനും വികാസ നിയമങ്ങളുണ്ട്. പാര്‍ട്ടിപത്രം വാണിജ്യപത്രം എന്ന നിലയിലേക്ക് വികസിക്കുമ്പോഴാണ് ഉള്ളടക്കത്തിന്റെ ശരിയും തെറ്റും നോക്കാതെ കാശുമാത്രം നോക്കി പരസ്യം കൊടുക്കുക. നികുതിവെട്ടിപ്പുകാരില്‍ നിന്ന് കള്ളപ്പണം സംഭാവന വാങ്ങിയെന്നുമിരിക്കും. എല്ലാം ആശാസ്യമായ വാണിജ്യഇടപാടുകള്‍ തന്നെ. പാര്‍ട്ടി പത്രം വാണിജ്യപത്രം എന്ന നിലയില്‍ നിന്ന് ഒരടികൂടി മുന്നോട്ടുപോകുമ്പോഴാണ് ബൂര്‍ഷ്വാപത്രങ്ങളുടെ വേറെ ചില സ്വഭാവങ്ങള്‍ ആര്‍ജിക്കുക. പ്രചാരത്തിന്റെ കണക്കുപറച്ചിലാണ് അതിലൊരു അസുഖം. തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ വോട്ടിന്റെ കണക്ക് വിട്ട് ശതമാനക്കണക്കെടുത്തിട്ട് ജയം അവകാശപ്പെടും പോലെ. ശതമാനത്തിലും തോല്‍വിയാണെങ്കില്‍ മുന്‍തിരഞ്ഞെടുപ്പിനേക്കാള്‍ വോട്ട് വര്‍ദ്ധിച്ചതിന്റെ ശതമാനക്കണക്ക് പറയുംപോലെ…. സര്‍ക്കുലേഷന്‍കണക്കിലും രക്ഷയില്ലെങ്കില്‍ വായനക്കാരുടെ എണ്ണം കൂടിയതായി സര്‍വെഫലം എഴുതി തൃപ്തിപ്പെടാം. അംഗീകൃതസ്ഥാപനങ്ങളുടെ സര്‍വെകളിലൊന്നും പത്രത്തെക്കുറിച്ച പരാമര്‍ശം പോലും ഇല്ലെങ്കില്‍ സ്വന്തമായൊരു സ്ഥാപനം സങ്കല്‍പ്പത്തില്‍ ഉണ്ടാക്കി കണക്കുപറയാം. എല്ലാം തെളിയിക്കുന്നത് ഒന്നുമാത്രം. പാര്‍ട്ടിപത്രവും വാണിജ്യപത്രംതന്നെ.
പാര്‍ട്ടിപത്രപ്രചാരം ഈ തോതില്‍ കുത്തനെ ഉയര്‍ന്നാല്‍ സംഗതി ബുദ്ധിമുട്ടാകും. വാണിജ്യപത്രം എന്ന ഘട്ടവും പിന്നിട്ട് പാര്‍ട്ടിപത്രം കുത്തകപത്രമായിക്കളയും. അതപകടമാണ്. കൂടൂതല്‍ പേര്‍ വായിക്കുന്നു എന്നതുമാത്രമാണല്ലോ കുത്തകപത്രം എന്നുവിളിക്കപ്പെടാനുള്ള അയോഗ്യത. അല്ലാതെ കേരളത്തില്‍ ടാറ്റയും ബിര്‍ലയും റിലയന്‍സുമൊന്നും കേരളത്തില്‍ പത്രം നടത്തുന്നില്ല. തൊഴിലാളിവര്‍ഗപത്രം കുത്തകപത്രമായി മാറിയാല്‍ അത് വ്യാഖ്യാനിക്കുന്നതിനുള്ള സിദ്ധാന്തമുണ്ടാക്കുന്ന പണിയും ഐസക് മന്ത്രിതന്നെ ഏറ്റെടുക്കേണ്ടി വരും. വേറെ പ്രശ്‌നമൊന്നുമില്ല.
******
മുതലാളിത്തം മരണക്കിടക്കയില്‍ ചക്രശ്വാസം വലിക്കുകയാണ്. സ്ഥിതി നിയന്ത്രണാധീനം, സൂക്ഷിച്ചുനോക്കിയാല്‍ ശ്വാസമുള്ളതായി ബോധ്യപ്പെടും എന്നെല്ലാം മുതലാളിത്തത്തിന്റെ മൂടുതാങ്ങികള്‍ പറയുന്നുണ്ടെങ്കിലും അതൊന്നും വിശ്വസിക്കേണ്ട കേട്ടോ. ആഭ്യന്തരവൈരുദ്ധ്യം മൂര്‍ച്ഛിച്ച് മുതലാളിത്തം തകര്‍ന്നടിയുമെന്ന് കിത്താബില്‍ പറഞ്ഞിട്ടുണ്ട്. എന്ത് തെറ്റിയാലും കിത്താബ് തെറ്റുന്ന പ്രശ്‌നമില്ല.
അതിനിടെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഭൂഗോള സമ്മേളനം നമ്മുടെ തലസ്ഥാനത്ത് ചേര്‍ന്നത്. 48 രാജ്യങ്ങളില്‍ നിന്നുള്ള 56 തൊഴിലാളിവര്‍ഗപാര്‍ട്ടികളുടെ ഘഡാഘടിയന്‍ നേതാക്കള്‍ ആഗോള മുതലാളിത്ത പ്രതിസന്ധിക്കിടയില്‍ ഒരിടത്തുസമ്മേളിച്ചാല്‍ എന്ത് സംഭവിക്കുമെന്നാണ് നമ്മള്‍ പ്രതീക്ഷിക്കുക ? ഇപ്പംചാവും എന്ന അവസ്ഥയിലുള്ള മുതലാളിത്തത്തെ അതിന്റെ കഴുത്തില്‍ ചില്ലറ കൈക്രിയ പ്രയോഗിച്ചോ അല്ലെങ്കില്‍ ഊക്കോടെ ഒരുചവിട്ട് കൊടുത്തോ കഥ കഴിക്കും, അല്ലാതെന്ത് ? എന്നാല്‍ അതൊന്നുമല്ല സംഭവിച്ചിരിക്കുന്നത്. മുതലാളിത്തത്തിന്റെ ജീവന്‍ നിലനിര്‍ത്താന്‍ എന്തെല്ലാം അത്യടിയന്തരചികിത്സാമുറകളാണ് സ്വീകരിക്കേണ്ടത്, എന്തെല്ലാം ഒറ്റമൂലികളാണ് പ്രയോഗിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളടങ്ങിയ കുറിപ്പടികളാണ് കമ്യൂണിസ്റ്റ് വൈദ്യന്മാര്‍ വെച്ചുനീട്ടിയിരിക്കുന്നത്. മുതലാളിത്തത്തിന്റെ രോഗംമാറ്റാന്‍ മുതലാളിത്തവൈദ്യന്മാരേക്കാള്‍ യോഗ്യന്മാര്‍ കമ്യൂണിസ്റ്റ്് വൈദ്യന്മാര്‍തന്നെയെന്ന കാര്യത്തില്‍ ഇപ്പോള്‍ സംശയമില്ലാര്‍ക്കും.
ഓഹരിക്കച്ചവടത്തിന് നികുതിയേര്‍പ്പെടുത്തുക, ജനങ്ങള്‍ക്ക് ഗുണംലഭിക്കുന്ന സാമ്പത്തിക പാക്കേജ് നടപ്പാക്കുക, പൊതുനിക്ഷേപം നടത്തുക, പ്രതിസന്ധിതീര്‍ക്കാന്‍ മുതലാളിത്തത്തിന്റെ അകത്തുതന്നെയുള്ള പരിഹാരമാര്‍ഗങ്ങള്‍ ഉപയോഗിക്കുക എന്നിങ്ങനെപോകുന്നു പ്രിസ്ക്രിപ്ഷനിലെ ഐറ്റങ്ങള്‍. മുമ്പെല്ലാം സി.പി.ഐ.മോഡല്‍ വലതു റിവിഷനിസ്റ്റകള്‍ മാത്രമേ ഈ സമ്മേളനത്തില്‍ പങ്കെടുക്കാറുള്ളൂ. ഇപ്പോള്‍ വിപ്ലവ സി.പി.എമ്മും സ്വീകരണക്കമ്മിറ്റിയിലുണ്ട്. അതിന്റെ ഗുണം കാണാനുമുണ്ട്…
******
കെ.എസ്.യു.വില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടക്കുന്നുവെന്ന വാര്‍ത്ത കേട്ട് ഞെട്ടിയവര്‍ ഇപ്പോള്‍ മുന്‍ ഇലക്ഷന്‍ കമ്മീഷണര്‍ ലിങ്‌ഡോവിന് നന്ദി പറയുകയാണ്. വേണമെങ്കില്‍ തേങ്ങ വേരിലും കായ്ക്കും, ഇലക്ഷന്‍ കെ.എസ്.യു.വിലും നടക്കും.
കോണ്‍ഗ്രസ്സിലും അതിന്റെ പോഷക സംഘടനകളിലും ഗൂപ്പിസം ഇല്ലാതാക്കാന്‍ ദൈവംതമ്പുരാനുപോലും കഴിയില്ലെന്ന് ബോധ്യംവന്നതിന്റെ അടിസ്ഥാനത്തില്‍ നൂതനമായ ഒരു സ്ഥാനവിഭജന ഫോര്‍മുലയുടെ അടിസ്ഥാനത്തിലാണ് സംഘടനാ തിരഞ്ഞെടുപ്പ് നടക്കുന്നത്. റോഡില്‍കണ്ടാല്‍ കുത്തിമലര്‍ത്തുകയും തുണിയുരിയുകയും ചെയ്യുന്ന പഴയ രീതി തുടരാതെതന്നെ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് പറയുന്നത്. എന്തതിശയമേ… രാഹുലിന്‍നാമം എത്ര മനോഹരമേ…
പുതിയ ഫോര്‍മുലയനുസരിച്ച് കൂടുതല്‍ വോട്ട്കിട്ടുന്ന ഗ്രൂപ്പുകാരന് പ്രസിഡന്‍ാകാം, അതില്‍ കുറഞ്ഞാല്‍ വൈസ് പ്രസിഡന്റാകാം, പിന്നെയും കുറഞ്ഞാല്‍ സിക്രട്ടറിയാകാം. അങ്ങിനെയാണ് ഗ്രൂപ്പുകളുടെ സമാധാനപരമായ സഹവര്‍ത്തിത്വം ഉറപ്പാക്കുന്നത്. പരീക്ഷണം വിജയിച്ചാല്‍ യൂത്ത് കോണ്‍ഗ്രസ്, മൂത്ത കോണ്‍ഗ്രസ് എന്നിവയിലും ഘട്ടം ഘട്ടമായി നടപ്പാക്കാവുന്നതാണ്. രാജ്യത്താകമാനം തിരഞ്ഞെടുപ്പുനടത്തുന്നതിനേക്കാല്‍ പ്രയാസമാണ് കെ.എസ്.യു.വില്‍ സംഗതി സാധിച്ചെടുക. അതില്‍ വിജയിച്ചാല്‍ ലിങ്‌ഡോവിന് രാഹുല്‍ജി ഇടപെട്ട് പത്മഭൂഷണോ മറ്റോ വാങ്ങിക്കൊടുത്താലും ദോഷം പറയാനാവില്ല.