എന്തൊരഹന്ത !

ഇന്ദ്രൻ

ഗൗരവമേറിയ ചില ദേശീയ രാഷ്‌ട്രീയ പ്രശ്‌നങ്ങള്‍ എന്‍.എസ്‌.എസ്‌ ഉന്നയിച്ചത്‌ ആരും വേണ്ടത്ര ഗൗരവത്തിലെടുത്തില്ല. അതുതന്നെയാണ്‌ പ്രശ്‌നം. എന്‍.എസ്‌.എസ്‌ നേതാക്കളെ കോണ്‍ഗ്രസ്സുകാര്‍പോലും ഗൗരവത്തിലെടുക്കുന്നില്ല. തല പിളര്‍ക്കുന്ന പ്രശ്‌നങ്ങളിലെല്ലാം കിടിലന്‍ ഉപദേശങ്ങള്‍ നല്‍കാന്‍ എന്‍.എസ്‌.എസ്സിവിടെ സദാ സന്നദ്ധമായി നില്‍ക്കുന്നുണ്ട്‌്‌. എന്നിട്ടും ആരും ഉപദേശം ചോദിക്കുന്നില്ല, അങ്ങോട്ടുചെന്ന്‌ ഉപദേശിക്കാമെന്നുവെച്ചാല്‍ മൈന്‍ഡ്‌ ചെയ്യുന്നുമില്ല. എന്തൊരഹന്ത !

തിരുവനന്തപുരത്ത്‌ ആരെ സ്ഥാനാര്‍ഥിയാക്കണം എന്ന പ്രശ്‌നം വന്നു. ആ പ്രശ്‌നം കോണ്‍ഗ്രസ്സിന്റേതാണ്‌, എന്‍.എസ്‌.എസ്സിന്റേതല്ല. എന്‍.എസ്‌.എസ്സിന്‌ തരിമ്പും രാഷ്‌ട്രീയമില്ലല്ലോ. അതുകൊണ്ട്‌ സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ ഇടപെടേണ്ട കാര്യവുമില്ല. എന്നാലും ഉപദേശം കൊടുക്കും. അതുപണ്ടുമുതലേ ഉള്ള ശീലമായിപ്പോയി. ആമയെ ചുടുമ്പോള്‍ മലര്‍ത്തിച്ചുടണം എന്ന്‌ പണ്ട്‌ ഉപദേശിച്ചത്‌ അക്കാലത്തെ എന്‍.എസ്‌.എസ്‌ സെക്രട്ടറിയാണോ എന്നറിയില്ല. എന്തായാലും തിരുവനന്തപുരത്ത്‌ മത്സരിക്കുന്ന നായര്‍ കരമന കരയോഗത്തിലോ മലയിന്‍കീഴ്‌ കരയോഗത്തിലോ ആയിരിക്കുന്നതല്ലേ ഉചിതം എന്നുപദേശിച്ചുപോയി. അത്‌ ലവലേശം വകവെക്കാതെയാണ്‌ ന്യൂയോര്‍ക്ക്‌ കരയോഗത്തില്‍ പോലും മെമ്പര്‍ഷിപ്പില്ലാത്ത ഒരു തരം തരൂരിനെ ഇങ്ങോട്ടിറക്കിയത്‌. എന്നിട്ടും നായന്മാര്‍ ഒന്നടങ്കം വോട്ടുചെയ്‌തു. ന്യൂയോര്‍ക്ക്‌ നായരാണോ സി.പി.ഐ. നായരാണോ നല്ല നായര്‍ എന്ന്‌ മനസ്സിലാക്കാന്‍ തിരുവനന്തോരത്തെ നായന്മാര്‍ക്ക്‌ എന്‍.എസ്‌.എസ്സിന്റെ ഉപദേശമൊന്നും വേണ്ടെന്നത്‌ വേറെ കാര്യം.

പോട്ടെ, അതങ്ങനെ കഴിഞ്ഞു. കേന്ദ്രമന്ത്രിസഭയിലേക്ക്‌ കേരളത്തില്‍ നിന്ന്‌ ആരെ എടുക്കണം എന്നറിയാതെ മന്‍മോഹന്‍സിങ്ങും സോണിയാ ഗാന്ധിയും വേവലാതിപ്പെടുന്നതുകണ്ടാണ്‌ ചില ഉപദേശങ്ങള്‍ കൊടുത്തത്‌. കഴിഞ്ഞ മന്ത്രിസഭയില്‍ കേരളത്തില്‍നിന്നുള്ള മൂന്നുപേരെ എടുത്തു. നായരെ എടുത്തില്ല. ഇത്തവണ ആറുപേരെ മന്ത്രിമാരാക്കി. ഒരു കേരള നായരെയും എടുത്തില്ല. കഴിവുനോക്കിയാണ്‌ ന്യൂയോര്‍ക്ക്‌ നായരെ എടുത്തത്‌ എന്ന ന്യായത്തില്‍ കഴമ്പില്ല. സംവരണത്തില്‍ കഴിവുനോക്കേതില്ലെന്ന ന്യായം പ്യൂണ്‍ നിയമനത്തിലും എല്‍.ഡി.ക്ലാര്‍ക്ക്‌ നിയമനത്തിലും മാത്രം പോരല്ലോ. കേരള ജനസംഖ്യയില്‍ എട്ടിലൊന്നേ വരൂ നായര്‍സമുദായമെങ്കിലും ആറിലൊരു മന്ത്രി നായരായി. കഴിവുനോക്കിയതുകൊണ്ടാണതെന്ന വാദമൊന്നും എന്‍.എസ്‌.എസ്സിനോട്‌ വേണ്ട. പെരുന്നയിലെ പട്ടികയില്‍ പെടുകയാണ്‌ വലിയ കഴിവ്‌. അതില്ലാത്ത ആള്‍ ഐക്യരാഷ്‌ട്രസഭ സെക്രട്ടറി ജനറലായിട്ടും പ്രയോജനമൊന്നുമില്ല.

എന്‍.എസ്‌.എസ്സിന്‌ രാഷ്‌ട്രീയമില്ല എന്നുപലവട്ടം പറഞ്ഞിട്ടുള്ളതാണ്‌. ഇരുമുന്നണികളോടും സമദൂരം പുലര്‍ത്തും. ആളുടെ ഗുണംനോക്കി വോട്ടുകൊടുക്കും. ആര്‍ക്കാണ്‌ കൊടുക്കുകയെന്ന്‌ മുന്‍കൂട്ടി പറയില്ല. മുന്‍കൂട്ടി പറയാത്തതുകൊണ്ട്‌ പല ഗുണങ്ങളുമുണ്ട്‌. ആരുജയിച്ചാലും നമ്മളാ ജയിപ്പിച്ചത്‌ എന്നവകാശപ്പെടാനാകും. ആരെ ജയിപ്പിക്കണം എന്ന്‌ ജനം തീരുമാനിച്ചുകൊള്ളും. ആ പക്ഷത്ത്‌ നമ്മളുമങ്ങ്‌ നിന്നേച്ചാല്‍ മതി. ജയിക്കുന്നവര്‍ നന്ദി പറയാന്‍ പെരുന്നയില്‍ വന്നു ക്യൂ നിന്നാല്‍ മാത്രം പോര, പിന്നീടൊരിക്കലും എന്‍.എസ്‌.എസ്സിനെപ്പറ്റി കമാ എന്നൊരക്ഷരം മിണ്ടിപ്പോകയുമരുത്‌. വിമര്‍ശിച്ചാലോ, രാത്രി തലയില്‍ മുണ്ടിട്ട്‌ പെരുന്നയില്‍ വന്ന വിവരം പരസ്യമാക്കും. രാഷ്‌ട്രീയക്കാര്‍ പോലും അതുവലിയ നാണക്കേടായാണ്‌ കണക്കാക്കുന്നത്‌. എന്തൊരഹന്ത !

കേരളത്തിലെ മുഴുവന്‍ വോട്ടര്‍മാരില്‍ എത്ര ശതമാനമാളുകള്‍ ജാതിസംഘടനകള്‍ പറയുന്നത്‌ കേട്ട്‌ വോട്ടുചെയ്യും എന്നതുസംബന്ധിച്ച്‌ ദൈവം സഹായിച്ച്‌ കൃത്യമായ കണക്കില്ല. രാഷ്‌ട്രീയപാര്‍ട്ടികള്‍ക്കുമില്ല വലിയ പിടുത്തം. തിരഞ്ഞെടുപ്പാവുമ്പോള്‍ ഏത്‌ ചെകുത്താന്റെ കാലും അവര്‍ പിടിക്കും, ആരുടെ കൈയും മുത്തും. അതുകൊണ്ടുമാത്രം നിന്നുപിഴക്കുകയാണ്‌ സര്‍വ ജാതി മത സംഘടനകളും. അസംബ്‌ളി, പാര്‍ലമെന്റ്‌ സീറ്റ്‌ മാത്രമല്ല കോളേജ്‌ സീറ്റുവരെ വീതം വെക്കുന്നത്‌ സങ്കല്‍പ്പത്തില്‍ മാത്രമുള്ള ഈ വോട്ടുകണക്ക്‌ നോക്കിയാണ്‌്‌.

നായന്മാരെ വിശ്വസിച്ച്‌ എന്‍.എസ്‌.എസ്സും ഈഴവരെ വിശ്വസിച്ച്‌ എസ്‌.എന്‍.ഡി.പി.യും ഓരോ പാര്‍ട്ടിയുണ്ടാക്കിയതിന്റെ ഓര്‍മ ഈ സമയത്ത്‌ തികട്ടി വരുന്നുണ്ട്‌. കുറെ ചുമരെഴുതുകയും പോസ്റ്ററൊട്ടിക്കുകയും ചെയ്‌തതു മിച്ചം. യു.ഡി.എഫില്‍ കേറാനും ചിലര്‍ക്ക്‌ മന്ത്രിയാകാനും പറ്റി. എല്‍.ഡി.എഫുകാര്‍ അടുപ്പിച്ചില്ല. എന്‍.എസ്‌.എസ്സിന്‌ എന്‍.ഡി.പി.യെക്കൊണ്ടുള്ള പൊല്ലാപ്പൊഴിഞ്ഞ സമയമുണ്ടായിട്ടില്ല. കച്ചവടം മൊത്തത്തില്‍ നഷ്ടമായിരുന്നു, ജനം അടുപ്പിക്കാഞ്ഞതുതന്നെ പ്രധാനകാരണം. പാര്‍ട്ടി സ്വയം പിരിഞ്ഞുപോയതാണോ അതോ പിരിച്ചുവിട്ടതോ എന്നോര്‍മയില്ല. കോണ്‍ഗ്രസ്സിന്റെ അഹന്തയൊക്കെ ഒരു വിധം സഹിക്കാം. എന്തൊരു അഹന്തയാണ്‌ പൊതുജനത്തിന്റേത്‌ !

*****
ലാവ്‌ലിന്‍ കേസ്സില്‍ ജി.കാര്‍ത്തികേയനെതിരെയും അന്വേഷണം വേണമെന്ന സി.ബി.ഐ.കോടതിയുടെ കല്‌പന കേട്ട്‌ പെട്ടന്ന്‌ കോരിത്തരിപ്പൊക്കെ ഉണ്ടായെങ്കിലും സംഗതി അത്ര ലളിതമല്ലെന്ന്‌ പിന്നീടാണ്‌ ബോധ്യപ്പെട്ടത്‌. കാര്‍ത്തികേയനെ സി.ബി.ഐ കേസ്സില്‍ പ്രതിയാക്കിയില്ലെങ്കില്‍ പാടാകൂം, പ്രതിയാക്കിയാല്‍ പെടാപ്പാടാകം.

കാര്‍ത്തികേയനെതിരെ തെളിവൊന്നുമില്ലെന്ന്‌ സി.ബി.ഐ. ആവര്‍ത്തിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കുകയും കോടതി അതംഗീകരിക്കുകയും ചെയ്‌താല്‍ യു.ഡി.എഫിനും സി.ബി.ഐ.ക്കും തലക്കനം ഏറും. വിശ്വാസ്യത വര്‍ദ്ധിക്കും. പിണറായിക്കെതിരെ കേസ്സുണ്ടെന്ന്‌ കോടതി കരുതുന്നു എന്നാണ്‌ ഇതിനര്‍ഥമെന്ന്‌ ദുഷ്ട മാധ്യമസിന്‍ഡിക്കേറ്റുകാരും ചാനല്‍ ചര്‍ച്ചാജീവികളും വ്യാഖ്യാനിക്കാനും അതുകാരണമാകും.

ഇനി കാര്‍ത്തികേയനും ഗൂഡാലോചനയില്‍ പങ്കാളിയാണെന്ന്‌ സി.ബി.ഐ കണ്ടെത്തിയാലോ. ഒരു കുറ്റകൃത്യത്തിന്‌ രണ്ട്‌ ഗൂഡാലോചന ആകാമോ എന്നതവിടെ നില്‍ക്കട്ടെ. കാര്‍ത്തികേയനും പിണറായി വിജയനും എങ്ങനെ ഒരേ ഗൂഡാലോചനയില്‍ പങ്കാളികളാകും എന്ന ചോദ്യവും കോടതിക്ക്‌ വിടാം. അതിലേറെ തൊന്തരവ്‌ വേറെയുണ്ട്‌. കാര്‍ത്തികേയനെ പ്രതിചേര്‍ക്കാനും മന്ത്രിസഭയുടെ അനുമതി വേണ്ടിവരും. ഒരു തരത്തിലുമുള്ള അഴിമതിയും നടന്നിട്ടില്ലെന്ന്‌ മന്ത്രിസഭയും പാര്‍ട്ടിയും ഉറച്ചുവിശ്വസിക്കുന്ന ഇടപാടിലെങ്ങനെയാണ്‌ കാര്‍ത്തികേയനെ മാത്രം പ്രതിയാക്കാന്‍ അനുവദിക്കുക. അഴിമതി നടത്താനുള്ള കാര്‍ത്തികേയന്റെ ശ്രമം തുടര്‍ന്നു മന്ത്രിയായ പിണറായി തടഞ്ഞുവെന്നാണല്ലോ ഇടതുവാദം. അഴിമതി ഉണ്ടെങ്കിലല്ലേ കേസ്സുള്ളൂ, പ്രതിയുള്ളൂ. തീയില്ലാതെങ്ങനെ പുകയുണ്ടാകും ? നടക്കാത്ത അഴിമതിയില്‍ കാര്‍ത്തികേയനെ പ്രതിയാക്കാന്‍ അഡ്വക്കറ്റ്‌ ജനറല്‍ സമ്മതിക്കുന്നതെങ്ങനെ, മന്ത്രിസഭ അനുവദിക്കുന്നതെങ്ങനെ ? ഗവര്‍ണറുടെ ധര്‍മസങ്കടം നേരെ തിരിച്ചാകും. എല്ലാം വൈകാതെ കാണാം, അക്ഷമരായി കാത്തിരിപ്പിന്‍…..

****
ലാവ്‌ലിന്‍ കേസ്‌ നടത്തിപ്പിന്‌ വേണ്ടി സി.പി.എം കോട്ടയം ജില്ലാകമ്മിറ്റി അമ്പതുലക്ഷം രൂപ പിരിക്കാന്‍ തീരുമാനിച്ചതായുള്ള വാര്‍ത്ത സി.പി.എമ്മിനെ അപകീര്‍ത്തിപ്പെടുത്താനുള്ള പച്ചനുണയും ഗൂഡാലോചനയുമാണെന്ന്‌ പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്‌. ലാവ്‌ലിന്‍ കേസ്‌ നടത്താന്‍ പാര്‍ട്ടി മുപ്പതുകോടി പിരിക്കാന്‍ ശ്രമിക്കുന്നതായി വേറെ ചില സിന്‍ഡിക്കേറ്റ്‌ പത്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഇത്‌ ആദ്യത്തേതിനേക്കാള്‍ വലിയ കടുംപച്ച നുണയാവാനേ തരമുള്ളൂ.

കാര്യങ്ങളുടെ കിടപ്പ്‌ ഈ മാധ്യമ ബൂര്‍ഷ്വാകള്‍ക്ക്‌ മനസ്സിലാകാത്തതൊന്നുമല്ല. പാര്‍ട്ടി സെക്രട്ടറിക്കെതിരായ സി.ഐ.എ – സാമ്രാജ്യത്വ ഗൂഡാലോചന തിരിച്ചറിഞ്ഞ ജനം ഞാനാദ്യം ഞാനാദ്യം എന്ന വാശിയോടെ കേസ്‌ നടത്താനുള്ള സംഭാവനയുമായി പാര്‍ട്ടി പത്രഓഫീസുകളിലേക്ക്‌ കുതിക്കുകയാണ്‌. അതില്‍ ചിലത്‌ പത്രം പ്രസിദ്ധീകരിക്കുന്നുണ്ടെന്നേയുള്ളൂ. കഷ്ടിച്ച്‌ കഴിഞ്ഞുകൂടാനുള്ള പെന്‍ഷനോ മറ്റോ മാത്രം ലഭിക്കുന്ന സ്വാതന്ത്ര്യസമരസേനാനികള്‍, രക്തസാക്ഷികളുടെ വിധവകള്‍ തുടങ്ങിയവരും സ്വന്തം ലേഖകനെ സമീപിച്ച്‌ തങ്ങളുടെ സംഭാവന സ്വീകരിക്കണമെന്നാവശ്യപ്പെട്ടാല്‍ വഴങ്ങാതിരിക്കുന്നതെങ്ങനെ ?

സുനാമി അത്യാഹിതം ഉണ്ടായപ്പോഴേ ഇങ്ങനെ മുമ്പുസംഭവിച്ചിട്ടുള്ളൂ. കാലിച്ചായയ്‌ക്ക്‌ ഗതിയില്ലാത്തവനും പോക്കറ്റില്‍ കൈയിട്ട്‌ വല്ലതും തപ്പിയെടുത്ത്‌ സംഭാവന ചെയ്യുകയാണ്‌. സംഭാവനയുടെ രണ്ടാം സുനാമിയാണിത്‌. കണ്ണൂര്‍ ജില്ലയിലെ നൂറുകണക്കിന്‌ രക്തസാക്ഷികളുടെ കുടുംബങ്ങളെ സഹായിക്കാന്‍ പോലും ജനം ഈ വിധം സടകുടഞ്ഞെഴുനേല്‍ക്കുകയുണ്ടായില്ല. ഇതുപാര്‍ട്ടി തീരുമാനമോ പാര്‍ട്ടി നിര്‍ദ്ദേശമോ അല്ലെന്ന്‌ വ്യക്തമാണല്ലോ. പാര്‍ട്ടി പത്രത്തിന്റെ തിരുവനന്തപുരം യൂനിറ്റിലെ ജീവനക്കാര്‍ ചേര്‍ന്ന്‌ ഒരു ലക്ഷം രൂപ ലാവ്‌ലിന്‍ കേസ്‌ നടത്തിപ്പിന്‌ സംഭാവന നല്‍കുമെന്ന വാര്‍ത്ത സിന്‍ഡിക്കേറ്റ്‌ പത്രത്തിലല്ല, പാര്‍ട്ടിപത്രത്തില്‍ തന്നെ വന്നിട്ടുണ്ട്‌. ജീവനക്കാര്‍ ശരാശരി ആയിരം രൂപയെങ്കിലും എടുത്താലേ ലക്ഷം രൂപ തികയാനിടയുള്ളൂ. തിരുവനന്തപുരത്തെ പത്രജീവനക്കാരന്‌ കേരളത്തിലെ മറ്റേതൊരു തൊഴിലാളിക്കുള്ളതിലേറെ ബാധ്യതയൊന്നുമില്ല. അതുകൊണ്ട്‌ ആ നിരക്കില്‍ കേരളത്തിലെ തൊഴിലാളികളെല്ലാം സംഭാവന നല്‍കാന്‍ തീരുമാനിക്കുകയാണെങ്കില്‍ എങ്ങനെയാണ്‌ പാര്‍ട്ടിയത്‌ തടയുക ? ഒരു രക്ഷയുമില്ല. സംഭാവന നല്‍കുന്നവര്‍ക്കെതിരെ അച്ചടക്കനടപടിയെടുക്കും എന്നോ മറ്റോ കടുപ്പത്തില്‍ പറയേണ്ടി വരും.

പണം വല്ലാതെ ഒഴുകി വരികയാണെങ്കില്‍ ഷോപ്പിങ്‌ കോംപ്‌ളക്‌സോ വാട്ടര്‍ തീം പാര്‍ക്കോ ഉണ്ടാക്കുന്നതിനെക്കുറിച്ചാലോചിക്കേണ്ടിവരും. ലാവ്‌ലിന്‍ സ്‌മാരകം എന്നോ മറ്റോ പേരിടാം. അല്ലെങ്കില്‍ മുമ്പത്തെപ്പോലെ മ്യൂച്വല്‍ ഫണ്ടിലിടാം. കൊച്ചിയിലെ സി.ബി.ഐ. കോടതിയില്‍ കേസ്‌ വാദിക്കാന്‍ ലോകകോടതിയിലെ വക്കീലൊന്നും വേണ്ട. എം.കെ.ദാമോദരനെപ്പോലുള്ള ഡസന്‍കണക്കിന്‌ വക്കീലന്മാര്‍ സൗജന്യമായി വാദിക്കാമെന്ന വാഗ്‌ദാനവുമായി ക്യു നിന്നേക്കും. കേസ്‌ വിചാരണ തുടങ്ങാന്‍ പത്തുവര്‍ഷമാണോ പതിനഞ്ചുവര്‍ഷമാണോ എടുക്കുക എന്നുപറയാനാവില്ല. ഇത്രയും കാലത്തെ ലാഭത്തിന്റെ കാല്‍ ശതമാനം മതിയാകും കേസ്‌ നടത്താന്‍. ആപത്തുകാലത്ത്‌ കാ പത്ത്‌ പിരിച്ചാല്‍ സമ്പത്തുകാലം താനേ വരും എന്നോ മറ്റോ അല്ലേ ആ ഫ്യൂഡല്‍ പഴഞ്ചൊല്ല്‌ ?

Leave a Reply

Your email address will not be published. Required fields are marked *

Go Top