അച്ചു+അടക്കം =അച്ചടക്കം

ഇന്ദ്രൻ

കര്‍ക്കശ അച്ചടക്കമുള്ള പാര്‍ട്ടിയാണ്‌ സി.പി.എം. പട്ടാളത്തെ വെല്ലുന്ന അച്ചടക്കമായിരുന്നു മുമ്പൊക്കെ. പട്ടാളത്തിന്‌ ഏതെങ്കിലുമൊരു ശത്രുവിനെ നേരിട്ടാല്‍ മതി. പാര്‍ട്ടിക്കതുപോര. മുതലാളിത്തം ഫ്യൂഡലിസം സാമ്രാജ്യത്വം തുടങ്ങി അര ഡസന്‍ നിഷ്‌ഠൂര ശത്രുക്കളെ ഒരേസമയം നേരിടണം. ആ യുദ്ധത്തില്‍ തോക്കിനേക്കാള്‍ പ്രധാനമാണ്‌ അച്ചടക്കം. ഇപ്പോള്‍ യുദ്ധവും വിപ്ലവവുമൊന്നുമില്ലാത്തതുകൊണ്ട്‌ കുറച്ച്‌ സാവ്‌ധാന്‍ ആയിട്ടുണ്ടെന്നേ ഉള്ളൂ. പക്ഷേ, അച്ചടക്കത്തില്‍ വീഴ്‌ച വരുത്താറില്ല. പട്ടാളത്തില്‍ നിന്ന്‌ പിരിഞ്ഞെന്നുവെച്ച്‌ കവാത്ത്‌ നിര്‍ത്തേണ്ട കാര്യമില്ലല്ലോ. തരംകിട്ടിയാല്‍ റോഡിലൂടെ ലഫ്‌റ്റ്‌റൈറ്റ്‌ അടിക്കും. തോക്കും കുന്തവുമൊന്നുമില്ലെങ്കിലും ചെത്തിയ ഓരോ വടിയെങ്കിലും കരുതും.

വിപ്ലവം മറ്റന്നാള്‍ അല്ലെങ്കില്

വിപ്ലവും മറ്റന്നാള്‍ അല്ലെങ്കില്‍ അതിന്റെ പിറ്റേന്ന്‌ തുടങ്ങും എന്ന ജാഗ്രത പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും വെടിയാന്‍ പാടില്ല. ബ്രാഞ്ച്‌ മുതല്‍ പൊളിറ്റ്‌ ബ്യൂറോ വരെയുള്ള കമ്മിറ്റികള്‍ കൂടുന്നത്‌ സൈനികആസ്ഥാനം ആക്രമിച്ച്‌ കീഴടക്കുന്നത്‌ പ്ലാന്‍ ചെയ്യുന്ന അതേ ഗൗരവത്തില്‍ വേണം. പീടികത്തട്ടിന്മേലാണ്‌ യോഗമെങ്കിലും പുറത്തൊരു കണ്ണുണ്ടാകും. വേഷപ്രച്ഛന്നരായി സി.ഐ.എ ചാരന്മാര്‍, സാമ്രാജ്യത്വത്തിന്റെ ചെരിപ്പുനക്കികള്‍, ബൂര്‍ഷ്വാ മറ്റവന്മാര്‍, മാധ്യമസിന്‍ഡിക്കേറ്റുകാര്‍ തുടങ്ങിയ ആരും വന്നേക്കാം. അതുകൊണ്ടുതന്നെ യോഗത്തില്‍ ഒച്ചയും വാദവുമൊന്നും അധികം വേണ്ട. നേതൃത്വം പറയുന്നത്‌ കഴിയുന്നത്ര വേഗത്തില്‍ കയ്യടിച്ച്‌ പാസ്സാക്കുകയാണെങ്കില്‍ കുറെ സമയം ലാഭിക്കാം. ആ സമയത്ത്‌ പോസ്റ്റര്‍ ഒട്ടിക്കുക, ബാനര്‍കെട്ടുക, ബക്കറ്റ്‌ പിരിക്കുക തുടങ്ങിയ ക്രിയാത്മക വിപ്ലവപ്രവര്‍ത്തനങ്ങളിള്‍ ഏര്‍പ്പെടാനാവും.

ഇങ്ങനെ കണ്ണിലെ കൃഷ്‌ണമണി പോലെ പോറ്റിവളര്‍ത്തിയ അച്ചടക്കത്തിന്‌ സമീപകാലത്ത്‌ ഗ്ലാനി സംഭവിക്കുന്നത്‌ പാര്‍ട്ടി വളരെ ഗൗരവത്തേടെയാണ്‌ നിരീക്ഷിച്ചത്‌. ഒരു പ്രശ്‌നത്തിലും രണ്ട്‌ അഭിപ്രായം പുറത്ത്‌ പറയാതിരിക്കുക എന്നതാണ്‌ അച്ചടക്കത്തിന്റെ മുഖ്യലക്ഷണം. അഴിമതി ഒരു അച്ചടക്കലംഘനമല്ല, അഴിമതി ഉണ്ടെന്ന്‌ പറയുന്നതാണ്‌ അച്ചടക്കലംഘനം. ഈ അടിസ്ഥാനതത്ത്വം കുറച്ചുകാലമായി നിരന്തരം ലംഘിക്കപ്പെടുന്നു. പാര്‍ട്ടി സെക്രട്ടറിക്കെതിരായ അഴിമതി ആരോപണം രാഷ്‌ട്രീയപ്രേരിതമാണെന്ന്‌ പൊളിറ്റ്‌ ബ്യൂറോ പറഞ്ഞിട്ടും ഒരു പുന്നപ്ര-വയലാല്‍ ഫെയിം വിപ്ലവകാരിക്കുമാത്രം അത്‌ ബോധ്യമാകുന്നില്ല. പൊളിറ്റ്‌ ബ്യൂറോ പറയുന്നതല്ല, സി.ബി.ഐ.യും സിന്‍ഡിക്കേറ്റ്‌ മാധ്യമങ്ങളും പറയുന്നതാണ്‌ അദ്ദേഹത്തിന്‌ സത്യം. സംസ്ഥാന മന്ത്രിസഭയുടെ റബ്ബര്‍ സ്റ്റാമ്പ്‌ ആയ അഡ്വക്കറ്റ്‌ ജനറലിലല്ല, കോണ്‍ഗ്രസ്സിന്റെ റബ്ബര്‍സ്റ്റാമ്പായ ഗവര്‍ണറിലാണ്‌ പുള്ളിക്കാരന്‌ പെരുത്ത വിശ്വാസം. പാര്‍ട്ടി നയത്തിലും തീരുമാനത്തിലുമല്ല, രാജ്യത്തിന്റെ ഭരണഘടനയിലാണ്‌ അദ്ദേഹത്തിന്റെ കണ്ണ്‌. ഭൂമി പരന്നതാണെന്ന്‌ പാര്‍ട്ടി പറഞ്ഞാല്‍ ഉരുണ്ടതാണെന്ന്‌ തര്‍ക്കുത്തരം പറയും. പിണറായിയാണ്‌ ശരി എന്നുപറഞ്ഞാല്‍, ഞാനറിയില്ല, ഞാന്‍ മാവിലായിക്കാരനാണെന്ന്‌ ഉടന്‍ എതിര്‌ പറയും. ഇതെല്ലാം കൂടി വല്ലാത്ത സ്ഥലജനവിഭ്രാന്തിയാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. നിലം കണ്ടാല്‍ വെള്ളമാണെന്നുതോന്നും, ലാവ്‌ലിനെ കണ്ടാല്‍ ലെനിനാണ്‌ എന്നുതോന്നും, സി.പി.എമ്മിനെ കണ്ടാല്‍ കോണ്‍ഗ്രസ്സാണെന്ന്‌ തോന്നും. അങ്ങനെയാണ്‌ ജനം കോണ്‍ഗ്രസ്സിനുവോട്ടുചെയ്‌തുപോയത്‌.

ബൂര്‍ഷ്യാവ്യവസ്ഥിതിയുടെ കുഴപ്പമാണിതെല്ലാം. പലയിനം ബൂര്‍ഷ്വാ പാര്‍ട്ടികളുമായുള്ള നിരന്തര സംസര്‍ഗം കാരണം എണ്ണമറ്റ ദുഷ്ട വൈറസുകള്‍ പാര്‍ട്ടി ശരീരത്തില്‍ പ്രവേശിച്ചിരിക്കുന്നു. ദുഷ്ടുകളുടെ കാര്യത്തില്‍ പാര്‍ട്ടിയും കോണ്‍ഗ്രസ്സും ഇപ്പോള്‍ ഏതാണ്ട്‌ ഒപ്പത്തിനൊപ്പമാണ്‌. നമ്പര്‍ വണ്‍ ദുഷ്ട്‌ ഗ്രൂപ്പിസം തന്നെ. കോണ്‍ഗ്രസ്‌ സ്‌പെഷലൈസ്‌ ചെയ്‌തിട്ടുള്ള ഒരു കലാപരിപാടിയാണ്‌ ഗ്രൂപ്പിസകോല്‍ക്കളി. എന്നും അവര്‍ക്കാണ്‌ എ ഗ്രേഡ്‌. നമ്മുടെ കോല്‍ക്കളിക്ക്‌ വിഭാഗീയത എന്നാണ്‌ പറയുക. എല്ലാ പാര്‍ട്ടിക്കാരും ഗ്രൂപ്പിസമെന്നു പറയുന്ന സംഗതി തന്നെ. പൊതുവായി എല്ലാറ്റിനെയും പനി എന്നുവിളിക്കുമെങ്കിലും വൈറസിന്റെ ജനുസ്സുകള്‍ക്ക്‌ വ്യത്യാസമുണ്ടല്ലോ. ആ കണക്കുതന്നെ. വിഭാഗീയതയുണ്ടെന്ന്‌ നമ്മള്‍ നാലാള്‌ മുമ്പാകെ സമ്മതിക്കാറേ ഇല്ല. വിപ്ലവപാര്‍ട്ടിയില്‍ വിഭാഗീയതയുണ്ടെന്ന്‌ പറയുന്നത്‌ തീക്കനലില്‍ ഉറമ്പരിച്ചെന്ന്‌ പറയുംപോലെയല്ലേ. പകര്‍ച്ചപ്പനി പോലൊരു മാധ്യമസൃഷ്ടിയാണത്‌. മാധ്യമം സൃഷ്ടിച്ചതാണെങ്കിലും പടച്ചോന്‍ സൃഷ്ടിച്ചതാണെങ്കിലും രോഗം പിടിപെട്ടുകഴിഞ്ഞു. അതിന്റെ വിറയും പനിയുമിപ്പോള്‍ പാരമ്യത്തിലാണ്‌. വന്ദ്യവയോധികനായ പുന്നപ്ര വിപ്ലവകാരി പാര്‍ട്ടി പോളിറ്റ്‌ ബ്യൂറോവിന്റെ പുറത്തേക്ക്‌ തെറിച്ചുവീണുപോയത്‌ ഈ പ്രത്യേക സാഹചര്യത്തിലാണ്‌.

അഴിമതിയുണ്ടോയെന്ന്‌ നോക്കി നടന്നാല്‍ മുന്നണിയുണ്ടാക്കാനാവില്ലെന്ന്‌ പ്രകാശ്‌ കാരാട്ടുജി പറഞ്ഞതുപോലെ, അധികം അച്ചടക്കവും നോക്കി നടന്നാല്‍ പാര്‍ട്ടിയുണ്ടാകില്ല എന്ന നിലയുണ്ട്‌. അതില്‍ അധികം വേവലാതിപ്പെടാനൊന്നുമില്ല. അല്‌പം ശ്രമിച്ചാല്‍ അച്ചടക്കവും ഗ്രൂപ്പിസവും ഒന്നിച്ചുകൊണ്ടുപോകാന്‍ കഴിയും. കോണ്‍ഗ്രസ്സിലങ്ങനെയാണ്‌. രണ്ടുംതമ്മില്‍ സംഘര്‍ഷമില്ല. അച്ചടക്കലംഘനത്തിന്‌ പൊളിറ്റ്‌ ബ്യൂറോവില്‍ നിന്ന്‌ രണ്ടുപേരെ സസ്‌പെന്റ്‌ ചെയ്യപ്പെടുകയെന്നതുതന്നെ ചരിത്രത്തിലാദ്യം. പേറെടുക്കാന്‍ ചെന്ന്‌ ഇരട്ടപെറ്റു. സസ്‌പെന്റ്‌ ചെയ്യപ്പെട്ടവര്‍ ആറുമാസം കഴിഞ്ഞേപ്പോള്‍ പോയതുപോലെ മടങ്ങിവന്നതും ആദ്യസംഭവം. പണ്ടായിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കില്ല. അങ്ങനെ തിരിച്ചുപോയവരിലൊരാളെതയാണിപ്പോള്‍ ഒന്നര വര്‍ഷം കഴിഞ്ഞപ്പോള്‍ വീണ്ടും ശിക്ഷിച്ചിരിക്കുന്നത്‌. രോഗം പഴയതുതന്നെ, മരുന്നും പഴയതുതന്നെ. ഡോസ്‌ ഒരല്‌പം കൂടിയെന്നുമാത്രം. അച്ചടക്കം എന്തായാലും അച്ചുവിനെ അടക്കാതെ പറ്റില്ലല്ലോ.

ആര്‍ക്കും വിരോധമില്ല. പൊളിറ്റ്‌ ബ്യൂറോ അംഗത്വമല്ലേ നഷ്ടപ്പെട്ടുള്ളൂ, മുഖ്യമന്ത്രിസ്ഥാനം കൈയിലുണ്ടല്ലോ എന്ന്‌ ഒരുപക്ഷത്തിന്‌ ആശ്വസിക്കാം. പൊളിറ്റ്‌ ബ്യൂറോ അംഗമല്ലാത്ത മുഖ്യമന്ത്രിയെ ഇനി പൊളിറ്റ്‌ ബ്യൂറോ അംഗമായ മന്ത്രിമുഖ്യന്‌ മൂക്കുകയറിട്ട്‌ കൊണ്ടുനടക്കാമല്ലോ എന്ന്‌ മറ്റേ പക്ഷത്തിന്‌ സ്വപ്‌നംകാണാം. അച്ചടക്കത്തില്‍ ലവലേശം വിട്ടുവീഴ്‌ച ചെയ്‌തില്ല എന്ന്‌ പൊളിറ്റ്‌ ബ്യൂറോവിന്‌ മേനി നടിക്കാം. ശിഷ്ടകാലവും കേരളത്തില്‍ ഭരണമുണ്ടാവില്ലല്ലോ എന്ന്‌ കേരളീയര്‍ക്ക്‌ സമാധാനിക്കാം. വാര്‍ത്തയ്‌ക്ക്‌ ഒട്ടും മുട്ടുണ്ടാവില്ല എന്ന്‌ മാധ്യമസിന്‍ഡിക്കേറ്റുകാര്‍ക്കും ആശ്വസിക്കാം.

സകലര്‍ക്കും സന്തോഷം. പൊളിറ്റ്‌ ബ്യൂറോക്രാറ്റുകള്‍ക്ക്‌ നന്ദി.

*****

യൂത്ത്‌ കോണ്‍ഗ്രസ്സില്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ നവംനവങ്ങളായ ആശയങ്ങള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്‌. ആഭ്യന്തര ജനാധിപത്യം പരിപോഷിപ്പിക്കുന്നതിനുള്ള ശ്രമംതന്നെ. പോഷണം ഏറിയതുകൊണ്ട്‌ ജനാധിപത്യത്തിന്റെ കഥ കഴിഞ്ഞെന്നുമാത്രം. അംഗങ്ങള്‍ വോട്ടുചെയ്‌ത്‌ ഭാരവാഹികളെ കണ്ടെത്തുന്ന രീതിയാണ്‌ മിക്ക യാഥാസ്ഥിതിക സംഘടനകളിലുമുള്ളത്‌. നമ്മളത്‌ അവസാനിപ്പിച്ചു. പ്രതിഭാശാലികളെ കണ്ടെത്തുന്നതിന്‌ പുത്തന്‍ രീതികളണ്‌ ഇപ്പോള്‍ ഉപയോഗപ്പെടുത്തുന്നത്‌. ടാലന്റ്‌ ഹണ്ട്‌ എന്ന്‌ പറയും. വലിയ കോര്‍പ്പറേറ്റ്‌ സ്ഥാപനങ്ങള്‍ പ്രയോഗിക്കാറുള്ള വിദ്യയാണ്‌. നമ്മളും ഒട്ടും വ്യത്യസ്‌തരല്ലല്ലോ.

യൂത്ത്‌ കോണ്‍ഗ്രസ്സില്‍ വിജയകരമായി പരീക്ഷിച്ച വിദ്യ കെ.എസ്‌.യു.വിലേക്ക്‌ വ്യാപിപ്പിച്ചിരിക്കുകയാണ്‌. കെ.എസ്‌.യു സംസ്ഥാനപ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനുള്ള വേട്ട അടുത്താഴ്‌ച തിരുവനന്തപുരത്ത്‌ നടക്കും. എ.ഐ.സി.സി യിലെ അറിയപ്പെടുന്ന പ്രതിഭയായ ജയന്തി നടരാജനായിരിക്കുമത്രെ മുഖ്യവേട്ടക്കാരി. ഇരുപത്തേഴില്‍ താഴെ പ്രായമുള്ള ആര്‍ക്കും പങ്കെടുക്കാം. വിദ്യാര്‍ഥിയാവണമെന്നില്ല. കെ.എസ്‌.യു.ക്കാരനാവണം എന്നു നിര്‍ബന്ധമുണ്ടോ എന്നറിയില്ല.

പുത്തനെന്ന്‌ തോന്നുന്ന പലതും യഥാര്‍ഥത്തില്‍ അത്ര പുത്തനൊന്നുമല്ല എന്നതാണ്‌ സത്യം. ടാലന്റ്‌ ഹണ്ടിന്റെ കാര്യംതന്നെയെടുക്കുക. ജനാധിപത്യമൊക്കെ വരുന്നതിന്‌ മുമ്പുള്ള രാജഭരണ കാലത്ത്‌ എങ്ങനെയാവും ആവശ്യത്തിന്‌ ഭടന്മാരെയും കിങ്കരന്മാരെയും ആസ്ഥാനവിദ്യാന്മാരെയുമെല്ലാം തിരഞ്ഞെടുത്തിട്ടുണ്ടാവുക ? പി.എസ്‌.സി യൊന്നും അന്നില്ലല്ലോ. രാജാവും രാജ്ഞിയും ശിങ്കിടികളെ പറഞ്ഞയച്ച്‌ പ്രതിഭകളെ വേട്ടയാടിപ്പിടിക്കും.

ഭരിക്കപ്പെടേണ്ടവര്‍തന്നെ ഭരിക്കേണ്ടവരെ തിരഞ്ഞെടുക്കുന്നത്‌ പ്രാകൃതവുമാണ്‌. നേരെ മറിച്ചാണ്‌ വേണ്ടത്‌. മേലെയുള്ളവരാണ്‌ താഴെ താളത്തിന്‌ നിന്ന്‌ സേവിക്കേണ്ടവരെ തിരഞ്ഞെടുക്കേണ്ടത്‌. സംഘടനാതിരഞ്ഞെടുപ്പുപോലുള്ള അസംബന്ധരീതികള്‍ പതിറ്റാണ്ടുകള്‍ക്കുമുമ്പുതന്നെ കൈയൊഴിഞ്ഞ സംഘടനയാണത്‌. സേവപിടുത്തത്തിലുള്ള ടാലന്റാണ്‌ ഏറ്റവും വലിയ ടാലന്റ്‌ എന്ന്‌ അംഗീകരിച്ചുകഴിഞ്ഞാല്‍ വേറെ പ്രശ്‌നമൊന്നുമില്ല.

എഴുത്തുപരീക്ഷ, ഇന്റര്‍വ്യു, കൂട്ടയോട്ടം എന്നിവയും മൈതാനപ്രസംഗം, പിരിവു-മുഖസ്‌തുതിപറയല്‍, ബസ്സിന്‌ കല്ലെറിയല്‍, പോലീസിന്റെ തല്ല്‌ ഇരന്നുവാങ്ങല്‍, പത്ര-ചാനല്‍ ക്യാമറയ്‌ക്ക്‌ മുമ്പില്‍ ചാടിവീഴല്‍, ഖദര്‍ഷര്‍ട്ട്‌ ഇസ്‌ത്രിയിട്ട്‌ ചുളിയാതെ നിര്‍ത്തല്‍ തുടങ്ങിയവയിലുള്ള മത്സരങ്ങളുമാണ്‌ ടാലന്റ്‌ ഹണ്ടിന്റെ സിലബസ്സിലുണ്ടാവുക എന്നുകരുതുന്നു. മുന്‍കൂട്ടി ചോദ്യക്കടലാസ്‌ കിട്ടിയ ചിലര്‍ ചില ഡി.സി.സി. ഓഫീസുകളില്‍ കോച്ചിങ്‌ ആരംഭിച്ചതായും കേള്‍ക്കുന്നുണ്ട്‌.

******

കേന്ദ്രമന്ത്രിസഭയെ പിന്താങ്ങുകയോ പിന്തുണ പിന്‍വലിക്കുമെന്ന്‌ ഇടക്കിടെ പറയുകയോ ചെയ്യാത്ത പാര്‍ട്ടിയായതുകൊണ്ട്‌ ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകരൊന്നും സി.പി.എമ്മിനെ കുറച്ചായി കണ്ട ഭാവം നടിക്കാറില്ല. ദിവസം മൂന്നുനേരം ചാനല്‍ ക്യാമറയുടെ ലൈറ്റ്‌ മുഖത്തടിക്കാഞ്ഞാല്‍ എന്തോതരം അലര്‍ജി ഉണ്ടാകാറുള്ള ചില നേതാക്കള്‍ക്ക്‌ കേരളത്തിലെ ഗ്രൂപ്പിസം വലിയ ആശ്വാസം നല്‍കി. പൊളിറ്റ്‌ ബ്യൂറോ യോഗം തുടങ്ങുന്നതിന്‌ ഒരു മണിക്കൂര്‍ തൊട്ട്‌ വൈകീട്ട്‌ യോഗം പിരിഞ്ഞ്‌ കാറില്‍കയറുന്നതുവരെ മാത്രമേ മൈക്ക്‌ നേതാക്കളുടെ മൂക്കില്‍ കുത്തിക്കൊണ്ട്‌ ലേഖകര്‍ക്ക്‌ പിന്തുടാന്‍ ഇപ്പോള്‍ കഴിയുന്നുള്ളൂ പ്രേക്ഷകര്‍ ക്ഷമിക്കണം. ക്യാമറയുടെയും ലേഖകരുടെയും എണ്ണക്കുറവാണ്‌ പ്രശ്‌നം. തലേന്ന്‌ വൈകുന്നേരം മുതല്‍ ഒരോരുത്തരുടെയും വീടുകളില്‍ ചെന്ന്‌ സംഭവത്തിന്റെ തയ്യറെടുപ്പുകള്‍ ക്യാമറയിലാക്കാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല. ഒരക്ഷരം മിണ്ടാതെ കാറില്‍ കയറുന്ന നേതാക്കളെ നമുക്കുവേണ്ടത്‌ പറയുംവരെ ഘെരാവോ ചെയ്യുന്നതിനെക്കുറിച്ച്‌ ആലോചിക്കുന്നുണ്ട്‌. അല്ലെങ്കില്‍ വീട്ടിലെ കിടപ്പറ വരെ പിന്തുടരണമോ ?

Leave a Reply

Your email address will not be published. Required fields are marked *

Go Top