ബംഗാള്‍പാത നമ്മുടെ പാത

ഇന്ദ്രൻ

മീഡിയ സിന്‍ഡിക്കേറ്റുകാര്‍ക്ക്‌ പാര്‍ട്ടിയെ അടിക്കാന്‍ പുതിയ വടി കിട്ടിയിട്ടുണ്ട്‌. ഇത്തവണത്തേത്‌ പ.ബംഗാളിലെ വടിയാണ്‌. വടി ലോക്കല്‍ ആകണമെന്നൊന്നുമില്ലല്ലോ. കമ്യൂണിസ്റ്റുഭരണാധികാരികള്‍ പ്രത്യയശാസ്‌ത്രത്തിലും വരട്ടുതത്ത്വത്തിലും കടുംപിടുത്തം പിടിക്കുന്നു എന്നാണ്‌ സാധാരണ കുറ്റപ്പെടുത്താറുള്ളത്‌. ഇത്തവണ നേരെ മറിച്ചാണ്‌ പരാതി. ഇല്ലാത്ത കാര്യം പറഞ്ഞുപറഞ്ഞ്‌ സ്വയംവിശ്വസിപ്പിക്കുന്ന ഏര്‍പ്പാട്‌ നിര്‍ത്തി കുറച്ചുസത്യം പറഞ്ഞേക്കാം എന്ന്‌ കരുതിയതാവാം പ.ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ്‌ ഭട്ടാചാര്യ. മുന്‍മുഖ്യന്‍ ജ്യോതിബസു അതുശരിവെക്കുകയും ചെയ്‌തു. അപ്പോള്‍ തുടങ്ങിയതാണ്‌ കേരളത്തിലെ പത്രങ്ങളിലെ കോലാഹലം. മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി മാര്‍ക്‌സിസം വെടിയുന്നു…രക്ഷിക്കൂ, മാര്‍ക്‌സിസത്തെ രക്ഷിക്കൂ…എന്നിങ്ങനെ ഉയര്‍ന്നുമുറവിളി. പോലീസ്‌ സ്റ്റേഷനില്‍ ഇടതുകാല്‍ വെച്ചുകയറിയാല്‍ അതുപറഞ്ഞും വലതുകാല്‍ വെച്ചുകയറിയാല്‍ അതുപറഞ്ഞുമാണ്‌ തല്ലുക എന്ന്‌ പറയാറുണ്ടായിരുന്നു. മാര്‍ക്‌സിസം മാത്രമാണ്‌ രക്ഷയെന്ന്‌ പറഞ്ഞാലും കുറ്റം, മുതലാളിത്തമാണ്‌ മാര്‍ഗം എന്നുപറഞ്ഞാലും കുറ്റം. ജീവിച്ചുപോകാന്‍ സമ്മതിക്കില്ല എന്നുവെച്ചാല്‍ എന്തുചെയ്യും.

ബുദ്ധദേവിന്റെയും ബസുവിന്റെയും ഡയലോഗുകള്‍ മീഡിയ സിന്‍ഡിക്കേറ്റുകാരില്‍ ഉണ്ടാക്കിയ പരിഭ്രാന്തി കണ്ടാല്‍ തോന്നുക ഇന്ത്യയില്‍ ഇത്രയും കാലം കമ്യൂണിസം കൊണ്ടുവരാന്‍ കഠിനപരിശ്രമം ചെയ്‌തുപോന്നത്‌ പത്രക്കാരാണ്‌ എന്നാണ്‌. അവരുടെ കഠിനപരിശ്രമത്തിന്‌ മാര്‍ക്‌സിസ്റ്റുകാര്‍ തുരങ്കം വച്ചിരിക്കുന്നു എന്ന മട്ട്‌. വാസ്‌തവത്തില്‍ എന്താണ്‌ ബസു-ഭട്ടാചാര്യമാര്‍ പറഞ്ഞത്‌ ? പ.ബംഗാളിന്റെ വികസനം മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ മുതലാളിത്തത്തിന്‌ ബദലില്ല…മുതലാളിത്ത പാതയല്ലാതെ വേറെ പാതയില്ല…മൂലധനം എവിടെ നിന്നാണ്‌ കൊണ്ടുവരിക ? ഇത്രയുമാണ്‌ ഗണശക്തി പത്രത്തിന്റെ(ഇതുസിന്‍ഡിക്കേറ്റ്‌ പത്രമല്ല, പാര്‍ട്ടി പത്രമാണ്‌) 42 ാം ജന്മദിനച്ചടങ്ങില്‍ ബുദ്ധന്‍ പറഞ്ഞത്‌. അപ്പോഴേക്കുംതന്നെ തീവ്രവിപ്‌ളവകാരികളായ ആര്‍.എസ്‌.പി.ക്കാരും ഫോര്‍വേഡ്‌ ബ്ലോക്കുകാരും കൊടുവാളെടുത്തുകഴിഞ്ഞിരുന്നു. അവരുടെ രോഷം നമുക്ക്‌ മനസ്സിലാക്കാവുന്നതേ ഉള്ളു. കമ്യൂണിസത്തിന്‌ തീവ്രത പോരാഞ്ഞിട്ട്‌ റവല്യൂഷണറി സോഷ്യലിസം ഉണ്ടാക്കിയവരാണല്ലോ ആര്‍.എസ്‌.പിക്കാര്‍. അവര്‍ വിപ്‌ളവം ഏതാണ്ട്‌ പൂര്‍ത്തിയാക്കിഭരണകൂടം പിടിച്ചെടുത്തുതുടങ്ങിയതായിരുന്നുവല്ലോ ! ഫോര്‍വേഡ്‌ ബ്‌ളോക്കാവട്ടെ, ഇങ്ങ്‌ കേരളത്തില്‍ നാലുപേരറിയാത്ത പാര്‍ട്ടിയാണെങ്കിലും ചരിത്രത്തില്‍ വലിയ പാര്‍ട്ടിയാണ്‌. സാക്ഷാല്‍ നേതാജി സുഭാഷ്‌ ചന്ദ്രബോസ്‌ 1939 ല്‍ രൂപവല്‍ക്കരിച്ചതാണ്‌ അതിന്റെ ആദിരൂപം. കമ്യൂണിസവുംവിപ്‌ളവവുമെല്ലാം പിന്നീട്‌ വന്നുചേര്‍ന്നതാണ്‌. 294 നിയമസഭാസീറ്റ്‌ ഉള്ള പ.ബംഗാളില്‍ ഇരുപത്തഞ്ച്‌ സീറ്റില്‍ പരസഹായംകൊണ്ട്‌ വന്‍ശക്തിയാണ്‌. പിന്നെ ജാര്‍ഖണ്ഡിലും തമിഴ്‌ നാട്ടിലുമാണ്‌ രണ്ടും ഒന്നും നിയമസഭാസീറ്റുകളുള്ളത്‌. അത്രവലിയ ഒരു പാര്‍ട്ടിക്ക്‌ രാജ്യത്ത്‌ കമ്യൂണിസം വരുത്താന്‍ സി.പി.എമ്മിനേക്കാള്‍ വലിയ ഉത്തരവാദിത്തമാണല്ലോ.

ബുദ്ധദേവിന്‌ താങ്ങായി രംഗത്തുവന്ന ബസു പറഞ്ഞതും അതുതന്നെയാണ്‌. സോഷ്യലിസം വിദൂരത്താണ്‌. നാം പ്രവര്‍ത്തിക്കുന്നത്‌ മുതലാളിത്തവ്യവസ്ഥയിലാണ്‌. സ്വകാര്യമൂലധനമാണ്‌ വ്യവസായവല്‍ക്കരണത്തിന്‌ ഉപയോഗിക്കുന്നത്‌….ഇപ്പറഞ്ഞതില്‍ എന്തെങ്കിലും തെറ്റുണ്ടോ എന്നുപറയാന്‍ അദ്ദേഹം ആര്‍.എസ്‌.പി.-ഫോര്‍വേഡ്‌ ബ്‌ളോക്ക്‌ വിപ്‌ളവകാരികളെ വെല്ലുവിളിക്കുകയും ചെയ്‌തു. ആരുമിതുവരെ മിണ്ടിയിട്ടില്ല.

വിമര്‍ശകര്‍ പറയുന്നത്‌ കേട്ടാല്‍ തോന്നുക പ.ബംഗാളില്‍ കമ്യൂണിസം ഏതാണ്ട്‌ സ്ഥാപിതമാകുന്ന ഘട്ടം വന്നപ്പോള്‍ പൊടുന്നനെ ബുദ്ധദേവന്‍ കുടംനിലത്തിട്ട്‌ ഉടച്ചുകളഞ്ഞു എന്നാണ്‌. സത്യമെന്താണ്‌. ? 1957ല്‍ ആദ്യമായി ബാലറ്റ്‌ പെട്ടിയിലൂടെ അധികാരത്തില്‍ വന്ന മുഖ്യമന്ത്രി സഖാവ്‌ ഇ.എം.എസ്‌ പറഞ്ഞതും ഇപ്പോള്‍ ബുദ്ധദേവന്‍ പറഞ്ഞതുതന്നെയായിരുന്നു. ഇതുമുതലാളിത്തവ്യവസ്ഥയാണ്‌. ബൂര്‍ഷ്വാഭരണക്രമമാണ്‌. കേന്ദ്രത്തിന്റെ വ്യവസ്ഥകളനുസരിച്ചേ ഭരിക്കാനാവൂ. എന്നെല്ലാം പറഞ്ഞുകൊണ്ടുതന്നെയാണ്‌ അന്ന്‌ ബിര്‍ലയെ പാട്ടിലാക്കിക്കൊണ്ടുവന്ന്‌ കഷ്ടപ്പെട്ട്‌ മാവൂരില്‍ ഗ്വോളിയോര്‍ റയോണ്‍സ്‌ തുടങ്ങിച്ചത്‌. കുത്തകകളുടെ ആസ്‌തി കോണ്‍ഗ്രസ്‌ ഭരണത്തിന്‍കീഴില്‍ വര്‍ദ്ധിക്കുന്നതിന്റെ കണക്ക്‌ പ്രസിദ്ധപ്പെടുത്തുമ്പോള്‍ മാവൂരിലെ ബിര്‍ലയുടെ ആസ്‌തിയുടെ കണക്കും പാര്‍ട്ടിപത്രം പ്രസിദ്ധപ്പെടുത്താറുണ്ടായിരുന്നു എന്നത്‌ വേറെ കാര്യം. ആകെ ഒരു വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. ഉടന്‍ സോഷ്യലിസം വന്നാല്‍ പാര്‍ട്ടി ബിര്‍ലയുടെ സ്വത്ത്‌ പിടിച്ചെടുക്കുമെന്നും അതുവരെ സഹിച്ചാല്‍ മതിയെന്നും സഖാക്കളെ വിശ്വസിപ്പിക്കാന്‍ അന്ന്‌ കഴിഞ്ഞിരുന്നു. മരിക്കുന്നതിന്‌ മുമ്പ്‌ ഇ.എം.എസ്‌ ആ തെറ്റിദ്ധാരണയും നീക്കി. അടുത്ത കാലത്തൊന്നും സോഷ്യലിസം വരില്ല എന്ന്‌ ഉറപ്പാണെന്ന്‌ അദ്ദേഹം പാര്‍ട്ടിപത്രത്തില്‍ത്തന്നെ എഴുതിയതാണ്‌. ബസുവും ഭട്ടാചാര്യയും എന്താണ്‌ അതില്‍ കൂടുതല്‍ പറഞ്ഞിരിക്കുന്നത്‌ ?

ആകപ്പാടെ ഇക്കാര്യത്തില്‍ ബേജാറുണ്ടാകേണ്ട ഒരേ ഒരാള്‍ പാര്‍ട്ടിസെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ മാത്രമാണ്‌. സോഷ്യലിസ്റ്റ്‌ ലക്ഷ്യം പാര്‍ട്ടി കൈവെടിഞ്ഞിട്ടില്ല, ഇതിപ്പോഴും ഒരു വിപ്‌ളവപാര്‍ട്ടിയാണ്‌, സോഷ്യല്‍ ഡമോക്രാട്ടിക്‌ പാര്‍ട്ടി അല്ലേ അല്ല, വിപ്‌ളവത്തിന്‌ ഇനി അധികം താമസമൊന്നുമില്ല, പാര്‍ട്ടിപരിപാടിയുടെ അന്തസ്സത്തയില്‍ നിന്ന്‌ പ.ബംഗാള്‍ഘടകം വ്യതിചലിച്ചിട്ടില്ല എന്നെല്ലാം കേന്ദ്രക്കമ്മിറ്റി മുതല്‍ താഴെ ലോക്കല്‍ കമ്മിറ്റി വരെയുള്ളവരെ ബോധ്യപ്പെടുത്തുക ചില്ലറക്കേസല്ല. പണ്ട്‌, ഇ.എം.എസ്‌ തെറ്റുപറഞ്ഞാലും ആരും ചോദ്യംചെയ്യുമായിരുന്നില്ല, ഇന്ന്‌ കാരാട്ട്‌ ശരി പറഞ്ഞാലും ചോദ്യം ചെയ്യുന്നു. വല്ലാത്ത കാലം !

************
സഖാവ്‌ വി.എസ്‌.അച്യുതാനന്ദസ്വാമി ശബരിമല കയറിയത്‌ എന്തിന്‌ എന്നതുസംബന്ധിച്ച്‌ പല അഭ്യൂഹങ്ങളും നിലനില്‍ക്കുന്നുണ്ട്‌. ജി.സുധാകരന്‍സ്വാമി നേരത്തെ കയറിയെത്തിയിരുന്നു എന്നതോ മന്ത്രി ശ്രീമതി മാളികപ്പുറത്തമ്മ ഒപ്പമുണ്ടായിരുന്നു എന്നതോ മൂപ്പന്‍സ്വാമിയുടെ മലകയറ്റത്തിന്റെ ദുരൂഹത മാറ്റുന്നില്ല. അവിടെപ്പോയിട്ട്‌ അദ്ദേഹം എന്താണ്‌ ചെയ്‌തത്‌ ? പതിനെട്ടാംപടികയറിയോ ? അയ്യപ്പന്‌ ശരണം വിളിച്ചുവോ ? അരവണ വാങ്ങിക്കഴിച്ചുവോ ? സുധാകര-ഗുപ്‌തശല്യങ്ങളില്‍ നിന്ന്‌ ഭക്തജനങ്ങളെ മോചിപ്പിക്കാമെന്ന്‌ ഉറപ്പുനല്‍കിയോ ? ….ഒന്നും ചെയ്‌തില്ല. അതെല്ലാം വൈരുധ്യാധിഷ്‌ഠിതഭൗതികവാദത്തിന്‌ വിരുദ്ധമാണ്‌. ആസ്‌പത്രി ഉദ്‌ഘാടനം ചെയ്യാന്‍ ആരോഗ്യമന്ത്രി മതി. എണ്‍പത്തിനാലാം വയസ്സില്‍ മുഖ്യമന്ത്രി മലകയറി വിയര്‍ത്തൊലിച്ചുച്ചെല്ലാന്‍ മാത്രം ഗൗരവം അതിനുമില്ല. അതുകൊണ്ടാണ്‌ ചിലരെങ്കിലും പറയുന്നത്‌, ശബരിമലകയറ്റവും രാഷ്‌ട്രീയപ്രവര്‍ത്തനമാണ്‌ എന്ന്‌. പൂയംകുട്ടികയറുന്നതും മതികെട്ടാന്‍ ക യറുന്നതും മൂന്നാര്‍ കയറുന്നതും പോലെ രാഷ്‌ട്രീയപ്രവര്‍ത്തനം തന്നെ.
മുഖ്യമന്ത്രിക്ക്‌ വേറൊരു പ്രശ്‌നവുമുണ്ട്‌. ഇടയ്‌ക്കിടെ മലകയറിയില്ലെങ്കില്‍ മസില്‌ മുറുകിപ്പോകും, അല്ലെങ്കില്‍ കാലുതരിക്കും. പ്രതിപക്ഷനേതാവായിരുന്നപ്പോള്‍ ഉണ്ടായ അസുഖമാണ്‌. അന്ന്‌ കേരളത്തിലെ ഒരു വിധപ്പെട്ട മലയും കുന്നുമെല്ലാം അദ്ദേഹം പാഞ്ഞുകയറിയതാണ്‌. അതുകൊണ്ട്‌ പ്രയോജനമുണ്ടാകുകയും ചെയ്‌തു. മുഖ്യമന്ത്രിയായതില്‍പ്പിന്നെ അതിന്‌ അധികം ചാന്‍സ്‌ കിട്ടുന്നില്ല. ഇടക്കൊന്നുകയറിയില്ലെങ്കില്‍ രക്തസമ്മര്‍ദ്ദം കുറഞ്ഞുപോകും. അതുകൊണ്ടാണ്‌ അദ്ദേഹം വെള്ളംകുടിക്കാതെ ശബരിമല കയറിയത്‌. പ്രശ്‌നങ്ങളുള്ള മലയേ മുഖ്യമന്ത്രി കയറാറുള്ളൂ. വെറുതെ ആനമലയില്‍ പാഞ്ഞുകയറുകയില്ല. ഭാഗ്യവശാല്‍ സുധാകര ഗുപ്‌തന്മാര്‍ വേണ്ടത്ര പ്രശ്‌നങ്ങള്‍ ശബരിമലയില്‍ ഉണ്ടാക്കിവെച്ചിരുന്നു.

പക്ഷേ, മലകയറുന്നതിന്റെ രാഷ്‌ട്രീയം പക്ഷേ ഇതൊന്നുമല്ല. ശബരിമലയില്‍ സീസണ്‍കാലത്ത്‌ ഒരു വോട്ടെടുപ്പുനടത്തിയാല്‍ സി.പി.എമ്മിന്‌ ഭൂരിപക്ഷം കിട്ടും എന്നാരോ മുമ്പ്‌ കണക്കുകൂട്ടിയിരുന്നു. രണ്ടുംകൂട്ടിവായിക്കുന്നവര്‍ക്ക്‌ കാര്യം മനസ്സിലാകും- മുഖ്യമന്ത്രി അണികളുടെ മനസ്സിന്റെ ഉയരത്തിലേക്കാണ്‌ കയറാന്‍ നോക്കിയത്‌. വി.എസ്സിന്റെ കാലം തീരാറായി എന്ന്‌ ചിലരിവിടെ പറഞ്ഞുനടക്കുന്നുണ്ട്‌. അതുപറഞ്ഞാണവര്‍ പാര്‍ട്ടിതിരഞ്ഞെടുപ്പുകളില്‍ വി.എസ്‌ പക്ഷത്തിനെതിരെ ആളെക്കൂട്ടിയത്‌. അവരറിയട്ടെ, മുഖ്യമന്ത്രിക്കെത്ര സ്‌റ്റാമിന ബാക്കിയുണ്ടെന്ന്‌. വീരശൂരപരാക്രമികളായി നടക്കുന്നവരുടെ സ്റ്റാമിന ഇതിന്റെ അടുത്തുവരുമോ എന്ന്‌ താരതമ്യപ്പെടുത്തട്ടെ.

സാഹസത്തിന്റെ സമയം അല്‌പം വൈകിയോ എന്ന്‌ സംശയമുണ്ട്‌. പാര്‍ട്ടിയില്‍ ഇപ്പോള്‍ വേറൊരു മലകയറ്റത്തിന്റെ സീസണ്‍ ഏതാണ്ട്‌ അവസാനിച്ച്‌ നടയടച്ചുതുടങ്ങിയിരിക്കുന്നു. ശബരിമലയില്‍ വര്‍ഷംതോറും നടക്കുന്നതാണ്‌ മലകയറ്റം. പാര്‍ട്ടിയില്‍ മൂന്നുവര്‍ഷത്തിലൊരിക്കല്‍ അതുനടക്കും. പാര്‍ട്ടിയിലെ അധികാരത്തിന്റെ ഉയരത്തിലേക്ക്‌ ആരെ കയറ്റിയിരുത്തണമെന്ന്‌ ആലോചിച്ച്‌ സഖാക്കള്‍ തലപുകയ്‌ക്കും. ഇത്തവണ ചില്ലറയൊന്നുമല്ല പുകയ്‌ച്ചത്‌. ഇതിന്റെ അവസാനമായിരിക്കുന്നു. സഖാവ്‌ അച്യുതാനന്ദന്‍ ജനപ്രീതിയുടെ മലമുകളില്‍ അധിവാസം തുടരുന്നുണ്ടെങ്കിലും പാര്‍ട്ടിയിലെ അധികാരസ്രേണിയില്‍ താഴേക്ക്‌ പതിച്ചുകഴിഞ്ഞിരിക്കുന്നു. മലയിറക്കമാണ്‌ അവിടെ നടക്കുന്നത്‌. ശബരിമല അയ്യപ്പന്‍ വിചാരിച്ചാലും തുണയ്‌ക്കാനാകുമെന്ന്‌ തോന്നുന്നില്ല. പതിനാലുജില്ലകളുള്ളതില്‍ മൂന്നിടത്തൊഴികെ ഔദ്യോഗികപക്ഷം വിജയം നേടിക്കഴിഞ്ഞു, ഇല്ല, മുഖ്യമന്ത്രിസ്ഥാനത്ത്‌ നിന്ന്‌ പിണറായി വിജയന്‍ വി.എസ്സിനെ ഇറക്കിവിടുകയൊന്നുമില്ല. അത്തരമൊരു ദുര്‍വിചാരം പിണറായിയില്‍ ഉണ്ടാവാതിരിക്കാന്‍ അയ്യപ്പസ്വാമി തുണയ്‌ക്കുമെന്ന്‌ ്‌ പ്രതീക്ഷിക്കാം. ചരിത്രത്തിലാദ്യമായി ശബരിമല കയറിയ കമ്യൂണിസ്റ്റ്‌ മുഖ്യമന്ത്രിയെ അയ്യപ്പന്‍ തുണക്കാതിരിക്കില്ല, വേറെയാരും തുണയില്ലേ….സ്വാമി ശരണം.
***********
വല്ല ബൂര്‍ഷ്വാപാര്‍ട്ടിയിലുമായിരുന്നെങ്കില്‍ വി.എസ്സിന്റെ സ്ഥിതി ഇതാകുമായിരുന്നില്ല. ജനപിന്തുണ ആര്‍ക്കാണോ ആ ആളാണ്‌ ബൂര്‍ഷ്വാപാര്‍ട്ടിയില്‍ നേതാവാകുക. ഓരോ ബൂര്‍ഷ്വാസമ്പ്രദായങ്ങള്‍ എന്നല്ലാതെന്ത്‌ പറയാന്‍. കമ്യൂണിസ്റ്റ്‌ പാര്‍ട്ടി അലമ്പ്‌ ബൂര്‍ഷ്വാ പാര്‍ട്ടിയല്ല. ജനപിന്തുണയുടെ ഉമ്മാച്ചി കാട്ടി കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയെ പേടിപ്പിക്കാന്‍ നോക്കേണ്ട.

കോട്ടയം സംസ്ഥാനസമ്മേളനത്തോടെ പാര്‍ട്ടിയിലെ വിഭാഗീയത എന്ന കേന്‍സര്‍ ഇല്ലാതാക്കുമെന്ന്‌ സഖാവ്‌ പിണറായി പ്രഖ്യാപിച്ചിട്ടുണ്ട്‌. ആ ശ്രമത്തില്‍ മുഴുകിക്കഴിയുകയായിരുന്നു പാര്‍ട്ടി നേതൃത്വം. ചെയ്യാവുന്നതൊക്കെച്ചെയ്‌തു. വെട്ടിനിരത്തേണ്ടിടത്ത്‌ വെട്ടിനിരത്തി. സമവായം ഉണ്ടാക്കേണ്ടിടത്ത്‌ അതുണ്ടാക്കി. തോല്‍ക്കുമെന്ന്‌ ഉറപ്പുള്ളേടത്ത്‌ മത്സരിക്കാതെ പരമാവധി സ്ഥാനംചോദിച്ചെടുക്കുകയും ജയിക്കുന്നേടത്ത്‌ മത്സരിച്ച്‌ മറ്റേ ഗ്രൂപ്പിന്‌ ഒന്നും കിട്ടാതാക്കുകയും ചെയ്യുന്നതിനാണ്‌ വിഭാഗീയത ഇല്ലാതാക്കല്‍ എന്നുപറയാറുള്ളത്‌. ആ അര്‍ഥത്തില്‍ പാര്‍ട്ടിയില്‍ വിഭാഗീയത ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്‌. കോട്ടയം സമ്മേളനത്തോടെ എല്ലാം മംഗളമായി കലാശിക്കും.

ജനങ്ങള്‍ക്കിടയില്‍ പിന്തുണയില്ലെങ്കിലും പാര്‍ട്ടിയില്‍ സര്‍വസമ്മതനാകാം. സംസ്ഥാനത്തെ ജനങ്ങളുടെ ആകെ അകമഴിഞ്ഞ പിന്തുണ ഉണ്ടായാലും ആള്‍ പാര്‍ട്ടിയുടെ സംസ്ഥാനക്കമ്മിറ്റിയിലേക്ക്‌ പോലും തിരഞ്ഞെടുക്കപ്പെടണമെന്നില്ല. അതാണ്‌ ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ പ്രത്യേകത. പാര്‍ട്ടി സെക്രട്ടറിക്ക്‌ ജനങ്ങള്‍ തിരഞ്ഞെടുത്ത മുഖ്യമന്ത്രിയെ ചൊല്‍പ്പടിക്ക്‌ നിറുത്താം. ഇതാണ്‌ ജനാധിപത്യം.

ബൂര്‍ഷ്വാ പാര്‍ട്ടികള്‍ക്കാണ്‌ ഭൂരിപക്ഷം കിട്ടുന്നതെങ്കില്‍ മുഖ്യമന്ത്രിയും മന്ത്രിമാരുമാണ്‌ ഭരിക്കുക. നയങ്ങള്‍ക്ക്‌ രൂപം നല്‍കുകന്ന പണിയേ പാര്‍ട്ടി ചെയ്യൂ. ഭരണത്തില്‍ ഇടപെടുകയില്ല. ഇടപെടാന്‍ പാടില്ല എന്നാണ്‌ തത്ത്വം. ഇടപെടുകയാണ്‌ ഇവരുടെ പ്രധാനതൊഴിലെന്നത്‌ വേറെ കാര്യം. പാര്‍ട്ടി സെക്രട്ടറിയെ വിളിച്ച്‌ മുഖ്യമന്ത്രി ആജ്ഞകള്‍ പുറപ്പെടുവിക്കുകയില്ല, മറിച്ചുമില്ല. തൊഴിലാളിവര്‍ഗപാര്‍ട്ടിയില്‍ അതല്ല സ്ഥിതി. നാട്ടിലെന്താണ്‌ നടക്കുന്നതെന്നും എന്താണ്‌ താന്‍ ചെയ്യേണ്ടതെന്നും ആലോചിച്ച്‌ മുഖ്യമന്ത്രി തല പുണ്ണാക്കേണ്ട കാര്യമൊന്നുമില്ല. അപ്പണി പാര്‍ട്ടി ചെയ്‌തുകൊള്ളും. മുഖ്യമന്ത്രി ടി.വി.കണ്ടും ശ്രോതാക്കള്‍ക്ക്‌ മറുപടി നല്‍കിയും തട്ടുകട ഉദ്‌ഘാടനം ചെയ്‌തും കഴിഞ്ഞുകൂടിയാല്‍ മതി. കാലാവധി തീരും വരെ ഭരണത്തിലിരിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

Go Top