ആര്.ബാലകൃഷ്ണപ്പിള്ളയക്കും എ.കെ.ബാലനും ശിവദാസമേനോനും കടവൂര്‍ ശിവദാസനും തമ്മില്‍ പൊതുവായി എന്തുണ്ട് എന്നു ചോദിച്ചാല്‍ കുഴങ്ങിപ്പോവുകയേ ഉള്ളൂ. മോരും മുതിരയും ആടും ആടലോടകവും കടലും കടലാടിയും ഒക്കെ തമ്മിലെന്ത് ബന്ധം എന്ന് ചോദിക്കും പോലെയേ ആര്‍ക്കും തോന്നൂ. പക്ഷേ കാര്യമങ്ങനെയൊന്നുമല്ല. രാഷ്ട്രീയമായി ഏത് ധൃവത്തില്‍ നിന്നാലും ശരി ഒരു പ്രശ്നത്തില്‍ ഇവര്‍ ഒരേ ഭാഷയിലാണ് സംസാരിക്കുക. ഏകസ്വരത്തിലും അതാണ് ആ നിഗൂഡബന്ധം…ബാലനാണോ ബാലകൃഷ്ണപ്പിള്ളയാണോ സംസാരിക്കുന്നത് എന്ന് തിരിച്ചറിയില്ല. ഒരേ വാക്കുകള്‍, ഒരേ പരിഹാസം, ഒരേ രോഷം….. വൈദ്യൂതിമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വൈദ്യുതി ഭവന് ആസ്ഥാനത്ത് ഒന്നോ രണ്ടോ ദിവസം കഴിച്ചുകൂട്ടിയാല്‍ മതി… ബാലനെയും കാര്ത്തികേയന്ജിയെയും ഒരേ അച്ചില്‍ വാര്‍ത്ത വൈദ്യുതി മന്ത്രിയാക്കാന്‍ ആ ആസ്ഥാനത്തിന് കഴിയും.
മന്ത്രിമാരെ കുറ്റപ്പെടുത്താന്‍ പറ്റില്ല. വീട്ടിലെ കിടപ്പുമുറിയിലെ വിളക്ക് ഓഫ് ആക്കിയ ബന്ധം മാത്രമാണ് നമ്മുടെ പല ജനനേതാക്കള്‍ക്കും വൈദ്യുതിയുമായി ഉണ്ടായിരിക്കുക. കൂടിയാല്‍, നാട്ടില്‍ കറന്റ് പോയ കാര്യമോ എവിടെയെങ്കിലും പോസ്റ്റ് ഇല്ലാത്തതു കൊണ്ട് കറന്റ് കിട്ടാത്ത കാര്യമോ എഞ്ചിനീയറെ വിളിച്ചുപറഞ്ഞ ബന്ധവും കണ്ടേക്കും. അവിടെ നിന്ന് നേരെ പിടിച്ചുകൊണ്ടുപോയി വൈദ്യുതി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിച്ചാല്‍ ആ നിമിഷം തുടങ്ങും ആളുകളുടെ ചോദ്യങ്ങള്‍…വേനല്‍ക്കാലത്ത് പവര്കട്ടുണ്ടാകുമോ പൂയംകുട്ടിയില്‍ പദ്ധതി വരുമോ സൈലന്റ് വാലിയും പാത്രക്കടവും തമ്മില്‍ എന്തകലം ? വാട്ട് എന്താണ് വാട്ടീസ് എന്താണ് എന്ന് മനസ്സിലാക്കിയെടുക്കാന്‍ തന്നെ ചില്ലറയൊന്നുമല്ല കഷ്ടപ്പാട്. പ്രസംഗം തയ്യാറാക്കാനും നിയമസഭയില്‍ ചോദ്യത്തിന് മറുപടി പറയാനും കേന്ദ്രന്റ ഉദ്യോഗസ്ഥരുമായി സംസാരിക്കാനും എല്ലാം തന്നെ വൈദ്യൂതിഭവനിലെ താപ്പാനകളുടെ സഹായം വേണം. എഴുതിത്തരുന്ന പ്രസംഗത്തിന്റെ അര്‍ഥമൊന്നും ശരിക്ക് മനസ്സിലായില്ലെങ്കിലും പ്രസംഗം വായിക്കാതെ പറ്റില്ല. മനസ്സിലായതേ വായിക്കൂ എന്ന് തീരുമാനിച്ചാല്‍ പിന്നെ അധികമൊന്നും വായിക്കേണ്ടിവരില്ല.
സത്യപ്രതിജ്ഞ ചെയ്ത മന്ത്രിക്ക് വൈദ്യൂതിമേധാവികള് പ്രത്യേകമായ ട്രെയിനിങ്ങ് പ്രിസ്ക്രൈബ് ചെയ്യും. സിവില്‍ സര്‍വീസ് താപ്പാനകള്‍ ഇതിനെ ഹൗസ ്ട്രെയിനിങ്ങ് എന്നു വിളിക്കാറുണ്ട്. മന്ത്രിയായി വരുന്നത് ലോവോള്‍ട്ടേജ് രാഷ്ട്രീയക്കാരനാണോ അതല്ല കൂടിയ വോള്‍ട്ടേജ് ഉള്ള പാര്‍ട്ടിയാണോ എന്നവര്‍ നിരീക്ഷിച്ച് മനസ്സിലാക്കും. കൂടുതലുള്ളതിനെ കുറച്ചുകൊണ്ടുവന്ന് ലോ വോള്‍ട്ടേജോ നോ വോള്‍ട്ടേജോ ആക്കാന്‍ ഹൗസ ്ട്രെയിനിങ്ങിലൂടെ കഴിയും. അപൂര്‍വം ചിലരുടെ അടുത്തുമാത്രം ഈ വിദ്യയൊന്നും പറ്റില്ല. ഇതൊരു തരം ലോഡ്ഷെഡ്ഡിങ്ങ് ആണ്,പവര്‍കട്ട് എന്നും പറയാം. പവറാണല്ലോ മന്ത്രിമാരുടെ കൈയിലുള്ള ഏകസാധനം. അത് കട്ടാക്കിയാല്‍ സര്‍വതും തീരും. ഹൗസ് ട്രെയിനിങ്ങ് കഴിഞ്ഞാല്‍ മന്ത്രിയും മുന്‍മന്ത്രിയും ബോര്‍ഡ് ചെയര്‍മാനും മൂഖ്യമന്ത്രിയും ഇ.ബാലാനന്ദനും സംസാരിക്കുന്നത് ഒറ്റ ഭാഷയിലായിരിക്കും. അക്ഷരത്തിലെ നീട്ടലോ കുറുക്കലോ വ്യത്യാസപ്പെട്ടേക്കാം, വേറെ വ്യത്യാസമൊന്നും കാണില്ല.
ഹൗസ് ട്രെയ്നിങ്ങ് സിലബസ്സിന്റെ ആദ്യത്തെ അദ്ധ്യായം പരിസ്ഥിതിവാദം എന്ന സംഗതി ലോകത്തിന് ചെയ്തുകൊണ്ടിരിക്കുന്ന ഉപദ്രവങ്ങളെ കുറിച്ച് ബോധ്യപ്പെടുത്തുക എന്നതാണ്. അല്‍ഖൈ്വദ, ലക്ഷ്വറി തോയ്ബ എന്ന് തുടങ്ങിയ ചില കൊടുംതീവ്രവാദപ്രസ്ഥാനങ്ങള് കഴിഞ്ഞാല്‍ മാനവരാശിക്ക് വമ്പന്‍ ദ്രോഹങ്ങള്‍ ചെയ്യുന്ന പ്രസ്ഥാനം പരിസ്ഥിതിപ്രസ്ഥാനമാണ് എന്ന് നാട്ടുകാരെ ബോധ്യപ്പെടുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. എഴുപതുകളില്‍ ആദ്യസൈലന്റ് വാലി വിവാദത്തിന് ശേഷമാണ് ഈ അധ്യായം സിലബസ്സില്‍ ചേര്‍ത്തത്. ആര്.ബാലകൃഷ്ണപ്പിള്ള പരിസ്ഥിതിവാദികളെ രാജ്യദ്രോഹികളായാണ് കണക്കാക്കിയിരുന്നത്. ദീര്‍ഘകാലം അദ്ദേഹം വൈദ്യുതി കൈകാര്യം ചെയ്തതിന്റെ ഫലമായി ഭാരതപ്പുഴയ്ക്ക് വടക്ക് വീടുകളില്‍ പകലല്ലാതെ ബള്‍ബ് തെളിക്കാന്‍ പറ്റില്ല എന്ന നിലയുണ്ടാക്കിയിരുന്നു. രാത്രി സ്വിച്ചിടാം, പക്ഷേ ബള്‍ബ് തെളിയുന്നുണ്ടോ എന്നറിയാന്‍ വേറെ ടോര്‍ച്ചടിച്ച് നോക്കേണ്ടവിധം വോള്‍ട്ടേജിന്റെ നില ദയനീയമായി. പരിസ്ഥിതിവാദികള്‍ സൈലന്റ് വാലിക്കാര്യത്തില് ചെയ്ത ദ്രോഹം കൊണ്ടുണ്ടായതാണ് ഈ ദുരന്തം എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ അവര്‍ വിജയിച്ചിരുന്നു.
സ്ഥാനമേറ്റ് നിശ്ചിതദിവസത്തിനകം പരിസ്ഥിതിവാദികള്‍ക്കെതിരെ പ്രസംഗം ,പ്രസ്താവന എന്നിവ സ്വയം ഉദ്്ഘാടനം ചെയ്തുകൊണ്ടുവേണം വൈദ്യുതിമന്ത്രി ഹൗസ് ട്രെയിനിങ്ങിന്റെ വിജയകരമായ പൂര്‍ത്തീകരണം പ്രഖ്യാപിക്കേണ്ടത്. മുപ്പതുകൊല്ലം മുമ്പ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രശസ്ത ശാസ്ത്രജ്ഞന് ഡോ. എം.ജി.കെ.മേനോനെ വിട്ട് അന്വേഷിപ്പിച്ച ശേഷം വേണ്ട എന്ന് തീരുമാനമെടുത്ത് ഉപേക്ഷിച്ച സൈലന്റ് വാലി പദ്ധതി പുനരുജ്ജീവിപ്പിക്കണം എന്ന് പ്രഖ്യാപിക്കുകയാണ് ആദ്യടെസ്റ്റ് . സമീപകാലത്ത് ഒരു വിട്ടുവീഴ്ചക്ക് വൈദ്യുതി മേധാവികള്‍ സന്നദ്ധരായിട്ടുണ്ട്. സൈലന്റ് വാലി എന്ന പഴയ പേര് തന്നെ വേണം എന്ന് അവരിപ്പോള്‍ നിര്‍ബന്ധം പിടിക്കാറില്ല, പാത്രക്കടവ് എന്നായാലും മതി. മന്ത്രിയുടെ പ്രസ്താവനയോ പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതായുള്ള സര്‍ക്കാര്‍ പത്രക്കുറിപ്പോ വരുന്നതോടെ അതിനെ ചോദ്യം ചെയ്തുകൊണ്ട് പരിസ്ഥിതിവാദികള്‍ കൂട്ടത്തോടെ രംഗത്തുവരും. ഉടനെ മന്ത്രി അവരെ ക്രുദ്ധനായി കടന്നാക്രമിക്കും. മന്ത്രിയുടെ തലയില്‍ വൈദ്യുതി നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്, മറ്റെല്ലാം മറന്നിരിക്കുന്നു എന്ന് ആക്രമണത്തിന്റെ നില കണ്ടാല്‍ അറിയാം.
പരിസ്ഥിതിവാദികള്‍ക്ക് ഉന്മാദരോഗമാണ് എന്നാണ് വൈദ്യുതി മന്ത്രിയായ ശേഷം കടവൂര്‍ ശിവദാസന്‍ പറയാറുണ്ടായിരുന്നത്. അതിന് മുമ്പ് വനംമന്ത്രിയായിരുന്നപ്പോള്‍ , ജീവന് കൊടുത്തും സൈലന്റ്വാലി പ്രദേശം സംരക്ഷിക്കണമെന്ന് പറയാറുണ്ടായിരുന്നു. ഒരു പ്രശ്നത്തില്‍ നമ്മള് എവിടെ നില്ക്കുന്നു എന്നത് നമ്മള് ആ സമയത്ത് എവിടെ ഇരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് എന്ന് മഹാന്മാര് ആരോ പറഞ്ഞിട്ടുണ്ട്്്്് . നമ്മുടെ നേതാക്കളെ ഉദ്ദേശിച്ച് പറഞ്ഞതല്ല, പൊതുവെ പറഞ്ഞതാണ്. വനംമന്ത്രിയായിരിക്കുമ്പോള് പറയുന്നതല്ല, വൈദ്യുതി മന്ത്രിയായാല്‍ പറയേണ്ടത്- പ്രത്യേകിച്ചും സൈലന്റ് വാലിയുടെ പ്രശ്നത്തില്‍. പരിസ്ഥിതിവാദികള്‍ ഉന്മാദരോഗികളാണ് എന്ന് പറഞ്ഞത് സൈലന്റ വാലിയോട് അവര്‍ സ്വീകരിച്ച നിലപാട് മനസ്സില്‍ വെച്ചുതന്നെയായിരുന്നു. ഉന്മാദരോഗികളുടെ കൂട്ടത്തില്‍ ഇന്ദിരാഗാന്ധിയേയും രാജീവ് ഗാന്ധിയേയും അദ്ദേഹം പെടുത്തിയോ എന്ന് നിശ്ചയമില്ല. കടവൂര്‍ ശിവദാസന്‍ എത്ര ഭേദം ! ചമ്പല്‍ കൊള്ളക്കാരെക്കാള്‍ വലിയ ജനദ്രോഹികളാണ് പരിസ്ഥിതിവാദികള്‍ എന്നാണ് ശിവദാസന്റെ മുന്‍ഗാമി കാര്‍ത്തികേയന്‍ജി പറഞ്ഞിരുന്നത്. പരിസ്ഥിതിവാദത്തിന്റെ കൊടുംദ്രോഹങ്ങളെ കുറിച്ച് ജനത്തെ ബോധവല്‍ക്കരിക്കാന്‍ പുതിയ വൈദ്യുതിമന്ത്രി എ.കെ.ബാലനും രംഗത്തിറങ്ങിയിട്ടുണ്ട്. തുടക്കം കണ്ടിട്ട്് നല്ല പ്രതീക്ഷ തോന്നുന്നുണ്ട്. തുപ്പലുകൂട്ടിയാല് വൈദ്യുതിയുണ്ടാകുമോ എന്നും മറ്റുമുള്ള ശാസ്ത്രീയമായ ചോദ്യങ്ങള്‍ ചോദിച്ചുതുടങ്ങിയിട്ടുണ്ട്.
അതിനിടെ, പാത്രക്കടവ് പദ്ധതി നടപ്പാക്കാന്‍ അനുവദിക്കുന്ന പ്രശ്നമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചിട്ടുണ്ട്. ഭരണത്തില്‍ നിന്ന് ഇറങ്ങി റോഡില്‍ തേരാപാരാ നടക്കുമ്പോള്‍, ഭരിക്കുമ്പോള്‍ ചെയ്തതും പറഞ്ഞതും ഒന്നും ഓര്മ വരില്ലെന്ന ഒരു കുഴപ്പം പൊതുവെ കോണ്ഗ്രസ്സുകാര്ക്കുളളതാണ്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ പറഞ്ഞതെല്ലാം ഭരണത്തില്‍ കേറിയാല്‍ മറക്കണം എന്നുള്ളത് രാഷ്ട്രീയക്കാര്‍ക്ക് പൊതുവായി ഉള്ളതാണെങ്കിലും ഇത് വ്യത്യസ്തമായ ഒരസുഖമാണ്് . ചിലത് വെറുതെ ഓര്മ വരികയും ചെയ്യും .ഇന്ദിരാഗാന്ധിയാണ് സൈലന്റ് വാലിയെ രക്ഷിച്ചു നാഷനല്‍ പാര്‍ക്കാക്കിയത് എന്ന കാര്യം ചെന്നിത്തലയ്ക്ക് ഓര്മ വന്നത് യു.ഡി.എഫ്് പ്രതിപക്ഷത്തെത്തുകയും ഇടതുമുന്നണിക്കാര് പദ്ധതിയുമായി ഇറങ്ങിത്തിരിക്കുകയും ചെയ്്ത ശേഷം മാത്രമാണ്. ഭരണത്തിലിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരായ കാര്‍ത്തികേയന്‍ജി ആദ്യവും കടവൂര്ജി പിറകെയും ആണ് പാത്രക്കടവ് പദ്ധതിയുണ്ടാക്കാന്‍ പാഞ്ഞുനടന്നത്. എന്തു ചെയ്യും വൈദ്യുതിമന്ത്രിയായിക്കഴിഞ്ഞാല് ഉണ്ടാകുന്ന മനോവിഭ്രാന്തിയാണ് അത്. നാളെ രമേശിനെ വൈദ്യുതിമന്ത്രിയാക്കി നോക്കൂ. ഇന്ന് പറഞ്ഞതെല്ലാം മറന്ന് അദ്ദേഹം മറ്റൊരു കടവൂര്‍ ശിവദാസനോ എ.കെ.ബാലനോ ആകും ഉറപ്പ്.
*****************
പട്ടികജാതിക്കാരനായ ഇടുക്കി ജില്ലാകലക്റ്ററെ പരസ്യമായി അപമാനിച്ച മന്ത്രി ബിനോയി വിശ്വം മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നേല്‍ സുരേഷ് ആവശ്യപ്പെട്ടതായി പത്രവാര്‍ത്ത വായിച്ചു. പുതിയ കാലത്തെ പുതിയ ശരികളും തെറ്റുകളും സംബന്ധിച്ച് ഒട്ടും വിവരമില്ലാത്തതുകൊണ്ട് വാര്‍ത്ത വായിച്ചപ്പോള്‍ പല സംശയങ്ങളും തോന്നി. എല്ലാറ്റിനും വിശദീകരണം ചോദിക്കുന്നില്ല, ചിലതെങ്കിലും പറഞ്ഞുതന്നാല്‍ വലിയ ഉപകാരമാകും.
പട്ടികജാതിക്കാരനായ ജില്ലാകലക്റ്ററെ അപമാനിച്ചത് തെറ്റായി എന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം കലക്റ്റര്‍ വേറെ വല്ല ജാതിക്കാരനോ മതക്കാരനോ ആണെങ്കില്‍ അപമാനിക്കാമായിരുന്നു എന്നാണോ ? ഇതുകുറച്ച് ബുദ്ധിമുട്ടുള്ള സംഗതിയാണ്, കലക്റ്റര്മാര്ക്കല്ല, മന്ത്രിമാര്‍ക്ക്. കാരണം ഓരോ പ്രശ്നപ്രദേശങ്ങളിലേക്ക് ചെല്ലും മുമ്പ് കലക്റ്റര്‍മാരുടെ ജാതി തിരിച്ചുള്ള ലിസ്റ്റ് പൊതുഭരണവകുപ്പില്‍ നിന്ന് വാങ്ങേണ്ടതായി വരും. അപമാനിക്കാവുന്ന കലക്റ്റര്‍മാര്‍ , അപമാനിക്കാന്‍ പാടില്ലാത്ത കലക്റ്റര്‍മാര്‍ എന്നിങ്ങനെ രണ്ടു വ്യത്യസ്തലിസ്റ്റുകള് ഉണ്ടാക്കി പോക്കറ്റിലിടേണ്ടതായിവരും. പി .എ മാരുടെ കഷ്ടപ്പാട് എന്നല്ലാതെന്ത് പറയാന്‍. ഇനി അവരുടെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ കലക്റ്റര്‍മാര്‍ അവരുടെ ജാതി ഒരുവലിയ കടലാസ്സില്‍ എഴുതി നെഞ്ചത്ത് ഒട്ടിച്ചുവെച്ചാല്‍ മതിയാകുമോ എന്തോ… കലക്റ്റര്‍മാരുടെ സംഘടന ഇക്കാര്യം ആലോചിച്ച് ഒരു തീരുമാനത്തിലെത്തിയാല്‍ നന്നാകും.
വേറൊരു സംശയമുള്ളത് . കലക്റ്ററെ അപമാനിക്കുന്നത് മാത്രമാണോ കുറ്റം ? താഴെയുള്ള താസില്ദാര്, ഡെപ്ടി, വില്ലേജ് ഓഫീസര്‍ മേലെക്കിടയിലുള്ള സെക്രട്ടറിമാര്‍, വകുപ്പുമേധാവികള്‍ ആദിയായവരെ പിടിച്ചുനിറുത്തി ടെലിവിഷന്കാര്ക്ക് ആഹ്ളാദകരമായ വിധത്തില്‍ മന്ത്രിക്ക് അപമാനിക്കാമോ ? അവരുടെയും ജാതി തിരിച്ചുള്ള ലിസ്റ്റ് തയ്യാറാക്കേണ്ടതുണ്ടോ ? മുന്നാമത്തെ സംശയം, പരസ്യമായി അപമാനിക്കുന്നത് മാത്രമാണോ മോശം ? പിടിച്ച് ഒരു ഭാഗത്ത് മാറ്റിനിറുത്തി നല്ല മുന്തിയ ഭാഷയില്‍ കണക്കിന് കൊടുത്താല്‍ നന്നാവുമോ ? അപ്പോഴും കൊടിക്കുന്നേല്‍ സുരേഷ് പ്രസ്താവനയുമായി ഇറങ്ങിത്തിരിച്ച് മന്ത്രിക്ക് പാരയാകുമോ ? തീര്‍ന്നില്ല, ഒരൊറ്റ സംശയം കൂടി. കലക്റ്ററുടെ യജമാനനാണ് മന്ത്രി എന്നാവുമല്ലോ മന്ത്രിയെങ്കിലും ധരിച്ചിരിക്കുക. തീര്‍ച്ചയായും മന്ത്രിയുടെ യജമാനന് വോട്ടറാണ് . മന്ത്രി കലക്റ്റരോട് പറയുന്ന അതേ രീതിയില്‍ മന്ത്രിയെ പരസ്യമായി…. കൈകാര്യം ചെയ്യാന്‍ വോട്ടര്‍ക്ക് അവകാശമുണ്ടാകുമോ ? തത്സമയത്ത് ജനകീയമന്ത്രിയെ അപമാനിച്ചെന്ന് പറഞ്ഞ് പൗരനെ പോലീസ് പിടിച്ച് ഭേദ്യം ചെയ്യുമോ ? മാന്യമന്ത്രിമാര് തെറ്റിദ്ധരിക്കരുത്. ദൈവതുല്യന്മാരായ മന്ത്രിമാരെ ചോദ്യം ചെയ്യാനൊന്നും ഉദ്ദേശിച്ചല്ല ഇതൊന്നും പറയുന്നത്. അറിഞ്ഞിരിക്കാന്‍ വേണ്ടി ചോദിച്ചെന്നേ ഉള്ളൂ. മുഷിയരുത്.