കോടതിയെ പറ്റി പാര്‍ട്ടിക്ക് പണ്ടും നല്ല അഭിപ്രായമില്ല. ഒരു മുതലാളിത്ത സമൂഹത്തില്‍ എന്താണ് നല്ലതായിട്ടുണ്ടാവുക , തൊഴിലാളിവര്‍ഗവും തൊഴിലാളിവര്‍ഗപാര്‍ട്ടിയുമല്ലാതെ. കോടതിയും ബൂര്‍ഷ്വാഭരണകൂടത്തിന്റെ ഭാഗം തന്നെ. വല്ലാത്ത ഒരു സാധനമാണ് ഈ ഭരണകൂടം എന്നു പറയുന്നത്. ഭരണം നമ്മുടെ കൈയില്‍ എത്തുമ്പോള്‍ പലരുടെയും ധാരണ ഭരണകൂടം നമ്മുടെ കൈയിലായെന്നാണ്. ഇല്ല, ഭരണം വേറെ, ഭരണകൂടം വേറെ. നിയമസഭയിലേക്കേ തിരഞ്ഞെടുപ്പുള്ളൂ. ജൂഡീഷ്യറിയിലേക്കില്ല, എക്‌സിക്യൂട്ടീവിലേക്കില്ല, ഫോര്‍ത്ത് എസ്റ്റേറ്റിലേക്കുമില്ല. ഈ മൂന്നു കൂട്ടരും സദാ സംരക്ഷിക്കുന്നത് ബൂര്‍ഷ്വാവര്‍ഗതാല്‍പ്പര്യങ്ങളാണ്. മുതലാളിത്തത്തിന്റെ കാവല്‍നായ്‌ക്കള്‍.
തിരക്കുകൂട്ടി സ്വാശ്രയനിയമം തട്ടിക്കൂട്ടുമ്പോള്‍ ഇതൊന്നും ഓര്‍മയുണ്ടായിരുന്നില്ലേ എന്ന് ചോദിക്കരുത്. ഓര്‍മയുണ്ടായിരുന്നു , ഇവരുടെയൊന്നും വര്‍ഗസ്വഭാവം മറക്കാനാവില്ലല്ലോ. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ സമയം നന്നെ വൈകിയിരുന്നു. പലരും പറഞ്ഞു….ഈ വര്‍ഷം ചര്‍ച്ചയോ സമവായമോ ആ മാതിരിയെന്തെങ്കിലുമോ മതി. വിദ്യാഭ്യാസക്കച്ചവടക്കാരുടെ സ്‌കൂള് പൂട്ടിക്കലൊക്കെ അടുത്ത കൊല്ലമാക്കാം. സൗജന്യമായ ഉപദേശം സമൃദ്ധമായിത്തന്നെ കിട്ടി.. ഉപദേശികളുടെ വര്‍ഗസ്വഭാവം നമുക്കറിയുന്നതല്ലേ . അതു കൊണ്ടാണ് പപ്പടം ചുടുന്ന വേഗത്തില്‍ വിദ്യാഭ്യാസബില്‍ തട്ടിക്കൂട്ടിയത്.
നിയമസഭയില്‍ ചര്‍ച്ചക്ക് വന്നപ്പോള്‍ യു.ഡി.എഫ് . യൂദാസ്സുകള്‍ പത്തുമുന്നൂറ് ഭേദഗതികളുമായി വന്നതാണ്. ബില്‍ നാമാവശേഷമാക്കുക തന്നെയായിരുന്നു അവരുടെ ഉദ്ദേശ്യം. ഒറ്റ ഭേദഗതിക്കും വഴങ്ങിയില്ല. എന്നിട്ടും അവര്‍ ബില്ലിലെ ഒരു വകുപ്പിനെതിരെയും വോട്ട് ചെയ്‌തില്ല. എതിര്‍ത്ത് വോട്ട് ചെയ്‌തിട്ടും കാര്യമൊന്നുമില്ലല്ലോ. ഒമ്പതാം പട്ടികയില്‍ പെടുത്തണമെന്നൊക്കെ ചില ശുദ്ധാത്മാക്കള്‍ നിര്‍ദ്ദേശിക്കുന്നുണ്ടായിരുന്നു. അതിനും വേണം സോണിയാഗാന്ധിയുടെ ഓശാരം. ഒന്നു നോക്കുമ്പോള്‍ പെടുത്താതിരുന്നത് നന്നായി. ആ പട്ടിക തന്നെ ഭരണഘടനാവിരുദ്ധമാണെന്ന് പട്ടിക വന്ന് പത്ത് നാല്‍പ്പത് കൊല്ലം കഴിഞ്ഞപ്പോഴാണ് കോടതിക്കിപ്പോള്‍ ബോധോദയമുണ്ടായിരിക്കുന്നത്. ഇനി പട്ടികയില്‍ പെടുത്തിയാലും നിയമത്തെ കോടതി വിചാരണ ചെയ്യും. സ്വാശ്രയനിയമം സര്‍വാംഗം ഭരണഘടനാവിരുദ്ധമാണെന്നും അപ്പടി തള്ളിപ്പോകുമെന്നും ഭരണഘടനയേ കണ്ടിട്ടില്ലാത്ത പ്രതിപക്ഷത്തെ വിദഗ്‌ദ്ധന്മാര്‍ പ്രവചിക്കുന്നുണ്ടായിരുന്നു. ഭരണഘടനാവിരുദ്ധമാണ് എന്നറിഞ്ഞുകൊണ്ട ്‌്‌്‌് എന്തിന് ബില്ലിന് അനുകൂലമായി വോട്ട് ചെയ്‌തുവെന്ന് ചോദിച്ചതിന് വിദഗ്‌ദ്ധന്മാരില്‍ നിന്ന് ഉത്തരം കിട്ടിയതുമില്ല. നിയമം കോടതിയില്‍ കൊണ്ടുപോയി സര്‍വാംഗം വെട്ടിനുറുക്കി അജ്ഞാതശവമാക്കാനായിരുന്നു പ്ലാന്‍. അതു സാധിച്ചെടുത്തതിന് ആനന്ദനൃത്തം ചവിട്ടുകയാണവര്‍,ചവിട്ടട്ടെ.
പ്രകടനം നടത്തി പാര്‍ട്ടിതീരുമാനം മാറ്റിക്കാനാവില്ല എന്ന് സഖാവ് പിണറായി പറഞ്ഞിട്ടുണ്ട്. എങ്കില്‍ പിന്നെ പ്രകടനം നടത്തി കോടതി വിധിയെങ്കിലും മാറ്റിക്കാമോ എന്ന് നോക്കുകയാണ് സഖാക്കളെന്ന് കരുതുന്നവരുണ്ട്. അതല്ല പരിപാടി. ബൂര്‍ഷ്വാഭരണകൂടം കൊണ്ട്‌് പാവങ്ങള്‍ക്ക് ഒരു ഗുണമുണ്ടാകില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് പാര്‍ട്ടി ഭരണത്തില്‍ കേറുന്നതെന്ന് പണ്ട് പറയാറുണ്ടായിരുന്നു. ജനങ്ങള്‍ക്ക് അത് ഇപ്പോഴും പൂര്‍ണബോധ്യമാകാത്തത് കൊണ്ടാണ് പാര്‍ട്ടി ഇപ്പോഴും കഷ്ടപ്പെട്ട് ഭരണത്തില്‍ കേറിക്കൊണ്ടിരിക്കുന്നത്. ബൂര്‍ഷ്വാകോടതിയുടെ കാര്യവും അതുതന്നെ. കോടതി ഉള്ളവന്റെ താല്‌പര്യമേ സംരക്ഷിക്കൂ എന്ന് അമ്പത്തേഴിലെ മുണ്ടശ്ശേരി ബില്‍ കൊണ്ടുതന്നെ തെളിയിക്കപ്പെട്ടതാണ്. പുരോഗമനനിയമങ്ങള്‍ പലതും റദ്ദാക്കി കോടതി പലവട്ടം വര്‍ഗസ്വഭാവം കാട്ടിയതാണ്. അത് പോരല്ലോ. പാര്‍ട്ടി ചെയ്യാനുള്ളത് ചെയ്‌തു, ബൂര്‍ഷ്വാകോടതി സമ്മതിച്ചില്ല എന്ന് ഓരോ സന്ദര്‍ഭത്തിലും ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടേ ? ഭാഗ്യവശാല്‍ ഇത്തവണയും അത് ബോധ്യപ്പെടുത്താനായി.
എന്തായാലും പാഴാക്കാന്‍ സമയമില്ല. കോടതിമാര്‍ച്ചുകള്‍ മുറയ്‌ക്ക് നടക്കട്ടെ, മുദ്രാവാക്യം കേട്ട് കോടതി ഞെട്ടട്ടെ. വിളിച്ചോളൂ … ബുര്‍ഷ്വാകോടതി തുലയട്ടെ…
********************************
കോള വിധിയും കോളേജ് വിധിയുമൊക്കെ ഒരു വിധം സഹിക്കാം. നമുക്കൊന്നും നഷ്ടപ്പെടാനില്ല. അതു പോലെയല്ല ലാവലിന്‍ വിധി. കമ്യുണിസ്റ്റ് പാര്‍ട്ടി മാര്‍ക്‌സിസ്റ്റിന്റെ സംസ്ഥാന സെക്രട്ടറിക്കെതിരെ അഴിമതിയാരോപണം കേന്ദ്രന്റെ പോലീസ് അന്വേഷിക്കുക, എ.കെ.ജി. സെന്ററില്‍ വന്ന് അവറ്റകള്‍ സഖാവിനെ ചോദ്യം ചെയ്യുക,, അവസാനം വാലും തലയുമില്ലാത്ത റിപ്പോര്‍ട്ട് എഴുതിവെക്കുക, പിന്നെ പ്രതിയായി ശിഷ്ടജീവിതകാലം കോടതികയറുക, പാര്‍ട്ടി അതില്‍ കടിച്ചുപിടിച്ചു നടക്കേണ്ടിവരിക -ഇതൊന്നും അത്ര സുഖമുള്ള ഏര്‍പ്പാടുകളല്ല. കേന്ദ്രത്തില്‍ ഉമ്മന്‍-ചെന്നി കോണ്‍ഗ്രസ്സുകാരാണ് ആഭ്യന്തരത്തിന്റെ തലപ്പത്ത് ഇരിക്കുന്നത്. നമ്മള്‍ ഇവിടെ വിജിലന്‍സ് ഭരിക്കുമ്പോലെ തന്നെയാവും അവരവിടെ സി ബി ഐ ഭരിക്കുന്നതെന്നറിയാന്‍ ദിവ്യദൃഷ്ടിയൊന്നും വേണ്ട.
സി.ബി.ഐ അല്ല , ബുഷിന്റെ സി.ഐ.എ വന്നാലും പാര്‍ട്ടിക്കും പിണറായിക്കും പേടിയില്ല എന്നത് മറ്റൊരു കാര്യം. അതു കൊണ്ടാണ് സുപ്രിം കോടതിയില്‍ നിന്ന് നല്ല കിടിലന്‍ വക്കീലിനെ കൊണ്ടുവന്ന് സി.ബി.ഐ. അന്വേഷണമേ വേണ്ട എന്ന് വീറോടെ വാദിച്ചത്. വാദത്തിന്റെ വീറ് കണ്ട് തെറ്റിദ്ധരിച്ചാണ് കോടതി സി.ബി.ഐ.യെ നമുക്കെന്താ പേടിയാണോ എന്ന് ചോദിച്ചത്. കൊക്കകോള കേസ്, മുല്ലപ്പെരിയാര്‍ കേസ് എന്നിവ പോലുള്ള ലൊട്ടുലൊടുക്ക് കേസ്സൊന്നുമല്ലല്ലോ ലാവലിന്‍. പക്ഷെ കോടതി തനിസ്വഭാവം കാട്ടി. ജഡ്‌ജിമാരുടെ സ്വഭാവം അത്ര ശരിയല്ലെന്ന് നേരത്തെ വിവരം കിട്ടിയിരുന്നു. ഒരു ജഡ്‌ജി സ്വാശ്രയകോളേജുകാരുടെ ഗസ്റ്റ് ഹൗസില്‍ പോയ താമസിച്ചു. രണ്ടു മാസം മുമ്പാണ് ഈ കൊടിയ അഴിമതി ഉണ്ടായത്. ലാവലിനേക്കാള്‍ വലിയ അഴിമതി. എന്നിട്ടെന്തുകൊണ്ട് അന്ന് പത്രത്തില്‍ പ്രസിദ്ധീകരിച്ചില്ല എന്ന് ചോദിക്കരുത്. ലാവലിന്‍, സ്വാശ്രയ കേസ്സുകളില്‍ വിധി നേരാംവണ്ണം ആണോ എന്ന് നോക്കാതെ അഴിമതിക്ക് പബ്‌ളിസിറ്റി കൊടുക്കുന്നത് ശരിയല്ലല്ലോ. വിധിയുടെ കിടപ്പ് മനസ്സിലായപ്പോള്‍ പിറ്റേന്ന് കൊടുത്തു വാര്‍ത്ത. വിധി വന്ന ദിവസം മറ്റൊരു അഴിമതിയും കാട്ടി കോടതി. ജഡ്‌ജി പോയി സ്വാശ്രയ മാനേജ്‌മെന്റ് ഒത്താശയില്‍ പക്ഷെ സ്വന്തം ചെലവില്‍ ബോട്ട് യാത്ര നടത്തിക്കളഞ്ഞു.
കോടതിയലക്ഷ്യത്തിനല്ല, മാനനഷ്ടത്തിനാണ് ജഡ്‌ജിമാര്‍ കേസ്സെടുക്കേണ്ടത് എന്ന് അഭിപ്രായമുള്ളവരുമുണ്ട്. അഴിമതി ആരോപണം ഉന്നയിക്കുമ്പോള്‍ നിലവാരമുള്ളത് വല്ലതും ഉന്നയിക്കേണ്ടേ ? സ്വാശ്രയമാനേജ്‌മെന്റ് ഒത്താശയില്‍ വിമാനത്തില്‍ കനഡയില്‍ പോയെന്നോ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ പോയെന്നോ മറ്റോ ആണ് ആരോപിച്ചിരുന്നതെങ്കില്‍ കേള്‍ക്കുന്നവര്‍ക്കും ചെറിയ അസൂയയൊക്കെ തോന്നുമായിരുന്നു. ബോട്ടില്‍ ഉല്ലാസയാത്ര….. ഇതെന്താണ് പഞ്ചായത്ത് മേേമ്പ്രാ ?
*****************************
ഇത്രയും കാലം ഏത് പക്ഷത്തായിരുന്നു എന്നു ചോദിക്കരുത്. ഇപ്പോള്‍ ജനപക്ഷത്താണ്. ബി.ജെ.പി.യിലായും സി.പി.എമ്മിലായാലും ചില സാദൃശ്യങ്ങള്‍ ഇക്കാര്യത്തില്‍ കാണാനാവും -പാര്‍ട്ടിയില്‍ രണ്ടു പക്ഷങ്ങള്‍ തമ്മില്‍ കാലം കുറെയായി നടക്കുന്ന ബലാബലത്തില്‍ തോല്‍ക്കുന്ന പക്ഷത്തിന് ജനത്തെയും ജനത്തിന്റെ പക്ഷത്തേയുമെല്ലാം പെട്ടന്ന് ഓര്‍മ വരും.
ജനപക്ഷം ഒരിക്കലും ബദല്‍ പാര്‍ട്ടിയല്ല. പാര്‍ട്ടി ഉണ്ടാക്കണമെങ്കില്‍ ജനം കൂടെ വേണം, ജനപക്ഷമാവാന്‍ അത്രയും വേണമെന്നില്ല. കൂടെ ആള് കൂറെയുണ്ടായിരുന്നുവെങ്കില്‍ ഇതിന് ഇറങ്ങേണ്ടി വരില്ലായിരുന്നല്ലോ. ബി.ജെ.പി യുടെ തലപ്പത്തായിരുന്നപ്പോള്‍ ഇല്ലാത്ത മോഹമൊക്കെ ജനപക്ഷത്താവുമ്പോള്‍ തലയുയര്‍ത്തും. അഴിമതിക്കെതിരെ പട പൊരുതണം എന്നതാണ് അതില്‍ പ്രധാനപ്പെട്ടത്. ബി.ജെ.പിയിലെ അഴിമതിക്കെതിരെയാണ് പോരെങ്കില്‍ സാരമില്ലായിരുന്നു.പുറത്തുള്ള ചിലരെങ്കിലും സഹായിക്കാനെത്തുമായിരുന്നു. ബി.ജെ.പി ഉള്‍പ്പെടെ സകലപാര്‍ട്ടിയിലേയും അഴിമതി ഇല്ലാതാക്കാനാണത്രേ പുറപ്പാട്. അത്രക്കങ്ങട് പോകണമോ എന്ന് നല്ല മനസ്സുള്ള പലരും ചോദിക്കുന്നുണ്ട്.
ജനപക്ഷം സാംസ്‌കാരികസംഘമാണെന്നൊരു മുന്‍കൂര്‍ ജാമ്യം എടുത്തിട്ടുണ്ട്. എന്ന് വെച്ചാല്‍ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ഡിസ്‌മിസ് ചെയ്യരുത്. ബി.ജെ.പി. ഈ തരം സാംസ്‌കാരികങ്ങള്‍ക്ക് നല്ല നില്‍ക്കക്കള്ളി കൊടുക്കുന്ന പാര്‍ട്ടിയാണ്. ആര്‍.എസ്.എസ് ഇത്തരത്തില്‍ പെട്ട മുന്തിയ ഒരു സാംസ്‌കാരികപ്രസ്ഥാനമാണ്. അങ്ങനെയൊന്നുള്ളപ്പോള്‍ നഞ്ച് വേറെ കരുതേണ്ട കാര്യമുണ്ടായിരുന്നില്ലെന്ന അഭിപ്രായക്കാരും ഉണ്ട്.
ആകപ്പാടെ ജനത്തിന് ഒരു കാര്യമാണ് കാര്യമായി പറയാനുള്ളത്. എല്ലാ പാര്‍ട്ടിയിലുള്ളവരും ഒരേ സമയത്ത് അഴിമതി ഇല്ലാതാക്കാനും സംസ്‌കാരികവിപ്‌ളവത്തിനും മറ്റു അനാശാസ്യത്തിനും ജനപക്ഷത്തേക്ക് ഇറങ്ങിപ്പുറപ്പെട്ടാല്‍ ജനം ബുദ്ധിമുട്ടും. ഒരേ സമയത്ത്‌് എല്ലാ ചാനലും കാണാനുള്ള സാങ്കേതികവിദ്യ വികസിച്ചിട്ടില്ലാത്തത് പോലെ എല്ലാ പാര്‍ട്ടിയിലെ കടിപിടിയും ഒരേ സമയത്ത് ആസ്വദിക്കാനാവില്ല. ഒരു പാര്‍ട്ടിയിലേത് കഴിഞ്ഞിട്ട് പോരെ അടുത്തതില്‍ തുടങ്ങുന്നത്?വണ്‍ബൈവണ്‍?