ദൈവത്തില്‍ തന്നെ വിശ്വാസമില്ലാത്ത പാര്‍ട്ടിയാണ്. പക്ഷെ, പാര്‍ട്ടിയില്‍ ആള്‍ദൈവങ്ങള്‍ ഉണ്ടായിവരുന്നു. അതും പാര്‍ട്ടി അനുമതിയില്ലാതെ. ചോദ്യം ചെയ്യാതെ പറ്റില്ല. പുരോഗമനകലാസംഘം ബുദ്ധിജീവി ആ ചുമതലയാണ് നിര്‍വഹിച്ചത്. ആള്‍ദൈവങ്ങളെ സൃഷ്ടിച്ചുവിടുന്നതാരാണ് ? ബൂര്‍ഷ്വാമാധ്യമങ്ങള്‍, അല്ലാതാര്. അതു കൊണ്ട് ആള്ദൈവവധവും ബൂര്‍ഷ്വാമാധ്യമത്തില്‍ തന്നെ നിര്‍വഹിക്കേണ്ടി വന്നു. ആള്‍ദൈവത്തെ ഉണ്ടാക്കുന്ന ബൂര്‍ഷ്വാമാധ്യമത്തില്‍ തന്നെ സഖാവ് ആള്‍ദൈവവധം നിര്വഹിച്ചതെന്തിന് എന്ന ് ചിന്തിച്ച് സഖാക്കള്‍ വശം കെടരുത്.
ജനങ്ങളാണ് ചരിത്രം സൃഷ്ടിക്കുന്നത് , ദൈവത്തെ സൃഷ്ടിച്ചതും അവര്‍ തന്നെ. സമ്മതിച്ചുകൊടുക്കാം. എന്നാല്‍ പാര്‍ട്ടിനേതാക്കളെ പാര്‍ട്ടി ദൈവങ്ങളാക്കി മാറ്റുന്ന പണി ജനങ്ങള്‍ ഏറ്റെടുക്കേണ്ട. അത് പാര്‍ട്ടി തന്നെ ചെയ്തുകൊള്ളും, അതാണ് അതിന്റെ രീതി. ലോകചരിത്രം എടുത്തുപരിശോധിച്ചു നോക്കൂ. ഉടനീളം അതാണ് കാണുക. ലോകചരിത്രം എന്ന് കേട്ടു പേടിക്കുകയൊന്നും വേണ്ട. റഷ്യന്‍ വിപ്ലവത്തോടെയേ ഗൗരവമുള്ള ലോകചരിത്രം ആരംഭിക്കുന്നുള്ളൂ. അതിന് മുമ്പ് മാര്‍ക്സ്, ഏംഗല്‍സ് എന്നീ ദൈവങ്ങളുണ്ടായിരുന്നു. ഇപ്പോഴും ശക്തി ചോരാത്ത ദൈവം മാര്‍ക്സ് തന്നെ. പ്രവാചകന്മാര്ക്ക് സ്വന്തം ഗ്രാമത്തില്‍ നില്ക്കക്കള്ളി കിട്ടില്ലെന്ന് പറയാറുണ്ടല്ലോ. മാര്‍ക്സിന്റെ പ്രതിമയും വിഗ്രഹവും ഫോട്ടോയുമൊന്നും അദ്ദേഹത്തിന്റെ ജന്മനാടായ ജര്‍മനിയില്‍ കാണില്ല. എങ്കിലെന്ത് ? കേരളത്തില്‍ പാര്‍ട്ടിയുടെ സകല ഓഫീസുകളിലും രക്തഹാരം ചാര്‍ത്തി , ചെമ്പരുത്തിപ്പൂ, കുന്തിരിക്കം എന്നിത്യാദികള്‍ നിവേദിച്ച് വിഗ്രഹത്തെ വിഘ്നം കൂടാതെ പൂജിച്ചുവരുന്നുണ്ട്.
ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന് ഇത് ഒട്ടും ഇഷ്ടമായിരുന്നില്ലെന്ന് പറയേണ്ടതില്ലല്ലോ. പണ്ടൊക്കെ അങ്ങനെയാണ്. മരിച്ച ശേഷമേ ദൈവമാക്കു. ഇപ്പോള്‍ ആ മര്യാദയുമില്ല. വാനോളം പുകഴ്ത്തി ചിലരയക്കുന്ന കത്തുകള്‍ക്ക് താന്‍ മറുപടി തന്നെ അയക്കാറില്ലെന്നും അയച്ചാല്തന്നെ ശകാരമാണ് അയക്കാറുള്ളതെന്നും സഖാവ് മാര്‍ക്സ് എഴുതിയത് പുരോഗമനസാഹിത്യബുദ്ധിജീവി കെന്‍ കുഞ്ഞഹമ്മദ് തന്റെ ആള്‍ദൈവവധം ആട്ടക്കഥയില്‍ ഉദ്ധരിച്ച് എഴുതിയിട്ടുണ്ട്.
മാര്‍ക്സിന്റെ ഈ ഉദ്ധരണി മറ്റൊരു ചരിത്രപ്രധാനരേഖയിലും കാണാം. അത് വേറൊരു ആള്‍ദൈവവധം ആട്ടക്കഥയാണ്. സ്റ്റാലില്‍ എന്നൊരു ആള്‍ദൈവമാണ് ലെനിനെ പിന്തുടര്ന്ന് സോവിയറ്റ് യൂണിയന്റെ തലപ്പത്തുണ്ടായിരുന്നത്. മുപ്പതുവര്‍ഷത്തിലേറെക്കാലം സോവിയറ്റ് യൂണിയനെ മുപ്പര്് സ്വര്‍ഗമാക്കി. തത്ഭലമായി നേരിട്ട് സ്വര്‍ഗം പൂകേണ്ടിവന്നവരുടെ എണ്ണത്തെ പറ്റി ചരിത്രകാരന്മാര്ക്കിടയില് തര്‍ക്കമുണ്ട്്. അനേകലക്ഷങ്ങള്‍ മുതല്‍ കോടികള്‍ വരെ അത് ഓരോരുത്തര് ഇഷ്ടാനുസരണം കണക്കുകൂട്ടൂന്നുണ്ട്. സ്റ്റാലിന് തന്നെ സ്വയം സ്വര്‍ഗം പൂകിയശേഷം സോവിയറ്റ് തലപ്പത്തെത്തിയ ക്രൂഷ്ചേവ് പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ സമര്‍പ്പിച്ച രഹസ്യറിപ്പോര്‍ട്ടില്‍ സ്റ്റാലിന്റെ ഭരണകാലത്തെ അക്രമങ്ങള്‍ നിരത്തിവെക്കുകയുണ്ടായി. സ്റ്റാലിന് ആള്‍ദൈവമായിരുന്നില്ല, മുട്ടന്‍ ആള്പിശാചായിരുന്നു എന്ന് സ്ഥാപിക്കുന്നതായിരുന്നു റിപ്പോര്‍ട്ട്. ആ റിപ്പോര്‍ട്ടിലാണ് മാര്‍ക്സിസ മതസ്ഥാപകനായ കാള്‍ മാര്‍ക്സിന്റെ നടേ പറഞ്ഞ ഉദ്ധരണിയുള്ളത്.
മാര്‍ക്സിനെ അധികം ആശ്രയിച്ചു കൂടാ. ‘ദൈവമേ ഞാന്‍ കമ്യൂണിസ്റ്റാണ് , ഞാനൊരു മാര്്ക്സിസ്റ്റ് അല്ലേ അല്ല ‘ എന്നും അദ്ദേഹം പറഞ്ഞതായി വര്‍ഗശത്രുക്കള്‍ പ്രചരിപ്പിക്കുന്നുണ്ട്്. ജീവിച്ചിരുന്ന കാലത്ത് ദൈവമാകാന്‍ അങ്ങേര് കൂട്ടാക്കിയിരുന്നില്ല എന്നേ അതിനര്‍ത്ഥമുള്ളൂ. മരിച്ചാലുള്ള കാര്യം നോക്കാന്‍ ഇവിടെ ഞങ്ങള്‍ അനുയായികളുണ്ടല്ലോ. ലെനിനും ഇങ്ങനെ തന്നെയായിരുന്നു. മരിക്കും വരെ ദൈവമകാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. അതിനുള്ള ശിക്ഷ മരണശേഷം അദ്ദേഹം അനുഭവിക്കേണ്ടി വന്നു. മുപ്പരുടെ മുതദേഹത്തെ ഞങ്ങളങ്ങ് ദൈവമാക്കി. കോടിക്കണക്കിന് റൂബ്ല് ചെലവിട്ടാണ് മൃതദേഹം കേട് കൂടാതെ ഉപ്പിലിട്ട് വെച്ചത്. ദിവസവും എത്രയായിരം ആരാധകരാണ് ലോകത്തിന്റെ നാനാഭാഗത്ത് നിന്ന് വന്ന് പൂക്കളര്‍പ്പിച്ചും പ്രാര്‍ത്ഥിച്ചും നിന്നിരുന്നത്. സാക്ഷാല്‍ ദൈവത്തി്ന് കിട്ടില്ല ഇത്രയും ആരാധകരെ. സോവിയറ്റ്സ്വര്ഗം തന്നെ സ്വര്‍ഗം പൂകിയ ശേഷം ദുഷ്ടമുതലാളിത്തവാദികള് അധികാരം അധികാരം പിടിച്ചപ്പോള്‍ സാധാരണ മനുഷ്യരെ അടക്കും പോലെ അടക്കാന്‍ ശ്രമം നടത്തിയതാണു, ആരാധകര്‍ സമ്മതിച്ചില്ല
ഇതൊന്നുമല്ല ഇപ്പോഴത്തെ പ്രശ്നം. അത് കുഞ്ഞഹമ്മദ് വ്യക്തമാക്കിയിട്ടുണ്ട്. ‘ ചിലര്‍ സ്വന്തം ഉത്ഭവം മറന്ന് മറ്റുള്ളവര്‍ക്ക് കെട്ടിയെഴുന്നള്ളിക്കാന്‍ പാകത്തില്‍ ഒരസംസ്കൃതപദാര്ത്ഥമായി സ്വയം സങ്കോചിച്ചിരിക്കന്നു….’ എന്നത് ഒരു പ്രശ്നം. സങ്കോചിച്ചു എന്ന് പറഞ്ഞാല്‍ ചെറുതായി എന്നല്ല പാര്‍ട്ടിക്ക് പിടിച്ചാല്‍ കിട്ടാത്ത വിധത്തില്‍ വലുതായി എന്നാണര്‍ത്ഥം. ഇത്തരം ആള്‍ദൈവങ്ങള്‍ ‘രക്ഷകരായി ചമയുന്നു ‘. ….’ചിന്താരഹിതരായ മനുഷ്യരുടെ ചെലവില്‍ കൊഴുക്കുന്നു.’…. .’ഒരു മഹാപ്രസ്ഥാനത്തിന്റെ ഭാഗമായ വളര്‍ന്നുവന്ന വ്യക്തികള്‍ പ്രസ്ഥാനത്തെ വെല്ലുവിളിക്കുന്ന ഒറ്റയാന്മാരായോ ഫാന്‍സ് അസോസിയേഷനുകളുടെ ആരാധനാവിഗ്രഹങ്ങളായോ മാറ്റപ്പെടുമ്പോള്‍ സംഘടന പ്രതിസന്ധിയിലാവുകയും പ്രസ്തുത വ്യക്തി ആന്തരികമായി പാപ്പരാവുകയും ചെയ്യും ‘. …’അച്ചടക്കത്തിന്റെ സ്ഥാനത്ത് രണ്ടാം തരം അടിപൊളി പ്രകടനങ്ങള്‍ അരങ്ങുതകര്‍ക്കുന്നു…..’ഒരു പാര്‍ട്ടിയാകെ തെറ്റും ഒരു വ്യക്തി മാത്രം ശരിയും എന്ന് കാഴ്ചപ്പാട് വികസിപ്പിക്കുന്ന മാധ്യമങ്ങള്‍…. ഉദ്ധരണികള്‍ മുറിച്ചുമാറ്റിയാല്‍ ലേഖനത്തില്‍ ഇത്രയേ കാര്യമുള്ളൂ.
സംഗതിയുടെ ഗൗരവം വായനക്കാര്‍ക്ക് ഇതിനകം പിടികിട്ടിയിരിക്കുമല്ലോ. ഇത്തരം ദൂഷ്പ്രവണതകള്ക്കെതിരെ ആഞ്ഞടിക്കേണ്ടത് പാര്‍ട്ടി ബുദ്ധിജീവികളുടെ കടമയായത് കൊണ്ട് അദ്ദേഹമത് ചെയ്തെന്നേയുള്ളൂ. ചൈനയിലോ മറ്റോ ആയിരുന്നെങ്കില്‍ ഇതൊരു സാംസ്കാരികവിപ്ലവം തന്നെയായി കണക്കാക്കപ്പെടുമായിരുന്നു. അമ്പലത്തേക്കാള്‍ വലിയ വിഗ്രഹം എന്നു പറഞ്ഞത് പോലെ പാര്‍ട്ടിയേക്കാള്‍ വലിയ നേതാവെന്നത് അസഹ്യമാണ്. നേരിടുകല്ലാതെ നിവൃത്തിയില്ല.
പാര്ട്ടിബുദ്ധിജീവിയുടെ ലേഖനം മുഴുവന്‍ വായിച്ചിട്ടും ഒരു പരാമര്‍ശത്തിന്റെ അര്‍ത്ഥം മാത്രം താത്വികജ്ഞാനമില്ലാത്ത നാട്ടുകാര്‍ക്ക് പിടികിട്ടുന്നില്ല ….’സി.പി.എമ്മില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന അനാരോഗ്യകരമായ പ്രവണതകളില്‍ പുളകിതരായി മാധ്യമങ്ങള്‍ ചിലതെല്ലാം സ്വപ്നം കാണുന്ന’തായി ലേഖനത്തില്‍ പറയുന്നുണ്ട്. ശിവ ശിവ…സി.പി.എമ്മില്‍ അനാരോഗ്യകരമായ പ്രവണതയുണ്ടെന്നോ ? മാധ്യമസിണ്ടിക്കേറ്റുകാര്‍ അപഖ്യാതികള്‍ പറഞ്ഞുപരത്തുന്നുവെന്നല്ലാതെ പാട്ടിയില്‍ ദുഷ്പ്രവണതകളോ ?
. ******************************
എ.ഡി.ബി വായ്പ സംബന്ധിച്ച് സി.പി.എമ്മില്‍ വലിയ പ്രത്യയശാസ്ത്രപ്രശ്നമുണ്ടെന്നും ആശയസമരം മുത്ത് പാര്‍ട്ടിയുടെ കഥ കഴിയുമെന്നും സ്വപ്നം കണ്ടുറങ്ങിയവര്‍ നിരാശരായിരിക്കുകയാണ്. എ.ഡി.ബി യുടെ പേരിലൊന്നും പാര്‍ട്ടിക്ക് യാതൊന്നും സംഭവിക്കുകയില്ല. പാര്‍ട്ടി സര്‍വതലത്തിലും സംഗതി ചര്‍ച്ച ചെയ്തു. ആകെ ഉണ്ടായത് ഒരൊറ്റ പിശക് മാത്രം. നടപടിക്രമം പാലിച്ചില്ല. മന്ത്രിസഭയില്‍ വെക്കാതെയാണ് കരാര്‍ ഒപ്പുവെച്ചത്.
ഇതൊരു വലിയ പ്രശ്നമായിട്ടെടുക്കേണ്ട. നമ്മടേത് ഒരു വിപ്ലവപാര്ട്ടിയാണെങ്കിലും ബൂര്‍ഷ്വാജനാധിപത്യത്തില്‍ ഭരണം നടത്തുന്ന പാര്‍ട്ടി കൂടിയാണ്. വിപ്ലവത്തിന്റെ ചുമതല പാര്‍ട്ടി സിക്രട്ടറി പിണറായി വിജയനും ഭരണത്തിന്റേത് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനുമാണ്. വിപ്ലവകാര്യങ്ങള് പാര്‍ട്ടി സിക്രട്ടേറിയറ്റില്‍ തീരുമാനിക്കുക എന്നതാണ് വ്യവസ്ഥ. ആ കീഴ്വഴക്കമനുസരിച്ചാണ് പാര്‍ട്ടി കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്ത ശേഷം എ.ഡി.ബി കരാറില്‍ ഒപ്പുവെച്ചത്. അതു പോര മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്രയേ ഉണ്ടായിട്ടുള്ളൂ.
പരിഹാരം പോളിറ്റ് ബ്യൂറോ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബൂര്‍ഷ്വാകക്ഷികള്‍ ഭരിക്കുമ്പോള്‍ മന്ത്രിസഭ ചര്‍ച്ച ചെയ്ത ശേഷമാണ് കരാര്‍ ഒപ്പിടുക. വിപ്ലവപാര്‍ട്ടിയായ സ്ഥിതിക്ക് നേരെ മറിച്ചുചെയ്യാം. ഒപ്പ് വെച്ച ശേഷം ചര്‍ച്ച ചെയ്യാം. അപ്പോള്‍ പിന്നെ മുഖ്യമന്ത്രിക്കും സമാധാനമാകും. കരാരിന്റെ വ്യവസ്ഥകളൊക്കെ മുമ്പേ യു.ഡി.എഫിന്റെ കാലത്ത് തന്നെ അവസാനരൂപത്തിലാക്കിയതാണ്. ഒപ്പിടുന്ന പണി മാത്രം ബാക്കിയാക്കിയിട്ട് പോയതാണ്, നമുക്ക് പാരയാകാന്‍.
ഭിക്ഷക്ക് വന്നവനോട് അതില്ലെന്ന് പറഞ്ഞ വേലക്കാരനെ വീട്ടുടമസ്ഥന് ശകാരിച്ചതായി കേട്ടിട്ടുണ്ട്. ഭിക്ഷയില്ലെന്ന് പറയേണ്ടത് വേലക്കാരനാണോ , വീട്ടുടമസ്ഥനല്ലേ ? ആ തത്ത്വമനുസരിച്ച് ഇവിടെ വായ്പ വേണമെന്ന് പറയേണ്ടത് മുഖ്യമന്ത്രി തന്നെയാണ്. മന്ത്രിസഭായോഗം ചര്‍ച്ച ചെയ്ത ശേഷം മുഖ്യമന്തി പത്രസമ്മേളനത്തില്‍ അക്കാര്യം പ്രഖ്യാപിക്കും. എന്നിട്ട് അന്തിമകരാറില്‍ ഒപ്പുവെക്കും. ഇനിയും എത്ര അന്തിമകരാര്‍ ഉണ്ടെന്ന് അറിഞ്ഞുകൂടാ. അവസാനത്തെ അന്തിമകരാറില്‍ ഒപ്പിട്ട ശേഷം എ.ഡി.ബിക്കാര് കോട്ടും സൂട്ടും ടൈയുമൊക്കെയിട്ടിട്ട് വരുമല്ലോ സെക്രട്ടേറിയറ്റിലേക്ക്. അപ്പോള്‍ വേണം വി.എസ്സിന് പ്രതിപക്ഷനേതാവായിരിക്കുമ്പോഴേ കൊണ്ടുനടക്കുന്ന ആ ആഗ്രഹമൊന്നു നിറവേറ്റാന്‍. അവന്മാരുടെ ചെകിടത്ത് ഒന്നു കൊടുക്കണം. എന്നിട്ടേ ആയിരത്തിനാനൂറു കോടിയുടെ ചെക്ക് കൈപ്പറ്റാന്‍ പോകുന്നുള്ളൂ. കണ്ടോളിന്‍…