പീഡനം പീഡനം തന്നെ പാരില്‍

ഇന്ദ്രൻ

സ്ത്രീ ശരീര ഭാഗങ്ങളേതോ മന്ത്രിയുടെ വിരലുകളില്‍ തൊട്ടുപോയിരിക്കാമെന്ന്‌ മന്ത്രിയും മറിച്ച്‌ സംഭവിച്ചെന്ന്‌ സ്ത്രീയും പറയുന്ന ഫ്ലൈറ്റ്‌ വിവാദത്തിന്റെ പരിണാമത്തെ കുറിച്ച്‌ ഒന്നും പ്രവചിക്കാനാവുകയില്ല. പോലീസ്‌ അന്വേഷണം നടക്കുന്നുണ്ട്‌. കുഞ്ഞാലിക്കുട്ടി വിവാദമുണ്ടായപ്പോള്‍ ബഹു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞ മഹാതത്ത്വം ഇന്നത്തെ അതിബഹു മുഖ്യമന്ത്രി വി.എസ്‌. ആവര്‍ത്തിച്ചില്ലെന്നേ ഉള്ളൂ. കാര്യം ഒന്നുതന്നെയാണ്‌. നിയമം അതിന്റെ വഴിക്കു പോകും.

അന്നങ്ങനെ പറഞ്ഞതിന്‌ അച്യുതാനന്ദന്‍ ഉമ്മന്‍ചാണ്ടിക്ക്‌ മാപ്പുകൊടുക്കുകയുണ്ടായില്ല. കുഞ്ഞാലിക്കുട്ടിയുടെ കഴുത്തുടന്‍ ഖണ്ഡിക്കണമെന്നും വപയെടുക്കണമെന്നും ആയിരുന്നു വി.എസ്‌. അധ്യക്ഷനായുള്ള സംസ്ഥാന സദാചാരമുന്നണി വാദിച്ചിരുന്നത്‌. നാട്ടില്‍ ധാര്‍മികരോഷത്തിന്റെ മലവെള്ളപ്പാച്ചിലായിരുന്നു. കുറച്ചുനാള്‍ പിടിച്ചുനിന്നെങ്കിലും കുഞ്ഞാലിക്കുട്ടിയും പാച്ചിലില്‍ ഒഴുകിപ്പോയി. പിന്നെ നാട്ടുകാരില്‍ നിന്ന്‌ ശിക്ഷ ഏറ്റുവാങ്ങുകയും ചെയ്തു. കേസ്സിനും കോടതിക്കും ശിക്ഷക്കും നൂറു പ്രതിവിധികളുണ്ട്‌. ജനത്തിന്റെ ധാര്‍മികം ഉണര്‍ന്നാല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ല.

നിയമത്തിന്റെ വഴിയെന്നാല്‍ തലനാരിഴ വ്യത്യാസമില്ലാത്ത നീതിയുടെ വഴിയാണെന്ന തോന്നലാണ്‌ നാം സാധാരണക്കാര്‍ക്കുണ്ടാവുക. അതൊരു വെറും തോന്നലാണ്‌. നിയമത്തിന്‌ എക്സിനേയും വൈയേയും തിരിച്ചറിയാനാവും. ആര്‍ക്കാണ്‌ ഇരിക്കാന്‍ കസേര കൊടുക്കേണ്ടത്‌, ആര്‍ക്കാണ്‌ സാല്യൂട്ട്‌ കൊടുക്കേണ്ടത്‌. ആര്‍ക്കാണ്‌ ചെകിടത്ത്‌ രണ്ട്‌ കൊടുക്കേണ്ടത്‌ എന്ന്‌ നിയമത്തിനറിയാം. അതവര്‍ ചെയ്തുകൊള്ളും. ഉദാഹരണത്തിന്‌, വിമാനത്തിലെ വിവാദ സംഭവം തന്നെ എടുക്കുക. ഗതികേടിന്റെ ബലം കൊണ്ടോ കര്‍മബലംകൊണ്ടോ ഒരു സാധാരണക്കാരനാണ്‌ സമാനസംഭവത്തില്‍ കുറ്റാരോപിതനാകുന്നത്‌ എന്ന്‌ കരുതുക. സാധാരണക്കാരന്‌ കിങ്ങ്‌ഫിഷര്‍ വിമാനത്തില്‍ കയറാന്‍ പറ്റില്ല. അതുകൊണ്ട്‌ ഒരു കിങ്ങ്‌ഫിഷര്‍ വാങ്ങി മെല്ലെ കുടിച്ച്‌ തിരുവനന്തപുരം -കാസര്‍കോട്‌ ബസ്സിലോ എറണാകുളം -കൊല്ലം പാസഞ്ചറിലോ കയറാം. ഓടുന്ന ബസ്സില്‍ നിന്ന്‌ ഒരു വനിത ഈ വിധം പരാതിയുമായി ബഹളം ഉണ്ടാക്കിയെന്ന്‌ കരുതുക. കണ്ടക്ടര്‍ ബസ്സുടനെ അടുത്ത പോലീസ്‌ സ്റ്റേഷനിലേക്കാണ്‌ കൊണ്ടുപോവുക. ശരീരം വിരലില്‍ വന്നുതൊട്ടെന്ന്‌ പറഞ്ഞാലും ശരി, വിരല്‍ താനെ അങ്ങോട്ട്‌പോയി തൊട്ടതാവും എന്നു പറഞ്ഞാലും ശരി കുറ്റാരോപിതന്‍വെറും ട്രൗസറുമായി അന്ന്‌ ലോക്കപ്പില്‍ കിടക്കേണ്ടിവരും. നന്നായി രണ്ടു കിട്ടുകയും ചെയ്യും. പിറ്റേന്ന്‌ നാല്‌ ഗാന്ധിമുടക്കിയാല്‍ രക്ഷപ്പെടുമായിരിക്കാം. പക്ഷേ, ലോക്കപ്പ്‌ പീഡനം ഒഴിവാക്കാനാവുകയില്ല.

സംഭവം വിമാനത്തിലാണെങ്കില്‍, മറ്റൊരു സീരിയസ്‌ പ്രശ്നമുണ്ട്‌. വിമാനത്തില്‍ നടന്ന സംഭവത്തിന്‌ പരാതി എഴുതിക്കിട്ടിയാലും അന്വേഷണത്തില്‍ അതിര്‍ത്തി പ്രശ്നങ്ങള്‍ ഉയര്‍ന്നു വരും. ഏത്‌ പോലീസ്‌ സ്റ്റേഷന്‍ ലിമിറ്റിലാണ്‌ സംഭവം നടന്നത്‌ എന്നെങ്ങനെ അറിയാന്‍ പറ്റും? ആകാശത്തിലെ സ്റ്റേഷന്‍ ലിമിറ്റേതാണ്‌? പുഴക്കരയിലടുത്ത ശവശരീരം പോലെ കമ്പ്‌കൊണ്ട്‌ തള്ളി അടുത്ത സ്റ്റേഷന്‍ ലിമിറ്റിലേക്ക്‌ മാറ്റാന്‍ കഴിയില്ലെങ്കിലും സ്റ്റേഷനുകള്‍ തമ്മില്‍ തര്‍ക്കം ഉറപ്പ്‌. അതവര്‍ തര്‍ക്കിച്ചു തീര്‍ക്കട്ടെ. നമ്മുടെ പ്രശ്നമതല്ല. മന്ത്രിക്കെതിരെ മാന്യവനിത എഴുതിക്കൊടുത്ത പരാതി എന്തുകൊണ്ട്‌ ഇരുപതു ദിവസം കഴിഞ്ഞിട്ടും എത്തേണ്ടയിടത്ത്‌ എത്തിയില്ല? പരാതി വല്ല സാധാരണക്കാരനുമെതിരെ ആയിരുന്നുവെങ്കില്‍ പ്രത്യേക ദൂതന്‍ വഴി അത്‌അടുത്തസ്റ്റേഷനില്‍ എത്തിച്ച്‌ 24 മണിക്കൂറിനകം അവന്റെ കഥ കഴിച്ചിട്ടുണ്ടാകുമായിരുന്നില്ലേ? ഇവിടെ അങ്ങനെ യാതൊന്നും സംഭവിച്ചില്ല. ആളുവില കല്ലുവില എന്ന്‌ പണ്ടേ പറഞ്ഞിട്ടുള്ളതാണ്‌.

മൊഴിയിലോ സദാചാരത്തിലോ എന്തെങ്കിലും നിലവാരം സ്വയംപോലും അവകാശപ്പെടാത്ത വനിതയായിരുന്നു കോഴിക്കോട്ടേത്‌. മാസങ്ങളോളം മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന ആ വനിതാരത്നം മന്ത്രി കുഞ്ഞാലിക്കുട്ടിക്കെതിരെ വിളിച്ചുപറഞ്ഞ ആരോപണത്തിന്‌ കല്‍പിച്ച വില, വിശ്വാസ്യതയില്‍ തലനാരിഴക്ക്‌ സംശയമില്ലാത്ത ‘അമ്മൂമ്മ’ യുടെ വാക്കുകള്‍ക്ക്‌ കിട്ടുന്നില്ല. റജീന പറഞ്ഞതെല്ലാം അതേ പടി വിശ്വസിച്ച്‌, ഈ നിമിഷം കുഞ്ഞാലിക്കുട്ടി രാജിവെക്കണം എന്ന്‌ പറഞ്ഞ വി.എസ്‌. പോലും മന്ത്രി ജോസഫിന്റെ രാജി ആവശ്യപ്പെടുന്നേയില്ല. നിയമത്തിന്റെയും സദാചാരത്തിന്റെയും ഓരോരോ വിചിത്ര വഴികള്‍ എന്നല്ലാതെന്തു പറയാന്‍.

പീഡനത്തിനു സ്റ്റാറ്റസ്‌ വ്യത്യാസങ്ങളുള്ളതായി ഐ.പി.സി.യില്‍ വായിച്ചുകേട്ടിട്ടില്ല. നിയമത്തിനുമുന്നില്‍ എല്ലാവരും തുല്യരെന്നാണ്‌ മഹദ്വചനം. നമ്മള്‍ സാധാരണക്കാര്‍ക്കെതിരെയായിരുന്നു ഈ ആരോപണം വന്നിരുന്നതെങ്കില്‍ അന്വേഷണത്തിന്‌ വരുന്നത്‌ സാധാരണ കോണ്‍സ്റ്റബിള്‍മാര്‍ ആരെങ്കിലും ആകുമായിരുന്നു. ഐ.ജി.യാണ്‌ മന്ത്രിക്കെതിരായ പീഡനപരാതി അന്വേഷിക്കുന്നത്‌. മന്ത്രി സ്റ്റേഷന്റെ നാലയലത്ത്‌ ചെല്ലേണ്ട. ഐ.ജി.ഇങ്ങോട്ടു വന്നുകൊള്ളും മൊഴിയെടുക്കാന്‍. സാല്യൂട്ടും തരും, അതിനുംവേണം ഭാഗ്യം.

ഇങ്ങനെയൊക്കെ എഴുതിയതുകൊണ്ട്‌ മന്ത്രിക്കെതിരായ പരാതി അപ്പടി വിശ്വസിക്കുകയാണെന്ന്‌ ധരിക്കരുത്‌ കേട്ടോ. പരാതി എന്തോ തെറ്റിദ്ധാരണയില്‍ നിന്നുണ്ടായതാവാനാണ്‌ വഴി. മന്ത്രിയുടെ പൂര്‍വകാല സദാചാരം അന്വേഷിച്ചൊന്നുമല്ല ഇതു പറയുന്നത്‌. ടെയ്‌ക്‍ഓഫില്‍ 45 ഡിഗ്രി ചെരിഞ്ഞ്‌…… സീറ്റ്ബെല്‍റ്റ്‌ കെട്ടി…… തുടങ്ങിയ മന്ത്രിയുടെ സാങ്കേതിക യുക്തികളില്‍ വിശ്വാസ്യത തോന്നിയിട്ടുമല്ല. വിമാനം ടെയ്‌ക്‍ഓഫ്‌ ചെയ്യുമ്പോള്‍ ഒരുവിധപ്പെട്ട യുക്തിവാദികള്‍പോലും ഈശോമിശിഹാക്ക്‌ സ്തുതി ചൊല്ലുകയേ ഉള്ളൂ. കൃത്യം ആ സമയം ഈ വകയൊരു കൃത്യം നിര്‍വഹിക്കണമെങ്കില്‍ സൂക്ഷിക്കണം, ആള്‌ ചില്ലറക്കാരനൊന്നും ആയിരിക്കില്ല. മാത്രവുമല്ല, വിമാനം പുറപ്പെട്ടാല്‍ കൃത്യനിര്‍വഹണത്തിന്‌ വേണ്ടത്ര സമയവും കിട്ടുമായിരുന്നു. എന്തിന്‌ ധൃതിപിടിച്ചു? ജയിലില്‍ നിന്ന്‌ പരോളില്‍ ഇറങ്ങിയതൊന്നുമല്ലല്ലോ.

എന്തായാലും സദാചാരബോധം തന്നെയാണ്‌ വനിതകളുടെ സദാചാരത്തിന്റെ വലിയ ശത്രു. മാനം രക്ഷിക്കാന്‍ മാനം മുഴുവന്‍ കളയേണ്ടിവരും. പരസ്യമായി രംഗത്തുവരാനോ മാധ്യമങ്ങളോട്‌ പേര്‌ വെളിപ്പെടുത്താനോ വിവാദത്തിലുള്‍പ്പെട്ട വനിത തയ്യാറല്ല. ഇതോടെ കേസ്സ്‌ തോറ്റുകഴിഞ്ഞു. പീഡനത്തിനെതിരായ പോരാട്ടം തന്നെയാണ്‌ സ്ത്രീക്ക്‌ ഏറ്റവും വലിയ പീഡനം. മൂന്നു തരത്തിലാണത്‌. ആദ്യത്തേത്‌ ജനകീയ പീഡനം- നാട്ടുകാരുടെ വക പരിഹാസം, പുച്ഛം, അവഹേളനം- ആളാരെന്ന്‌ അറിയും മുമ്പുതന്നെ അത്‌ തുടങ്ങിക്കഴിഞ്ഞു. സംസ്ഥാനത്തെ എല്ലാ നല്ല കാര്യങ്ങളും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യണം എന്നുണ്ടല്ലോ. അതനുസരിച്ച്‌ മുഖ്യമന്ത്രി വി.എസ്‌. അമ്മൂമ്മ വിളിയോടെ അത്‌ ഉദ്ഘാടനം ചെയ്തു കഴിഞ്ഞു. അടുത്തത്‌ ഫോര്‍ത്ത്‌ എസ്റ്റേറ്റ്‌ പീഡനമാണ്‌. അത്‌ നേരിടാന്‍ തന്നെ കുറച്ചൊന്നും പോരാ തൊലിക്കട്ടിയും മനക്കട്ടിയും. മൂന്നാമത്തേതാണ്‌ ജുഡീഷ്യല്‍ പീഡനം. സീനിയര്‍ ഐ.എ.എസ്‌. ഉദ്യോഗസ്ഥ പോലും കോടതിയിലെ വിചാരണാപീഡനത്തിനിടയില്‍ പൊട്ടിക്കരഞ്ഞുപോയിട്ടുണ്ട്‌. മൂന്ന്‌ പീഡനവും കഴിയുമ്പോള്‍ തോന്നിപ്പോകും, നീലനും കുഞ്ഞാലിക്കുട്ടിയും ജോസഫുമെല്ലാം എത്ര മാന്യന്മാര്‍!

Leave a Reply

Your email address will not be published. Required fields are marked *

Go Top