പുതിയ മന്ത്രിസഭ അധികാരത്തിലേറിയാല്‍ നാട്ടില്‍ ചില ആചാരങ്ങളുണ്ട്. പുത്തനച്ചി പുരപ്പുറം തൂക്കുന്നതു പോലെ മന്ത്രിസഭ അനുഷ്ഠിക്കേണ്ട ആചാരങ്ങള്‍ വേറെയും പ്രതിപക്ഷങ്ങള്‍ അനുഷ്ഠിക്കേണ്ടവ വേറെയും ആണ്. പുത്തനച്ചിയെ നോക്കി, ഇവളെത്രത്തോളം പോകുമെന്ന് കാണാലോ എന്ന അമ്മായിയുടെ ആത്മഗതം പോലെ, പുതിയ സര്‍ക്കാര്‍ ചെയ്യുന്നതു നോക്കിയും പറയുന്നതു കേട്ടും പിറുപിറുത്തിരിക്കുകയാണ് പ്രതിപക്ഷം ചെയ്യേണ്ടത്. അഞ്ചാറുമാസമെങ്കിലും അതു തുടരുകയാണ് ജനാധിപത്യ മര്യാദ. എ.കെ. ആന്റണി മുഖ്യമന്ത്രി ആയപ്പോള്‍, ആചാരത്തിലൊന്നും വലിയ വിശ്വാസമില്ലാതിരുന്നിട്ടുകൂടി പ്രതിപക്ഷം ഈ ചിട്ട അനുസരിക്കുകയുണ്ടായി. ഇങ്ങനെ അര്‍ധ മൗനവ്രതമനുഷ്ഠിക്കുന്ന ഇടവേളയില്‍ ചെയ്യാവുന്നതായ നിരവധി കാര്യങ്ങളുണ്ട്. ഇപ്പോഴാകട്ടെ, കര്‍ക്കടകമാസമായതുകൊണ്ട് ഒന്നുകൂടി സൗകര്യമുണ്ട്. സുഖചികിത്സ, തേച്ചുകുളി, കര്‍ക്കടകക്കഞ്ഞിപാനം, രാമായണപാരായണം തുടങ്ങി എന്തെല്ലാം.
ഉമ്മന്‍ചാണ്ടി, ചെന്നിത്തല സംഘങ്ങള്‍ക്ക് ഇതിനൊന്നും ഇടതുമുന്നണി മന്ത്രിസഭ അവസരം നല്‍കാത്തത് വലിയ ക്രൂരതയാണ്. അച്യുതാനന്ദന്‍ സ്ഥാനമേറ്റതിന്റെ ഏതാണ്ട് പിറ്റേന്നു മുതല്‍ തന്നെ അവര്‍ കാസര്‍കോട് മുതല്‍ പാറശ്ശാല വരെ വെളിച്ചപ്പാടിനെപ്പോലെ വാളെടുത്തുറഞ്ഞുതുള്ളാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. സത്യപ്രതിജ്ഞ ചൊല്ലിത്തീരും മുന്‍പ് തുടങ്ങിയതാണ് ഒന്നിനു പിറകെ ഒന്നായുള്ള കസ്റ്റഡിമരണങ്ങള്‍. അതു കണ്ട് അടങ്ങിയിരിക്കാനൊക്കുമോ. എങ്ങനെ സഹിക്കും. നടുറോഡിലിട്ട് ആളെ തല്ലിക്കൊന്നാലും പോലീസുകാരെ സ്ഥലംമാറ്റുക പോലും ചെയ്യാത്ത ഭരണമായിരുന്നിട്ടുപോലും ആന്റണി ഭരണകാലത്ത് ഇത്രയും പേരെ കസ്റ്റഡിയില്‍നിന്ന് ഡയറക്ടായി കാലപുരിക്കയയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. മുന്‍കാലങ്ങളില്‍ കമ്യൂണിസ്റ്റുകാര്‍ ഭരണത്തില്‍ വന്നാല്‍ ആദ്യം കേള്‍ക്കുന്ന ആരോപണം പോലീസിനെ നിര്‍വീര്യമാക്കി എന്നായിരുന്നു. ഇത്തവണ എന്തായാലും അതു പറയില്ല. വീര്യം നമ്മളോട് വേണ്ട എന്നു മാത്രം. ഏതെങ്കിലും സഖാവിന്റെ ചെകിടത്ത് നിര്‍ദോഷമായ രണ്ടടി കൊടുക്കുമ്പോഴേക്ക് നാലു പി.സി.യെയും എച്ച്.സി.യെയും സംസ്ഥാനത്തിന്റെ മറ്റേ അറ്റത്തേക്ക് തട്ടുകയാണിപ്പോള്‍. എന്നിട്ടും കസ്റ്റഡിയില്‍ കശ്മലന്മാര്‍ കുഴഞ്ഞുവീണ് മരിക്കുന്നു. സ്വാഭാവിക കുഴഞ്ഞു വീഴല്‍ തന്നെ; ജാതകദോഷം എന്നല്ലാതെന്തു പറയാന്‍. സഹിക്കാന്‍ മേലാഞ്ഞിട്ടാണ് ചെന്നിസാറും ചാണ്ടിസാറും അവിടെയും ഇവിടെയും ഹര്‍ത്താലിടുന്നത്. ലോക്കപ്പ്‌മരണത്തില്‍ എല്‍.ഡി.എഫിന് ദേശീയ റെക്കോഡിടാമെങ്കില്‍ ഹര്‍ത്താലില്‍ എന്തുകൊണ്ട് യു.ഡി.എഫിനു ലോകറെക്കോഡിട്ടുകൂടാ.
കസ്റ്റഡിയില്‍ കുഴഞ്ഞുവീണ് മരിച്ചാലും ഹര്‍ത്താലിന് ആഹ്വാനിക്കുന്നുവെന്ന ആക്ഷേപം യു.ഡി.എഫിനെ ക്കുറിച്ചുണ്ട്. ആക്ഷേപിക്കുന്നവരാരും യു.ഡി.എഫുകാരുടെ പ്രയാസം അറിയുന്നില്ല. അഞ്ചുവര്‍ഷമായി നേരെ ചൊവ്വെ ഒരു ഹര്‍ത്താല്‍ നടത്താന്‍ കഴിഞ്ഞിട്ടില്ല. ഭരണവും അതു മടുക്കുമ്പോള്‍ ഇടയ്ക്കൊരു സമരവും എന്ന എല്‍.ഡി.എഫ്. നയം നമുക്കൊട്ട് സ്വീകാര്യമായി തോന്നിയിരുന്നുമില്ല. ഭരിക്കുമ്പോള്‍ എല്ലാം മറന്ന് ഭരിച്ചുഭരിച്ച് സംസ്ഥാനത്തെ ഒരരുക്കാക്കുകയായിരുന്നു നയം. സമരിക്കുമ്പോഴത്തെ കാര്യമൊട്ട് പറയാനുമില്ല. ജനത്തെ ഒര് അരുക്കുമാക്കണം. ഹര്‍ത്താലിനു യു.ഡി.എഫ്. എതിരല്ലേ, പിന്നെയെങ്ങനെ ആഹ്വാനം ചെയ്തു എന്നും മറ്റുമുള്ള ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. യു.ഡി.എഫ്. ഭരിക്കുമ്പോഴത്തെ ഹര്‍ത്താലിനാണ് യു.ഡി.എഫ്. എതിര്. അതുപോലെ എല്‍.ഡി.എഫ്. ഭരിക്കുമ്പോഴത്തെ ഹര്‍ത്താലിന് എല്‍.ഡി.എഫും എതിരാണ്. ഇതിലെന്താണ് അപാകമായുള്ളത്. എം.എം. ഹസ്സന്‍ പറയുന്നതൊന്നും ഇപ്പോള്‍ കാര്യമായിട്ടെടുക്കേണ്ട. യു.ഡി.എഫ്. ഭരണമുള്ളപ്പോള്‍ മാത്രമേ ഹസ്സനും ഹര്‍ത്താല്‍ വിരുദ്ധ സത്യാഗ്രഹത്തിനുമൊക്കെ പ്രസക്തിയുള്ളൂ. ഭരണത്തിലിരിക്കുമ്പോഴത്തെപ്പോലെയല്ല, പ്രതിപക്ഷത്തിരിക്കുമ്പോഴത്തെ അവസ്ഥ. വേറെ പ്രക്ഷോഭങ്ങളൊക്കെ വലിയ മെനക്കേടുള്ള ഏര്‍പ്പാടുകളാണ്. ആളെ സംഘടിപ്പിക്കണം, ജാഥ നടത്താനും മീറ്റിങ് നടത്താനും കാശ് മുടക്കണം, പോലീസിന്റെ തല്ലുവാങ്ങാന്‍ ആളെ ഇറക്കണം…. ഹര്‍ത്താലാവുമ്പോള്‍ ആ പ്രശ്നമൊന്നുമില്ല. ഒരു ഷീറ്റ് കടലാസിലെഴുതി പത്രമാപ്പീസിലേക്ക് ഫാക്സ് ചെയ്താല്‍ മതിയാകും. യു.ഡി.എഫിന്റെ ശരീരസ്ഥിതിക്ക് ഏറ്റവും യോജിച്ച സമരരീതിയാണ് ഹര്‍ത്താല്‍. യു.ഡി.എഫ്. ഭരണകാലത്ത് എല്‍.ഡി.എഫ്. നടത്തിയ ഹര്‍ത്താലുകളൊക്കെ ജനദ്രോഹ ഹര്‍ത്താലുകളായിരുന്നു. ഇപ്പോഴത്തെതോ? എല്ലാം ജനപ്രിയ ഹര്‍ത്താലുകള്‍.
പോലീസ്‌മര്‍ദനം കൊണ്ടാണ് മരണമെന്ന് തെളിയും മുന്‍പ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു എന്നാണ് കോഴിക്കോട്ടുകാരുടെ ആക്ഷേപം. ഇതിന്റെ നടപടിക്രമങ്ങള്‍ അറിയാഞ്ഞിട്ടാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഹൃദയം നിന്നതുകൊണ്ട് മരിച്ചു എന്നേ കാണൂ. കുടലും മാലയുമൊക്കെ പരിശോധിച്ചു കൊണ്ടുവരുമ്പോഴേക്ക് ആഴ്ചകള്‍ കഴിയും. “കഴിഞ്ഞമാസം പത്താം തിയ്യതി ടൗണ്‍ പോലീസ് സ്റ്റേഷനില്‍ കച്ചറപ്പറമ്പത്ത് കുഞ്ഞുണ്ണിപ്പണിക്കര്‍ മകന്‍ മുത്തുകൃഷ്ണന്‍ (55) കുഴഞ്ഞുവീണ് മരിച്ചതല്ല, മര്‍ദനമേറ്റ് മരിച്ചതാണ് എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍നിന്ന് ബോധ്യപ്പെട്ടതുകൊണ്ട് ടി സ്റ്റേഷന്‍ അതിര്‍ത്തിയില്‍ നാളെ ഹര്‍ത്താല്‍ ആചരിക്കാന്‍ യു.ഡി.എഫ്. തീരുമാനിച്ചു” എന്ന് പ്രസ്താവനയിറക്കിയാല്‍, ഭരണം നഷ്ടപ്പെട്ടതോടെ ഇവരുടെ സമനിലയും നഷ്ടപ്പെട്ടു എന്ന് ജനം ധരിക്കില്ലേ? അതുകൊണ്ടാണ് അപ്പപ്പോള്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നത്. കസ്റ്റഡിമരണം സ്വാഭാവിക മരണമായിരുന്നു എന്നു പിന്നീടറിവാകുന്നു എന്നു കരുതുക. ഹര്‍ത്താല്‍ മുന്‍കാല പ്രാബല്യത്തോടെ പിന്‍വലിച്ചതായി കണക്കാക്കണമെന്ന് പ്രസ്താവിച്ചാല്‍ പ്രശ്നം തീരുമല്ലോ.
ഇനി കസ്റ്റഡിയില്‍ മരിച്ചാലേ ഹര്‍ത്താലാഹ്വാനിച്ചുകൂടൂ എന്നില്ല. വയനാട്ടിലെ ഹര്‍ത്താല്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതിനെ ചൊല്ലിയായിരുന്നു. എല്‍.ഡി.എഫിന്റെ കൈവശം എന്തോ ഒറ്റമൂലിയുണ്ടെന്നും ഭരണമേറ്റാല്‍ പിറ്റേന്ന് അത് കര്‍ഷകന്റെ നാവില്‍ ഉറ്റിച്ചുകൊടുക്കുമെന്നും ആയിരുന്നു യു.ഡി.എഫുകാര്‍ കരുതിയിരുന്നത്. ബ്രേക്കിട്ടതുപോലെ ആത്മഹത്യ അതോടെ നില്‍ക്കേണ്ടതായിരുന്നു. കൊക്കകോളയുടേതുപോലെ അതിന്റെയും രാസക്കൂട്ട് രഹസ്യമായിരുന്നു. എല്‍.ഡി.എഫിനേ അതിന്റെ പേറ്റന്റ് ഉള്ളൂ. പക്ഷേ, ആത്മഹത്യ തുടരുന്നു. യു.ഡി.എഫ്. ഭരണത്തില്‍ ആത്മഹത്യ അഞ്ഞൂറായിരുന്നോ ആയിരമായിരുന്നോ എന്ന ചോദ്യത്തിന് ഇനി പ്രസക്തിയില്ല.പക്ഷേ, ഹര്‍ത്താലാഹ്വാനവും സന്ദര്‍ശനങ്ങളും പ്രസ്താവനകളുമായി ഉമ്മന്‍ചാണ്ടിയും പറപറക്കുന്നുണ്ട്. മുന്‍പ് പ്രതിപക്ഷനേതാവായപ്പോഴത്തെ അച്യുതാനന്ദന്റെ പാച്ചിലും ഇപ്പോള്‍ പ്രതിപക്ഷനേതാവായ ഉമ്മന്‍ ചാണ്ടിയുടെ പാച്ചിലും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. അച്യുതാനന്ദനു പാച്ചിലിന്റെ അവസാനം കയറിയിരുന്നു വിശ്രമിക്കാന്‍ മുഖ്യമന്ത്രിസ്ഥാനം കിട്ടി. ഉമ്മന്‍ചാണ്ടിക്ക് അങ്ങനെ യാതൊരു ഉറപ്പുമില്ല. മുഖ്യമന്ത്രിസ്ഥാനത്തുനിന്നിറങ്ങിയ ശേഷമുള്ള ഓട്ടം ശ്ശി വിഷമമുള്ളതാണ്. ഇനി വേണേല്‍ ചെന്നിത്തല ഓടിനോക്കട്ടെ. മാത്രവുമല്ല, അച്യുതാനന്ദനോട് ചോദിച്ചിട്ടില്ലാത്ത ഒരു ചോദ്യം ഉമ്മന്‍ചാണ്ടി ഏത് പ്രശ്നത്തിലിടപെടുമ്പോഴും ജനത്തിന്റെ മനസ്സില്‍ വരും. “സാറു ഭരിക്കുമ്പോഴെന്തേ ഇങ്ങോട്ട് വരാഞ്ഞത് ?”. മുഖ്യമന്ത്രി സ്ഥാനത്തു നിന്നിറങ്ങിയ ശേഷമുള്ള ഓട്ടം ശ്ശി വിഷമമുള്ളതാണ്.