ജ്യോത്സ്യം നിശ്ചയമില്ലാത്തവര്‍ക്കും കണ്ടകശ്ശനി എന്ന് കേട്ടാല്‍ സംഗതി അത്ര പന്തിയല്ലെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. ഇന്ത്യാ മഹാരാജ്യത്തെ കണ്ടകന്‍ ബാധിച്ചിട്ട് കാലം കുറച്ചായി എന്ന് നമുക്കറിയാം. അത് പറഞ്ഞുതരാന്‍ ജ്യോത്സ്യന്‍ കവടി നിരത്തേണ്ട കാര്യമില്ല. യുക്തിവാദികള്‍ക്കും അറിയാം. ഒരുഗതിയും കിട്ടാത്ത പ്രേതങ്ങളെപ്പോലെ പാര്‍ലമെന്റിന്റെ പരിസരങ്ങളില്‍ അലഞ്ഞുതിരിഞ്ഞിരുന്ന, ഒന്നരഡസന്‍ അംഗങ്ങളുടെ പിന്തുണപോലും ഇല്ലാത്ത കക്ഷികള്‍ രാജ്യം ഭരിക്കുന്നു എന്നതുതന്നെ അതിന്റെ തെളിവ്. ഭരണമോന്തായം അകത്തുനിന്നും പുറത്തുനിന്നും പലരും താങ്ങുകൊടുത്തും കുത്തിപ്പിടിച്ചും നിലനിര്‍ത്തുകയാണെന്നതും ഏത് നിമിഷവും പേക്കോലം നിലം പരിശാവാം എന്നതും രാജ്യം കുട്ടിച്ചോറായിക്കൊണ്ടിരിക്കുന്നു എന്നതും കണ്ടകശ്ശനിയുടെ ലക്ഷണംതന്നെ.
ഈയിടെ കടലാസില്‍ കണ്ടത്, രാജ്യത്തിനല്ല, രാജ്യം ഭരിക്കുന്ന ദേവഗൗഡര്‍ക്കുതന്നെയാണ് കണ്ടകശ്ശനി എന്നാണ്. കര്‍ണാടകത്തില്‍ നിന്ന് വടക്കോട്ട് നീങ്ങി ഇന്ദ്രപ്രസ്ഥത്തില്‍ തമ്പടിച്ചിട്ടുള്ള ആസ്ഥാന ജ്യോത്സ്യന്മാര്‍ ഗൗഡരെ ഇക്കാര്യം ധരിപ്പിച്ചുകഴിഞ്ഞുവത്രെ. ഇനി എന്തൊക്കെ അനിഷ്ടസംഭവങ്ങാണ് നടക്കുകയെന്ന് ജ്യോത്സ്യപ്പരിഷത്തുകാര്‍ക്കുതന്നെയേ നിശ്ചയമുള്ളു. കണ്ടകന്റെ പിടിയില്‍നിന്ന് ഗൗഡരെ മോചിപ്പിക്കാന്‍ പരിഷകള്‍ പിടിവലി തുടങ്ങിയിട്ടുണ്ടെന്ന് പത്രക്കടലാസുകളില്‍ ഉണ്ടായിരുന്നുവത്രെ. ചില്ലറ സാഹസമൊന്നമല്ല ഇതെന്നാണ് പറയപ്പെടുന്നത്. ഗൗഡരെ ഒരുവിധമൊന്നും മോചിപ്പിച്ചെടുക്കാന്‍ ഒരുകോടിരൂപ ചെലവില്‍ ഹോമം നടത്താന്‍ കര്‍ണാകടദേശത്ത് പന്തല് കെട്ടിത്തുടങ്ങിയിട്ടുണ്ടെന്നും കേള്‍ക്കുന്നുണ്ട്. ഈ കലികാലത്ത് നടക്കാത്തതായി യാതൊന്നുമില്ല. കേന്ദ്രസര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍തന്നെ ഹോമം നടന്നാലും അത്ഭുതപ്പെടേണ്ട. സ്പോണ്‍സര്‍ ചെയ്യാന്‍ എന്‍റോണ്‍ മുതല്‍ കോജന്‍ടിക്സ് വരെ ഇഷ്ടംപോലെ ബഹുരാഷ്ട്രഭീകരന്മാരെ കിട്ടിയേക്കും. അതിനെക്കുറിച്ചാലോചിച്ച് നാം തല പുണ്ണാക്കേണ്ട. ഹോമം ഹോമത്തിന്റെ വഴിക്ക് നടക്കും. ഗൗഡരെ കണ്ടകന്‍ പിടികൂടിയതിന്റെ ലക്ഷണം കുറേശ്ശെയായി കാണാന്‍ തുടങ്ങിയിട്ട് നാളേറെയായി. കര്‍ണാടകദേശത്ത് സ്വസ്ഥം കൃഷിയും ഭരണവുമായി കഴിഞ്ഞുകൂടിയിരുന്ന ഗൗഡരെ പ്രധാനമന്ത്രിക്കസേരയില്‍ പിടിച്ചിരുത്തിയത് കണ്ടകന്റെ കൈക്കരുത്തുകൊണ്ടുതന്നെ ആവണം. അംഗീകൃത പ്രതിപക്ഷ കക്ഷിയാകാന്‍പോലും അംഗബലമില്ലാത്ത കക്ഷിയാണല്ലോ ഇപ്പോള്‍ രാജ്യത്തിന്റെ ഭരണം നടത്തുന്നത്. ഇതിനാണത്രെ ഫെഡറല്‍ കണ്ടകശ്ശനി എന്ന് പറയുന്നത്. ചില്ലറക്കാരനൊന്നുമല്ല ഈ കണ്ടകന്‍.
അവന്റെ പിടിയില്‍പ്പെട്ടാല്‍ പിന്നെ എന്താണ് ചെയ്യുക, എന്താണ് പറയുക എന്നൊന്നും ആര്‍ക്കും പ്രവചിക്കാന്‍ പറ്റില്ല. ആളിന്റെ പ്രകൃതം ആകെയങ്ങ് മാറും. പ്രധാനമന്ത്രിയായി പാര്‍ലമെന്റില്‍ വിശ്വാസപ്രമേയചര്‍ച്ച നേരിടുന്നതുവരെ ദേവഗൗഡര്‍ക്ക് ഒരു ശനിയുടേയോഞ്ഞായറുടേയോ ശല്യമുണ്ടായിരുന്നിട്ടില്ല. എന്തൊരു വിനയമായിരുന്നു! വിനയം കൊണ്ട് മുതുക് വളഞ്ഞുപോയ ഒരു വിനീത കര്‍ഷകനായിരുന്നു അദ്ദേഹം. വോട്ടെടുപ്പ് കഴിഞ്ഞ് കൃത്യം 24 മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് ശനിയുടെ വൈറസ് ശരീരത്തില്‍ പ്രവേശിച്ച് മെല്ലെ ആക്ഷന്‍ തുടങ്ങിയത്. പെട്ടെന്ന് കൈകാലുകള്‍ വിറയ്ക്കാന്‍ തുടങ്ങി. വലതുകാല്‍ അനിയന്ത്രിതവും അക്രമാസക്തവുമായി. കാല്‍ നിവര്‍ത്തി ശൂന്യതയില്‍ ഒരു തൊഴിതൊഴിച്ചു. അതാ ഒരു മൂല്യാധിഷ്ഠിതവേഷം കിടക്കുന്നു നിലത്ത് – രാമകൃഷ്ണ ഹെഗ്ഡെ!
പിന്നീടിങ്ങോട്ട് കണ്ടകന്‍ തിരിഞ്ഞുനോക്കിയിട്ടില്ല. ഉറക്കത്തില്‍പോലും ഹിന്ദിപറഞ്ഞിട്ടില്ലാത്ത ഗൗഡരെക്കൊണ്ട് ഹിന്ദി കന്നഡഭാഷയില്‍ പ്രസംഗിപ്പിച്ചത് കണ്ടകനല്ലെങ്കില്‍ മറ്റാരാണ്? ബഹൂത്ത് കേമം ആയിരുന്നു പ്രഭാഷണം. ഉത്തരപ്രദേശില്‍നിന്നും മറ്റും ഐ.എ.എസ്സുകാര്‍ വന്ന് വര്‍ഷങ്ങളോളം കേരളത്തില്‍ താമസിച്ചാലും പറയുന്ന മലയാളം കേട്ടാല്‍, നായനാരുടെ ഇംഗ്ലീഷ് തന്നെയാണ് ഭേദം എന്ന് തോന്നിപ്പോകും. അപ്പോള്‍ പിന്നെ ഗൗഡരുടെ രണ്ടാഴ്ച പഠിച്ചുള്ള ഹിന്ദി പ്രസംഗം എങ്ങനിരിക്കും? ഉത്തരേന്ത്യക്കാര്‍ രാവിലെ തുടങ്ങിയ ചിരി വൈകീട്ടും നിര്‍ത്തിയില്ലെന്നാണ് റിപ്പോര്‍ട്ട്. പഠിക്കേണ്ട പ്രായത്തില്‍തത്തെ നേരാംവണ്ണം പഠിച്ചിട്ടില്ല. ഇനി ഈ പ്രായത്തില്‍ പഠിച്ചാല്‍ തലയില്‍ കേറുമോ? അതുകൊണ്ടാണ് ഗൗഡര്‍ യു.പി.യില്‍ റിഹേഴ്‌സലായി ഹിന്ദി പ്രസംഗിച്ചപ്പോള്‍ ഭായിയോം ഔര്‍ ബഹനോം എന്ന് പറയേണ്ടതിന് പകരം ‘ഭായിയോ ഔര്‍ ഭായിയോ’ എന്ന് അഭിസംബോധന ചെയ്തുപോയത്. കണ്ടകന്‍ നാവിലും കേറി കളിതുടങ്ങും. കണ്ടകന്റെ ഊക്കുകൊണ്ടല്ലെങ്കില്‍ പിന്നെ, ഗൗഡര്‍ക്ക് ഇത്രയേറെ സ്പീഡ് എവിടെനിന്നുകിട്ടി? എല്ലാവശവും ആലോചിച്ച് തീരുമാനമെടുത്തു എന്നൊരു ആക്ഷേപം ഗൗഡരുടെ പേരില്‍ ആരും ഉന്നയിക്കുകയില്ല. ആലോചനയുംചിന്തയുമെല്ലാം റാവുജിയെപ്പോലുള്ള ബുദ്ധിജീവികള്‍ക്ക് പറഞ്ഞിട്ടുള്ളതാണ്. നമുക്കതൊന്നും വയ്യ. നാനാവശവും രാവും പകലും ആലോചിക്കുക എന്നല്ലാതെ വല്ലതും ചെയ്തു എന്നൊരാക്ഷേപം റാവുജിയുടെ പേരില്‍ കെ. കരുണാകരന്‍പോലും ഉന്നയിക്കില്ല. മര്‍മത്തെക്കുറിച്ച് അധികം അറിഞ്ഞാല്‍ പശുവിനെ തല്ലാന്‍പറ്റില്ല. എങ്ങുനോക്കിയാലും മര്‍മമേ കാണൂ. ഗൗഡര്‍ക്ക് മര്‍മത്തിന്റെ പ്രശ്നമൊന്നുമില്ല. ഓങ്ങിയടിക്കും. അറിയാത്തവര്‍ക്കെന്ത് മര്‍മവും മര്‍മാണിയും? പോരാത്തതിന് കണ്ടകശ്ശനിയും.
ഈയിടെയായി ഗൗഡര്‍ എങ്ങോട്ട് പോകുമ്പോഴും ഒപ്പം കണ്ടകനും ഒരു സീറ്റ് റിസര്‍വ് ചെയ്യുന്നുണ്ട്. ബോംബെയില്‍ചെന്നപ്പോള്‍ നേരെചെന്നത് കണ്ടകശ്ശനിയേക്കാള്‍ ഭയപ്പെടേണ്ട താക്കറേയുടെ അടുത്തേക്കാണ്. താക്കറേയുടെ ഭാര്യയും മകനും മരിച്ച് മാസങ്ങള്‍ കഴിഞ്ഞുവെങ്കിലും ഗൗഡാജിക്ക് ഇന്നലെയാണ് വിവരം കിട്ടിയത്. ഉടനെ അങ്ങോട്ട് പറന്നു. മരിച്ച വീട്ടിലേക്കല്ല, മറ്റൊരു വീട്ടിലേക്കാണ് ഗൗഡാജി ചെന്നത്. അതാണത്രെ ലേറ്റസ്റ്റ് ഹിന്ദു സംസ്കാരം. ഭാര്യയും മകനും മരിച്ച ആളെ സൂപ്പര്‍സ്റ്റാറിന്റെ വീട്ടില്‍ ഭേദപ്പെട്ട തീറ്റയുടെ പുറത്താണ് ദേവഗൗഡാജി നേരില്‍കണ്ട് മൃഷ്ടാന്നം അനുശോചിച്ചത്. കൂടെ കണ്ടകനുമുണ്ടായിരുന്നു. രാജ്യത്തെ മതേതരത്വം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് താക്കറെ ദേവഗൗഡര്‍ക്കും നമ്മുടെ നാട്ടുകാരന്‍ ഇബ്രായിക്കും ഒട്ടനവധി വിലപ്പെട്ട ഉപദേശങ്ങള്‍ നല്‍കിയത്രെ.
ബാംഗ്ലൂരിലേക്ക് വരുമ്പോഴും കണ്ടകനെ കൂടെ കൂട്ടിയിരുന്നു. വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ കണ്ടത് പത്രക്കാരെയാണ്. വിവരം തൊട്ടുതീണ്ടിയിട്ടില്ലാത്ത കൂട്ടര്‍. ഒരു വിവരദോഷി ചോദിച്ചത് ഹെഗ്ഡെയെക്കുറിച്ചാണ്. കലിവരാതിരിക്കുമോ? തന്റെയൊന്നും ഓശാരംകൊണ്ടല്ല താന്‍ പ്രധാനമന്ത്രിയായതെന്ന് ഉറപ്പിച്ചങ്ങോട്ട് പറഞ്ഞു ഗൗഡാജി: തന്റെയൊന്നും മോന്ത എനിക്ക് കാണേണ്ടെന്നും പറഞ്ഞു. നോക്കണേ കണ്ടകശ്ശനിയുടെ ഉശിര്. ഇന്നുവരെ ഒരു പ്രധാനമന്ത്രിയും ഇത്രയും സത്യസന്ധമായ ഒരു കാര്യം പറഞ്ഞിട്ടില്ല. പത്രക്കാരന്‍ വിചാരിച്ചാല്‍ ഒരുത്തനെ പഞ്ചായത്ത് പ്രസിഡണ്ടാക്കാന്‍പോലും പറ്റില്ല. പിന്നെയല്ലേ ഇന്ത്യന്‍ പ്രധാനമന്ത്രിയാക്കുന്നത്?
അങ്ങനെ കണ്ടകശ്ശനിയുടെ പിന്‍ബലത്തിലാണ് ഗൗഡാജിയുടെമുന്നേറ്റം. കണ്ടകന്‍ ഗൗഡരെ ശരിപ്പെടുത്തുമോ അതല്ല മറിച്ച് സംഭവിക്കുമോ എന്നൊന്നും പറയാറായിട്ടില്ല. ലക്ഷണംകണ്ടിട്ട് ഹോമം പോലുള്ള ക്രിയകളൊന്നും വേണ്ടിവരില്ലെന്നാണ് തോന്നുന്നത്. കണ്ടകനെയും ശരിപ്പെടുത്തിയിട്ടേ ഗൗഡാജി പോകൂയെന്ന് തോന്നുന്നു. രാജ്യത്തിന്റെ കാര്യം മാത്രം ഒന്നും പറയാറായിട്ടല്ല.
*** *** ***
റേഷനരിയുടെ വില കുറച്ചതിന്റെ ഉദ്ഘാടന മഹാമഹം അടുത്തദിവസം തിരുവനന്തപുരത്ത് കെങ്കേമമായി നടക്കുകയുണ്ടായി. അതിലൊട്ടും അപാകതയില്ല. ഈ രാജ്യത്ത് രൂപയുടേയും മനുഷ്യന്റേയും ഒഴിച്ച് എന്തിന്റെയെങ്കിലും വിലകുറയുന്നത് അത്യപൂര്‍വമായ സംഭവമാണല്ലോ. ഉദ്ഘാടനം വേണ്ടതുതന്നെ. പക്ഷേ, അന്നുതന്നെ നടന്ന മറ്റൊരുസംഭവം വേണ്ട രീതിയില്‍ ആഘോഷിക്കപ്പെടാത്തത് മോശമായിപ്പോയി. റേഷനരിയുടെ വില കുറച്ചദിവസംതന്നെയാണല്ലോ കേരളചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തോതിലുള്ള ബസ് ചാര്‍ജ് വര്‍ധന നിലവില്‍വന്നത്.
വില കുറയ്ക്കലിന് ഉദ്ഘാടനമാവാമെങ്കില്‍ മറ്റേതിനും ഉദ്ഘാടനമാകാം. ഭരണകക്ഷിക്കാര്‍ക്ക് ബസ്ചാര്‍ജ് വര്‍ധനയ്ക്ക് ഉദ്ഘാടനച്ചടങ്ങ് സംഘടിപ്പിക്കാന്‍ ചില്ലറ വിഷമമുണ്ടാവുന്നത് സ്വാഭാവികമാണ്. ഇവിടെയാണ് പ്രതിപക്ഷത്തിന്റ റോള്‍. വില കുറയ്ക്കലുകള്‍ മുഖ്യമന്ത്രിയും വര്‍ധനകള്‍ പ്രതിപക്ഷനേതാവും ഉദ്ഘാടനം ചെയ്യട്ടെ. അങ്ങനെവന്നാല്‍ പ്രതിപക്ഷനേതാവിന് എല്ലാ ദിവസവും ഓരോ ഉദ്ഘാടനമെങ്കിലും നിര്‍വഹിക്കാന്‍ കഴിയും. ബസ് ചാര്‍ജ് വര്‍ധനയുടെ ഉദ്ഘാടനത്തിന് ട്രാന്‍സ്പോര്‍ട്ട് മന്ത്രിയേയും വൈദ്യുതി ചാര്‍ജ് വര്‍ധന ഉദ്ഘാടനത്തിന് വൈദ്യുതിമന്ത്രിയേയും ആശംസാപ്രസംഗകരായി വിളിക്കാന്‍ മറക്കരുതെന്ന് മാത്രം.
അതിനിടെ, അതിക്രൂരമായി സിനിമാടിക്കറ്റ് ചാര്‍ജ് വര്‍ധനയ്ക്കെതിരെ ‘ഡിഫി’ നടത്തിയ ഐതിഹാസികമായ സമരം വിജയകരമായ പരിസമാപ്തിയിലെത്തിയ വിവരം മാലോകര്‍ അറിഞ്ഞിരിക്കുമല്ലോ. ഇനി ഇവിടെ പാവപ്പെട്ട ജനങ്ങള്‍ക്ക് മനഃസമാധാനത്തോടെ കിടന്നുറങ്ങാം. ഒരു രൂപയുടെ കുറവാണ് ടിക്കറ്റ് ചാര്‍ജില്‍ വരുത്തിയിട്ടുള്ളത്. ഉള്ളത് പറയാമല്ലോ, പത്തുപതിനഞ്ച് കൊല്ലത്തിനിടയില്‍ ഇത്ര വിജയകരമായ ഒരു സമരം നമ്മുടെ സംഘടന നടത്തിയിട്ടില്ലെന്നത് സത്യമാണ്. എന്തെല്ലാം സമരം നടത്തി എത്ര എണ്ണത്തിന്റെ തലമണ്ടയും എല്ലുകളും അടിവാങ്ങിച്ച് പൊട്ടിപ്പൊളിച്ചു? ഒരു പൈസയുടെ നേട്ടം കിട്ടിയിട്ടില്ല. ഇതാ, ഒരു കല്ലേറുപോലുമില്ലാതെ ഒരു സമരം വിജയിച്ചിരിക്കുന്നു. ഈ വഴിക്കാണ് ഇനി സംഘടന മുന്നോട്ടു കുതിക്കാന്‍ ആലോചിക്കുന്നത്. ചില ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ ചായയ്ക്ക് അമ്പതുരൂപയൊക്കെ വില വാങ്ങിക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന വാര്‍ത്ത ഈയിടെ കേട്ടു. ഉടന്‍ സമരമാരംഭിക്കാന്‍ സ്റ്റേറ്റ് കമ്മിറ്റി ആലോചിക്കുന്നുണ്ട്.
വേറെയൊരു പ്രശ്നം, ബസ് ചാര്‍ജ്, പെട്രോള്‍വില എന്നിവയില്‍ അഞ്ചോ പത്തോ പൈസ വര്‍ധിക്കുമ്പോഴെല്ലാം നമ്മുടെ മുഖപത്രം എട്ടുകോളം തലക്കെട്ടില്‍ ബസ് ചാര്‍ജ് കുത്തനെ കൂട്ടി, പെട്രോള്‍ വില കുത്തനെ കൂട്ടി, എന്നിങ്ങനെയാണ് കൊടുത്തുപോന്നിട്ടുള്ളത്. ഇപ്പോള്‍ രണ്ടിടത്തും ഭരണം നമ്മുടെ ആളുകളായതുകൊണ്ട് കുത്തനെ കൂട്ടുന്ന പ്രശ്നമില്ല. ഒറ്റക്കോളത്തില്‍ കൊടുക്കാനുള്ള ചില തലക്കെട്ടുകള്‍ കണ്ടുപിടിച്ചിട്ടുണ്ട്. ബസ് യാത്രാനിരക്ക് പുതുക്കി എന്നാണ് ബസ് ചാര്‍ജ് വര്‍ധനയ്ക്ക് മുഖപത്രത്തിന്റെ തലക്കെട്ട്. ഈ മാതിരി അസ്സല്‍ തലക്കെട്ടുകള്‍ നിര്‍ദ്ദേശിക്കാന്‍ പ്രതിഭാശാലികളായ പത്രപ്രവത്തകസഖാക്കളോട് പത്രാധിപസമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അയച്ചുകിട്ടിയ ചില സാമ്പിളുകള്‍ നോക്കൂ….
പെട്രോള്‍ വിലയില്‍ ‘മാറ്റം’. തീവണ്ടിനിരക്ക് ‘പുനര്‍നിര്‍ണയിച്ചു’. വൈദ്യുതിനിരക്ക് ‘പരിഷ്കരിച്ചു’. ഡീസല്‍ വിലയില്‍ ‘ഭേദഗതി’. റേഷന്‍ വിലയില്‍ ‘പരിവര്‍ത്തനം’ പോര, കുറേക്കൂടി ഒറിജിനല്‍ പദപ്രയോഗങ്ങള്‍ ആവശ്യമാണ്. അഞ്ചുകൊല്ലം ഭരിക്കേണ്ടതല്ലേ?
*** *** ***
ബസ് ചാര്‍ജ് വര്‍ധനയുടെ കഷ്ടപ്പാട് അനുഭവിക്കുന്ന ജനത്തിന്റെ പുറത്ത് അതിനെതിരായ സമരത്തിന്റെ പെടാപ്പാടും കെട്ടിവെച്ചുതന്ന യുവമോര്‍ച്ചയ്ക്ക് നന്ദി. മോര്‍ച്ചയായാലും മോര്‍ച്ചറി ആയാലും ബന്ദ് ആഹ്വാനം ചെയ്താല്‍ പിന്നെ ഇല ഇളകില്ല. ഇക്കുറി മോര്‍ച്ചക്കാരുടെ പരിഷ്കാരം ജോറായി. രണ്ട് ചക്രമുള്ള വാഹനവും ഓടാന്‍ പാടില്ല. എല്ലാ വിഭാഗം ജനങ്ങളുടേയും സഹകരണം ഉറപ്പാക്കാന്‍വേണ്ടിയാണ് ഇരുചക്രവാഹനങ്ങളും തടയുന്നതെന്ന് നേതാവ് പ്രഖ്യാപിച്ചിരിക്കുന്നു. ആളുകളെ ബലമായി തടഞ്ഞ് അവരുടെ സഹകരണം വാങ്ങുക! നല്ല പരിപാടിതന്നെ. ഇനി അടുത്ത സമരത്തിന് ഇരുചക്രവാഹനത്തെ മാത്രമല്ല, ഇരുകാലില്‍ നടക്കുന്നവനേയും പിടികൂണം. അവന്റെ സഹകരണം കിട്ടുന്നില്ലെങ്കില്‍ കരിങ്കല്ലെടുത്ത് തലയ്ക്കിട്ട് ഒന്നുകൊടുത്താല്‍ മതി; ഉടനെ സഹകരണം ഉറപ്പാക്കും. ഇരുചക്രത്തിനെ തടയാമെങ്കില്‍ നടക്കുന്നവനേയും തടയാം. കാല്‍നടയ്ക്ക് വേഗം കൂട്ടുന്നതുമാത്രമാണല്ലോ ഇരുചക്രവാഹനം. അതിന്റേയും അടുത്ത ഘട്ടത്തില്‍ പാല്‍, പത്രം, കല്യാണം എന്നിവയെ ബന്ദില്‍നിന്ന് ഒഴിവാക്കുന്ന സമ്പ്രദായവും നിര്‍ത്താം. സഹകരണം സ്വമനസ്സാലെ തന്നില്ലെങ്കില്‍ കൈക്രിയ പ്രയോഗിക്കാം.