84-85 കാലമാണ്. ഞാന്‍ പാലക്കാട്ട് മാതൃഭൂമി ലേഖകനാണ്. ബ്യൂറോവില്‍ വേറെ ആരുമില്ല. ആകെയുണ്ടായിരുന്ന സഹറിപ്പോര്‍ട്ടര്‍ ആന്റണി തരകന്‍ വിരമിച്ചിട്ട് പകരമാരും വന്നിട്ടില്ല. ആയിടെയാണ് വി.കെ.എന് കേന്ദ്രസാഹിത്യ അക്കാദമിയുടെ അവാര്‍ഡ് ലഭിച്ചത്. സ്വാഭാവികമായും വാര്‍ത്തയും ഫോട്ടോയുമെല്ലാം പത്രത്തില്‍ വന്നു. ഞാന്‍ കൂടുതല്‍ ഒന്നും ചെയ്യാന്‍ മുതിര്‍ന്നില്ല. വി.കെ.എന്റെ ആവാസം തിരുവില്വാമലയിലാണ്. അത് പാലക്കാടിന്റെ അധികാരപരിധിയില്‍ പെട്ട സ്ഥലമാണ് ,പക്ഷേ ഞാന്‍ അദ്ദേഹത്തെ കാണാനൊന്നും പോയിരുന്നില്ല.
ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ തിരുവില്വാമലയില്‍ നിന്ന് അവിടെത്തെ മാതൃഭൂമി ഏജന്റിന്റെ പരിഭ്രമം നിറഞ്ഞ ഫോണ്‍ വിളി. വി.കെ.എന്‍ തന്നെ വഴി നടക്കാന്‍ സമ്മതിക്കുന്നില്ല. എന്താടാ നിന്റെ ലേഖകന്‍ എന്നെ ഇന്റര്‍വ്യൂ ചെയ്യാന്‍ വരാത്തത് എന്നാണ് ചോദ്യം. ഏജന്റ് ആദ്യമതത്ര കാര്യമായി എടുത്തില്ല. വി.കെ.എന്‍ അല്ലേ അങ്ങനെ പലതും പറയും. ഏജന്റ് അവിടെ ഒരു ബാങ്കില്‍ പാര്‍ട് ടൈം ജോലിയുള്ള ആളാണ്. വി.കെ.എന്‍ പിന്നെ ബാങ്കിലേക്ക് ഫോണ്‍ വിളിച്ചായി ഭീഷണി. ലേഖകന്‍ വന്ന് ഇന്റര്‍വ്യൂ ചെയ്തില്ലെങ്കില്‍ നിന്റെ കഥ കഴിക്കും എന്നാണ് ഭീഷണി.സംഗതി ഗുരുതരമാണെന്ന് ബോധ്യപ്പെട്ടപ്പോഴാണ് ഏജന്റ് ഇങ്ങോട്ട് വിളിക്കാന്‍ തുടങ്ങിയത്.
പോകണമോ വേണ്ടയോ എന്നായി എന്റെ സംശയം. വെറുതെ പോയി ഇന്റര്‍വ്യൂ ചെയ്തിട്ട് പത്രത്തില്‍ കൊടുക്കാന്‍ പറ്റിയില്ലെങ്കില്‍ ബുദ്ധിമുട്ടാകും. പിന്നെ എനിക്കാവും വി.കെ.എന്‍.ശല്യം. അന്ന് വി.എം.കൊറാത്ത് ആണ് ഡപ്യൂട്ടി എഡിറ്റര്‍. പോകണമോ എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. പോയി നോക്കൂ…വി.കെ.എന്‍ അല്ലേ എന്തെങ്കിലും എഴുതാനാകും എന്നദ്ദേഹം പറഞ്ഞപ്പോള്‍ ഞാന്‍ പോകാന്‍ തന്നെ സന്നദ്ധനായി.
പത്ത് മണിയോടെ വീട്ടിലെത്തി. ഔപചാരികമായ അഭിമുഖത്തിനൊന്നും ഞാന്‍ മുതിര്‍ന്നില്ല. ചുമ്മാ വ്യക്തിപരമായ കാര്യങ്ങള്‍ പറഞ്ഞിരുന്നു. ചില കഥാപാത്രങ്ങളെകുറിച്ച് ചോദിച്ചു. ഇനി എഴുതാന്‍ പോകുന്ന നോവലിനെ കുറിച്ച് വിവരം തേടി. രാവിലെ ആയതുകൊണ്ട ് പതിവ് ഉപദ്രവമൊന്നുമുണ്ടായിരുന്നില്ല. ശാന്തനായി സംസാരിക്കുന്നുണ്ട് വി.കെ.എന്‍. പിശുക്കിയാണ് വാക്കുകള്‍ വരുന്നത്. ഞാന്‍ ഒന്നും എഴുതിയെടുത്തില്ല. അതിന്റെ ആവശ്യമുണ്ട് എന്ന് തോന്നിയില്ല. ഒരു റിപ്പോര്‍ട്ടിനാവശ്യമായ കൗതുകകരമായ കാര്യങ്ങള്‍ ഓര്‍ക്കുക പ്രയാസമാവില്ല എന്ന് തോന്നി. മാത്രവുമല്ല, ചോദ്യം ഉത്തരം എന്ന മട്ടിലായായാല്‍ വിരസമാവും. പറയാന്‍ അദ്ദേഹത്തിനും പ്രയാസമാവും. എന്റെ െൈകയില്‍ റെക്കാര്‍ഡര്‍ ഇല്ല. ഞാന്‍ റിപ്പോര്‍ട്ടറായി ഒരിക്കലും അത് ഉപയോഗിച്ചിട്ടുമില്ല. സംസാരിച്ചിരുന്നപ്പോള്‍ ചര്‍ച്ച കൊഴുത്തു. സാഹിത്യം, രാഷ്ട്രീയം, വ്യക്തികളെകുറിച്ചുള്ള പരദൂഷണം, മാതൃഭൂമിയിലെ മുതിര്‍ന്ന പത്രാധിപന്മാരെ കുറിച്ചുള്ള രഹസ്യകഥകള്‍ എന്നിങ്ങനെ കുറെ പറഞ്ഞു.
കേരളചരിത്രത്തിലെ സൂപ്രധാനമായ സംഭവങ്ങള്‍ കോര്‍ത്തെടുത്ത് വലിയ ഒരു നോവല്‍ എഴുതുന്നു എന്നതാണ് അദ്ദേഹം പറഞ്ഞ മുഖ്യമായ ഒരു കാര്യം. ആ വിവരം ഇപ്പോള്‍ പത്രത്തില്‍ കൊടുക്കേണ്ട, പിന്നീട് ഞാന്‍ കൂടുതല്‍ വിവരം തരാം എന്ന് വാഗ്ദാനം തരികയും ചെയ്തു.
വീട്ടില്‍ വേറെ ആരെങ്കിലും ഉണ്ടായതായി കുറെ നേരം വരെ തോന്നിയില്ല. പെട്ടന്ന് പ്രായമുള്ള ഒരു സ്ത്രീ ചായയുമായി വന്ന് അതവിടെ വെച്ച് പിന്‍വലിഞ്ഞു. ആരാണ് എന്ന് ഞാന്‍ ചോദിച്ചുമില്ല. ഭാര്യയാവണം. അദ്ദേഹം പരിചയപ്പെടുത്തിയുമില്ല. കനത്ത മൂകതയായിരുന്നു തത്സമയത്ത്.
വി.കെ.എന്‍ ഇംഗഌഷില്‍ എഴുതുമെന്ന് എനിക്കറിയുമായുരുന്നില്ല. അത് കാണണോ എന്ന് ചോദിച്ച് അദ്ദേഹം അകത്ത് നിന്ന് കുറെ കട്ടിങ്ങുകള്‍ എടുത്തുകൊണ്ടുവന്നു. ആന്ധ്രയിലെ പ്രശസ്തമായ ഇംഗഌഷ് ദിനപത്രത്തില്‍ വന്ന കുറിപ്പുകളാണ് . മലയാളത്തിലെ വി.കെ.എന്‍ ഏതാണ്ട് അപ്പടി ഇംഗ്ലീഷിലുണ്ട്. എങ്ങനെയുണ്ട് ? അസ്സലായിട്ടുണ്ട് എന്ന് ഞാന്‍ മറുപടിയും നല്‍കി. ഒരു പാട് തമാശകള്‍ ആ സംസാരത്തിനിടയില്‍ അദ്ദേഹം തട്ടിവിടുന്നുണ്ടായിരുന്നു. ഒരു ചോദ്യം ഇപ്പോഴും ഓർക്കുന്നത് എന്റെ സഹപ്രവര്‍ത്തകയെ കുറിച്ചുള്ളതായതു കൊണ്ടാണ്. ലല്‍കാര്‍ അന്ന് ഗൃഹലക്ഷ്മിയുടെ ചുമതല വഹിക്കുന്ന എഡിറ്ററാണ്. അവര്‍ക്ക് ഡോക്റ്ററേറ്റ് ഉണ്ട് – ഒന്നല്ല രണ്ട്. വി.കെ.എന്റെ ചോദ്യം. ഈ ഡോക്റ്റര്‍ ശ്രീമതി പി.ബി.ലല്‍കാര്‍ എന്നത് എന്ത് ഇനം ജീവിയാണ് ? ( ലല്‍കാറിന്റെ പേര് അങ്ങനെയാണ് അന്ന് ബൈലൈനായി വരാറുള്ളത്)
അഭിമുഖം കഴിഞ്ഞ് ഞാന്‍ ഉച്ചയോടെ മടങ്ങി. വൈകീട്ട് ഓഫീസിലെത്തിയപ്പോള്‍ ദീപിക ലേഖകന്‍ അബ്ദുള്ളക്കുട്ടിയുടെ ഫോണ്‍. നീ എവിടെയായിരുന്നു? രഹസ്യം സൂക്ഷിക്കാന്‍ എനിക്കുള്ള കഴിവ് മോശമാണ്. ഞാന്‍ വി.കെ.എന്‍ അഭിമുഖത്തിന്റെ രസങ്ങളെല്ലാം വിവരിച്ചു. ഞാന്‍ രാത്രി റിപ്പോര്‍ട് എഴുതുമെന്നും പിറ്റേന്നേ പ്രസിദ്ധീകരണത്തിന് അയക്കൂ എന്നും അബ്ദുള്ളക്കുട്ടിയോട് പറഞ്ഞിരുന്നു.
ആ ഫോണ്‍ സംസാരം കഴിഞ്ഞ് അല്പനേരത്തിന് ശേഷമാണ് എനിക്ക് തലശ്ശേരിയില്‍ അടിയന്തരസന്ദേശം വന്നത്. അമ്മയുടെ അമ്മ മരിച്ചിരിക്കുന്നു. ഉടനെ പുറപ്പെടണം. വേറെ മാര്‍ഗമില്ല, പോവുകതന്നെ. ഞാന്‍ കോഴിക്കോട് ഓഫീസില്‍വിളിച്ചുവിവരം പറഞ്ഞു. പി.ആര്‍.ഉണ്ണിയാണ് ഒറ്റപ്പാലം ലേഖകന്‍. ബ്യൂറോയില്‍ ഞാന്‍ ഇല്ലെങ്കില്‍ പകരക്കാരന്‍ അദ്ദേഹമാണ്. അദ്ദേഹത്തെയും അറിയിച്ചു. കെ.എസ്.ആര്‍.ടി.സിയിലേക്ക് ബസ് തിരഞ്ഞ് രാത്രി ചെല്ലുമ്പോള്‍ അബ്ദുള്ളക്കുട്ടിയേയും പാലക്കാട്ടെ മറ്റു സഹപ്രവര്‍ത്തകരെയും വിളിച്ച്ഞാന്‍ വിവരം പറഞ്ഞു. പോവുകയാണ്, കുറച്ചുദിവസം കഴിഞ്ഞേ വരൂ.
തലശ്ശേരിയിലെ മരണാനന്തര ചടങ്ങുകളുടെയും വീട്ടിലെ ബന്ധുസന്ദര്‍ശനങ്ങളുടെയും തിരക്കിനിടയില്‍ എനിക്ക് ഒന്നും എഴുതാന്‍ കഴിഞ്ഞില്ല. തിരിച്ച് പാലക്കാട്ട് എത്തിയിട്ട് എഴുതാം എന്ന് വിചാരിച്ചു. തിരിച്ചെത്താന്‍ നാലഞ്ചുദിവസമെടുത്തുകാണും.
പാലക്കാട്ട് എത്തിയപ്പോഴാണ് ആ സത്യം മനസ്സിലാക്കിയത്. വി.കെ.എന്നുമായി ഞാന്‍ നടത്തിയ അഭിമുഖം അസ്സലായി അബ്ദുള്ളക്കുട്ടി ദീപിക പത്രത്തില്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. അദ്ദേഹമാണ് അഭിമുഖം നടത്തിയത് എന്നെഴുതിയിട്ടില്ലെന്ന് മാത്രം.
ഞാനാണെങ്കില്‍ ഒന്നും എഴുതിയെടുത്തിട്ടില്ലാത്തതുകൊണ്ട് കൂടുതല്‍ ഒന്നും ഓര്‍ക്കുന്നുമില്ല. ആദ്യം എനിക്ക് അബ്ദുള്ളക്കുട്ടിയോട് കഠിനമായ ദേഷ്യമാണ് തോന്നിയത്. എന്തൊരു ചതിയാണ് ഇത് , എന്നോട് ഒന്ന്‌ചോദിക്കാതെയാണോ എന്റെ അഭിമുഖം കൊടുക്കുക ? അബ്ദുള്ളക്കുട്ടി അത് പക്ഷേ കാര്യമായി എടുത്തില്ല. തന്റെ പല വിനോദങ്ങളിലും വിക്രിയകളിലും ഒന്നായേ ഭാവിച്ചുള്ളൂ. ‘ അത് താന്‍ വരാന്‍ വൈകുന്നത് കൊണ്ടാണ് ഞാന്‍ എഴുതിയത്. സാരമില്ല. താന്‍ വേറൊന്നു എഴുതിക്കോ’ എന്നായി അബ്ദുള്ളക്കുട്ടി…
ഞാന്‍ ധര്‍മസങ്കടത്തിലായി. എഴുതാനിരുന്നിട്ട് ഒന്നും എഴുതാന്‍ കഴിയുന്നില്ല. എനിക്ക് ഓര്‍മയുള്ളത് ഏറെയും ദീപികയിലുള്ള കാര്യങ്ങള്‍ മാത്രമാണ്. കുറിപ്പുകള്‍പോലും എടുത്തിട്ടില്ല. വല്ലതും എഴുതിയാല്‍ ദീപികയില്‍ നിന്ന് കട്ടെടുത്ത് എഴുതിയതാണ് എന്നേ തോന്നൂ. പല വട്ടം ശ്രമിച്ച് ഞാന്‍ പരാജയം സമ്മതിച്ചു. ഇടക്കിടെ തിരുവില്വാമല ഏജന്റിന്റെ ഫോണ്‍ വരുന്നുണ്ട്. എവിടെടാ നിന്റെ ലേഖകന്‍ എന്നതിന് പകരം എവിടെടാ നിന്റെ ലേഖകന്റെ റിപ്പോര്‍ട്ട് എന്ന് വി.കെ.എന്‍. ചോദ്യം മാറിയിട്ടുണ്ടെന്നേ ഉള്ളൂ. വി.കെ.എന്‍ ഉപദ്രവം പൂര്‍വാധികമായിട്ടുണ്ട്്.
പിന്നെ ഫോണ്‍ വിളികള്‍ ഇല്ലാതായി. ആരെങ്കിലും ദീപിക ലേഖനം വി.കെ.എനെ കാണിച്ചിരിക്കാം. അത് വായിച്ച് അടങ്ങിക്കാണും. ഏജന്റിനെ കണ്ടപ്പോള്‍ പിന്നെയൊരിക്കല്‍ വി.കെ.എന്‍ ചോദിച്ചത്രെ. അവന്‍ ദീപികയിലാണെന്നല്ലല്ലോ പറഞ്ഞിരുന്നത് !
രണ്ടുവര്‍ഷത്തെ പാലക്കാട് സേവനം കഴിഞ്ഞ് ഞാന്‍ കോഴിക്കോട്ടെത്തി. ഇടക്കെല്ലാം വി.കെ.എന്‍ മാതൃഭൂമിയില്‍ വരാറുണ്ട്. വി.കെ.എന്‍ വരുന്നുണ്ട് എന്ന് കേള്‍ക്കേണ്ട താമസം ഞാന്‍ ന്യൂസ് റൂമില്‍ നിന്നുമുങ്ങും. അദ്ദേഹത്തിന്റെ മുന്നില്‍ ചെന്നുപെടാതിരിക്കാന്‍ ഞാന്‍ സാധ്യമായ എല്ലാ മുന്‍കരുതലും എടുക്കാറുണ്ട് കുറെകാലത്തേക്ക്.