പിടിവാശിയാണ് പരിവര്‍ത്തനവാദിയുടെ പടവാള്‍ എന്നത് എഴുപതുകളില്‍ ചുമരുകളില്‍ പ്രത്യക്ഷപ്പെട്ട മുദ്രാവാക്യങ്ങളിലൊന്നായിരുന്നു. എല്ലാ മുദ്രാവാക്യങ്ങളും ഉദ്ധരണികളുടെ രൂപത്തിലായിരുന്നു. എല്ലാം എം.എ.ജോണിന്റെ ഉദ്ധരണികള്‍. ഒരു മുദ്രാവാക്യമേ ഉദ്ധരണി അല്ലാതുണ്ടായിരുന്നുള്ളൂ. അത് ‘എം.എ.ജോണ്‍ നമ്മെ നയിക്കും ‘ എന്നതായിരുന്നു. ആരാണ് എം.എ.ജോണ്‍ ? പലരും പരിഹസിച്ചു. അത്തരമൊരു പ്രസ്ഥാനമോ പ്രചാരണ രീതിയോ അതിനുമുമ്പോ ശേഷമോ കേരളത്തിലുണ്ടായിട്ടില്ല.
പിടിവാശി നല്ല ഗുണമല്ലെന്ന് തന്നെയാണ് സാമാന്യമനുഷ്യര്‍ കരുതുന്നത്. ജോണ്‍ സാമാന്യമനുഷ്യരുടെ കൂട്ടത്തില്‍ പെടുമായിരുന്നില്ല. അദ്ദേഹം ചില വിശ്വാസപ്രമാണങ്ങള്‍ക്ക് വേണ്ടിയാണ് ജീവിച്ചത്. ആ വിശ്വാസപ്രമാണങ്ങളില്‍ പ്രകടിപ്പിച്ച പിടിവാശി അതികഠിനമായിരുന്നു. അവ പക്ഷേ ജോണിനെ എങ്ങും കൊണ്ടുചെന്നെത്തിച്ചില്ല. ജോണ്‍ രാഷ്ട്രീയത്തിലും സമൂഹത്തിലും ഒരു പാട് പരിവര്‍ത്തനങ്ങള്‍ വരുത്താനാഗ്രഹിച്ചു. പക്ഷേ സ്വന്തം ജീവിതത്തില്‍ മാത്രം ഒരു പരിവര്‍ത്തനവും വരുത്തിയില്ല. കൃഷിയും പ്രകൃതിജീവനവും പ്രഭാഷണങ്ങളുമായി അതങ്ങനെ മൂന്നോട്ടുപോയി. അധികംപേരൊന്നും ഒരിക്കലും കൂടെ ഉണ്ടായിരുന്നില്ല. കഴിവിന്റെയോ അറിവിന്റെയോ കാര്യത്തില്‍ അദ്ദേഹത്തിന്റെ അടുത്തൊന്നും വരാന്‍ യോഗ്യതയില്ലാത്ത പലരും എം.പി.മാരും മന്ത്രിമാരും മറ്റും മറ്റും ആയപ്പോള്‍ അദ്ദേഹത്തിന് നിയമസഭയിലേക്ക് മത്സരിക്കാന്‍ പോലും അവസരം ലഭിച്ചില്ല.
1969 ലെ കോണ്‍ഗ്രസ് പിളര്‍പ്പിനുമുമ്പുതന്നെ ജോണ്‍ പാര്‍ട്ടിയില്‍ സ്വന്തം ഇടം കണ്ടെത്തിയിരുന്നു. അത്രയും കാലംവരെ കോണ്‍ഗ്രസ്സുകാര്‍ ചിന്തിച്ചിട്ടില്ലാത്ത കാര്യങ്ങള്‍ ചിന്തിക്കാനും പറയാത്ത കാര്യങ്ങള്‍ പറയാനും തയ്യാറായ തലമുറയുടെ പ്രതിനിധിയായിരുന്നു ജോണ്‍. തലതൊട്ടപ്പന്മാരായ നേതാക്കള്‍ക്കെതിരെ കലഹിച്ചും പുതിയ വഴികള്‍ വെട്ടിത്തെളിയിച്ചും ആദര്‍ശാത്മക രാഷ്ട്രീയത്തിന്റെ കൊടിയുയര്‍ത്താന്‍ അവര്‍ നിരന്തരം ശ്രമിച്ചിരുന്നു. കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തേക്ക് ടി.ഒ.ബാവയ്‌ക്കെതിരെ മത്സരിച്ചുതോറ്റത് അക്കാലത്തെ ശ്രദ്ധിക്കപ്പെട്ട സംഭവമായിരുന്നു. ഒരു തീരുമാനത്തെ എതിര്‍ത്തതിന്റെ പേരില്‍ സസ്‌പെന്റ് ചെയ്യപ്പെട്ടു. പിന്നീട്, നിരന്തരസമ്മര്‍ദ്ദം അണികളില്‍ നിന്നുണ്ടായപ്പോള്‍ ജോണിന് പാര്‍ട്ടിയില്‍ പ്രാഥമികാംഗത്വം ലഭിച്ചെങ്കിലും അദ്ദേഹത്തിനുചുറ്റും അനുയായികള്‍ സംഘടിക്കുന്നുവെന്ന വന്നതോടെയാണ് വീണ്ടും പുറത്താക്കപ്പെട്ടു. തുടര്‍ന്നാണ് കോണ്‍ഗ്രസ് പരിവര്‍ത്തനവാദികള്‍ എന്നൊരു സംഘടന രൂപപ്പെട്ടതും പുത്തന്‍ ആശയങ്ങള്‍ ഉയര്‍ന്നുവന്നതും.
1972-77 കാലത്ത് പരിവര്‍ത്തനവാദി പ്രസ്ഥാനത്തിന്റെ കൊടിയേന്തിയും ചുവരെഴുതിയും ഏറെ ദിനരാത്രങ്ങള്‍ ചെലവഴിച്ച ഒരാളാണ് ഈ ലേഖകന്‍. തലശ്ശേരിയിലും പാനൂരിലും കൂത്തുപറമ്പിലും പരിസരങ്ങളിലുമായി എത്ര യോഗങ്ങളില്‍ എം. എ. ജോണിന്റെ പ്രസംഗം ആദ്യാവസാനം കേട്ടിരുന്നിട്ടുണ്ടെന്ന് പറയാനാവില്ല. പലപ്പോഴും ജോണിന്റെ ഒപ്പംതന്നെയാണ് യോഗസ്ഥലത്തേക്ക് പോകാറുള്ളത്. ഇക്കാലത്ത് ബൂത്ത് സിക്രട്ടറിമാര്‍ പോലും ടാക്‌സിയിലോ സ്വന്തം കാറിലോ ആവും യോഗങ്ങള്‍ക്ക് പോകുന്നത്. ജോണിനെ പൊതുയോഗങ്ങളില്‍ പ്രസംഗിക്കാന്‍ തിരക്കുള്ള ടൗണ്‍ ബസ്സുകളില്‍ കയറ്റിക്കൊണ്ടുപോയ എത്രയോ സംഭവങ്ങള്‍ ഓര്‍മയുണ്ട്. ബസ്സാണോ കാറാണോ എന്നൊന്നും അദ്ദേഹം നോക്കാറേ ഇല്ല. ദൂരസ്ഥലങ്ങളിലേക്കും ജോണിന്റെ പ്രസംഗം കേള്‍ക്കാന്‍ പോകാറുണ്ട്.
മട്ടന്നൂരില്‍ ഒരു യോഗത്തില്‍ പ്രസംഗം കേള്‍ക്കാന്‍ പോയത് ഇന്നുമോര്‍ക്കുന്നു. അവിടെ ഒരു ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണം നടക്കുകയായിരുന്നു. ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥിയായി ജോണ്‍ മാഞ്ഞൂരാന്‍ മത്സരിക്കുന്നു. പരിവര്‍ത്തനവാദികള്‍ ഇടതുമുന്നണിയെ പിന്താങ്ങുന്നു. എം.എ.ജോണാണ് മട്ടന്നൂര്‍ മൈതാനത്തെ യോഗത്തില്‍ പ്രസംഗിക്കുന്നത്. നായനാരും ജോണ്‍ മാഞ്ഞൂരാനുമുള്‍പ്പെടെ സംസ്ഥാന നേതാക്കള്‍ പ്രസംഗിക്കുന്നുണ്ട്. തലശ്ശേരിയില്‍ നിന്ന് ഞങ്ങളുടെ സംഘം- മനേക്കര രവിയും കെ.രാജനും ടി.കെ.കനകരാജന്‍ മാസ്റ്ററും ശിവദാസനും ഉണ്ടായിരുന്നു എന്നാണോര്‍മ. പ്രസംഗംതീര്‍ന്നപ്പോഴേക്ക് മണി പത്ത് കഴിഞ്ഞിരിക്കുന്നു. തലശ്ശേരിയിലേക്കുള്ള ലാസ്റ്റ് ബസ് അന്വേഷിച്ചപ്പോഴാണ് അറിയുന്നത്. അത് പോയിരിക്കുന്നു. എന്തുചെയ്യും ? ടാക്‌സിപിടിച്ചുമടങ്ങുന്നതിനെ കുറിച്ചൊന്നും ചിന്തിക്കാനേ പറ്റില്ല. നടക്കുക തന്നെ. രാഷ്ട്രീയം മാത്രമേ 22 കിലോമീറ്ററെങ്കിലും വരുന്ന ദൂരം നടക്കാന്‍ ഇന്ധനമായുള്ളൂ. നടന്ന് തലശ്ശേരിയെത്തുമ്പോഴേക്ക് നേരം നന്നായി പുലര്‍ന്നിരുന്നു. അങ്ങനെ എത്രയെത്ര യോഗങ്ങള്‍, ചുവരെഴുത്ത് യജ്ഞങ്ങള്‍, സമരങ്ങള്‍….തലശ്ശേരിക്കടുത്തെവിടെയെങ്കിലുമാണ് യോഗമെങ്കില്‍ ട്രെയിനില്‍ രാവിലെ എത്തും ജോണ്‍. അദ്ദേഹം പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞ് തയ്യാറാകുമ്പോഴേക്ക് ഞങ്ങളുമെത്തുമായിരുന്നു ചര്‍ച്ചക്കും സംവാദത്തിനും. യോഗസ്ഥലത്തേക്ക് പോകുംവരെ അതുതുടരുകയും ചെയ്യും. അദ്ദേഹത്തിന്റെ ആശയലോകത്ത് വീണുകിട്ടുന്നത് പെറുക്കാന്‍ കാത്തുനില്‍ക്കാറുണ്ട് ഞങ്ങളനേകം കോളേജ് വിദ്യാര്‍ഥികള്‍.
ജോണിന്റെയത്രയും വായിക്കുകയും രാഷ്ട്രീയത്തിന്റെയും സാമുഹ്യശാസ്ത്രത്തിന്റെയും ഒടുവിലത്തെ വികാസങ്ങള്‍ പോലും ഹൃദിസ്ഥമാക്കുകയും ചെയ്യുന്ന വേറെ നേതാക്കളെ കാണുക പ്രയാസമായിരുന്നു, പ്രത്യേകിച്ചും കോണ്‍ഗ്രസ് അനുബന്ധ പ്രസ്ഥാനങ്ങളില്‍. വളരെ ശാന്തമായി, ശബ്ദഘോഷങ്ങളൊന്നുമില്ലാതെ മണിക്കൂറുകളോളം നീളുന്ന അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ എല്ലാ പാര്‍ട്ടികളില്‍ പെട്ടവര്‍ എത്താറുണ്ട്.. പല പുസ്തകങ്ങള്‍ വായിച്ചാല്‍ കിട്ടുന്നതിലേറെ അറിവ് അദ്ദേഹത്തിന്റെ ഒരു പ്രസംഗത്തില്‍ നിന്നുകിട്ടുമെന്നാണ് പറയാറുള്ളത്. കോണ്‍ഗ്രസ്സിന്റെ ആശയലോകത്തിന് അന്ന് – ഇന്നും- അന്യമായ പല ആശയങ്ങളും അദ്ദേഹം വീറോടെ ഉയര്‍ത്തിപ്പിടിച്ചു. സ്ത്രീവിമോചനത്തെ കുറിച്ച് പറയാന്‍ സ്ത്രീകള്‍ പോലും രംഗത്തില്ലാത്ത കാലത്താണ് അദ്ദേഹം അതൊരു മുദ്രാവാക്യമായി ഉയര്‍ത്തിയത്. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നാസ്തികതയും യുക്തിവാദവും മറവില്ലാതെ ഉയര്‍ത്തിപ്പിടിച്ച വേറെ ആരുണ്ട് ? മതമാണ് രോഗം, വര്‍ഗീയത രോഗലക്ഷണം മാത്രമാണ് എന്നദ്ദേഹം പറയാറുള്ളത് ഒരുപാട് നെറ്റികള്‍ ചുളിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്സുകാരനെന്ന നിലയിലും തികഞ്ഞ ആദര്‍ശവാദി എന്ന നിലയിലും അദ്ദേഹം ഒരു ഗാന്ധിയനായിരുന്നു. അതില്‍ അത്ഭുതമില്ല. പക്ഷേ അദ്ദേഹം രാംമനോഹര്‍ ലോഹ്യയുടെ ആശയങ്ങള്‍ അംഗീകരിക്കുന്നു എന്നത് ലോഹ്യാ സോഷ്യലിസ്റ്റുകള്‍ക്കുപോലും അത്ഭുതമായി തോന്നിയിരുന്നു. തലശ്ശേരിയിലെ കെ.സി.ഭാസ്‌കരനും കെ.വി.എന്‍.പണിക്കരും എം. പി.ബാലകൃഷ്ണനും മറ്റും അദ്ദേഹത്തെ കാണാനും ലോഹ്യയുടെ സിദ്ധാന്തങ്ങളെകുറിച്ച് ചര്‍ച്ച നടത്താനും വരാറുണ്ടായിരുന്നു.
അടിയന്തരാവസ്ഥയെ വിമര്‍ശിച്ച് ജയിലിലായപ്പോള്‍ കൂടെയുള്ളവര്‍ വേണ്ടത്ര പിടിവാശി കാട്ടുന്നില്ലെന്ന തോന്നല്‍ അദ്ദേഹത്തെ വഴിതെറ്റിക്കുക തന്നെ ചെയ്തു. പ്രസ്ഥാനത്തില്‍ ഒറ്റപ്പെട്ടതും പുറത്തേക്കുപോയതും അദ്ദേഹത്തെ തളര്‍ത്തി. വൈകി വിവാഹിതനായി കുടുംബജീവിതത്തിലേക്ക് മടങ്ങിയെങ്കിലും രാഷ്ട്രീയം വെടിയാന്‍ ജോണിനുകഴിയുമായിരുന്നില്ല. ചെറിയ പാര്‍ട്ടികളില്‍, ചെറിയ മനുഷ്യര്‍ക്കൊപ്പം പഴയ എം.എ.ജോണിന്റെ ഒരു നിഴല്‍പോലെ അദ്ദേഹം സഞ്ചരിച്ചുകൊണ്ടിരുന്നു. പിടിവാശി മാത്രം അപ്പോഴും കൂടെ കൊണ്ടുനടന്നതുകൊണ്ട് ഒരിടത്തും പച്ചപിടിച്ചില്ല.
പിന്നിട്ട വഴികളെകുറിച്ച് അദ്ദേഹത്തിന് നഷ്ടബോധമോ തെറ്റുപറ്റിയെന്ന തോന്നലോ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. കോണ്‍ഗ്രസ് നേതാവ് പി.ടി.തോമസ്സിന്റെ പത്രാധിപത്യത്തിലുള്ള ഒരു മാസികയില്‍ ഒരിക്കല്‍ പരിവര്‍ത്തനവാദി പ്രസ്ഥാനത്തെകുറിച്ച് ഒരു ലേഖനം എഴുതേണ്ടിവന്നു. ആവശ്യപ്പെട്ടതുകൊണ്ട് എഴുതിയതാണ്. പ്രായം ഏറുകയും കാലം മാറുകയും ചെയ്തപ്പോള്‍ കുറെ കാര്യങ്ങളിലൊക്കെ ആത്മപരിശോധന നടത്തേണ്ടതുണ്ട് എന്നെനിക്ക് തോന്നിയതുകൊണ്ട് അല്പം മാറിനിന്നുകൊണ്ടാണ് ഞാന്‍കൂടി പങ്കാളിയായിരുന്ന പ്രസ്ഥാനത്തെ തിരിഞ്ഞുനോക്കിയത്. ഒരു സംഘടനയുടെ മുഖ്യമുദ്രാവാക്യം ഒരു വ്യക്തി സംഘടന നയിക്കും എന്നായത് ഒട്ടും ശരിയായിരുന്നില്ല എന്നതാണ് എന്റെ തോന്നല്‍. ലേഖനത്തില്‍ അക്കാര്യം എഴുതുകയും ചെയ്തിരുന്നു. ലേഖനം വായിച്ച് ജോണ്‍ വിളിച്ച് കുറെ പരിഭവം പറയുകയും ചെയ്തു. കോണ്‍ഗ്രസ്സിന്റെ പല അനുബന്ധ സംഘടനകളിലൂടെയും കടന്നുപായിട്ടും അദ്ദേഹം തന്റെ മുന്‍കാല രാഷ്ട്രീയത്തെ കുറിച്ച് ഒട്ടും പുനരാലോചിച്ചിരുന്നില്ല എന്നതാണ് സത്യം.
പരമ്പരാഗതമായ അര്‍ഥത്തില്‍ ആ ജീവിതം പരാജയമാണ്. അദ്ദേഹത്തിന്റെ ആദര്‍ശമോ അതിന്റെ പിടിവാശികളോ സമൂഹത്തിന് കാര്യമായ സംഭാവനകളൊന്നും നല്‍കിയില്ല, പരിവര്‍ത്തനങ്ങളൊന്നും ഉണ്ടാക്കിയുമില്ല. ഒരിഞ്ചുപോലും വഴി മാറി സഞ്ചരിക്കേണ്ടി വന്നില്ലല്ലോ എന്ന ഒരേയൊരു സമാധാനത്തോടെയാവും ആ ജീവിതം അവസാനിച്ചിട്ടുണ്ടാവുക.