അനുദിനം നടന്നുകൊണ്ടിരിക്കുന്ന കൊലപാതകങ്ങള്‍ നാദാപുരം നിയോജകമണ്ഡലത്തിലെയും പരിസരത്തെയും രണ്ടു ലക്ഷത്തിലെ ജനങ്ങളെ ജീവച്ഛവങ്ങളാക്കി മാറ്റിയിരിക്കുന്നു.
അവിടെ ജീവിതം സ്തംഭിച്ചുനില്ക്കുകയാണ്. മരണഭയം മൂലം മനുഷ്യന്‍ റോഡിലിറങ്ങാന്‍ മടിക്കുന്നു. രാത്രികാലങ്ങളില്‍ വീടുകളില്‍ കുഞ്ഞുങ്ങളും സ്ത്രീകളും ഉറങ്ങാതെ വിറച്ചു കഴിഞ്ഞുകൂടുന്നു. തൊട്ടടുത്ത കടയില്‍ കൊച്ചുകുട്ടികളെപ്പോലും പകല്‍ അയക്കാനവര്‍ക്ക് ധൈര്യമില്ല. അനേകദിവസമായി പലയിടത്തും കടകള്‍ തുറന്നിട്ടില്ല. അന്നന്നു സാധനങ്ങള്‍ വാങ്ങി കഴിഞ്ഞുകൂടിയിരുന്ന ദരിദ്രവീടുകളില്‍ തീ കൂട്ടിയിട്ട് അനേകം നാളുകളായി. കുട്ടികള്‍ സ്‌കൂളില്‍ പോയിട്ട് മാസമൊന്നു കഴിഞ്ഞു. വ്യാപാരം പാടെ തകര്‍ന്നിരിക്കുന്നു. തുറന്ന കടകളില്‍ സാധനങ്ങളില്ല. നഗരത്തില്‍ പോയി വാങ്ങിക്കൊണ്ടുവരാന്‍ വാഹനം കിട്ടാനില്ല. ബസ്സുകള്‍ ഓടിയാല്‍, കയറാന്‍ ആളില്ല. പലേടത്തും ചെറിയ തോതിലെങ്കിലും ജനങ്ങള്‍ വീടുകളൊഴിഞ്ഞ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് നീങ്ങുന്നു. സന്ധ്യമയങ്ങും മുമ്പ് തെരുവുകള്‍, ഗ്രാമങ്ങളിലെ ഇടവഴികള്‍ എല്ലാം വിജനമാകുന്നു. സന്ധ്യയായിട്ടും മടങ്ങിവരാത്ത ഉറ്റവരെ ചൊല്ലി വീടുകളില്‍ അലമുറ.
ഇതൊക്കെ നാട്ടിലുള്ളവരുടെ യാതന. കടലിനക്കരെ ആയിരക്കണക്കിനാളുകള്‍ നാട്ടിലെ ബന്ധുക്കളെ ഓര്‍ത്ത് ഉറങ്ങാതെ കഴിഞ്ഞുകൂടുന്നു. കേരളത്തില്‍ ഏറ്റവുമധികം ഗള്‍ഫ് വോട്ടര്‍മാരുള്ള നിയോജക മണ്ഡലമാണ് നാദാപുരം. പടര്‍ന്നുപിടിക്കുന്ന ഊഹാപോഹങ്ങള്‍ അവരെ ഭയപ്പെടുത്തുന്നു. ഓരോ ദിവസവും ഗള്‍ഫ് നാടുകളില്‍ നിന്ന് ആകാംക്ഷ മുറ്റിയ സ്വരത്തില്‍ ആളുകള്‍ പത്രമോഫീസുകളിലേക്ക് വിളിക്കുന്നു.
ഇതെല്ലാം ഹൃദയമുള്ള മനുഷ്യരെ മാത്രമേ വേദനിപ്പിക്കുകയുള്ളൂ. ദുരമൂത്ത ഒരുപറ്റം സാമൂഹ്യവിരുദ്ധര്‍ വെട്ടുകത്തിയും ബോംബുമായി നാടിനെ മുഴുവന്‍ വിറപ്പിക്കുകയാണ്.
മൂന്നുതരം രാഷ്ട്രീയവൈകൃതങ്ങള്‍ക്കിടയിലൂടെയാണ് ഈ പ്രദേശം സാമൂഹ്യവിരുദ്ധരുടെ പിടിയിലായത്. നാടു ഭരിക്കുന്ന കക്ഷി യായിട്ടുപോലും ഉത്തരവാദിത്തബോധമില്ലാതെ എന്തും പറയുന്ന മാര്‍ക്‌സിസ്റ്റ് നേതൃത്വം ഒരു ഭാഗത്ത്. പൊലീസിനെ എറിഞ്ഞാല്‍ തിരിച്ചെറിയുമെന്നും അണികളെ അടിച്ചാല്‍ തിരിച്ചടിക്കുമെന്നും ഭരണം കൈയാളുന്നവര്‍ പറയുമ്പോള്‍ നിയമവാഴ്ച അര്‍ഥരഹിതമാകുന്നു. പൊലീസ് സംവിധാനം ഭരിക്കുന്ന രാഷ്ട്രീയകക്ഷിയുടെ ആവശ്യത്തിന്നുവേണ്ടി ഉപയോഗിക്കപ്പെട്ടതുമൂലം, മറ്റുള്ളവര്‍ക്ക് പൊലീസിലുള്ള വിശ്വാസം ഇല്ലാതാവുന്നു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പൊലീസ് നയത്തിന്റെ സ്വഭാവം തുറന്നുകാട്ടണമെങ്കില്‍ അക്രമങ്ങളുണ്ടാവുകയാണ് വേണ്ടത് എന്ന് മുസ്ലിം ലീഗ്-കോണ്‍ഗ്രസ് (ഐ) കക്ഷികള്‍ക്ക് നേതൃത്വം നല്കുന്നവരില്‍ ചിലരെങ്കിലും വിശ്വസിക്കുന്നു. ഏതൊരു സംഘര്‍ഷത്തിലും ഒരുപക്ഷത്തിന് പരാതികളുണ്ടാകും. പക്ഷേ, അ തൊന്നും സമാധാനം ഉണ്ടാക്കുന്നതിന് തടസ്സമാകാറില്ല. പെലീസ് നയത്തെക്കുറിച്ച് നൂറു പരാതികളുണ്ടായിട്ടും മാധ്യസ്ഥ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ ആര്‍ എസ് എസ് തയ്യാറായത് ഒരു ഉദാഹരണമാണ്. നാദാപുരം പ്രശ്‌നത്തെച്ചൊല്ലി മൂന്നു തവണ വിളിച്ചുചേര്‍ത്ത സമാധാന സമ്മേളനങ്ങളില്‍ മുസ്ലിം ലീഗ് പങ്കെടുത്തില്ല. മന്ത്രിമാര്‍ നേരിട്ടുവന്ന പ്പോഴാകട്ടെ. ഉപാധികള്‍ വെച്ചു കൊണ്ടുള്ള ചര്‍ച്ചയേ അവര്‍ നടത്തിയുള്ളൂ.
കേരളത്തില്‍ ക്രമസമാധാനം പാടെ തകര്‍ന്നു എന്നു വരുത്തേണ്ടത് പ്രതിപക്ഷത്തിന്റെ ഒരാവശ്യമാണ്. ഒരു വര്‍ഗീയ കലാപം ഉണ്ടായാലും തരക്കേടില്ല എന്നു കരുതുന്നവര്‍ പോലും അക്കൂട്ടത്തിലുണ്ട്. പൊലീസ് നയം, ജുഡീഷ്യല്‍ അന്വേഷണം തുടങ്ങിയ പ്രശ്‌നങ്ങള്‍ സമാധാനശ്രമം നടത്താനുള്ള മുന്‍ ഉപാധികളായി മുന്നോട്ടുവെക്കുന്നതാണ് ഇവിടെ കണ്ടത.് എരിയുന്ന തീയില്‍ എണ്ണയൊഴിക്കും വിധമുള്ള പ്രസംഗങ്ങള്‍ വേറെ.
അങ്ങേയറ്റം സ്‌ഫോടനാത്മകമായ സ്ഥിതിയാണ് ഉണ്ടായിട്ടുള്ളത്. രാഷ്ട്രീയനേതൃത്വങ്ങളുടെ സ്വാര്‍ഥതയും അപക്വതയും കാരണം ഈ സ്ഥിതി അനുദിനം വഷളാവുകയാണ്. ചില്ലറ നേട്ടങ്ങള്‍ക്കുവേണ്ടി
കയറൂരിവിട്ട അക്രമിസംഘങ്ങളെ തിരിച്ചുവിളിക്കാന്‍ മുസ്ലിം ലീഗ് -മാര്‍ക്‌സിസ്റ്റ് നേതൃത്വങ്ങള്‍ക്ക് കഴിയാതായിരിക്കുന്നു. അണികള്‍ ബോംബുണ്ടാക്കി സഞ്ചിയില്‍ കൊണ്ടുനടക്കുന്നത് അവര്‍ക്ക് തടയാ നാവുന്നില്ല.
1971-ല്‍ തലശ്ശേരിയിലുണ്ടായ വര്‍ഗീയാസ്വാസ്ഥ്യത്തില്‍ പാഠങ്ങള്‍ പഠിക്കേണ്ടതുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണമായിരു ന്നിട്ടുകൂടി, കലാപം തുടങ്ങി രണ്ടാം ദിവസം ഓരോ ഗ്രാമത്തിലും ചെന്ന് അക്രമികള്‍ക്കെതിരെ അണികളെ സംഘടിപ്പിക്കാന്‍ അന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതൃത്വം തയ്യാറായി. ആവശ്യത്തിന് പൊലീസ് എത്തും മുമ്പ് കലാപം കെട്ടടങ്ങാന്‍ ഇതു സഹായിച്ചു. ഇന്ന് മാര്‍ ക്രിസ്റ്റ് പാര്‍ട്ടി ഭരിക്കുമ്പോള്‍ പോലും, അണികളെ അക്രമത്തില്‍ നി ന്ന് പിന്തിരിപ്പിക്കാന്‍ നേതാക്കള്‍ക്ക് കഴിയുന്നില്ല.
മുസ്ലിംലീഗ് കോണ്‍ഗ്രസ് (ഐ) മാര്‍ക്‌സിസ്റ്റ് നേതാക്കള്‍ സംയുക്തമായി സമാധാനാഭ്യര്‍ഥന നടത്തണമെന്നും ഒരുമിച്ച് സംഘര്‍ഷപ്രദേശങ്ങളില്‍ പര്യടനം നടത്തണമെന്നും നിര്‍ദേശം ഉയര്‍ന്നുവന്നിട്ടുണ്ട്. അടിയന്തരമായി അതു ചെയ്യാന്‍ സര്‍ക്കാര്‍തന്നെ മുന്‍കൈ എടുക്കണമെന്നാണ് സമാധാനകാംക്ഷികളുടെ അഭ്യര്‍ഥന. ലീഗ് നേതാക്കളുമൊത്ത് പര്യടനം നടത്താന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. നേതാക്കള്‍ ചെന്നു പറഞ്ഞിട്ടും അക്രമം തുടര്‍ന്നാല്‍ അക്രമികളെ സാമൂഹ്യവിരുദ്ധരെ നേരിടും പോലെ നിര്‍ഭയം നേരിടാന്‍ പൊലീസിന് അനുമതി നല്ലിയേ തീരൂ. ഉറങ്ങിക്കിടന്ന വൃദ്ധനെ വീടാക്രമിച്ച് വെട്ടിക്കൊല്ലുന്നവരും ഇരുപതു തികയാത്ത വിദ്യാര്‍ഥിയെ പെറ്റതള്ളയുടെ കണ്‍മുമ്പില്‍ വെച്ച് വെട്ടിക്കൊന്നവരും രാഷ്ട്രീയപ്ര വര്‍ത്തകരല്ല; സാമൂഹ്യവിരുദ്ധരായ ക്രിമിനലുകളാണ്.
‘രണ്ടു ലോറിയില്‍ കൊണ്ടുവരാനുള്ള ബോംബുകള്‍ നാദാപുരത്തുണ്ട്’-ഒരു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെ പത്രലേഖകരോടു പറഞ്ഞതാണിത്. ഇതുവരെ ഒറ്റ ബോംബെങ്കിലും പൊലീസിന് പിടിച്ചെടുക്കാന്‍ കഴിയാഞ്ഞത് എന്തുകൊണ്ട്? ആരാണ് പൊലീസിന്റെ കൈകള്‍ക്ക് കൂച്ചുവിലങ്ങിടുന്നത്? ബോംബുണ്ടാക്കി ഇരു പക്ഷത്തിനും വിതരണം ചെയ്യുന്ന ആളുകള്‍ നാദാപുരത്തുണ്ടെന്നാണ് പൊലീസിനു കിട്ടിയ അറിവ്. കള്ളത്തോക്കുകളും ഇഷ്ടം പോലെ.
കര്‍ശനമായ നടപടികളിലൂടെ സാമൂഹ്യവിരുദ്ധരെ അമര്‍ച്ച ചെയ്യുന്നതിന് കക്ഷിരാഷ്ട്രീയം തടസ്സമായിക്കൂടാ.
(26 ഒക്ടോബർ 1988 മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചത്)