ചിലപ്പോഴെല്ലാം ആലോചിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് ജി.കാര്‍ത്തികേയനെ കോണ്‍ഗ്രസ്സിലെ
ആദര്‍ശവാദികളുടെ കൂട്ടത്തില്‍ ആരും പെടുത്താതിരിക്കുന്നത് ? ഉത്തരം കിട്ടിയിട്ടില്ല. കാര്‍ത്തികേയന്‍ ആദര്‍ശം തന്റെ വലിയ യോഗ്യതയായി ഒരിക്കലും പ്രദര്‍ശിപ്പിച്ചുനടന്നിട്ടില്ല. ആദര്‍ശവാദികളെന്ന് പേരുള്ളവരെല്ലാം അങ്ങനെ നടന്നവരാണ് എന്നല്ല. കാര്‍ത്തികേയന്‍ പ്രായോഗിക രാഷ്ട്രീയപ്രവര്‍ത്തകനാണ്. പക്ഷേ, അദ്ദേഹം തത്ത്വദീക്ഷയില്ലാതെ പ്രവര്‍ത്തിക്കുന്ന ആളല്ല. ന്യായവും സത്യവും വിട്ട് എന്തെങ്കിലും ചെയ്തു എന്ന് ആരും അദ്ദേഹത്തിനെതിരെ ആരും ആരോപണമുന്നയിച്ചിട്ടില്ല. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി നെറികെട്ട പോരുകള്‍ക്ക് ഇറങ്ങിത്തിരിച്ചിട്ടില്ല. ഒരു പക്ഷേ, അദ്ദേഹമൊരിക്കലും എ.കെ.ആന്റണിയുടെ അനുയായിവൃന്ദത്തില്‍ പെട്ടിരുന്നില്ല എന്നതാവാം അദ്ദേഹം ആദര്‍ശഗ്രൂപ്പിലെ ഒരു താരമാവാതിരിക്കാന്‍ കാരണം. കാര്‍ത്തികേയന്‍ ആദ്യഘട്ടത്തില്‍ ലീഡര്‍ കെ.കരുണാകരന്റെ ആരാധകരില്‍ ഒരാളായിരുന്നു.
കെ.എസ്.യു. വില്‍ അറുപതുകള്‍ക്ക് ശേഷം ഉയര്‍ന്നുവന്ന വി.എം. സുധീരന്‍ തുടങ്ങി കടന്നപ്പള്ളി രാമചന്ദ്രന്‍ വരെയുള്ള യുവനേതാക്കളുടെ കൂട്ടത്തില്‍ അക്കാലത്ത് കേട്ട ഒരു പേരല്ല ജി.കാര്‍ത്തികേയന്റേത്. ജില്ലാതലത്തില്‍ അറിയപ്പെട്ടിരിക്കാം. കാര്‍ത്തികേയന്‍ ശ്രദ്ധിക്കപ്പെട്ടത് 1978 ലെ കോണ്‍ഗ്രസ് പിളര്‍പ്പിന് ശേഷമാണ്. അടിയന്തരാവസ്ഥ വരെ ഇന്ദിരാഗാന്ധിക്കൊപ്പം നില കൊള്ളുകയും അവര്‍ ചെയ്ത എല്ലാ കാര്യങ്ങളെയും ന്യായീകരിക്കുകയും ചെയ്തതാണ് കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ്- കോണ്‍ഗ്രസ് യുവ വിഭാഗം. പക്ഷേ, അടിയന്തരാവസ്ഥയുടെ അവസാനം നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി പരാജയപ്പെട്ടപ്പോള്‍ കേരളത്തിലെ അനുയായികള്‍ അവരെ തള്ളിപ്പറഞ്ഞു. ദേശീയതലത്തില്‍ കോണ്‍ഗ്രസ് രണ്ടായി പിളര്‍ന്നപ്പോള്‍ ഇന്ദിരാഗാന്ധിക്കൊപ്പം നില്‍ക്കാന്‍ കേരളത്തില്‍ അധികംപേരെ കിട്ടിയില്ല. യൂത്ത് കോണ്‍ഗ്രസ്സും കെ.എസ്.യു.യുമൊക്കെ ഏതാണ്ട് ഒന്നടങ്കം ഇന്ദിരാവിരുദ്ധപക്ഷത്തായിരുന്നു. വയലാര്‍ രവിയും എ.കെ. ആന്റണിയുമെല്ലാം ഈ പക്ഷത്തായിരുന്നു എന്നതാവാം കാരണം. കെ.കരുണാകരന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ ഇന്ദിരാഗാന്ധിക്ക് പിന്തുണ നല്‍കുന്ന ഒരു ഉയര്‍ന്ന കോണ്‍ഗ്രസ് നേതാവ്. 1978 ജനവരി ഒന്നിന് ഇന്ദിരാഗാന്ധി ഡല്‍ഹിയില്‍ തന്നെ അനുകൂലിക്കുന്നവരുടെ കണ്‍വന്‍ഷന്‍ വിളിച്ചുകൂട്ടിയപ്പോള്‍ മൂന്നാം ക്ലാസ്സില്‍ റിസര്‍വേഷന്‍ പോലുമില്ലാതെ തീവണ്ടി കയറിയ ഒരേ ഒരാള്‍ കാര്‍ത്തികേയനായിരുന്നു. സീനിയര്‍ നേതാക്കള്‍ ചിലര്‍ വിമാനത്തില്‍ പോയിരുന്നു. ജനവരിയുടെ മരംകോച്ചുന്ന തണുപ്പില്‍ ഒരു എം.പി.യുടെ സര്‍വന്റ് ക്വാര്‍ട്ടേഴ്‌സില്‍ കിടപ്പിടം കിട്ടിയത് ഭാഗ്യം എന്നേ കരുതിയുള്ളൂ. അത് പക്ഷേ, കാര്‍ത്തികേയന്റെ ജീവിതത്തിലെ ഉയര്‍ച്ചയുടെ തുടക്കമായിരുന്നു. ഇന്ദിരാപക്ഷ കെ.എസ്.യു.വിന്റെ പ്രസിഡന്റായാണ് കാര്‍ത്തികേയന്‍ കേരള രാഷ്ട്രീയത്തില്‍ ആദ്യം പേരെടുക്കുന്നത്.
കേരളത്തിലെ കോണ്‍ഗ്രസ് ചരിത്രത്തില്‍ കോണ്‍ഗ്രസ്സുകാര്‍ ഓര്‍ക്കാന്‍ മടിക്കുന്ന ഒരു ഹ്രസ്വകാലമാണ്. ഇന്ദിരാഗാന്ധിയെ ഉപേക്ഷിച്ച് കേരളത്തിലെ ആദര്‍ശവാദികള്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സുകാര്‍ കോണ്‍ഗ്രസ് യു. ലേബലില്‍ സി.പി.എമ്മുകാരുമായി കൂട്ടുകൂടിയ കാലം. കരുണാകരന്റെ നേതൃത്വത്തില്‍ ഇന്ദിരാ അനുകൂലികള്‍ വലിയ ശക്തിയായിരുന്നില്ല. സി.പി.എം- കോണ്‍ഗ്രസ് യു സഖ്യമാണ് വന്‍ഭൂരിപക്ഷത്തോടെ നിയമസഭ പിടിച്ചത്. അന്നാണ് ലീഡറുടെ പക്ഷത്ത് നിന്ന് കാര്‍ത്തികേയന്‍ നിയമസഭയിലേക്ക് സ്വന്തം നാടായ വര്‍ക്കലയില്‍ നിന്ന് മത്സരിക്കുന്നതും തോല്‍ക്കുന്നതും. ലീഡര്‍ പറഞ്ഞതാണ്, വര്‍ക്കല തോല്‍ക്കും നില്‍ക്കേണ്ട എന്ന്. കാര്‍ത്തികേയന്‍ വഴങ്ങിയില്ല. അതൊരു നഷ്ടമായിരുന്നില്ല. സ്വന്തം നാട്ടില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ അതൊരു പ്രേരണയായി.
മുന്നണി രാഷ്ട്രീയത്തിന്റെ അരുതായ്മകളെ കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്നു കാര്‍ത്തികേയന്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ്സിന്റെ തനിച്ചുള്ള ഭരണം എന്ന ‘ ഒരിക്കലും നടക്കാത്ത സ്വപ്ന’ ത്തിന്റെ സാക്ഷാത്കാരത്തിന് വേണ്ടി കുറെ വാക്കും വിയര്‍പ്പും ഒഴുക്കിയിട്ടുണ്ട് കാര്‍ത്തികേയന്‍. ഇന്ദിരാഗാന്ധി അധികാരത്തിലേക്ക് തിരിച്ചുവന്നപ്പോള്‍ ഇന്ദിരാഗാന്ധിയോ കെ.കരുണാകരന്‍ തന്നെയോ ആപത്ഘട്ടത്തില്‍ ഉപേക്ഷിച്ചുപോയവരോട് വൈരാഗ്യമൊന്നും പുലര്‍ത്തിയില്ല. അതുകൊണ്ട് തന്നെ അവരെല്ലാം വേഗം തിരിച്ചുവന്നു. കാര്‍ത്തികേയന്‍ വീണ്ടും ആന്റണി- ഉമ്മന്‍ചാണ്ടി-സുധീരന്‍ ടീമിനൊപ്പമായി. ആ യാത്രയില്‍ പിന്നെയവര്‍ പിരിഞ്ഞില്ല. കാര്‍ത്തികേയന്‍ സ്പീക്കര്‍ വരെ ആയി.
ലീഡറുടെ അനുയായി ആയിരുന്ന കാര്‍ത്തികേയന്‍ ഒരു ഘട്ടത്തില്‍ ലീഡര്‍ക്കെതിരെ നിലയുറപ്പിച്ചു. കാര്‍ത്തികേയന്‍ മാത്രമല്ല, ലീഡറുടെ മാനസപുത്രന്‍ ആയിരുന്ന രമേശ് ചെന്നിത്തലയും ആ നിലപാടാണ് എടുത്തത്. കോണ്‍ഗ്രസ്സിലെ തിരുത്തല്‍വാദ പക്ഷം അതോടെയാണ് രൂപമെടുക്കുന്നത്. എന്താണ് ലീഡറുമായി പിണങ്ങാന്‍ കാരണം എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. അവസരം ലഭിച്ചില്ല.
സാംസ്‌കാരിക വിഷയങ്ങളില്‍ താല്പര്യമുള്ള നല്ല വായനക്കാരനായ കാര്‍ത്തികേയന്‍ മാധ്യമസംബന്ധമായ കാര്യങ്ങളിലും ധാരണകളുള്ള ആളായിരുന്നു. പ്രസ് അക്കാദമിയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ സ്പീക്കറെ ചില പരിപാടികള്‍ക്ക് ക്ഷണിച്ചിട്ടുണ്ട്. അക്കാദമിയുടെ വികസനകാര്യത്തില്‍ ഏറെ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഒരിക്കല്‍ ഒരു എം. എല്‍. എ, താന്‍ മുഖേനയല്ല സ്പീക്കറെ ക്ഷണിച്ചത് എന്ന് പറഞ്ഞ് പരിപാടി മുടക്കാന്‍ ഒരുമ്പെട്ടു. സ്പീക്കര്‍ എന്നെ വിളിച്ചു പ്രശ്‌നം പറഞ്ഞു. എം.എല്‍.എ.യെ പിണക്കാന്‍ സ്പീക്കര്‍ക്കും മടിയുണ്ട്. മറ്റൊരു പരിപാടിക്ക് വരാം എന്ന് ഉറപ്പ് പറഞ്ഞു. ആ കടം തീര്‍ക്കാന്‍ അദ്ദേഹം പിന്നെയൊരിക്കല്‍ സമയമില്ലാഞ്ഞിട്ടും കല്പ്പറ്റ വരെ ഓടിവന്നു. എവിടെയും ചെറിയ മനുഷ്യരെ ധാരാളമായി കാണാം. വലിയ ഹൃദയമുള്ളവര്‍ കുറവാണ്.
സ്പീക്കറുടെ വലിയ കസേര കാര്‍ത്തികേയന് അത്രയൊന്നും ആകര്‍ഷകമായി തോന്നിയിരുന്നില്ല. സജീവമായി ജനങ്ങളുടെയൊപ്പം പ്രവര്‍ത്തിക്കുന്നതിന് സ്പീക്കര്‍ പദവി തടസ്സമാണ് എന്ന് അദ്ദേഹം പറയുമായിരുന്നു. പദവി ഒഴിയുന്നതിനെ കുറിച്ച് പല ആലോചനകളും നടക്കുന്നതിന് ഇടയിലാണ് ആ നല്ല മനുഷ്യന്റെ ജീവിതം കവരുന്ന രോഗം പിടിപെടുന്നത്. ഐ.എ.എസ് സ്വപ്‌നവുമായി കോളേജിലെത്തി രാഷ്ട്രീയത്തിന്റെ വെള്ളച്ചാട്ടത്തില്‍ പെട്ടുപോയ കാര്‍ത്തികേയന് ഇനിയുമേറെ ഉയരുങ്ങള്‍ കയറാനുള്ള കഴിവുണ്ടായിരുന്നു.