ബ്രണ്ണന്‍ മുറ്റത്ത് ഓര്‍മകള്‍ ഇരമ്പിയ ഒരു പകല്‍

എൻ.പി.രാജേന്ദ്രൻ

1976 ല്‍ കോളേജ് വിട്ട ബാച്ചിന്റെ ഒരു പുന:സമാഗമം സംഘടിപ്പിക്കുന്നതിനെ കുറിച്ച് പറഞ്ഞത് ഗവ. ബ്രണ്ണന്‍ കോളേജിലെ ബിരുദുപഠന കാലത്തെ ഉറ്റ സുഹൃത്ത് ധര്‍മടത്തുകാരന്‍ സുരേഷ് തമ്പിയാണ്.  കുറെ മാസം മുമ്പാണ് പറഞ്ഞത്. അതത്ര കാര്യമായെടുത്തില്ല. വാസ്തവത്തില്‍ ‘ക്ലാസ്‌മേറ്റ്‌സ് ‘
തരംഗകാലത്ത് അങ്ങനെയാരു മോഹം ഈയുള്ളവനെയും ഇടക്കെല്ലാം പിടികൂടാറുണ്ടായിരുന്നു. അതാരൊടെങ്കിലും പങ്കുവെക്കാന്‍ പോലും ധൈര്യപ്പെട്ടിരുന്നില്ല. കോളേജില്‍ തപ്പിയാല്‍ അഡ്രസ് കിട്ടും, പക്ഷേ മൊബൈലോ  ഇമെയ്‌ലോ നേരാംവണ്ണം ലാന്‍ഡ് ഫോണ്‍ പോലുമോ ഇല്ലാതിരുന്ന കാലത്തെ അഡ്രസ് കൊണ്ട് എന്ത് പ്രയോജനം ! സുരേഷ് ഫോണില്‍ ആശയം പറഞ്ഞപ്പോള്‍ അത് തള്ളിയില്ല. നടക്കില്ല മോനേ… എന്നുപറഞ്ഞ് നിരുത്സാഹപ്പെടുത്തിയുമില്ല. സുരേഷ് ഇടക്കിടെ വിളിച്ച് പുരോഗതി അറിയിച്ചപ്പോള്‍ എനിക്കുറപ്പായി സംഗതി നടക്കുകയാണ്. അസാധ്യം എന്നുകരുതി തള്ളപ്പെടുന്ന ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നവരാണ് മഹാന്മാരെങ്കില്‍ സുരേഷ് തമ്പിയും എടക്കാട് ലക്ഷ്മണനും കെ.വി.സത്യനാഥും കൂട്ടുകാരും മഹാന്മാരാണ്. 36 വര്‍ഷം മുമ്പ് പടിയിറങ്ങിപ്പോയ നൂറോളം പേരെ അവര്‍ കണ്ടെത്തി അണിനിരത്തി. ആഗസ്ത് 31 ന് ചതയദിനത്തില്‍ ക്യാമ്പസ്സിന്റെ മുന്നില്‍ കെട്ടിയ പന്തലില്‍, ഇരമ്പുന്ന ഓര്‍മകളുടെ ഓളങ്ങള്‍ക്ക് മുകളില്‍ എല്ലാവരും ഒരു നാള്‍ ഒഴുകിനടന്നു.

എം.ടി.വാസുദേവന്‍ നായരുടെ ഒരു പടത്തില്‍, കൊച്ചുകുട്ടിയായിരുന്ന മകനെ നഷ്ടപ്പെട്ട അച്ഛനമ്മമാര്‍ പിന്നൊരിക്കല്‍ പറയുന്നുണ്ട്….. മരിച്ചതുകൊണ്ട് ഞങ്ങളുടെ മനസ്സിലവന്‍ ഇന്നും കൊച്ചുകുട്ടിയാണ്. മനസ്സില്‍ താലോലിച്ചും എടുത്തുനടന്നും ഞങ്ങളിപ്പോഴും ആനന്ദിക്കുകയാണ് എന്ന്. ഒരു തരത്തില്‍ 36 വര്‍ഷം കാണാതിരുന്നാലത്തെ അവസ്ഥ ഇതുതന്നെയാണ്. എല്ലാവരും ചോരയും നീരും തുടിപ്പുമുള്ള ചെറുപ്പക്കാര്‍. രാവിലെ കോഴിക്കോട്ട് നിന്ന് പുറപ്പെട്ട് അല്പം വൈകി നെഞ്ചിടിപ്പോടെ ക്യാമ്പസ്സിലേക്ക് കടന്നുചെന്നപ്പോള്‍ എം.ടി.യുടെ സിനിമയിലെ ആ രംഗമാണ് ഓര്‍ത്തത്. മുപ്പത്താറുവര്‍ഷമായി മനസ്സിന്റെ അകന്ന കോണുകളില്‍ വല്ലപ്പോഴും ഓര്‍ക്കാന്‍ വേണ്ടിമാത്രം കൊണ്ടുനടന്ന സുന്ദരിമാരും സുന്ദരന്മാരും ഇന്നെന്തായിട്ടുണ്ടാവും ? റിട്ടയേഡ് മധ്യവയസ്‌കന്മാര്‍ ആയിട്ടുണ്ടാകും. അന്നത്തെ ക്യാമ്പസ് രോമാഞ്ചങ്ങള്‍ മുടിനരച്ച വല്യമ്മമാരായിട്ടുണ്ടാകും. ക്യാമ്പസ് പുലികള്‍ പൂച്ചകളായിട്ടുണ്ടാകും. അവരില്‍ എത്ര പേരെയെനിക്ക് തിരിച്ചറിയാനെങ്കിലും പറ്റും ?

ഓണം കറുപ്പിച്ച കനത്ത മഴ തുടരുന്ന ഒരു രാവിലെ പന്തലിലേക്ക് കടന്നുചെല്ലുമ്പോള്‍ ഉദ്ഘാടന സമ്മേളനത്തില്‍ സുരേഷ് തമ്പി സ്വാഗതം പറയുന്നേ ഉണ്ടായിരുന്നുള്ളൂ. മന്ത്രി കെ.പി.മോഹനനും അധ്യക്ഷന്‍ എടക്കാട് ലക്ഷ്ണനും മുഖ്യാതിഥികളും ഗൂരുനാഥന്മാരും വേദിയിലിരിക്കുന്നു. വേദിയിലിരുന്ന് സദസ്സിലേക്ക് നോക്കിയപ്പോള്‍ ഏതോ അപരിചിത സംഘടനയുടെ സമ്മേളനത്തില്‍ വഴിതെറ്റിവന്നുപോയോ എന്ന് അന്ധാളിച്ചുപോയി. കോളേജ് വിട്ടശേഷവും സൗഹൃദം നില നിന്ന സി.പി.ഹരീന്ദ്രന്‍ മാഷെയും ഷര്‍ഫദ്ദീനെയും പോലെ അപൂര്‍വം ചിലരെ മാറ്റി നിര്‍ത്തിയാല്‍……. പരിചയമുള്ള ഒരു മുഖവും ഇല്ലല്ലോ പടച്ചോനെ….

ഒരേ മുഖത്തേക്ക് കുറച്ചുനേരം തറപ്പിച്ചുനോക്കുമ്പോള്‍ ഓരോ പേരുകള്‍ മനസ്സില്‍ ഉതിര്‍ന്നുവീഴുകയായി. ഇത് പാനൂരുകാരന്‍ കുമാരന്‍, അത് ചൊക്ലിയിലെ രാമദാസ്, അപ്പുറത്ത് അതാ ഭാസ്‌കരന്‍, സത്യനാഥന്‍, ഇന്ദിര, ആഗ്നസ് ജോണ്‍,പ്രഭാകരന്‍, വേണു, കലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് വിരമിച്ച ചന്ദ്രന്‍,അഡ്വക്കറ്റ് ആയ സുരേഷ്…….എന്നിട്ടും പരിചിത മുഖങ്ങള്‍ കുറച്ചുമാത്രം. പ്രസംഗങ്ങള്‍ തകര്‍ക്കുന്നു. പഴയ കഥകള്‍ പുനരവതരിപ്പിക്കപ്പെടുന്നു. ഇടക്കിടെ രംഗപ്രവേശനം ചെയ്യുന്ന അജ്ഞാതരെ തിരിച്ചറിയാനുള്ള അന്വേഷണങ്ങള്‍.. ചിലരുടെയെല്ലാം പുതുധാടിയും മോടിയും 36 വര്‍ഷംമുമ്പത്തെ രൂപവും ഭാവവുമായി ഒരു ബന്ധവുമില്ല. ഗുരുവന്ദനം പരിപാടിയില്‍ സ്വാഗതം പറയാന്‍ വന്ന ആള്‍ ഇംഗഌഷില്‍ കവിതയും ഉദ്ധരണികളും കാച്ചുന്നു. ഡല്‍ഹിയിലെ തന്റെ പദവിയുടെ ചെറുപൊങ്ങച്ചങ്ങള്‍ പൊട്ടിക്കുന്നു. പ്രസംഗം തീര്‍ന്നപ്പോള്‍ ആരോ പേര് പറഞ്ഞുതന്നു. വേലായുധന്‍…ഒട്ടും ഓര്‍മയില്ല. സംഘാടകര്‍ കണ്ടെത്തിയ 76 ബാച്ചുകാരുടെ പേരും ക്ലാസ്സും മേല്‍വിലാസവും ഒരു ചെറുപുസ്തകമായി അച്ചടിച്ചുതന്നിരുന്നു. അതില്‍ നോക്കിയപ്പോള്‍ മനസ്സിലായി ഈ വേലായുധന്‍ ഇക്കണോമിക്‌സുകാരനാണ്. എന്റെ ക്ലാസ്‌മേറ്റോ ? അതാര് ?? പെട്ടെന്ന് മിന്നല്‍പോലെ ഓര്‍മ വന്നു. വെറുംനാട്ടിന്‍പുറത്തുകാരനായിരുന്ന, പ്രസംഗം പോയിട്ട് സംസാരം പോലും വേണ്ടത്ര ഇല്ലാതിരുന്ന, ഇംഗ്ലീഷെന്നല്ല മലയാളംതന്നെ വേണ്ടത്ര പറയാതിരുന്ന  സഹ ബെഞ്ചുകാരനാണ് ഇംഗ്ലീഷ് പൊട്ടിച്ചുപാറ്റിയ ഡല്‍ഹി ബ്യൂറോക്രാറ്റ് കെ.വി. നമ്പ്യാര്‍ എന്ന വേലായുധന്‍….പ്രതിരോധ വകുപ്പില്‍ ഒരു സിക്രട്ടറി !

അങ്ങനെ ആരെല്ലാം…. മാറ്റമില്ലാത്തവര്‍ ഗുരുജനങ്ങളാണ്. പല മുന്‍ അധ്യാപകരും മുന്‍ വിദ്യാര്‍ത്ഥികളേക്കാള്‍ ‘ചെറുപ്പക്കാര്‍’. ശിഷ്യസമ്പന്നതയുടെ ആര്‍ഭാടമായിരിക്കുമോ അവരുടെ നിത്യഹരിത യുവത്വത്തിന് കാരണം ? ആവോ… ഇംഗ്ലീഷിലെ പ്രകാശ് മാസ്റ്റര്‍ അന്നും ഇന്നും പയ്യന്‍. തൃശ്ശൂര്‍ നഗരത്തില്‍ താമസക്കാരന്‍. ഗുരുവന്ദനത്തില്‍ ഈയുള്ളവന്‍ ഉദ്ഘാടനം നിര്‍വഹിച്ചത് ഹിസ്റ്ററിയിലെ ഗീരീന്ദ്രന്‍ മാസ്റ്ററെ പൊന്നാടയണിയിച്ചുകൊണ്ടായിരുന്നു. ഞങ്ങള്‍ തമ്മിലുള്ള രഹസ്യമറിയുന്ന അന്നത്തെ എസ്.എഫ്.ഐ. നേതാവ് എഴുത്തുകാരന്‍ എന്‍.പ്രഭാകരന്‍ വേദിയിലിരുന്ന് വാ പൊത്തിച്ചിരിച്ചു. ഞാനും ഗിരീന്ദ്രന്‍മാസ്റ്ററും തമ്മില്‍ അധ്യാപകനുംവിദ്യാര്‍ത്ഥിയും തമ്മിലുള്ള ബന്ധമല്ല, രാഷ്ട്രീയ പ്രവര്‍ത്തകര്‍ തമ്മിലുള്ള ബന്ധമായിരുന്നു ഉണ്ടായിരുന്നത്. ചടങ്ങില്‍ കോംപിയറിങ് നടത്തിയിരുന്ന ഗള്‍ഫില്‍ റേഡിയോ അനൗണ്‍സറായ യതീന്ദ്രന്‍ അത് പറയുകയും ചെയ്തു. പരിവര്‍ത്തനവാദി വിദ്യാര്‍ത്ഥിസംഘടനയുടെ പ്രവര്‍ത്തകനായിരുന്നു ഞാനന്ന്. ഗിരീന്ദ്രന്‍മാസ്റ്റര്‍ ഗസറ്റഡ് ഉദ്യോഗസ്ഥനൊക്കെയായിരുന്നെങ്കിലും നാട്ടിലെ അങ്ങാടിയിലെത്തിയാല്‍ പരിവര്‍ത്തനവാദി നേതാവാണ്. കോട്ടയംപൊയില്‍ അന്നൊരു പരിവര്‍ത്തന വാദി ശക്തികേന്ദ്രമായിരുന്നു. ശക്തികേന്ദ്രമെന്ന് കേട്ട് തെറ്റിദ്ധരിക്കരുത്. ഒര ജാഥ നടത്താന്‍ പത്തുപേരെ കിട്ടുന്ന അങ്ങാടി എന്നേ അതിനര്‍ത്ഥമുള്ളൂ.

മുന്‍ അധ്യാപകരില്‍ ഒരാള്‍ അഞ്ചുവര്‍ഷം എന്നെ പഠിപ്പിച്ചിട്ടുണ്ട്. പ്രിഡിഗ്രി മുതല്‍ ഇക്കണോമിക്‌സ് പഠിപ്പിച്ചത് രാഘവന്‍ മാസ്റ്റര്‍. പ്രിഡിഗ്രികാലത്ത് അദ്ദേഹം ഞങ്ങളോട് കാട്ടിയ ‘ കടുംകൈ ‘ മറക്കാന്‍ പറ്റില്ല. എണ്‍പതോളം വിദ്യാര്‍ത്ഥികളുള്ള ക്ലാസ്സില്‍ എല്ലാവരും ശ്രദ്ധിച്ചിരുന്ന ധര്‍മടത്തുകാരിയെ മാഷ് തട്ടിയെടുത്തു ! കല്യാണം കഴിച്ചുകളഞ്ഞുഎന്നര്‍ത്ഥം. വളരെ ഗൗരവക്കാരനായ, വളരെ പിശുക്കി മാത്രം ചിരിച്ചിരുന്ന രാഘവന്‍ മാസ്റ്റര്‍ വിവാഹവും മധുവിധുവും കഴിഞ്ഞ് ആദ്യമായി ക്ലാസ്സില്‍ വന്നപ്പോള്‍ ഒരു മണിക്കൂര്‍ കഴിച്ചുകൂട്ടാന്‍ പെട്ട പാട് ഓര്‍ത്താല്‍ ഇന്നും ചിരിച്ചുപോകും.

കെമിസ്ട്രിയിലെ ചന്ദ്രന്‍ മാസ്റ്ററും എന്നെ പ്രിഡിഗ്രിയില്‍ പഠിപ്പിച്ചിരുന്നു. അന്ന് ഇക്കണോമിക്‌സ് എടുത്താലും ഹിസ്റ്ററിയെടുത്താലുമെല്ലാം ഒരു പേപ്പര്‍ ജനറല്‍ സയന്‍സാണ്. സയന്‍സുകാര്‍ ഒരു പേപ്പര്‍ സോഷ്യല്‍സ്റ്റഡീസ് പഠിക്കണം. ഗുരുവന്ദനത്തിന് ശേഷം പ്രസംഗിച്ചപ്പോള്‍ ചന്ദ്രന്‍മാസ്റ്റര്‍ പറഞ്ഞ ഒരു വാചകം എന്നെ ഞെട്ടിത്തരിപ്പിക്കുകയോ കോരിത്തരിപ്പിക്കുകയോ എന്തെല്ലാമോ ചെയ്തു ! ‘ഈ ചടങ്ങില്‍ പങ്കെടുത്തതില്‍ എന്നെ ഏറ്റവും സന്തോഷിപ്പിച്ചത്, വര്‍ഷങ്ങളായി ഞാന്‍ വായിച്ചാസ്വദിക്കുന്ന മാതൃഭൂമി പംക്തി എഴുതുന്ന ഈ ഇന്ദ്രനെ നേരില്‍ കാണാന്‍ കഴിഞ്ഞതാണ്’- എന്നാണ് അദ്ദേഹം പറഞ്ഞത്. വാങ്ങിക്കൂട്ടിയ ഏറെ അവാര്‍ഡുകളേക്കാള്‍ വലുതാണ് ഈ അഭിനന്ദനമെന്ന് കോംപിയര്‍ യതീന്ദ്രന്‍ പറഞ്ഞത് സത്യമായിരുന്നു. വിശേഷാല്‍പ്രതി പംക്തിക്ക് ഇത്രയും ആസ്വാദകരുണ്ടെന്ന് ഉച്ചക്ക് ഭക്ഷണത്തിന് പിരിഞ്ഞപ്പോഴാണ് മനസ്സിലായത്. ഒരുപാട് ഭാര്യമാര്‍ ഇന്ദ്രനെ നേരില്‍ കാണാന്‍ വന്നു. ആളെ ഓര്‍മയുണ്ടെന്ന് പഴയ കുമാരിമാര്‍ പറഞ്ഞത് ഞാന്‍ വിശ്വസിച്ചിട്ടില്ല. കരയില്ലാത്ത നാടന്‍ മുണ്ടും നിറമില്ലാത്ത ഷര്‍ട്ടും റബ്ബര്‍ ചെരിപ്പും നീളന്‍ മുടിയും ചുണ്ടില്‍ സദാ ദിനേശ് ബീഡിയുമായി നടന്നിരുന്ന ഈ കോലത്തെ ആര് ശ്രദ്ധിക്കാന്‍. രണ്ടാംവര്‍ഷ ബി.എ.ക്ക് പഠിക്കുമ്പോള്‍ പരിവര്‍ത്തനവാദി  സ്ഥാനാര്‍’ത്തി ‘യായി യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി മത്സരിച്ചപ്പോള്‍ കിട്ടിയ വോട്ടിന്റെ എണ്ണം സംഘടനയുടെയും സ്ഥാനാര്‍ഥിയുടെയും ജനപ്രീതി വെളിവാക്കുന്നതായിരുന്നു. പതിനെട്ട് വോട്ട് !

ആരെല്ലാം പഠിച്ച, ആരെല്ലാം പഠിപ്പിച്ച മഹാകലാലയമാണിത്. എന്തെല്ലാം കണ്ടിരിക്കുന്നു, കേട്ടിരിക്കുന്ന ഈ ചുമരുകളും ക്യാമ്പസ്സും. വി.കെ.കൃഷ്ണമേനോനും വി.ആര്‍.കൃഷ്ണയ്യരും തുടങ്ങി എം.എന്‍.വിജയനും എന്‍.പ്രഭാകരനും വരെ…..കേരളത്തിലെ സര്‍ക്കാര്‍ കോളേജ് അധ്യാപകരില്‍ യശസ് നേടിയവരെല്ലാം ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ പഠിപ്പിച്ചിട്ടുള്ള സ്ഥാപനം….. കേരളത്തിലെ ഏറ്റവും മികച്ച ലൈബ്രറിയുള്ള സ്ഥാപനം…… ക്ലാസ്സിലിരുന്നുകേട്ടതിനോളം കഴമ്പുള്ള കാര്യങ്ങള്‍ ക്ലാസ്സിന് പുറത്ത് കേള്‍ക്കാന്‍ കഴിഞ്ഞിരുന്ന സ്ഥാപനം. രാഷ്ട്രീയവും സമരവും സംഘട്ടനവുമെല്ലാം സൃഷ്ടിക്കുന്ന അരാജകത്വങ്ങള്‍ക്കിടയിലും നമ്മെ നാമാക്കുന്ന എന്തെല്ലാമോ നല്‍കിയ സ്ഥാപനം…..

പഠിച്ചതെല്ലാം മറന്നാലും ബാക്കി നില്‍ക്കുന്നതാണ് വിദ്യാഭ്യാസം എന്നാരോ പറഞ്ഞിട്ടുണ്ട്. തീര്‍ച്ചയായും ഈ വിദ്യാലയം ഞങ്ങളെ വിദ്യാസമ്പന്നരാക്കിയിട്ടുണ്ട് തീര്‍ച്ച.

Leave a Reply

Your email address will not be published. Required fields are marked *

Go Top