ഇന്ന് ഇതുപറഞ്ഞാല്‍ പത്രപ്രവര്‍ത്തകര്‍ പോലും വിശ്വസിക്കില്ല.
1949 ല്‍ കോഴിക്കോട്ട് ദിനപ്രഭയില്‍ സബ് എഡിറ്ററായി ചേര്‍ന്ന് വര്‍ഷത്തിനിടയില്‍ പത്രം പൂട്ടിപ്പോയപ്പോള്‍ വി.എം.ബാലചന്ദ്രന്‍ വാരാന്തപ്പതിപ്പില്‍ ചില ഫീച്ചറുകളെഴുതിയും ചില്ലറ വിവര്‍ത്തനങ്ങള്‍ നടത്തിയുമൊക്കെ ‘തിരിഞ്ഞുകളി’ക്കുകയായിരുന്നു. അദ്ദേഹത്തിന്റെ തന്നെ ഭാഷയില്‍ കൊയിലാണ്ടിയിലെ ‘തെണ്ടി മൈസ്രേട്ട്’ . ഒരുനാള്‍ മാതൃഭൂമി പത്രാധിപര്‍ കെ.പി.കേശവമേനോന്‍ കാണാന്‍ ആവശ്യപ്പെട്ടപ്പോള്‍ അല്‌പം അന്ധാളിപ്പോടെയാണ് കാണാന്‍ ചെന്നത്. വലുപ്പമുള്ള രണ്ടുകവറുകളെടുത്ത് ഏല്‌പ്പിച്ച ശേഷം പറഞ്ഞു- ഇത് മലയാളത്തിലാക്കാന്‍ പറ്റുമോ എന്നുനോക്കണം, പറ്റില്ലെങ്കില്‍ വിവരം ഉടനെ അറിയിക്കണം. കവര്‍ തുറന്നുനോക്കിയപ്പോള്‍ ഞെട്ടിക്കാണണം. കാരണം അതിനകത്ത് ഉണ്ടായിരുന്നത് ഇന്ത്യന്‍ ഭരണഘടനയുടെ കരടാണ് !!
വയ്യെന്ന് പറഞ്ഞില്ല. ഏതാനും ആഴ്‌ച നീണ്ട കഠിനാദ്ധ്വാനത്തിന്റെ ഫലമായി വിവര്‍ത്തനം പൂര്‍ത്തിയാക്കി. കേശവമേനോന്‍ അത് നിയമപാണ്ഡിത്വമുള്ള ആരെയൊക്കെയോ കാണിച്ചു. അവര്‍ പരിശോധിച്ചശേഷം കാര്യമായൊരു മാറ്റവുമില്ലാതെ മാതൃഭൂമിയില്‍ ഖണ്ഡശ: പ്രസിദ്ധപ്പെടുത്തി ! ഇന്ത്യന്‍ ഭരണഘടന !! വിംസി തന്റെ ആത്മകഥയില്‍ വലിയ പ്രാധാന്യമൊന്നും നല്‍കാതെ പറഞ്ഞുപോയ ഒരു കാര്യമാണിത്. പക്ഷേ, ഒരു നീണ്ട ലേഖനം വെളിവാക്കുന്നതിലേറെ ബാലചന്ദ്രന്‍ എന്ന പത്രപ്രവര്‍ത്തകനെക്കുറിച്ച് വെളിവാക്കാന്‍ പര്യാപ്‌തമാണ് ഈ സംഭവം. ഇന്നാണെങ്കില്‍ ഇത് സംഭവിക്കില്ല. സ്ഥാപനത്തില്‍ സ്റ്റാഫായിട്ടുപോലുമില്ലാത്ത, നിയമബിരുദം പോകട്ടെ വെറും ബിരുദം പോലുമില്ലാത്ത, 22-23 വയസ്സുമാത്രമുള്ള ഒരു പയ്യനെ രാജ്യം മുഴുവന്‍ ചൂടുള്ള ചര്‍ച്ച നടക്കുന്ന സുപ്രധാനരേഖയായ ഭരണഘടന വിവര്‍ത്തനം ചെയ്യാന്‍ ഏല്‌പ്പിക്കുക തീര്‍ത്തും അസംഭാവ്യമാണ്. ബാലചന്ദ്രനില്‍ എന്തുമാത്രം വിശ്വാസമാണ് പത്രപ്രവര്‍ത്തനത്തിന്റെ ഔന്നത്യത്തിലുള്ള കേശവമേനോന് ഉണ്ടായിരുന്നത് എന്ന് അത് വെളിവാക്കുന്നു. ബാലചന്ദ്രന് തന്നെക്കുറിച്ചുള്ള ആത്മവിശ്വാസമാണെങ്കില്‍ അതിന്റെ പല മടങ്ങ് വലുതും. അവിടെ നിന്നാണ് അദ്ദേഹം തുടങ്ങിയത്. സ്വന്തം ആരോഗ്യത്തിന്റെയും മലയാളപത്രപ്രവര്‍ത്തനത്തിന്റെയും കുറെ പരിമിതികള്‍ കൊണ്ടാണ് ബാലചന്ദ്രന്‍ ഇവിടെ ഒതുങ്ങിപ്പോയത് എന്ന് ആ തുടക്കം ഓര്‍ത്താല്‍ ആര്‍ക്കും ബോധ്യപ്പെടും. സങ്കടമുള്ള കാര്യമാണത്.
അന്നും ഇന്നും അറിയപ്പെടുന്നത് വിംസി ആണ്, വി.എം. ബാലചന്ദ്രനല്ല. ജോലി ചെയ്യുന്ന പത്രം ഓഫീസില്‍ വിളിച്ച് ബാലചന്ദ്രനെ കിട്ടണമെന്ന് പറഞ്ഞപ്പോള്‍ അങ്ങനെയൊരാള്‍ ഇവിടെയില്ലെന്ന മറുപടി കേട്ട് ഭാര്യ അമ്പരന്നുപോയ കഥ അദ്ദേഹം തന്നെ ഒരു അഭിമുഖത്തില്‍ വിവരിച്ചിട്ടുണ്ട്. അതില്‍ അത്ഭുതമില്ല. വിംസിയുടെ വളര്‍ച്ചയിലും പ്രശസ്‌തിയിലും ബാലചന്ദ്രന്‍ മറഞ്ഞുപോയി. ബാലചന്ദ്രന്‍ എന്ന പേരില്‍ അദ്ദേഹം ഒന്നും എഴുതാതിരുന്നതാവാം കാരണം. അദ്ദേഹത്തെ അറിയുന്ന ആര്‍ക്കും മനസ്സിലാകുന്ന ഒരു കാര്യം വിംസി അല്ലാത്ത ബാലചന്ദ്രന്‍ പത്രപ്രവര്‍ത്തനരംഗത്തിന് നല്‍കിയ സംഭാവനയും ഒട്ടും ചെറുതായിരുന്നില്ല എന്നതാണ്. ബാലചന്ദ്രന്‍ പത്രപ്രവര്‍ത്തകനായത് 1949 ലാണ്. പിന്നെയും അഞ്ചുവര്‍ഷം കഴിഞ്ഞുമാത്രം ഭൂജാതനായ ഒരാളാണ് ഇവിടെ ബാലചന്ദ്രനെക്കുറിച്ചെഴുതുന്നത്. അദ്ദേഹം മാതൃഭൂമിയില്‍ നിന്ന് വിരമിക്കുന്നതിന് മൂന്നുവര്‍ഷം മുമ്പ് മാത്രമാണ് അദ്ദേഹത്തെ നേരില്‍ കാണുന്നതുപോലും. ഈ പരിമിതി ചെറുതല്ല. മാതൃഭൂമിയുടെ ന്യൂസ് റൂമില്‍ അദ്ദേഹത്തിന്റെ ദൈനംദിന പരക്കംപാച്ചിലുകള്‍ കാണുന്നത് വരെ ഈ ലേഖകന്റെ കണ്ണില്‍ വിംസി മാത്രമേ ഉണ്ടായിരുന്നുള്ളൂ, ബാലചന്ദ്രനുണ്ടായിരുന്നില്ല. ആ വിംസിയുമായുള്ള പരിചയമാകട്ടെ എന്റെ കുട്ടിക്കാലം മുതലുള്ളതാണ്. വേനലവധിയില്‍ അച്ഛനൊപ്പം നീലഗിരിയില്‍ കഴിയുമ്പോള്‍ ദിവസവും വൈകീട്ട് മാത്രം എത്തുന്ന മാതൃഭൂമിയെ കാത്തിരിക്കാറുള്ളത് സ്‌പോര്‍ട്‌സ് പേജ് വായിക്കാനായിരുന്നു. അതില്‍തന്നെ കോഴിക്കോട്ടെ നാഗ്‌ജി ഫുട്‌ബോള്‍ റിപ്പോര്‍ട്ടും വിംസിയുടെ ‘സ്‌പോര്‍ട്‌സ് രംഗം’ പംക്തിയിലെ വിലയിരുത്തലുകളും ആദ്യം വായിക്കും. ലേഖനം വായിക്കും മുമ്പ്‌്, ഇനി ലേഖനം വായിച്ചില്ലെങ്കില്‍തന്നെ ‘വാല്‍ക്കഷ്‌ണം’ വായിച്ചേ പറ്റൂ. അതുകൊണ്ടെല്ലാംകൂടി ഉണ്ടായതാണ് ബാലചന്ദ്രന്‍ കളിയെഴുത്തുകാരന്‍ മാത്രമാണെന്ന എന്റെയും ധാരണ.
ഒരു പതിറ്റാണ്ടിന് ശേഷം, മാതൃഭൂമി ജേണലിസം ട്രെയ്‌നിയായി ന്യൂസ് റൂമില്‍ അദ്ദേഹത്തിന്റെ വിനീതശിഷ്യനായി പ്രവര്‍ത്തിച്ചപ്പോള്‍ ബോധ്യപ്പെട്ടു, വിംസിയേക്കാള്‍ വലുതാണ് വി.എം.ബാലചന്ദ്രന്‍. ഇന്നും പലര്‍ക്കുമിത് മനസ്സിലാക്കാന്‍ പ്രയാസമുള്ള കാര്യമാണ്. വിംസി സ്‌പോര്‍ട്‌സ് എഴുതിത്തുടങ്ങിയ കാലത്ത് സ്‌പോര്‍ട്‌സ് വാര്‍ത്തകള്‍ക്ക് പത്രം ഇന്നത്തെ അത്ര പ്രാധാന്യം നല്‍കിയിരുന്നില്ലെന്നത് സത്യമാണ്. പക്ഷേ അത് സ്‌പോര്‍ട്‌്‌സിനോടുള്ള അവഗണനയായൊന്നും അക്കാലത്ത് ആരും കരുതിയിരുന്നില്ല. നാലോ ആറോ പേജ് മാത്രമുണ്ടായിരുന്ന പത്രത്തില്‍ ഏതാനും ചെറിയ സ്‌പോര്‍ട്‌സ് വാര്‍ത്തകളേ ഉണ്ടാകുമായിന്നുള്ളു. അത് സ്‌പോര്‍ട്‌സിന്റെ മാത്രം അവസ്ഥയായിരുന്നില്ല. ഇന്ന് വലുതായി കൊടുക്കുന്ന പല വിഷയങ്ങളുടെയും സ്ഥിതി അതായിരുന്നു. ചരമവാര്‍ത്തകള്‍ പോലും മൂന്നോ നാലോ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സിനിമയോ വിദ്യാഭ്യാസമോ വാണിജ്യമോ മാത്രമല്ല, മതചടങ്ങുകളും ക്ഷേത്രോത്സവങ്ങള്‍ പോലും ഇന്നത്തെ അത്ര പ്രധാന്യംനല്‍കി പ്രസിദ്ധപ്പെടുത്തിയിരുന്നില്ല. നെടുനെടുങ്ങനെ കൊടുത്തിരുന്നത് ദേശീയ നേതാക്കളുടെ പ്രസംഗങ്ങള്‍, പിന്നെ പഞ്ചവത്സരപദ്ധതി-കാര്‍ഷിക വികസന റിപ്പോര്‍ട്ടുകള്‍. ഇതിനിടയിലും സ്‌പോര്‍ട്‌സിന് നാം പ്രതീക്ഷിക്കുന്നതിനേക്കാള്‍ വലിയ പ്രാധാന്യം നല്‍കിയിരുന്നുവെന്നതാണ് സ്‌ത്യം. അതിനാകട്ടെ യാതൊരു വ്യവസ്ഥയുമുണ്ടായിരുന്നില്ല.
1951-52 കാലത്തെ പത്രങ്ങളില്‍ വേറെയെന്തിനോ വേണ്ടി തിരയുമ്പോള്‍ അക്കാലത്തെ വാര്‍ത്താവിന്യാസത്തിലെ വ്യവസ്ഥയില്ലായ്‌മ ശ്രദ്ധയില്‍ പെടുകയുണ്ടായി. കണ്ണൂര്‍ ലക്കിസ്‌റ്റാര്‍ മോഹന്‍ ബഗാനെ തോല്‌പ്പിച്ച വാര്‍ത്ത മാതൃഭൂമി ഒന്നാം പേജില്‍ രണ്ടുകോളം വലുപ്പത്തില്‍ 1952 മാര്‍ച്ച് 25 ന് പ്രസിദ്ധപ്പെടുത്തിയിരുന്നു. രണ്ടുനാള്‍ കഴിഞ്ഞ് ഹിന്ദുസ്ഥാന്‍ എയര്‍ക്രാഫ്‌റ്റ്‌സ് നാഗ്‌ജി ട്രോഫി നേടിയ വാര്‍ത്ത ഒന്നാം പേജില്‍ മൂന്നുകോളത്തില്‍ 60 സെന്റിമീറ്റര്‍ നീളത്തില്‍ കൊടുത്തതായി കണ്ടു. ഇംഗ്‌ളണ്ടിലോ ഓസ്ര്‌ട്രേലിയയിലോ പര്യടനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ തിരഞ്ഞെടുത്തുവെന്ന വാര്‍ത്ത ഇന്ന് എത്ര വലുതായാണ് കൊടുക്കുക ? സ്‌പോര്‍ട്‌സ് പേജില്‍ രണ്ടോ മൂന്നോ കോളം ഹെഡ്ഡിങ് കൊടുക്കുമായിരിക്കും. നിങ്ങള്‍ വിശ്വസിക്കുമോ എന്നറിയില്ല – 1952 മാര്‍ച്ച് മുപ്പതിന്റെ പത്രത്തില്‍ ഇംഗ്ലണ്ടിലേക്ക് പോകുന്ന ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത വാര്‍ത്ത, വിജയ് ഹസാരെ ക്യാപ്‌റ്റന്‍ എന്ന തലക്കെട്ടില്‍ ഒന്നാം പേജില്‍ നീണ്ടുപരന്നുകിടന്നു. മുഴുവന്‍ ടീമംഗങ്ങളെക്കുറിച്ചും കുറിപ്പുകളും ഫോട്ടോയുമെല്ലാമടങ്ങുന്ന റിപ്പോര്‍ട്ട് മാത്രം ഒന്നാം പേജിന്റെ പകുതി സ്ഥലം കയ്യടക്കിയിരുന്നു. അക്കാലത്ത് വി.എം.ബാലചന്ദ്രന്‍ മാതൃഭൂമിയിലുണ്ട്‌്- അദ്ദേഹമാണിതിന് ഉത്തരവാദിയെന്ന് ആരോപിക്കുന്നേയില്ല.
എല്ലാം അവിടെയും ഇവിടെയും വാരിവലിച്ചുകൊടുക്കുന്നതായിരുന്നു അക്കാലത്തെ വാര്‍ത്താവിന്യാസ രീതി. അതുമാറ്റി എല്ലാറ്റിനും ചിട്ടയും ക്രമവും ക്രമേണ ഉണ്ടായി വന്നതാണ്‌്. അതാണ് വിംസിയെപ്പോലുള്ള ദൂരക്കാഴ്‌ചയുള്ള പത്രപ്രവര്‍ത്തകര്‍ നീണ്ട കാലത്തെ പരിശ്രമത്തിലൂടെ നേടിയെടുത്തത്. നിരന്തരമായ പോരാട്ടത്തിലൂടെയാണ് സ്‌പോര്‍ട്‌സിന് പ്രത്യേക സ്ഥലം എന്ന ലക്ഷ്യം അദ്ദേഹം 1978 ല്‍ നേടിയെടുത്തത്. അമ്പതുകളുടെ തുടക്കത്തില്‍തന്നെ അദ്ദേഹം വാരാന്തപ്പതിപ്പിലും പത്രത്തിലും സ്‌പോര്‍ട്‌സ് അവലോകനകോളങ്ങള്‍ എഴുതിത്തുടങ്ങിയതാണ്. സ്‌പോര്‍ട്‌സിന് നല്‍കുന്ന പ്രാധാന്യം ക്രമേണ വര്‍ദ്ധിപ്പിച്ചെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹത്തിന്റെ ശ്രമത്തിന്റെ ഫലങ്ങളില്‍ ചിലതെല്ലാം അദ്ദേഹം മാതൃഭൂമിയില്‍ നിന്ന് പിന്‍വാങ്ങിയതിന് ശേഷംപോലും ഉണ്ടായി. സ്‌പോര്‍ട്‌സ് മാഗസീന്‍ തുടങ്ങിയതുപോലും അതില്‍പെടുമെന്നുതോന്നിപ്പോകുന്നു.
എന്താണ് ബാലചന്ദ്രനില്‍ നിന്ന് ഞങ്ങള്‍ പിന്‍മുറയ്‌ക്കാര്‍ പഠിച്ചത് ? എന്തെല്ലാമാണ് അദ്ദേഹം പറയാതെ പറയാന്‍ ശ്രമിച്ചത് ? പത്രപ്രവര്‍ത്തനം ക്ലോക്കിലെ സമയം നോക്കി ചെയ്യേണ്ട പണിയല്ല എന്നതായിരുന്ന്‌ു അതില്‍ ആദ്യത്തേത്. പാര്‍ലമെന്റ് പാസ്സാക്കിയ നിയമമനുസരിച്ച് പത്രപ്രവര്‍ത്തകര്‍ ദിവസം ശരാശരി ആറുമണിക്കൂര്‍ പ്രവര്‍ത്തിച്ചാല്‍മതി.ഒരു ദിവസം പത്തുമണിക്കൂര്‍ പണിയെടുക്കേണ്ടിവന്നാല്‍ പിറ്റേന്ന് രണ്ടുമണിക്കൂര്‍ ചെയ്‌താലും മതിയെന്ന് വാദിക്കാവുന്ന വിധത്തിലാണ് നിയമവ്യവസ്ഥ. ആ അര്‍ഥത്തിലാണെങ്കില്‍ ബാലചന്ദ്രന്‍ ഉള്‍പ്പെടെയുള്ള പല പത്രപ്രവര്‍ത്തകരും ആദ്യത്തെ പതിനഞ്ചുവര്‍ഷം കൊണ്ടുതന്നെ ഒരു സര്‍വീസ്‌കാലം മുഴുവന്‍ ചെയ്യേണ്ട ഡ്യൂട്ടി ചെയ്‌തിട്ടുണ്ടാകണം. വന്നാല്‍ പോകുന്നതുവരെ കുത്തിയിരുന്നുള്ള എഴുത്തും എഡിറ്റിങ്ങുമായിരുന്നു. രാവിലെ വന്നാല്‍ പാതിരാത്രിയാണ് വീട്ടില്‍ തിരിച്ചെത്തുക. അതിനിടെ അലര്‍ച്ചകളും ശകാരങ്ങളും പൊട്ടിച്ചിരികളുമെല്ലാം ആ ക്യാബിനില്‍ നിന്നുയര്‍ന്നുകൊണ്ടിരിക്കും. അദ്ദേഹത്തിന്റെ കൈമുദ്രയില്ലാതെ ഒരു സ്‌പോര്‍ട്‌സ് വാര്‍ത്തയും കമ്പോസിങ് സെക്ഷനിലേക്ക് പോയിട്ടില്ല, ഒരു ദിവസമോ ഒരു വര്‍ഷമോ അല്ല നീണ്ട 34 വര്‍ഷം. മുഴുവന്‍ സ്‌പോര്‍ട്‌സ് വാര്‍ത്തകളും സ്വയം എഴുതുകയോ സ്വയം എഡിറ്റ് ചെയ്യുകയോ ചെയ്യും. ഇതിനിടെ ജനറല്‍ പേജുകളിലേക്കുപോകുന്ന പ്രധാന വാര്‍ത്തകളിലെല്ലാം അദ്ദേഹം കൈകടത്തിയിരിക്കും. കോഴിക്കോട് കോര്‍പ്പറേഷനിലെ കക്ഷിരാഷ്‌ട്രീയത്തിലും ഐക്യരാഷ്‌ട്രപൊതുസഭ ഒടുവില്‍ പാസ്സാക്കിയ പലസ്‌തീന്‍ പ്രമേയത്തിലും അദ്ദേഹം തുല്യ തല്‌പരനായിരുന്നു. ‘മാനാഞ്ചിറയ്‌ക്ക് ചുറ്റും’ എന്ന കോളത്തിലൂടെ നഗരഭരണാധികാരികളെ നിര്‍ത്തിപ്പൊരിക്കുന്നതും ഇതിനിടെ നടന്നു.
അദ്ദേഹത്തിന്റെ ‘വാര്‍ത്താപ്രാന്ത്’ ‘കളിപ്രാന്ത്’ പോലെ അതിരുകടക്കുന്നില്ലേ എന്ന് ഞങ്ങള്‍ ചെറുപ്പക്കാര്‍ക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്‌്. രാവിലെതൊട്ട് രാത്രിവരെ പണിയെടുത്താല്‍ വീട്ടില്‍ പോയി വല്ല പാട്ടുകേട്ടോ നോവല്‍ വായിച്ചോ ഭാര്യയോട് കിസ പറഞ്ഞോ കിടന്നുറങ്ങിക്കൂടേ ഈ മനുഷ്യന് എന്ന് ഞങ്ങള്‍ സ്വയംചോദിച്ചുപോയിട്ടുണ്ട്. അര്‍ദ്ധരാത്രി ബി.ബി.സി. വാര്‍ത്ത കേട്ട് ഹോണ്ടുറാസില്‍ പട്ടാളവിപ്ലവം നടന്നിട്ടുണ്ട്, ഒന്നാംപേജില്‍ കൊടുക്കണം എന്ന് ആവശ്യപ്പെടുന്ന ന്യൂസ് എഡിറ്ററെ കുറിച്ച് അങ്ങനെയല്ലേ ആദ്യനിമിഷം ചിന്തിച്ചുപോകുക! ഇനി ഒരു ജന്മംകൂടി കിട്ടിയാലും പത്രപ്രവര്‍ത്തകനാകണം എന്നദ്ദേഹം പറഞ്ഞത് ഈ ത്രില്‍ അനുഭവിക്കാനാണ്. ഈ ത്രില്‍ പുതുതലമുറക്കാരായി വന്നവരിലെല്ലാം കടത്തിവിടാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. ഞങ്ങളും രാവും പകലും ന്യൂസ് റൂമില്‍ വാര്‍ത്തകളില്‍ തല പൂഴ്‌ത്തിയിരിക്കാറുള്ളത് ആരും ആവശ്യപ്പെടാതെതന്നെയാണ്. അതൊരു പകര്‍ച്ചവ്യാധിയാണ്. കുടുംബമൊന്നുമില്ലാത്ത ആദ്യകാലത്ത് ഞങ്ങള്‍ക്കും അത് ത്രില്‍ തന്നെയായിരുന്നു, പിന്നീടത് കുറഞ്ഞുപോന്നു. കുടുംബവും കുഞ്ഞുകുട്ടി പരാധീനങ്ങളുമൊന്നും അദ്ദേഹത്തെ ആ ത്രില്ലില്‍നിന്ന് അകറ്റിയില്ല. മക്കള്‍ വളരുന്നതുപോലും ഞാന്‍ കണ്ടില്ലല്ലോ എന്നദ്ദേഹം പില്‍ക്കാലത്ത് വ്യസനിച്ചിരുന്നു. പക്ഷേ ചെയ്യുന്ന ജോലിയോടുള്ള പ്രതിബന്ധത അദ്ദേഹത്തിന്റെ രക്തത്തില്‍ അലിഞ്ഞുനിന്നു. പെലെയെകുറിച്ചുളള റൈറ്റപ്പും പടവും ഇന്ന ഷെല്‍ഫിലുണ്ടെന്ന് അദ്ദേഹം സഹപ്രവര്‍ത്തകനായ വി.രാജഗോപാലിനെ അടുത്തുവിളിച്ച്‌് സ്വകാര്യം പറഞ്ഞത് അമ്മയുടെ ചിത കത്തിയെരിയുമ്പോഴായിരുന്നു. മറ്റാര്‍ക്ക് കഴിയുമത് ?
ഡസ്‌കില്‍ വാര്‍ത്താ ഏജന്‍സികളുടെ സന്ദേശങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുകയല്ല, അവ വായിച്ച് പുതിയ വാര്‍ത്ത പുന: സൃഷ്ടിക്കുകയാണ് അദ്ദേഹം ചെയ്‌തിരുന്നതെന്ന് കളിയെഴുത്തില്‍ വിംസിയുടെ ശിഷ്യനായ സി.പി.വിജയകൃഷ്‌ണന്‍ മാതൃഭൂമി ഓണ്‍ലൈനിലെ സ്‌പോര്‍ട്‌സ് സെക്ഷനില്‍ എഴുതിയ ലേഖനത്തില്‍ ഓര്‍ക്കുന്നുണ്ട്. ( വാര്‍ത്താമുറിയില്‍ ഒരു അറ്റാക്കിങ് ഫുള്‍ബാക്ക്‌്‌്) എന്നും പുതിയ ആശയങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും അദ്ദേഹം ചെവി കൊടുത്തിരുന്നു. കാലത്തേക്കാള്‍ ഒരടി മുന്നില്‍ എപ്പോഴും നില്‍ക്കാന്‍ എത്രപേര്‍ക്ക് കഴിയും ? സര്‍വീസിന്റെ ആദ്യകാലവും അവസാനവും തമ്മില്‍ ഇക്കാര്യത്തിലദ്ദേഹത്തിന് വ്യത്യാസമില്ലായിരുന്നു. ഒതുക്കാത്ത തലമുടിയും ചേപ്രത്താടിയും മുഷിഞ്ഞ ജുബ്ബയും പുകയുന്ന ബീഡിയും നിറഞ്ഞ അരാജകത്വവുമായി വന്നിരുന്ന കെ.ജയചന്ദ്രനും വേഷത്തിലും ചിട്ടവട്ടങ്ങളിലും അണുവിന് വിട്ടുവീഴ്‌ച ചെയ്യാത്ത വിംസിയും രണ്ടു ധ്രുവങ്ങളിലായിരുന്നു. പക്ഷേ, ജയചന്ദ്രന്‍ എന്ന പത്രപ്രവര്‍ത്തകന്‍ വിംസിയുടെ മാനസസന്താനമായി മാറി. ആദിവാസികളെക്കുറിച്ചും കാട്ടുകൊള്ളയെക്കുറിച്ചുമെല്ലാമുള്ള ജയചന്ദ്രന്റെ റിപ്പോര്‍ട്ടുകള്‍ ബാലചന്ദ്രനെയും ആവേശം കൊള്ളിക്കുന്നുണ്ടെന്ന് ആ എഡിറ്റിങ് കണ്ടാലറിയുമായിരുന്നു. ജയചന്ദ്രന്‍ എഴുതിയത് വെട്ടിക്കുറക്കുകയായിരുന്നില്ല അദ്ദേഹം ചെയ്‌തിരുന്നത്. അതിന് കൂടുതല്‍ എരിവുണ്ടാക്കുകയായിരുന്നു. അവ വയനാട്ടിലും കേരളത്തിലെങ്ങും തീ പടര്‍ത്തി. ജയചന്ദ്രനെന്ന റിപ്പോര്‍ട്ടറെ സൃഷ്ടിച്ചതുതന്നെ ബാലചന്ദ്രനായിരുന്നു എന്നു പറയാന്‍ മടിക്കേണ്ടതില്ല. പുതുമയുള്ള ഒന്നിനോടും അദ്ദേഹം അസഹിഷ്‌ണുത കാട്ടിയില്ല. സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടിങ്ങില്‍ പുതിയ പരീക്ഷണങ്ങളെ എപ്പോഴും സ്വാഗതംചെയ്‌തു. സ്‌പോര്‍ട്‌സിന്റെ ടെര്‍മിനോളജികളൊന്നും ലവലേശം മാറ്റാന്‍ കൂട്ടാക്കാതിരുന്ന ഒരിക്കല്‍ സഹപ്രവര്‍ത്തകന്‍ ടി.വേണുഗോപാല്‍ പച്ചമലയാളത്തില്‍ ഒരു ക്രിക്കറ്റ് റിപ്പോര്‍ട്ട് എഴുതിയപ്പോള്‍ അതിനോടുപോലും അദ്ദേഹം സഹിഷ്‌ണത പുലര്‍ത്തി. ആ റിപ്പോര്‍ട്ടില്‍ മാന്‍ ഓഫ് ദ മാച്ച് കളിയിലെ കേമനും ക്രീസ് നിലപാടുതറയും വിക്കറ്റ് കുറ്റിയും ബൗളിങ്ങ് പന്തേറുമൊക്കയായി മാറിയിരുന്നു. ഇതില്‍ ഒരു തത്ത്വശാസ്‌ത്രം അദ്ദേഹം ഉള്‍ക്കൊണ്ടിരുന്നതായി തോന്നി. ഒരു ‘പ്രാന്തന്‍ ‘ആശയത്തെയും ഒറ്റയടിക്ക് തള്ളിക്കളയരുത്. പില്‍ക്കാലത്ത് അംഗീകാരം നേടിയ പല ആശയങ്ങളെയും ആളുകള്‍ തുടക്കത്തില്‍ ‘പ്രാന്തന്‍’ആശയങ്ങളായാണ് കണ്ടിരുന്നതെന്ന് ബര്‍ട്രന്റ് റസ്സല്‍ പറഞ്ഞത് വിംസിയും സ്വീകരിച്ചിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിലെ പത്രാധിപര്‍ എന്നും പുത്തന്‍ ആശയങ്ങള്‍ക്കായി കണ്ണുംകാതും കൂര്‍പ്പിച്ചിരുന്നു.
പത്രത്തിലെ എഴുത്ത് സാഹിത്യരചനയല്ല എന്നദ്ദേഹം പറയുമായിരുന്നു. സാധാരണജനങ്ങളോടുള്ള ആശയവിനിമയമാണത്. പറയാനുള്ളത് അവന് മനസ്സിലാകുന്ന ഭാഷയില്‍ നേരിട്ട് പറയുക. അതില്‍ സാഹിത്യവും അലങ്കാരവും വേണ്ട. വെറും പത്താംതരം വരെ പഠിച്ച മലയാളവുമായാണ് അദ്ദേഹം പത്രപ്രവര്‍ത്തനരംഗത്ത് വന്നത്. പ്രിഡിഗ്രി തമിഴ് നാട്ടില്‍ ഇംഗ്ലീഷിലാണ് പഠിച്ചത്. മലയാളത്തില്‍ ബിരുദവും ബിരുദാന്തരബിരുദവും ഉള്ളവര്‍ അദ്ദേഹത്തിന്റെ ഭാഷയുടെ ഒഴുക്കും മൂര്‍ച്ചയും കണ്ട് അസൂയപ്പെട്ടിട്ടുണ്ട്. വൈക്കം മുഹമ്മദിനോട് അധ്യാപകനായ ചേട്ടന്‍ ചോദിച്ചതുപോലെ വിംസിയോടും വേണമെങ്കില്‍ ചോദിക്കാം, ആഖ്യയെവിടെ ആഖ്യായികയെവിടെ ? വ്യാകരണം പ്രൂഫ് റീഡര്‍മാര്‍ക്ക് വിട്ടുകൊടുക്കുമ്പോഴും ഭാഷയുടെ ശുദ്ധതയുടെ കാര്യത്തില്‍ അദ്ദേഹത്തിന്റെ നിഷ്‌കര്‍ഷ കടുത്തതായിരുന്നു. ഇംഗ്ലീഷ് പ്രയോഗങ്ങള്‍ വിദേശസ്ഥലനാമങ്ങള്‍ തുടങ്ങിയവ ഉച്ചരിക്കുംപോലെ പത്രത്തിലെഴുതിയില്ലെങ്കിലാണ് അദ്ദേഹത്തിന് ഏറ്റവുമേറെ കലികയറാറുള്ളത്. കാല്‍നൂറ്റാണ്ടിനുശേഷം ഇന്നുപോലും പ്രയോഗിക്കാന്‍ ഞങ്ങളുടെ തലമുറയ്‌ക്ക്‌് ധൈര്യമില്ലാത്ത ഒജസ്സുള്ള പ്രയോഗങ്ങള്‍ അദ്ദേഹത്തിന്റെ പേനത്തുമ്പില്‍ നിന്നെപ്പോഴും വാര്‍ന്നുവീഴുമായിരുന്നു. വായനക്കാരന്റെ കണ്ണുകളെ കൊളുത്തിവലിക്കുന്നതായിരുന്നു ആ തലവാചകങ്ങള്‍. അരനൂറ്റാണ്ടുകാലവും അദ്ദേഹത്തിന്റെ എഡിറ്റര്‍ അദ്ദേഹം മാത്രമായിരുന്നു. വേറെ ഒരാളും അദ്ദേഹമെഴുതിയത് വെട്ടാനോ തിരുത്താനോ മുകളിലുണ്ടായിരുന്നില്ല.
ആര്‍ക്കും സേവ പിടിച്ച് ഒന്നും എഴുതരുതേ എന്ന് അദ്ദേഹം എപ്പോഴും പുതിയ പത്രപ്രവര്‍ത്തകരോട് പറയുമായിരുന്നു. തെറ്റിന്റെ ഭാഗത്ത് നില്‍ക്കുന്നവരെ, അവര്‍ എത്രവലിയവരാണെന്നൊന്നും നോക്കാതെ വാക്കുകള്‍ കൊണ്ട് പിച്ചിച്ചീന്താന്‍ മടിച്ചിരുന്നില്ല. കളിയെഴുത്ത്‌് വെറും കളിയുടെ റിപ്പോര്‍ട്ടിങ് മാത്രമായിരുന്നില്ല അദ്ദേഹത്തിന്. നിരന്തരമായ പോരാട്ടവും കലാപവുമായി അത്. കൊള്ളരുതാത്ത സ്‌പോര്‍ട്‌സ് സംഘാടകര്‍ക്ക് അത് പേടിസ്വപ്‌നമായി. കളിക്കാരോടു പ്രേക്ഷകരോടുമുളള അനീതി അദ്ദേഹം പൊറുത്തില്ല. പ്രധാനിയായ ഒരു സ്‌പോര്‍ട്‌സ് സംഘാടകന്‍ അടുത്തകാലത്ത് പറഞ്ഞത്രെ, ഇപ്പോള്‍ വിംസിയൊന്നും എഴുതുന്നില്ലല്ലോ, അതുകൊണ്ടുപേടിയില്ല എന്ന്. വിംസിക്ക് കിട്ടാവുന്ന വലിയ ബഹുമതിയാണിതെന്ന് അദ്ദേഹം ഓര്‍ത്തിരിക്കില്ല. ഇത്രയും കലാപകാരിയായ മറ്റൊരു സ്‌പോര്‍ട്‌സ് ലേഖകന്‍ അന്നും ഇന്നും വേറെ ആരുണ്ട്‌്, എവിടെയുണ്ട് ? ചലചിത്രവിമര്‍ശനവും സാഹിത്യവിമര്‍ശനവുമെല്ലാം മരിച്ചുകഴിഞ്ഞ മാധ്യമലോകത്ത് സ്‌പോര്‍ട്‌സ് വിമര്‍ശനം മാത്രം നിലനില്‍ക്കണമെന്ന് വാശിപിടിക്കാന്‍ കഴിയില്ല. മാധ്യമരംഗത്ത് ഇനിയൊരു വിംസി ഉണ്ടാകില്ല എന്ന് ഉറപ്പുവരുത്തുന്ന വിധത്തില്‍ മാധ്യമലോകം രൂപാന്തരപ്പെട്ടുകഴിഞ്ഞു. വിംസിയെ ഓര്‍ക്കുമ്പോള്‍ അതെങ്കിലും നാം തിരിച്ചറിഞ്ഞേ തീരൂ.