മമ്മൂട്ടി കാണാത്ത മതിലുകള്‍

എൻ.പി.രാജേന്ദ്രൻ

മാധ്യമചരിത്രത്തിലോ രാഷ്ട്രീയ ചരിത്രത്തിലോ ഇക്കാര്യം രേഖപ്പെടുത്തുമോ എന്നറിയില്ല. പക്ഷേ, സ്വതന്ത്രഭാരതത്തില്‍ ആദ്യമായി പത്രത്തില്‍ അഭിപ്രായമെഴുതിയതിന്റെ പേരില്‍ ജയിലിലടക്കുന്നത് ഒരു മലയാളി പത്രാധിപരെയാണ്ഇപ്പോഴും പത്രരംഗത്ത് സജീവമായുള്ള ടി.ജെ.എസ് ജോര്‍ജ് ആണ് ആ ജയില്‍പ്പുള്ളി!

ടി.ജെ.എസ് ജോര്‍ജ് 

ചരിത്രകാരന്മാര്‍ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍പ്പോലും കുറ്റപ്പെടുത്താനാവില്ല, ആത്മകഥയായ ‘ഘോഷയാത്ര’യില്‍ ജോര്‍ജ് ഇതിന് നല്‍കിയ അപ്രാധാന്യം കണ്ടാല്‍. 35 നീണ്ട അധ്യായങ്ങളുള്ള സാമാന്യം വലിയ പുസ്തകമാണ് ‘ഘോഷയാത്ര’ എന്ന ഏറെ അപൂര്‍വതകളുള്ള ഗംഭീരന്‍ ആത്മകഥ. അതില്‍ ഈ ജയില്‍വാസത്തിന് പ്രത്യേകം ഒരു അധ്യായമോ ഒരു ഉപതലവാചകം പോലുമോ ഇല്ല. ‘മമ്മൂട്ടി കാണാത്ത മതിലുകള്‍’ എന്നൊരു അധ്യായത്തിലാണ് ജയില്‍വാസത്തെക്കുറിച്ച് പറയുന്നത്. ഏത് മമ്മൂട്ടി? നടന്‍, നമ്മുടെ സ്വന്തം മമ്മൂട്ടിതന്നെ. മമ്മൂട്ടി ജോര്‍ജിനൊപ്പം ജയിലില്‍ പോയിരുന്നുവോ? ഇല്ല, അതുകഥ വേറെ. വഴിയെ പറയാം.

അറുപതുകളുടെ തുടക്കത്തിലാണ് സംഭവം. മുംബൈയില്‍ ‘ഫ്രീപ്രസ് ജേണലി’ല്‍ പ്രവര്‍ത്തിക്കുകയായിരുന്നു ജോര്‍ജ്. അതിനിടെ ഇന്റര്‍നാഷനല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഒരു പദ്ധതിപ്രകാരം ആറുമാസം നാടുചുറ്റാന്‍ ഒരവസരം കിട്ടി. അങ്ങനെ യാത്രയായി. ആറുമാസം കഴിഞ്ഞ് പഴയ പത്രത്തിലേക്ക് തിരിച്ചുപോകണമോ വേറെ വല്ലതും നോക്കണമോ എന്ന് ആലോചിച്ചിരിക്കുമ്പോഴാണ് പട്‌നയില്‍ ‘സെര്‍ച്ച്‌ലൈറ്റ് ‘പത്രം ശ്രദ്ധയില്‍ പെട്ടത്. രണ്ടു പത്രാധിപന്മാര്‍ ഹൃദയാഘാതം വന്നു മരിക്കുകയും മൂന്നാമന്‍ ഒരു വര്‍ഷം തികയും മുന്‍പു മടുത്ത് സ്ഥലംവിടുകയും ചെയ്ത പത്രം എന്ന ‘ആകര്‍ഷണം’ കാരണം ജോര്‍ജ് മടിച്ചില്ല. ‘സെര്‍ച്ച്‌ലൈറ്റ് ‘പത്രാധിപരായി.

കെ.ബി സഹായി എന്നൊരു മുഖ്യമന്ത്രിയാണ് അന്ന് ബിഹാര്‍ ഭരിച്ചിരുന്നത്. പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയായിരുന്ന സഹായി കാമരാജ് പദ്ധതിപ്രകാരമാണ് മുഖ്യമന്ത്രിയായത്. മഹാത്മാഗാന്ധിയുടെ ജന്മശതാബ്ദി ദിനമായ 1963 ഒക്ടോബര്‍ രണ്ടിന് മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ ഭാഗ്യമുണ്ടായ ഗാന്ധിയനാണ്. പക്ഷേ, സഹായിയുടെ സഹായം ‘സെര്‍ച്ച്‌ലൈറ്റി’ന് ഒട്ടും കിട്ടിയില്ലെന്നുമാത്രമല്ല വലിയ ദ്രോഹവുമുണ്ടായി. പട്‌നയിലെ പത്രങ്ങളില്‍ പുതിയ പത്രാധിപന്മാര്‍ ചാര്‍ജ്ജെടുത്താല്‍ മുഖ്യമന്ത്രിയെ മുഖം കാണിക്കുക എന്നൊരു കീഴ്‌വഴക്കം ഉണ്ടായിരുന്നത് ആരും ജോര്‍ജിനോട് പറഞ്ഞില്ല. ജോര്‍ജ് പോയില്ല. അതു സഹിക്കാം. വേറൊരു വിചിത്രനിയമവും അക്കാലത്ത് അവിടെ ഉണ്ടായിരുന്നു. ക്രമസമാധാനപ്രശ്‌നം വല്ലതുമുണ്ടായാല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് എന്ന കലക്ടറുടെ പത്രക്കുറിപ്പേ അതിനെക്കുറിച്ച് പ്രസിദ്ധീകരിക്കാന്‍ പാടുള്ളൂ! അതും ജോര്‍ജ് അറിഞ്ഞില്ല. പട്‌നയില്‍ ഒരു വലിയ പ്രശ്‌നമുണ്ടായി. ഒരു ബന്ദിനിടയില്‍ പൊലിസ് വെടിവച്ചു. മരണങ്ങളുണ്ടായി. ‘സെര്‍ച്ച്‌ലൈറ്റി’ല്‍ ലേഖകന്മാരുടെ റിപ്പോര്‍ട്ടുകള്‍ വിസ്തരിച്ചുപ്രസിദ്ധപ്പെടുത്തി. ജില്ലാ മജിസ്‌ട്രേറ്റിന്റെ കുറിപ്പും കൂട്ടത്തില്‍ കൊടുത്തുവെന്നുമാത്രം. മുഖ്യമന്ത്രിക്ക് സഹിച്ചില്ല. ജോര്‍ജിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലാക്കി.

അറസ്റ്റ് വന്‍ സംഭവമായി. പട്‌നയും ബിഹാറും ഇളകിമറിഞ്ഞു. ആദ്യമായൊരു പത്രാധിപരെ ജയിലിലടച്ച സംഭവമാണ്. രാജ്യമൊട്ടാകെ പ്രതിഷേധം അലയടിച്ചു. പാര്‍ട്ടികളും പത്രപ്രവര്‍ത്തകസംഘടനകളും മാധ്യമങ്ങളുമെല്ലാം പ്രതിഷേധക്കൊടുങ്കാറ്റിളക്കി. വിദ്യാര്‍ഥികള്‍ സമരത്തിലിറങ്ങി. കെ.ബി സഹായിയുടെ സഹായം എന്നുപറഞ്ഞാല്‍ മതിയല്ലോ, ടി.ജെ.എസ് ജോര്‍ജ് നാലുനാള്‍ കൊണ്ട് രാജ്യംമുഴുവന്‍ പ്രശസ്തനായി.

എന്നാലും ജയില്‍ ജയില്‍തന്നെയാണല്ലോ. ജോര്‍ജിന്റെ മോചനത്തിനുവേണ്ടി ഹേബിയസ് കോര്‍പ്പസ് ഹരജി സമര്‍പ്പിക്കപ്പെട്ടു. സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെട്ട്, ലോകപ്രശസ്തനായ വി.കെ കൃഷ്ണമേനോന്‍ കേസ് വാദിക്കാന്‍ കോടതിയിലെത്തി. നിയന്ത്രിക്കാന്‍ കഴിയാത്ത വിധം വലിയ ആള്‍ക്കൂട്ടമാണ് ജോര്‍ജിനെ ഹാജരാക്കിയപ്പോള്‍ കോടതിപരിസരത്ത് ഉണ്ടായിരുന്നത്. ഒരു പത്രാധിപരുടെ യഥാര്‍ഥ മൂല്യം നിര്‍ഭയത്വമാണ്. ഉപാധികളോടെയുള്ള ജാമ്യം പത്രാധിപരുടെ അന്തസ് തകര്‍ക്കും, ആത്മാഭിമാനമുള്ള ഒരു പത്രാധിപര്‍ക്കും സ്വീകരിക്കാനാവില്ല. അതുകൊണ്ട് ഉപാധികളില്ലാതെ ജാമ്യം അനുവദിക്കണംകൃഷ്ണമേനോന്‍ വാദിച്ചു.
കോടതി ജാമ്യം അനുവദിച്ചു. കുറഞ്ഞത് അരലക്ഷം പേരുടെ അകമ്പടിയോടെ, വീരോചിത സ്വീകരണം ഏറ്റുവാങ്ങിയാണ് അന്ന് ജോര്‍ജ് കോടതിയില്‍ നിന്ന് ‘സെര്‍ച്ച്‌ലൈറ്റ് ‘പത്രംഓഫിസിലേക്ക് പോയത്.

മൂന്നാഴ്ചയാണ് ജോര്‍ജ് ജയിലില്‍ കഴിഞ്ഞത്. മൂന്നാഴ്ച ജയിലില്‍ കിടന്നവര്‍ ജയില്‍വാസത്തെക്കുറിച്ച് പുസ്തകംതന്നെ എഴുതാറുണ്ട്. ജോര്‍ജ് ഒരു പ്രത്യേക അധ്യായം പോലും ഇതിന് ചെലവഴിച്ചില്ല. വാസ്തവത്തില്‍ ഒരു പുസ്തകത്തിന് വകയുണ്ടായിരുന്നു ആ മൂന്നാഴ്ചയിലെ അനുഭവങ്ങള്‍. തനിക്ക് ആ മൂന്നാഴ്ച കൊണ്ടാണ് പ്രായപൂര്‍ത്തിയായത് എന്നദ്ദേഹം ആത്മകഥയില്‍ പറയുന്നുണ്ട്.

കുറച്ചുനാള്‍ അസഹ്യമായ അവസ്ഥകളുള്ള ബങ്കിപ്പൂര്‍ ജയിലില്‍, പിന്നെ താരതമ്യേന ആഡംബരസൗകര്യങ്ങളുള്ള ഹസാരിബാഗ് സെന്‍ട്രല്‍ ജയില്‍. ഇവിടെ ഒപ്പമുണ്ടായിരുന്നവരില്‍ പ്രമുഖ ദേശീയനേതാക്കളുമുണ്ടായിരുന്നു. ഡോ. രാംമനോഹര്‍ ലോഹ്യയാണ് ഒരാള്‍. ചിന്തകനായ നേതാവ്. ജര്‍മനും ഇംഗ്ലീഷുമെല്ലാം പച്ചവെള്ളം പോലെയാക്കിയ മനുഷ്യന്‍. എന്തുപ്രയോജനം? ഹിന്ദിയേ പറയൂ. അത് അക്കാലത്തെ സോഷ്യലിസ്റ്റുകാരുടെ അസുഖമായിരുന്നു. ലോഹ്യ പറഞ്ഞിരുന്നത് മുന്തിയ ഹിന്ദിയായിരുന്നു. ഒരക്ഷരം ജോര്‍ജിന് മനസിലായില്ല. ജയിലില്‍ ഒരു സുല്‍ത്താനെപ്പോലെ എല്ലാം നോക്കി നടന്നിരുന്നു ലോഹ്യ. പത്രാധിപരെ അകത്താക്കിയ വിവരം അറിഞ്ഞ് ലോഹ്യ എത്തിയിരുന്നു ജോര്‍ജിനെ കാണാന്‍. വലിയ തോതില്‍ സംസാരിക്കാന്‍ കഴിയാതിരുന്നതിലുള്ള സങ്കടം ജോര്‍ജിന് ഇപ്പോഴും തീര്‍ന്നിട്ടില്ല.
ഇനി മമ്മൂട്ടിയുടെ കാര്യം നോക്കാം.

ജയിലില്‍ സെല്ലിന്റെ പിറകില്‍ ഇരുപതടി ഭിത്തിയുടെ പിറകില്‍ സ്ത്രീകളുടെ തടവറയായിരുന്നു. പതിവായി അവിടെനിന്നുള്ള ബഹളവും കരച്ചിലുമെല്ലാം ഇപ്പുറത്തും കേള്‍ക്കുമായിരുന്നു. അതില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നത് ഒരാളുടെ ഗാനാലാപനമാണ്. ഒരു തടവുകാരി പകലുടനീളം മധുരമായി പാടുമായിരുന്നു. എത്രനേരം വേണമെങ്കിലും കേള്‍ക്കാവുന്ന മധുരഗാനം. ആ ഗായികയെ ഒരു നോക്കുകാണാന്‍ പുരുഷതടവുകാര്‍ മുഴുവന്‍ വെമ്പിയിരുന്നു. പലരും അതിനായി സാഹസങ്ങള്‍ക്കുതന്നെ ഒരുമ്പെട്ടു. ഒന്നും ഫലപ്രദമായില്ല.

ബഷീറിന്റെ ‘മതിലുകള്‍’ എന്ന കഥയുടെ കേന്ദ്രബിന്ദു ജയിലും അപ്പുറത്തെ സെല്ലിലെ സ്ത്രീയുമാണല്ലോ. അത് സിനിമയായപ്പോള്‍ അഭിനയിച്ചത് മമ്മൂട്ടി. കഥ വായിച്ചാലൊന്നും അതിന്റെ മൃദുലതയാര്‍ന്ന ഭാവസൗന്ദര്യം പൂര്‍ണമായി ഉള്‍ക്കൊള്ളാനാവില്ല. അത് ജയിലില്‍ നേരിട്ട് അനുഭവിക്കണം. അതനുഭവിച്ചവനാണ് കഥയെഴുതിയ ബഷീറും പിന്നെ ഈ ജോര്‍ജും! അതുകൊണ്ട് മമ്മൂട്ടിക്കല്ല, ജോര്‍ജിനാണ് മതിലുകള്‍ സിനിമയില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നായകസ്ഥാനം നല്‍കേണ്ടിയിരുന്നത്. തന്നെ തഴഞ്ഞത് സംവിധായകന്റെ കൈപ്പിഴയാണ് എന്ന കാര്യത്തില്‍ ജോര്‍ജിന് സംശയമൊട്ടുമില്ല!
എങ്ങനെയുണ്ട്?

 

Leave a Reply

Your email address will not be published. Required fields are marked *

Go Top