കോഴിക്കോട് : വിലപ്പെട്ട മനുഷ്യജീവൻ കൊണ്ട് അവർ ചൂതാട്ടം തുടരുകയാണ്. ഒന്നുമറിയാതെ നടന്നുപോകുന്ന പാവങ്ങളെ പട്ടാപ്പകൽ വെട്ടി ക്കൊല്ലാൻ അവർക്കാർക്കും തെല്ലും വേദനയില്ല. എല്ലാവർക്കും ഒന്നേ വേണ്ടൂ – ഒരു കഴഞ്ച് രാഷ്ട്രീയനേട്ടം.
അറിഞ്ഞുകൊണ്ടുതന്നെ തുടങ്ങിവെച്ച തീക്കളിയാണിത്. നാദാപുരം വാണിമേൽ പ്രദേശങ്ങളുടെ പശ്ചാത്തലം അറിയുന്നവർ, ആദ്യത്തെ തീപ്പൊ രി കണ്ടപ്പോൾതന്നെ മുന്നറിയിപ്പ് നൽകിയതാണ്. അരുത് – തീപ്പൊരി ഊതി കാട്ടുതീയാക്കരുത്. മുന്നറിയിപ്പുകൾ ആരും ചെവിക്കൊണ്ടില്ല. നാദാ പുരത്തിന്റെയും വാണിമേലിന്റേയും നാഡിസ്പന്ദനം അറിയുന്ന ഉത്തരവാദിത്തമുള്ള രാഷ്ട്രീയപ്രവർത്തകർ തന്നെ ഓരോ കൊച്ചു മുറിവും മാന്തിക്കീറി ഉണങ്ങാത്ത മുറിവുകൾ ഉണ്ടാക്കി.
ഈ പ്രദേശത്തിന്റെ സാമൂഹ്യ വികാസത്തിനും വർഗബന്ധങ്ങൾക്കും കേരളത്തിൽ വേറെങ്ങും കാണാത്ത പ്രത്യേകതകളുണ്ട്. ഇന്നത്തെ സാമൂഹ്യ സംഘർഷത്തിന് ആഴത്തിലുള്ള വേരുകളുണ്ട്. ഈ വേരുകൾ തേടുന്നത് സംഘർഷത്തിന് ചരിത്രപരമായ ന്യായീകരണം കണ്ടെത്താനാവരുത്. സംഘർഷത്തിന് എന്നെന്നേക്കുമുള്ള പരിഹാരം തേടാനായിരിക്കണം.
സമ്പന്നരായ ഫ്യൂഡൽ പ്രഭുക്കന്മാരുടെ കീഴിൽ സദാ പീഡിപ്പിക്കപ്പെട്ടും ചൂഷണം ചെയ്യപ്പെട്ടും ജീവിക്കുന്ന അടിമതുല്യരായ കർഷകത്തൊഴിലാ ളികൾ അര നൂറ്റാണ്ടു മുമ്പ് കേരളത്തിൽ എങ്ങുമുണ്ടായിരുന്നു. സവർണ ഹിന്ദുക്കളായിരുന്നു ഭൂപ്രഭുക്കൾ. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് ഭൂപ്ര ഭുക്കളുടെ സമീപനം എല്ലായിടത്തും മാറി. തീണ്ടലും തൊട്ടുകൂടായ്മയും അടിമപ്പണിയും ക്രമേണയെങ്കിലും അപ്രത്യക്ഷമായി.
ഈ പ്രദേശത്തിന്റെ പ്രത്യേകത, സവർണ ഹിന്ദുക്കളുടെ സ്ഥാനത്ത് ഭൂപ്രഭുക്കൾ മുസ്ലിങ്ങളായിരുന്നു എന്നതാണ്. ആദ്യകാലത്ത് ഇത് സാമൂഹ്യബന്ധം സുദൃഢമാക്കാനാണ് സഹായിച്ചത്. കാരണം സവർണ ഹിന്ദുക്കളിൽ നിന്ന് വ്യത്യാസമായി മുസ്ലീങ്ങൾ തീണ്ടലും തൊടീലും ആചരിച്ചിരുന്നില്ല. ഭൂനിയമപരിഷ്ക്കാരങ്ങളോടെ മറ്റിടങ്ങളിലെല്ലാം ഭൂപ്രഭുത്വം അവസാനിച്ചു. പക്ഷേ, കൃഷിയിലെന്നപോലെ വ്യാപാരത്തിലും മുൻപന്തിയിലായിരുന്ന മുസ്ലിങ്ങൾക്ക് സാമൂഹ്യമായ ഉന്നതാവസ്ഥ നിലനിർത്താൻ കഴിഞ്ഞു. മറ്റിടങ്ങളിൽനിന്ന് വ്യത്യസ്തമായി, മതപരമായ വിഭജനരേഖയും വർഗപരമായ വിഭജനരേഖയും ഇവിടെ ഒന്നു തന്നെയായത് ചരിത്രത്തിലെ ഒരു യാദൃച്ഛികത മാത്രമായിരുന്നു. അടിമതുല്യമായിരുന്ന കർഷകത്തൊഴിലാളികളിൽ ആത്മാഭിമാനവും അവകാശബോധവും സൃഷ്ടിക്കാനുള്ള രാഷ്ട്രീയപ്രവർത്തനം സാമൂഹ്യമായ സംഘർഷമുണ്ടാക്കിയത് സ്വാഭാവികം മാത്രം. നിസ്സാരമെന്ന് പുറത്തുള്ളവർക്ക് തോന്നാവുന്ന പ്രശ്നങ്ങൾ പോലും സംഘർഷത്തിന് ആധാരമായി. ഭൂവുടമകൾ തൊഴിലാളി സ്ത്രീകളെ ‘പെണ്ണ് ‘ എന്നും പുരുഷന്മാരെ “ചെക്കൻ’ എന്നും അഭിസംബോധന ചെയ്യുന്നതിന്നെതിരെ നടന്ന സമരത്തിന് പോലും അന്ന് പ്രസക്തിയുണ്ടായിരുന്നു.
ഒരു കൊലപാതകത്തിനെത്തുടർന്നുണ്ടായ ഏറ്റുമുട്ടലുകൾക്ക് ഒത്തുതീർപ്പുണ്ടാക്കിയപ്പോൾ ഒരു വ്യവസ്ഥ, ഈ അഭിസംബോധനാ രീതി അവസാനിപ്പിച്ചു എന്നതായിരുന്നു. രണ്ടു വർഗങ്ങൾക്ക് രണ്ട് രാഷ്ട്രീയകക്ഷികളുടെ പിൻബലമുണ്ടായി. കർഷകത്തൊഴിലാളി പ്രസ്ഥാനത്തിലൂടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നെടുംതൂണായി തീർന്നത് ഈ പ്രദേശത്ത് ഈഴവരാണ്. മറുവശത്ത് ഭൂപ്രഭുക്കൾ മുസ്ലിംലീഗിലും സംഘടിച്ചു. ഇതിലപ്പുറം ഈ സംഘർഷത്തിന് പിന്നിൽ മതത്തിന്റെ താല്പര്യങ്ങൾ ഒന്നും തന്നെയില്ല. മതം, സമ്പത്ത്, രാഷ്ട്രീയാധികാരം എന്നിവ ഒരു വശത്തും ജാതി, വർഗസമര തത്വശാസ്ത്രം, സംഘടിത ശക്തി എന്നിവ മറുവശത്തും അണിനിരന്നപ്പോൾ ഏറ്റുമുട്ടലിൽ ഏറെ രക്തമൊഴുക്കപ്പെട്ടു. സ്വത്ത്, തർക്കം, കൂലിത്തർക്കം എന്നിവ തുടങ്ങി കൊച്ചുപ്രേമബന്ധങ്ങൾക്കുപോലും രാഷ്ട്രീയത്തിന്റെയും വർഗീയത്തിന്റെയും ചുവയുണ്ടായത് സംഘർഷത്തിന്റെ കനലുകൾ അണയാതെ നിലനിർത്തി.
പൊട്ടിത്തെറിക്കാത്ത, എന്നാൽ എപ്പോഴും പുകയുന്ന അഗ്നിപർവതത്തിന്റെ മുകളിൽ നിന്നുകൊണ്ടാണ് നാദാപുരം- വാണിമേൽ പ്രദേശത്ത് രാഷ്ട്രീയപ്രവർത്തനം നടന്നുപോന്നത്. കർഷകത്തൊഴിലാളികളുടെ അവകാശ സമരങ്ങളെ തേങ്ങ മോഷണം മാത്രമായി നോക്കിക്കണ്ട കർഷകരും, സമരത്തെ തേങ്ങാമോഷണം തന്നെയായി അധഃപതിപ്പിച്ച രാഷ്ട്രീയനേതൃത്വവുമായിരുന്നു ഈ പ്രദേശത്ത്. നിസ്സാര പ്രകോപനം മതി അന്യന്റെ കൃഷിയിടത്തിലെ വാഴയും തെങ്ങും വെട്ടി നശിപ്പിക്കാൻ. അങ്ങോട്ടും ഇങ്ങോട്ടും വെട്ടിക്കൊല എത്രയോ വർഷമായി നടക്കുന്നു.
സാമൂഹ്യ സംഘർഷത്തെ മൂർഛിപ്പിച്ച് നിലനിർത്തേണ്ടത് രാഷ്ട്രീയ പ്രവർത്തകരുടെ ഒരാവശ്യമാണ്. ലവലേശം ദൂരക്കാഴ്ചയില്ലാത്ത നേതൃത്വങ്ങ ളാണ് നാദാപുരത്തും പരിസരത്തും ഇന്നത്തെ അവസ്ഥ സൃഷ്ടിച്ചത്. സപ്തംബർ 17-ാം തീയതി എ. കണാരൻ എം. എൽ. എ. ആക്രമിക്കപ്പെട്ട സംഭവം മുതൽ ഇന്നോളമുള്ള ഓരോ സംഭവത്തിന് പിന്നിലും തരം താഴ്ന്ന രാഷ്ട്രീയ മുതലെടുപ്പിന്റെ കറുത്ത കൈകൾ കാണാം.
എ. കണാരൻ ആക്രമിക്കപ്പെട്ടത് ഒരു ആകസ്മിക സംഭവമായിരുന്നു. മുസ്ലിം ലീഗിന്റെ വലിയ പ്രകടനം ഉണ്ടെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് എം. എൽ. എ. യുടെ കാർ ആ വഴിക്ക് പോയത്. ഒരു പക്ഷേ, തന്നെ ആക്രമിക്കില്ലെന്ന് അദ്ദേഹം കരുതിയിരിക്കാം. പരിക്ക് നിസ്സാരമായിരുന്നു. പ ക്ഷേ, മുതലെടുക്കാൻ തന്നെയായിരുന്നു കേരളം ഭരിക്കുന്ന കക്ഷിയുടെ തീരുമാനം. കണാരൻ അത്യാസന്ന നിലയിലാണെന്ന മൈക്ക് പ്രചരണമാണ് അക മസംഭവങ്ങളുടെ ആദ്യത്തെ വേലിയേറ്റം സൃഷ്ടിച്ചതെന്ന് ആരും സമ്മതിക്കും. 17-ാം തീയതി രാത്രിയും 18-ാം തീയതിയും വ്യാപകമായുണ്ടായ അക്രമങ്ങൾ പൊലീസ് നിഷ്പക്ഷമായി കൈകാര്യം ചെയ്തിരുന്നുവെങ്കിൽ പ്രശ്നങ്ങൾ തീരുമായിരുന്നു. അക്രമികളെ സംരക്ഷിക്കാനായിരുന്നു ഭരണനേതൃത്വത്തിന്റെ വ്യഗ്രത. അതിനിടെ, വെട്ടേറ്റ മുസ്ലിംലീഗുകാരൻ മരിച്ചു. പത്തു ദിവസം കഴിഞ്ഞായിരുന്നു മരണം. മരിച്ചു എന്നറിഞ്ഞപ്പോൾ മാത്രമാണ് പ്രതികളെ പിടികൂടിയതെന്നതും വസ്തുതയാണ്. സംഘട്ടനങ്ങൾ പടരുമെന്നും സ്ഥിതി നിയന്ത്രണാതീതമാകുമെന്നും അറിഞ്ഞുകൊണ്ട് തന്നെയാണ് മുസ്ലിം ലീഗ് സമാധാനസമ്മേളനങ്ങളിൽനിന്ന് മാറിനിന്നത്. അതിനിടെ പതിനായിരങ്ങൾ പങ്കെടുത്ത ഡി.ഐ.ജി. ഓഫീസ് മാർച്ച് പൊലീസിന്റെ പിടിപ്പുകേടുകൊണ്ടുമാത്രം അക്രമത്തിലെത്തി. രണ്ടു ദിവസം മുമ്പെങ്കിലും മാർക്സിസ്റ്റ് നേതൃത്വത്തിന് യാഥാർഥ്യബോധമുണ്ടായി. മൂന്നു മന്ത്രിമാർ ലീഗ് നേതൃത്വവുമായി ചർച്ച നടത്തി. നാദാപുരത്ത് മന്ത്രിമാർ പര്യടനം നടത്തി. മുസ്ലിം ലീഗ് ചില ഡിമാൻഡുകൾ മന്ത്രിമാരുടെ മുന്നിൽ വെച്ചിരിക്കയാണ്. ഡിമാൻഡുകൾ എന്തൊക്കെയെന്ന് മന്ത്രിമാരും നേതാക്കളും മാത്രമേ അറിയൂ. ഡിമാൻഡുകളെക്കുറിച്ചുള്ള പ്രതികരണം അറിയാൻ കാത്തിരിക്കുകയാണ് ലീഗ് നേതാക്കൾ. അറിഞ്ഞിട്ടാവാം സമാധാനമുണ്ടാക്കൽ എന്നതാണ് അവരുടെ നിലപാട്. മന്ത്രിമാരുമായി ചർച്ച ചെയ്ത ശേഷം പോലും, അക്രമം നിർത്താൻ കോൺഗ്രസ്സ് ഐ- മുസ്ലിം ലീഗ് നേതൃത്വം ആഹ്വാനം ചെയ്തിട്ടില്ല എന്നോർക്കണം. മാർക്സിസ്റ്റ് നേതൃത്വം ആഹ്വാനം നൽകി. പക്ഷേ ആക്രമണം നിർത്തിയില്ല. രണ്ടു പക്ഷവും മനുഷ്യജീവൻ കൊണ്ട് അത്യപായകരമായ ചൂതാട്ടത്തിൽ ഏർപ്പെട്ടിരിക്കുകയാണ്.
(25 ഒക്ടോബർ 1988 മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചത്)