എന്തുകൊണ്ടാരും നേതൃമാറ്റം ആവശ്യപ്പെടുന്നില്ല ?

എൻ.പി.രാജേന്ദ്രൻ

നാല് വര്‍ഷം പിന്നിട്ട യു.ഡി.എഫ് മന്ത്രിസഭയുടെ നില പരിതാപകരമാണ് എന്ന് പറയുവാന്‍ കൂടുതല്‍ തെളിവുകളൊന്നും വേണ്ട. നാല് വര്‍ഷത്തിനിടയില്‍ മന്ത്രിസഭക്കും മുന്നണിക്കും ഇത്രയും ജനവിശ്വാസം നഷ്ടപ്പെട്ട സന്ദര്‍ഭം ഉണ്ടായിട്ടില്ലെന്ന് മുന്നണി നേതൃത്വത്തിന് തന്നെ അറിയാം. നാലാം വാര്‍ഷികം ആഘോഷിക്കാനുള്ള മാനസികാവസ്ഥയൊന്നും മുന്നണിയുടെ നേതൃത്വത്തിലോ അണികളിലോ ഇല്ല. പക്ഷേ, അതുതുറന്ന് പറഞ്ഞ് വീട്ടിലിരിക്കാന്‍ അവര്‍ക്കാവില്ല. ആഘോഷിക്കുന്നുണ്ടെന്ന് അഭിനയിക്കാനെങ്കിലും അവര്‍ ബാധ്യസ്ഥരാണ്. കാരണം, ഇത് അവരുടെ നിലനില്‍പ്പിന്റെ കൂടി പ്രശ്‌നമാണ്.

നാലാം വര്‍ഷാവസാനം പെട്ടന്നെന്തെങ്കിലും സംഭവിച്ചതാണോ ഭരണം അത്യാസന്ന നിലയിലാവാന്‍ കാരണം ? ഇല്ല, പെട്ടെന്ന് ഒന്നും സംഭവിച്ചിട്ടില്ല. എല്ലാം കഴിഞ്ഞ രണ്ട് വര്‍ഷമായി ക്രമാനുഗതമായി വളര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. മുന്നണി നേതൃത്വത്തിന്റെയും ഭരണത്തിന്റെയും പ്രവര്‍ത്തനം തുടക്കം മുതല്‍ ഇന്നത്തെ ശൈലിയില്‍ തന്നെയായിരുന്നു. പഴയ യു.ഡി.എഫ് മന്ത്രിസഭകളില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ ഇടയ്ക്ക് വെച്ച് പാര്‍ട്ടികള്‍ അവരുടെ മന്ത്രിമാരെ മാറ്റിയിട്ടില്ല.  സ്വന്തം വ്യക്തിപര വീഴ്ചകളുടെ പേരില്‍ ഗണേഷ് കുമാര്‍ സ്ഥാനമൊഴിഞ്ഞത് മാറ്റിവച്ചാല്‍ ഏതാണ്ട് തുടങ്ങിയ നാളുകളില്‍ ഉണ്ടായിരുന്ന മന്ത്രിമാര്‍തന്നെയാണ് ഇപ്പോഴും സ്ഥാനങ്ങളിലിരിക്കുന്നത്. കോണ്‍ഗ്രസ് അതിന്റെ മന്ത്രിമാരെ മാറ്റിയില്ല എന്നത് ഒരു റെക്കോഡ് ആവാനും സാധ്യതയുണ്ട്. ഒന്നുകൂടി, കോണ്‍ഗ്രസ്സില്‍ തമ്മിലടിയെകുറിച്ച് എത്രയൊക്കെ വാര്‍ത്താ തലവാചകങ്ങളും ചാനല്‍ ചര്‍ച്ചകളും ഉണ്ടെങ്കിലും പാര്‍ട്ടി നേതൃത്വം മുന്‍കാലത്തൊന്നുമില്ലാത്ത അത്ര ഐക്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടാം നില നേതാക്കള്‍ക്കിടയിലാണ് ശണ്ഠയും കലഹവുമൊക്കെ നടക്കുന്നത്. മൂന്ന് സമുന്നത നേതാക്കള്‍ വ്യത്യസ്ത ഗ്രൂപ്പുകാരൊക്കെ ആണെങ്കിലും അവര്‍ക്കിടയില്‍ ഒരു വര്‍ക്കിങ്ങ് അറേന്‍ജ്‌മെന്റും മിനിമം ധാരണയും നിലനില്‍ക്കുന്നതായി കാണാം. പിന്നെയെവിടെയാണ് പിഴച്ചത് ?

നാല് വര്‍ഷം തികയുന്നതിന് മുമ്പ് മുഖ്യമന്ത്രിയെ മാറ്റിയിട്ടുണ്ട് ഇതിന് മുമ്പ് മൂന്ന് തവണ ഭരിച്ച യു.ഡി.എഫ് മന്ത്രിസഭയിലും. 1982-87 കാലത്തെ കരുണാകരന്‍ മന്ത്രിസഭ മാത്രമാണ് ഒടുവില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ യു.ഡി.എഫ് മന്ത്രിസഭ. ഈ മന്ത്രിസഭയില്‍തന്നെ ഒമ്പത് മന്ത്രിമാര്‍ ഇടയ്ക്ക് വെച്ച് രാജിവെക്കേണ്ടിവന്നിട്ടുണ്ട്.  1991 ജൂണില്‍ സ്ഥാനമേറ്റ കെ.കരുണാകരന്‍ മന്ത്രിസഭയെ എങ്ങനെ തകര്‍ത്തു എന്നത് ചരിത്രമാണ്. പ്രതിഛായാവിവാദവും ശൈലിമാറ്റ വിവാദവും നേതൃമാറ്റവിവാദവുമെല്ലാമായി നിരന്തരം വാര്‍ത്ത സൃഷ്ടിച്ചുകൊണ്ടിരുന്നു ആ നേതൃത്വം. നേതൃമാറ്റം പരസ്യമായി ആവശ്യപ്പെട്ടുകൊണ്ടിരുന്നു ഒരു വിഭാഗം. ഇന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്നൊരു പക്ഷത്തിന്റെ നേതാവായി കെ.കരുണാകരനെ ഇറക്കാന്‍ രംഗത്തുണ്ടായിരുന്നു. അടുത്ത തവണ സ്ഥാനമേറ്റ എ.കെ.ആന്റണി മന്ത്രിസഭ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ വന്‍ പരാജയത്തെ തുടര്‍ന്നാണ് രാജിവെച്ചതെന്ന് പറയാമെങ്കിലും നേതൃമാറ്റഡിമാന്‍ഡ് ഉള്ളറകളില്‍ പുകയുന്നുണ്ടെന്ന് തിരിച്ചറിഞ്ഞാണ് അദ്ദേഹം  രാജി വെച്ചതെന്ന് കരുതുന്നവര്‍ ഏറെയുണ്ട്.

ഇത്തവണ പക്ഷേ ഈ പ്രശ്‌നങ്ങളൊന്നുമില്ല. ആരും നേതൃമാറ്റം ആവശ്യപ്പെടുന്നില്ല. പ്രതിച്ഛായ തകര്‍ന്നതായി ഒരു പരാമര്‍ശം പോലുമില്ല. ശൈലീമാറ്റത്തെ കുറിച്ച് ആരും ഒന്നും പറയുന്നുപോലുമില്ല.

വാസ്തവത്തില്‍, ഭരണത്തിന്റെ, ഭരണനേതൃത്വത്തിന്റെ ശൈലി തന്നെയാണ് ഈ മന്ത്രിസഭയെ ഈ അവസ്ഥയിലെത്തിച്ചിരിക്കുന്നത്. എന്നിട്ടും ആരും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെടുന്നില്ല. ഒരു മന്ത്രി പോലും, അടുത്ത നാള്‍വരെ ഒരു ഘടകകക്ഷിപോലും മുഖ്യമന്ത്രിയില്‍ അതൃപ്തിയോ എതിര്‍പ്പോ പ്രകടിപ്പിച്ച് കണ്ടില്ല. എല്ലാവര്‍ക്കും എല്ലാം അനുവദിച്ച് എല്ലാറ്റിനും കൂട്ടുനിന്ന്,  എല്ലാവരെയും സംരക്ഷിച്ച് ഭരിച്ചാല്‍ എല്ലാവരുടെയും പിന്തുണ എക്കാലത്തേക്കും നിലനിര്‍ത്താമെന്ന വിശ്വാസത്തിലാണ് മുഖ്യമന്ത്രി മുന്നോട്ട് പോകുന്നത്. മുഖ്യമന്ത്രിയുടെ വിശ്വാസം ശരിയാണ്, എക്കാലവും മന്ത്രിസഭയും നിലനിര്‍ത്താനാവും എന്ന് നിരീക്ഷകര്‍പോലും ധരിച്ചുതുടങ്ങിയപ്പോഴാണ് എല്ലാം കീഴ്‌മേല്‍ മറിഞ്ഞത്. മുഖ്യമന്ത്രിയുടെ രാജി ആരും ആവശ്യപ്പെടാത്തതിന് കാരണം, ഇപ്പോഴും എ.കെ.ആന്റണി ഉമ്മന്‍ചാണ്ടിയെ മനസ്സ് കൊണ്ട് തള്ളിപ്പറഞ്ഞിട്ടില്ല, അതുകൊണ്ടുതന്നെ ഹൈക്കമാന്‍ഡില്‍നിന്ന് വേറൊരു മുഖ്യമന്ത്രിയുടെ പേര് സമ്മതിപ്പിക്കാന്‍ പ്രയാസമുണ്ട് എന്നതുകൊണ്ട് മാത്രമാവണം. മന്ത്രിസഭയെ നിലനിര്‍ത്തുന്നത് മുഖ്യമന്ത്രിയുടെ ശൈലിയാണ് എന്ന് സമ്മതിപ്പിക്കുമ്പോള്‍തന്നെ മന്ത്രിസഭയ്ക്ക് ഉണ്ടായ ചീത്തപ്പേരിനുമുഴുവന്‍ ഉത്തരവാദിത്തവും ഉമ്മന്‍ ചാണ്ടിയുടെ നേതൃശൈലിക്കല്ലേ എന്ന് ചോദിച്ചേ തീരൂ.

ഭരണമുന്നണിയിലെ പാര്‍ട്ടികളെ നിലനിര്‍ത്തുന്നത് അതത് പാര്‍ട്ടിയുടെ മന്ത്രിമാര്‍ അനധികൃതമായി സമാഹരിക്കുന്ന പണം ഉപയോഗിച്ചാണെന്ന് രാഷ്ട്രീയ പാര്‍ട്ടികളുടെ ശൈലി അറിയുന്നവര്‍ക്കെല്ലാം അറിയാം. ഉദ്യോഗസ്ഥന്മാര്‍ക്ക് നികുതി പിരിക്കാന്‍ ക്വാട്ട ഉള്ളതുപോലെ മന്ത്രിമാര്‍ക്കും പാര്‍ട്ടി നല്‍കുന്ന ക്വാട്ടയുണ്ട്. ഇത് അനുസരിച്ച് പണം പിരിക്കാത്ത എത്ര മന്ത്രിമാര്‍ ഉണ്ടാകും കേരളത്തില്‍ ?  കോണ്‍ഗ്രസ്സുകാര്‍ക്കാണെങ്കില്‍ ഗ്രൂപ്പിന് വേണ്ടിയും പണം പിരിക്കണം. പാര്‍ട്ടി നേരിടുന്ന നൂറുനൂറ് പുറത്തുപറയാന്‍ കൊള്ളാത്ത ആവശ്യങ്ങളുണ്ട്. പണം ശേഖരിച്ച് എത്തിക്കാന്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് ക്വാട്ട നല്‍കുന്ന മന്ത്രിമാര്‍ നിരവധി കാണും. കമ്മീഷന്‍ വാങ്ങാന്‍ കിട്ടുന്ന ഏത് അവസരവും ഉപയോഗിക്കുന്നവരാണ് മിക്ക മന്ത്രിമാരും. അത് സ്വന്തം പോക്കറ്റിലേക്കാണോ അല്ല പാര്‍ട്ടിയുടെ ഫണ്ടിലേക്കാണോ പോകുന്നത് എന്നത് പൊതുജനത്തെ ബാധിക്കുന്ന കാര്യമല്ല. രണ്ടായാലും അഴിമതി തന്നെ.

ഓരോരുത്തര്‍ക്കും ലഭിച്ച വകുപ്പുകള്‍ സാമ്രാജ്യംപോലെ കൊണ്ടുനടക്കാനും ആകാവുന്നത്ര സംഭരിക്കാനും കണ്ണടച്ച് അനുമതി നല്‍കുന്ന മുഖ്യമന്ത്രിയെ ആണ് മന്ത്രിമാര്‍ക്കും ഘടകകക്ഷികള്‍ക്കും ഇഷ്ടം. മന്ത്രിയുണ്ടാക്കുന്ന പണത്തിന് ഓഹരി ചോദിക്കാതെ, എന്ത് കണ്ടില്ലെന്ന് നടിക്കുന്ന മന്ത്രിസഭാനേതൃത്വം ഉണ്ടെങ്കില്‍ ആര്‍ക്കാണ് നേതൃത്വം മാറണമെന്ന തോന്നലുണ്ടാവുക ?  ഇപ്പോള്‍ ആര്‍ക്കും നേതൃമാറ്റം വേണ്ട. നേതൃമാറ്റം ആവശ്യപ്പെട്ടാല്‍ പകരം ആരുവരും എന്ന് ഉറപ്പിക്കാനാവില്ലല്ലോ. ഗ്രൂപ്പ് അല്ല പ്രശ്‌നം. ‘അപകടകാരി”കളായ ആരെങ്കിലും മുഖ്യമന്ത്രിയായാലോ ?

മുഖ്യമന്ത്രിയുടെ ശൈലിയാണ് ഭരണത്തെ നിലനിര്‍ത്തിയതുഎന്നതുപോലെ, ഭരണത്തിന്റെ അഴിമതി പാരമ്യത്തിലെത്തിച്ചതും അതാണ്. സമീപകാലത്ത് ഭരണത്തിന്റെ കടുത്ത പേരുദോഷമുണ്ടാക്കിയ എല്ലാ അഴിമതികളും മൂല്യബോധമുള്ള ഒരു ഭരണാധികാരിക്ക് അതിന്റെ ആദ്യഘട്ടത്തില്‍തന്നെ തടയാവുന്നയായിരുന്നു. ബാര്‍ ആകട്ടെ, സോളാര്‍ ആകട്ടെ ഒന്നും മുഖ്യമന്ത്രി അറിയാതെ പോയതുകൊണ്ട് സംഭവിച്ചതല്ല. സോളാര്‍ വിവാദത്തിന്റെ ആദ്യഘട്ടംമുതല്‍ ഓരോ സംഭവവും മുഖ്യമന്ത്രി അറിഞ്ഞിരുന്നു എന്നതിന് തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. മുഖ്യമന്ത്രി പങ്കുപറ്റി ആസൂത്രണം ചെയ്തതാണ് സോളാര്‍ അഴിമതി എന്ന് വിശ്വസിക്കാന്‍ ഇപ്പോഴും തെളിവുകള്‍ ഇല്ലെങ്കിലും അനാശാസ്യമായ കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിച്ചതാണ് അതിത്രയും നാണംകെട്ട അഴിമതിയായി വളരാന്‍ കാരണമെന്ന് വ്യക്തം. ബാര്‍ പ്രശ്‌നവും കോഴയും ഉണ്ടായത് മന്ത്രിസഭാതലത്തില്‍ ദുരുദ്ദേശത്തോടെ എടുത്ത തീരുമാനങ്ങളുടെ ഫലമാണ് എന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം അറിയാം. കറവപ്പശുവായ ബാറുകളില്‍നിന്ന് അങ്ങേയറ്റം വരെ കറക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നം. പശുവിന്റെ അകിട് ഒരു പരിധിക്കപ്പുറം കറന്നാല്‍ പാലല്ല, ചോരയാണ് വരിക. ആ ചോരയാണ് ഇന്ന്  യു.ഡി.എഫിന്റെ ഏറ്റവും വലിയ ഭീഷണി.

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നേരിട്ടതിന്റെ പാതി വിവാദങ്ങളും ആക്ഷേപങ്ങളും ആരോപണങ്ങളും നേരിടേണ്ടി വന്നാല്‍ ഏത് മന്ത്രിസഭയും താഴെപ്പോകും.മുഖ്യമന്ത്രി ഒരു പക്ഷേ, സ്വന്തം ലാഭത്തിന് ഒന്നും ചെയ്തിട്ടില്ലായിരിക്കാം. മറ്റുള്ളവര്‍ക്ക് എപ്പോഴും കഞ്ഞിവെച്ചുകൊണ്ടിരിക്കുന്ന ആള്‍ക്ക് അവരില്‍നിന്ന് ഭീഷണി ഉണ്ടാവില്ലല്ലോ. കേരളത്തിലും ഇപ്പോഴും ഭരണമാറ്റം, നേതൃമാറ്റം ഒരു വിഷയമേ അല്ലാത്തതിന് വേറെ കാരണമൊന്നും കാണുന്നില്ല.

പക്ഷേ, ഇത് അധികം ഇതേ പോലെ പോകണമെന്നില്ല. ഒരുഘട്ടം കഴിഞ്ഞാല്‍ ഘടകകക്ഷികളും കോണ്‍ഗ്രസ്സിന്റെ ഘടകഗ്രൂപ്പുകളും സ്വന്തം നിലനില്‍പ്പാണ് പ്രധാനം എന്ന് തിരിച്ചറിയും. അടുത്ത തിരഞ്ഞെടുപ്പില്‍ തോറ്റ് തുന്നം പാടുമെന്ന് തോന്നിയാല്‍ അവര്‍ ലൈന്‍ മാറ്റും. ആരെ മുന്നില്‍ നിര്‍ത്തിയാലാണ് കൂടുതല്‍ വോട്ട് കിട്ടുക ? സീറ്റ് കിട്ടുക ?  ഉമ്മന്‍ ചാണ്ടിക്ക് രണ്ട് ബദലുകളുണ്ട്. ഇപ്പോഴേ നേതൃമാറ്റം തീരുമാനിച്ചാല്‍ നേതൃത്വം രമേശ് ചെന്നിത്തലയിലേക്കേ മാറൂ. കാരണം അദ്ദേഹം ബുദ്ധിപൂര്‍വം, കെ.പി.സി.സി. പ്രസിഡന്റായിരിക്കുമ്പോള്‍തന്നെ എം.എല്‍.എ ആയി. വേറൊരു പേര് വരില്ല. വി.എം. സുധീരന്‍ മുഖ്യമന്ത്രിയായി ആറുമാസത്തിനകം നിയമസഭ പിരിച്ചുവിടുന്നില്ലെങ്കില്‍ അദ്ദേഹം എം.എല്‍.എ ആകാന്‍ മത്സരിക്കേണ്ടി വരും. ഇനി ആറുമാസം കഴിഞ്ഞാലേ നേതൃമാറ്റം തീരുമാനിക്കുന്നുള്ളൂ എങ്കില്‍ പൊതുജനങ്ങള്‍ക്കിടയില്‍ ഇപ്പോഴും നല്ല പ്രതിച്ഛായ ഉള്ള വി.എം. സുധീരന്‍ തന്നെയാവും മികച്ച മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥി. ഇടതുമുന്നണിയുടെ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയാകുന്നത് പിണറായി വിജയനായിരിക്കുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കേ സുധീരന്‍ ആയിരിക്കും യു.ഡി.എഫിന്റെ ട്രംപ് കാര്‍ഡ്. സുധീരനെക്കൊണ്ട് വേറെ പല  ഉപദ്രവങ്ങളുമുണ്ടെന്ന് ഘടകകക്ഷികള്‍ക്ക് അറിയായ്കയല്ല. അതുപക്ഷേ വരുന്നേടത്ത് വെച്ച് കാണുകയേ നിവൃത്തിയുള്ളൂ.

ഉമ്മന്‍ ചാണ്ടി പറഞ്ഞതുതന്നെയാണ് കാര്യം. മന്ത്രിസഭ നിലനില്‍ക്കും. ഉമ്മന്‍ ചാണ്ടി നിലനില്‍ക്കുമോ എന്നുറപ്പില്ല. ഇപ്പോഴെന്ന പോലെ തിരഞ്ഞെടുപ്പിലും പിണറായി വിജയന്‍ ആവും ‘ ഈ വീടിന്റെ രക്ഷകന്‍’. അദ്ദേഹം മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആകും എന്നതാവും യു.ഡി.എഫിന്റെ ഏക പ്രതീക്ഷ. ഒരു പക്ഷേ ജനതാദള്‍, ആര്‍.എസ്.പി. കക്ഷികളെ യു.ഡി.എഫില്‍ നിലനിര്‍ത്തുന്നതും അതാവും. ഉറച്ച ഉറപ്പുകള്‍ ഒന്നും കിട്ടാതെ അവര്‍ക്ക്  മറുകണ്ടം ചാടാന്‍ ഒക്കില്ലല്ലോ.

( സൗത്ത്‌ലൈവ് വെബ്ബ് മാഗസീന്‍  2015 മെയ് 20 ന് പ്രസിദ്ധപ്പെടുത്തിയത് )

Leave a Reply

Your email address will not be published. Required fields are marked *

Go Top