മുസ്ലിം ലീഗ് പാര്‍ട്ടിയുടെ എല്ലാമെല്ലാമായിരുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്ക് മനോവിഷമമുണ്ടാക്കിയ തീരുമാനം ഇതാ വീണ്ടും. ഇത്തവണയും മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി സാമ്പത്തിക ശേഷി കൊണ്ട് മാത്രം മുസ്ലിംലീഗിന്റെ തലപ്പത്ത് എത്തിയ പി.വി.അബ്ദുല്‍ വഹാബാണ്. പാര്‍ട്ടിക്കുള്ളില്‍ പതിവിന് വിപരീതമായി ഇതേച്ചൊല്ലി ഏറെ ചര്‍ച്ചകളും വിവാദങ്ങളും മുന്‍കൂട്ടിത്തന്നെ നടന്നു. വഹാബിനെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കുന്നതിന് എതിരെ പരേതനായ ശിഹാബ് തങ്ങളുടെ മകന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇടുക കൂടി ചെയ്തതോടെ വഹാബിന്റെ സ്ഥാനാര്‍ത്ഥിത്വം അസാധ്യം എന്ന് എല്ലാവര്‍ക്കും തോന്നിയിരുന്നുവെങ്കിലും പ്രഖ്യാപനം വന്നപ്പോള്‍ സ്ഥാനാര്‍ത്ഥി വഹാബ് തന്നെ. പണത്തിന് മുകളില്‍ പരുന്തും പറക്കില്ലെന്ന് പണ്ടേ പറഞ്ഞതാണല്ലോ. മുനവ്വറലിയും കെ.പി.എ.മജീദും മാത്രമല്ല, പി.കെ.കുഞ്ഞാലിക്കുട്ടിയും പറന്നില്ല.
വഹാബ് സ്ഥാനാര്‍ത്ഥിയായി എന്നത് വാസ്തവത്തില്‍ ഇത്തവണ ആരെയും അത്ഭുതപ്പെടുത്തേണ്ടതല്ല. അദ്ദേഹമിപ്പോള്‍ പാര്‍ട്ടിയുടെ സംസ്ഥാന സിക്രട്ടറിയാണ്. ആറുവര്‍ഷം രാജ്യസഭാംഗമായിട്ട് അദ്ദേഹം ചെയ്ത സേവനങ്ങള്‍ പാര്‍ട്ടി വിലയിരുത്തിയിരിക്കാം. ജനങ്ങള്‍ വോട്ട് ചെയ്തല്ല രാജ്യസഭാംഗത്തെ തിരഞ്ഞെടുക്കുന്നത്. അതുകൊണ്ട് സേവനം എന്ത് എന്ന് ജനങ്ങള്‍ അന്വേഷിക്കേണ്ട കാര്യമില്ല, അന്വേഷിച്ചിട്ടും കാര്യമില്ല. പാര്‍ട്ടികള്‍, പ്രത്യേകിച്ചും മുസ്ലിം ലീഗ് അത്തരം കാര്യങ്ങളെ കുറിച്ചൊന്നും വേവലാതിപ്പെടാറില്ല. കേരളത്തില്‍ നിന്ന് ഏറ്റവും കൂടിയ കാലം രാജ്യസഭാംഗമായിരുന്നത് ആരാണ് എന്ന് ചോദിച്ചാല്‍ ഒരു പക്ഷേ മുസ്ലിംലീഗുകാര്‍ എളുപ്പം ഉത്തരം പറയുമായിരിക്കാം. ബി.വി.അബ്ദുല്ലക്കോയ എന്ന മുസ്ലിംലീഗ് നേതാവ് മുപ്പത് വര്‍ഷത്തോളം – 1962 മുതല്‍ 1998 വരെ- രാജ്യസഭാംഗമായിരുന്നു. രാഷ്ട്രീയമായ അദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ച് വലിയ പുസ്തകം ഒരുപക്ഷേ എഴുതപ്പെട്ടേക്കാം. പക്ഷേ, അദ്ദേഹത്തിന്റെ പാര്‍ലമെന്ററി സേവനത്തെ കുറിച്ച് കാല്‍പേജ് എഴുതുവാന്‍ പറ്റുമായിരുന്നില്ല. അതൊന്നും ഗൗനിക്കാതെയാണ് പാര്‍ട്ടി അദ്ദേഹത്തെ തുടര്‍ച്ചയായി അഞ്ചുവട്ടം രാജ്യസഭാംഗമാക്കിയത്. അങ്ങനെ അഞ്ചുവട്ടം ആയ ഏഴുപേരേ ഇന്ത്യയിലുള്ളൂ. ഭുപേശ് ഗുപ്തയും സീതാറാം കേസരിയും രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കും ഒപ്പമാണ് നമ്മുടെ അബ്ദുല്ലക്കോയയും ഈ ബഹുമതിക്ക് അര്‍ഹനായത് എന്നോര്‍ക്കണം.
2004 ല്‍ പക്ഷേ, വഹാബ് അത്ര എളുപ്പമല്ല സ്ഥാനാര്‍ത്ഥി ആയത്. അന്ന് വഹാബ് പാര്‍ട്ടിയില്‍ ആരുമായിരുന്നില്ല. ഒരു സമ്പന്നന് സാധ്യമായ വിധത്തിലുള്ള സ്ഥാനമാനങ്ങള്‍ക്കപ്പുറം രാഷ്ട്രീയമായ ഉത്തരവാദിത്തങ്ങള്‍ അന്ന് വഹിച്ചിരുന്നുമില്ല. മുസ്ലിം ലീഗിനേക്കാള്‍ അദ്ദേഹത്തിന് കൂടുതല്‍ ബന്ധം സി.പി.എമ്മുമായിട്ടല്ലേ എന്ന് ജനങ്ങള്‍ സംശയിച്ചിരുന്നതുമാണ്. കൈരളി ചാനലിന്റെ ഉടമസ്ഥരായ മലയാളം കമ്മ്യൂണിക്കേഷന്റെ ഡയറക്റ്റര്‍ ബോര്‍ഡില്‍ അംഗമായിരുന്നല്ലോ അദ്ദേഹം. എന്തായാലും അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കുന്നത് സംബന്ധിച്ച് പാര്‍ട്ടിയില്‍ വലിയ താത്ത്വിക-ധാര്‍മിക ചോദ്യങ്ങളൊന്നും ഉന്നയിക്കപ്പെട്ടിരുന്നില്ല. മുസ്ലിംലീഗില്‍ അത് പതിവുമില്ല. തീരുമാനങ്ങള്‍ പ്രസിഡന്റ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിക്കുകയായിരുന്നുവല്ലോ പതിവ്. അന്നും അതാണ് സംഭവിച്ചത്. അതില്‍ അദ്ദേഹത്തിന് മന: പ്രയാസവും കുറ്റബോധവും ഉണ്ടായിരുന്നുവോ ? മകന്‍ പറയുന്നത് അവിശ്വസിക്കേണ്ട കാര്യമില്ല. സാമ്പത്തിക ശേഷിയുടെ പേരില്‍മാത്രം ഒരാള്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാകുന്നത് ഒരു തരം പെയ്ഡ് സീറ്റ് സമ്പ്രദായമാണ്. കഴിഞ്ഞ തവണ ഇല്ലാത്ത ചര്‍ച്ചകളും വിവാദങ്ങളും പാര്‍ട്ടിയില്‍ ഇത്തവണ ഉണ്ടായി എന്നതുകൊണ്ട് മുസ്ലിം ലീഗില്‍ ഇത്തരം കാര്യങ്ങളെകുറിച്ച് ചില വീണ്ടുവിചാരങ്ങള്‍ ഉണ്ടാകുന്നു എന്ന് അര്‍ത്ഥമാക്കേണ്ടതില്ല. ഇത്തവണ ശിഹാബ് തങ്ങള്‍ ഇല്ല, അതുകൊണ്ട് ഗ്രൂപ്പ് ചര്‍ച്ചകളും അകല്‍ച്ചകളും അന്നത്തേക്കാള്‍ കൂടുതല്‍ ഉണ്ടായി എന്നേ അര്‍ത്ഥമുള്ളൂ. മുസ്ലിംലീഗ് അന്നത്തേതില്‍ നിന്ന പിറകോട്ട് അല്ലാതെ ഒരിഞ്ച് മുന്നോട്ട് പോകുന്ന പ്രശ്‌നമില്ല.
യു.ഡി.എഫിന്റെ രണ്ടാമത്ത രാജ്യസഭാ സ്ഥാനാര്‍ത്ഥിയായ വയലാര്‍ രവിയുടെ തിരഞ്ഞെടുപ്പും വിവാദങ്ങള്‍ക്ക് അതീതമല്ല. രവി പതിനെട്ട് വര്‍ഷം ഈ സ്ഥാനം വഹിച്ച പ്രഗത്ഭനായ രാഷ്ട്രീയ നേതാവാണ്. യോഗ്യതയെകുറിച്ച് സംശയമൊന്നുമില്ല. എ.കെ. ആന്റണിയാണ് യു.പി.എ മന്ത്രിസഭയിലെ രാജ്യരക്ഷാമന്ത്രിയും കേരളത്തില്‍നിന്നുള്ള ഒന്നാമനും എങ്കിലും യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ രവിയാണ് സീനിയര്‍. ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ കളി എന്നേ പറയേണ്ടൂ, ആന്റണിയാണ് മുന്നിലെത്തിയത്. പക്ഷേ, നാലാമത്തെ ടേമും വയലാര്‍ രവി തന്നെ കൈപ്പിടിയിലാക്കേണ്ടതുണ്ടായിരുന്നോ എന്ന ചോദ്യം ഉയരുന്നു. 44 വര്‍ഷമായി പാര്‍ലമെന്ററി പദവികള്‍ വഹിക്കുന്ന ഒരാള്‍, പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രത്യേകിച്ചും, ഇത്തരം പദവികള്‍ പുതിയ തലമുറയ്ക്ക് വിട്ടുകൊടുക്കാന്‍ സ്വമേധയാ തയ്യാറാകേണ്ടതായിരുന്നു. രവിയെപ്പോലൊരു സീനിയര്‍ നേതാവ് തനിക്കുതന്നെ ഇത്തവണയും രാജ്യസഭാംഗത്വം വേണം എന്നാഗ്രഹം പ്രകടിപ്പിച്ചാല്‍ അനുജന്മാര്‍ക്ക് തള്ളിക്കളയാന്‍ കഴിയില്ല ഉമ്മന്‍ചാണ്ടിയും വി.എം.സുധീരനും എ.കെ.ആന്റണിയും രവിയുടെ അനുജന്മാര്‍ മാത്രം. ഇത് പാര്‍ട്ടിക്ക് ഹാനികരമാണെന്ന് അവര്‍ക്കറിയായ്കയല്ല.
എഴുപത്തെട്ടുകാരനെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കിയ കോണ്‍ഗ്രസ്സുമായി താരതമ്യപ്പെടുത്തുമ്പോള്‍ സി.പി.എമ്മിന്റേത് വളരെ സ്വാഗതാര്‍ഹമായ തീരുമാനമാണെന്ന കാര്യത്തില്‍ സംശയമില്ല. യുവാവായ കെ.കെ.രാഗേഷ് ആണ് അവരുടെ സ്ഥാനാര്‍ത്ഥി. എ.കെ.ആന്റണിയും വയലാര്‍ രവിയും പി.ജെ.കുര്യനും കോണ്‍ഗ്രസ്സിനെ പ്രതിനിധീകരിക്കുമ്പോള്‍ പി.രാജീവനും ടി.എന്‍.സീമയും സി.പി.നാരായണനും കെ.എന്‍.ബാലഗോപാലനും ആണ് സി.പി.എമ്മിനെ പ്രതിനിധീകരിച്ചുപോന്നിരുന്നത്. പി.രാജീവന്റെ കാലാവധി അവസാനിച്ചപ്പോഴാണ് രാഗേഷ് നിയോഗിക്കപ്പെടുന്നത്.തീര്‍ച്ചയായും ആരാവണം രാജ്യസഭാംഗം എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിക്കാരാണ്.പുറത്തുനില്‍ക്കുന്ന നമുക്ക് അറിയുന്നതിലേറെ ഓരോരുത്തരുടെയും ഗുണദോഷങ്ങള്‍ പാര്‍ട്ടിനേതൃത്വത്തിലുള്ളവര്‍ക്കറിയാം. പക്ഷേ, പാര്‍ട്ടി പ്രവര്‍ത്തനരംഗത്തെ സംഭാവനകള്‍ക്ക് നല്‍കുന്നേടത്തോളം പ്രാധാന്യവും പരിഗണനയും സി.പി.എം. പാര്‍ലമെന്ററി സംഭാവനയ്ക്ക് കല്‍പ്പിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ സംശയം തോന്നുന്നു.
കഴിഞ്ഞ നിരവധി വര്‍ഷങ്ങള്‍ക്കിടയില്‍ രാജ്യസഭയിലെ പ്രവര്‍ത്തനത്തിന് വളരെയേറെ ശ്രദ്ധിക്കപ്പെട്ട അംഗമാണ് പി.രാജീവ്. വളരെ മുതിര്‍ന്ന ഒരംഗത്തെപ്പോലെ സഭയില്‍ ശ്രദ്ധ നേടാനും നിയമനിര്‍മാണരംഗത്ത് അസാമാന്യമായ പ്രതിഭ പ്രദര്‍ശിപ്പിക്കാനും കഴിഞ്ഞ അംഗമായിരുന്നിട്ടുപോലും രാജീവിന്റെ ടേം അവസാനിപ്പിക്കുകയും അദ്ദേഹത്തെ ഒരു ജില്ലാ സിക്രട്ടറിയാക്കുകയുമാണ് പാര്‍ട്ടി ചെയ്തത്. തീര്‍ച്ചയായും ഇതിന്റെ ശരിയും തെറ്റുമെല്ലാം പാര്‍ട്ടിക്കറിയുമായിരിക്കും. നമുക്ക് ഇടപെടാന്‍ കഴിയില്ല.
വഹാബിലേക്ക് മടങ്ങുകയല്ല. പക്ഷേ, ഇന്ത്യന്‍ പാര്‍ലമെന്റിലെ സമ്പന്നരുടെ സാന്നിദ്ധ്യം ലോകത്തിന്റെ തന്നെ ശ്രദ്ധയാകര്‍ഷിക്കുന്ന വിധത്തില്‍ പ്രകടമാവുകയാണ്. രാജ്യസഭയ്ക്കുള്ള പ്രത്യേകത, അത് സമ്പന്നര്‍ക്ക് ഏറ്റവും എളുപ്പം വിയര്‍പ്പൊഴുക്കാതെ, പണമിറക്കി കയറിപ്പറ്റാവുന്ന സഭ ആണ് എന്നതാണ്. കര്‍ണാടകയിലൊക്കെ സമ്പന്നര്‍ക്ക് പാര്‍ട്ടികള്‍ക്കപ്പുറമുള്ള പിന്തുണയാണ് രാജ്യസഭാ വോട്ടിങ്ങില്‍ ലഭിക്കുന്നത്. പണം ഒഴുക്കി നേടുന്നതാണ് ഇവരുടെ വിജയം. ഇവര്‍ രാജ്യസേവനത്തിനാണോ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കാനാണോ മറ്റെന്തെങ്കിലും ആവശ്യത്തിനാണോ അങ്ങോട്ട് ചെല്ലുന്നത് എന്ന് ആര്‍ക്കാണ് അറിയാത്തത് ! ഓരോ ദ്വിവര്‍ഷ തിരഞ്ഞെടുപ്പ് ഴിയുമ്പോഴും രാജ്യസഭയിലും അഞ്ചുവര്‍ഷം കൂടുന്തോറും ലോക്‌സഭയിലും സമ്പന്നര്‍ പെരുകുന്നു. ഇതിന്റെ അര്‍ത്ഥതലങ്ങള്‍ വലുതായൊന്നും വ്യാഖ്യാനിക്കേണ്ടതില്ലല്ലോ.
(സൗത്ത് ലൈവ് ഓണ്‍ലൈനില്‍ 2015 ഏപ്രില്‍ അഞ്ചിന് പ്രസിദ്ധപ്പെടുത്തിയത്.)
ഇതിനിൺയും ആവർത്തിക്കാനുള്ള ചരിത്രം…