രണ്ടു സംഭവങ്ങളുടെ പരിണാമം കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെയും മതനേതൃത്വങ്ങളുടെയും മൂല്യരാഹിത്യവും സ്വാർത്ഥതയും വെളിവാക്കുന്നുണ്ട്. കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസ്സിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിലായ സംഭവമാണ് ഒന്ന്. സംസ്ഥാന പൊലീസ് ആദ്യം അറച്ചുനിന്നെങ്കിലും ഒരു ഘട്ടം കഴിഞ്ഞപ്പോൾ ധീരമായ നടപടികൾക്കു തയ്യാറായി. വിശ്വാസിസമൂഹത്തിന്റെ പിന്തുണ നഷ്ടപ്പെടുമോ എന്ന ആശങ്ക ഭരണാധികാരികളെ നിഷ്‌ക്രിയരാക്കിയില്ല. ബിഷപ്പ് ഇപ്പോഴും റിമാൻഡിലാണ്. ശിക്ഷിക്കപ്പെടുന്നതു വരെ സംശയത്തിന്റെ ആനുകൂല്യത്തിന് അദ്ദേഹം അർഹനാണ്. പക്ഷേ, എന്താണ് ചില ക്രൈസ്തവപൂരോഹിതന്മാരുടെ സമീപനം? റിമാൻഡിലുള്ള പ്രതിയെ അവർ താരതമ്യപ്പെടുത്തിയത് യേശുദേവനോടാണ്! ക്രിസ്തുവിനെ കുരിശിലേറ്റിയതു കുറ്റവാളിയായതുകൊണ്ടല്ലല്ലോ എന്നു പറയുമ്പോൾ അതിനർത്ഥം, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ യേശുദേവനു തുല്യമായ പരിഗണനയ്ക്ക് അർഹനാണ് എന്നുതന്നെയാണ്. യേശുവിനെ ക്രൂശിച്ച പാപികൾക്കു തുല്യരാണു ബിഷപ്പിൽ കുറ്റമാരോപിച്ച കന്യാസ്ത്രീകളും അവരെ പിന്തുണച്ചവരും എന്നു പറയാതെ പറയുക കൂടിയായിരുന്നു ആ വൈദികൻ. ഇതിനെതിരെ വേണ്ടത്ര ഉച്ചത്തിലുള്ള അമർഷപ്രകടനം ക്രൈസ്തവസമൂഹത്തിൽ നിന്ന് ഉണ്ടായില്ലെന്നതു വേദനാജനകമാണ്. ശബരിമലയിൽ സ്ത്രീകൾക്കു പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിം കോടതി വിധിയോടുള്ള രാഷ്ട്രീയ പാർട്ടികളുടെ, പ്രത്യേകിച്ചു കോൺഗ്രസ് ഉൾപ്പെടെയുള്ള ജനാധിപത്യ പാർട്ടികളുടെ സമീപനത്തിലുമുണ്ട് ഇതേ തോതിലുള്ള കാപട്യവും ജനവിരുദ്ധതയും. കോടതി വിധി പറഞ്ഞ ആദ്യനാളുകളിൽ മൗനം പാലിച്ച ഈ പാർട്ടികൾ എന്താണു വിശ്വാസിസമുഹത്തിന്റെ പ്രതികരണം എന്നു സൂക്ഷ്മതയോടെ നിരീക്ഷിക്കുകയായിരുന്നു. ഏതു പക്ഷത്താണ് ആളുകൾ കൂടുതലുള്ളത് എന്നായിരിക്കണം അവർ നോക്കിയിട്ടുണ്ടാവുക. ബിഷപ്പ് പ്രശ്‌നവുമായി ഒരു കാര്യത്തിൽ ശബരിമല പ്രശ്‌നത്തിനു സമാനതയുണ്ട്. രണ്ടിടത്തും ഒരുപക്ഷത്തു സ്ത്രീകളാണ്. ശബരിമല വിഷയത്തിൽ കോൺഗ്രസ് പാർട്ടിയാണ് യഥാർത്ഥത്തിൽ ഒന്നാം പ്രതിയായി കൂട്ടിൽ നിൽക്കേണ്ടത്. ഇന്ത്യൻ ഭരണഘടന അക്കമിട്ട് പറയുന്ന മനുഷ്യാവകാശ തത്ത്വങ്ങളോടല്ല തങ്ങൾക്കു കടപ്പാട്, യാഥാസ്ഥിതിക പക്ഷത്തോടും അവരെ പിന്തുണയ്ക്കുന്ന വിശ്വാസി സമൂഹത്തോടുമാണ് എന്നു പറയാൻ അവർക്കു മടിയില്ല. വിശ്വാസികൾക്കും വിശ്വാസങ്ങൾക്കും ഒപ്പം നിൽക്കുമ്പോൾതന്നെ മനുഷ്യാവകാശങ്ങൾക്കു പരമപ്രധാന്യം നൽകിയ ഒരു പ്രസ്ഥാനമാണു കോൺഗ്രസ്. അതുകൊണ്ടുതന്നെയാണു ക്ഷേത്രപ്രവേശനമുൾപ്പെടെയുള്ള നിരവധി പ്രശ്‌നങ്ങളിൽ മഹാത്മാഗാന്ധിയുടെ കാലം മുതൽ കോൺഗ്രസ് ക്രിയാത്മകമായ പങ്കുവഹിച്ചത്. വേണമെങ്കിൽ, ഇന്നത്തെ ചില കോൺഗ്രസ് നേതാക്കൾ പറയുന്നതു പോലെ, അതു തീരുമാനിക്കേണ്ടതു ക്ഷേത്രനടത്തിപ്പുകാരാണ് എന്നു വാദിക്കാമായിരുന്നു. അധഃകൃതർ ക്ഷേത്രങ്ങളിൽ കടക്കുന്നതിനു മാത്രമല്ല, ക്ഷേത്രത്തിനു മുന്നിലെ റോഡിലൂടെ നടക്കുന്നതിനു പോലും ബഹുഭൂരിപക്ഷം സവർണ്ണ -മദ്ധ്യജാതി വിശ്വാസികൾ എതിരായിരുന്നു. എന്നിട്ടും കോൺഗ്രസ് സമരത്തിനൊപ്പം നിന്നു. കോൺഗ്രസ് പ്രവർത്തകർ കാണിച്ചേടത്തോളമോ അതിലേറെയോ കാപട്യം ബി.ജെ.പി കേരള നേതൃത്വവും കാണിക്കുന്നുണ്ട്. സ്ത്രീവിവേചനത്തിനു എതിരാണു പാർട്ടി. പക്ഷേ, സ്്ത്രീകളിൽ ഒരു വിഭാഗത്തിന് അവരുടെ തീർത്തും ജൈവപരമായ പ്രത്യേകതകളുടെ പേരിൽ ക്ഷേത്രത്തിലെത്താൻ അനുമതി നിഷേധിക്കുന്ന പ്രശ്‌നത്തിൽ അവർ മൗനം പാലിച്ചു. ശബരിമല സംഘർഷഭൂമിയാക്കരുത് എന്നാണ് ആദ്യനാൾ മുതൽ ബി.ജെ.പി പ്രസിഡന്റും നിയമജ്ഞനുമായ ശ്രീധരൻപിള്ള പറഞ്ഞുകൊണ്ടിരുന്നത്. ആരാണ് സംഘർഷമുണ്ടാക്കുന്നത്? കോടതിവിധിയെ കാറ്റിൽപറത്തുന്നവരാണ് അതു ചെയ്യുക. വിധി നടപ്പാക്കുന്നതിനെ ബലം പ്രയോഗിസിച്ചു ചെറുക്കലാണു സംഘർഷകാരണമാകുക. അതിനു മുതിരുക ആരാണ്? കോടതിവിധി പാലിക്കാൻ ആവശ്യമായതു ചെയ്യും എന്ന നിലപാട് ഇടതുപക്ഷ സംസ്ഥാന സർക്കാർ സ്വീകരിച്ചതു മുതലാണ് കോൺഗ്രസ്, ബി.ജെ.പി പ്രതിപക്ഷ പാർട്ടികൾ കോടതിവിധിക്കെതിരെ പരസ്യമായ നിലപാട് എടുത്തത്. സുപ്രിം കോടതി ഹിന്ദുക്കൾക്ക് എതിരാണ് എന്ന നിലപാട് സ്വീകരിക്കുന്നതാണു തങ്ങൾക്കു ഹിന്ദുക്കളിൽ, പ്രത്യേകിച്ച് ഹിന്ദു പുരുഷന്മാരിൽ സ്വാധീനം വർദ്ധിപ്പിക്കുക എന്ന കണക്കുകൂട്ടലിൽ അവർ ഇപ്പോൾ പരസ്യമായ സ്ത്രീവിരുദ്ധ നിലപാടു സ്വീകരിക്കുന്നു. പ്രഖ്യാപിത സ്ത്രീ വിരുദ്ധനായ പി.സി. ജോർജ്ജിനെപ്പോലുള്ളവർ അതിന് അനുകൂലമായി രംഗത്തിറങ്ങിയിട്ടുമുണ്ട്. ക്ഷേത്രങ്ങളിൽ ഹരിജനങ്ങൾക്കു പ്രവേശനം ആവശ്യപ്പെട്ടതു ഹരിജനങ്ങളായിരുന്നില്ല. ക്ഷേത്രപ്രവേശനം ആകാം എന്നു തിരുവിതാംകൂർ മഹാരാജാവ് വിജ്ഞാപനം പുറപ്പെടുവിച്ചത് ജ്യോത്സ്യന്മാരോടോ മതപണ്ഡിതന്മാരോടോ ചോദിച്ചുമാവില്ല. അതു ഹിന്ദുപ്രമാണങ്ങൾക്ക് എതിരല്ല എന്ന ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിലാണ്. ശബരിമലയിൽ ക്ഷേത്രമുണ്ടായ കാലം മുതലുള്ളതല്ല സ്ത്രീ പ്രവേശനവിരോധം. 50കളിൽ ഏർപ്പെടുത്തിയ ഒരു മാറ്റമാണ്. അതിന്റെ അടിസ്ഥാനം വ്യക്തമായും സ്ത്രീവിരുദ്ധമായ ചില ആശയങ്ങളാണ്. സ്ത്രീകൾ ശബരിമല പ്രവേശം ആവശ്യപ്പെടുന്നുണ്ടോ എന്നു നമുക്കറിഞ്ഞുകൂടാ. വളരെ ചെറിയ ഒരു വിഭാഗം മാത്രമാണ് അതാഗ്രഹിക്കുക എന്നത് നീതി നിഷേധിക്കുന്നതിനുള്ള ഒരു കാരണമാകാൻ പാടില്ല. രാഷ്ട്രീയനേട്ടങ്ങൾക്കു വേണ്ടിയുള്ള ചൂതുകളിയിലാണു പാർട്ടികൾ. നിയമത്തിന്റെയും ശരിയുടെയും പക്ഷത്തു നിൽക്കാൻ അവർക്കു കരുത്തില്ല. വോട്ടിന്റെ പക്ഷത്തേ അവർ നിൽക്കൂ. ഇന്ത്യൻ ഭരണഘടന ഉണ്ടാക്കിയ മഹാരഥന്മാരുടെ ആയിരം കാതം താഴെയാണ് അല്പബുദ്ധികളായ നമ്മുടെ നേതൃത്വങ്ങൾ. അവരെ ശരി കാട്ടിക്കൊടുക്കാൻ വിവേകശാലികൾ ശ്രമം തുടരണം. സ്ത്രീകളുടെ ശബ്ദം ഉയരണം. സമയമെടുത്തേക്കും. ക്ഷമാപൂർവമുള്ള പ്രയത്നം ഇക്കാര്യത്തിലും ആവശ്യമാണ്.
വോട്ടാണ് ലക്ഷ്യം, ഭരണഘടനയും സ്ത്രീകളും അവിടെ നില്‍ക്കട്ടെ
എൻ.പി.രാജേന്ദ്രൻ
വോട്ടാണ് ലക്ഷ്യം, ഭരണഘടനയും സ്ത്രീകളും അവിടെ നില്‍ക്കട്ടെ