ചെങ്കളത്ത് കുഞ്ഞിരാമമേനോൻ (1857-1935)

എൻ.പി.രാജേന്ദ്രൻ

മലയാള പത്രപ്രവർത്തന ചരിത്രത്തിൽ  അതുല്യമായ പദവിയുണ്ട് ചെങ്കളത്ത് കുഞ്ഞിരാമമേനോന്. മലയാള പത്രപ്രവർത്തനത്തിന്റെ പിതാവ് എന്ന് പലരും വിശേഷിപ്പിക്കാറുള്ളത് ഗുണ്ടർട്ടിനെയല്ല, ചെങ്കളത്തിനെയാണ്. കാരണമുണ്ട്, ഗുണ്ടർട്ടിന്റെ പ്രസിദ്ധീകരണങ്ങൾ, പ്രത്യേകിച്ച് രാജ്യസമാചാരം വൃത്താന്തപത്രങ്ങൾ ആയിരുന്നില്ല. വാർത്തയല്ലാത്ത രചനകളെ പത്രപ്രവർത്തനം എന്ന് വിളിക്കുക പ്രയാസമാണല്ലോ. ഗുണ്ടർട്ടിന് മൂന്നുപതിറ്റാണ്ടിനുശേഷമാണ് രംഗത്ത് വന്നതെങ്കിലും ചെങ്കളത്ത് കുഞ്ഞിരാമമേനോനാണ് യഥാർത്ഥത്തിലുള്ള ഒരു വാർത്താപത്രം ആദ്യമായി മലബാറിൽ പുറത്തിറക്കുന്നത്. 1847-ൽ ആദ്യപ്രസിദ്ധീകരണം മലയാളത്തിൽ  തുടങ്ങിയ ഗുണ്ടർട്ട് 1859-ൽ സ്വദേശത്തേക്ക് മടങ്ങിയിരുന്നു. ഇന്ത്യൻ നാഷനൽ കോൺഗ്രസ് ജന്മംകൊള്ളുന്നതിന് ഒരു വർഷം മുമ്പ്, 1884-ലാണ് കേരളപത്രിക എന്ന, ചെങ്കളത്തിന്റെ പത്രം ജനിക്കുന്നത്. ആദ്യം ദ്വൈവാരികയായി, പിന്നെ വാരികയായി. കൽക്കത്തയിൽ ആനന്ദബസാർ പത്രികയുടെ മാതൃകയിൽ എന്ന് മനസ്സിൽ കണ്ടതുകൊണ്ടാണ് ഇത് കേരളപത്രിക  ആയത്.

‘എന്റെ കേരളപത്രിക എന്ന പത്രം മലയാളജില്ലയിൽ മലയാളഭാഷയിലെ ഒന്നാമത്തെ പത്രമാണ്’ എന്ന് ചെങ്കളത്ത് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ വൃത്താന്തപത്രപ്രവർത്തനം എന്ന കൃതിക്ക് എഴുതിക്കൊടുത്ത പ്രസ്താവനയിൽ അവകാശപ്പെടുന്നുണ്ട്. മലയാളത്തിലെ ആദ്യപത്രം എന്നല്ല മലയാളജില്ലയിലെ മലയാളഭാഷയിലെ ആദ്യപത്രം എന്നാണ് പറഞ്ഞിട്ടുള്ളത്. മലയാളജില്ല എന്ന പ്രയോഗം മലബാറിനെക്കുറിച്ചാണ് എന്നുവേണം മനസ്സിലാക്കാൻ. കാരണം, കൊച്ചിയിലും തിരുവിതാംകൂറിലും നേരത്തേതന്നെ ചില മലയാളപത്രങ്ങൾ ഉണ്ടായിരുന്ന കാര്യം അദ്ദേഹം ഇതേ കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

ആ കാലത്ത് വിദേശങ്ങളിലെ പത്രങ്ങളും വാർത്തകൾ നൽകുന്നതിലേ ശ്രദ്ധിച്ചിരുന്നുള്ളൂ. അഭിപ്രായമെഴുത്ത് പിൽക്കാലത്താണ് ആരംഭിക്കുന്നത്. വാർത്തയോടൊപ്പം അഭിപ്രായവും ആവശ്യങ്ങളും വിമർശനങ്ങളും ചേർത്തു ചെങ്കളത്ത്. ഇത് മലയാള പത്രപ്രവർത്തനത്തിന് അദ്ദേഹം നൽകിയ വലിയ സംഭാവനയാണ്. വാർത്തയറിയുക എന്നതുമാത്രമല്ല, അഭിപ്രായമുണ്ടാകുക എന്നതുകൂടിയാണ് പത്രപാരായണത്തിന്റെ മുഖ്യോദ്ദേശ്യമെന്ന ബോധം അദ്ദേഹത്തിനുണ്ടായിരുന്നു. അക്കാര്യവും അദ്ദേഹം വൃത്താന്തപത്രപ്രവർത്തനം എന്ന കൃതിയുടെ പ്രസ്താവനയിൽ പറയുന്നുണ്ട്. പൊതുജനാഭിപ്രായം എന്നൊന്ന് അക്കാലംവരെ കേരളസമൂഹത്തിൽ ഉണ്ടായിരുന്നില്ല. സമുദായ പ്രമാണിമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർക്കേ അഭിപ്രായം ഉണ്ടായിരുന്നുള്ളൂ. അവരിൽനിന്ന് വ്യത്യസ്തമായ അഭിപ്രായം രൂപവത്കരിക്കാൻ പൊതുകാര്യങ്ങളിൽ ആർക്കും അറിവും അനുഭവവും ഉണ്ടായിരുന്നില്ല(1). കേരളപത്രിക പ്രസിദ്ധീകരണം തുടങ്ങിയ ശേഷമുള്ള 27 വർഷംകൊണ്ട് പൊതുസമൂഹത്തിന് ലോകകാര്യങ്ങളെക്കുറിച്ച് അഭിപ്രായങ്ങൾ രൂപംകൊണ്ടു. ബ്രിട്ടീഷ് ഭരണമുള്ള കേരളപ്രദേശങ്ങളിൽ ദേശീയപ്രസ്ഥാനത്തെക്കുറിച്ച് അറിവും സ്വാതന്ത്ര്യബോധവും ഉണ്ടാക്കുക എന്ന മഹദ്കൃത്യമാണ് ചെങ്കളത്ത് നിർവഹിച്ചത് എന്ന് ചുരുക്കം. ‘മലയാള പത്രപ്രവർത്തനം തുടങ്ങിവെച്ചത് മിഷണറിമാരായിരുന്നുവെങ്കിലും ആധുനികരീതിയിലുള്ള പത്രപ്രവർത്തനം ആരംഭിച്ചതും പരിഷ്‌കൃതവും ചടുലവുമായ ഒരു ശൈലി പത്രപ്രവർത്തനലോകത്തിൽ ഉപജ്ഞാനംചെയ്തതും ചെങ്കളത്ത് കുഞ്ഞിരാമമേനോൻ ആണ്'(2) എന്ന് വി.കരുണാകരൻ നമ്പ്യാർ അഭിപ്രായപ്പെട്ടത് ഈ പശ്ചാത്തലത്തിലാവണം.

പത്രം തുടങ്ങി ഒരു ദശകത്തിനകം അദ്ദേഹം പ്രശസ്തനായി. 1895-ൽ ലണ്ടനിൽനടന്ന  പത്രപ്രവർത്തകരുടെ സമ്മേളനത്തിലേക്ക് ക്ഷണിക്കപ്പെട്ട മൂന്ന് ഇന്ത്യൻ പത്രാധിപന്മാരിൽ ഒരാൾ ചെങ്കളത്ത് ആയിരുന്നു- മറ്റൊരാൾ ഹിന്ദു പത്രാധിപർ, മൂന്നാമൻ അമൃതബസാർ പത്രിക പത്രാധിപർ. ആ യാത്ര ഒന്നരവർഷം നീണ്ടുനിന്നു. സ്വാമി വിവേകാനന്ദൻ അക്കാലത്ത് ലണ്ടനിൽ ഉണ്ടായിരുന്നു. സ്വാമിയുമായി പരിചയപ്പെടാൻ ഇത് അവസരമൊരുക്കി. തിരിച്ചുവന്ന ചെങ്കളത്ത് കോൺഗ്രസ് പ്രവർത്തനത്തിലും സജീവമായി, എട്ടുവർഷത്തോളം. പിന്നീട് അദ്ദേഹം കോൺഗ്രസ് ബന്ധം കുറേശ്ശെയായി ഉപേക്ഷിച്ചു. നിസ്സഹകരണ പ്രസ്ഥാനകാലത്ത് കേരളപത്രിക സമരത്തെ എതിർക്കാനും തയ്യാറായി. തനിക്ക് ശരിയെന്ന് തോന്നിയ കാര്യങ്ങൾ പറയുന്നതിൽ ചെങ്കളത്തിന് മറുപക്ഷത്തുള്ളത് ഗവണ്മെന്റാണോ മഹാത്മാഗാന്ധിയാണോ എന്ന പരിഗണനയൊന്നുമുണ്ടായിരുന്നില്ല. ചെങ്കളത്തിന്റെ ഈ സ്വതന്ത്രനിലപാടിനോട് മാതൃഭൂമി പത്രാധിപർ കെ.പി.കേശവമേനോൻ തന്റെ കൃതിയിൽ (3) അനുഭാവപൂർണമായ നിലപാടാണ് സ്വീകരിച്ചിരുന്നതെങ്കിലും മാതൃഭൂമിയുടെ ചരിത്രം രേഖപ്പെടുത്തിയപ്പോൾ ചെങ്കളത്തിന്റെ സമീപനത്തെ രൂക്ഷമായി വിമർശിക്കുന്നുണ്ട്. ‘കേരളപത്രിക, മനോരമ,  കേരളസഞ്ചാരി, മിതവാദി എന്നിങ്ങനെ നാല് മലയാള പത്രങ്ങൾ അക്കാലത്ത് കോഴിക്കോട്ടുനിന്ന് പ്രസിദ്ധപ്പെടുത്തിയിരുന്നു. ഇവയൊന്നുംതന്നെ ദേശീയപ്രസ്ഥാനത്തോട് അനുഭാവമുള്ളവയായിരുന്നില്ല. ദേശീയപ്രസ്ഥാനത്തിന് അനുകൂലമായോ ഭരണാധികാരികൾക്കെതിരായോ ഉള്ള ഒന്നുംതന്നെ പ്രസിദ്ധപ്പെടുത്താൻ ഈ പത്രങ്ങൾ ഒരുക്കമായിരുന്നില്ല'(4) എന്നാണ് ചരിത്രരചയിതാവിന്റെ നിരീക്ഷണം. കഴിഞ്ഞകാലം എന്ന ആത്മകഥയിൽ ചെങ്കളത്ത് കുഞ്ഞിരാമമേനോനെക്കുറിച്ച് കുറേക്കൂടി രൂക്ഷമായ വിമർശനമാണ് കെ.പി.കേശവമേനോൻ രേഖപ്പെടുത്തിയിട്ടുള്ളത്.’ ചെങ്കളത്ത് കുഞ്ഞിരാമമേനോനായിരുന്നു കേരളപത്രികയുടെ പത്രാധിപർ. പ്രാപ്തനായ പത്രാധിപരായിരുന്നു അദ്ദേഹം. കുഞ്ഞിരാമമേനോന് ഗാന്ധിജിയുടെയും നിസ്സഹകരണപ്രസ്ഥാനത്തിന്റെയും പേരുകൂടി കേൾക്കാൻ വയ്യ. ആ പ്രസ്ഥാനത്തെ എതിർക്കാനും അതിൽ പങ്കെടുത്തവരെ ആക്ഷേപിയ്ക്കുവാനുമാണ് പത്രികയുടെ പംക്തികൾ അദ്ദേഹം ഉപയോഗപ്പെടുത്തിയത്(5). കേരളസഞ്ചാരി,  മിതവാദി, മനോരമ(കോഴിക്കോട്) എന്നിവയെക്കുറിച്ചും ഇതേ അഭിപ്രായമാണ് കേശവമേനോൻ പ്രകടിപ്പിച്ചത്.

താൻ ആദ്യമായി എഴുതിയ ലേഖനം കേരളപത്രികയാണ് പ്രസിദ്ധീകരിച്ചതെന്ന് ഇതേ ആത്മകഥയിൽ അഭിമാനപൂർവം എടുത്തുപറയുന്നുണ്ട് കേശവമേനോൻ. മാത്രവുമല്ല, പത്രസ്വാതന്ത്ര്യത്തിനുവേണ്ടി ആദ്യമായി ശിക്ഷിക്കപ്പെടുന്ന ഒരു പത്രാധിപർ  കേരളപത്രിക പത്രാധിപർ ചെങ്കളത്ത് ആണെന്ന് കെ.പി.കേശവമേനോൻ സമകാലീനരായ ചില  കേരളീയർ എന്ന തന്റെ കൃതിയിൽ രേഖപ്പെടുത്തിയതുകൊണ്ടാണ് മാധ്യമചരിത്രകാരന്മാർ അത് ആധികാരികമായി സ്വീകരിച്ചത്. ഗവണ്മെന്റിനെതിരെ എഴുതിയതിന് മാപ്പ് പറയാൻ പത്രാധിപർ വിസമ്മതിച്ചതിനാലാണ് 51 രൂപ പിഴ വിധിച്ചതെന്ന് കേശവമേനോൻ എഴുതിയിട്ടുണ്ട്(6). എന്നാൽ, ഇതെപ്പോഴാണെന്നോ ഏത് സാഹചര്യത്തിലാണെന്നോ രേഖപ്പെടുത്തിയിട്ടില്ല.

തുടക്കത്തിൽ ഏതാണ്ട് ഏകനായാണ് ചെങ്കളത്ത് കേരളപത്രിക നടത്തിപ്പോന്നത്-ക്രമേണ പല പ്രതിഭാശാലികളും അദ്ദേഹത്തിന് തുണയേകി. വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ, അപ്പുനെടുങ്ങാടി, ഒ.ചന്തുമേനോൻ, കിഴക്കേപ്പാട്ട് രാമൻമേനോൻ, സി.പി.അച്യുതമേനോൻ, മൂർക്കോത്ത് കുമാരൻ തുടങ്ങിയവർ ഇക്കൂട്ടത്തിൽപ്പെടുന്നു. ആദ്യകാലത്ത് ദേശീയപ്രസ്ഥാനത്തിന്റെ മുഖപത്രമായിരുന്നു കേരളപത്രിക. പിന്നീട് ചെങ്കളത്തിന്റെ രാഷ്ട്രീയ നിലപാടുകളിൽ മാറ്റമുണ്ടാവുകയും കോൺഗ്രസ്സിന് ആശ്രയിക്കാവുന്ന ഒരു പ്രസിദ്ധീകരണം ഇല്ലാതെവരികയും ചെയ്തതാണ് 1923-ൽ മാതൃഭൂമി പത്രം സ്ഥാപിക്കുന്നതിന് കാരണമായതെന്ന് വ്യക്തം. ചെങ്കളത്ത് ആകട്ടെ മുൻസിപ്പൽ കൗൺസിൽ, താലൂക്ക് ബോർഡ്, ഡിസ്ട്രിക്ട് ബോർഡ് എന്നിവയിൽ അംഗമായി പൊതുപ്രവർത്തനം നടത്താനും സമയം കണ്ടെത്തി. ഈ സേവനങ്ങൾ പരിഗണിച്ചാണ്  അദ്ദേഹത്തിന് ഗവണ്മെന്റ് റാവു സാഹെബ് ബഹുമതി നൽകിയത്. എങ്കിലും കേരളപത്രിക ഒരിക്കലും ഒരു സർക്കാർവിലാസം പത്രമായിരുന്നിട്ടില്ല. വിമർശനങ്ങളിലൂടെ ഗവണ്മെന്റിനെയും ഉദ്യോഗസ്ഥരെയും നേരായ വഴിക്ക് നയിക്കാൻ എന്നും ശ്രമിച്ചുപോന്നു. മാധ്യമസദാചാരവും ധാർമികതയും മുറുകെപ്പിടിച്ചേ അദ്ദേഹം പത്രപ്രവർത്തനം നടത്തിയിട്ടുള്ളൂ. അങ്ങനെയല്ലാതെ പ്രവർത്തിക്കുന്ന പ്രസിദ്ധീകരണങ്ങളെ പേരെടുത്ത് വിമർശിക്കാൻ മടിച്ചിട്ടില്ല കേരളപത്രിക. ശരിക്കും അന്തസ്സും  അന്തസ്സാരവുമുള്ള പത്രപ്രവർത്തനത്തിന് ഇവിടെ മാർഗദർശനം നൽകി എന്നതാണ് കേരളപത്രികാധിപന്റെ വ്യക്തിത്വവിശേഷം എന്നും അതുകൊണ്ടാണ് കുഞ്ഞിരാമമേനോന്റെ ഷഷ്ടിപൂർത്തിവേളയിൽ മലയാള മനോരമ പത്രം 1917 ജൂലൈ 21 കേരളപത്രിക എന്ന തലക്കെട്ടിൽ ഒരു മുഖപ്രസംഗം തന്നെ എഴുതിയതെന്നും  മാധ്യമചരിത്രകാരനായ ജി.പ്രിയദർശനൻ ചൂണ്ടിക്കാട്ടുന്നു(7).

പത്രപ്രവർത്തനത്തെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യത്തെ ഗ്രന്ഥം തിരുവിതാംകൂറിൽ പ്രവർത്തിക്കുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ള 1912-ൽ എഴുതിയപ്പോൾ അതിനെക്കുറിച്ച് വിശദമായ പഠനം പ്രസ്താവന(1) എന്ന പേരിൽ തയ്യാറാക്കാൻ അഭ്യർത്ഥിച്ചത് വടക്കൻ കേരളത്തിൽ പ്രവർത്തിക്കുന്ന കേരളപത്രിക പത്രാധിപർ ചെങ്കളത്ത് കുഞ്ഞിരാമമേനോനെ ആയിരുന്നു എന്നത് ചെങ്കളത്തിന് നൽകിയ വലിയ അംഗീകാരമായി കണക്കാക്കാം. തന്റെ പത്രപ്രവർത്തനാനുഭവങ്ങളുടെ കാതലായ പാഠങ്ങളും പത്രപ്രവർത്തനം സംബന്ധിച്ച് ഇന്നും പ്രസക്തമായ ഒട്ടേറെ തത്ത്വങ്ങളും അദ്ദേഹം ഈ പ്രസ്താവനയിൽ വിവരിക്കുന്നുണ്ട്.

48 വർഷം പത്രാധിപത്യം വഹിച്ചു എന്നത് ഭേദിക്കുക എക്കാലത്തും പ്രയാസമായ റെക്കോഡ് ആണ്. അദ്ദേഹം പത്രച്ചുമതല 1933-ൽ ഉപേക്ഷിച്ചു. 1920 മുതൽതന്നെ അദ്ദേഹം പത്രവുമായുള്ള ബന്ധം കുറച്ചിരുന്നു. 1935 സെപ്തംബർ 16-ന് അന്തരിച്ചു.

1857 ആഗസ്തിലാണ്  കോട്ടയ്ക്കൽ മുല്ലശ്ശേരി കരുണാകരമേനോന്റെയും ചെങ്കളത്ത് നാരായണിയമ്മയുടെയും മകനായി കുഞ്ഞിരാമമേനോൻ ജനിച്ചത്. കോഴിക്കോട്ട് ഗവ. കോളേജിലാണ് ഉപരിവിദ്യാഭ്യാസം നേടിയത്. എഫ്.എ. പാസ്സായി കോഴിക്കോട്ട് ബാസൽ മിഷൻ സ്‌കൂളിൽ അധ്യാപകനായി. അധ്യാപകജോലി വിട്ട് തിരുവനന്തപുരത്ത് ബി.എ. പഠിച്ചു. മദിരാശി പ്രസിഡൻസിയിൽനിന്നാണ് അത് പൂർത്തിയാക്കിയത്. ഗവണ്മെന്റ്‌ജോലി കിട്ടുക എളുപ്പമായിരുന്നെങ്കിലും അതിന് ശ്രമിച്ചേയില്ല. ബി.എ. പാസ്സായ 1884-ൽ തന്നെ രണ്ടും കല്പിച്ച് സ്വന്തമായി പത്രം തുടങ്ങി.

മലയാള പത്രപ്രവർത്തനത്തിന്റെ പിതാവുതന്നെ എങ്കിലും ചെങ്കളത്ത് കുഞ്ഞിരാമമേനോൻ 48 വർഷം എഴുതിയ ലേഖനങ്ങളോ പംക്തികളോ പത്രത്തിന്റെ മുഖപ്രസംഗങ്ങളോ കുറച്ചെണ്ണംപോലും കണ്ടെടുക്കാൻ കഴിഞ്ഞില്ലെന്നത് അമ്പരപ്പിക്കുന്ന യാഥാർത്ഥ്യമാണ്. പൂർണരൂപത്തിൽ ലഭ്യമായ ഒരു ലേഖനം അദ്ദേഹം സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ വൃത്താന്തപത്രപ്രവർത്തനം എന്ന കൃതിക്ക് എഴുതിയ ആമുഖപ്രസ്താവന മാത്രമാണ്. ചെങ്കളത്തിന്റെ രചനകൾ നേരിട്ട് വായിച്ചറിയാൻ മറ്റൊന്നും ലഭ്യമല്ലെങ്കിലും അദ്ദേഹം എങ്ങനെ മാധ്യമപ്രവർത്തനത്തെ കാണുന്നു എന്നറിയാൻ ഇത്  പ്രയോജനപ്പെടും. ഒരു പംക്തിലേഖനം അല്ലാതിരുന്നിട്ടും അത് ഇവിടെ പുനഃപ്രസിദ്ധീകരിക്കുന്നത് അക്കാരണത്താലാണ്. അക്കാലത്തെ രീതിയനുസരിച്ച്  ഖണ്ഡികകളായി തിരിക്കാതെ തുടർച്ചയായി എഴുതപ്പെട്ടതായിരുന്നു ഈ ലേഖനം. കേരള പ്രസ് അക്കാദമി 1984-ൽ പ്രസിദ്ധീകരിച്ച ‘വൃത്താന്തപത്രപ്രവർത്തനം’ എന്ന ഗ്രന്ഥത്തിൽനിന്ന് പകർത്തിയ ലേഖനത്തിൽ വേറെ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

വൃത്താന്ത പത്രപ്രവർത്തനം എന്ന പുസ്തകത്തെക്കുറിച്ച്

ഈ വൃത്താന്ത പത്രപ്രവർത്തനം എന്ന പുസ്തകത്തിന് ഒരു പ്രസ്താവന എഴുതണമെന്ന് രാമകൃഷ്ണപിള്ള അവർകൾ എന്നോട് ആവശ്യപ്പെട്ടപ്പോൾ ഞാൻ സംശയം കൂടാതെ സമ്മതിച്ചു. അങ്ങിനെ സമ്മതിച്ചത് ഇത് എത്രയോ എളുപ്പമായ പ്രവൃത്തിയാണെന്നു വിചാരിച്ചിട്ടായിരുന്നു. പക്ഷേ, എഴുതുവാനായിട്ടാരംഭിച്ചപ്പോൾ ഇത് ആദ്യം വിചാരിച്ചതുപോലെ എളുപ്പമുള്ള പ്രവൃത്തിയല്ലെന്ന് അനുഭവമാകുകയും ചെയ്തു. എങ്കിലും ഇരുപത്തഞ്ച് കൊല്ലത്തിലധികം കാലം ‘വൃത്താന്തപത്രപ്രവർത്തനത്തിൽ’ ഒരു താണ നിലയിലെങ്കിലും പരിശ്രമിച്ചുപോന്നതുകൊണ്ട് എന്റെ അനുഭവങ്ങൾ എഴുതിയാൽ അത് വായനക്കാർക്ക് രുചിക്കുമെന്ന് വിചാരിച്ച് ധൈര്യപ്പെട്ട്  എഴുതുന്നതാണ്. പത്രപ്രവർത്തനത്തൊഴിൽ, സാധാരണ ചിലർ വിചാരിച്ചുപോരുന്നതുപോലെ, അത്ര എളുപ്പമുള്ള പ്രവർത്തിയല്ലെന്നുള്ളത് രാമകൃഷ്ണപിള്ള അവർകളുടെ ഈ പുസ്തകം വായിക്കുന്നവർക്കെല്ലാവർക്കും മനസ്സിലാവും. വക്കീൽപ്രവൃത്തി, വൈദ്യം മുതലായ വലിയ പ്രവൃത്തികൾ, ഇവയ്ക്ക് വേണ്ടുന്നതായ പഠിപ്പുപോലെയുള്ള പഠിപ്പ് ഈ പ്രവൃത്തിക്കും വേണം. പക്ഷേ, നമ്മുടെ നാട്ടിൽ ഇപ്പോൾ പത്രാധിപ പ്രവൃത്തിക്കു ഇപ്പോൾ വിശേഷിച്ച് യാതൊരു പഠിപ്പും ഇല്ലെന്ന് തന്നെ പറയണം. ചുരുക്കം ചിലർ ചില പത്രകാര്യാലയങ്ങളിൽ പ്രവേശിച്ച് പ്രവൃത്തികൾ ശീലിച്ചു പത്രാധിപന്മാരായിത്തീരുന്നുണ്ട്. അങ്ങിനെയുള്ളവർക്ക് ഒരുവിധം പ്രത്യേക പഠിപ്പുണ്ടെന്ന് പറയാം. വാചകം ഭംഗിയായി എഴുതുവാൻ ശീലമുള്ള പലരും പ്രത്യേക പഠിപ്പൊന്നും കൂടാതെ പത്രാധിപന്മാരായിത്തീരുന്നുണ്ട്. ഈ വകക്കാർ ചിലപ്പോൾ യോഗ്യന്മാരായ പത്രാധിപന്മാരും ആവുന്നുണ്ട്.

പക്ഷേ, ഒരു നല്ല പത്രാധിപന്നു പ്രവൃത്തി പരിചയത്തിനും വാചകഭംഗിക്കും പുറമെ മറ്റു പലേ ഗുണങ്ങളും വേണ്ടതുണ്ട്. ലോകത്തിൽ നടക്കുന്ന കാര്യങ്ങളെപ്പറ്റി യഥാർത്ഥമായ അറിവ്, കാലത്തിന്റെ സ്ഥിതി, ഓരോ പ്രത്യേക കാര്യങ്ങളെ സംബന്ധിച്ച്  പൊതുജനങ്ങളുടെ ഇടയിലുള്ള അഭിപ്രായത്തെ പറ്റിയുള്ള അറിവ്, ജനസമുദായത്തിലുള്ള  ഗുണങ്ങളും ദോഷങ്ങളും തിരിച്ചറിയാനുള്ള സാമർത്ഥ്യം മുതലായവക്കെല്ലാറ്റിന്നും പുറമെ സത്യവും സ്വാതന്ത്ര്യവും വിടാതെ പറയുവാനും പ്രവൃത്തിക്കാനുമുള്ള ധൈര്യം പ്രത്യേകമായും ആവശ്യമായിട്ടുള്ളതാണ്. ഇംഗ്‌ളണ്ട്, ഫ്രാൻസ്, ജർമനി തുടങ്ങിയ യൂറോപ്പ് രാജ്യങ്ങളിലും അമേരിക്കയിലെ യുനൈറ്റഡ് സ്റ്റേറ്റ്‌സിലും പത്രപ്രവർത്തനം എത്രയോ ഉന്നതസ്ഥിതിയിൽ എത്തീട്ടുണ്ട്. അവിടങ്ങളിൽ പത്രങ്ങളുടെ  അഭിപ്രായത്തെ ഗവണ്മെന്റുകാരും ജനങ്ങളും ബഹുമാനിച്ചും സ്വീകരിച്ചും വരുന്നുണ്ട്.  ഇന്ത്യയിലും പത്രാഭിപ്രായങ്ങൾക്ക് വിലയുണ്ട്; പക്ഷേ, ഇന്ത്യയിലെ പത്രങ്ങൾ, പ്രത്യേകിച്ചും നാട്ടുഭാഷാപത്രങ്ങൾ ആവക രാജ്യങ്ങളിലെ പത്രങ്ങളെപ്പോലെ ഉൽകൃഷ്ടസ്ഥിതിയിൽ എത്തീട്ടില്ല. ഇന്ത്യയിൽ പൊതുജനങ്ങളുടെ ഇടയിൽ വിദ്യാഭ്യാസം പരന്ന പൊതുജനാഭിപ്രായത്തിന് ഏതാണ്ടൊരു ഉറപ്പ് വരുമ്പോൾ, നാട്ടുപത്രങ്ങളുടെ സ്ഥിതി ഇപ്പോഴത്തേതിലും എത്രയോ ഉയർന്ന സ്ഥിതിയിൽ എത്തുകയും ചെയ്യും.

നമ്മുടെ മലയാള ഭാഷയിലുള്ള  പത്രങ്ങളുടെ തൽക്കാലാവസ്ഥയെ ഒന്ന് പരിശോധിച്ചുനോക്കിയാൽ പൊതുജനാഭിപ്രായങ്ങളെക്കൊണ്ട് പത്രങ്ങൾക്കുണ്ടായിട്ടുള്ള വ്യത്യാസങ്ങളും പത്രങ്ങളെക്കൊണ്ട് പൊതുജനാഭിപ്രായത്തിനുണ്ടായിട്ടുള്ള ഭേദഗതികളും ഏതാണ്ട് മനസ്സിലാവുന്നതാണ്. പത്രപ്രവർത്തനത്തിൽ എനിക്കുണ്ടായിട്ടുള്ള ഇരുപത്തേഴ് കൊല്ലത്തെ  പരിചയംകൊണ്ട്, മലയാള ജില്ലയിൽ കഴിഞ്ഞ ഇരുപത്തേഴ് കൊല്ലങ്ങൾക്കുള്ളിൽ പത്രങ്ങൾ മൂലമായി, ജനങ്ങളുടെ അറിവിലും അഭിപ്രായങ്ങളിലും എത്രത്തോളം വ്യത്യാസം വന്നിട്ടുണ്ടെന്നുള്ളത് എനിക്ക് സാമാന്യം അറിയാം. ഞാൻ പത്രപ്രവൃത്തിയിൽ ഇറങ്ങിയകാലത്തു ഈ ജില്ലയിൽ പൊതുജനാഭിപ്രായം എന്ന ഒന്ന് ഉണ്ടായിരുന്നുവോ എന്നുതന്നെ സംശയമായിരുന്നു. ഏതെങ്കിലും ഒരു ദിക്കിലെ പ്രമാണിയുടെയോ, ഒരു ഉദ്യോഗസ്ഥന്റെയോ അഭിപ്രായത്തിനനുസരിച്ചായിരുന്നു ജനങ്ങളുടെ അഭിപ്രായവും നിന്നിരുന്നത്. പ്രമാണികളുടെയും ഉദ്യോഗസ്ഥന്മാരുടെയും അഭിപ്രായങ്ങൾക്ക് വിപരീതമായ അഭിപ്രായങ്ങൾ ആലോചിച്ചുണ്ടാക്കുവാനുള്ള അറിവ് അധികം ആളുകൾക്കും ഉണ്ടായിരുന്നില്ല. ചുരുക്കം  ചിലർക്ക് ഉണ്ടായിരുന്നെങ്കിൽതന്നെ അത് വെളിവിൽ പറവാൻ അവർക്ക് ധൈര്യവും ഉണ്ടായിരുന്നില്ല.

എന്റെ കേരളപത്രിക എന്ന പത്രം മലയാളജില്ലയിൽ മലയാളഭാഷയിലെ ഒന്നാമത്തെ പത്രമാണ്. കൊച്ചിയിലും തിരുവിതാംകൂറിലും അതിന്ന് മുമ്പ് ഒന്നോ രണ്ടോ മലയാളപത്രങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അവയെ മലയാള ജില്ലക്കാർ എത്രയോ ചുരുക്കമേ വരുത്തിവായിച്ചിരുന്നുള്ളൂ. അതുകൊണ്ട് ആ കാലത്തു പത്രവായനയിലുള്ള അഭിരുചി  എത്രയോ ചുരുക്കം ആളുകൾക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇംഗ്‌ളീഷ് പഠിച്ചവർക്ക്, ഇംഗ്‌ളീഷ് പത്രങ്ങൾ വായിച്ച് ശീലമുണ്ടായിരുന്നതുകൊണ്ട് അവരിൽ ചിലർക്ക് പത്രം കൊണ്ടുണ്ടാവുന്ന ഗുണം നിശ്ചയമുണ്ടായിരുന്നു. സാധാരണ ജനങ്ങൾക്കെന്നുവേണ്ട  സംസ്‌കൃതത്തിലും നാട്ടുഭാഷയിലും ഒരുവിധം പാണ്ഡിത്യം ഉണ്ടായിരുന്നവർക്കുകൂടി വർത്തമാനപത്രത്തെ കൊണ്ടുണ്ടാവുന്ന ഉപകാരം എന്താണെന്ന് നിശ്ചയമുണ്ടായിരുന്നില്ല. അതുകൊണ്ട് പത്രിക ആരംഭിച്ച ആദ്യകാലത്ത് എനിക്കും എന്റെ സഹായികൾക്കും ഉണ്ടായ ബുദ്ധിമുട്ട് അല്പമല്ലായിരുന്നു. മാന്യന്മാരായ ചില സ്‌നേഹിതന്മാരുടെ ഉത്സാഹംകൊണ്ട് ആദിയിൽതന്നെ വരിക്കാർ കുറെ ഉണ്ടായി. നാട്ടുപുറങ്ങളിൽ നിന്ന് വർത്തമാനങ്ങളും ലേഖനങ്ങളും എഴുതുവാൻ തക്ക ആളുകൾ ഇല്ലാത്തതുകൊണ്ടാണ് ബുദ്ധിമുട്ട് അധികവും ഉണ്ടായത്. ഇംഗ്‌ളീഷ് പഠിച്ചവരിൽ ചിലർക്ക് നാട്ടുഭാഷയിലുള്ള പത്രങ്ങൾ വായിക്കുന്നതും, അവകളിലേക്ക് വല്ലതും എഴുതുന്നതും തങ്ങളുടെ അവസ്ഥക്ക് കുറവാണെന്നുള്ള വിചാരം കൂടി ഉണ്ടായിരുന്നു. ചിലർ നാട്ടുഭാഷയിൽ എന്തെങ്കിലും എഴുതുവാൻ ശീലമില്ലാത്തവരും ആയിരുന്നു.

ഇംഗ്‌ളീഷ് പഠിക്കാത്തവരും നാട്ടുഭാഷയിലോ സംസ്‌കൃതത്തിലോ സാമാന്യം അറിവുള്ളവരോ ആയവർ -കോടതികളിൽ ശീലിച്ചവരും ആധാരം എഴുത്തുകാരും ഒഴികെ -കവികൾ-എന്നുവെച്ചാൽ പദ്യപരമായ  കവിതകൾ – മാത്രം വായിച്ചുശീലിച്ചവരുമായിരുന്നതിനാൽ, ഗദ്യങ്ങൾ എഴുതാൻ ഒട്ടുംതന്നെ ശീലമുള്ളവരായിരുന്നില്ല. കോടതിക്കാരുടെ വാചകരീതി പത്രങ്ങളിലേക്ക് വളരെ പറ്റിയതും ആയിരുന്നില്ല. ഈ വക കാരണങ്ങളാൽ ആദ്യകാലത്ത് ലേഖനദൌർലഭ്യം കൊണ്ടും ലേഖകദൌർലഭ്യം കൊണ്ടും ഞാൻ സാമാന്യം ബുദ്ധിമുട്ടീട്ടുണ്ട്. ചിലപ്പോൾ നാട്ടുപുറങ്ങളിൽ നിന്ന് വന്നിരുന്ന വർത്തമാനക്കത്തുകളെയും ലേഖനങ്ങളെയും സാധാരണ മലയാളത്തിൽ ആക്കേണ്ടതിന്ന് മാറ്റി എഴുതേണ്ടിയും വന്നിട്ടുണ്ട്. ചിലപ്പോൾ വർത്തമാനങ്ങൾ ശ്ലോകങ്ങളായും പ്രസിദ്ധം ചെയ്യേണ്ടിവന്നിട്ടുണ്ട്. അക്കാലത്ത് ജനങ്ങളുടെ അഭിപ്രായങ്ങളും രുചിയും ഇപ്പോഴത്തേതിൽനിന്ന് എത്രയോ വ്യത്യാസപ്പെട്ട നിലയിൽ ആയിരുന്നു. കൈക്കൂലി വാങ്ങി അന്യായം പ്രവർത്തിക്കുന്നത് പ്രാപ്തിയും യോഗ്യതയും ഉള്ള ഉദ്യോഗസ്ഥന്മാരുടെ ലക്ഷണമാണെന്നും സത്യമായും മര്യാദയായും നടക്കുന്നത് പോരാത്തവരുടെ ലക്ഷണമാണെന്നുമായിരുന്നു വളരെ ജനങ്ങളും വിശ്വസിച്ചുപോന്നിരുന്നത്. കൈക്കൂലി മേടിച്ചും വേറെ പ്രകാരത്തിൽ അഴിമതികൾ ചെയ്തും ജനങ്ങളെ ദ്രോഹിച്ചിരുന്ന ഉദ്യോഗസ്ഥന്മാരെ, നാട്ടിൽ പ്രമാണികൾ കൂടി ഭയഭക്തിയോടുകൂടി ആദരിച്ചുപോന്നിരുന്നത് ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്. ഇതുപോലെതന്നെ മറ്റ് പലേ കാര്യങ്ങളിലും ജനങ്ങളുടെ അഭിപ്രായം നല്ലനിലയിൽ അല്ലായിരുന്നു.

ഇനി ജനങ്ങളുടെ രുചി അല്ലെങ്കിൽ വായനാരസം എന്നുള്ള സംഗതിയെപ്പറ്റി ആലോചിക്കുന്നതായാൽ അതും ഇപ്പോഴത്തേതിലും എത്രയോ വ്യത്യാസപ്പെട്ട നിലയിലായിരുന്നു. അക്കാലത്ത് ജനസമുദായത്തിന്റെ സ്ഥിതിയെ സംബന്ധിച്ചോ, രാജ്യകാര്യങ്ങളെ സംബന്ധിച്ചോ സമുദായാഭിവൃദ്ധിക്ക് വേണ്ടുന്ന വിഷയങ്ങളെ സംബന്ധിച്ചോ ഗൌരവമായ വല്ല മുഖപ്രസംഗവും എഴുതിയിരുന്നാൽ അത് അധികം ജനങ്ങൾക്ക് രുചിച്ചിരുന്നില്ല. വല്ല കാര്യങ്ങളെയും ദുഷിച്ചോ, വല്ലവരെയും ഹസിച്ചോ എഴുതിയിരുന്നുവെങ്കിൽ അവയെ  അധികം ജനങ്ങളും സന്തോഷത്തോട് കൂടി വായിച്ചിരുന്നു. യാതൊരു വലിയ കാര്യത്തെപറ്റിയും ആലോചിക്കുവാൻ ജനങ്ങൾക്ക് മനസ്സുണ്ടായിരുന്നില്ല; വല്ലവർക്കും മനസ്സുണ്ടായിരുന്നെങ്കിൽതന്നെ ആലോചിച്ച് അഭിപ്രായം പറയാൻ തക്ക കഴിവ് എത്രയോ ചുരുക്കം ജനങ്ങൾക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇങ്ങിനെയായിരുന്നു പഴയ കാലത്ത്, നാട്ടുകാര്യങ്ങളെപ്പറ്റി സ്വതന്ത്രമായ നിലയിൽ പത്രികയിൽ അഭിപ്രായങ്ങൾ പറഞ്ഞിരുന്നതിന്മേൽ പലേ പ്രമാണികൾക്കും ഉദ്യോഗസ്ഥന്മാർക്കും പത്രികയുടെ നേരെ വിരോധം ഉണ്ടായിരുന്നു. കാലക്രമംകൊണ്ട് ആ വക വിരോധങ്ങൾക്ക് വിലയില്ലാതാവുകയും ജനങ്ങളുടെ അഭിപ്രായങ്ങൾക്ക് ക്രമേണ വ്യത്യാസം വരികയും ചെയ്തു; എന്നുള്ളതും എനിക്ക് അനുഭവമുള്ളതാണ്. കഴിഞ്ഞ ഇരുപത്തേഴ് കൊല്ലം കൊണ്ട് മലയാളത്തിൽ പൊതുജനാഭിപ്രായത്തിനും ജനങ്ങളുടെ നടവടിക്കും വന്നിട്ടുള്ള വ്യത്യാസം അന്നത്തേയും ഇന്നത്തേയും സ്ഥിതി സൂക്ഷ്മമായി പരിശോധിച്ചാൽ അറിയാവുന്നതുമാണ്.

ഇന്ന് മലയാളത്തിൽ വളരെ പക്വമായ നിലയിൽ അല്ലെങ്കിലും, ഒരുവിധമായ പൊതുജനാഭിപ്രായം ഉണ്ടെന്ന് ഞാൻ തീർച്ചയായും പറയാം. ലേഖകദൌർലഭ്യമോ ലേഖനദൌർലഭ്യമോ  ഇപ്പോൾ ഇല്ല. പലേതരം വിഷയങ്ങളെപ്പറ്റിയും വെടിപ്പായ വിധത്തിൽ ലേഖനങ്ങൾ എഴുതുവാനും തർക്കത്തിൽ ഇരിക്കുന്ന സംഗതികളിന്മേൽ  ന്യായമാംവണ്ണം വാദപ്രതിവാദം ചെയ്യുന്നതിനും പ്രാപ്തരായവർ ഇപ്പോൾ ഇംഗ്‌ളീഷ് ഭാഷ പരിചയമില്ലാത്തവരുടെ ഇടയിൽ കൂടി ധാരാളം ഉണ്ടെന്ന് സംശയം കൂടാതെ ധൈര്യമായി പറയാം.  എന്റെ പത്രത്തിൽ സാധാരണയായി കാണുന്ന അനവധി ലേഖനങ്ങൾ ഈ പറഞ്ഞതിനെ തെളിയിക്കുന്നതുമാണ്. ദൂഷ്യാരോപണങ്ങളിലും പരിഹാസങ്ങളിലും വിമുഖതയും, ലോകകാര്യങ്ങളെ ഗൗരവമായ നിലയിൽ വിവരിക്കുന്നതിൽ സന്തോഷവും ജനങ്ങൾക്ക് വർദ്ധിച്ചുതുടങ്ങിയിരിക്കുന്നു. കൈക്കൂലി വാങ്ങി അനീതികൾ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥന്മാരുടെ എണ്ണം ഇപ്പോൾ വളരെ ചുരുങ്ങിയിരിക്കുന്നുവെങ്കിലും ചുരുക്കം ചിലരുള്ളവരുടെ നേരെ വെറുപ്പും, സത്യവാന്മാരും മര്യാദക്കാരുമായന്മാരുടെ മേൽ ബഹുമാനവും വർദ്ധിച്ചുവന്നിരിക്കുന്നു. ഉദ്യോഗസ്ഥന്മാരും നാട്ടുപ്രമാണികളും അനീതികൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ അവയെപ്പറ്റി പത്രങ്ങളിലേക്കെഴുതി പ്രസിദ്ധംചെയ്ത് ആ വക അനീതികളെ നിർത്തൽ ചെയ്യുന്നതിന് ജനങ്ങൾക്ക് ലേശംപോലും ഭയവും മടിയും ഇല്ലാതായിത്തുടങ്ങുകയും ചെയ്തിരിക്കുന്നു. സത്യത്തിന്മേലും സ്വാതന്ത്ര്യത്തിന്മേലും ഉള്ള ബഹുമാനം ദിവസംപ്രതി വർദ്ധിച്ചുംവന്നു തുടങ്ങിയിരിക്കുന്നു.

ഈവക മാറ്റങ്ങൾ കാലത്തിനനുസരിച്ച് ഉണ്ടായവയാണെങ്കിലും വർത്തമാനപത്രങ്ങൾ ഇവയ്ക്ക് കാരണമായിട്ടില്ലെന്നും പറഞ്ഞുകൂടാ. പൊതുജനങ്ങളുടെ ഇടയിൽ രാജ്യകാര്യങ്ങളെ സംബന്ധിച്ചുള്ള അറിവ് വർദ്ധിച്ചതിന് വർത്തമാനപത്രങ്ങൾ പ്രധാന കാരണങ്ങളാണെന്നുതന്നെ പറയണം. പൊതുജനങ്ങളുടെ ഇടയിൽ അറിവ് വർദ്ധിക്കുന്നത്, വർത്തമാനപത്രങ്ങളുടെ  നടവടികളിൽ ഭേദഗതി ചെയ്യുന്നുണ്ടെന്നുള്ളതും ഈ മലയാളത്തിലെ പത്രങ്ങളുടെ ആദ്യകാലങ്ങളിലെ സ്ഥിതിയും ഇപ്പോഴത്തെ സ്ഥിതിയും ചേർത്തുപരിശോധിച്ചുനോക്കിയാൽ അറിയാവുന്നതാണ്. ഈ ജില്ലയിൽ പൊതുജനാഭിപ്രായം എന്ന ഒരു സാധനത്തെ സൃഷ്ടിക്കുന്നതിനു കാരണഭൂതന്മാരായതിൽ ഒരു പ്രധാനിയാണെന്ന് അഭിമാനിച്ചുകൊണ്ടിരിക്കുന്ന എന്റെ അഭിപ്രായങ്ങൾക്കുതന്നെ ഇപ്പോഴത്തെ പൊതുജനാഭിപ്രായമനുസരിച്ച് ചില മാറ്റങ്ങൾ വന്നിട്ടുണ്ടെന്നുള്ളത് സമ്മതിക്കാതെ കഴിയുന്നതല്ല.

പത്രവായന  വിദ്യാഭ്യാസത്തിന്റെ ഒരു പ്രധാനഭാഗമാണ്. വിദ്യാഭ്യാസം എന്ന പദത്തിന് വിദ്യാശാലകളിൽ വെച്ച് ചില പുസ്തകങ്ങൾ പഠിക്കുക എന്ന അർത്ഥം മാത്രമല്ല ഉള്ളു. വിദ്യാശാലകളിൽനിന്നും സർവകലാശാലകളിൽ നിന്നു കൂടിയും സിദ്ധിക്കുന്ന വിദ്യാഭ്യാസം പൂർണമായിട്ടുള്ളതല്ല. ആ വക വിദ്യാഭ്യാസം സിദ്ധിച്ചതിനു ശേഷം  ലോകാവസ്ഥകൾ കണ്ടും കേട്ടും പരിചയിച്ചും ബുദ്ധിക്ക് പക്വതയും വികാസവും ഉണ്ടാക്കുന്നതാണ് യഥാർത്ഥമായുള്ള വിദ്യാഭ്യാസം, അപ്രകാരമുള്ള വിദ്യാഭ്യാസത്തിന്റെ ഏതാനും ഭാഗം പത്രങ്ങളെ വായിക്കുന്നതിൽ സിദ്ധിക്കുന്നതാണ്. വർത്തമാനപത്രങ്ങൾ, ജനങ്ങളുടെ അവകാശങ്ങളെയും അധികാരങ്ങളെയും വീഴ്ച വരുത്താതെ നിലനിർത്തിപ്പോരുന്നതിനുള്ള ആയുധങ്ങളാണെന്ന് കൂടി വിചാരിക്കാവുന്നതാണ്. ചില  രാജ്യങ്ങളിൽ അവ അങ്ങനെ തന്നെ ആണുതാനും. ഇന്ത്യയിൽ പത്രങ്ങളുടെ സ്ഥിതി ആ നിലയിൽ എത്തീട്ടില്ലെങ്കിൽ കൂടി നാട്ടിൽ വിദ്യാഭ്യാസം പരക്കുന്നതോട് കൂടി വർത്തമാനപത്രങ്ങളുടെ മാന്യതയും വർദ്ധിക്കുന്നതാകുന്നു. അതുകൊണ്ട് വർത്തമാനപത്രത്തൊഴിൽ മാന്യതയിൽ വിചാരിച്ചുപോരുന്ന വക്കീൽപ്രവൃത്തി, വൈദ്യപ്രവൃത്തി മുതലായവയിൽ ഒട്ടുംതന്നെ പ്രാധാന്യം കുറഞ്ഞതല്ല. അങ്ങനെയുള്ള പ്രവൃത്തികളുടെ ഒരു ചരിത്രം പത്രവായനക്കാരായവർ അറിഞ്ഞിരിക്കേണ്ടതുമാണ്. ആ അറിവ് രാമകൃഷ്ണപിള്ള അവർകളുടെ ഈ പുസ്തകത്തിൽനിന്ന് ഉണ്ടാകുമെന്നതിനും വാദമില്ല.  നാട്ടിൽ വിദ്യാഭ്യാസം വർദ്ധിക്കുന്നതിനോടുകൂടി പത്രപ്രവർത്തനത്തിനും പ്രാധാന്യം  വർദ്ധിക്കും എന്നു ഞാൻ മുമ്പുതന്നെ പറഞ്ഞിരുന്നുവല്ലോ. ആ കാലത്ത് പത്രപ്രവർത്തനത്തൊഴിൽ നല്ലവണ്ണം ശീലിച്ചിട്ടുള്ളവർ പത്രങ്ങൾ നടത്തുന്നതിന് ആവശ്യമായി വരികയും ചെയ്യും. അതുകൊണ്ട് പത്രപ്രവർത്തനത്തെ വിവരിക്കുന്നതായ ഈ വിധം ഒരു പുസ്തകവും എത്രയും ആവശ്യമുള്ളതായിത്തീരുന്നതാണല്ലോ.

മറ്റുള്ള പത്രങ്ങളെപ്പറ്റി ഗുണദോഷ നിരൂപണം ചെയ്യുവാൻ തക്ക യോഗ്യത എനിക്കുണ്ട് എന്നുള്ള ദുരഭിമാനം എനിക്കില്ല. എങ്കിലും കലശലായ ദൂഷ്യം ഉള്ളതിനെ തിരിച്ചറിയുവാൻ അധികകാലത്തെ പരിചയം കൊണ്ട് സാധിക്കുമെന്നാണ് വിചാരിക്കുന്നത്. പത്രപ്രവർത്തകന്മാർക്ക് പരിചയം പോരാഞ്ഞിട്ടോ പഠിപ്പില്ലാഞ്ഞിട്ടോ മറ്റുപല സംഗതികളാലോ എന്തുകൊണ്ടാണെന്നറിയുന്നില്ല, നമ്മുടെ മലയാളഭാഷയിലുള്ള ചില പത്രങ്ങളുടെ രീതി വളരെ യോഗ്യതയായ നിലയിലാണെന്ന് പറയുവാൻ എനിക്കു മനസ്സുവരുന്നില്ല. ഈ ന്യൂനത അധികമായും കണ്ടുവരുന്നത് തിരുവിതാംകൂറിലെ ചില പത്രങ്ങളിലാണെന്ന് പറഞ്ഞാൽ ആ ദിക്കുകാർ മുഷിയുകയില്ലെന്ന് വിചാരിക്കുന്നു. ഈ പുസ്തകകർത്താവ് രാമകൃഷ്ണപിള്ള അവർകൾ സ്വാതന്ത്ര്യത്തെയും സത്യത്തെയും ജനസമുദായത്തിന്റെ ഗുണത്തെയും ഇച്ഛിച്ചു പത്രം നടത്തിയിരുന്ന ഒരാളായിരുന്നതിനാൽ തിരുവിതാംകൂറിൽ നിന്ന് ഭൃഷ്ഠനായി പുറത്തുപോകേണ്ടിവന്നു എങ്കിലും അദ്ദേഹം തിരുവിതാംകൂറുകാരനായതുകൊണ്ട്  അദ്ദേഹത്തിന്റെ ഒരു കൃതിയെപ്പറ്റി പറയുമ്പോൾ തിരുവിതാംകൂറിലെ പത്രങ്ങളെപ്പറ്റി പ്രത്യേകമായി പറഞ്ഞു എന്നുവെച്ച് സമാധാനിക്കാം. ഞാനും എന്നെപ്പോലുള്ള മറ്റ് ബ്രിട്ടീഷ് മലയാളത്തിലെ മറ്റ് പത്രാധിപന്മാരും സർവജ്ഞന്മാരാണെന്ന് ഇതുകൊണ്ടുവരുന്നില്ല. ഞങ്ങളുടെ കൈയ്യിലും തെറ്റുകൾ വളരെ ഉണ്ടെന്ന് ഞാൻ തന്നെ സമ്മതിക്കുകയുംചെയ്യാം. അവനവന്റെ വക്കലുള്ള തെറ്റുകളെ കണ്ടറിഞ്ഞ്, അവയെതീർത്ത് പത്രപ്രവർത്തനം ഉത്തമരീതിയിലാക്കുവാനാണ് ഈ തൊഴിലിൽ ഏർപ്പെട്ടവരെല്ലാവരും ശ്രമിക്കേണ്ടത്. രാമകൃഷ്ണപിള്ള അവർകളുടെ ഈ പുസ്തകം അതിന്നു  വഴികാട്ടിക്കൊടുക്കുമെന്നാണ് ഞാൻ വിചാരിക്കുന്നത്.

(1)വൃത്താന്ത പത്രപ്രവർത്തനം സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള -കേരള പ്രസ് അക്കാദമി കൊച്ചി നാലാം പതിപ്പ്. 1984 
(2)ചിന്തകൾ സ്പന്ദനങ്ങൾ-വി. കരുണാകരൻ നമ്പ്യാർ പേജ് 8
(3)സമകാലീനരായ ചില കേരളീയർ കെ.പി.കേശവമേനോൻ- എസ്.പി..സി.എസ് 1974  പേജ് 18-25
(4)മാതൃഭൂമിയുടെ ചരിത്രം ഒന്നാം വാല്യം 1923 മുതൽ 1935 വരെ പേജ് 48 
(5)കഴിഞ്ഞകാലം -കെ.പി.കേശവമേനോൻ മാതൃഭൂമി പേജ് 139, 151, 431 കോഴിക്കോട് 1979
(6)സമകാലീനരായ ചില കേരളീയർ-കെ.പി.കേശവമേനോൻ- പേജ് 21
(7) കേരള പത്രപ്രവർത്തനം സുവർണാധ്യായങ്ങൾ പേജ് 28- ജി.പ്രിയദർശനൻ

Leave a Reply

Your email address will not be published. Required fields are marked *

Go Top