മിതവാദി സി.കൃഷ്ണൻ (1867-1938)

എൻ.പി.രാജേന്ദ്രൻ

പത്രത്തിന്റെ പേരാണ് സി. കൃഷ്ണന്റെ ഒപ്പമുള്ളതെങ്കിലും മിതവാദിയിൽ എത്തുംമുമ്പേതന്നെ കൃഷ്ണൻ പത്രാധിപർ എന്ന നിലയിൽ പേരെടുത്തിരുന്നു. കേരളസഞ്ചാരി പത്രത്തിലാണ് കൃഷ്ണൻ ആദ്യമായി പത്രാധിപത്യം വഹിക്കുന്നത്. വിദ്യാസമ്പന്നർക്കുമാത്രം മനസ്സിലാവുന്ന കഠിനമലയാളത്തിലാണ് അക്കാലത്ത് പ്രമുഖർ എഴുതിയിരുന്നത്. തന്റെ വായനക്കാർ ആരാവും, ആരാവണം എന്ന് നല്ല ബോധ്യമുണ്ടായിരുന്നതുകൊണ്ട് കൃഷ്ണൻ സാധാരണക്കാർക്ക് മനസ്സിലാവുന്ന ലളിതമായ ശൈലിയിലാണ് എഴുതിയത്. മിതവാദിയിൽ എത്തുംമുമ്പുതന്നെ അതായിരുന്നു സ്ഥിതി.

മിതവാദി പത്രം സി.കൃഷ്ണൻ സ്ഥാപിച്ചതല്ല. 1909-ൽ നിലച്ചുപോയ ഒരു തലശ്ശേരിപ്പത്രമായിരുന്നു അത്. ആ പേര് വിലയ്ക്ക് വാങ്ങിയാണ് കൃഷ്ണൻ 1913-ൽ കോഴിക്കോട്ടുനിന്ന് പുതിയ പത്രമാരംഭിക്കുന്നത്. അന്ന് പ്രസിദ്ധീകരണത്തിന് മുകളിൽ ‘തിയ്യരുടെ വക’ എന്ന് രേഖപ്പെടുത്താറുണ്ടായിരുന്നു. പക്ഷേ, പല ജാതിമതസ്ഥർ അതിൽ എഴുതാറുണ്ട്. വിഭാഗീയ ചിന്തയെക്കാളേറെ അവശജനവിഭാഗങ്ങളുടെ ശബ്ദം കേൾപ്പിക്കുക എന്ന ജീവിതദൗത്യത്തിന്റെ പ്രഖ്യാപനമായിരുന്നു അത്. എന്നാൽ, കേവലം സമുദായകാര്യങ്ങൾമാത്രം പറയുന്ന പത്രമായിരുന്നില്ല മിതവാദി. കൃഷ്ണന്റെ മുഖപ്രസംഗങ്ങളിൽ വിശാലമായ ലോകമാണ് പ്രതിഫലിച്ചിരുന്നത്. കൊച്ചുരാജ്യങ്ങളിലെ സംഭവങ്ങളാകട്ടെ ലോകയുദ്ധമാകട്ടെ, മിതവാദി വായിച്ചാൽ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റുമായിരുന്നു. ഒന്നാം ലോകയുദ്ധകാലത്ത് യുദ്ധവാർത്തകൾ മാത്രം എഴുതിനിറച്ച് ദിനപത്രമായി ഇറക്കിയിരുന്നു മിതവാദി.

ശ്രീനാരായണ ഗുരുദേവന്റെ സന്ദേശങ്ങൾ പ്രചരിപ്പിക്കുക എന്നത് ജീവിതദൗത്യമായി സ്വീകരിച്ച മനുഷ്യസ്‌നേഹിയായിരുന്നു കൃഷ്ണൻ. എഴുതുക മാത്രമല്ല, പൊതുരംഗത്തിറങ്ങി ഇത്തരം പോരാട്ടങ്ങളിൽ പങ്കാളിയാവുക കൂടി ചെയ്തു. 1916-ൽ കോഴിക്കോട് തളി ക്ഷേത്രപരിസരത്തെ റോഡിൽ തീയർ മുതലായ ജാതിക്കാർ നടക്കുന്നത് നിരോധിച്ചപ്പോൾ അത് ലംഘിക്കാൻ കൃഷ്ണൻ സന്നദ്ധനായി. പിൽക്കാലത്ത് മാതൃഭൂമി സ്ഥാപകരായ കെ.പി.കേശവമേനോനും കെ.മാധവൻനായരും പ്രമുഖ അഭിഭാഷകൻ മഞ്ചേരി രാമയ്യരും നിയമലംഘനത്തെ പിന്താങ്ങാൻ കൃഷ്ണനൊപ്പം ഉണ്ടായിരുന്നു. പക്ഷേ, 1924-ൽ വൈക്കം സത്യാഗ്രഹം നടക്കുമ്പോൾ പഴയ കൂട്ടാളികൾ ഭിന്നിച്ചുനിന്നതും കേരളം കണ്ടു. അവർണജാതിക്കാർക്ക് ക്ഷേത്രപ്രവേശനാവകാശം ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ സത്യാഗ്രഹത്തിന്റെ രണ്ട് പ്രമുഖനേതാക്കൾ മാതൃഭൂമി പത്രാധിപർ കെ.പി.കേശവമേനോനും മാതൃഭൂമി മാനേജർ കെ.കേളപ്പനുമായിരുന്നു. മിതവാദിയും സി.കൃഷ്ണനും കോൺഗ്രസ്സിന്റെ ഉദ്ദേശ്യശുദ്ധിയെ മുഖവിലയ്‌ക്കെടുത്തില്ല എന്നും വൈക്കം സത്യാഗ്രഹത്തെ ആളെക്കൂട്ടാനുള്ള ഒരു കോൺഗ്രസ് തന്ത്രമായാണ് അവർ കണ്ടത് എന്നും കെ.പി.കേശവമേനോൻ അവതാരിക എഴുതി പ്രസിദ്ധപ്പെടുത്തിയ മാതൃഭൂമിയുടെ ചരിത്ര'(1)ത്തിൽ പറയുന്നുണ്ട്. എന്നാൽ, ‘വൈക്കം സത്യാഗ്രഹത്തെ അർഥംകൊണ്ടു സഹായിച്ചവരുടെ മുൻനിരയിലായിരുന്നു സി.കൃഷ്ണൻ. സമരത്തിന് ഊക്കും ഉഷാറും പകരാൻ പര്യാപ്തമായ നിരവധി മുഖപ്രസംഗങ്ങൾ മിതവാദി എഴുതി’ എന്ന് മാധ്യമചരിത്ര ഗവേഷകനായ ജി.പ്രിയദർശനൻ പറയുന്നു. ഒരു തോണിയിലായിരുന്നില്ല ഇവരുടെ സഞ്ചാരം എന്ന് വ്യക്തം. സാമുദായികപ്രശ്‌നം പരിഹരിക്കാതെയുള്ള സ്വാതന്ത്ര്യലബ്ധി സവർണജാതിക്കാർക്ക് ആധിപത്യമുള്ള ഭരണവ്യവസ്ഥയിലേക്കാണ് നയിക്കുക എന്ന് കൃഷ്ണൻ ഉറച്ചുവിശ്വസിച്ചിരുന്നു. അതുകാരണം അദ്ദേഹം സ്വാതന്ത്ര്യസമരത്തെ പിന്തുണച്ചിരുന്നില്ല. പക്ഷേ, അദ്ദേഹം ഗാന്ധിജിയെ ആദരിച്ചിരുന്നു. ദക്ഷിണാഫ്രിക്കയിൽ സമരംനടത്തുന്ന കാലത്തുതന്നെ ഗാന്ധിയിൽ ഭാവി രാഷ്ട്രപിതാവിനെ കണ്ടിരുന്നു എന്നുകരുതാവുന്ന കാഴ്ചപ്പാടുകൾ മിതവാദി മുഖപ്രസംഗങ്ങളിൽ കൃഷ്ണൻ പ്രകടിപ്പിച്ചിരുന്നു.

ലോകത്തെവിടെ അവശജനങ്ങൾ ഉയിർത്തെഴുന്നേറ്റതായി വാർത്തയുണ്ടായാലും അതിനെ പിന്താങ്ങാൻ മിതവാദി മടിച്ചില്ല. റഷ്യയിലെ കമ്യൂണിസ്റ്റ് വിപ്ലവത്തെ സ്വാഗതംചെയ്തുകൊണ്ട് മിതവാദി മുഖപ്രസംഗമെഴുതിയിട്ടുണ്ട്. അതുപോലെ, മദ്യപാനം പോലുള്ള ദൂഷ്യങ്ങളെ എതിർത്തു. ലോകത്തെ ദുരിതങ്ങളിൽ മുക്കാലെ അരയ്ക്കാലിനും കാരണം മദ്യപാനമാണെന്ന് കൃഷ്ണൻ വക്കീൽ വിശ്വസിച്ചിരുന്നു. ജാതിപ്പിശാചിനെ തോൽപ്പിക്കാൻ ബുദ്ധമതത്തിൽ ചേർന്ന കൃഷ്ണൻ തന്നെയാണ് യുക്തിവാദിസംഘടനയുണ്ടാക്കാൻ മുന്നിൽനിന്നത്. കേരളത്തിലെ യുക്തിവാദികളുടെ ആദ്യസമ്മേളനം സി. കൃഷ്ണന്റെ വീട്ടിലാണ് നടന്നത്(2). യുക്തിവാദസംബന്ധമായ ലേഖനങ്ങൾ മിതവാദിയിലും പ്രസിദ്ധപ്പെടുത്തി. രാമവർമ്മ തമ്പാൻ, സി.വി. കുഞ്ഞുരാമൻ, സഹോദരൻ അയ്യപ്പൻ, എം.സി. ജോസഫ് എന്നിവർക്കൊപ്പം സി. കൃഷ്ണനും ഉണ്ടായിരുന്നു യുക്തിവാദി മാസികയുടെ ആദ്യ പത്രാധിപസമിതിയിൽ. വ്യക്തമായ കാഴ്ചപ്പാടോടെയാണ് അദ്ദേഹം പ്രത്യക്ഷത്തിൽ വൈരുദ്ധ്യം നിറഞ്ഞതെന്ന് തോന്നുന്ന പല നിലപാടുകളും സ്വീകരിച്ചത്. ജന്മിയായിരിക്കെത്തന്നെ കുടിയാന്മാർക്കുവേണ്ടി വാദിക്കുകയും കുടിയാന്മാരുടെ മോചനത്തെക്കുറിച്ച് സദാസമയം ആലോചിക്കുകയും ചെയ്യുമ്പോഴും സവർണവിഭാഗത്തിൽപ്പെട്ട ഒ. ചന്തുമേനോനെപ്പോലുള്ളവരുടെ നേട്ടങ്ങളെ ഹൃദയംതുറന്ന് അംഗീകരിക്കുകയും അദ്ദേഹത്തിന്റെ ജീവചരിത്രം എഴുതുകയും ചെയ്തിട്ടുണ്ട് കൃഷ്ണൻ. കൃഷ്ണന് ബ്രിട്ടീഷ് ഭരണകാലത്ത് ഉന്നത ഉദ്യോഗം കരസ്ഥമാക്കാൻ ഒരു പ്രയാസവുമുണ്ടായിരുന്നില്ല. പക്ഷേ, പത്രാധിപത്യം ഉപകരണമാക്കി സമൂഹത്തിന്റെ ഉയർച്ചയ്ക്കുവേണ്ടി പൊരുതുകയായിരുന്നു അദ്ദേഹം അവസാനശ്വാസം വരെ.

1867 ജൂൺ 11-ന് തൃശ്ശൂരിലെ അതിസമ്പന്ന ജന്മികുടുംബങ്ങളിൽ ഒന്നായ ‘ചങ്ങരം കുമരത്ത്’ തറവാട്ടിൽ ജനിച്ച സി. കൃഷ്ണൻ മദ്രാസിൽ വക്കീൽപഠനത്തിനു ശേഷമാണ് കോഴിക്കോട് ജില്ലാ കോടതിയിൽ വക്കീലായി പ്രവർത്തനം തുടങ്ങിയത്. 1938 നവംബർ 29-ന് അന്തരിച്ചു.

മിതവാദി 1916 ജനവരി ലക്കത്തിൽ എഴുതിയ മുഖക്കുറിപ്പുകളാണിത്. എല്ലാ ലക്കത്തിലും ആദ്യപേജ് ഇങ്ങനെ ലോകത്തെമ്പാടും ഉണ്ടാകുന്ന പ്രധാനകാര്യങ്ങളെക്കുറിച്ചുള്ള അഭിപ്രായപ്രകടനങ്ങളാണ് ഉണ്ടാവാറ്. തലക്കെട്ട് ഉണ്ടാവാറില്ല.

യുദ്ധക്കെടുതികൾ തീരുന്നില്ല – സി. കൃഷ്ണൻ
1915-ാമതു സംവത്സരം യുദ്ധത്തോടുകൂടി തന്നെ അവസാനിച്ചു. ഇനിയും ഈ ഭയങ്കരയുദ്ധത്തിന്റെ അവസാനം കാണത്തക്കനിലയായിട്ടില്ല. യൂറോപ്പിലുള്ള ജനങ്ങളെ എല്ലാം ആകെ ഒരു പാത്രത്തിലിട്ടു തിളപ്പിക്കുന്നു എന്നുതന്നെ പറയാം. ബ്രിട്ടീഷു ഗവൺമെന്റിന്റെ ശക്തികൊണ്ട് ഇന്നേവരെ നമ്മുടെ രാജ്യത്ത് ഒരു സമാധാനക്കേടും ഉണ്ടായിട്ടില്ല. പക്ഷേ ഈ യുദ്ധം നിമിത്തം എത്രത്തോളം ക്ഷാമവും പട്ടിണിയും രാജ്യത്തുണ്ടെന്നുള്ളത് നമുക്ക് നിശ്ചയമുള്ളതാണല്ലോ. എല്ലാവരും വളരെ സൂക്ഷിച്ചു നിൽക്കേണ്ടുന്ന കാലമാണിത് എന്നുള്ളതിന് സംശയമില്ല. ധനസമൃദ്ധികൊണ്ട് ശ്രുതിപ്പെട്ട ഇംഗ്ലണ്ടിലുള്ളവർപോലും പണത്തിനുള്ള ക്ഷാമത്തെപ്പറ്റി ആലോചിക്കുവാനും മുൻകരുതലുകൾ ചെയ്‌വാനും തുടങ്ങിയിരിക്കുന്നു. 50 ലക്ഷം പവൻ (ഏഴരക്കോടി ഉറുപ്പിക) ആകുന്നു ഇംഗ്ലണ്ടിന് യുദ്ധ ആവശ്യത്തിലേക്ക് ദിവസംപ്രതി ചെലവ്. ഇങ്ങിനെ എത്ര ദിവസം ചെലവു ചെയ്തു? ഇനി എത്ര ദിവസം ചെലവു ചെയ്യണം? അതുകൊണ്ട് എല്ലാ കാര്യങ്ങളിലും കഴിയുന്നേടത്തോളം ചെലവുചുരുക്കിയല്ലാതെ നിവൃത്തിയില്ലെന്ന പല മഹാന്മാരും അഭിപ്രായപ്പെട്ടിരിക്കുന്നു. യുദ്ധം അവസാനിച്ചതിനുശേഷവും അതിനുമുമ്പും ഉണ്ടാവാനിരിക്കുന്ന സ്ഥിതിയെപ്പറ്റി ഭയപ്പെട്ടിട്ടാണ് രാജ്യഭരണതന്ത്രത്തിൽ ഏർപ്പെട്ടിരിക്കുന്നവർ നിൽക്കുന്നതും. ദാരിദ്ര്യവും പ്രവൃത്തിയില്ലായ്മയും കച്ചവടങ്ങളുടെ വീഴ്ചയും പണത്തിനുള്ള ക്ഷാമവും വരുവാനിരിക്കുന്നതെയുള്ളൂ എന്ന് ചിലർ പറയുന്നു. അവർ ഊഹിക്കുന്ന വിധം കഷ്ടങ്ങൾ വരാതിരിക്കാൻ ദൈവം കാക്കട്ടെ എന്നു മാത്രം നമുക്ക് പറയാം. അതുകൊണ്ട് ഈ കാലത്ത് അനാവശ്യമായി പണം ചെലവു ചെയ്യുന്നവർ കഥയില്ലാത്തവരെന്നു മാത്രമല്ല വലിയ കുറ്റക്കാരാണെന്നു കൂടി കരുതേണ്ടതാകുന്നു.

***

മദ്യപാനം മുതലായവ തീരെ നിർത്തേണ്ടുന്ന അവസരം ഇതാകുന്നു. വല്ല വ്രതവും ഉള്ളകാലത്ത് മദ്യം പുകയില മുതലായ ലഹരിസാധനങ്ങൾ ഉപയോഗിച്ചുകൂടാ എന്നു പണ്ടേ തന്നെ ഹിന്ദുക്കൾക്ക് ഒരു നിശ്ചയമുണ്ട്. ഇപ്പോൾ നാം വ്രതത്തോടെ ദൈവത്തോട് മനസ്സലിഞ്ഞു പ്രാർത്ഥിക്കേണ്ടുന്ന കാലമാണെന്നുള്ളതിന് സന്ദേഹമില്ല. മദ്യത്തിന്റെ കാര്യത്തിൽ റഷ്യ, ഫ്രാൻസ് മുതലായ രാജ്യക്കാർ ചെയ്തപോലെ ചില നിശ്ചയങ്ങൾ ബ്രിട്ടീഷു ഗവൺമെന്റും ചെയ്യാത്തതിനെപ്പറ്റി ഞങ്ങൾ വളരെ വ്യസനിക്കുന്നു. യുദ്ധം കഴിയുന്നതുവരെ കോവിലകത്ത് മദ്യം കൊണ്ടു വരുവാൻ പാടില്ലെന്ന് നമ്മുടെ ചക്രവർത്തി മഹാരാജാവ് തിരുമനസ്സിൽ നിന്ന് തീർച്ചപ്പെടുത്തിയത് നമുക്കെല്ലാം ഒരു ഉദാഹരണമായി തീർന്നിരിക്കുന്നു. കിച്ചനർ പ്രഭുവും അതെപ്രകാരം ഉടനെതന്നെ ഒരു നിശ്ചയം ചെയ്യുകയുണ്ടായി. മറ്റുള്ള മന്ത്രിമാരും ഇങ്ങിനെ ചെയ്യേണ്ടതായിരുന്നു. ബോണർലൊ എന്ന പ്രസിദ്ധനായ മന്ത്രി ഇതുവരെ മദ്യം കഴിക്കാത്ത ഒരാളാണ്. എല്ലാവരും തണുപ്പ് കാലത്ത് ബ്രാണ്ടി കുടിക്കുമ്പോൾ ഇദ്ദേഹം നല്ല ചൂടുള്ള പാലാണത്രെ കഴിക്കുക. ഇതൊക്കെ ശരി തന്നെയെങ്കിലും പാർലമെന്റിൽ മദ്യത്തിനുള്ള ചിലവ് ഇതുവരെ കുറഞ്ഞിട്ടില്ലെന്നാണ് ഒരു മാന്യ ഇംഗ്ലീഷ് പത്രത്തിന്റെ അഭിപ്രായം. 1914-ാമാണ്ടിൽ പാർലമെന്റുകാർ 5,612 പവൻ (ഏകദേശം എമ്പത്തിനാലായിരം ഉറുപ്പിക) മദ്യത്തിനുവേണ്ടി ചിലവു ചെയ്തിരിക്കുന്നു എന്നറിയുന്നു. മദ്യം കൂടാതെ ശരീരസുഖത്തിനും ഓജസ്സിനും യാതൊരു ഹാനിയും ഇല്ലാതെയിരിക്കാമെന്ന് പല സമുദായക്കാരും നമ്മെ പഠിപ്പിക്കുന്നുണ്ട്. അവനവനും തന്റെ കുടുംബത്തിനും തന്റെ രാജ്യത്തിനും ഒരു മദ്യപാനി ചെയ്യുന്ന ഉപദ്രവം അല്പമല്ല. റഷ്യ ഗവൺമെന്റും ഫ്രഞ്ച് ഗവൺമെന്റും ചെയ്തതുപോലെ ഖണ്ഡിതമായ ചില നിയമങ്ങൾ മദ്യത്തെ സംബന്ധിച്ചു പാസ്സാക്കേണ്ടുന്ന അവസരം ഇതാകുന്നു എന്നാണ് ഞങ്ങളുടെ അഭിപ്രായം. ഇനി ഒരു നൂറുകൊല്ലത്തേക്കെങ്കിലും മദ്യം തൊടുവാൻ നമുക്ക് ന്യായമില്ല. മദ്യം കഴിച്ചും ചുരുട്ടുവലിച്ചും വെറ്റിലടക്ക ചവച്ചും കഴിക്കേണ്ടുന്ന കാലം ഇതല്ല.

***

യുദ്ധം നിമിത്തം ലോകത്തിൽ പ്രധാനമായി നടക്കുന്ന മറ്റു പല സംഗതികളും ജനങ്ങളുടെ ശ്രദ്ധയെ വേണ്ടതുപോലെ ആകർഷിക്കുന്നില്ല. അമേരിക്കക്കാരനായ ബുക്കർ വാഷിംഗ്ടന്റെ മരണം ഇതിന് ഒരു ദൃഷ്ടാന്തമാകുന്നു. കുറെ ദിവസങ്ങൾ മുമ്പ് മരിച്ചുപോയ ഈ അതിമാനുഷന്റെ ജീവചരിത്രം നാമെല്ലാവരും വളരെ സൂക്ഷ്മമായി വായിച്ചറിയേണ്ടതാകുന്നു. അദ്ദേഹം തന്നെ എഴുതീട്ടുള്ള ആ ചരിത്രം നമ്മുടെ ചെറുപ്പക്കാരെല്ലാവരും വായിക്കുകയും സ്വന്തമായി ഒരു പുസ്തകം വാങ്ങി സൂക്ഷിക്കുകയും ചെയ്യേണ്ടത് ആവശ്യമാണെന്ന് ഞങ്ങൾ ഇതിനുമുമ്പും പല പ്രാവശ്യം പറഞ്ഞിട്ടുള്ളത് വായനക്കാർ ഓർക്കുന്നുണ്ടായിരിക്കാം. വാഷിംഗ്ടൺ ഒരു യൂറോപ്യനല്ല. അമേരിക്കയിലെ നീഗ്രോ (കാപ്പിരി) ജാതിയിൽപ്പെട്ട ഒരാളായിരുന്നു. നീഗ്രോ ജാതിക്കാർ യൂറോപ്യന്മാരോട് കിടപിടിച്ചു നിൽക്കാൻ ശ്രമിക്കുന്നതിലും ഇവിടെ ഉയർന്ന ജാതിക്കാരായി കരുതപ്പെട്ടു വരുന്നവരോട് ഓരോരോ സ്വാതന്ത്ര്യങ്ങൾ കൈവശപ്പെടുത്താൻ നാം ഉദ്യമിക്കുന്നതിലും വളരെ സാമ്യമുണ്ട്. നീഗ്രോജാതിക്കാർ കുറെമുമ്പ് അടിമകളായിരുന്നു. അടിമകളാണെങ്കിലും അവരെ തൊട്ടാൽ കുളിക്കണമെന്നോ യൂറോപ്യന്മാർ ഇതുവരെ പറഞ്ഞിട്ടില്ലെന്നു മാത്രമല്ല അവർക്കു സ്വാതന്ത്ര്യം കൊടുക്കേണ്ടുന്ന സംഗതിയെപ്പറ്റി അമേരിക്കയിലെ യൂറോപ്യന്മാർ തമ്മിൽ കലശലായ ഒരു യുദ്ധം കൂടി ഉണ്ടായിട്ടുണ്ട്. ഒടുവിൽ സ്വാതന്ത്ര്യം നൽകി. എങ്കിലും ഇപ്പോഴും വളരെ ബുദ്ധിമുട്ടുകൾ ആ നീഗ്രോ ജാതിക്കാർക്ക് അവിടെ ഉണ്ട്. എന്നാൽ നമ്മെപ്പോലെ അടുക്കാൻ പാടില്ലാത്ത അമ്പലത്തിലാണ് മോക്ഷം മുഴുവൻ ഇരിക്കുന്നത് എന്നുള്ള ധാരണയോടുകൂടി യൂറോപ്യന്മാരുടെ പള്ളികളുടെ പടിവാതുക്കൽ കാവൽ നിൽക്കുകയല്ല നീഗ്രോജാതിക്കാർ ചെയ്തത്. അവർ പ്രത്യേകമായി പള്ളികൾ സ്ഥാപിക്കുകയും അവർക്ക് പ്രത്യേകമായി പുരോഹിതന്മാരെ സ്വജനങ്ങളിൽ നിന്ന് നിശ്ചയിക്കുകയും ചെയ്തു എന്നു മാത്രമല്ല സ്വന്തമായി പല പത്രങ്ങളും മാസികകളും ബേങ്കുകളും അച്ചുകൂടങ്ങളും സ്‌കൂളുകളും മറ്റും അവർ സ്ഥാപിച്ചു യൂറോപ്യന്മാരുടെ സഹായം കഴിയുന്നതും ഇല്ലാതെ കഴിഞ്ഞു കൂടുകയാണ് ചെയ്യുന്നത്. ഇപ്പോൾ അവരുടെ ഇടയിൽ ബാരിസ്റ്റർമാർ, ഡോക്ടർമാർ, കച്ചവടക്കാർ മുതലായവർ അനവധി ഉണ്ട്. ഇങ്ങിനെയെല്ലാം ഉയർന്നുവരികയാൽ മറ്റെല്ലാവർക്കും അത്യന്തം കൗതുകമുണ്ടാക്കിത്തീർത്ത ഒരു ജാതിയുടെ ഒരു പ്രധാന തലവനായിരുന്നു ഇപ്പോൾ മരിച്ച വാഷിംഗ്ടൺ.

***
ഇദ്ദേഹം ഏകദേശം 1858 ലാണ് ജനിച്ചത്. ജനിച്ച ദിവസം എഴുതിവെക്കത്തക്ക ബുദ്ധിയും വൈഭവവും ഇല്ലായിരുന്നതുകൊണ്ട് ജനനകാലം ഏകദേശം ഊഹിച്ചു പറവാൻ മാത്രമേ അദ്ദേഹത്തിനു തന്നെ സാധിച്ചിരുന്നുള്ളൂ. അച്ഛൻ ആരാണെന്ന് അദ്ദേഹത്തിന് നിശ്ചയമുണ്ടായിരുന്നില്ല. അത് ആരാണെന്ന് ഊഹിച്ചുപോലും പറവാൻ സാധിച്ചിട്ടില്ല. മരംകൊണ്ടു മറച്ചുകെട്ടി ഉണ്ടാക്കിയ ഒരു ചെറിയ കുടിലിൽ ജനിച്ചു. ഒരു ശിശുവിന്റെ നിലയിൽ കീറി മുഷിഞ്ഞ തുണിക്കഷണത്തിൽ കിടന്നു. അമേരിക്കയിലെ നീഗ്രോ ജാതിക്കാരെയെല്ലാം അടിമസ്ഥിതിയിൽ നിന്ന് വിടുവാൻ കല്പനയായ കാലത്ത് വാഷിംഗ്ടണ് ഏകദേശം അഞ്ചുവയസ്സുമാത്രം പ്രായമുണ്ട്. ചെറുപ്പകാലം മുതൽക്കുതന്നെ അദ്ദേഹം കൂലിപ്രവൃത്തിക്കുപോയി ഉപജീവനം കഴിച്ചുവന്നു. ഉപ്പ് വിളയിച്ചെടുക്കുന്ന സ്ഥലത്താണ് ആദ്യം പ്രവൃത്തികിട്ടിയത്. ഉപ്പു കയറ്റി അയക്കാൻ നിറയ്ക്കുന്ന വീപ്പകളിൽ എഴുതീട്ടുള്ള നമ്പറുകൾ ചോദിച്ചു മനസ്സിലാക്കീട്ടാണ് ആദ്യം തന്നെ അക്ഷരങ്ങൾ പഠിച്ചത്. കുറെക്കാലം കൽക്കരി കുഴിച്ചെടുക്കുന്ന പ്രവൃത്തിക്കായും പോയിട്ടുണ്ട്. ആ കാലത്താണ് നീഗ്രോ ജാതിക്കാർക്ക് ഹംടനിൽ ഒരു സ്‌കൂൾ തുടങ്ങിയത്. 1872 ൽ ആ സ്‌കൂളിൽ ഇദ്ദേഹം പോയിചേർന്നു. അവിടെ എത്തിക്കിട്ടുവാൻ 500 നാഴിക യാത്രചെയ്യേണ്ടിവന്നു. വഴിക്ക് ഇരന്നും കൂലിപ്പണി എടുത്തും പട്ടിണി കിടന്നും ഒടുവിൽ സ്‌കൂളിൽ എത്തിക്കൂടി. അവിടെ 1881 വരെ പഠിച്ചു. പുസ്തകങ്ങൾ വായിക്കുവാനും കാര്യങ്ങൾ മനസ്സിലാക്കുവാനും മര്യാദയും സത്യവും ആയി നടക്കുവാനും അദ്ദേഹം അവിടെവച്ചു ശീലിച്ചു. 1880 ൽ ടസ്‌കജി എന്ന സ്ഥലത്ത് നീഗ്രോജാതിക്കാർക്ക് വേണ്ടി ഒരു പ്രവൃത്തിശാലയും സ്‌കൂളും ഒരു യൂറോപ്യൻ ബാങ്കറും ഒരു നീഗ്രോ കച്ചവടക്കാരനും കൂടി കുറെ പണം എടുത്തു സ്ഥാപിച്ചപ്പോൾ അവിടെ ഒരു മാസ്റ്ററായി വാഷിംഗ്ടനെ നിശ്ചയിച്ചു. ക്ഷണത്തിൽ വാഷിംഗ്ടന്റെ ഉത്സാഹം കൊണ്ടും സാമർത്ഥ്യത്താലും ഈ സ്‌കൂൾ അതികേമമായിവന്നു. ഇതിന്റെ നിലനില്പിനായി ധനവാന്മാരായ വെള്ളക്കാരും നീഗ്രോ ജാതിക്കാരും അവരുടെ ജാതിയിൽപ്പെട്ട പല സ്ത്രീകളും അനവധി പണം സഹായിച്ചതുകൊണ്ട് വാഷിംഗ്ടന്റെ ശ്രമങ്ങൾ എല്ലാം സഫലമായി വന്നു എന്നു തന്നെയല്ല ലോകം മുഴുവനും ഇതിന്റെ കീർത്തി പരക്കുവാൻ തുടങ്ങുകയും ചെയ്തു. പ്രസിദ്ധ കോടീശ്വരനായ കാർനെജി വായനശാലയ്ക്കായി ഇവിടെ ഒരു കെട്ടിടം പണിയിക്കുകയും അതിലേക്ക് വേണ്ടുന്ന അലമാരകൾ, കസാലകൾ, മേശകൾ മുതലായി പല സാമാനങ്ങളും അനേകായിരം പുസ്തകങ്ങളും അദ്ദേഹം സൗജന്യമായി കൊടുക്കുകയും ചെയ്തു. ഇതുകൂടാതെ വളരെ മനോഹരമായ വീട്ടിൽ താമസിക്കുവാനും സുഖമായി നിത്യവൃത്തി കഴിക്കുവാനും തക്കവണ്ണം ധനം വാഷിംഗ്ടന് കാർനെജി സൗജന്യമായി കൊടുത്തു. ടസ്‌കജി പാഠശാല രണ്ടു ചെറിയ എടുപ്പുകളിലാണ് ആദ്യം തുടങ്ങിയത്. ഇപ്പോൾ 100 ൽ അധികം കേമമായ കെട്ടിടങ്ങൾ അവിടെയുണ്ട്. ഏകദേശം ഇരുപതിനായിരം ഏക്ര ഭൂമി സ്‌കൂളിലേക്ക് പലരും ദാനമായി കൊടുത്തിട്ടുണ്ട്. അവിടെ മതസംബന്ധമായും ശാസ്ത്ര സംബന്ധമായും ഉള്ള പഠിപ്പുകൾക്കു പുറമെ കൃഷി, ആശാരിപ്രവൃത്തി, ഇരുമ്പുപണി, തുന്നൽപണി, തോട്ട പ്രവൃത്തി, ബൂട്‌സ് ഉണ്ടാക്കുന്ന തൊഴിൽ, കല്പണി എന്നുവേണ്ടാ നാഗരീകത്വമുള്ള ഒരു രാജ്യത്തിന് ആവശ്യമായ പല തൊഴിലുകളും അഭ്യസിപ്പിക്കുന്നുണ്ട്. ഏകദേശം പതിനായിരത്തിൽപ്പരം വിദ്യാർത്ഥികളും വിദ്യാർത്ഥിനികളും അവിടെ നിന്നു പഠിച്ചുപോയിരിക്കുന്നു. ഇതിനൊക്കെയും സംഗതി വരുത്തിയത് മരിച്ചുപോയ വാഷിംഗ്ടനാണ്. 1899 ൽ അദ്ദേഹം ഒരിക്കൽ ഇംഗ്ലണ്ടിൽ പോവുകയുണ്ടായി. അന്ന് നമ്മുടെ വിക്ടോറിയാ മഹാരാജ്ഞി തിരുമനസ്സിൽ നിന്ന് അദ്ദേഹത്തെയും മക്കളെയും വിൻഡസർ കോവിലകത്തു വിളിച്ചുവരുത്തി വലുതായ ഒരു സൽക്കാരം ചെയ്യുകയും പ്രത്യേകം ബഹുമാനിക്കുകയും ചെയ്തു. അമേരിക്കയിലെ പ്രസിഡന്റായിരുന്ന മിസ്റ്റർ റൂസ്‌വെൽറ്റ് ഇദ്ദേഹത്തിന്റെ വലിയ ഒരു സ്‌നേഹിതനും വാഷിംഗ്ടന്റെ നേരെ വളരെ ഭക്തിയുള്ള ഒരാളും ആയിരുന്നു. മിസ്റ്റർ റൂസ്‌വെൽറ്റ് വാഷിംഗ്ടനെ കൂടെക്കൂടെ ക്ഷണിച്ചുവരുത്തി സൽക്കരിക്കുക പതിവായിരുന്നു. വെള്ളക്കാർ ഇതിനെപ്പറ്റി ആക്ഷേപിക്കുന്തോറും മിസ്റ്റർ റൂസ്‌വെൽറ്റ് ഈ സൽക്കാരം അധികമാക്കിയതെയുള്ളൂ. അമേരിക്കയിലെ ചില മാന്യസർവ്വകലാശാലക്കാർ വാഷിംഗ്ടന് പല സ്ഥാനമാനങ്ങളും കൊടുത്തിട്ടുണ്ട്. ചുരുക്കിപ്പറയുന്നതായാൽ അടിമയായി ജനിച്ച മനുഷ്യനു രാജാക്കന്മാരും പ്രഭുക്കന്മാരും സ്വാധീനമായി വന്നു. വാഷിംഗ്ടനെ ബഹുമാനിക്കുന്നത് അവർക്കു തന്നെ ബഹുമാനം എന്ന് അവർ കരുതത്തക്ക നിലയായിത്തീർന്നു. ഇങ്ങിനെയുള്ള ഒരു മഹാന്റെ മരണം ലോകത്തിന് ആകെയും നീഗ്രോ ജാതിക്കാർക്ക് പ്രത്യേകിച്ചും വലിയ നഷ്ടമാണെന്ന് പറയേണ്ടതില്ലല്ലോ. ഞങ്ങൾ ഈ സംഭവത്തെ ഒരു ഗുരുനാഥന്റെ നഷ്ടത്തെപോലെ കരുതി ദുഃഖിക്കുന്നു. കോഴിക്കോട് എസ്.എൻ.ഡി.പി. ക്ലബിൽ ആദ്യം മുതൽക്കുതന്നെ ഡോക്ടർ വാഷിംഗ്ടൺ, ജനറൽ ബൂത്ത്, വിവേകാനന്ദൻ ഈ മൂന്നുപേരുടെ പടങ്ങൾ വെച്ചാണ് ഞങ്ങളുടെ മറ്റു ഉദ്യമങ്ങൾക്കു പുറപ്പെട്ടത്.

***

ഇന്ത്യയിൽ സ്വയംഭരണത്തിനു ഏതാനും ചിലർ ലഹള കൂട്ടുന്ന ഈ അവസരത്തിൽ ഹിന്ദുക്കളുടെ ക്ഷേത്രകാര്യങ്ങളും മറ്റും ഏതുനിലയിൽ നടത്തുന്നു എന്ന് ആലോചിക്കുന്നത് ആവശ്യമാകുന്നു. തീവണ്ടികളിൽ മൂന്നാംക്ലാസു യാത്രക്കാർക്ക് ഇനിയും സൗകര്യങ്ങൾ ഉണ്ടാക്കി കൊടുക്കാത്തതിനെപ്പറ്റി ചില പത്രക്കാർ ആക്ഷേപിക്കുമ്പോൾ ക്ഷേത്രങ്ങളിൽ വഴിപാടായി പണം കൊണ്ടുപോയി കൊടുക്കുന്ന നാനാ ജാതിക്കാരുടെ കാര്യം ഒന്നും ഇവർ ഒരിക്കലും പറയാത്തത് എന്താണെന്ന് ഞങ്ങൾ ആശ്ചര്യപ്പെടാറുണ്ട്. പണം കൊടുക്കുന്നവരിൽ അധികഭാഗക്കാരും എത്രയോ ദൂരെ നിന്നു ഉഴലുകയാണ് ചെയ്യുന്നത്. അവർക്ക് വെയിൽ കൊള്ളാതെ നിൽക്കുവാൻ ചില ഷേഡുകളും അവർക്ക് കുളിക്കാൻ ചില കുളങ്ങളും മറ്റും ഉണ്ടാക്കിക്കൊടുക്കേണ്ടത് ക്ഷേത്രകാര്യങ്ങൾ അന്വേഷിക്കുന്നവരുടെ മുറയാണെന്ന് അധികം ആരും പറഞ്ഞു കേൾക്കുന്നില്ല. പണം കൊടുക്കുന്നവന് അവന്റെ പണം കൊണ്ടു എന്തു ചെയ്യുന്നു എന്ന് അന്വേഷിക്കുവാൻ നിശ്ചയമായും അധികാരം വേണ്ടതാണെന്നുള്ള പ്രമാണം പിടിച്ചാണ് മുമ്പ് അമേരിക്കക്കാർ ഇംഗ്ലണ്ടിനോട് യുദ്ധം ചെയ്തു സ്വന്തം ഗവൺമെന്റ് സ്ഥാപിച്ചത്. ആ പ്രമാണം പിടിച്ചു തന്നെയാണ് ആ സഭയിലും ഈ സഭയിലും ഇന്ത്യൻ മെമ്പർമാർ ഇത്ര ഇത്ര വേണമെന്നും ഇന്ത്യക്കാരിൽ ചിലർ വാദിക്കുവാൻ തുടങ്ങിയിരിക്കുന്നത്. പക്ഷെ ഈ വകയൊന്നും ക്ഷേത്രകാര്യങ്ങൾ നടത്തുവാനുള്ള കമ്മിറ്റിക്കാരെ നിശ്ചയിക്കുന്നതിൽ ആലോചിച്ചു കാണുന്നില്ല. നിയമനിർമ്മാണ സഭകളിലെ മെമ്പർമാരുടെ എണ്ണം വർദ്ധിപ്പിക്കുകയും മെമ്പർമാർക്ക് ഇടക്കിടക്ക് അധികം സ്വാതന്ത്ര്യങ്ങളും അധികാരങ്ങളും കൊടുക്കുകയും ചെയ്യുന്നതുപോലെ ക്ഷേത്രകമ്മിറ്റികളും ക്രമത്തിൽ വലുതാക്കേണ്ടത് ആവശ്യമാകുന്നു. ഈ ഒരു തത്വത്തിനനുസരിച്ചായിരിക്കാം രാമേശ്വരക്ഷേത്രത്തിലെ മാനേജിംഗ് കമ്മിറ്റിയിൽ ഇക്കൊല്ലം രണ്ടാളുകളെ കൂടി ചേർത്തത്. ഇപ്പോൾ കമ്മിറ്റി മെമ്പർമാർ താഴെ പേർ ചേർത്തവരാണ്.

1. രാമനാഥപുരം രാജാവ്
2. ദേവക്കോട്ട സെമിന്താർ
3. ദൊഡപ്പാ നായ്ക്കനാർ
4. ബഹുമാനപ്പെട്ട മിസ്റ്റർ കെ. രാമയ്യങ്കാർ
5. മിസ്റ്റർ കെ. രങ്കസ്വാമി അയ്യർ

ഇങ്ങിനെ അഞ്ചുപേരാണ് കമ്മിറ്റി മെമ്പർമാർ. പല സമുദായക്കാരും കൂടി കൊടുക്കുന്ന പണം ചില സമുദായപ്രമാണികൾ മാത്രം ചെലവു ചെയ്യുന്നു എന്ന് ഇതിൽ നിന്ന് മനസ്സിലാക്കേണ്ടതാണ്. രാമേശ്വരം ക്ഷേത്രത്തിലേക്ക് കൊല്ലത്തിൽ ഒന്നേമുക്കാൽ ലക്ഷം ഉറുപ്പിക പിരിവുണ്ട്. ഇതിനും പുറമെ ആറു ലക്ഷം ഉറുപ്പിക സൂക്ഷിപ്പായി വെച്ചിട്ടും ഉണ്ട്. ഈ പണം കൊണ്ടു സംസ്‌കൃതവിദ്യാഭ്യാസത്തിനും മറ്റും ഒരു സർവ്വകലാശാല സ്ഥാപിക്കുവാൻ സാധിക്കുന്നതാണ്. നല്ല ഒരു ആയുർവേദ വിദ്യാശാലയും നടത്തുവാൻ പ്രയാസമില്ല. ഇത്രയൊക്കെയെങ്കിലും ഏകദേശം ഈ മാതിരി വരവുള്ള ശ്രീരങ്കം, ചിദംബരം, തിരുവണ്ണാമല, കാഞ്ചീപുരം, തിരുപ്പതി ഈ വക ക്ഷേത്രങ്ങളിൽ പിരിഞ്ഞുകിട്ടുന്ന പണം ജനങ്ങളുടെ ഉപയോഗത്തിനായി ചെലവു ചെയ്യുന്നതായാൽ അനേകം നന്മകൾ രാജ്യത്തുണ്ടാവുന്നതാണ്. ഗവൺമെന്റിന്റെ കുറ്റങ്ങൾ പാടിക്കൊണ്ടിരിക്കുന്നവർ ഈ വിഷയങ്ങളിലും കുറെ ശ്രദ്ധ വെച്ചാൽ നല്ലതായിരുന്നു.

***

നമ്മുടെ രാജ്യക്കാർക്ക് എന്തുകാര്യം പറയുമ്പോഴും യോഗംപോലെ വരും എന്ന് പറഞ്ഞു സമാധാനപ്പെടുന്നത് സാധാരണയാണ്. രോഗങ്ങളുടെ കാര്യത്തിൽ പ്രത്യേകിച്ചും ഇങ്ങിനെയാകുന്നു ജനങ്ങളുടെ അഭിപ്രായം. പക്ഷെ രോഗങ്ങളും മറ്റും നമ്മുടെ മുൻകരുതലുകൾകൊണ്ടു ധാരാളം തടുക്കാമെന്ന് നല്ലവണ്ണം ആലോചിച്ചു നോക്കിയാൽ നമുക്ക് ബോദ്ധ്യപ്പെടുന്നതാകുന്നു. ആരോഗ്യരക്ഷയെ സംബന്ധിച്ച് യോഗ്യന്മാരായ ഡോക്ടർമാരെക്കൊണ്ടു പ്രസംഗങ്ങൾ ചെയ്യിക്കുവാൻ മദിരാശിയിൽ ഏർപ്പെടുത്തിയിരിക്കുന്ന സഭക്കാരുടെ ഒത്താശയോടു കൂടി മലമ്പനിയും കൊതുകും എന്ന വിഷയത്തെപ്പറ്റി പ്രസിദ്ധനായ ഒരു ഡോക്ടർ പ്രസംഗിച്ചതിനുശേഷം നമ്മുടെ ഗവർണർ പെന്റലാൺ പ്രഭു ചെയ്ത പ്രസംഗത്തിൽ നിന്ന് പല സംഗതികളും മനസ്സിലാക്കേണ്ടതുണ്ട്. ഇന്ത്യയിലെ ജനങ്ങളിൽ ആയിരത്തിന് മുപ്പതുകണ്ട് കൊല്ലംതോറും മരിക്കുന്നതായും ഇംഗ്ലണ്ടിൽ ആയിരത്തിന് പതിനഞ്ചുകണ്ടുമാത്രം മരിക്കുന്നതായും കണക്കുകൾ കൊണ്ട് പ്രത്യക്ഷപ്പെട്ടിരിക്കുന്നു എന്ന് സായ്പ് പറഞ്ഞിരിക്കുന്നു. ഇന്ത്യയിലും ഇംഗ്ലണ്ടിലെപോലെ മരണം കുറഞ്ഞുവരുന്നതായാൽ 40 ലക്ഷം ജനങ്ങളുടെ ജീവൻ കൊല്ലം തോറും രക്ഷപ്പെടുത്താം. മദിരാശി പട്ടണത്തിലെ ജനനമരണ കണക്കു പരിശോധിച്ചു നോക്കിയതിൽ ഇക്കഴിഞ്ഞ 30 കൊല്ലത്തിനുള്ളിൽ ആ പട്ടണത്തിലെ മരണം വർദ്ധിച്ചുവരുന്നതായി കണ്ടിരുന്നു എന്നു മാത്രമല്ല ജനനത്തേക്കാൾ മരണമാണ് അധികമുള്ളത് എന്നും കൂടി തെളിഞ്ഞിരിക്കുന്നു. ആകെ ഇന്ത്യയിൽ ആയിരത്തിന് 30 കണ്ടാണ് മരണം എന്ന് പറഞ്ഞുവല്ലൊ. മദിരാശി പട്ടണത്തിൽ ആയിരത്തിന് 43 കണ്ടു മരണമുണ്ട്. ഇത്ര വലിയ ഒരു തുകയാണെന്നുള്ളതിന് സംശയമില്ല. ബാലമരണത്തെപ്പറ്റി ഗവർണർ അവർകൾ കൊടുത്ത കണക്കും നാം പ്രത്യേകം ദൃഷ്ടിവയ്‌ക്കേണ്ടതാണ്. ഒരു വയസ്സിനു താഴെയുള്ള കുട്ടികളുടെ മരണം 1000ന് താഴെ ചേർത്തത് ഇപ്രകാരമാകുന്നു.

മദിരാശി സംസ്ഥാനത്തിൽ 183
മദിരാശി പട്ടണത്തിൽ 300
ലണ്ടൻ പട്ടണത്തിൽ 91

ഈ കണക്കിൽ നിന്ന് നമുക്ക് വലുതായ ചില പാഠങ്ങൾ പഠിക്കേണ്ടതുണ്ട്. മദിരാശി സംസ്ഥാനത്തിൽ ഇക്കഴിഞ്ഞ 19 കൊല്ലത്തിനുള്ളിൽ 12 ലക്ഷത്തിലധികം ജനങ്ങൾ നടപ്പുദീനം കൊണ്ട് മരിച്ചിരിക്കുന്നു. അതുകൊണ്ട് ശരാശരി നമ്മുടെ സംസ്ഥാനത്തിൽ കൊല്ലംതോറും 64,222 ആളുകൾ നടപ്പുദീനം കൊണ്ടുതന്നെ മരിക്കുന്നതായി നമുക്ക് മനസ്സിലാക്കാം. 1896 ആഗസ്ത് മാസത്തിലാണ് പ്ലേഗ് ആദ്യം ഇന്ത്യയിൽ പ്രവേശിച്ചത്. അതു മുതൽക്ക് 1913 വരെ ഏകദേശം 85 ലക്ഷം ജനങ്ങൾ പ്ലേഗ് കൊണ്ട് ഇന്ത്യാരാജ്യത്തിൽ മരിച്ചിരിക്കുന്നു. ഒരു കോടിക്കു ഇനി അധികം കാലമൊന്നും വേണ്ട. മേൽ ചേർത്ത സംഖ്യ കണക്കിട്ടുനോക്കിയാൽ ഇന്ത്യയിൽ ഏകദേശം നാലരലക്ഷം ജനങ്ങൾ പ്രതിവർഷം പ്ലേഗുകൊണ്ട് മരിക്കുന്നതായി കാണാവുന്നതാണ്. യൂറോപ്പിലും പണ്ടുള്ള കാലങ്ങളിൽ പ്ലേഗ് മുതലായ രോഗങ്ങൾ ധാരാളമായിട്ടുണ്ടായിരുന്നു. 12-ാം നൂറ്റാണ്ടിൽ പകരുന്ന രോഗങ്ങൾ 15 പ്രാവശ്യം യൂറോപ്പിൽ ഉണ്ടായതായി ചരിത്രങ്ങളിൽ പറഞ്ഞിട്ടുണ്ട്. 13-ാം നൂറ്റാണ്ടിൽ 20 പ്രാവശ്യം പ്ലേഗും 19 പ്രാവശ്യം ക്ഷാമവും ആ രാജ്യത്തെ ബാധിച്ചിരിക്കുന്നു. 1348-ൽ ഉണ്ടായ പ്ലേഗ് രോഗം നിമിത്തം യൂറോപ്പിൽ ആകെ രണ്ടരകോടി ജനങ്ങൾ മരിച്ചുപോയിട്ടുണ്ട്. ഈ രോഗം അന്ന് ഇംഗ്ലണ്ടിലും എത്തിയിരുന്നു. 1485-ൽ വിയർപ്പ്ദീനം എന്ന ഒരുവിധം പകരുന്ന വ്യാധി ഇംഗ്ലണ്ടിൽ പരന്നു അനവധി ജനം മരിച്ചു. ആ രോഗം ഇടക്കിടക്ക് വർദ്ധിച്ചും ചുരുങ്ങിയും 1551 വരെ നിന്നു. 1665-ൽ പ്ലേഗ് പിന്നെയും ഇംഗ്ലണ്ടിൽ എത്തി വളരെ നാശം ഉണ്ടാക്കിത്തീർത്തു. ആ കാലത്ത് ലണ്ടൻ നഗരത്തിലെ നിരത്തുകളിന്മേൽ ആൾപെരുമാറ്റം ഇല്ലാത്തതുകൊണ്ട് പുല്ല് മുളച്ചതായി ഇംഗ്ലീഷ് ചരിത്രപുസ്തകങ്ങളിൽ പ്രസ്താവിച്ചിരിക്കുന്നു. അന്നത്തെ കുഴപ്പം എത്രയായിരുന്നു എന്ന് ഇതിൽ നിന്ന് ഏകദേശം ഊഹിക്കാവുന്നതാണല്ലോ. അതിനുശേഷം ഇംഗ്ലണ്ടിൽ വലിയ രോഗങ്ങളൊന്നുമുണ്ടായിട്ടില്ല. അതിനു സംഗതി ജനങ്ങളുടെ മുൻകരുതലുകളും സൂക്ഷ്മവും അത്രെ.

***

രോഗബാധകൾ കൂടാതെയിരിക്കുവാൻ മുമ്പ് നാഗരീകാവസ്ഥയിലിരുന്ന് എല്ലാ ജാതിക്കാരും പല ചട്ടങ്ങളും ക്രമങ്ങളും നിശ്ചയിച്ചിട്ടുണ്ടായിരുന്നു എന്നു ഹിന്ദുക്കളുടെ പുരാതന ഗ്രന്ഥങ്ങളിൽ കാണാം. ശുചിയുടെ കാര്യത്തിൽ ഹിന്ദുക്കളെപ്പോലെ നിഷ്‌കർഷയുള്ളവർ മറ്റു ഏതെങ്കിലും രാജ്യക്കാരോ ജാതിക്കാരോ ഉണ്ടായിട്ടില്ലെന്നു തന്നെ പറയാം. ഇയ്യിടെ മദിരാശിയിൽ വെച്ചുണ്ടായ ആയുർവേദ സമാജത്തിൽ ബഹുമാനപ്പെട്ട ജസ്റ്റിസ് സദാശിവയ്യർ ചെയ്ത പ്രസംഗത്തിൽ ഇപ്രകാരം പ്രസ്താവിച്ചു കാണുന്നു… ”ആളുകൾ നടക്കുന്ന വഴികളും ഉപയോഗിക്കുന്ന ജലാശയങ്ങളും മൂത്രം, തുപ്പൽ മുതലായ അഴുക്കുകൾ കൊണ്ട് മലിനമാക്കാതെയിരിക്കേണമെന്ന മനു പ്രത്യേകം വിധിച്ചിട്ടുണ്ട്. ഒരാൾ വഴിയിൽ തുപ്പുകയോ വേറെ വിധത്തിൽ മലിനപ്പെടുത്തുകയോ ചെയ്താൽ അത് അവനെകൊണ്ടു തന്നെ കോരിക്കേണമെന്നാകുന്നു മനുവിന്റെ ശാസന. പാത്രങ്ങൾ കഴുകിയ വെള്ളവും നാം വഴി നടന്നുവന്നതിന്റെ ശേഷം കാൽ കഴുകിയ വെള്ളവും വീട്ടിൽ നിന്ന് എത്രയോ ദൂരെക്കൊണ്ടു ഒഴിക്കേണമെന്നും മനു കല്പിച്ചിരിക്കുന്നു. എന്നാൽ ഈ കാലങ്ങളിൽ ബ്രാഹ്‌മണരുടെ തെരുവുകളിലെ നിരത്തുവഴികൾ പോലും മൂത്രവിസർജ്ജനത്തിനായും മറ്റും അശേഷം ലജ്ജ കൂടാതെ ഉപയോഗിച്ചുവരുന്നു. കുടിക്കുവാനുള്ള വെള്ളം എടുക്കുന്ന പുഴകളിലും ജലാശയങ്ങളിലും ശൗചിക്കയും കന്നുകാലികളെ തേച്ചുകുളിപ്പിക്കുകയും മൂത്രവും മറ്റും കുഴഞ്ഞ വസ്ത്രങ്ങൾ അലക്കുകയും ചെയ്യുന്നത് ഇപ്പോൾ സാധാരണയായി തീർന്നിരിക്കുന്നു. ഈ വകയിൽ യൂറോപ്യന്മാരാണ് നല്ലത് എന്നുള്ളതിന് സംശയമില്ല. സദാശിവയ്യരവർകളുടെ ഈ ആക്ഷേപങ്ങളിൽ അണുമാത്രം അതിശയോക്തിയില്ലെന്ന് സമ്മതിച്ചേ തീരൂ. ഹിന്ദുക്കളെ കിഴിച്ചാൽ യഹൂദന്മാരായിരുന്നു പൂർവ്വകാലങ്ങളിൽ വളരെ നാഗരീകത്വമുണ്ടായിരുന്നവർ. അവരും ശുചിയായ നടപടിയെ സംബന്ധിച്ച് അനേകം നിയമങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. രോഗികളെ ശുശ്രൂഷിക്കേണ്ടുന്ന സമ്പ്രദായം, കുഷ്ഠം, പ്ലേഗ് മുതലായ വ്യാധികൾ ബാധിച്ചവരോട് പെരുമാറേണ്ടുന്ന മാതിരി, മലിനപ്പെട്ട സാധനങ്ങൾ ദൂരെ നീക്കുകയും കുഴിച്ചിടുകയും ചെയ്യേണ്ടുന്ന സമ്പ്രദായം, കിണറുകളും മറ്റു ജലാശയങ്ങളും കൊല്ലംതോറും ശോധന ചെയ്ത് വെടിപ്പുവരുത്തേണ്ട ക്രമം ഈ വക എല്ലാ സംഗതികളെപ്പറ്റിയും 3000 സംവത്സരങ്ങൾക്കു മുമ്പ് എഴുതിവെച്ച അവരുടെ നിയമപുസ്തകങ്ങളിൽ പ്രതിപാദിച്ചിരിക്കുന്നു. ദേഹശുചി, വസ്ത്രശുചി മുതലായവ ഇല്ലാത്തത് മര്യാദകേട് എന്നുമാത്രമല്ല ദൈവം മുമ്പാകെ പാപമായിട്ടുമാണ് യഹൂദന്മാർ കരുതിവന്നത്. പകരുന്ന വ്യാധികൾ ഉള്ളവരെ ദൂരെ അകറ്റിനിർത്തേണമെന്നും ശവങ്ങൾ നഗരങ്ങൾ വിട്ടു അകലെ മാത്രം മറവു ചെയ്യണമെന്നും യഹൂദ നിയമപ്രകാരം വിധിച്ചിട്ടുണ്ട്. കൊല്ലത്തിൽ ഏതാനും കാലം നോൽമ്പുകൾ വേണമെന്നും വേനൽക്കാലങ്ങളിൽ സ്വന്തഭവനങ്ങൾ വിട്ടു കുടുംബസഹിതം നാട്ടിൻപുറങ്ങളിൽ പോയി താമസിച്ചു പ്രകൃതിയുടെ ഭംഗിയെ ആസ്വദിക്കണമെന്നും മോസസ്സ് കല്പിച്ചിരിക്കുന്നു. ഈ കാലത്തുള്ള യഹൂദന്മാരും ഈ വക അഭിപ്രായങ്ങൾക്കനുസരിച്ച് നടക്കുന്നതിനാൽ യഹൂദന്മാരെ ഇന്നും മറ്റുള്ളവരെക്കാൾ ദീർഘായുസ്സുള്ളവരായി കാണുന്നു. പകരുന്ന വ്യാധികൾ യഹൂദന്മാരെ അധികമായി ബാധിക്കുന്നില്ല. ശരീരത്തിനും മനസ്സിനും ആരോഗ്യം വർദ്ധിപ്പിക്കുന്ന നിയമങ്ങളാണ് അവരുടെ പൂർവ്വികന്മാർ ഉണ്ടാക്കിയിരിക്കുന്നത്.

*പത്തൊമ്പതാം നൂറ്റാണ്ടണ്ടിലെ മലയാള അക്ഷരങ്ങളിലെ ചില രീതികൾ മാറ്റിയിട്ടുണ്ട്. ംരം എന്നതിന് പകരം ഈ ഉപയോഗിക്കുന്നു. അന്നില്ലാത്ത ദീർഘവും ചന്ദ്രക്കലയും ചേർത്തിട്ടുമുണ്ട്.

 

(1)മാതൃഭൂമിയുടെ ചരിത്രം ഒന്നാം വാല്യം (പേജ് 90)
വി.ആർ.മേനോൻ 1973 മാതൃഭൂമി ബുക്‌സ് കോഴിക്കോട്
(2) പൽപ്പു മുതൽ മുണ്ടശ്ശേരിവരെ സി.ആർ. കേശവൻ വൈദ്യർ പേജ് 115 ഡി സി ബുക്‌സ് 1990

 

Leave a Reply

Your email address will not be published. Required fields are marked *

Go Top