കോടിയേരി ബാലകൃഷ്ണന് ചില ദോഷങ്ങളുണ്ട്, ആളുകളോട് ചിരിച്ചുസംസാരിക്കുന്നു. വല്ലതും കേള്‍ക്കുംമുമ്പേ ക്ഷോഭിക്കുന്നില്ല, തല്ലുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തുന്നില്ല. ചുരുക്കത്തില്‍ ആള്‍ക്ക് വിപ്ലവം പോരാ. കണ്ണൂരുകാര്‍ അങ്ങനെയായാല്‍ മതിയോ?
അധികാരം കൈയില്‍ക്കിട്ടിയാല്‍ ഏതുവിപ്ലവകാരിയും ഒന്ന് തണുക്കുമെന്നതാണ് അനുഭവം. തലശ്ശേരി എം.എല്‍.എ.യായിരുന്ന കാലത്തെ കോടിയേരിയല്ലല്ലോ ആഭ്യന്തരമന്ത്രിയായ കോടിയേരി. എന്തൊരു വ്യത്യാസം!
ഇടതുപക്ഷസര്‍ക്കാര്‍ അധികാരത്തില്‍വന്നാല്‍ സി.പി.എമ്മും ആകമാനം ഒരു കോടിയേരിയായിപ്പോകുമോ എന്ന ഭയം പാര്‍ട്ടിക്കാര്‍ക്ക്പ്രത്യേകിച്ച് കണ്ണൂര്‍ പാര്‍ട്ടിക്കാര്‍ക്ക് ഉണ്ടായിരുന്നിരിക്കാം. അതേ സംഗതി ശത്രുക്കളില്‍ പ്രതീക്ഷയാണ് ഉളവാക്കുക. ഈ പ്രതീക്ഷയോടെയല്ല പയ്യന്നൂരില്‍ ആര്‍.എസ്.എസ്സുകാര്‍ സി.പി.എമ്മുകാരനെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നത് എന്നാര്‍ക്ക് പറയാനാവും?
ഈ പശ്ചാത്തലത്തിലാണ് പയ്യന്നൂര്‍ പ്രസംഗത്തില്‍ കോടിയേരി കുറേ പഞ്ച് ഡയലോഗുകള്‍ ഫിറ്റുചെയ്തത്. ഇത്തരം ഡയലോഗുകള്‍ കാലം കുറേയായി കണ്ണൂരുകാര്‍ കേള്‍ക്കുന്നതാണ്. പയ്യന്നൂര്‍ കുറേ ദൂരെയാണ്. അവിടെ ഇതൊന്നും പതിവുള്ളതല്ല. തലശ്ശേരി, കൂത്തുപറമ്പ്, പാനൂര്‍ പ്രദേശങ്ങളാണ് കൊലവിളിയുടെ അരങ്ങ്. കൊല്ലും എന്നൊരുത്തര്‍ പറഞ്ഞാല്‍, കൊന്നുകുഴിച്ചിടും എന്ന് മറ്റവര്‍ പറയും. കൊന്നുകുടല്‍മാല പുറത്തിടും എന്ന് വേറൊരുത്തന്‍ ഡയലോഗ് പരിഷ്‌കരിക്കും.
തലശ്ശേരിയില്‍ പണ്ട് രണ്ടുറൗണ്ട് കൊല കഴിഞ്ഞശേഷം വിളിച്ചുകൂട്ടിയ സമാധാനസമ്മേളനത്തിനിടയില്‍ ആരോ മുഖ്യമന്ത്രി കെ. കരുണാകരനോട്, ഇരുകൂട്ടരുടെയും പ്രസംഗം തീവ്രമാണെന്നും അത് മിതപ്പെടുത്താന്‍ നടപടിവേണമെന്നും പറഞ്ഞത് ഓര്‍മയുള്ളവര്‍ കാണും. ”പ്രസംഗത്തില്‍ എന്തെല്ലാം പറയും, ഞാനും അങ്ങനെ പ്രസംഗിച്ചിട്ടുണ്ട്. പ്രസംഗത്തിലാവാം. പക്ഷേ, കൊല്ലരുത്” എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
പ്രസംഗം കേട്ടൊന്നും ആരും കൊല്ലാന്‍ പോകില്ലെന്ന് തീപ്പൊരി പ്രസംഗക്കാര്‍ക്കെല്ലാമറിയാം. ചില ജീവികള്‍ ചില രീതിയില്‍ ചില വികാരങ്ങള്‍ അടക്കി വെക്കുന്നതുപോലൊരു ടെക്‌നിക്കാണ് പലര്‍ക്കും പ്രസംഗം. പ്രസംഗിക്കുന്നവര്‍ കൊല്ലാന്‍ പോകുന്ന പതിവില്ല, കൊല്ലുകാര്‍ വലുതായി പ്രസംഗിക്കാറുമില്ല. രണ്ടും വശമുള്ളവരും കാണും. കോടിയേരി ഒരു ചെയ്ഞ്ചിന് വെള്ളക്കൊടി മാറ്റിപ്പിടിച്ച് ഒരു ജയരാജനായതാവും.
അല്ലെങ്കിലും കോടിയേരി പ്രസംഗിച്ചതിലെന്താണ് പിശക്? കൊല്ലാന്‍ വന്നവര്‍ വന്നരൂപത്തില്‍ തിരിച്ചുപോകരുത്, വയലിലെ പണിക്ക് വരമ്പത്ത് കൂലി, വിത്തുഗുണം പത്തുഗുണം, ആളേറിയാല്‍ പാമ്പും ചാകില്ല തുടങ്ങിയ പഴഞ്ചൊല്ലുകള്‍ ഉരുവിടുന്നത് കുറ്റമാണോ? കൊല്ലാന്‍ വരുന്നവരെ അവിടെവെച്ചുതന്നെ കൈകാര്യംചെയ്യണമെന്ന് ആഗ്രഹിക്കാത്തവര്‍ ആരുണ്ട്? ആത്മരക്ഷാര്‍ഥം കൊല്ലാനും പാടുണ്ടത്രെ. ഐ.പി.സി. കൃത്യമായി അറിയില്ല. എം.കെ. ദാമോദരനോട് ചോദിക്കണം.
വയലില്‍ പണിയൊന്നുമില്ലാത്ത സീസണിലാണ് പണ്ടുമുതലേ തലശ്ശേരിക്കാരുടെ സ്വഭാവം മാറിയിരുന്നത് എന്ന് പഴയ ഡി.ജി.പി. ഡോ. അലക്‌സാണ്ടര്‍ ജേക്കബ് ഗവേഷണംനടത്തി കണ്ടുപിടിച്ചിട്ടുണ്ട്. ഇപ്പോള്‍ വയലും കൃഷിയും ഒന്നുമില്ലാത്തതുകൊണ്ട് ഏതുസമയത്തും കൊല്ലുമായിരിക്കും. എന്തായാലും ഇവര്‍ നേരിട്ട് ഏറ്റുമുട്ടി ആരെയും കൊല്ലാറില്ല. എതിരാളി വീട്ടില്‍ കിടന്നുറങ്ങുകയോ റോഡിലൂടെ തനിച്ച് നടക്കുകയോ ബസ്സില്‍ ഏകനായി സഞ്ചരിക്കുകയോ ഭാര്യയോടൊപ്പം സിനിമയ്ക്കുപോകുകയോ കുഞ്ഞുങ്ങളോടൊപ്പം കളിക്കുകയോ സ്‌കൂളില്‍ കൊച്ചുകുട്ടികളെ പഠിപ്പിക്കുകയോ ചെയ്യുമ്പോഴാണ് സൗകര്യപ്രദമായി വെട്ടിക്കൊല്ലാനാവുക. കത്തി ഇങ്ങോട്ടുനീളില്ല എന്നുറപ്പുള്ളപ്പോഴേ വീരശൂരപരാക്രമികള്‍ക്ക് ധൈര്യം വരൂ.
കോടിയേരിയുടെ കൊടിമാറ്റം താത്കാലികംമാത്രമായിരുന്നു. അദ്ദേഹം പൂര്‍വസ്ഥിതി പ്രാപിച്ചിട്ടുണ്ട്. കോടിയേരി രക്ഷമന്ത്രിച്ച തകിടുള്ള ഏലസ് കൈയില്‍ക്കെട്ടിയാണ് പ്രസംഗിച്ചതെന്ന ചാനല്‍ എക്‌സ്‌ക്‌ളൂസീവ് നിഷേധിക്കാന്‍ വിളിച്ചുചേര്‍ത്ത പ്രസ് കോണ്‍ഫറന്‍സിലും അദ്ദേഹം ക്ഷോഭിച്ചില്ല. പണ്ട് അമ്പലത്തില്‍ ശത്രുസംഹാരപൂജ നടത്തി എന്ന ആരോപണം നേരിട്ടപ്പോഴും ക്ഷോഭിച്ചിട്ടില്ല. സഖാവ് ചായ കുടിച്ചോ എന്ന് പത്രസമ്മേളനത്തില്‍ ചോദിച്ചാലും ക്ഷോഭിക്കുന്ന കൂട്ടരുമുണ്ടല്ലോ പാര്‍ട്ടിയില്‍. ഒരു സര്‍ക്കസാവുമ്പോള്‍ പല ടൈപ്പുകള്‍ വേണമല്ലോ.
***
ബൂര്‍ഷ്വാപത്രങ്ങള്‍ നിങ്ങളെ വിമര്‍ശിക്കുന്നതില്‍ ഒട്ടും പരിഭ്രമിക്കേണ്ട. അവര്‍ നിങ്ങളെ പ്രശംസിക്കുന്നുണ്ടെങ്കില്‍ സൂക്ഷിക്കൂ, നിങ്ങള്‍ക്ക് എന്തോ തെറ്റുപറ്റിക്കാണുമെന്ന് മുന്നറിയിപ്പുനല്‍കിയത് ആചാര്യന്‍ ഇ.എം.എസ്. ആയിരുന്നു. അക്കാലത്ത് അത് ശരിയായിരുന്നിരിക്കാം. കാലം മാറി. ഇക്കാലത്ത് വിമര്‍ശിക്കുന്ന ബൂര്‍ഷ്വമാത്രം പോരാ. അനുകൂലിക്കുകയും പുകഴ്ത്തുകയും ചെയ്യുന്ന ബൂര്‍ഷ്വയും വേണം.
തൊഴിലാളിവര്‍ഗ സര്‍വാധിപത്യം സ്ഥാപിക്കാനല്ലല്ലോ ഇവിടെ അധികാരത്തിലേറിയത്. വി.എസ്സിനും ചില വിമര്‍ശനത്തൊഴിലാളികള്‍ക്കും അത് മനസ്സിലായിട്ടില്ല. മുതലാളിത്തത്തില്‍ എല്ലാം ശരിയാക്കുന്ന പണിതന്നെ ചെയ്യാന്‍ ബാക്കികിടക്കുന്നു. അതാരാണ് ചെയ്യേണ്ടത്, നമ്മളല്ലാതെ?
അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന അതിഗംഭീര ധനശാസ്ത്രപണ്ഡിത ഗീത ഗോപിനാഥിനെ മുഖ്യമന്ത്രിയുടെ ഉപദേശിയാക്കിയതിനെച്ചൊല്ലിയുള്ള വിവാദം കെട്ടടങ്ങിയിട്ടില്ല. ഇവരുടെ ഉപദേശം ചോദിച്ചുവാങ്ങി അതിലെ പ്രിസ്‌ക്രിപ്ഷന്‍ പ്രകാരമാണ് നമ്മുടെ സൂക്കേടുകള്‍ക്കുള്ള മരുന്നുവാങ്ങാന്‍ പോകുന്നതെന്ന് ചിലര്‍ ധരിച്ചിട്ടുണ്ട്. ഉപദേശംതന്നെ വേണമെന്നില്ല. അവര്‍ ഒരു ബ്രാന്‍ഡ് അംബാസഡറായി അവിടെയങ്ങനെ നിന്നാല്‍മതി. ഇത് ആഗോള സാമ്പത്തികശക്തികള്‍ക്കുള്ള ഒരു സന്ദേശമാണ്.
ഹാര്‍വാഡുകാരിയാണ് നമ്മെ ഉപദേശിക്കുന്നതെന്നറിഞ്ഞാല്‍ അവറ്റകള്‍ വല്ല വ്യവസായവും തുടങ്ങാന്‍ ഇങ്ങോട്ടുവന്നെങ്കില്‍ അത്രയും നല്ലതല്ലേ? ഉപദേശത്തിന് ഇഷ്ടംപോലെ പണ്ഡിതന്മാര്‍ ഇല്ലാഞ്ഞിട്ടാണോ? പ്രഭാത് പട്‌നായിക്കിനെപ്പോലുള്ളവര്‍ ഇവിടെയുണ്ടെന്നറിഞ്ഞാല്‍ മൂലധനവുമായി പുറപ്പെട്ടവര്‍ വഴിയിലെവിടെയെങ്കിലും ഇറങ്ങി തിരിച്ചുപോവുകയേയുള്ളൂ. അതാണ് ഗീതോപദേശത്തിന്റെ ഉദ്ദേശ്യം.
അതിനിടയില്‍ കൊലച്ചതിചെയ്തത് ബി.ജെ.പി.ക്കാരാണ്. ഗീതയെ നിയമിച്ചത് അസ്സലായെന്ന് അരുണ്‍ ജെയ്റ്റ്‌ലിയും കുമ്മനവും പ്രശംസിച്ചുകളഞ്ഞു. അവരുടെ പ്രശംസ ആര്‍ക്കുവേണം? ഇപ്പോഴാണ് ഇ.എം.എസ്സിനെ ഓര്‍മവരുന്നത്. ആ ദുഷ്ടന്മാര്‍ പ്രശംസിക്കാന്‍മാത്രം വലിയ തെറ്റ് നമുക്കുപറ്റിയോ പടച്ചോനേ…
***
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ദീര്‍ഘവീക്ഷണം പോരാ എന്നാരും ഇനി കുറ്റപ്പെടുത്തരുത്. ഒരു കാര്യത്തില്‍ അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണം ഇല്ലായിരുന്നെങ്കില്‍ കേരളത്തിലെ വിവരാവകാശകമ്മിഷന്‍ പൂട്ടി താക്കോല്‍ സെക്രട്ടേറിയറ്റില്‍ ഏല്‍പ്പിക്കേണ്ടിവരുമായിരുന്നു. എങ്ങനെയെന്നോ?
ഫിബ്രവരിയില്‍ കമ്മിഷന്‍ അംഗങ്ങളെ നിയമിക്കുമ്പോള്‍ ഉമ്മന്‍ചാണ്ടി ചെയ്തത് ഒരു ദുരുദ്ദേശ്യ കടുംകൈയാണെന്ന് സകലരും കുറ്റപ്പെടുത്തിയിരുന്നു. മുഖ്യ കമ്മിഷണര്‍ സിബി മാത്യൂസിന്റെ കാലാവധി തീരുംമുമ്പേ പുതിയ ചീഫ് കമ്മിഷണറെ തീരുമാനിച്ചു. തിരഞ്ഞെടുപ്പുകഴിഞ്ഞേ സിബി മാത്യൂസിന്റെ കാലാവധി തീരുമായിരുന്നുള്ളൂ. പുതിയ മന്ത്രിസഭയ്ക്ക് വലിയ തിരക്കായിരിക്കുമല്ലോ എന്നോര്‍ത്ത് മുഖ്യകമ്മിഷണറെ തീരുമാനിച്ചുകൊടുത്തു ഉമ്മന്‍ചാണ്ടി. എന്തൊരു സന്മനസ്സ്.
അങ്ങനെയാണ് വിന്‍സന്‍ എം. പോളിനെ നിര്‍ദേശിച്ചത്. വി.എസ്. അച്യുതാനന്ദന് ഇതൊട്ടും പിടിച്ചില്ല. അഴിമതിക്കേസുകളില്‍ സഹായിച്ചതിനുള്ള പ്രതിഫലമാണെന്ന് ആക്ഷേപിക്കുകയും ചെയ്തു.
പക്ഷേ, ഗവര്‍ണര്‍ ഫയല്‍ നോക്കിയപ്പോള്‍ കണ്ടത് അംഗീകരിക്കാന്‍പറ്റിയ ഒരേയൊരു നിയമനം ചീഫ് കമ്മിഷണറുടേതുമാത്രമാണ് എന്നായിരുന്നു. മറ്റുകമ്മിഷണര്‍മാരുടെ ഫയലെല്ലാം ഗവര്‍ണര്‍ മടക്കി. യു.ഡി.എഫ്. നോമിനികള്‍ ഇപ്പോഴിതാ കൊല്ലുമോ പോറ്റുമോ എന്നറിയാതെ കാത്തിരിക്കുന്നു. എന്തൊരു കൊടുംചതി.
ദീര്‍ഘവീക്ഷണത്തിന്റെ ഗുണം കൊണ്ട്, ഇനി ചീഫ്മാത്രം യു.ഡി.എഫ്. നോമിനിയും ബാക്കിയെല്ലാം ഇടതുനോമിനികളാകുമോ എന്നും ഭയപ്പെടേണ്ടതുണ്ട്.ഒരു ചീഫ് കമ്മിഷണര്‍മാത്രമുണ്ടായിട്ടും ബഹുശല്യമാണ്. എല്ലാവരുംകൂടി വന്നാല്‍ എന്തായിരിക്കും പുകിലെന്ന് സര്‍ക്കാര്‍ ഭയപ്പെടുന്നുണ്ടോ എന്നറിയില്ല. എന്തായാലും ചീഫ് കമ്മിഷണറുടെ ഏകാംഗനാടകമാണ് കമ്മിഷനില്‍. പുതിയ സര്‍ക്കാറെന്താണ് ഒഴിവുകള്‍ നികത്താത്തതെന്നോ? ഓ, അതിനേക്കാള്‍ വലിയ കോര്‍പ്പറേഷനും കമ്മിഷനും ബോര്‍ഡും അക്കാദമിയും മറ്റും മറ്റും നൂറുകണക്കിന് കിടക്കുന്നു ആളെ കണ്ടെത്താന്‍. യു.ഡി.എഫുകാരുടെ പേരു നിര്‍ദേശിച്ച വിവരക്കേടവകാശ കമ്മിഷന്‍ പ്രവര്‍ത്തിപ്പിക്കാനാണോ ധൃതി.