സ്വകാര്യമല്ലാത്ത അന്യായങ്ങള്‍

ഇന്ദ്രൻ

ഡെവിള്‍സ് അഡ്വക്കേറ്റ്‌സ് എന്നൊരു പ്രയോഗമുണ്ട് ആംഗലത്തില്‍. സംഗതി നമ്മുടെ നാട്ടിലെ ചിലതരം അഭിഭാഷകരെക്കുറിച്ചാണെന്നു തെറ്റിദ്ധരിക്കരുതേ… അതിനു ക്രൈസ്തവചരിത്രത്തിലെ ചില ആചാരങ്ങളുമായാണ് ബന്ധം. ഏതോ ചെകുത്താനുവേണ്ടി കേസുവാദിക്കുന്ന കൂട്ടരെക്കുറിച്ചാണ് എന്ന് കേള്‍ക്കുമ്പോള്‍ തോന്നിപ്പോകും. അത്ര മോശം അര്‍ഥമല്ല ആ ശൈലിക്കുള്ളതും.  അഭിഭാഷകന് ഇന്നതരം കേസേ കേള്‍ക്കാവൂ എന്നില്ല. ചെകുത്താനുവേണ്ടിയും വാദിക്കാം. ചെകുത്താനും കോടതിയില്‍ വക്കീല്‍ വേണമല്ലോ. നാഥുറാം ഗോഡ്‌സെയ്ക്കും വേണം, ഗോവിന്ദച്ചാമിക്കും വേണം, അമീറുള്‍ ഇസ്ലാമിനും വേണം. സത്യവും ന്യായവും ഉള്ള കേസേ അഭിഭാഷകര്‍ ഏറ്റെടുക്കാവൂ എന്ന് നിയമത്തിലും ഭരണഘടനയിലുമൊന്നും പറയുന്നില്ല. അന്യായത്തിന്റെ പക്ഷത്തും വാദിക്കാം. അന്യായം ഫയല്‍ചെയ്യുക എന്ന നിയമഭാഷയുടെ അര്‍ഥം അന്യായം ചെയ്യുക എന്നല്ലല്ലോ.

ന്യായത്തിന്റെ പക്ഷത്തായാലും അന്യായത്തിന്റെ പക്ഷത്തായാലും പെരുമാറ്റച്ചട്ടം അനുസരിച്ചേ അഭിഭാഷകന്‍ എന്തെങ്കിലും ചെയ്യാവൂ എന്നുണ്ട്. അന്യായം തൊഴില്‍ജീവിതത്തില്‍ ചെയ്യരുത് എന്നാണ് അതിന്റെ അര്‍ഥം. കുറച്ചുദിവസമായി കേസിലെ അന്യായവും പൊതുജീവിതത്തിലെ അന്യായവും കൂടിച്ചേര്‍ന്ന് ആകെ കണ്‍ഫ്യൂഷനിലായിരിക്കുകയാണ്. അന്യായം തുടങ്ങുന്നത്, ഒരു അഭിഭാഷകന്‍ വഴിയേപോകുന്ന ഒരു സ്ത്രീയോട് എന്തോ അന്യായം കാട്ടി എന്ന പരാതിയില്‍നിന്നാണ്. പരാതി ശരിയോ തെറ്റോ എന്നൊന്നും നമുക്കറിഞ്ഞൂകൂടാ. പരാതി നൂറുശതമാനം ശരിയോ എന്നു പരിശോധിച്ചല്ല പോലീസ് കേസെടുക്കുന്നതും അറസ്റ്റുചെയ്യുന്നതും. കോടതി റിമാന്‍ഡ് ചെയ്യുന്നതുപോലും അങ്ങനെയല്ല.

പ്രധാനമന്ത്രിയായാല്‍പ്പോലും ഇതാണ് നാട്ടിലെ നീതിന്യായം. പരാതി അഭിഭാഷകനെക്കുറിച്ചായതുകൊണ്ട് ന്യായവും വാദവും നോക്കിയേ വാര്‍ത്തകൊടുക്കാവൂ എന്നാണ് വാദം. അങ്ങനെയല്ലാതെ റിപ്പോര്‍ട്ടുചെയ്ത പത്രപ്രവര്‍ത്തകനെ ഏതാനും കറുത്തകോട്ടുകാര്‍ കൈകാര്യം ചെയ്തതും അവരുടെ കണ്ണില്‍ ന്യായംതന്നെയാവും. ഏത് അടിയും അതു കിട്ടുന്നവനേ അന്യായമായിത്തോന്നൂ.

പത്രപ്രവര്‍ത്തകര്‍ക്ക് പെരുമാറ്റച്ചട്ടമുണ്ടാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് ഒരു അഭിഭാഷകശിങ്കം ചാനല്‍ ചര്‍ച്ചയില്‍ വാദിക്കുന്നതുകേട്ടു. തെറ്റിദ്ധാരണയാണ്. പെരുമാറ്റച്ചട്ടം ഇല്ലാത്തതിന്റെ കുറവൊന്നും പത്രപ്രവര്‍ത്തകര്‍ക്കില്ല. ലോകത്താകമാനമായി ഇരുനൂറോളം പെരുമാറ്റച്ചട്ടമുണ്ട് പത്രപ്രവര്‍ത്തകര്‍ക്ക് എന്നാണറിവ്. പത്രപ്രവര്‍ത്തകര്‍ അതൊന്നും വായിക്കാറും പാലിക്കാറുമില്ല എന്നത് അവിടെനില്‍ക്കട്ടെ. എന്താണ് ബഹു. അഭിഭാഷകരുടെ സ്ഥിതി? ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ആക്ടിലും റൂളിലുമൊക്കെ വകുപ്പും ഉപവകുപ്പുമായങ്ങനെ വളഞ്ഞുപുളഞ്ഞു കിടക്കുന്നുണ്ട് അവരുടെ പെരുമാറ്റച്ചട്ടം. മാധ്യമധാര്‍മികത നോക്കാന്‍തുടങ്ങിയാല്‍ വാര്‍ത്തയെഴുതാന്‍ പറ്റില്ല എന്നുപറയുന്ന ചില പത്രക്കാരുള്ളതുപോലെ ബാര്‍ കൗണ്‍സിലിന്റെ ചട്ടം നോക്കിയാലെങ്ങനെയാണ് വക്കീല്‍സംഘടനക്കാരനാവുക എന്നു കരുതുന്നവരും ധാരാളമുണ്ടെന്നും മനസ്സിലായി.

അഭിഭാഷകന്‍ തികഞ്ഞ മാന്യനായി, സമൂഹത്തിലെ പ്രത്യേകപദവിയുള്ള ഓഫീസര്‍ ഓഫ് കോര്‍ട്ട് ആയി, ഉയര്‍ന്ന നിലവാരം പെരുമാറ്റത്തില്‍ പുലര്‍ത്തണമെന്നും മറ്റും എഴുതിവെച്ചിട്ടുണ്ട് അതില്‍. ബാറിനു പുറത്തുള്ളവര്‍ ചെയ്താല്‍ ശരിയായി കണക്കാക്കുന്ന കാര്യങ്ങള്‍പോലും അഭിഭാഷകന്‍ ചെയ്താല്‍ തെറ്റാവും എന്നും ചട്ടത്തില്‍ പറയുന്നുണ്ട്. ഇതൊക്കെ നോക്കിയാലെങ്ങനെയാണ് ഇഷ്ടമില്ലാത്തത് എഴുതിയ പത്രക്കാരനെ വളഞ്ഞിട്ടുതല്ലാനാവുക? എങ്ങനെയാണ് കോടതി റിപ്പോര്‍ട്ടര്‍മാര്‍ക്കനുവദിച്ച റൂം തല്ലിപ്പൊളിക്കുക, എങ്ങനെയാണ് കാലുവയ്യാത്ത വനിതാ പത്രപ്രവര്‍ത്തകയെപ്പോലും ലിഫ്റ്റില്‍ കയറുന്നതു തടയാനാവുക, എങ്ങനെയാണ് കല്ലും ബീര്‍കുപ്പിയും പത്രക്കാര്‍ക്കുനേരേ വലിച്ചെറിയാനാവുക, കേട്ടാലറയ്ക്കുന്ന തെറിവിളിച്ചുപറയുക… കോട്ടിട്ട് ജാഥ നടത്താന്‍പോലും നിയമം അനുവദിക്കില്ല. എന്തൊരു അന്യായം!
ചാനലുകളില്‍ച്ചെന്നു ന്യായം പറയുന്ന അഭിഭാഷകരുടെ കാര്യമാണ് മഹാകഷ്ടം. സകലവിഷയത്തിലും ന്യായവും അന്യായവും വേര്‍തിരിച്ചുപറയുന്ന ലാഘവത്തില്‍ വക്കീലന്മാരുടെ സംഘടനാകാര്യത്തില്‍ ഇടപെട്ടുകൂടാ. നേതാക്കളോടു ചോദിക്കാതെ ന്യായം പറയുന്നതന്യായംതന്നെ. സംഘടനയിലെ അംഗങ്ങള്‍ സത്യവും ന്യായവും പറയണമെന്ന് ഒരു ഭരണഘടനയിലും പറയുന്നില്ല. അച്ചടക്കത്തിന്റെ വാള്‍ വീശിയിട്ടുണ്ട് നേതാക്കള്‍. ചിലരുടെയെല്ലാം തല വൈകാതെ ഉരുളും.
****
എന്തു നല്ലകാര്യം ചെയ്താലും മാധ്യമദുഷ്ടാത്മാക്കള്‍ വിമര്‍ശിക്കുന്നു എന്ന് ഇടതുപക്ഷത്തുള്ളവര്‍ കരുതിയാല്‍ തെറ്റില്ല. നിയമം നമുക്ക് അറിയാത്തതുകൊണ്ടാണ് നിയമോപദേഷ്ടാവിനെ നിയമിച്ചത്. കാല്‍ക്കാശ് ചെലവാക്കാതെ നിയമോപദേശം വാങ്ങുന്നതും അപരാധമാണത്രെ. അങ്ങേരത് ഇട്ടേച്ചുപോയി. ഇതാ മുഖ്യമന്ത്രിക്ക് ഒരു സാമ്പത്തിക ഉപദേഷ്ടാവിനെ നിയമിച്ചതിനെക്കുറിച്ചും അവിടെയും ഇവിടെയും പരദൂഷണം പറയുന്നു ചിലകൂട്ടര്‍.

മുതലാളിത്തത്തിന്റെ സ്വര്‍ഗമായ അമേരിക്കയിലെ, ബൂര്‍ഷ്വാവിജ്ഞാനത്തിന്റെ തലസ്ഥാനമായ ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയില്‍നിന്നു വേണ്ടിയിരുന്നോ ഉപദേശിയെ കണ്ടെത്തേണ്ടത് എന്നതാണു ചോദ്യം. അതുസാരമില്ല. എന്തായാലും ഗീത ഗോപിനാഥ് കണ്ണൂര്‍ മയ്യില്‍ സ്വദേശിയാണെന്നാണ് ചില പത്രങ്ങള്‍ പറയുന്നത്. വിക്കിപീഡിയയില്‍ മൈസൂരുകാരിയാണെന്നു പറയുന്നത് തെറ്റാവാനേ വഴിയുള്ളൂ. മയ്യിലുകാരി മുതലാളിത്തപാതക്കാരിയാകാന്‍ സാധ്യതയില്ല.  ഇടതുപക്ഷക്കാരിയാവും, ഷുവര്‍.

സഖാവ് ഡോ. തോമസ് ഐസക്കിനെപ്പൊലൊരു സാമ്പത്തികകാര്യപണ്ഡിതന്‍ ഉള്ളപ്പോള്‍ വിജയന്‍സഖാവിനെ ഉപദേശിക്കാന്‍ അമേരിക്കക്കാരി വേണമായിരുന്നോ എന്നു ചിലര്‍ ചോദിക്കുന്നുണ്ട്. രണ്ടും തമ്മിലുള്ള വ്യത്യാസം സഖാക്കള്‍ മനസ്സിലാക്കണം. തോമസ് ഐസക്ക് വലിയ പണ്ഡിതനൊക്കെത്തന്നെ. പക്ഷേ, ഗമയുള്ള ഒരു വിഷയത്തെക്കുറിച്ചും പഠിച്ചിട്ടില്ല, എഴുതിയിട്ടുമില്ല. കേള്‍ക്കണോ വിഷയങ്ങള്‍… ദാരിദ്ര്യത്തിന്റെ രാഷ്ട്രീയം, കേരളംമണ്ണും മനുഷ്യനും, ജനകീയാസൂത്രണം, മാര്‍ക്‌സിസം, കയറ്, കല്യാശ്ശേരി, കൊഴിയുന്ന തേങ്ങ… അയ്യയ്യേ എന്തു വിഷയങ്ങളാണിത്?

ഗീത ഗോപിനാഥിന്റെ വിഷയങ്ങള്‍ എല്ലാം ഇന്റര്‍നാഷണലാണ്. ആഗോളത്തില്‍ കുറഞ്ഞ ഒരു വിഷയവുമില്ല. സര്‍ക്കാര്‍ അവരുടെ അപദാനങ്ങള്‍ വ്യക്തമാക്കുന്ന ഒന്നരമീറ്റര്‍ നീളമുള്ള കരിക്കുലംവിറ്റ പുറത്തിറക്കിയിരുന്നു. കല്യാശ്ശേരിയും തേങ്ങയും പോകട്ടെ… കേരളമോ ഇന്ത്യയോ ഏഷ്യപോലുമോ അതില്‍ കാണില്ല. മനസ്സിലായില്ലേ തോമസ് ഐസക്കും ഗീതയും തമ്മിലുള്ള വ്യത്യാസം?

****
രാഹുല്‍ ഗാന്ധി ആര്‍.എസ്.എസ്സിന് മാനനഷ്ടമുണ്ടാക്കിയെന്ന് കേസുണ്ടായിരിക്കുന്നു. ആര്‍.എസ്.എസ്സുകാരാണ് മഹാത്മാഗാന്ധിയെ വെടിവെച്ചുകൊന്നത് എന്ന് രാഹുല്‍ഗാന്ധി പ്രസംഗിച്ചതുകൊണ്ടാണത്രെ ആര്‍.എസ്.എസ്സിന് മാനഹാനി ഉണ്ടായത്. അങ്ങനെ പ്രസംഗിച്ചിട്ട് കൊല്ലം രണ്ടായി. ഇതുകാരണം രണ്ടുവര്‍ഷമായി ആര്‍.എസ്.എസ്സുകാര്‍ മാനക്കേടുകാരണം തലയില്‍ കാവിവേഷ്ടി പുതച്ചാണ് നടക്കുന്നത്. കള്ളം പറഞ്ഞതിനല്ല കേസ്. കള്ളം പറയുന്നതു കുറ്റകരമാണെങ്കില്‍ രാഷ്ട്രീയക്കാരും പത്രക്കാരും വക്കീലന്മാരുമെല്ലാം ജയിലിലായേനെ. കള്ളം പറയാം, പക്ഷേ, കള്ളം പറഞ്ഞു മാനനഷ്ടമുണ്ടാക്കരുത്.

കേസ് ഫയല്‍ ചെയ്തത് ആര്‍.എസ്.എസ്. അല്ല. ആര്‍.എസ്.എസ്. ഇതു കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഏഴു പതിറ്റാണ്ടു തികയാന്‍പോകുന്നു. ജവാഹര്‍ലാല്‍ നെഹ്രു മുതലിങ്ങോട്ട് എത്രപേര്‍ ഇതിനേക്കാള്‍ കടുത്തഭാഷയില്‍ പ്രസംഗിച്ചിരിക്കുന്നു. ഗാന്ധിവധത്തിന്റെ പേരിലാണ് ആര്‍.എസ്.എസ്സിനെ നിരോധിച്ചത്. അതല്ലേ ഇതിലും വലിയ മാനഹാനി? അന്നൊന്നുമില്ലാത്ത മാനനഷ്ടം രാഹുല്‍ഗാന്ധി പ്രസംഗിച്ചാല്‍ ഉണ്ടാവുകയില്ല എന്നറിയുന്നതുകൊണ്ടാവും അവര്‍ അതു ഗൗരവമായി എടുത്തുമില്ല, കേസ് കൊടുത്തുമില്ല.

കീഴ്‌ക്കോടതിയിലെ കേസ് അവിടെക്കിടന്ന് ആരും ശ്രദ്ധിക്കാതെ ചത്തുപോകുമായിരുന്നു. അതു സുപ്രീംകോടതിയിലെത്തിച്ചത് രാഹുല്‍ഗാന്ധിയാണ്. ആര്‍.എസ്.എസ്. ഗൗരവമായിട്ടെടുക്കാത്ത ആരോപണമാണ് കോടതി ഗൗരവമായിട്ടെടുത്തത്. അതിനും കോടതിക്ക് അധികാരമുണ്ടല്ലോ. ആര്‍.എസ്.എസ്. സംഘടന തീരുമാനിച്ചിട്ടാണ് ഗാന്ധിജിയെ കൊന്നതെന്ന് ആര്‍ക്കും തെളിയിക്കാനാവില്ല. പക്ഷേ, നാഥുറാം ഗോഡ്‌സെ മുതല്‍ സവര്‍ക്കര്‍ വരെയുള്ളവര്‍ക്കൊന്നും സംഘപരിവാറുമായി ബന്ധമില്ല എന്നും തെളിയിക്കാനാവില്ല. ഗോഡ്‌സെക്കുവേണ്ടി അമ്പലം പണിയുന്നതും പ്രതിമ ഉണ്ടാക്കുന്നതും സിനിമ നിര്‍മിക്കുന്നതും ഗോഡ്‌സെയെ തൂക്കിലേറ്റിയ ദിവസം ബലിദാന്‍ ദിനമായി ആചരിക്കുന്നതും ഹിന്ദു മഹാസഭ എന്നൊരു സംഘടനയാണ്. അത് ഹിന്ദുക്കള്‍ക്കാകെ മാനഹാനിയുണ്ടാക്കുന്നു എന്നൊരു കേസ് ഇതുവരെയാരും ഫയല്‍ ചെയ്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Go Top