പുരസ്‌കാരം അങ്ങുനിന്നു കൊണ്ടുവന്നു കൊടുക്കാനൊന്നും ക്യൂബയ്ക്ക് പാങ്ങില്ല. സാമ്രാജ്യങ്ങള്‍ പലതും തകര്‍ന്നിട്ടും നില നിന്നുപോരുന്നതുതന്നെ വലിയ ഭാഗ്യമാണ്. അതുകൊണ്ട് പുരസ്‌കാരം യെച്ചൂരിസഖാവ് സ്വന്തം ചെലവില്‍ സ്ഥാപിച്ച് ഡല്‍ഹിയില്‍നിന്ന് കൈയില്‍ കൊണ്ടുവരികയാണ് ചെയ്തത്. വേറെ കവറിലാക്കിയ ചെക്കൊന്നും ഉണ്ടായിരിക്കുന്നതല്ല. എങ്കിലും, ചില ആനുകൂല്യങ്ങള്‍ ലഭിക്കുന്നതായിരിക്കും.
പാര്‍ട്ടി സംസ്ഥാനകമ്മിറ്റിക്കും വി.എസ്സിനും ബോധിക്കുമെങ്കില്‍ പ്ലാനിങ്ങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍, പിന്നാക്കജാതി കമ്മീഷന്‍ ചെയര്‍മാന്‍ തുടങ്ങിയ ഏതെങ്കിലും പോസ്റ്റുകള്‍ അനുവദിക്കാം. മലമ്പുഴയ്ക്ക് വേണ്ടി ഒരു വികസന അതോറിറ്റി ഉണ്ടാക്കി അതിന്റെ ചെയര്‍മാന്‍പദവി ഓഫര്‍ ചെയ്യുന്ന കാര്യവും ആലോചിക്കും. എന്തായാലും സ്റ്റേറ്റ് കാര്‍, സര്‍ക്കാര്‍ ശമ്പളത്തില്‍ പ്രവര്‍ത്തിക്കുന്ന പത്തിരുപത്തഞ്ച് പേഴ്‌സണല്‍ സ്റ്റാഫ് എന്നിവ ഉണ്ടായിരിക്കുന്നതല്ല. കാസ്‌ട്രോവിന് അതൊന്നും ഇല്ലല്ലോ . കാസ്‌ട്രോവിന് കൊടുക്കാത്തത് വി.എസ്സിന് കൊടുക്കില്ല.
അല്ലെങ്കിലും, ഇത്തരം സംവിധാനങ്ങളുടെ ആവശ്യവും ഉയരുന്നില്ല. ദിവസവും രാവിലെ പത്രം വായിച്ച് നൂറ്റൊന്ന് കത്തുകള്‍ കേന്ദ്ര-സംസ്ഥാനഭരണാധികാരികള്‍ക്ക് തയ്യാറാക്കി അയയ്ക്കാനാണല്ലോ ഓഫീസും സംവിധാനവും ഒക്കെ വേണ്ടിവരുന്നത്. ആഴ്ചയില്‍ രണ്ടുദിവസം മുഖ്യമന്ത്രിയുടെ രാജിയും ആവശ്യപ്പെടണം. പ്രതിപക്ഷനേതാവോ മുഖ്യമന്ത്രിയോ അല്ലാത്തതുകൊണ്ട് ഇത്തരം പൊല്ലാപ്പുകളൊന്നും വി.എസ്. തലയിലേറ്റേണ്ട കാര്യമില്ല. കാസ്‌ട്രോ ഇപ്പോള്‍ വിദേശബന്ധങ്ങള്‍, ആണവയുദ്ധം ഒഴിവാക്കല്‍ തുടങ്ങിയ ആഗോള വിഷയങ്ങളിലേ ശ്രദ്ധിക്കുന്നുള്ളൂ. വി.എസ്സിനും അതാവാം. കോണ്‍ഗ്രസ്സിന്റെയും ബി.ജെ.പി.യുടെയും അതിക്രമങ്ങള്‍ക്കും അഴിമതികള്‍ക്കും എതിരെ തല്‍ക്ഷണം പ്രതികരിക്കാവുന്നതുമാണ്. കേരളത്തില്‍ ഇനിയങ്ങോട്ട് പൊലീസക്രമം, അഴിമതി, സ്ത്രീപീഡനം തുടങ്ങിയ ദുഷ്‌ചെയ്തികള്‍ ഉണ്ടാവുകയില്ലല്ലോ. അതുകൊണ്ട് ആ വിധ സംഗതികളെക്കുറിച്ചൊന്നും വി.എസ്സ് വേവലാതിപ്പെടേണ്ട.
ആകപ്പാടെ ഒരു സങ്കടമേയുള്ളൂ. വി.എസ്സിനേക്കാള്‍ മൂന്നു വയസ്സ് ഇളയതാണ് കാസ്‌ട്രോ. അദ്ദേഹം 1959 മുതല്‍ 76 വരെ ക്യൂബയുടെ പ്രധാനമന്ത്രിയായും 76 മുതല്‍ 2008 വരെ പ്രസിഡന്റായും ഇരുന്നു- ആകെ 49 വര്‍ഷം- അരനൂറ്റാണ്ട് എന്നും പറയാം. ഇനി വേണ്ട എന്ന് ഉറപ്പിച്ച് പറഞ്ഞിട്ടാണ് അദ്ദേഹം 82 ാം വയസ്സില്‍ വിരമിച്ചത്. കേരളകാസ്‌ട്രോവിന് ആകെ അധികാരം കിട്ടിയത് അഞ്ചുവര്‍ഷം മാത്രം. അതൊരു പത്തെങ്കിലും ആക്കണമെന്ന് ആഗ്രഹിച്ചുപോകുന്നത് വലിയ കുറ്റമാണോ സഖാവേ?
ഒരു കാര്യത്തില്‍ നിരാശപ്പെടേണ്ടിവരില്ല. വരും ഇനിയും ഇലക്ഷനുകള്‍. മൂന്നുവര്‍ഷമേ ഉള്ളൂ ലോക്‌സഭയ്ക്ക്, അതുകഴിഞ്ഞ് പഞ്ചായത്ത്, പിന്നെ നിയമസഭ. തലങ്ങും വിലങ്ങും സഞ്ചരിച്ച് ഇടതുമുന്നണിക്ക് വേണ്ടി പ്രസംഗിക്കാന്‍ വി.എസ്സിന് സര്‍വ സ്വാതന്ത്ര്യവും ഉണ്ടാകും. അപ്പോള്‍, അയ്യോ കാസ്‌ട്രോ വോട്ട് പിടിക്കാറില്ല എന്നൊന്നും പറഞ്ഞ് ആരുംതടസ്സപ്പെടുത്തുകയില്ല. ഉറപ്പ്.
****
വരാന്‍ പോകുന്ന വിപത്തിനെക്കുറിച്ച് യു.ഡി.എഫിന്റെ നേതാക്കള്‍ക്ക്, പ്രത്യേകിച്ച് കോണ്‍ഗ്രസ്സുകാര്‍ക്ക് ഒരു പിടിപാടും ഉണ്ടായിരുന്നില്ലത്രെ. എങ്ങനെ ഉണ്ടാകും? ചെല്ലുന്നേടത്തെല്ലാം ആയിരക്കണക്കിന് ആളുകളെ കാണുന്നു. അവരാരും യു.ഡി.എഫ് തോറ്റുതുന്നംപാടും എന്ന് പറഞ്ഞേ ഇല്ല. പുതുപ്പള്ളി പോലെയാണ് കേരളമെന്ന് ഉമ്മന്‍ചാണ്ടിയും പാല പോലെയാണെന്ന് മാണിയും ഹരിപ്പാട് പോലെയാണെന്ന് രമേശ് ചെന്നിത്തലയും ഇരിക്കൂര്‍ പോലെയാണെന്ന് കെ.സി.ജോസഫും തൃക്കാക്കര പോലെയാണെന്ന് ബെന്നി ബഹന്നാനും മലപ്പുറം പോലെയാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടിയും വിശ്വസിച്ചതില്‍ തെറ്റില്ല. സാമ്പിള്‍ സര്‍വ്വെ നിയമമനുസരിച്ച് അഞ്ചുപേര്‍ ഒരേ കാര്യം പറഞ്ഞാല്‍ സംഗതി നടന്നതുതന്നെ.
പോരാത്തതിന് യു.ഡി.എഫ് സ്വന്തമായി സര്‍വ്വെതന്നെ നടത്തി. എന്നാലെങ്കിലും ആളുകള്‍ സത്യം പറയുമെന്നാണ് വിചാരിച്ചിരുന്നത്. അവരും പറഞ്ഞു പറ്റിക്കുകയായിരുന്നു. ഇതാണ് കേരളത്തിന്റെ പ്രശ്‌നം. ഒരുത്തനെയും വിശ്വസിക്കാന്‍ മേല. ബഹുജന സമ്പര്‍ക്കത്തില്‍ ഒട്ടും പിശുക്കിയില്ല. ലക്ഷക്കണക്കിനാളുകള്‍ക്ക് ഉടനുടന്‍ സഹായം നല്‍കി.. ആയിരം വേണ്ടിടത്ത് പതിനായിരവും പതിനായിരം വേണ്ടിടത്ത് ലക്ഷവും കൊടുത്തു. പക്ഷേ, അവരും കുടുംബവും യു.ഡി.എഫിന് വോട്ട് ചെയ്തിരുന്നെങ്കില്‍ ഇടതുകാരുടെ ലീഡെങ്കിലും ഇങ്ങനെ ചരിത്രത്തിലില്ലാത്ത വിധം കൂടുമായിരുന്നില്ലല്ലോ. മദ്യം നാട്ടില്‍ക്കിട്ടാത്ത അപൂര്‍വവസ്തുവാക്കി മാറ്റിയാല്‍ വീട്ടമ്മമാരുടെ വോട്ട് ബാങ്ക് പിന്നില്‍ അണി നിരക്കുമെന്നായിരുന്നു വിചാരിച്ചിരുന്നത്. അവരും ചതിച്ചു. വോട്ടൊന്നും ആ വകയില്‍ കിട്ടിയില്ല. മദ്യവിരുദ്ധരുടെ വോട്ട് ബാങ്കിനേക്കാള്‍ വലുതാണ് മദ്യപരുടെ വോട്ട് ബാങ്ക് എന്നുവേണം കരുതാന്‍. സി.പി.എം. വെറുതെയല്ല എല്ലാം ശരിയാക്കും എന്ന് പറഞ്ഞുകൊണ്ടേ ഇരുന്നത്.
ഹിന്ദുവോട്ട് ബാങ്ക് കൂടെപ്പോരുമെന്ന് വിചാരിച്ചാണ് പണ്ട് എ.കെ.ആന്റണി ന്യൂനപക്ഷക്കാര്‍ സംഘടിതശക്തിയുപയോഗിച്ച് അനര്‍ഹമായത് നേടുന്നു എന്ന് ആക്ഷേപിച്ചത്. ഹിന്ദുക്കള്‍ അതുകേട്ട് രോമാഞ്ചം കൊണ്ടതുമില്ല വോട്ട് ചെയ്തതുമില്ല. ഇപ്പോള്‍ ഹിന്ദുവോട്ട് ശക്തിപ്പെട്ടിരിക്കുന്നു. അത് കൈക്കലാക്കാന്‍ ഉമ്മന്‍ചാണ്ടി വെള്ളാപ്പള്ളിപ്പാലം വഴി സംഘപരിവാറിലേക്ക് മെട്രോറെയില്‍ ഉണ്ടാക്കുന്നതിനടയിലാണ് കൃത്യസമയത്ത് ആന്റണി ഹിന്ദുത്വവിരുദ്ധ-ന്യൂനപക്ഷപ്രേമ ഡയലോഗുമായി വന്ന് അത് തകിടം മറിച്ചത്. അങ്ങനെ ഹിന്ദുത്വവോട്ടും ഇല്ല, ന്യൂനപക്ഷവോട്ടും ഇല്ല എന്ന് ഉറപ്പുവരുത്തി. വെള്ളാപ്പള്ളി നടേശന്‍ സഹായിച്ച് കുറെ പിന്നാക്കവിഭാഗ വോട്ട് ഇത്തവണ ഇടതില്‍ നിന്ന് സംഘപരിവാറിലേക്ക് വഴിതിരിച്ചുവിടാനും പ്ലാനിട്ടിരുന്നു. അതുംനടന്നില്ല. ആ വോട്ട് ഇടതുപക്ഷത്ത് തന്നെ നില്‍ക്കുകയും ചെയ്തു, കോണ്‍ഗ്രസ്സിനൊപ്പം നിന്നിരുന്ന മുന്നാക്ക വോട്ട് ഹിന്ദുത്വ പക്ഷത്തേക്ക് തിരിയുകയും ചെയ്തു. ഇത്രയെല്ലാം അത്യാഹിതങ്ങള്‍ ഒരേ സമയം സംഭവിക്കുമെന്ന് പ്രവചിക്കാന്‍ ധൈര്യമുള്ള ജ്യോത്സ്യ•ാരൊന്നും നമ്മുടെ നാലയലത്തുണ്ടായിരുന്നില്ല.
എന്നാലും, തോല്‍പ്പിക്കുന്നതിനും വേണ്ടേ ഒരു മര്യാദയൊക്ക? കാല്‍ലക്ഷത്തിനും മേലെ ലീഡില്‍ എത്ര ഡസന്‍ യോഗ്യ•ാരെയാണ് വെട്ടിനിരത്തിയത്…..സഹിക്കുന്നില്ല.
****
ദിവ്യമായ പല കഴിവുകളും ഉള്ള രണ്ട് മഹാ•ാരാണ് വെള്ളാപ്പള്ളി നടേശനും കാന്തപുരം അബൂബക്കര്‍ മുസലിയാരും. അനുഗ്രഹം കിട്ടാനാണ് സാധാരണ ആളുകള്‍ ദിവ്യ•ാരെ സമീപിക്കാറുള്ളത്. അത് സാദാ ദിവ്യ•ാര്‍. മേല്‍പ്പറഞ്ഞ രണ്ടും അസാധാരണ ദിവ്യ•ാരാണ്. ഇവരുടെ അധിക്ഷേപമോ ശത്രുതയോ കിട്ടിയാലാണ് മനുഷ്യര്‍ രക്ഷപ്പെടുക. അതു കിട്ടാന്‍ അടുത്ത തിരഞ്ഞെടുപ്പാകുമ്പോള്‍ സ്ഥാനാര്‍ത്ഥികള്‍ ഇവരുടെ വീട്ടിനുമുന്നില്‍ ക്യൂനില്‍ക്കുന്ന അവസ്ഥയും ഉണ്ടായിക്കൂടെന്നില്ല.
കാന്തപുരത്തിന് ഈ തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിയെ അധിക്ഷേപം കൊണ്ട് അനുഗ്രഹിക്കാനേ അവസരമുണ്ടായുള്ളൂ. മണ്ണാര്‍ക്കാട്ടെ ലീഗ് സ്ഥാനാര്‍ത്ഥിയെ പൊതുജനം സംഘടിച്ച് ചവറ്റുകൊട്ടയിലാക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. തോല്‍ക്കുമായിരുന്ന സ്ഥാനാര്‍ത്ഥി നല്ല ഭൂരിപക്ഷത്തിന് ജയിച്ചു. ഇതെന്തൊരു ദിവ്യശക്തി എന്ന് ആളുകള്‍ അന്തംവിടുന്നുണ്ടാവാം. എന്നാല്‍ അത്ര വലിയ മറിമായമൊന്നും ഇതിലില്ലത്രെ. തോല്‍പ്പിക്കാന്‍ ആഹ്വാനം ചെയ്യുന്നതോടെ അതുവരെ മിണ്ടാതിരുന്നവരും ചാടിയെഴുന്നേറ്റ് പ്രവര്‍ത്തനരംഗത്തിറങ്ങും- തോല്‍പ്പിക്കാനല്ല, ജയിപ്പിക്കാന്‍. അത്രമാത്രം പിന്തുണയാണ് ദിവ്യ•ാര്‍ക്ക് ജനങ്ങള്‍ക്കിടയില്‍.
വെള്ളാപ്പള്ളിയാണ് ബഹുകേമന്‍. പറവൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.ഡി സതീശന്‍, ഉടുമ്പന്‍ചോലയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.എം. മണി, പീരുമേട്ടിലെ ഇ.എസ്. ബിജിമോള്‍ എന്നിവരായിരുന്നു മുഖ്യ ഗുണഭോക്താക്കള്‍. എരപ്പാളി, കരിംഭൂതം, ഭ്രാന്തി, ഏഭ്യന്‍ തുടങ്ങിയ ലളിതകോമള പദാവലികള്‍ കൊണ്ടായിരുന്നു അദ്ദേഹം അനുഗ്രഹം ചെരിഞ്ഞത്. എല്ലാവരും സുന്ദരമായി ജയിച്ചുകയറി. വി.എസ്. അച്യുതാനന്ദനെയും അദ്ദേഹം ഭാഗികമായി അനുഗ്രഹിച്ചിരുന്നു. വോട്ട് കുറയും എന്നേ പറഞ്ഞുള്ളൂ. അതുകൊണ്ട് ഭൂരിപക്ഷം കൂടി.
എതിര്‍ക്കുന്നവര്‍ ജയിക്കുക മാത്രമല്ല, അനുകൂലിക്കുന്നവര്‍ തോല്‍ക്കുന്ന അത്ഭുതവും അദ്ദേഹത്തിന് പ്രകടിപ്പിക്കാനായി. അദ്ദേഹത്തിന്റെ അനുഗ്രഹാശംസകളോടെ രൂപവല്‍ക്കരിച്ച ബി.ജെ.ഡി.എസ്സിന്റെ സ്ഥാനാര്‍ത്ഥികള്‍ ആരുംതന്നെ കരപറ്റിയില്ല. അഞ്ചുപത്താളുകള്‍ അക്കൂട്ടത്തില്‍ നിന്ന് ജയിക്കുകയും രണ്ടുമുന്നണികളും ഭൂരിപക്ഷം കിട്ടാതെ വലയുകയും ചെയ്തിരുന്നുവെങ്കില്‍ കാണാമായിരുന്നു ബി.ജെ.ഡി.എസ്സിന്റെ കളി. ബി.ജെ.പി.യുടെ ഭാഗ്യത്തിന് അത് സംഭവിച്ചില്ലെന്ന് പറഞ്ഞാല്‍മതിയല്ലോ.