വാഴുന്നില്ല, വീഴുന്നുമില്ല

ഇന്ദ്രൻ

കെ.എം.മാണിയുടെ പേരില്‍ ഒരു ബാര്‍കോഴ ആരോപണമേയുള്ളൂ. ഉള്ള ഒന്നിനു നല്ല ബലമുണ്ടെന്നതുസത്യം. മാണി വീണു. ഇനി ഉടനെയൊന്നും എഴുനേല്‍ക്കാന്‍ സാധ്യതയില്ല. കെ.ബാബുവിനും ബാറിന്റെ കുരിശ്ശേ ഉണ്ടായിരുന്നുള്ളൂ. അതും ബലമുള്ളതുതന്നെ. ബാബുവും വീണു. ഉറപ്പിക്കാന്‍ ആയില്ല, എഴുന്നേല്‍ക്കാന്‍ പിടയുന്നുണ്ട്. മുഖ്യന്‍ ഉമ്മന്റെ രണ്ടുചുമലിലുമുള്ളത് അപവാദങ്ങളുടെ ഭാണ്ഡമാണ്. സോളാര്‍, പാറ്റൂര്‍, ബാര്‍, ടൈറ്റാനിയം, പാമൊലീന്‍ തുടങ്ങി ചുരുങ്ങിയത് അര ഡസനെങ്കിലുമുണ്ട്. പക്ഷേ, കേളന്‍ കുലുങ്ങുന്നില്ല. എഫ്.ഐ.ആര്‍ ഇട്ട് കേസ്സെടുക്കാന്‍ ഒരു താഴെക്കോടതിയേ ഉത്തരവാക്കിയിട്ടുള്ളൂ. വഴങ്ങേണ്ട കാര്യമില്ല. ഞാന്‍ എന്തിനു രാജിവെക്കണം എന്ന ചോദ്യം മാധ്യമക്കാരോടല്ല, ജനങ്ങളോടാണ്. വിജിലന്‍സ് കോടതി ആദ്യത്തെ കോടതിയാണ്. ഇനിയും ഒരുപാട് ദൂരമുണ്ട് നീതിയുടെ കൊടുമുടിയായ സുപ്രീം കോടതിയിലേക്ക്. കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ്…..

മാണിക്കും ബാബുവിനും ധാര്‍മികത ചെറിയൊരു ദൗര്‍ബല്യമാണ്്. നിയമകാര്യത്തില്‍ അങ്ങനെയല്ല. പ്രത്യേകിച്ചും മാണി, നിയമം അരച്ചുകലക്കിക്കുടിച്ച ആളാണ,് ആരുടെയും ഉപദേശം വേണ്ട. പക്ഷേ, ധാര്‍മികത എന്നുകേട്ടാല്‍ മാണി തളരും. ഹൈക്കോടതി ജസ്റ്റിസ് സീസറുടെ ഭാര്യയെക്കുറിച്ചുകൂടി പറഞ്ഞതോടെ തളര്‍ന്നുപോയി. വിജിലന്‍സ് ജഡ്ജിന്റെ ് ലെവലിലുള്ള വല്ല കോടതിയില്‍നിന്നും ആയിരുന്നുവെങ്കില്‍ പിടിച്ചുനില്‍ക്കാമായിരുന്നു. മേലെ കോടതിപ്പടവുകള്‍ നിരവധിയുണ്ടല്ലോ. ഹൈക്കോടതി ജസ്റ്റിസ് എഴുതിയാല്‍ എഴുതിയതുതന്നെ. ബാബു കിട്ടിയ പിടിവള്ളിയില്‍ മുറുക്കിപ്പിടിച്ചു. നടപടി വിജിലന്‍സ് കോടതി വകയാണ്. അപ്പീല്‍ പോയി. വിജിലന്‍സ് കോടതിക്ക് വിജിലന്‍സ് പോരാ എന്ന് ഹൈക്കോടതി വിധിയില്‍ നിന്ന് മനസ്സിലായി. ബാബുവിന് ദൈവം മഹാനാണെന്നതിന് പുതിയൊരു തെളിവുകൂടി കിട്ടി. ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചാണ് ബാബുവും രാജി കൊടുത്തത്. അത്രക്കങ്ങ് ഉയരത്തില്‍ പിടിക്കേണ്ട എന്ന് മുഖ്യമന്ത്രി അന്നേ പറഞ്ഞതാണ്. അദ്ദേഹം രാജിക്കത്ത് ഗവര്‍ണര്‍ക്ക് അയച്ചില്ല. ചൂടുതണിയാന്‍ സ്വന്തംഫ്രഡ്ജില്‍ സൂക്ഷിച്ചു. ദൈവം ഇടപെട്ട സ്ഥിതിക്ക് മന്ത്രിസ്ഥാനത്തേക്ക് മടങ്ങണമെന്നുണ്ട് ബാബുവിന്. ഇല്ലെങ്കില്‍ ദൈവം തന്നെക്കുറിച്ച് എന്തുവിചാരിക്കും? ധാര്‍മികതയ്ക്കും കോടതിസ്റ്റേ കിട്ടുമെന്നുമനസ്സിലായി.

ഇതെല്ലാം എന്നോ മരത്തില്‍ കണ്ടിരുന്നു മുഖ്യമന്ത്രി. സീസറിന്റെ ഭാര്യയെക്കുറിച്ച് ചിന്തിച്ചിരിക്കുന്ന ആളല്ല അദ്ദേഹം. രാപ്പകല്‍ പായുന്നതിനിടയില്‍ സ്വന്തം ഭാര്യയെക്കുറിച്ചുപോലും ചിന്തിക്കാന്‍ നേരമില്ല. പിന്നെയല്ലേ സീസറുടെ ഭാര്യ! ധാര്‍മികത എന്നു കേള്‍ക്കുന്നതുതന്നെ അദ്ദേഹത്തിന് ചൊറിഞ്ഞുവരും. ഒരു പതിറ്റാണ്ടുമുമ്പ് മന്ത്രി കെ.പി.വിശ്വനാഥന്‍ കോടതി പറഞ്ഞതുകേട്ട് രാജിവെച്ചത് ഒട്ടും ശരിയായിരുന്നില്ല. മന്ത്രിക്ക് വനം മാഫിയയുമായി ബന്ധമുണ്ടെന്ന് ഒരു കമന്റ് തട്ടിയതാണ് ജഡ്ജി. തെളിവും സാക്ഷിയുമൊന്നുമില്ല. വനംമാഫിയയുമായി തനിക്ക് ബന്ധമില്ലെന്ന് തെളിയിക്കാന്‍ അവസരമുണ്ടോ മന്ത്രിക്ക്? ഇല്ല. നാളെ ഒരു മേല്‍ക്കോടതിക്ക് മറിച്ചുതോന്നിയാല്‍ മന്ത്രിസ്ഥാനം തിരിച്ചുകിട്ടുമോ? ഇല്ലല്ലോ. അയ്യോ…അന്നെനിക്ക് തെറ്റിയതാണ്. ക്ഷമിക്കണം എന്നു ജഡ്ജ് പ്രസ്താവന ഇറക്കുമോ?  ഇല്ലേയില്ല. മന്ത്രിയുടെ മാനഹാനിക്ക് നഷ്ടപരിഹാരം കൊടുക്കുമോ കോടതി? പത്രങ്ങള്‍ ചെയ്യുന്നതുപോലെ ഏതെങ്കിലുംപേജില്‍ ഇത്തിരിവണ്ണത്തില്‍ ഒരു തിരുത്തെങ്കിലും കൊടുക്കുമോ? ഇല്ല, ഇല്ല, ഇല്ല. അതുകൊണ്ടാണ്്, ധാര്‍മികതയുടെ വഴിക്കുപോകാന്‍ ഉമ്മന്‍ചാണ്ടിയെ കിട്ടില്ല എന്നുപറയുന്നത്.

ധാര്‍മികതയ്ക്ക് മേലെയാണ് മുഖ്യമന്ത്രിക്ക് മന:സാക്ഷി. വളരെ സുതാര്യമാണ്, സൗകര്യവുമാണ്, പുറത്താരും കാണില്ല. ആരെയും ബോധ്യപ്പെടുത്തേണ്ട. വാദവും അപ്പീലും ക്രോസ് വിസ്താരവും ഒന്നും ഉണ്ടാവില്ല. നമുക്കുതന്നെ വാദിയും പ്രതിയും വക്കീലും ജഡ്ജിയുമെല്ലാമാകാം. സീസര്‍ഭാര്യസിദ്ധാന്തം കാലഹരണപ്പെട്ടത്് കോടതികള്‍ കാണുന്നില്ല. ക്രിസ്്തുവിനും മുമ്പ് ജീവിച്ചിരുന്ന കക്ഷിയാണ്. കാര്യമില്ല. അതിനേക്കാള്‍ മുമ്പ് ജീവിച്ചിരുന്ന കക്ഷിയാണ് നമ്മുടെ നാട്ടുകാരന്‍ കൗടില്യന്‍. ഒരിക്കലും കാലഹരണപ്പെടില്ല, കാലം കഴിയുന്തോറും കൂടുതല്‍ കൂടതല്‍ പ്രസക്തനായിക്കൊണ്ടിരിക്കും. കൗടില്യന്റേത് കുടിലതയാണ് എന്നുംമറ്റും പറയുമായിരിക്കും. സാരമില്ല. സംശയത്തിന് അതീതനായിരിക്കുക എന്നത് ഇക്കാലത്ത് നടപ്പുള്ള കാര്യമല്ല. രാഷ്ട്രീയത്തില്‍, പ്രത്യേകിച്ചും ഗാന്ധിയന്‍ പാര്‍ട്ടി രാഷ്ട്രീയത്തില്‍ ഇറങ്ങുമ്പോഴേ ആളുടെ സത്യസന്ധത, ധാര്‍മികത തുടങ്ങിയവ സംശയാസ്പദമാകുന്നുണ്ട്. ആര്‍ക്കും ആര്‍ക്കെതിരെയും എന്ത് ആരോപണവും ഉന്നയിക്കാം. ഒരു വിരോധവുമില്ല. രാജിവെക്കണം എന്നുമാത്രം പറയരുത്. രാഷ്ട്രീയത്തില്‍ പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്നത് ആ പഴയ സിദ്ധാന്തമാണ്- അവസാനത്തെ കോടതി അവസാനത്തെ വിധിയില്‍ സംശയത്തിന് ഒരു പഴുതുംകൊടുക്കാതെ കുറ്റവാളിയാണെന്ന് വിധിക്കും വരെ പ്രതി നിരപരാധിയാണ്. അതുവരെ ആരും രാജിവെക്കരുത്. രാജിവെപ്പിക്കരുത്. കുറ്റവാളിയാണെന്നു വിധിക്കപ്പെട്ടാലും ജനകീയക്കോടതിയില്‍ വല്ല വിധേനയും കേസ്സുതള്ളിക്കാനാവുമോ എന്നുനോക്കണം. അതുസാധിച്ചാല്‍ ചെയ്തുകൂട്ടിയ എല്ലാ പാപങ്ങളും കുറ്റങ്ങളും ലാപ്‌സാവും. പ്രതി നീണാല്‍വാഴട്ടെ, കോടതി പോയി തു…ട്ടെ.

സംഗതി ഇങ്ങനെയൊക്കെയായതുകൊണ്ടു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജി വെക്കില്ല. പ്രതിപക്ഷം അതാഗ്രഹിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ത്തന്നെ സംശയമുണ്ട്. നാലേമുക്കാല്‍ കൊല്ലം മുമ്പ് മുഖ്യമന്ത്രി സ്ഥാനമേറ്റതുമുതല്‍ ആഴ്ചയില്‍ ആറുവട്ടം, മുഖ്യമന്ത്രി രാജിവെക്കണം എന്നു പ്രസ്താവന ഇറക്കാറുണ്ടെന്നതുശരി. ഇപ്പോഴത് ചെകടടപ്പിക്കുന്ന ശബ്ദത്തില്‍ ആവശ്യപ്പെടുന്നുണ്ടെന്നതും ശരി. അതൊരു ആചാരമാണ്. ലംഘിക്കാന്‍ പാടില്ല. പക്ഷേ, സ്വകാര്യമായി ചോദിച്ചാല്‍ അവര്‍ സത്യംപറഞ്ഞേക്കും. ഈ മുഖ്യമന്ത്രിതന്നെ, അരഡസന്‍ അഴിമതി ആരോപണങ്ങള്‍ തലയില്‍പ്പേറി ദുര്‍ബലനായി യു.ഡി.എഫിനെ നയിക്കുകയല്ലേ പ്രതിപക്ഷത്തിന് നല്ലത്? ക്ലീന്‍ ഇമേജുള്ള വല്ല നേതാവിനെയും മുഖ്യമന്ത്രിയാക്കി ഖദര്‍ഷര്‍ട്ട് പുതിയതുവാങ്ങി ഇസ്ത്രിരിയിട്ട് വെളുക്കെ ചിരിച്ചുവന്നാല്‍ ബുദ്ധിമുട്ടാകില്ലേ? ജനത്തിന് അരണയുടെ ഓര്‍മയാണ്. ബാറും മറയ്ക്കും, സോളാറും മറന്നേക്കും…..മാങ്ങയില്ലാത്ത മാവില്‍ ആരെങ്കിലും എറിയുമോ?

****
സത്യവതിയും സത്സ്വഭാവിയുമായ സരിത മുഖ്യമന്ത്രിക്കെതിരെ പറഞ്ഞ എല്ലാ കാര്യങ്ങളും വെണ്ടക്കയായി പ്രസിദ്ധീകരിച്ചു മാധ്യമങ്ങള്‍. എന്തുകൊണ്ടെന്നറിയില്ല, സി.പി.എമ്മിനെക്കുറിച്ചുപറഞ്ഞ ഒരു കാര്യം ഗൗരവത്തിലെടുത്തില്ല. പത്തുകോടി രൂപ തരാം എന്നു സി.പി.എം. അവര്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നുവത്രെ. സി.പി.എം.സംസ്ഥാനകമ്മിറ്റി എഴുതിയറിയിച്ചതാവാന്‍ വഴിയില്ല. അതിന്റെ സി.ഡി ഉണ്ടാവാനും ഇടയില്ല. ആരാണ് വാഗ്ദാനം ചെയ്തത് എന്നവര്‍ വെളിപ്പെടുത്തിയില്ല. ആരാവും സി.പി.എമ്മിനുവേണ്ടി ദൂതനായിട്ടുണ്ടാവുക?  പി.സി.ജോര്‍ജ് ആ വഴിക്കൊന്നും പോയതായും കേട്ടില്ല. എന്തിനാണ് പണം ഓഫര്‍ ചെയ്തത്, എന്തുകൊണ്ടുവാങ്ങിയില്ല എന്നും വാര്‍ത്തയിലില്ല. സരിത ഇപ്പോള്‍ പലപല പെരുംസത്യങ്ങള്‍ വിളിച്ചുപറഞ്ഞ് കേരളത്തെ ഞെട്ടിച്ചുകൊണ്ടിരിക്കുന്നതുകൊണ്ട് അവര്‍ കള്ളം പറഞ്ഞതാണെന്നു കുറ്റപ്പെടുത്താനും വയ്യ. പറയാനുള്ളതുമുഴുവന്‍ താന്‍ പറഞ്ഞാല്‍ കേരളം താങ്ങില്ല എന്നവര്‍ പറഞ്ഞിട്ട് അധികം കാലമായിട്ടില്ലല്ലോ. അതുകൊണ്ടുതല്‍ക്കാലം നാം മൗനം ദീക്ഷിക്കുക.

സരിത പണം വാങ്ങിയിട്ടില്ല. വല്ല പാര്‍ട്ടിക്കാരും തരുന്ന ലക്ഷവും കോടിയും വാങ്ങുന്ന ടൈപ്പല്ലല്ലോ അവര്‍. എന്നുമാത്രമല്ല, ഇപ്പോള്‍ മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കുന്നതും ഈ പത്തുകോടിയും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി കോഴവാങ്ങി എന്ന ആരോപണം ഉന്നയിപ്പിക്കാന്‍ സി.പി.എം ഒരാള്‍ക്ക് കോഴകൊടുക്കുകയോ, കോഴവാങ്ങി അങ്ങനെയൊരു ആരോപണം സരിത എസ്. നായര്‍ ഉന്നയിക്കുകയോ ചെയ്യില്ലെന്ന് ആര്‍ക്കാണറിയാത്തത്്? കേരളത്തെ വൈദ്യുതിക്ഷാമത്തില്‍നിന്ന് രക്ഷപ്പെടുത്താന്‍ ഇറങ്ങിത്തിരിച്ച് വഴിയാധാരമായിപ്പോയ ഒരു സ്ഥാപനത്തെ യഥാര്‍ത്ഥത്തില്‍ നമ്മുടെ പാര്‍ട്ടികള്‍ കയ്യയച്ച് സഹായിക്കേണ്ടതായിരുന്നു. കുറഞ്ഞതു ഒരു ബക്കറ്റ് പിരിവെങ്കിലും….. ഇനി പറഞ്ഞിട്ടുകാര്യമില്ല.

എന്തുസംഭവിച്ചാലും കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികള്‍ രണ്ടുകാര്യങ്ങള്‍ ആവശ്യപ്പെടാറുണ്ട്. ജുഡീഷ്യല്‍ അന്വേഷണമാണ് അതിലൊന്ന്. ചരിത്രപ്രസിദ്ധമായ സെക്രട്ടേറിയറ്റ് വളയല്‍ സമരം സി.പി.എം. ഒറ്റ രാത്രിയും പകലുംകൊണ്ട് അവസാനിപ്പിച്ചത് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആവശ്യം അംഗീകരിച്ചെന്ന് കേട്ടപ്പോഴാണ്. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടവര്‍പ്പോലും അന്വേഷണം തുടങ്ങിയാല്‍പിന്നെ ആ വഴിക്കുപോകുകയില്ല എന്നതാണ് സാധാരണ കണ്ടുവരുന്ന രീതി. ഇത്തവണ സംഗതി പിശകാണ്. ഇത്രയും സ്‌ഫോടനശക്തി ഈ സാധനത്തിനുണ്ട് എന്നറിഞ്ഞിരുന്നുവെങ്കില്‍ സെക്രട്ടേറിയറ്റ് ഒരാഴ്ച പൂട്ടിയിട്ടാലും സാരമില്ല, മടുക്കുംവരെ സി.പി.എം.സിക്രട്ടേറിയറ്റ് വളയ്ക്കുകയോ ഒടിക്കുകയോ ചെയ്യട്ടെ എന്നേ മുഖ്യമന്ത്രിയും വിചാരിക്കുമായിരിന്നുള്ളൂ. കണക്കുകള്‍ തെറ്റിയിരിക്കുന്നു. റിപ്പോര്‍ട്ട് വരുംമുമ്പുതന്നെ അന്വേഷണത്തിന് കുറെ ഇരകള്‍ ഉണ്ടാവുമെന്നും കേസ്സെടുക്കുംമുമ്പ് പലരും ശിക്ഷിക്കപ്പെടുമെന്നും ഉള്ള നിലയായിരിക്കുന്നു.

ബി.ജെ.പി. ഇതുകൊണ്ടൊന്നും തൃപ്തിപ്പെടില്ല. കേന്ദ്രത്തിനൊരു റോളും ഇല്ലാതെ ഇതുപോലൊരു സംഗതി തീരാന്‍ പാടില്ലല്ലോ. അതുകൊണ്ട് ബാര്‍കോഴക്കേസ് സി.ബി.ഐ. അന്വേഷിക്കണം എന്നു പാര്‍ട്ടി ആവശ്യപ്പെട്ടിട്ടണ്ട്. പാര്‍ട്ടി കേന്ദ്രത്തില്‍ വന്ന ശേഷം ആവശ്യപ്പെട്ട അന്വേഷണങ്ങള്‍ എത്ര എന്നതിന്റെ കണക്ക് എടുക്കേണ്ടതുണ്ട്. മാറാടുകേസ്സും ടി.പി.വധക്കേസ്സും തലശ്ശേരിയിലെ പല രാഷ്ട്രീയക്കൊലകളും അന്വേഷണഡിമാന്‍ഡ് പട്ടികയിലുണ്ട്. ഇങ്ങനെ പോയാല്‍ വൈകാതെ കേന്ദ്രത്തിന് ഒരു കേരള സി.ബി.ഐ. ഉണ്ടാക്കേണ്ടിവന്നേക്കാം.

Leave a Reply

Your email address will not be published. Required fields are marked *

Go Top