കേരളയാത്രകള്‍ കൊണ്ടെന്തു പ്രയോജനം എന്ന് ചിലരെല്ലാം ചോദിക്കുന്നുണ്ട്. പ്രയോജനമില്ലെന്നു മാത്രമല്ല, മഹാശല്യമായി എന്നു ചിലര്‍ പറയുന്നുമുണ്ട്. തെറ്റിദ്ധാരണയാണ്. സഫലയാത്രകളാണ് ഇവയെല്ലാം. ആര്‍ക്കു സഫലം എന്നു ചോദിക്കരുത്. സഫലമീ യാത്ര എന്ന് കവി കക്കാട് എഴുതിയത് സ്വന്തം ജീവിതയാത്രയെക്കുറിച്ചാണ്. കേരളയാത്രകള്‍ അതിജീവനയാത്രകളാണ്. ഈ കഴുത്തറപ്പന്‍ രാഷ്ട്രീയത്തില്‍ ജീവിച്ചു പോകേണ്ടേ മനുഷ്യന്? പോരാത്തതിന് നിയമസഭാതിരഞ്ഞെടുപ്പാണ് ഓവര്‍സ്പീഡില്‍ പാഞ്ഞുവരുന്നത്. വേറൊരു വഴിയുമില്ല…കൊടിയെടുക്കൂ, വടിയെടുക്കൂ, പുറപ്പെടൂ…
‘ഓന് തെക്കുവടക്ക് നടപ്പാണ് പണി’ എന്ന് വടക്കുള്ളവര്‍ പറയാറുണ്ട് തൊഴില്‍രഹിത അലച്ചിലുകാരെക്കുറിച്ച്. ഇപ്പോള്‍ നടപ്പ് പരിഷ്‌കരിച്ചിട്ടുണ്ട്. തെക്കുവടക്കല്ല, വടക്കുതെക്കാണ് നടപ്പ്. നടപ്പല്ല, ഒഴുക്ക്….പണ്ടൊക്കെ ഇത് നടപ്പുതന്നെയായിരുന്നു. നടപ്പുനിര്‍ത്തി. വട്ടുണ്ടോ മനുഷ്യന് കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരം വരെ നടക്കാന്‍? നടപ്പിന്റെ പരിണാമം ആദ്യഘട്ടത്തില്‍ ജീപ്പുകളിലേക്കായിരുന്നു. നടപ്പിനേക്കാള്‍ യാതനയായിരുന്നു ജീപ്പില്‍. ജീപ്പില്‍ ഇരുന്നാല്‍പ്പോര. മുകളില്‍ കയറിനിന്ന് കൈവീശണം. അന്നാണെങ്കില്‍ ചാനലുമില്ല, ലൈവുമില്ല. ജീപ്പില്‍ എ.സി.യുമില്ല. വൈകാതെ ജീപ്പുയാത്ര നിര്‍ത്തി ബുദ്ധിപൂര്‍വം കാറിലായി വടക്കുതെക്ക് പ്രയാണം. വഴിനീളെ പൊതുജനം കഴുത, നേതാക്കളെ കാണാന്‍ കാത്തുനില്‍ക്കുമെന്ന പേടി വേണ്ട. പട്ടണങ്ങളില്‍നിന്ന് പട്ടണങ്ങളിലേക്ക് മിന്നല്‍വേഗത്തില്‍ പോകാം. ഇപ്പോള്‍ ഒരടി കൂടി മുന്നോട്ടുപോയിട്ടുണ്ട്. ഇരിപ്പും അത്യാവശ്യത്തിനു കിടപ്പും സാധ്യമാണ് പുതിയ ഇനം വാഹനങ്ങളില്‍. യാത്രാഫണ്ടിന്റെ കോശസ്ഥിതിക്കനുസരിച്ച് റോഡില്‍ ഒഴുകുന്ന കൊട്ടാരംവരെ റെഡി. മുന്തിയ ‘ഗാന്ധി’യന്മാര്‍ക്ക് അതാവാം.(വലിയ ‘ഗാന്ധി’യുള്ള നോട്ട് കൈവശമുള്ളവരാണ് ഇപ്പോള്‍ ഗാന്ധിയന്മാര്‍ എന്നറിയപ്പെടുന്നത്).
അതൊക്കെ ശരി. യാത്ര കൊണ്ടുള്ള പ്രയോജനങ്ങളെന്തെല്ലാം എന്ന് പറഞ്ഞില്ലല്ലോ. പറയാം. ഒന്നാമത്തെ പ്രയോജനം, യാത്ര നയിക്കുന്ന ആള്‍ ചുരുങ്ങിയത് ഒരു ലക്ഷം ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ ബഹുവര്‍ണചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടും എന്നുള്ളതുതന്നെ. വേറെയേതെങ്കിലും പരിപാടിയില്‍ ഇതുസാധ്യമാണോ? വെളുത്ത പല്ലുകള്‍ മുഴുവന്‍ കാട്ടുന്ന, സുന്ദരമുഖം മാത്രമുള്ള വര്‍ണചിത്രം, മുഖത്തിന്റെ 25 ഇരട്ടി വലുപ്പത്തിലുള്ളത് ആവാം. കൈ ഉയര്‍ത്തിപ്പിടിച്ച് ജനങ്ങളെ അഭിവാദ്യം ചെയ്യുന്ന ഫുള്‍ സൈസ് ആവാം. പക്ഷേ, ഒരു കുഴപ്പമുണ്ട്. കൈ കോണ്‍ഗ്രസ്സുകാരുടെ തിരഞ്ഞെടുപ്പുചിഹ്നമാണ്. പോളിങ്ങ് ബൂത്തില്‍ പോകുമ്പോള്‍ പുറത്തു ഉപേക്ഷിക്കേണ്ടാത്ത ചിഹ്നം വേറെ അധികമില്ല. ഇത്തരം ചിഹ്നം പാടില്ല എന്നു അന്നേ തടസ്സവാദം ഉന്നയിക്കേണ്ടതായിരുന്നു. അന്ന് ആ ബുദ്ധി ഉദിച്ചില്ല, പോയ ബുദ്ധി ആന വലിച്ചാല്‍ വരില്ല. ആ ചിഹ്നബുദ്ധി കെ.കരുണാകരന്റേതാണെന്നു കേട്ടിട്ടുണ്ട്. കൈപ്പത്തി പ്രതിഷ്ഠയുള്ള പാലക്കാട്ടെ ക്ഷേത്രത്തില്‍ ഇന്ദിരാഗാന്ധിയെ കൂട്ടിക്കൊണ്ടുവന്നിട്ടുമുണ്ട് ലീഡര്‍. പോട്ടെ അതുവേറെ വിഷയം. ഫുള്‍സൈസില്‍ കൈ വീശാതെയും നില്‍ക്കാം. കുട പിടിച്ചാണ് പി.കെ.കുഞ്ഞാലിക്കുട്ടിയുടെ നില്പ്. മഴയെത്തടുത്ത ഫോട്ടോയല്ല. എത്ര കാലമായി കൈ ഉയര്‍ത്തി വീശുന്നു.. ഒരു ചെയ്ഞ്ച് ആയിക്കോട്ടെ എന്നുവിചാരിച്ചതാവാം. ഫ്‌ളെക്‌സിലാവണം ഫോട്ടോ എന്ന കാര്യത്തില്‍ പാര്‍ട്ടികള്‍തമ്മില്‍ ഭിന്നതയില്ല. കോണ്‍ഗ്രസ്സില്‍ പരിസ്ഥിതിയുടെ അസുഖമുള്ള ചിലര്‍ ഫ്‌ളക്‌സിനെതിരെ ശബ്ദമുയര്‍ത്തിയിരുന്നു കുറച്ചുകാലം മുമ്പ്. പരിസ്ഥിതിയും ആദര്‍ശവുമൊന്നും പാടില്ല എന്നില്ല. പക്ഷേ, നമ്മള് പ്രാക്റ്റിക്കലാവണം എന്നതാണല്ലോ പ്രാക്റ്റിക്കലായ കാര്യം.
കോണ്‍ഗ്രസ്സില്‍ രണ്ടായിരത്തഞ്ഞൂറോളം ഡി.സി.സി., കെ.പി.സി.സി. ഭാരവാഹികള്‍ക്കും അതിലിരട്ടിവരുന്ന ബ്ലോക്ക്-മണ്ഡലം കമ്മിറ്റിക്കാര്‍ക്കും സ്വന്തം ഫോട്ടോ ചേര്‍ത്ത് സ്വന്തം പോസ്റ്ററുകള്‍ അച്ചടിപ്പിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. ഇതിന് ജനാധിപത്യവികേന്ദ്രീകരണം എന്നുപറയും. സി.പി.എമ്മില്‍ ജനാധിപത്യ കേന്ദ്രീകരണമാണ്. ഫോട്ടോകളും കേന്ദ്രീകരിച്ചാണ് പ്രദര്‍ശിപ്പിക്കുന്നത്. മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയെ പ്രചരിപ്പിക്കുന്നതിനാണ് കേരളയാത്ര എന്നൊരു ആക്ഷേപം നിലവിലുണ്ട്. ശരിയല്ല. തിരഞ്ഞെടുപ്പിനുമുമ്പ് നേതാവിനെ പൊക്കിപ്പിടിക്കുന്ന ദുശ്ശീലം കമ്യൂണിസ്റ്റുകാര്‍ക്ക് പാടില്ല. കേരളയാത്രയില്‍ പൊക്കിപ്പിടിക്കുന്നതില്‍ വിരോധമില്ല.
കേരളയാത്രകള്‍ക്കുള്ള പണച്ചെലവിന്റെ കാര്യം ആലോചിച്ചാല്‍ അറിയാവുന്നതേ ഉള്ളൂ. കുമ്മനത്തിന് കേന്ദ്രത്തില്‍ നിന്നു കാശുവരുമായിരിക്കും. മതേതരന്മാര്‍ക്ക് അത്തരം വരവുകളില്ല. നാട്ടുകാരില്‍നിന്നു പിരിച്ചേ പറ്റൂ. അഴിമതി ലവലേശം ഇല്ലാത്ത പാര്‍ട്ടികളായതുകൊണ്ട് സംസ്ഥാനം ഭരിക്കുന്നവരുടെ സ്ഥിതിയും ദയനീയമാണ്. ഒരു യാത്ര നടത്തിയാല്‍ യാത്രാച്ചെലവും തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ക്കുള്ള ചെലവും അതിലൊത്തുവരണം. ചിലര്‍ കേരളയാത്ര നടത്തുന്നതിനു മുമ്പ് ഗള്‍ഫ് യാത്ര നടത്തുകയുണ്ടായി. ജാഥയും മൈക്കുമൊന്നുമില്ല, പിരിവുപുസ്തകമേ ഉണ്ടായിരുന്നുള്ളൂ എന്നതുമാത്രമാണ് വ്യത്യാസം. പ്ലേഗുബാധ പോലെ കേരളത്തില്‍ പിരിവുബാധ വ്യാപിച്ചതിനെത്തുടര്‍ന്നു, കൈയില്‍ നാലുമുക്കാല്‍ ഉള്ള സകലരും മൊബൈല്‍ വലിച്ചെറിഞ്ഞ് ഒളിവില്‍ പോയതായി റിപ്പോര്‍ട്ടുണ്ട്. കോണ്‍ഗ്രസ്സുകാരുടെ കഷ്ടപ്പാട് വിവരണാതീതമാണ്. ഇപ്പോഴവര്‍ വീടുകയറിയും പണപ്പിരിവുനടത്തുന്നു. ദാരിദ്ര്യം മൂത്താല്‍ മനുഷ്യന്‍ എന്താണ് ചെയ്യാത്തത്!
ഇത്തരമൊരു പശ്ചാത്തലത്തിലാണ്, എഴുന്നേറ്റുനടക്കാന്‍ ഒരുവിധം ശേഷിയുള്ള പാര്‍ട്ടികളെല്ലാം പലപല ആകര്‍ഷക പേരുകള്‍ ഇട്ട് കേരളയാത്ര ആസൂത്രണം ചെയ്തിരിക്കുന്നത്. കേരളാ കോണ്‍ഗ്രസ്സിന് യാത്രക്കൊന്നുമുള്ള ശേഷി തല്ക്കാലമില്ല. റബ്ബര്‍വില അത്ര താഴെയാണ്. കെ.എം.മാണിയുടെ വില അതിനേക്കാള്‍ താഴെയാണ്. ആര്‍.എസ്.പി.കള്‍ക്ക് യാത്ര ചെയ്യേണ്ട കാര്യമില്ല. വിളിച്ചാല്‍ വിളി കേള്‍ക്കുന്ന ദൂരത്തിലാണ് വോട്ടെല്ലാം. ജനതാദള്‍ യു വിന് യാത്ര ചെയ്യണമെന്ന് മോഹമില്ലാഞ്ഞിട്ടോ ശേഷിയില്ലാഞ്ഞിട്ടോ അല്ല. യാത്ര തുടങ്ങുമ്പോള്‍ പാര്‍ട്ടി യു.ഡി.എഫിലും എറണാകുളത്ത് എത്തുമ്പോള്‍ എല്‍.ഡി.എഫിലും ആയാല്‍ ബുദ്ധിമുട്ടാവുമോ എന്ന് സംശയമുണ്ട്- ബുദ്ധിമുട്ട് പാര്‍ട്ടിക്കല്ല, നാട്ടുകാര്‍ക്ക്. അതുകൊണ്ട് തല്ക്കാലം പാര്‍ട്ടിവക യാത്രയില്ല. യുവജനത വക ഉണ്ട്. ചുടുചോറ് അവര്‍ മാന്തട്ടെ. പക്ഷേ, കേരളത്തിലെ കൂതറ വിഷയങ്ങള്‍ തൊടില്ല. ദേശീയ ആഗോള വിഷയങ്ങളെക്കുറിച്ചായിരിക്കും ഉദ്‌ബോധനം.
യാത്രകള്‍ എല്ലാം കഴിയുമ്പോഴേക്ക് ഈ പാര്‍ട്ടികളെക്കുറിച്ചുള്ള ജനങ്ങളുടെ മതിപ്പ് പാരമ്യത്തിലെത്തും. 140 മണ്ഡലത്തിലും തുടര്‍ച്ചയായി ഉണ്ടായിരുന്ന ഗതാഗതസ്തംഭനം, ശബ്ദശല്യം, പിരിവുശല്യം എന്നിവ അവസാനിച്ചതിന്റെ സന്തോഷത്തിലായിരിക്കും അവര്‍. ഇനിയൊരു അഞ്ചുകൊല്ലമെങ്കിലും സമാധാനം തരണമേ എന്ന് കേണപേക്ഷിച്ച് പൊതുജനംകഴുത പ്രാര്‍ത്ഥനായാത്രയ്ക്ക് ഒരുമ്പെട്ടുകൂടെന്നുമില്ല.
****
വീരശൂരപരാക്രമികളായ കണ്ണൂര്‍ ജയരാജന്മാരില്‍ ഒരാള്‍ക്ക് കുറച്ചായി ചില്ലറ അറസ്റ്റുഭയം ബാധിച്ച ലക്ഷണം കാണാനുണ്ട്. അസുഖവും ചികിത്സയും ഭാവിച്ച് ആസ്പത്രിയിലാണ് അധികസമയവും. രാഷ്ട്രീയകൊലപാതകത്തില്‍ പ്രതി ചേര്‍ക്കപ്പെടുന്നത് ആനക്കാര്യമൊന്നുമല്ല രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക്. സി.പി.എം പ്രവര്‍ത്തകര്‍ക്ക് അതില്‍ വേവലാതി ഒട്ടും കാണാറില്ല, കണ്ണൂരിലെ സി.പി.എം.പ്രവര്‍ത്തകര്‍ക്കാണെങ്കില്‍ ഒട്ടും ഒട്ടുമില്ല. എന്നിരിക്കെയാണ്, കണ്ണൂര്‍ സി.പി.എം. സിക്രട്ടറി അറസ്റ്റ് ഒഴിവാകാന്‍ ആസ്പത്രികളില്‍ അഭയം തേടുന്നത്. രാഷ്ട്രീയ വൈരികള്‍ കൊല്ലാക്കൊല ചെയ്ത നേതാവിന് എന്താണ് ഇത്ര ഭയം എന്ന് ചോദിക്കരുത്. ഐ.പി.സി. തനിച്ചല്ല, യു.എ.പി.എ. എന്ന ഭീകരനെയും കൂട്ടിയാണ് ജയരാജനെ പിടിക്കാന്‍ വരുന്നത്. ആറുമാസം ജാമ്യം കൊടുക്കാതെ ജയിലില്‍ ഇടുന്ന നിര്‍ദ്ദയനാണ് യു.എ.പി.എ. ഇര ആസ്പത്രിയില്‍ കിടന്നാല്‍ ദയ തോന്നുന്നവനുമല്ല ആ ഭീകരന്‍.
മുമ്പേയുള്ള നിയമത്തില്‍ കര്‍ക്കശ വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്ത് ഡോ.മന്‍മോഹന്‍സിങ്ങിന്റെ സര്‍ക്കാറാണ് യു.എ.പി. ആക്റ്റിനെ ഈവിധമാക്കിയത്. അതിനാല്‍, യു.പി.എ.യുടെ സന്താനമാണ് യു.എ.പി.എ. എന്നുംപറയാം. ജാരസന്താനമല്ല, അസ്സല്‍ സന്താനംതന്നെ. നിയമം ശരിയാണ്, അതിന്റെ ദുരുപയോഗം പാടില്ല എന്നേ അന്നത്തെ ബി.ജെ.പി. ഇതര പ്രതിപക്ഷം പറഞ്ഞിട്ടുള്ളൂ. ഒരു അറസ്റ്റ് നിയമത്തിന്റെ ഉപയോഗമാണോ ദുരുപയോഗമാണോ എന്നാരാണ് തീരുമാനിക്കുന്നത്? നമ്മുടെ പാര്‍ട്ടിക്കാര്‍ക്ക് എതിരെ ഉപയോഗിക്കുന്നത് ദുരുപയോഗം, എതിര്‍ പാര്‍ട്ടിക്കെതിരായി ഉപയോഗിക്കാം. അത് സദുപയോഗം.
രാഷ്ട്രീയകൊലപാതകം നേരിടാനുള്ളതല്ല യു.എ.പി.എ. അതിന് സാദാ നിയമവും സാദാ പോലീസും മതി. നാല്പത് കൊല്ലമായി കൊല്ലുകയും കൊല്ലിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ഇതുപ്രയോഗിച്ചാല്‍ തെറ്റുണ്ടോ എന്ന് കണ്ണൂരുകാര്‍ ചോദിച്ചേക്കും. തെറ്റില്ല. പക്ഷേ, അതു ഒരു രാഷ്ട്രീയക്കൊലയില്‍ മാത്രമാകുമ്പോള്‍ സംഗതി ദുരുദ്ദേശ്യപരമാകുന്നു. ഒരു പാര്‍ട്ടിക്കെതിരെ മാത്രമാകുമ്പോള്‍ ദുരുപയോഗമാകുന്നു. കൊലക്കേസ്സില്‍ പ്രതി പോലും ആക്കാതിരുന്ന ആള്‍ക്കെതിരെ വര്‍ഷം ഒന്നൊന്നര കഴിഞ്ഞുമാത്രമാവുമ്പോള്‍ ദുഷ്‌പ്രേരണയുള്ളതുമാകുന്നു.
ജനങ്ങള്‍ ഇതും വിശ്വസിക്കാന്‍ പോകുന്നില്ല.