മാണിസാറിന്റെ പതിമൂന്നാമത്തെ ബജറ്റ് ആണെന്നോര്‍ത്തപ്പോഴാണ് സത്യമായും ഈ പതിമൂന്ന് ഒരു ലക്ഷണംകെട്ട നമ്പറുതന്നെയല്ലേ എന്ന് ചോദിച്ചുപോകുന്നത്. പന്ത്രണ്ട് തവണ ബജറ്റ് തയ്യാറാക്കിയപ്പോഴും ഉണ്ടാവാത്ത സംഭവങ്ങളാണല്ലോ ഈ പതിമൂന്നാംതവണ ഉണ്ടായത്.
അടുത്ത ബജറ്റ് അവതരിപ്പിക്കുക ധനമന്ത്രി കെ.എം. മാണി തന്നെയായിരിക്കും എന്ന് മുഖ്യമന്ത്രി ഉറപ്പിച്ച് പറഞ്ഞുവല്ലോ. സമാധാനമായി. ഏതെങ്കിലും സിക്രട്ടറി എന്നെങ്കിലും തയ്യാറാക്കി ആര്‍ക്കെങ്കിലും വായിക്കാവുന്ന പച്ചക്കറിച്ചന്തയുടെ ഉദ്ഘാടനപ്രസംഗമല്ല ബജറ്റ്. മാണിസാറിനെപ്പോലുള്ള സാമ്പത്തികവിദഗ്ദ്ധന്മാര്‍ രാവും പകലും മനനംചെയ്തും ഗവേഷണം നടത്തിയും വാര്‍ത്തെടുക്കുന്ന അപാരസൃഷ്ടികളാണ്. മനപ്രയാസത്തിനിടയിലും മാണിസാര്‍ അതിന്റെ പണി തുടങ്ങിക്കഴിഞ്ഞതാണ്. പണി തീര്‍ന്ന് കടലാസ്സെല്ലാം പെട്ടിയിലാക്കി ക്യാമറാമേന്മാര്‍ക്ക് മുമ്പില്‍ പതിമൂന്നാംവട്ടം പോസ് ചെയ്ത ശേഷമാണ്, ബജറ്റ് മുഖ്യമന്ത്രി അവതരിപ്പിക്കും എന്നും മറ്റും പറയുന്നെങ്കിലുണ്ടല്ലോ…. മാണിസാറിന്റെ സ്വഭാവം മാറും. പറഞ്ഞില്ലെന്ന് വേണ്ട.
മാണിസാറിന്റെ പതിമൂന്നാമത്തെ ബജറ്റ് ആണെന്നോര്‍ത്തപ്പോഴാണ് സത്യമായും ഈ പതിമൂന്ന് ഒരു ലക്ഷണംകെട്ട നമ്പറുതന്നെയല്ലേ എന്ന് ചോദിച്ചുപോകുന്നത്. പന്ത്രണ്ട് തവണ ബജറ്റ് തയ്യാറാക്കിയപ്പോഴും ഉണ്ടാവാത്ത സംഭവങ്ങളാണല്ലോ ഈ പതിമൂന്നാംതവണ ഉണ്ടായത്. ഉച്ചനേരത്ത് സൂര്യനസ്തമിച്ച പോലെയാണ് പൊടുന്നനെ ഇരുള്‍ പരന്നതും ബാറുംകോഴയുമെല്ലാം കൂടി തട്ടിന്‍പുറം പൊട്ടിവീണതും. ഇപ്പോഴിതാ, പെരുവഴിയില്‍ കെട്ടിത്തൂക്കിയ ചെണ്ട പോലെ ആര്‍ക്കും മാണിസാറിന്റെ തലയ്ക്ക് മേടാമെന്ന നില സംജാതമായിരിക്കുന്നു. ഈ പതിമൂന്ന് ഇത്രയും വീര്യമുള്ള നിര്‍ഭാഗ്യനമ്പര്‍ ആണെന്ന് ആരോര്‍ത്തു. യേശുദേവന്റെ അവസാനത്ത അത്താഴത്തിന് തീന്‍മേശയ്ക്ക് ചുറ്റും പതിമൂന്ന് പേരാണല്ലോ ഉണ്ടായിരുന്നത്. അതിലൊരുവനാണല്ലോ ഒറ്റുകൊടുത്ത ജൂഡാസ്. നമുക്ക് ആ പേടിയില്ല. ഒരാളൊന്നും ഒറ്റുകൊടുക്കില്ല. അതിന് കുറഞ്ഞത് ഡസന്‍ ആളുണ്ടാവും.
മറ്റെല്ലാം മറന്ന് ബജറ്റില്‍ മുഴുകേണ്ട ആളുടെ തലക്കകത്ത് ഇപ്പോള്‍ ഇല്ലാത്തതു ബജറ്റ് മാത്രമാണ്. എന്തൊരു പൊല്ലാപ്പാണിത്. ബജറ്റ് താന്‍തന്നെ അവതരിപ്പിക്കുന്നതാണോ അതല്ല അവതരിപ്പിക്കാതിരിക്കുന്നതാണോ കൂടൂതല്‍ വലിയ വിനയായി മാറുക എന്ന് തീരുമാനിക്കാന്‍ കഴിയുന്നില്ല. ലീഡറൊക്കെ ഉണ്ടായിരുന്ന കാലത്താണെങ്കില്‍ നല്ല ജ്യോത്സ്യന്മാരെ വിളിച്ചുവരുത്തി കവിടി നിരത്തിക്കുമായിരുന്നു. ഇപ്പോള്‍ ആരോട് ചോദിക്കാന്‍ ? പി.സി.ജോര്‍ജിനോടോ ? ബാലകൃഷ്ണപിള്ളയായിരുന്നു ഉണ്ടായിരുന്ന ഒരു കക്ഷി. ഇപ്പോള്‍ പിള്ളയോട് ചോദിക്കുന്നതിലും ഭേദം സാത്താനോട് ചോദിക്കുകയാണ്.
ബജറ്റ് ഉണ്ടാക്കുക എന്നത് വരവ്, ചെലവ്, കമ്മി മിച്ചം ഇത്ര എന്ന് കണക്കുകൂട്ടി എഴുതലല്ല. ഇക്കാലത്ത് അതൊക്ക കമ്പ്യൂട്ടര്‍ ചെയ്‌തോളും. ബജറ്റ് മാനേജ്‌മെന്റ് എന്ന് പറയുന്നത് പുതിയ ഒരു ശാസ്ത്രമാണ്. സാമ്പത്തികശാസ്ത്രജ്ഞനാണെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല, തോമസ് ഐസക്കിനൊന്നും അത് മനസ്സിലാവില്ല. മൈക്രോ ആണ് പുതിയ കാഴ്ചപ്പാട്. സാമ്പത്തിക രംഗത്തെ വിവിധ മേഖലകളെ ഓരോന്നായി എടുക്കണം. അവയുടെ മേല്‍ നിലവിലുള്ള സംസ്ഥാന നികുതിഭാരം വര്‍ദ്ധിപ്പിക്കണമോ കുറക്കണമോ അതേപടി നിലനിര്‍ത്തണമോ എന്ന് തീരുമാനിക്കേണ്ടതുണ്ട്. അതറിയണമെങ്കില്‍ അവരുടെ പേയിങ്ങ് കപ്പാസിറ്റി അറിയണം. അതിന് നിസ്സാരമായ ഒരു ടെസ്റ്റുണ്ട്. നികുതി ഇത്ര ശതമാനം വര്‍ദ്ധിപ്പിക്കാന്‍ പോകുന്നു എന്ന് വിശ്വസ്തദൂതന്മാര്‍ മുഖേന അറിയിച്ചാല്‍ അവരുടെ അസോസിയേഷന്‍ യോഗം ചേര്‍ന്ന് എത്ര കോടി രൂപ ‘ നികുതിയേതര നികുതി’ യായി ബഹു.ധനമന്ത്രിക്ക് കൈമാറാം എന്ന് തീരുമാനിക്കും. നികുതി തീരുമാനിക്കുന്നതിനുള്ള കമേഴ്‌സ്യല്‍ ഇന്റലിജന്‍സ് ആണിത്. സംഗതി ഈസി. ഓരോരുത്തര്‍ക്കുമുള്ള നികുതി പിന്നെ അനായാസം തീരുമാനിക്കാം. ഇതാണ് ചില കൂട്ടര്‍ കോഴയായും അഴിമതിയായുമെല്ലാം തെറ്റിദ്ധരിച്ചിരിക്കുന്നത്. മഹാകഷ്ടമാണ്. ആടറിയുമോ അങ്ങാടി വാണിഭം എന്ന് ചോദിച്ചത് എത്ര ശരി !
ഇത്തരം അത്യാധുനിക മൈക്രോഫൈനാന്‍സിങ്ങ് കാരണം സര്‍ക്കാറിന്റെ വരുമാനം കുറയുന്നത് സ്വാഭാവികം മാത്രം. സര്‍ക്കാറിന്റെ വരുമാനം കുറയുന്നതിന് ആനുപാതികമായി ജനത്തിന്റെ സന്തോഷവും സമൃദ്ധിയും വര്‍ദ്ധിക്കും എന്നതാണ് പുതിയ സിദ്ധാന്തം. മുപ്പതിനായിരം കോടി നികുതി പിരിച്ചില്ല എന്ന് പറഞ്ഞാല്‍ അര്‍ത്ഥം അത്രയും തുക അധ്വാനവര്‍ഗത്തിന് കിട്ടി എന്നല്ലേ ? അതല്ലേ യഥാര്‍ത്ഥ സേവനം ? സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയൊന്നുമില്ല എന്ന് മാണിസാര്‍ ആവര്‍ത്തിച്ചുപറഞ്ഞതിന്റെ അര്‍ഥം ഇപ്പോള്‍ പിടികിട്ടിയോ ? അധ്വാന വര്‍ഗസിദ്ധാന്തം പോലെ തന്നെയാണ് ഇത്. ബുദ്ധിജീവിവര്‍ഗം മനസ്സിലാക്കിയെടുക്കാന്‍ കാലം പിടിക്കും.
അതുകൊണ്ട് മാണിസാര്‍ തന്നെയാണ് ഇത്തവണയും ബജറ്റ് അവതരിപ്പിക്കുന്നത്. അത് മാണിസാറിന്റെ പതിമൂന്നാമത്തെ ബജറ്റ് ആയിരിക്കും. പതിമൂന്നിനെ കുറിച്ച് ആര്‍ക്കെങ്കിലും ആശങ്ക ഉണ്ടെങ്കില്‍ അതില്ലാതാക്കാന്‍ ഒരു കാര്യം കൂടി തീരുമാനിച്ചിട്ടുണ്ട്. മാര്‍ച്ച് പതിമൂന്നിനുതന്നെ അവതരിപ്പിക്കും ബജറ്റ്. വരുന്നേടത്തുവച്ച് കാണാം.
****
ന്യൂ ജന്‍ യുവതുര്‍ക്കി ബിജുരമേശ് അഴിമതിക്കെതിരെ നടത്തുന്ന പോരാട്ടത്തില്‍ ഒരു കൈ സഹായിക്കാന്‍ വേണ്ടി ഫോണ്‍ വിളിച്ച് ആശയും ആശയവും ആവേശവും നല്‍കുകയേ ചെയ്തിട്ടുള്ളൂ ബാലകൃഷ്ണപിള്ള. കെ.എം.മാണിയോടുള്ള പക തീര്‍ക്കലായിരുന്നില്ല, അഴിമതി തുടച്ചുനീക്കലായിരുന്നു പിള്ളയുടെ ഉദ്ദേശ്യം. ഫോണ്‍ സംഭാഷണം പുറത്തായപ്പോള്‍ അത് കൃത്രിമമാണെന്നൊന്നും അദ്ദേഹം പ്രസ്താവിച്ചില്ല. മാന്യനായ ബിജു രമേശ് അങ്ങനെ ചെയ്തതില്‍ സങ്കടപ്പെട്ടേ ഉള്ളൂ. മാണിയോ ഉമ്മന്‍ ചാണ്ടിയോ ചെയ്യേണ്ട കാര്യം ആദര്‍ശപുരുഷനായ ബിജു രമേശ് ചെയ്യാന്‍ പാടില്ലായിരുന്നു. സത്യം.
ഇതിന്റെ പേരില്‍ അച്ഛനെയും പുത്രനെയും 28 ന് യു.ഡി.എഫ് പുറത്താക്കും. പിന്നെയെന്തു ചെയ്യും ? സുരേഷ് ഗോപി ചോദിച്ചതുപോലെ നമുക്കും വേണ്ടേ ഒരു പിടി ? ബി.ജെ.പി.ക്കാര്‍ എന്താണ് ഇതൊന്നും ഗൗരവത്തിലെടുക്കാത്തത് ? 27 ന് നടക്കുന്ന ഹര്‍ത്താലില്‍ മാണിയുടെ രാജിക്കൊപ്പം പിള്ളയ്ക്കുള്ള പിന്തുണയും മുദ്രാവാക്യമാക്കിക്കൂടേ ? അഴിമതിക്കേസില്‍ ശിക്ഷിച്ചതൊന്നും കാര്യമാക്കേണ്ടതില്ല. അഴിമതിക്കാരിയാണോ എന്നുംമറ്റും നോക്കിയാല്‍ മുന്നണിയുണ്ടാക്കാനാവില്ല എന്ന് പ്രകാശ് കാരാട്ട് പറഞ്ഞത് മറക്കാറായിട്ടില്ല. ശിക്ഷിക്കപ്പെട്ട് ജാമ്യത്തില്‍ കഴിയുന്ന ജയലളിതയെ കാണാന്‍ പാഞ്ഞുവന്നില്ലേ ആദര്‍ശാത്മക ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിവക്കീല്‍ ? പിള്ളയെയും ഗണേശനെയും പാര്‍ട്ടിയിലെടുക്കാം, കേരളത്തില്‍ ബി.ജെ.പി ക്ക് അക്കൗണ്ടും തുടങ്ങാം. ഇനി വൈകിക്കേണ്ട.