എന്തും പിന്‍വലിക്കാം

ഇന്ദ്രൻ

നിയമവും വകുപ്പുമൊന്നും മുഖ്യമന്ത്രിക്ക് അറിയാഞ്ഞിട്ടല്ല. 
കേസ് പിന്‍വലിക്കാന്‍ തീരുമാനിക്കുന്നതോടെ കക്ഷികള്‍ക്ക് 
സന്തോഷമാകും. വിവാദമുണ്ടായിക്കോട്ടെ. നിയമവും വകുപ്പുമൊക്കെ 
കോടതി നോക്കട്ടെ. സര്‍ക്കാറിന് ലേശം ചീത്തപ്പേരുണ്ടാവുമെന്നല്ലേ ഉള്ളൂ. 
അതിനി ചീത്തയാകാന്‍ അധികമൊന്നും ബാക്കിയില്ലല്ലോ

രണ്ടുതരം പിന്‍വലിക്കലുകളാണിപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. ഒന്നില്‍ പിന്‍വലിക്കല്‍ ആദ്യം നടക്കും, വിവാദം പിറകെ വരും. രണ്ടാമത്തെ തരത്തില്‍, വിവാദം ആദ്യം പിന്‍വലിക്കല്‍ പിറകെ. വിവാദവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രണ്ടിലുമുണ്ടാകുമെന്ന് ചുരുക്കം.
ഒടുവിലത്തെ വലിക്കല്‍വിവാദം എടുത്തുനോക്കൂ. ഉയര്‍ന്ന ഒരു ഉദ്യോഗസ്ഥനെ വിദ്യാര്‍ഥികള്‍ കരിയോയില്‍ ഒഴിച്ച് അപമാനിച്ചു. ഒഴിച്ചത് മുഖ്യമന്ത്രിയുടെ അനുയായികളാണ്. ഗാന്ധിയന്മാരായതുകൊണ്ട് സമാധാനപരമായാണ് ഉദ്യോഗസ്ഥനെ ഉപദ്രവിച്ചത്. പാര്‍ട്ടി ഭരിക്കുമ്പോഴാണ് കുട്ടിപ്പാര്‍ട്ടിക്കാര്‍ ചെന്ന് ഉദ്യോഗസ്ഥന്റെ മേല്‍ സാധനം ഒഴിച്ചത്. കുറ്റം പറഞ്ഞുകൂടാ. ഫീസ് വര്‍ധിപ്പിച്ചതാണ് പ്രശ്‌നം. എതിരെ ഊക്കന്‍സമരം നടത്തേണ്ടതാണ്. അതിനുള്ള പാങ്ങില്ല സംഘടനയ്ക്ക്. പണ്ട് ഏഷ്യയിലെ ഏറ്റവും കൂറ്റന്‍ സംഘടന എന്ന് ബഡായി പറയാറുണ്ട്. ഇപ്പോള്‍ ഒരു സ്‌കൂളില്‍പോലും വലിയ സംഘടനയല്ല. ഫീസ് വര്‍ധിപ്പിച്ചതിന് സമാധാനം പറയേണ്ടത് വിദ്യാഭ്യാസമന്ത്രിയാണ്. അങ്ങോട്ടുചെന്ന് കരിയോയില്‍ ഒഴിക്കാന്‍ ധൈര്യം പോരാ. ചെയ്താല്‍ കണക്കിന് കിട്ടും. ഉദ്യോഗസ്ഥനാവുമ്പോള്‍ തിരിഞ്ഞുകടിക്കില്ല. പബ്ലിസിറ്റിയും കുറയില്ല.

ക്യാമറയില്‍ പതിഞ്ഞ സംഗതിയായതുകൊണ്ട് തെളിവിന് മറ്റെങ്ങും പോകേണ്ട. ശിക്ഷിക്കുമെന്ന് ഏതാണ്ട് ഉറപ്പായപ്പോഴാണ് എളുപ്പവിദ്യ ആരോ ഉപദേശിച്ചത്. മുഖ്യമന്ത്രിയെക്കണ്ട് നിവേദനം കൊടുക്കുക. എം.എല്‍.എ.യോ പാര്‍ട്ടി ഭാരവാഹിയോ ഒപ്പമുണ്ടെങ്കില്‍ ബലമാവും. സര്‍വത്ര ദീനദയാലുവാണ് മുഖ്യമന്ത്രി. പണ്ടെന്നോ, അച്ഛനെയും അമ്മയെയും തല്ലിക്കൊന്ന ഒരുവന്‍ കോടതിയില്‍ കേണപേക്ഷിച്ചത്, അനാഥനായ എന്നെ തൂക്കിക്കൊല്ലരുതേ എന്നായിരുന്നത്രെ. ന്യായമായ സംഗതിയല്ലേ? മുഖ്യമന്ത്രിയായിരുന്നു ജഡ്ജി എങ്കില്‍ ആ പാവം പ്രതിയെ വെറുതേവിടും. അനാഥപെന്‍ഷനും ഒപ്പിച്ചുകൊടുക്കും. ഏതാണ്ട് അങ്ങനെയാണ് കരിയോയില്‍ ഒഴിച്ച കേസിലെ പാവം പ്രതികളെ വെറുതേവിടാന്‍ ഉത്തരവാക്കിയത്.

കുറ്റവാളികളെ ശിക്ഷിക്കാനും വെറുതേവിടാനുമെല്ലാം അധികാരമുള്ളത് കോടതിക്കാണ് എന്നാണ് നമ്മുടെ ധാരണ. സംഗതി ശരിതന്നെ. പക്ഷേ, അത്യാവശ്യം ചില കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാറിനും ഉണ്ട് അധികാരം. അതും പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് ബോധ്യപ്പെടുകയും കോടതി അനുവദിക്കുകയും വേണം. ‘കേസുകള്‍ പിന്‍വലിക്കുമ്പോള്‍ നീതിയുടെ സുതാര്യമായ നിര്‍വഹണമെന്ന പരമപ്രധാനമായ പരിഗണനമാത്രമായിരിക്കണം കോടതികള്‍ക്ക് ഉണ്ടാവേണ്ടത്’ എന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. ആരോട് പറയാന്‍!

തിരുവനന്തപുരം എം.ജി.കോളേജില്‍ പോലീസിനെ ബോംബെറിഞ്ഞ് സി.ഐ. ഉള്‍പ്പെടെ നിരവധിപേരെ പരിക്കേല്‍പ്പിച്ച സംഭവം എന്തായാലും കരിയോയില്‍ ഒഴിക്കുന്നതിനേക്കാള്‍ ഗൗരവമുള്ളതുതന്നെ. ആ കേസ് പിന്‍വലിച്ച് സാമാന്യം നല്ല വിവാദമുണ്ടാക്കി. അതിലൊരു പ്രതിക്ക് പോലീസ് വകുപ്പില്‍ ജോലികിട്ടാതെ പോകരുതെന്ന ഒറ്റ ഉദ്ദേശ്യമേ മുഖ്യമന്ത്രിക്ക് ഉണ്ടായിരുന്നുള്ളൂ. കാരുണികനായാല്‍ ഇങ്ങനെ എന്തെല്ലാം കടുംകൈകള്‍ ചെയ്യേണ്ടിവരുമെന്നോ. വര്‍ഗീയവിഷം ചീറ്റിയ തൊഗാഡിയയ്‌ക്കെതിരായ കേസ് പിന്‍വലിച്ചതിനെച്ചൊല്ലിയും ഉണ്ടായി വിവാദം. അത് മുഖ്യമന്ത്രി ദീര്‍ഘവീക്ഷണത്തോടെ ചെയ്തതാണ്. കാലഹരണപ്പെട്ട ആ നിയമം നോക്കിയാല്‍ ഭാവിയില്‍ സൂപ്പര്‍സ്റ്റാറിനെ മുതല്‍ പ്രധാനമന്ത്രിയെവരെ പ്രതിചേര്‍ക്കേണ്ടിവന്നേക്കും. വെറുതേ പൊല്ലാപ്പ് ഉണ്ടാക്കേണ്ടല്ലോ.
നിയമവും വകുപ്പുമൊന്നും മുഖ്യമന്ത്രിക്ക് അറിയാഞ്ഞിട്ടല്ല. കേസ് പിന്‍വലിക്കാന്‍ തീരുമാനിക്കുന്നതോടെ കക്ഷികള്‍ക്ക് സന്തോഷമാകും. വിവാദമുണ്ടായിക്കോട്ടെ. നിയമവും വകുപ്പുമൊക്കെ കോടതി നോക്കട്ടെ. സര്‍ക്കാറിന് ലേശം ചീത്തപ്പേരുണ്ടാവുമെന്നല്ലേ ഉള്ളൂ. അതിനി ചീത്തയാകാന്‍ അധികമൊന്നും ബാക്കിയില്ലല്ലോ. പ്രൊഫഷണല്‍ കോളേജ് എന്‍ട്രന്‍സ് പരീക്ഷാ തീരുമാനവും മദ്യനയവും പാമോലിന്‍ കേസുമെല്ലാം വേറെ ചില ചെറിയ പിന്‍വലിക്കലുകള്‍മാത്രം. ഇനിയും എന്തെല്ലാം ഇരിക്കുന്നു പിന്‍വലിക്കാന്‍.
****
മാവോവാദികളെ നേരിടാന്‍ കോടികള്‍ ചെലവാക്കി ആയുധങ്ങള്‍ വാങ്ങുകയും വിദഗ്ധപോലീസിനെ ഇറക്കുകയും അറസ്റ്റും റെയ്ഡും നടത്തി കുറേ ചീത്തപ്പേരുണ്ടാക്കുകയുമെല്ലാം ചെയ്ത ശേഷമാണ് പെട്ടെന്ന് ആ ഉള്‍വിളിയുണ്ടായത്. കാല്‍ക്കാശ് ചെലവാക്കാതെ മാവോവാദി പ്രസ്ഥാനത്തെ കേരളത്തിലെങ്കിലും ചീത്തപ്പേരുണ്ടാക്കി തകര്‍ക്കാം. ആ ഓപ്പറേഷന്റെ ആദ്യവെടി പൊട്ടിച്ചുകഴിഞ്ഞു.
സംഗതി നിസ്സാരം. മാവോവാദികളാണ് ശരിയായ പാതയിലൂടെ പോകുന്ന യഥാര്‍ഥ വിപ്ലവകാരികള്‍. അവരെവേണം നാമെല്ലാം പൂവിട്ടുതൊഴാന്‍ എന്നുതുടങ്ങിയ പ്രശംസകള്‍ ചൊരിഞ്ഞ് സാക്ഷാല്‍ പി.സി. ജോര്‍ജ് രംഗത്തുവന്നിരിക്കുന്നു. ആദ്യപ്രസംഗം കഴിഞ്ഞപ്പോള്‍ത്തന്നെ മാവോവാദി അണികളില്‍ ചോര്‍ച്ചയുണ്ടായെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. മാവോവാദി ഭീഷണി നിലവിലുള്ള മലയോരങ്ങളില്‍ പി.സി. ഒരു പ്രസംഗപര്യടനം നടത്തിയാല്‍ സംഗതി ക്ലീനാകും. പോലീസും വേണ്ട, പട്ടാളവും വേണ്ട.
****
വിഴിഞ്ഞം തുറമുഖവികസനപ്രശ്‌നത്തില്‍ ഹിന്ദുമതവിശ്വാസികള്‍ പ്രത്യേക താത്പര്യമെടുക്കണമെന്നും മറ്റും നമ്മുടെ റിട്ടയേര്‍ഡ് സൂപ്പര്‍സ്റ്റാര്‍ ആഹ്വാനംചെയ്തത് വിവാദമായിട്ടുണ്ട്. കോണ്‍ഗ്രസ് മുഖപത്രം ഇദ്ദേഹത്തെ കേരള തൊഗാഡിയ എന്ന് വിളിച്ചുകളഞ്ഞു.
എഴുതിക്കൊടുക്കാത്ത ഡയലോഗുകള്‍ ഉരുവിടാന്‍ അദ്ദേഹം പഠിച്ചുവരുന്നേയുള്ളൂ. എഴുതിക്കൊടുത്തത് പഠിച്ച് പറയുമ്പോള്‍ത്തന്നെ തെറ്റും. അതിനേക്കാള്‍ ബുദ്ധിമുട്ടുള്ള പണിയാണ് ഇത്. മുഖ്യമന്ത്രി വിവരക്കേട് വിളിച്ചുപറയരുത് എന്ന് അദ്ദേഹം വിളിച്ചുപറഞ്ഞതിനാണ് ഇവിടെ കുറച്ചുനാള്‍മുമ്പ് ബഹളമുണ്ടായത്. താനിവിടെ ഉള്ളപ്പോള്‍ എന്തിന് മുഖ്യമന്ത്രിയും അത് ചെയ്യണം? ആഴ്ചയില്‍ ഒന്ന് എന്നനിരക്കില്‍ വിവാദമുണ്ടാക്കിയാല്‍ കേന്ദ്രമന്ത്രിയോ മറ്റോ ആക്കിക്കൂടായ്കയില്ല. വിവാദക്കാര്‍ക്കാണ് അവിടെ ഡിമാന്‍ഡ്. ശ്രമിച്ചുനോക്കട്ടെ.
****
കോഴിക്കോട്ടെ ‘ഗുരു’ നാമത്തിലുള്ള കോളേജില്‍ ഗുരുക്കന്മാരെ അപമാനിക്കുന്നത് നിസ്സാരസംഭവം മാത്രം. ആര്‍ഷഭാരത സംസ്‌കാരക്കാരും വിപ്ലവകാരികളും തമ്മിലുള്ള നിരന്തര വര്‍ഗധര്‍മ യുദ്ധത്തില്‍ ബാക്കിയുള്ളവര്‍ ജീവനുംകൊണ്ട് ഓടുകയേ രക്ഷയുള്ളൂ. ഗുരുക്കന്മാര്‍ക്ക് അതിനും നിവൃത്തിയില്ല. അനുഭവിക്കുകതന്നെ.
നാളുകള്‍ക്കുമുമ്പ് അതിക്രമം പാരമ്യത്തിലെത്തി. ഗുരുനാഥയുടെ വീട്ടില്‍ രാത്രി മോഷ്ടാക്കളെപ്പോലെ ചെന്ന് പെട്രോളൊഴിച്ച് കാര്‍ കത്തിച്ചു. പോലീസ് അന്വേഷണത്തില്‍ പിടിക്കപ്പെട്ടത് നമ്മുടെ ആര്‍ഷഭാരത സംസ്‌കാരക്കാരാണ്. ഗുരുനാഥന്മാരോടുള്ള ബഹുമാനം മൂത്ത് വിദ്യാര്‍ഥിസംഘടനയുടെ പ്രസിഡന്റ്സ്ഥാനംതന്നെ അധ്യാപകര്‍ക്ക് സംവരണംചെയ്യുന്ന സംഘടനയാണിത് എന്നോര്‍ക്കണം. ഇപ്പോഴത്തെ പ്രസിഡന്റ് പ്രൊഫസര്‍ക്ക് കോഴിക്കോട്ട് പ്രൊഫസറെ കൈകാര്യംചെയ്ത രീതി ക്ഷ പിടിക്കും; തീര്‍ച്ച. ഉത്തരേന്ത്യയില്‍നിന്ന് നാം എന്തെല്ലാം ഇറക്കുമതി ചെയ്തിരിക്കുന്നു, ഇനി കുറച്ച് ഗുരുപീഡനംകൂടി ആയിക്കോട്ടെ.

Leave a Reply

Your email address will not be published. Required fields are marked *

Go Top