മദ്യ പൂര്‍വസ്ഥിതി

ഇന്ദ്രൻ

 



വി.എം. സുധീരന്‍ ഇതോടെ രാജിവെച്ച് ഇറങ്ങിപ്പോകും എന്ന് ചില കൂട്ടര്‍

പ്രചരിപ്പിക്കുന്നുണ്ട്. ഇതുകേട്ടാല്‍തോന്നും കേരളത്തില്‍ മദ്യനിരോധം
നടപ്പാക്കാനാണ് ഹൈക്കമാന്‍ഡ് സുധീരനെ ഇങ്ങോട്ടയച്ചതെന്ന്.
ദേശീയതലത്തില്‍ കോണ്‍ഗ്രസ്സിന് അങ്ങനെ യാതൊരു ദുരുദ്ദേശ്യവുമില്ല

മദ്യവിരുദ്ധലഹരി മറ്റേതുപോലെയും എളുപ്പം ഇറങ്ങുകയില്ല എന്ന് അറിയാമല്ലോ. മിക്കവര്‍ക്കുമത് ആജീവനാന്തം നിലനില്‍ക്കും. യു.ഡി.എഫ്. സര്‍ക്കാറിന്റേത് യഥാര്‍ഥ
മദ്യവിരുദ്ധം തന്മയത്വമായി അഭിനയിക്കാന്‍ എ.കെ. ആന്റണിക്ക് കുറേയൊക്കെ പറ്റിയിരുന്നു. ഓവര്‍ ആക്ടിങ്ങിന് പോകാഞ്ഞതുകൊണ്ട് അപകടത്തില്‍ ചാടിയില്ല. വി.എം. സുധീരനാണ് ഓവര്‍ ആക്ടിങ്ങ് തുടങ്ങിവെച്ചത്. അത് കണ്ട്, മോശക്കാരനാവരുതല്ലോ എന്ന് വാശി കേറിയാണ് മുഖ്യമന്ത്രിയും കൂട്ടരും അതിന് ഒരുമ്പെട്ടത്. ആദര്‍ശവും അഴിമതിവിരുദ്ധതയും സോഷ്യലിസവുമെല്ലാം ആര്‍ക്കും അഭിനയിക്കാം. ജീവിതകാലം മുഴുവന്‍ അഭിനയിച്ചാലും കള്ളം വെളിച്ചത്താവില്ല. അതുപോലല്ല മദ്യവിരോധം. വേഗം പൊളിയും. കണ്ടല്ലോ…
യു.ഡി.എഫ്. ഘടകകക്ഷികളുടെ കൂട്ടത്തില്‍ അഭിനയമല്ലാത്ത മദ്യവിരുദ്ധതയുള്ള പാര്‍ട്ടി മുസ്ലിംലീഗ് മാത്രമാണ്. ബിയറോ നല്ലിളംകള്ളോ പോലും തൊടില്ല. നീര പാടുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ഇതൊക്കെയാണെങ്കിലും പ്രായോഗികതയുടെ കാര്യത്തില്‍ മുസ്ലിംലീഗിനെ കടത്തിവെട്ടാന്‍ ഉമ്മന്‍ ചാണ്ടിക്കുപോലും ആവതില്ല. നാല്‍പ്പത്തേഴുവര്‍ഷം മുമ്പ് കേരളത്തില്‍ മദ്യനിരോധനം അവസാനിപ്പിച്ചത് മുസ്ലിം ലീഗ് കൂടിയുള്ള മന്ത്രിസഭയാണ് എന്ന് പറഞ്ഞാല്‍ യൂത്ത് ലീഗുകാര്‍ വിശ്വസിക്കില്ല. ഇന്നത്തെ ടൈപ്പ് നേതാക്കളല്ല അന്ന് ലീഗിനെ നയിച്ചിരുന്നത് എന്നോര്‍ക്കണം. പത്തരമാറ്റ് തങ്കപ്പെട്ട നേതാക്കളായിരുന്നു ഓരോരുത്തരും. പക്ഷേ, മദ്യനിരോധനം അവസാനിപ്പിക്കാന്‍ മുന്നണി തീരുമാനിച്ചു. മുസ്ലിംലീഗ് രാജിവെച്ച് പോയതൊന്നുമില്ല. അഭിപ്രായവ്യത്യാസം കറുകറുത്ത മഷി കൊണ്ട് മിനുട്‌സ് ബുക്കില്‍ കടുപ്പിച്ചുതന്നെ എഴുതിവെച്ചു. അതുകൊണ്ട് നാളെ മരിച്ച് നരകത്തില്‍ പോകുന്നത് ഒഴിവാക്കാനായി. ഇപ്പോള്‍ അത്തരം താത്ത്വികപ്രശ്‌നമൊന്നുമില്ല. മദ്യം കിട്ടും. ഞായറാഴ്ച ചെന്നാല്‍ കിട്ടുമോ അതല്ല ശനിയാഴ്ച വാങ്ങിവെക്കണമോ എന്നേ ചോദ്യമുള്ളൂ.യു.ഡി.എഫിലെ ശേഷം കക്ഷികളായ കേരളാ കോണ്‍ഗ്രസ്സുകള്‍ (എത്ര എന്ന് വ്യക്തമല്ല), അതിവിപ്ലവ സോഷ്യലിസ്റ്റ് പാര്‍ട്ടി (രണ്ടിനം), ജനാധിപത്യവും സോഷ്യലിസവും തിന്നുജീവിക്കുന്ന ജനത (തത്കാലം ഒരിനം വര്‍ധിക്കാനിടയുണ്ട്) എന്നീ ആദര്‍ശപാര്‍ട്ടികളുടെ താത്ത്വിക കിത്താബുകളിലൊന്നും മദ്യത്തെക്കുറിച്ച് പരാമര്‍ശമില്ലാത്തതുകൊണ്ട് ഒരു ബുദ്ധിമുട്ടുമില്ല. വേണ്ടവര്‍ക്ക് കഴിക്കാം, ആരെയും നിര്‍ബന്ധിച്ച് കഴിപ്പിക്കില്ല. മദ്യപാനിയുടെ വോട്ട് വേണ്ട എന്ന് ഒരിക്കലും പറയില്ല. വോട്ടിന് വേണ്ടി മദ്യം കൊടുക്കില്ല എന്നുപോലും പറയില്ല. മദ്യപിച്ച് വോട്ട് ചെയ്യാന്‍ വരരുത് എന്നേ നിര്‍ബന്ധിക്കൂ. ചിഹ്നം മാറിപ്പോകും. ഏണി ചാരി വെച്ചതുകണ്ടാല്‍ പാമ്പാണെന്ന് തോന്നിപ്പോകും. പാര്‍ട്ടി നേതാക്കള്‍ ബാറുനടത്തുന്നതില്‍ തെറ്റൊന്നും കാണുന്നില്ല. ഇക്കാരണം പറഞ്ഞ് പാര്‍ട്ടിക്കുള്ള സംഭാവന കുറയ്ക്കരുതെന്ന് മാത്രം. മദ്യലഹരി യഥേഷ്ടമുള്ള, മദ്യവിരുദ്ധലഹരി ഒട്ടുമില്ലാത്ത സുന്ദരന്‍ പാര്‍ട്ടികളാണ് ഇവയെല്ലാം.

ആകപ്പാടെ പ്രശ്‌നം കോണ്‍ഗ്രസ്സിന് മാത്രമാണ്. മഹാത്മാഗാന്ധിയുടെ പാര്‍ട്ടിയാണ്. ഭരണഘടനയുടെ നിര്‍ദേശകതത്ത്വങ്ങളില്‍ മദ്യനിരോധനം എഴുതിവെച്ച പാര്‍ട്ടിയാണ്. അതുകൊണ്ട്, മദ്യം ഉള്ള കാലത്തോളം മദ്യനിരോധനം മുറുകെപ്പിടിക്കണമെന്ന് പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. അതേസമയം, പ്രായോഗിക കാരണങ്ങളാല്‍ ലോകാവസാനം വരെ മദ്യനിരോധനം ഏര്‍പ്പെടുത്തുകയില്ല എന്നും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. നിര്‍ദേശകതത്ത്വങ്ങളില്‍ എഴുതിവെച്ചിട്ടും എന്താണ് നടപ്പാക്കാത്തത് എന്ന് ശുദ്ധമനസ്‌കരമായ ചില അംഗങ്ങള്‍ രോഷംകൊള്ളാറുണ്ട്. അപ്പോള്‍, അവരെ കെ.പി.സി.സി. ഓഫീസില്‍ വിളിച്ചുകൊണ്ടുവന്ന് ഭരണഘടന എടുത്ത് നിര്‍ദേശകതത്ത്വങ്ങള്‍ എന്ന അധ്യായം വായിച്ചുകേള്‍പ്പിക്കുകയാണ് പതിവ്. പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം കുറയ്ക്കുക, എല്ലാ പൗരന്മാര്‍ക്കും ജീവനോപാധി നല്‍കുക, സ്വത്ത് കുന്നുകൂട്ടുന്നത് തടയുക, തൊഴില്‍ മൗലികാവകാശമാക്കുക, ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുക, ഗോവധനിരോധനം നടപ്പാക്കുക തുടങ്ങിയ തത്ത്വങ്ങള്‍ വിശദീകരിക്കുന്ന ഖണ്ഡികകള്‍ വായിക്കുമ്പോഴേക്ക് വിദ്വാന്‍ ജനല്‍വഴി ചാടി രക്ഷപ്പെട്ടിരിക്കും. ഇതൊക്കെ നടപ്പാക്കുമ്പോഴേക്ക് ആയിരം വര്‍ഷമെടുക്കും. മദ്യനിരോധനം പിന്നെയല്ലേ വരുള്ളൂ.
പെട്ടെന്ന് ഉണ്ടായ മദ്യവിരുദ്ധലഹരി ചിലയിനം പനി പോലെയുമാണ്. വരവ് കണ്ടാല്‍ ഇവന്‍ നമ്മളെയും കൊണ്ടേ പോവൂ എന്ന് തോന്നിപ്പോകും. കോഴിപ്പനി പോലെത്തന്നെ. വേഗം മൂര്‍ദ്ദന്യത്തിലെത്തും. മാധ്യമങ്ങളില്‍ വലിയ കോലാഹലമൊക്കെയായിരിക്കും. സ്ഥിതി ഭേദപ്പെട്ടു, നില നിയന്ത്രണാധീനം തുടങ്ങിയ പത്രക്കുറിപ്പുകള്‍ വരുന്നതോടെ ആശങ്ക കുറയും. പ്രയോഗികത, മുന്നണി ഐക്യം തുടങ്ങിയ വൈറസുകള്‍ കയറ്റിയാണ് മദ്യവിരുദ്ധരോഗത്തെ പ്രതിരോധിക്കുക. ഉത്തമൗഷധം എന്തോ ഒരെണ്ണം ബാര്‍ലോബിക്കാരുടെ കൈയിലുണ്ടത്രെ. അത് പ്രയോഗിച്ചാല്‍ സംഗതി എളുപ്പമാകും. വളഞ്ഞുകൊടുക്കം, ഇല്ലെങ്കില്‍ പൊട്ടിപ്പോകും                                                                 ****

വി.എം.സുധീരന്‍ ഇതോടെ രാജിവെച്ചു ഇറങ്ങിപ്പോകും എന്ന് ചില കൂട്ടര്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇതുകേട്ടാല്‍തോന്നും കേരളത്തില്‍ മദ്യനിരോധം നടപ്പാക്കാനാണ് ഹൈക്കമാന്‍ഡ് സുധീരനെ ഇങ്ങോട്ടയച്ചതെന്ന്. ദേശീയതലത്തില്‍ കോണ്‍ഗ്രസ്സിന് അങ്ങനെ യാതൊരു ദുരുദ്ദേശ്യവുമില്ലല്ലോ. സുധീരനെ കെ.പി.സി.സി.യുടെ പ്രസിഡന്റായാണ് ഇങ്ങോട്ടയച്ചത്, കേരള പ്രദേശ് മദ്യനിരോധനസംഘം പ്രസിഡന്റായിട്ടല്ല. ഇവിടത്തെ അംഗങ്ങള്‍ ചേര്‍ന്ന് തിരഞ്ഞെടുത്ത പ്രസിഡന്റായിരുന്നുവെങ്കില്‍ ആരോടും ചോദിക്കാതെ രാജിവെച്ച് ഇറങ്ങിപ്പോകാമായിരുന്നു. ഹൈക്കമാന്‍ഡ് നിയോഗിച്ച പ്രസിഡന്റിന് രാജിവെക്കാന്‍ ഹൈക്കമാന്‍ഡിന്റെ അനുമതി വേണം. മദ്യത്തിന്റെ പേര് പറഞ്ഞ് രാജിവെച്ചിട്ട് അങ്ങോട്ടുചെന്നാല്‍ കണക്കിന് കിട്ടും. കുഴപ്പമൊന്നുമുണ്ടാക്കാതെ, ഐക്യത്തോടെ ഭരിക്കണമെന്ന് രാഹുല്‍ജി വന്ന് ഉപദേശിച്ച് പോയിട്ട് അധികദിവസമായിട്ടില്ലതാനും.
സുധീരന്‍ പക്ഷേ, മദ്യനിരോധനനയത്തില്‍ ഉറച്ചുനില്‍ക്കും. അതില്‍ അഭിനയമൊന്നുമില്ല. അതുകൊണ്ട് കോണ്‍ഗ്രസ്സിന് നഷ്ടമൊന്നും ഇല്ല കേട്ടോ. മദ്യവിരുദ്ധരും കോണ്‍ഗ്രസ്സിനൊപ്പം നില്‍ക്കും മദ്യപക്ഷവും നില്‍ക്കും. മദ്യലോബിക്കെതിരെ സുധീരന്‍ തുടര്‍ന്നും ആഞ്ഞടിക്കും. വേറെ ഏത് പാര്‍ട്ടിയില്‍ ഇതുസാധിക്കും?

****

ഇന്ത്യന്‍ വിപ്ലവത്തെ ബാധിക്കാനിടയുള്ള ഗുരുതരമായ ഒരു പ്രശ്‌നം റവ.സോഷ്യ. പാര്‍ട്ടിയുടെ ദേശീയ എക്‌സി. പരിഹരിച്ചതായുള്ള റിപ്പോര്‍ട്ട് മനം കുളിര്‍പ്പിച്ചു. ആര്‍.എസ്.പി. കേരള ഘടകം കോണ്‍ഗ്രസ് മുന്നണിയിലും ബംഗാള്‍ ഘടകം ഇടതുമുന്നണിയിലും നില്‍ക്കുന്നതില്‍ എന്തോ വൈരുദ്ധ്യമുണ്ടെന്ന ഒരു സംശയം സംശയം മാത്രം ആര്‍.എസ്.പി. നേതൃത്വത്തിന് ഉണ്ടായിരുന്നുവത്രെ. അതിന് കാരണമുണ്ട്. ആര്‍.എസ്.പി. ഒരു ഇടതുപക്ഷപാര്‍ട്ടിയാണെന്ന ധാരണ ഇപ്പോഴും പരക്കെ ഉണ്ടല്ലോ. മാത്രവുമല്ല, കഴിഞ്ഞ ദേശീയസമ്മേളനം ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുകയാണ് കടമ എന്ന് പ്രഖ്യാപിച്ചിരുന്നുവത്രെ. ഈ ജൂണില്‍ വീണ്ടും ദേശീയ സമ്മേളനം കൂടുമ്പോള്‍, ശക്തിപ്പെടലൊക്കെ എവിടെയെത്തി എന്ന് അംഗങ്ങള്‍ ചോദിച്ചാല്‍ എന്തുപറയും?

എന്തായാലും ഇപ്പോള്‍ പണ്ടത്തെപ്പോലെ രാജ്യത്തെല്ലായിടത്തും ഒരേ നയമൊന്നും സ്വീകരിക്കാന്‍ പറ്റില്ല എന്ന് സെന്‍ട്രല്‍ കമ്മിറ്റി തീരുമാനിച്ചു. വിപ്ലവകരമായ തീരുമാനത്തെ പാര്‍ട്ടിയുടെ കേരളഘടകം സഹര്‍ഷം സ്വാഗതം ചെയ്തു. ഓരോ സംസ്ഥാനത്തിനും ഓരോ നയം ആകാം. കേരളത്തില്‍ ഒരു മുന്നണി, പ.ബംഗാളില്‍ വേറൊരു മുന്നണി, കേന്ദ്രത്തില്‍ മൂന്നാമതൊരുമുന്നണി. ഇനി അഥവാ വരുന്ന ദേശീയസമ്മേളനം ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുന്ന നയം തുടരണമെന്ന് നിര്‍ബന്ധം പിടിച്ചാല്‍ അതിനുമുണ്ട് പരിഹാരം. കേരളത്തിലെ കോണ്‍ഗ്രസ് ഇടതുപക്ഷമാണ് എന്ന് പ്രഖ്യാപിച്ചാല്‍മതി. കേരളത്തിലെ ലീഗ് വര്‍ഗീയമല്ല എന്ന് പ്രഖ്യാപിച്ചാണ് പണ്ട് കോണ്‍ഗ്രസ് അവരുടെ ലീഗ് വിരുദ്ധ ദേശീയ നിലപാടില്‍ വെള്ളം ചേര്‍ത്തത്. ആര്‍.എസ്.പി.ക്കും ആകാമതുപോലെ. എന്‍.സി.പി. എന്ന പവാര്‍ പാര്‍ട്ടിയില്‍നിന്ന് പഠിക്കണം എല്ലാവരും. കേരളത്തില്‍ എല്‍.ഡി.എഫ്., കേന്ദ്രത്തില്‍ കോണ്‍ഗ്രസ്, മഹാരാഷ്ട്രയില്‍ ബി.ജെ.പി. ഒരു പ്രശ്‌നവുമില്ല ആര്‍ക്കും. സി.പി.എം., സി.പി.ഐ. വിപ്ലവകക്ഷികള്‍ക്ക് ഇത്രയും സ്വീകാര്യമെങ്കില്‍ ആര്‍.എസ്.പി.ക്കാണോ പറ്റാത്തത്?

Leave a Reply

Your email address will not be published. Required fields are marked *

Go Top