ഇവിടെ ചില വൈരുധ്യാധിഷ്ഠിത പ്രശ്‌നങ്ങളുണ്ട്. 1964 ഒക്ടോബറില്‍ കല്‍ക്കത്തയില്‍ നടന്ന കോണ്‍ഗ്രസ്സിലാണ് പാര്‍ട്ടി ജനിച്ചത് എന്നാണ് രേഖകളിലും ചരിത്ര കിത്താബുകളിലും കാണുന്നത്. അങ്ങനെവരുമ്പോള്‍ ഇത് അമ്പതാം വാര്‍ഷികംതന്നെ
പാര്‍ട്ടിക്ക് വയസ്സ് അമ്പതാകുന്നതിന്റെ ആഘോഷമൊന്നും നാട്ടില്‍ കാണാത്തതില്‍ പല സി.പി.എം. ആരാധകര്‍ക്കും സങ്കടമുണ്ട്. വിപ്ലവപ്പാര്‍ട്ടിക്ക് അങ്ങനെ വയസ്സ് ആഘോഷിക്കുന്ന ഏര്‍പ്പാടില്ല എന്ന മറുപടി കിട്ടായ്കയല്ല. എന്നാലും, അമ്പത് സാധാരണ വയസ്സല്ലല്ലോ. ഹാഫ് സെഞ്ച്വറിയെന്നോ സുവര്‍ണജൂബിലിയെന്നോ വിളിക്കുന്ന സംഭവത്തെ നിസ്സാരമാക്കി തള്ളിക്കൂടാ. എത്രയെല്ലാം ജൂബിലികളില്‍ പാര്‍ട്ടി പങ്കാളിയായിട്ടുണ്ട്. ഔദ്യോഗികമായി അല്ലെങ്കില്‍ അനൗദ്യോഗികമായി ഈ ജൂബിലിയും ആഘോഷാര്‍ഹംതന്നെ.
പാര്‍ട്ടി ജനിച്ചത്, പറഞ്ഞുകേട്ടതുപോലെ 1964ല്‍ത്തന്നെയാണോ? എങ്കിലല്ലേ അമ്പതിന്റെ ആഘോഷവും സദ്യവട്ടവുമൊക്കെ സാധ്യമാകൂ. ഇവിടെ ചില വൈരുധ്യാധിഷ്ഠിത പ്രശ്‌നങ്ങളുണ്ട്. 1964 ഒക്ടോബറില്‍ കല്‍ക്കത്തയില്‍ നടന്ന കോണ്‍ഗ്രസ്സിലാണ് പാര്‍ട്ടി ജനിച്ചത് എന്നാണ് രേഖകളിലും ചരിത്ര കിത്താബുകളിലും കാണുന്നത്. അങ്ങനെ വരുമ്പോള്‍ ഇത് അമ്പതാം വാര്‍ഷികംതന്നെ. പക്ഷേ, സി.പി.എം. രേഖകള്‍ അനുസരിച്ച് കല്‍ക്കത്ത കോണ്‍ഗ്രസ്, പാര്‍ട്ടിയുടെ ഒന്നാം കോണ്‍ഗ്രസ് അല്ല; ഏഴാം കോണ്‍ഗ്രസ് ആണ്. 1943 മെയ് മാസത്തിലാണ് ഒന്നാം കോണ്‍ഗ്രസ് നടന്നത്. പാര്‍ട്ടി ജനിക്കുന്നതിന് മുമ്പേതന്നെ പാര്‍ട്ടി നിലനില്‍ക്കുന്നുണ്ട് എന്നര്‍ഥം. ഏഴാം കോണ്‍ഗ്രസ്സിലാണ് ജന്മം എന്ന് പറയുന്നത് ഏഴാം വയസ്സിലാണ് താന്‍ ജനിച്ചതെന്ന് ഒരാള്‍ അവകാശപ്പെടുന്നത് പോലെയല്ലേ? ബൂര്‍ഷ്വാ പാര്‍ട്ടികളില്‍ ഈ പ്രശ്‌നം മറ്റൊരു വിധത്തിലാണ് കൈകാര്യംചെയ്യാറുള്ളത്. ഒറിജിനല്‍ പാര്‍ട്ടി തങ്ങളാണ് എന്ന് പിളര്‍ന്നുപോകുന്ന ഓരോ കൂട്ടരും അവകാശപ്പെടും. അപ്പോള്‍പ്പിന്നെ ഏഴാം വയസ്സില്‍ ജനിക്കുന്ന പ്രശ്‌നം വരുന്നില്ല. 101 പേരുള്ള സെന്‍ട്രല്‍ കമ്മിറ്റിയില്‍നിന്ന് ഇറങ്ങിപ്പോന്നത് 32 പേരാണെങ്കിലും അവര്‍ക്ക് സി.പി.ഐ.തന്നെ തങ്ങളും എന്ന് അവകാശപ്പെടാമായിരുന്നു. എങ്കില്‍ ഈ പ്രശ്‌നം ഉണ്ടാകുമായിരുന്നില്ല. അമ്പതാം വാര്‍ഷികമല്ല, പിണറായി പാറപ്പുറത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടി പിറന്നുവീണതിന്റെ എഴുപത്തഞ്ചാം വാര്‍ഷികമാണ് ഏതൊരു കമ്യൂണിസ്റ്റ് പാര്‍ട്ടിയും ആഘോഷിക്കേണ്ടത് എന്നാണ് സി.പി.ഐ.ക്കാര്‍ പറയുക. അത് നമ്മള്‍ കേട്ടില്ലെന്ന് നടിച്ചാല്‍ മതി.
സാരമില്ല. ഇതൊക്കെയാണെങ്കിലും അമ്പത് ആഘോഷിക്കേണ്ടതുതന്നെ. മനുഷ്യജീവിതത്തില്‍ ഏറ്റവും നല്ല പ്രായം അമ്പത് ആണത്രെ. ആ പ്രത്യേകത പാര്‍ട്ടി ജീവിതത്തിന് ബാധകമാണെന്നല്ല പറയുന്നത്. കഴിഞ്ഞ വര്‍ഷം അമേരിക്കക്കാര്‍ക്കിടയില്‍ ഒരു സര്‍വേ നടന്നു. ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍, ഒരേ വയസ്സില്‍ത്തന്നെ എന്നും തുടരാന്‍ പറ്റുമായിരുന്നെങ്കില്‍ ഏത് വയസ്സാണ് തിരഞ്ഞെടുക്കുക എന്നായിരുന്നു സര്‍വേയര്‍മാരുടെ ചോദ്യം. ബഹുഭൂരിപക്ഷം ആളുകള്‍ പറഞ്ഞത് അമ്പതാം വയസ്സില്‍ എന്നായിരുന്നത്രെ. സന്തോഷം ടോപ്പില്‍ നില്‍ക്കുക അമ്പതാം വയസ്സിലാണത്രെ. അതുകഴിഞ്ഞാല്‍ എല്ലാം കുറഞ്ഞുതുടങ്ങും, പ്രായവും പ്രാരബ്ധങ്ങളും ഒഴികെ. അമ്പതാണ് ബെസ്റ്റ് (പെണ്ണുങ്ങള്‍ക്കല്ല, ആണുങ്ങള്‍ക്ക്).
പക്ഷേ, സി.പി.എമ്മിന് അമ്പത് സ്വീറ്റ് ഫിഫ്റ്റിയാണ് എന്നൊന്നും പറയാന്‍ പറ്റില്ല. സമയം മോശമാണ്. സി.പി.എമ്മിന്റെ നല്ല വയസ്സ് നാല്പതായിരുന്നു. നല്ല വയസ്സ് എന്നുപറഞ്ഞാല്‍ കഷ്ടിച്ച് നല്ലത് എന്നേ പറയാനൊക്കൂ. അമ്പതുകൊല്ലവും കഷ്ടകാലം തന്നെയായിരുന്നു. പാര്‍ട്ടി പിളര്‍ന്ന കാലത്ത് ഇരുപക്ഷവും തമ്മില്‍ ശാക്തികമായി വലിയ വ്യത്യാസമൊന്നുമുണ്ടായിരുന്നില്ല. കേരളത്തിലും ബംഗാളിലും പെട്ടെന്ന് വളര്‍ന്നു സി.പി.എം. ബോണ്‍സായി പോലെ പ്രായം കൂടിയിട്ടും വലിപ്പം കുറഞ്ഞുവന്നു സി.പി.ഐ.ക്ക്. ലോക്‌സഭയില്‍ ഏറ്റവും കൂടുതല്‍ സീറ്റ് സി.പി.എമ്മിന് കിട്ടിയത് 2004ലാണ്. 43 സീറ്റ്. അന്ന് പാര്‍ട്ടിക്ക് രാജയോഗമായിരുന്നു. നാട് ഭരിച്ചത് കോണ്‍ഗ്രസ് ആയിരുന്നു എന്നത് ശരി, പക്ഷേ, കോണ്‍ഗ്രസ്സിനെ ഭരിച്ചിരുന്നത് സി.പി.എം. ആയിരുന്നു. എല്ലാം സഹിച്ച് ഭരണത്തില്‍ തുടര്‍ന്ന ഡോ. മന്‍മോഹന്‍സിങ്ങിനും ഒടുവില്‍ സി.പി.എമ്മിനെ സഹിക്കാതായി. ഭരണം പോയാലും സാരമില്ല, സി.പി.എം. പോകട്ടെ എന്നായി നിലപാട്. അതോടെയാണ് സി.പി.എമ്മിന്റെ ഇപ്പോഴത്തെ കഷ്ടകാലം തുടങ്ങിയത്. സി.പി.എം. പിന്തുണ പിന്‍വലിച്ചിട്ടും മന്ത്രിസഭ വീണില്ല. വീണില്ലെന്ന് മാത്രമല്ല അടുത്ത തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷമില്ലാതെ ഭൂരിപക്ഷം നേടുകയും ചെയ്തു. അതും സഹിക്കാം. സി.പി.എമ്മിന്റെ ലോക്‌സഭയിലെ സീറ്റെണ്ണം 19 ആയും ഇക്കഴിഞ്ഞതില്‍ ഒമ്പതായും ചുരുങ്ങി. പാര്‍ട്ടി ചരിത്രത്തിലെ ഏറ്റവും ചുരുങ്ങിയ സീറ്റ് ബലമാണ് ഒമ്പത്. ആകെ ഒരു സമാധാനമുള്ളത് സി.പി.ഐ.ക്കാര്‍ക്ക് സീറ്റ് ഒന്നേ ഉള്ളൂ എന്നതുമാത്രമാണ്. ഇടതുപക്ഷത്തിന്റെ മൊത്തം അവസ്ഥതന്നെ അതിദയനീയമാണ്. ഇത്രയും മോശം കാലത്ത് ജന്മവാര്‍ഷികം ആഘോഷിക്കുക ശ്ശി വിഷമംതന്നെ എന്ന് സമ്മതിക്കാം.
ഇതിനിടയിലാണ് പാര്‍ട്ടിയുടെ അടുത്ത കോണ്‍ഗ്രസ് ഏപ്രിലില്‍ വിശാഖപട്ടണത്ത് നടക്കാന്‍ പോകുന്നത്. അതിന്റെ കൊമ്പും കുഴലും വിളി ആരംഭിച്ചുകഴിഞ്ഞു. സമ്മേളനത്തില്‍ ചര്‍ച്ചചെയ്യാന്‍ പോകുന്ന വിഷയങ്ങള്‍ ഏതെല്ലാമെന്ന് മാധ്യമങ്ങള്‍ തീരുമാനിച്ചുകഴിഞ്ഞു; പാര്‍ട്ടി തീരുമാനിച്ചുവോ എന്നറിയില്ല.
പഴയ വിഭവങ്ങള്‍ ഒന്നും ഉപേക്ഷിച്ചിട്ടില്ല. ഫാസിസത്തെ നേരിടാന്‍ ആരെയെല്ലാം കൂടെ കൂട്ടണം, കോണ്‍ഗ്രസ്സുമായി കൂട്ടുകൂടിയാല്‍ സംഗതി പിശകാവുമോ, ഇടതുപക്ഷ പരിപ്പുവടയും കട്ടന്‍കാപ്പിയും മതിയോ, അതല്ല പൊറോട്ട, ചിക്കന്‍ കറി മൂന്നാം മുന്നണി വേണോ, വിപ്ലവം വരുന്നതുവരെ പാര്‍ലമെന്ററിപാതതന്നെയോ തുടരേണ്ടത്, അഥവാ വിപ്ലവ ലാസ്റ്റ് ബസ് വരുന്നില്ലെങ്കില്‍ സോഷ്യല്‍ ഡെമോക്രസിയുടെ ടാക്‌സി പിടിക്കാമോ, ഇതിനിടയില്‍ വര്‍ഗീയ ഫാസിസത്തിന്റെ പ്രളയം വന്നാല്‍ എങ്ങനെ നേരിടും, ഹിന്ദുത്വഫാസിസം ശക്തിപ്പെടാതിരിക്കാന്‍ സഖാക്കളെല്ലാം അമ്പലക്കമ്മിറ്റികളില്‍ അംഗങ്ങളാവുകയും സാധ്യമായേടത്തെല്ലാം ശത്രുസംഹാരപൂജ നടത്തുകയും ചെയ്താല്‍ മതിയോ, ജനപിന്തുണ നേടാന്‍ ഫലപ്രദം പെയ്ന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ ആണോ അതല്ല നഗരമാലിന്യനിര്‍മാര്‍ജനമോ…
ആഘോഷം നടന്നാലും ഇല്ലെങ്കിലും വണ്ടി വിശാഖപട്ടണം വിടുമ്പോഴേക്കും ഇക്കാര്യങ്ങളിലെല്ലാം തീരുമാനമുണ്ടാകുമെന്ന് ആശിക്കാം.
****
നമ്മുടെ നാട്ടില്‍ എത്രയെത്ര ബഹുമതികള്‍ സര്‍ക്കാര്‍ വര്‍ഷംതോറും ദാനംചെയ്യുന്നുണ്ട് എന്നറിയാന്‍ വിവരാവകാശരേഖ ചോദിക്കേണ്ടിവരും. പ്രശസ്ത സേവനം അനുഷ്ഠിക്കുന്നവരുടെ സംഖ്യ അത്രയേറെയാണ്. പത്മശ്രീയാണ് ഇതിലെ താഴേക്കിടെ സര്‍ട്ടിഫിക്കറ്റ്. ടോപ്പില്‍ ഭാരതരത്‌നമുണ്ട്. ക്രിക്കറ്റ് കളിക്കാര്‍ക്കും അത് കിട്ടും. 1954ല്‍ രാജഗോപാലാചാരിക്ക് മുതല്‍ നാല്പതിലേറെ മഹാന്മാര്‍ക്ക് അത് കിട്ടിയിട്ടുണ്ട്. ഇപ്പോള്‍ അതിന്റെ നിലവാരം കുറഞ്ഞുവരുന്നുണ്ട്. പത്മശ്രീയുടെ കാര്യം പറയാനുമില്ല. ഇത്രയെല്ലാം പുരസ്‌കാരങ്ങള്‍ ഇവിടെ ഉണ്ടായിട്ടും ഇന്നേവരെ ഈ വക യാതൊന്നും കിട്ടാത്ത ഒരു സത്യാര്‍ഥിയെ ലോകപ്രശസ്ത നൊബേല്‍ സമ്മാനസമിതി കണ്ടെത്തിയത് എങ്ങനെയെന്ന് ആരെങ്കിലും അന്വേഷിക്കുന്നുണ്ടോ? ഇന്ത്യയില്‍ ബാലവേല അവസാനിപ്പിക്കാന്‍ നടക്കുന്നയാളാണത്രെ ആ ചങ്ങാതി.
ബാലവേലയോ? സോഷ്യലിസ്റ്റ് ഭാരതത്തിലോ?
മഹാത്മാഗാന്ധിക്ക് കൊടുക്കാതിരുന്നതിന്റെ നാണക്കേട് തീര്‍ക്കാന്‍ ചിലപ്പോഴൊക്കെ ഇങ്ങനെ ചിലതും അവര്‍ കൊടുക്കാറുണ്ട്. ഇത്തവണ സ്‌കൂള്‍ കുട്ടികള്‍ക്ക് കൊടുക്കാം എന്ന് തീരുമാനിച്ചിരിക്കാം. എന്നാലും, നൊബേല്‍ സമ്മാനാര്‍ഹന് ഇതേവരെ ഒരു പത്മശ്രീ പോലും നമ്മള്‍ കൊടുത്തിരുന്നില്ല എന്നത് ഗാന്ധിജിക്ക് നൊബേല്‍ കൊടുക്കാതിരുന്നതിലും വലിയ നാണക്കേടായോ എന്നൊരു ചെറിയ സംശയം ഇല്ലാതില്ല.
ഇതിന് പരിഹാരം കണ്ടേ തീരൂ. ഇനിമേല്‍ പത്മശ്രീ മുതല്‍ മേലോട്ട് ഭാരതരത്‌നം വരെയുള്ള സകലതും അവസാനിപ്പിക്കുകയാവും ഒരു പരിഹാരം. ഇടയ്‌ക്കെല്ലാം നിര്‍ത്തിയതും പ്രാഞ്ചിയേട്ടന്മാര്‍ക്കുവേണ്ടി പുനരാരംഭിച്ചതുമാണ്. സര്‍ക്കാര്‍ ഒരുപക്ഷേ, വേറെ പരിഹാരമാവും കണ്ടെത്തുക. ഇന്ത്യന്‍ പൗരനാണെങ്കില്‍ പത്മശ്രീ എങ്കിലും കിട്ടിയശേഷമേ നൊബേല്‍ വാങ്ങാവൂ എന്നൊരു കണ്ടീഷന്‍ വെച്ചാലോ?