ഒരുകാര്യം ഓര്‍ത്തില്ലെങ്കില്‍ സംഗതി ജനാധിപത്യമല്ലാതാകും. പാര്‍ട്ടിയും അതിന്റെ പ്രസിഡന്റുമൊക്കെ ഒരു വിഭാഗത്തിന്റെ മാത്രമാണ്. മന്ത്രിയും മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമൊക്കെ മുഴുവന്‍ ജനത്തിന്റേതുമാണ്. യേത്?
സ്ഥലജലവിഭ്രാന്തി എന്നൊരു വിചിത്രാവസ്ഥയെക്കുറിച്ച് കേട്ടിരിക്കുമല്ലോ. സ്ഥലമാണോ ജലമാണോ എന്ന് മനസ്സിലാക്കാന്‍ വയ്യാതിരിക്കുക. ചില കൊട്ടാരങ്ങളില്‍ അങ്ങനെയുള്ളതായി പുരാണകൃതികളില്‍ വിവരണമുണ്ട്. ന്യൂഡല്‍ഹിയിലെ നമ്മുടെ ഭരണക്കൊട്ടാരത്തില്‍ ഇവ്വിധമൊരു അവസ്ഥ ഉണ്ടോ എന്ന് സംശയം തോന്നിപ്പിക്കുന്നു, ഈയിടെ മാത്രം അവിടെ പാര്‍പ്പുതുടങ്ങിയവരുടെ ചില ചെയ്തികള്‍. അവിടെ കാണുന്നത് പാര്‍ട്ടിയും ഭരണവും വേര്‍തിരിച്ചറിയാന്‍ കഴിയാത്ത കണ്‍ഫ്യൂഷനാണ്. ഒരുപക്ഷേ, സ്ഥലപരിചയം കുറവായതുകൊണ്ടാവാം. അല്ലെങ്കില്‍, ഇനി ഇതൊക്കെ ഇങ്ങനെയാണെന്ന് നമുക്ക് മുന്നറിയിപ്പ് നല്‍കുന്നതാവാം.
നമ്മുടെ ഭരണക്രമത്തില്‍ പാര്‍ട്ടി വേറെ സര്‍ക്കാര്‍ വേറെ എന്നൊരു തത്ത്വം ഉണ്ടോ എന്നുചോദിച്ചാല്‍ ഉണ്ടെന്നും പറയാം ഇല്ലെന്നും പറയാം. തത്ത്വത്തില്‍ രണ്ടും വേറെയാണ്. എങ്കിലും പ്രയോഗത്തില്‍ രണ്ടും ഒന്നാവും. ഭരിക്കുന്നത് പാര്‍ട്ടിയാണെങ്കിലും പാര്‍ട്ടി പ്രസിഡന്റ് കല്പിച്ചാലൊന്നും സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങില്ല. അതിന് മന്ത്രിതന്നെ വേണം, അല്ലെങ്കില്‍ ഉദ്യോഗസ്ഥന്‍ കല്പിക്കണം. ചിലതെല്ലാം ചട്ടപ്രകാരംതന്നെ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്, ചിലതെല്ലാം കീഴ്വഴക്കപ്രകാരം നടന്നുപോകുന്നതാണ്. പക്ഷേ, ഒരുകാര്യം ഓര്‍ത്തില്ലെങ്കില്‍ സംഗതി ജനാധിപത്യമല്ലാതാകും. പാര്‍ട്ടിയും അതിന്റെ പ്രസിഡന്റുമൊക്കെ ഒരു വിഭാഗത്തിന്റെ മാത്രമാണ്. മന്ത്രിയും മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമൊക്കെ മുഴുവന്‍ ജനത്തിന്റേതുമാണ്. യേത്?
കേന്ദ്ര ആഭ്യന്തരമന്ത്രിപദവി വഹിച്ചുകൊണ്ടാണ് രാജ്‌നാഥ് സിങ് കേരളത്തില്‍ വന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി വരാന്‍മാത്രം കതിരൂരില്‍ എന്താണ് സംഭവിച്ചത് എന്ന് ചോദിച്ചാല്‍ ഉത്തരം പറയുക ശ്ശി പ്രയാസമാണ്. തീര്‍ച്ചയായും പാര്‍ട്ടിയുടെ താത്ത്വിക്‌സാത്വിക്ശാരീരിക്ബൗദ്ധിക് വിഭാഗമാണ് ആര്‍.എസ്.എസ്. കൊല്ലപ്പെട്ടത് ആര്‍.എസ്.എസ്സിന്റെ നേതാവാണ്. സമ്മതിച്ചു. രാജ്‌നാഥ് സിങ് വെറും കേന്ദ്രമന്ത്രിയല്ല, പ്രധാനമന്ത്രിയുടെ ഉത്തരവാദിത്വംകൂടി വഹിക്കുന്ന മന്ത്രിയാണ് (പേടിക്കേണ്ട, ഇത് സാങ്കേതികം മാത്രമാണ്. പ്രധാനമന്ത്രിയുടെ ചുമതലയുടെ ഒരു പൊടി ആഭ്യന്തരന് കിട്ടുകയില്ല. മംഗള്‍യാനില്‍ കേറി ചൊവ്വയില്‍ പോയാല്‍പ്പോലും അത് മോദിയുടെ കൈയിലിരിക്കും). കൊലക്കേസ് നോക്കുന്ന പണി കേന്ദ്ര ആഭ്യന്തരന്റേതല്ല, സംസ്ഥാന ആഭ്യന്തരന്റേതാണ്. പിന്നെയെന്തിന് രാജ്‌നാഥ് കതിരൂരില്‍ കുണ്ടനിടവഴികള്‍ താണ്ടിച്ചെന്നു? ഭരണമേറ്റശേഷം ഇന്ത്യാരാജ്യത്ത് നടന്ന എല്ലാ കൊലകളും അന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പോയിട്ടുണ്ടോ? തലശ്ശേരിയില്‍ ആര്‍.എസ്.എസ്സുകാര്‍ മാര്‍ക്‌സിസ്റ്റുകാരെയും മാര്‍ക്‌സിസ്റ്റുകാര്‍ ആര്‍.എസ്.എസ്സുകാരെയും കൊന്നിട്ടുണ്ട്. ഇവര്‍ രണ്ടുകൂട്ടരും കോണ്‍ഗ്രസ്സുകാരെയും കൊന്നിട്ടുണ്ട്. കേന്ദ്രത്തില്‍നിന്നൊരു ആഭ്യന്തരമന്ത്രിയും ആ ഭാഗത്ത് തിരിഞ്ഞുനോക്കിയിട്ടില്ല. തീര്‍ച്ചയായും നീചമായിരുന്നു കൊല. ഒരു പ്രകോപനവും ഇല്ലാത്ത കൊല. കൊല്ലപ്പെട്ടത് ആര്‍.എസ്.എസ്സിന്റെ ഉത്തരവാദപ്പെട്ട നേതാവാണ്. തീര്‍ച്ചയായും ആര്‍.എസ്.എസ്സിന്റെ കേന്ദ്രനേതാക്കള്‍ കതിരൂരില്‍ പാഞ്ഞെത്തി അണികളെയും കുടുംബങ്ങളെയും ആശ്വസിപ്പിക്കണം. പക്ഷേ, മനോജിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ വിമാനംകേറി വന്നത് കേന്ദ്ര ആഭ്യന്തരമന്ത്രി മാത്രമാണ്. കണ്ണൂരില്‍ കിരാതമായി കൊല്ലപ്പെട്ട നിരവധി ആര്‍.എസ്.എസ്. നേതാക്കളുണ്ട്. സ്‌കൂളില്‍ ക്ലാസ് മുറിയില്‍ കുട്ടികളുടെ കണ്‍മുമ്പില്‍ വധിക്കപ്പെടാനുള്ള നിര്‍ഭാഗ്യമുണ്ടായ നേതാവാണ് ജയകൃഷ്ണന്‍ മാസ്റ്റര്‍. അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനിയായിരുന്നു. ജയകൃഷ്ണനെ വ്യക്തിപരമായി അറിയുന്ന ആള്‍ കൂടി ആയിരിക്കാം അദ്വാനി. പക്ഷേ, അദ്ദേഹം വന്നിട്ടില്ല. കണ്ണൂരിനെ കലാപബാധിതമായി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍ ഭരണച്ചുമതല ഏല്‍ക്കണം എന്നുപോലും ബി.ജെ.പി. അന്നാവശ്യപ്പെട്ടതാണ്. എന്നിട്ടും വന്നിട്ടില്ല മലയാളിയായ കേന്ദ്രമന്ത്രിപോലും. നേരമില്ലാഞ്ഞിട്ടാവില്ല. ശരിയല്ല എന്ന് തോന്നിയിട്ടാവും.
പാര്‍ട്ടി പ്രസിഡന്റിന്റെ തലയില്‍ തലപ്പാവ് വെച്ചത് കള്ളനാണോ കൊലയാളിയാണോ എന്ന് ആരും ചോദിക്കുകയില്ല. രണ്ടായാലും ജനത്തിന് വിരോധമില്ല. പ്രധാനമന്ത്രിയുടെ ചുമതലയുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ തലയില്‍ തലപ്പാവ് വെക്കുന്നത് കൊലക്കേസ് പ്രതിയാകുമ്പോള്‍ ഇവിടെയും സ്ഥലജലവിഭ്രാന്തിയുടെ പ്രശ്‌നമുണ്ട്. ആര് തലപ്പാവിടണം, ആര് കാണണം എന്നൊക്കെ തീരുമാനിച്ചത് പാര്‍ട്ടിക്കാരാണ്, എസ്.പി.ജി. അല്ലെന്നാണ് വിശദീകരണം വന്നത്. ആയിക്കോട്ടെ. പാര്‍ട്ടിക്കൊലയാളി എന്തായാലും നേതാവിന്റെ തലയെടുക്കില്ല, തലപ്പാവ് വെക്കുകയേ ഉള്ളൂ. പക്ഷേ, രാജ്‌നാഥ് സിങ് നമ്മുടെയും കേന്ദ്രമന്ത്രിയാണ്. ലേശം പ്രശ്‌നം പൊതുജനത്തിനുണ്ട്.
ഇതുതന്നെയാണ് ആര്‍.എസ്.എസ്. തലവന്റെ ദൂരദര്‍ശന്‍ ലൈവ് പ്രഭാഷണത്തിന്റെയും പ്രശ്‌നം. ദൂരദര്‍ശന്‍ ദീര്‍ഘകാലം സര്‍ക്കാര്‍ദര്‍ശനം മാത്രമായിരുന്നു. ഇപ്പോഴത് സ്വയംഭരണസ്ഥാപനമാണെന്നോ മറ്റോ പറയുന്നത് കേട്ടിട്ടുണ്ട്. കണ്ടിട്ടില്ല. ദീര്‍ഘകാലമായി വളഞ്ഞ വാല് കുറച്ചുകാലം കുഴലിലിട്ടാലൊന്നും നിവരുകയില്ല. സ്ഥലവും ജലവും തിരിയാത്ത ഏതോ മന്ത്രി വിളിച്ചാവശ്യപ്പെട്ടുകാണും പ്രഭാഷണം ലൈവ് തട്ടാന്‍. പിന്നെയെന്ത് ചിന്തിക്കാന്‍. ഉടന്‍ ലൈവ്. ഡല്‍ഹിയിലിപ്പോള്‍ കുനിയാന്‍ പറയുമ്പോള്‍ ഇഴയുന്ന കാലമാണ്.
ഇനി ഇങ്ങനെ എന്തെല്ലാം കാണാനിരിക്കുന്നു…
****
ജയലളിത ജയില്‍ലളിതയായതിനുശേഷം ഇവിടെ ചിലകൂട്ടര്‍ അഴിമതി തൊട്ടുതീണ്ടാത്ത കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയെ ഇടയ്ക്കിടെ കുത്തിനോവിക്കുന്നുണ്ട്. എന്താണെന്നോ കാരണം. ജയലളിതയുടെ പാര്‍ട്ടിയുമായി ചില്ലറ ഇടപാടുണ്ടാക്കാന്‍ ശ്രമിച്ചിട്ടുണ്ട് ഇടതുപക്ഷ സാത്വിക നേതാവായ പ്രകാശ് കാരാട്ട്. പ്രധാനമന്ത്രിയാക്കാമെന്ന് മോഹിപ്പിച്ചതായും കേള്‍ക്കുന്നുണ്ട്. ഇടയ്ക്കിടെ ചെന്നൈഡല്‍ഹി ഫ്‌ളൈറ്റില്‍ കാരാട്ട്ജിയെ കാണാറുണ്ട്. ചെന്നൈയില്‍ നമ്മുടെ പാര്‍ട്ടിക്ക് അതിനുമാത്രം കോപ്പൊന്നുമില്ല എന്നതും പൊതുവേ എല്ലാവര്‍ക്കുമറിയുന്നതാണല്ലോ.
അങ്ങനെ പറഞ്ഞുവരുമ്പോള്‍ കാരാട്ട്ജിയെ മാത്രമായി നമുക്ക് കുറ്റപ്പെടുത്താന്‍ പറ്റില്ല. ഏത് പാര്‍ട്ടിയുടെ ഏത് നേതാവാണ് മാഡത്തെ കാണാന്‍ കുതിച്ചുചെന്നിട്ടില്ലാത്തത്? ആദര്‍ശധീരന്‍ എ.കെ. ആന്റണി ആയിരുന്നു കോണ്‍ഗ്രസ്സിന്റെ ഒരു ദൂതന്‍. സര്‍വപാര്‍ട്ടിക്കാരും ചെന്നിട്ടുണ്ട്. പക്ഷേ, കാരാട്ട്ജി ആണ് അതിനുള്ള താത്ത്വികമായ വിശദീകരണവും ന്യായീകരണവും നല്‍കിയ ഏകനേതാവ്. അദ്ദേഹം പണ്ട് മൊഴിഞ്ഞത് ഇങ്ങനെ… ”അഴിമതി ഉണ്ടോ എന്ന് നോക്കിയാലൊന്നും മുന്നണി ഉണ്ടാക്കാന്‍ പറ്റില്ല”.
****
ആദര്‍ശവാദി വി.എം. സുധീരനെ തോല്പിക്കാന്‍ ഉമ്മന്‍ചാണ്ടി ഒരു വെടികൂടി പൊട്ടിച്ചു. സംസ്ഥാനത്ത് ഫഌ്‌സ് ബോര്‍ഡുകള്‍ നിരോധിച്ചിരിക്കുന്നു. ഉമ്മന്‍ചാണ്ടിയാണ് ശരിയായ സുധീരന്‍ എന്ന് ജനത്തെക്കൊണ്ട് പറയിപ്പിച്ചേ അടങ്ങൂ.
മദ്യനിരോധനത്തിന് ബാധകമായ ഒരു സംഗതി ഫഌ്‌സ് നിരോധനത്തിനും ബാധകമാണ്. രണ്ടിന്റെയും ആളോഹരി ഉപയോഗത്തില്‍ ഒന്നാം സ്ഥാനത്ത് കോണ്‍ഗ്രസ്സുകാരാണെന്നൊരു സര്‍വേ റിപ്പോര്‍ട്ട് കാണുകയോ വായിക്കുകയോ കേള്‍ക്കുകയോ മറ്റോ ഉണ്ടായിട്ടുണ്ട്. മദ്യത്തിന്റെ കാര്യത്തില്‍ അത്ര ഉറപ്പില്ല. പോലീസുകാര്‍, പത്രക്കാര്‍, സാഹിത്യകാരന്മാര്‍ തുടങ്ങി പലരും ഇക്കാര്യത്തില്‍ ഒന്നാംസ്ഥാനം അവകാശപ്പെട്ടേക്കാം. പക്ഷേ, ഫഌ്‌സ് ബോര്‍ഡിന്റെ കാര്യത്തില്‍ കേരളത്തിലെന്നല്ല ഇന്ത്യയില്‍ത്തന്നെ ഒന്നാംസ്ഥാനം കേരളത്തിലെ കോണ്‍ഗ്രസ്സിനാണ്. ബൂത്ത് പ്രസിഡന്റായി ഒരുവനെ നോമിനേറ്റ് ചെയ്താല്‍ വാര്‍ഡിനകത്തും പുറത്തും 32 പല്ലും കാട്ടിയുള്ള ഫഌ്‌സ് വെക്കുന്ന സമ്പ്രദായം വേറെങ്ങുമില്ല. വി.എം. സുധീരനും ഉമ്മന്‍ചാണ്ടിയും അത് നിര്‍ത്തിയിട്ട് മതിയായിരുന്നു മറ്റുള്ളവരെ നന്നാക്കാന്‍ ഇറങ്ങുന്നത് എന്നൊരു അഭിപ്രായം പലര്‍ക്കുമുണ്ട്.
ഇനി എന്തൊക്കെയാണ് നിരോധിക്കേണ്ടത് എന്ന് ആദര്‍ശവാദികള്‍ അറിയിച്ചാല്‍മതി. ഉടനെ നിരോധിച്ചുകൊടുക്കുന്നതായിരിക്കും. ബീഡി, സിഗരറ്റ്, ടെലിവിഷന്‍ സീരിയല്‍, പെണ്ണുങ്ങളുടെ ജീന്‍സ് തുടങ്ങിയ വസ്തുക്കളുടെ ലിസ്റ്റ് തയ്യാറാകുന്നുണ്ട്. കേരളത്തെ രണ്ടിലൊന്നിലാക്കിയേ ഞങ്ങള്‍ മടങ്ങൂ.