മദ്യവിരുദ്ധ ഹാങ്ങോവര്‍

ഇന്ദ്രൻ

കേരളം ഒരു കാര്യത്തില്‍ക്കൂടി രാജ്യത്ത് 
ഒന്നാം സ്ഥാനത്തെത്തി. ആത്മഹത്യയിലെന്നപോലെ
മദ്യപാനത്തിലും

മദ്യത്തിന്റെ ഒരു ഗുണം അതിന്റെ ലഹരി കുറച്ചുനേരം കഴിഞ്ഞാല്‍ താഴോട്ടിറങ്ങുകയും കഴിച്ച ആള്‍ പൂര്‍വസ്ഥിതി പ്രാപിക്കുകയും ചെയ്യും എന്നുള്ളതാണ്. നേരത്തേ കാണിച്ച കോപ്രായങ്ങളെക്കുറിച്ചൊന്നും പുള്ളിക്കാരന് ഓര്‍മപോലും കാണില്ല. അത് വേറെ ആരോ എന്ന മട്ട്. എന്നാല്‍, എല്ലാ ലഹരികളും മദ്യം പോലെയല്ല. ചിലവ തലയില്‍ കയറിയാല്‍ ഇറങ്ങുകയേയില്ല. ഇടയ്ക്കിടെ കാശുമുടക്കി വാങ്ങി മോന്തിക്കൊണ്ടിരിക്കുകയൊന്നും വേണ്ട. സ്ഥിരം ലഹരിയാണ്. ബലം പ്രയോഗിച്ചാലും ഇറങ്ങിപ്പോവില്ല. ചികിത്സയുമില്ല.
ഇപ്പോള്‍ അതിവേഗം പടര്‍ന്നുപിടിക്കുന്ന മദ്യവിരുദ്ധലഹരി ഈ ഇനത്തില്‍പ്പെട്ടതാണ്. മദ്യലഹരിയെ തോല്പിക്കുമിത്. മദ്യവിരുദ്ധ സംഘടനക്കാരെക്കുറിച്ചല്ല പറയുന്നത് കേട്ടോ… മദ്യം മനുഷ്യരെ മൃഗങ്ങളേക്കാള്‍ അധഃപതിപ്പിക്കുന്നതില്‍ സങ്കടപ്പെടുന്നവരാണ് അവര്‍. മനുഷ്യരെ നന്നാക്കുക എന്ന സദുദ്ദേശ്യമേ അവര്‍ക്കുള്ളൂ. മറ്റേക്കൂട്ടര്‍ മുമ്പൊക്കെ വളരെ നോര്‍മല്‍ ആയി ജീവിച്ചവരാണ്. പെട്ടെന്നാണ് അവരിപ്പോള്‍ മദ്യപാനികളേക്കാള്‍ അബ്‌നോര്‍മല്‍ ആയി പലതരം കോപ്രായങ്ങള്‍ കാട്ടിക്കൂട്ടുന്നത്. ഒരുകൂട്ടര്‍ കഴിഞ്ഞദിവസം ബിവറേജസ് കോര്‍പ്പറേഷന്റെ കടകള്‍ തല്ലിപ്പൊളിക്കുന്നതുകണ്ടു. മുഴുക്കുടിയന്മാര്‍പോലും ഈ കടകള്‍ക്കുമുന്നില്‍ എത്ര മര്യാദക്കാരായാണ് നില്‍ക്കാറുള്ളതെന്നോ. മദ്യവിരുദ്ധ ലഹരി ബാധിച്ചവരില്‍ അത്ര മര്യാദ കണ്ടില്ല. എറിയുകയോ തല്ലുകയോ എന്തെല്ലാമോ ചെയ്തു. ഇവരൊന്നും ബിവറേജസ് ഷാപ്പ് പൂട്ടണമെന്ന് ആവശ്യപ്പെടുന്ന ഒരു പ്രമേയംപോലും ഇക്കാലംവരെ പാസാക്കിയവരല്ല.

അജ്ഞാതമായ കാരണങ്ങളാല്‍ പെട്ടെന്നാണ് കേരളത്തില്‍ മദ്യവിരുദ്ധ ലഹരി പാഞ്ഞുകേറിയത്. പെട്ടെന്ന് മദ്യവിരുദ്ധലഹരി പിടിപെട്ട ആളല്ല, മുമ്പേ മദ്യവിരുദ്ധനാണ് വി.എം. സുധീരന്‍. എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടപ്പാക്കിയ മദ്യനയത്തിലും സുധീരന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്, പരസ്യമായിത്തന്നെ. പക്ഷേ, അന്ന് സുധീരന്‍ ബാറുകള്‍ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. പുതിയത് തുടങ്ങരുതെന്നേ പറഞ്ഞിട്ടുള്ളൂ. കോണ്‍ഗ്രസ് മഹാത്മാഗാന്ധിയുടെ പാര്‍ട്ടിയാണെന്നതൊക്കെ ശരി, പക്ഷേ, പത്തറുപത്തേഴ് വര്‍ഷമായിട്ടും ആ പാര്‍ട്ടി ഇന്ത്യയില്‍ സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കാനൊന്നും ശ്രമിച്ചിട്ടേയില്ല. കേരളത്തില്‍ പക്ഷേ, പാര്‍ട്ടി ഒരു കാര്യത്തില്‍ നിര്‍ബന്ധം പിടിക്കാറുണ്ട്. മന്ത്രിസഭകളില്‍ സാധ്യമായേടത്തോളം എക്‌സൈസ് വകുപ്പ് മറ്റാര്‍ക്കും വിട്ടുകൊടുക്കാറില്ല. ഗാന്ധിവിരുദ്ധന്മാര്‍ ഏറ്റെടുത്ത് മദ്യത്തില്‍ വിഷം കലര്‍ത്തുമെന്ന് ഭയന്നാണോ എന്നറിയില്ല. വിഷമാണ് വില്‍ക്കുന്നത്, നമുക്ക് തടയാന്‍ പറ്റില്ല. എന്നാല്‍, വല്ലവനും വിറ്റുതുലയട്ടെ എന്ന് വിചാരിക്കുകയല്ല ഇവര്‍ ചെയ്തത്. നമ്മള്‍തന്നെ വില്‍ക്കും എന്ന് വാശിപിടിച്ച് മദ്യവിതരണം സര്‍ക്കാര്‍ ഏറ്റെടുത്തു. ഭരണഘടനയിലെ നിര്‍ദേശകതത്ത്വങ്ങളില്‍ ഇപ്പോഴും മദ്യനിരോധനം നിലനില്‍ക്കെയാണ് സര്‍ക്കാര്‍ കേറി മദ്യവിതരണം ഏറ്റെടുത്തത്. വിപണിയില്‍ എഴുപതുശതമാനം മദ്യവും വില്‍ക്കുന്ന സര്‍ക്കാറാണ് 25 ശതമാനം വില്‍ക്കുന്ന ബാറുകളുടെ കൊങ്ങയ്ക്ക് കേറിപ്പിടിച്ചത്. ലഹരികള്‍ ബാധിച്ചാലുള്ള ഓരോതരം അവസ്ഥകളേയ്…

കേരളം ഒരു കാര്യത്തില്‍ക്കൂടി രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തി. ആത്മഹത്യയിലെന്നപോലെ മദ്യപാനത്തിലും. മുമ്പെല്ലാം സാക്ഷരത, ആരോഗ്യം, സ്ത്രീവിദ്യാഭ്യാസം തുടങ്ങിയ നല്ല കാര്യങ്ങളിലായിരുന്നല്ലോ മുന്നില്‍. ഇനി അതുപോരെന്ന് തീരുമാനിച്ചിട്ടാണ് മദ്യപാനം, ആത്മഹത്യ, സ്ത്രീപീഡനം തുടങ്ങിയ മേഖലകളില്‍ നമ്മള്‍ ശ്രദ്ധകേന്ദ്രീകരിച്ചത്. മദ്യപാനരോഗം കുറയ്ക്കാന്‍ വിദ്യാഭ്യാസമാണ് വേണ്ടത് മദ്യനിരോധനമല്ല എന്ന് പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ എഴുതിയിരുന്നു. അത് കേരളത്തിന് ബാധകമല്ല. വിദ്യാഭ്യാസം കൂടുന്നതിന് ആനുപാതികമായാണ് മദ്യപാനം ഇവിടെ കൂടുക. തമിഴ്‌നാട്ടില്‍ വിദ്യാഭ്യാസം സിദ്ധിച്ച ഇടത്തരക്കാര്‍ക്കിടയിലല്ല, വിദ്യാഭ്യാസം കുറഞ്ഞ പാവങ്ങള്‍ക്കിടയിലാണ് പാനീയചികത്സ മൂര്‍ച്ഛിക്കുന്നത്. മുല്ലപ്പെരിയാര്‍ വിധിക്കുശേഷം കിട്ടിയ വലിയ ഒരു അനുഗ്രഹമായി അവര്‍ കേരളത്തിലെ മദ്യനയമാറ്റത്തെ കാണുന്നുണ്ട്. എല്ലാ ബാറുകളും പൂട്ടുന്നതോടെ കേരളീയര്‍ കൂട്ടംകൂട്ടമായി സ്‌പെഷല്‍ ബസ് പിടിച്ച് തമിഴ്‌നാട്ടിലേക്ക് പറക്കും എന്നും 30 ശതമാനം മദ്യവില്പന കൂടുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു. സൗജന്യമായി ലാപ്‌ടോപ്പും പശുവും സൈക്കിളും ടി.വി.യും മിക്‌സിയും ഫാനും െ്രെഗന്‍ഡറും അമ്മാ റെസ്‌റ്റോറന്‍ഡിലെ ഊണും കൊടുത്ത് പാപ്പരായിത്തുടങ്ങിയ തമിഴ്‌നാട് സര്‍ക്കാറിന് കേരളത്തിലെ മദ്യനയമാറ്റം നല്‍കിയ സന്തോഷം ചെറുതല്ല. എത്ര മദ്യം കുടിച്ചാലും പശു, സൈക്കിള്‍, ടി.വി. സൗജന്യങ്ങളൊന്നും തരികയില്ല നമ്മുടെ ദുഷ്ടകേരള സര്‍ക്കാര്‍.

ചില്ലറക്കാര്യങ്ങളെക്കുറിച്ച് ചോദിച്ചാല്‍പ്പോലും പഠിച്ചുവരുന്നതേ ഉള്ളൂ എന്ന് മാസങ്ങളോളം പറയുന്നവരാണ് നമ്മുടെ നേതാക്കള്‍. പക്ഷേ, ബാര്‍ പൂട്ടാന്‍ ഒരു പഠനവും വേണ്ടിവന്നില്ല. കെ.പി.സി.സി. കൂടിയില്ല, മുന്നണി ഏകോപനസമിതി ചര്‍ച്ചചെയ്തില്ല, പാര്‍ട്ടികളൊന്നും ചര്‍ച്ചചെയ്തില്ല, നിയമസഭയില്‍ വിഷയം വന്നില്ല. എന്തിനേറെ, ആഴ്ചയില്‍ കൂടുന്ന മന്ത്രിസഭാ യോഗത്തില്‍പ്പോലും നടന്നില്ല ചര്‍ച്ച. പത്ത് മൊട്ടുസൂചി വാങ്ങുന്നുണ്ടെങ്കില്‍ അതിന്റെ ഒരു ഫയല്‍ ധനവകുപ്പില്‍ ജനിച്ച് അത് നൂറുഫയലായി വികസിക്കുകയാണ് പതിവ്. സര്‍ക്കാര്‍ വരുമാനത്തിന്റെ നാലിലൊന്നിനെ ബാധിക്കുന്ന ബാര്‍ പൂട്ടലിനെക്കുറിച്ച് ഒരു തുണ്ടുകടലാസ് പോലും ഉണ്ടായിരുന്നില്ല സെക്രട്ടേറിയറ്റില്‍. ആറ്റംബോംബ് വീണാല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുംപോലെയാണ് മദ്യവിരുദ്ധനയം പ്രഖ്യാപിക്കപ്പെട്ടത്. ചര്‍ച്ചചെയ്താല്‍ സംഗതി നടക്കില്ല. ഇപ്പോഴും കെ.പി.സി.സി.യില്‍ ഒരു രഹസ്യവോട്ടെടുപ്പ് നടത്തിയാല്‍ നയം തള്ളിപ്പോകുമെന്നാണ് അകത്തുള്ളവര്‍ പറയുന്നത്. എന്താവുമോ എന്തോ…
നയം പ്രഖ്യാപിച്ചശേഷമാണ് ചിലര്‍ക്ക് നമ്മുടെ നയം മദ്യനിരോധനമാണോ അതല്ല മദ്യവര്‍ജനമാണോ എന്ന സംശയം ഉണ്ടായത്. നിരോധനവും വര്‍ജനവും തമ്മിലുള്ള അര്‍ഥവ്യത്യാസം പിടികിട്ടാത്തവരെ കുറ്റപ്പെടുത്തരുത്. സമ്പൂര്‍ണ മദ്യനിരോധനം ബുദ്ധിക്ക് നിരക്കുന്ന ഒന്നല്ല എന്നാണ് നൂറ്റാണ്ടുകാലത്തെ അനുഭവങ്ങള്‍ നിരത്തി അറിവുള്ളവര്‍ പറയുന്നത്. എന്തായാലും ഗാന്ധിജിയുടെയും ശ്രീരാമന്റെയും ഫോട്ടോ പിടിക്കുന്ന പാര്‍ട്ടികളുടെ ദേശീയ നേതൃത്വങ്ങളൊന്നും ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും ഇന്ത്യയില്‍ മദ്യനിരോധനം ദേശീയ നയമാക്കിയിട്ടില്ല. കേരളത്തില്‍ മദ്യപ്രാന്ത് കുറച്ചേറെത്തന്നെ. നിരോധനം വേണമെന്ന് ആര്‍ക്കും തോന്നിപ്പോകും. പക്ഷേ, അതുകൊണ്ടൊന്നും നിരോധിച്ചവര്‍ക്ക് വോട്ടുകിട്ടുമെന്ന് ഉറപ്പാക്കേണ്ട. ചാരായം ഇല്ലാതാക്കിയിട്ട് ഒരു പ്രയോജനവും ആര്‍ക്കും കിട്ടിയില്ല. എ.കെ. ആന്റണിക്ക് വോട്ടും കിട്ടിയില്ല. പക്ഷേ, അദ്ദേഹം പ്രായോഗികമതിയാണ്. പത്തുവര്‍ഷം രാജ്യരക്ഷാവകുപ്പ് മന്ത്രിയായിട്ടും അദ്ദേഹം സൈന്യത്തില്‍ മദ്യനിരോധനം നടപ്പാക്കുന്നതിനെക്കുറിച്ച് മിണ്ടിയില്ല. വര്‍ഷം പത്ത് ശതമാനം എന്നതോതില്‍ മദ്യലഭ്യത കുറച്ചാല്‍ പത്തുവര്‍ഷംകൊണ്ട് മദ്യം ഇല്ലാതാകുമെന്ന ഉമ്മന്‍ചാണ്ടിയുടെ ബിവറേജസ് ഗണിതശാസ്ത്രമൊന്നും അദ്ദേഹം പുറത്തെടുത്തില്ലെന്നത് അദ്ദേഹത്തിന്റെ ഭാഗ്യമോ പട്ടാളത്തിന്റെ ഭാഗ്യമോ എന്നറിയില്ല.
അത്യടിയന്തര ബാര്‍ പൂട്ടല്‍ പ്രഖ്യാപനമൊന്നും വേണ്ടിയിരുന്നില്ല എന്ന് ഇപ്പോള്‍ പരിതപിക്കുന്നുണ്ട് ചിലര്‍. അധികവീര്യമുള്ള ദ്രാവകം കഴിച്ചാല്‍ പിറ്റേന്ന് ഇത്തരം ഹാങ്ങോവര്‍ സാധാരണമാണ്. വേണ്ടിയിരുന്നില്ല എന്നുതോന്നും. ടൂറിസം തകരും ഹോട്ടല്‍ വ്യവസായത്തില്‍ പണം മുടക്കിയവര്‍ പാപ്പരാവും ഐ.ടി. കേന്ദ്രങ്ങള്‍ കേരളം വിട്ടേക്കും തുടങ്ങിയ ആശങ്കകളാണ് ചിലരെ പിടികൂടിയിട്ടുള്ളത്. ഇനിയിപ്പോള്‍ അതൊന്നും ആലോചിച്ച് തലപുണ്ണാക്കേണ്ട. ഗുണവും ദോഷവുമൊക്കെ വരുന്നേടത്തുകാണാം. അടുത്ത തിരഞ്ഞെടുപ്പിലെ വോട്ടിന്റെ കാര്യം മാത്രം നോക്കിക്കോളിന്‍.
സമ്പൂര്‍ണ മദ്യനിരോധനം കണ്ടവരല്ല നമ്മളാരും. സര്‍ക്കാര്‍ ഉത്തരവിറക്കിയാല്‍ സ്വിച്ചിട്ടതുപോലെ ദ്രാവകം ആവിയായി അപ്രത്യക്ഷമാകും എന്നാണ് പല നിഷ്‌കളങ്ക മനുഷ്യരും കരുതുന്നത്. അങ്ങനെയെങ്കില്‍ എത്ര നന്നാവുമായിരുന്നു. ഇനി ഒരുപക്ഷേ, ഉമ്മന്‍ചാണ്ടി സര്‍ക്കാറിന് അത് കഴിയുമായിരിക്കും. അസാധ്യമായത് എന്തെല്ലാം ചെയ്തിരിക്കുന്നു നമ്മുടെ മുഖ്യമന്ത്രി. എക്‌സൈസ് വകുപ്പ് കെ. ബാബുവില്‍ നിന്നെടുത്തുമാറ്റി വി.എം. സുധീരനെ ഏല്പിച്ചാല്‍ സംഗതി അനായാസം സാധിക്കും എന്നാണ് ഒരുപാടുപേര്‍ വിചാരിക്കുന്നത്. പരീക്ഷിക്കാവുന്നതാണ്.

One thought on “മദ്യവിരുദ്ധ ഹാങ്ങോവര്‍

  1. Super…Enjoyed it … 🙂 മഹാത്മാഗാന്ധി പറഞ്ഞത് മദ്യവര്‍ജ്ജനമായിരുന്നോ മദ്യനിരോധനമായിരുന്നോ… സംശയം ബാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Go Top