അപൂര്‍വങ്ങളില്‍ അപൂര്‍വം എന്ന് ചില കുറ്റങ്ങളെക്കുറിച്ച് കോടതിവിധികളില്‍ പറയാറുണ്ട്. വധശിക്ഷ വിധിക്കാന്‍ യോഗ്യമായ നല്ല നിലവാരമുള്ള ക്രൂരകൊലകളെയാണ് ഇങ്ങനെ വിശേഷിപ്പിക്കാറുള്ളത്. ടി.പി. ചന്ദ്രശേഖരന്റെ വധം ഈ തരത്തില്‍ പ്പെട്ടതല്ല എന്ന് കോടതി പറഞ്ഞിട്ടുണ്ട്. സ്റ്റാന്‍ഡേഡ് പോരാ. എന്നാലേ…, വധം അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെങ്കിലും ശരി, വധത്തെക്കുറിച്ച് പാര്‍ട്ടി നടത്തിയ അന്വേഷണം അപൂര്‍വങ്ങളില്‍ അപൂര്‍വം തന്നെയാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചരിത്രത്തില്‍ ഇങ്ങനെയൊന്ന് മുമ്പുണ്ടായിട്ടുണ്ടോ എന്ന് ഗവേഷകര്‍ കണ്ടുപിടിക്കട്ടെ. ഡോക്ടേേററ്റാ മറ്റോ കൊടുക്കാം.
എത്രയെത്ര ആളുകളെ കൊന്നിരിക്കുന്നു കേരളത്തില്‍ത്തന്നെ. ടി.പി. കേസിന് മാത്രമെന്താ പ്രത്യേകത എന്ന് ചോദിച്ചവര്‍തന്നെയാണ്, ആ കൊലയ്ക്ക് അത്യപൂര്‍വങ്ങളില്‍ അത്യപൂര്‍വസ്ഥാനം നല്‍കി അന്വേഷിക്കാന്‍ രഹസ്യക്കമ്മീഷനെ നിയോഗിച്ചത്. ഇത്തരം അന്വേഷണങ്ങള്‍ ഏല്പിക്കാറുള്ളത് എ.കെ. ബാലന്‍, എ. വിജയരാഘവന്‍, പി. കരുണാകരന്‍, പി.കെ. ഗുരുദാസന്‍ തുടങ്ങിയ സ്‌കോട്‌ലന്‍ഡ് യാര്‍ഡ് ട്രെയ്‌നിങ് കിട്ടിയ അന്വേഷകരെയാണ്. പൊതുേവ അഴിമതി, അച്ചടക്കലംഘനം തുടങ്ങിയ സിവില്‍ കേസുകളാണ് ഇവര്‍ അന്വേഷിക്കാറുള്ളത്. ഇവരാരെങ്കിലുമാണ് ഈ കേസ് അന്വേഷിച്ചതെന്ന് പറയാന്‍തക്ക തെളിവുകളൊന്നും ലഭിച്ചിട്ടില്ല. സംസ്ഥാന അന്വേഷണത്തില്‍ വിശ്വാസം പോരാതെ കേസ് സി.ബി.ഐ. അന്വേഷിക്കുന്നതുപോലെ സംസ്ഥാനകമ്മിറ്റിയില്‍ വിശ്വാസമില്ലാതെ പി.ബി. തലത്തിലാണ് അന്വേഷണം നടന്നതെന്നും കേള്‍ക്കുന്നുണ്ട്.
ദുഷ്ടരായ ആര്‍.എം.പി.ക്കാരും അതിലേറെ ദുഷ്ടരായ മാധ്യമക്കാരും വന്ന് അലമ്പുണ്ടാക്കുമെന്നതുകൊണ്ട് കമ്മീഷന്റെ സിറ്റിങ്ങുകള്‍, ചോദ്യംചെയ്യലുകള്‍, സാക്ഷിവിസ്താരങ്ങള്‍ എന്നിവ രഹസ്യകേന്ദ്രങ്ങളിലാവും നടന്നിരിക്കുക. അന്വേഷകര്‍ വേഷംമാറിയാവണം ഒഞ്ചിയത്തും പരിസരത്തും സഞ്ചരിച്ച് തെളിവുകള്‍ ശേഖരിച്ചത്. കുറ്റവാളികളെന്ന് സംശയിക്കപ്പെട്ടവര്‍ മുഴുവന്‍ പോലീസ് കസ്റ്റഡിയിലും ലോക്കപ്പിലും ജയിലുകളിലും ആയിരുന്നതുകൊണ്ട് പാര്‍ട്ടി ഡിറ്റക്ടീവുകള്‍ക്ക് അവരെ ചോദ്യംചെയ്യുക സാധ്യമായിരുന്നില്ലല്ലോ. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ജയിലിലുള്ളവരുമായി സംഭാഷണം നടത്തുന്നതെങ്ങനെ. നേരുംനെറിയുമില്ലാത്ത തിരുവഞ്ചൂര്‍ചെന്നിത്തല പ്രഭൃതികള്‍ പോലീസിനെക്കൊണ്ട് സംഭാഷണങ്ങള്‍ ചോര്‍ത്തി പാര്‍ട്ടിക്കെതിരെ ഉപയോഗപ്പെടുത്തില്ലേ? കൊല്ലപ്പെട്ടയാളുടെ കുടുംബത്തോട് ഒരുവാക്ക് ചോദിക്കാതെ റിപ്പോര്‍ട്ടും വിധിയും ഉണ്ടായ ആദ്യത്തെ കൊലക്കേസ് അന്വേഷണമാണ് പാര്‍ട്ടി നടത്തിയതെന്ന് ചില കൂട്ടര്‍ പറയുന്നുണ്ട്. വെറുതേ കുറ്റംപറയുകയാണ്. അവര്‍ക്കെന്ത് പറയാനുണ്ട് എന്നറിയാന്‍ പത്രം വായിച്ചാല്‍പോരേ…?
പാര്‍ട്ടി അറിയാതെ കേരളത്തില്‍ ഒരിലയിളകില്ല. അതുകൊണ്ടാണല്ലോ എന്തുസംഭവം നടന്നാലും പോലീസ് പാഞ്ഞെത്തുന്നതിനുമുമ്പ് പാര്‍ട്ടിയുടെ പ്രതികരണം മാധ്യമ ഓഫീസുകളില്‍ എത്തുന്നത്. ഒന്നുകില്‍ കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ല, അല്ലെങ്കില്‍ ഇന്നയിന്ന കൂട്ടര്‍ ഇന്നയിന്ന ലക്ഷ്യങ്ങളോടെയാണ് കൊലനടത്തിയത് എന്ന് പാര്‍ട്ടി പ്രഖ്യാപിക്കും. വിഷയം പഠിച്ചിട്ട് അഭിപ്രായം പറയാം എന്നത് കോണ്‍ഗ്രസ് നേതാക്കളുടെ ഞഞ്ഞാമിഞ്ഞയാണ്. പാര്‍ട്ടിക്ക് സകലതും അറിയാം. ടി.പി. മരിച്ചുവീണപ്പോള്‍മാത്രം എന്തുകൊണ്ടോ വിഷയം പഠിക്കട്ടെ എന്ന് യു.ഡി.എഫുകാര്‍ പറഞ്ഞില്ല. കേട്ടപാേട ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. സി.പി.എമ്മിനും പഠിക്കേണ്ട ആവശ്യമുണ്ടായില്ല. പാര്‍ട്ടിക്ക് പങ്കില്ല എന്ന് അവരും ഉറച്ചുപ്രഖ്യാപിച്ചു. ആര് കൊന്നു, എന്തിന് കൊന്നു എന്നുമാത്രം പറയാനായില്ല. ചന്ദ്രശേഖരന്‍ സ്വയം വെട്ടിമരിച്ചു, നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പ് ജയിക്കാന്‍ കോണ്‍ഗ്രസ്സുകാര്‍ ക്വട്ടേഷന്‍കാരെ ഏല്പിച്ച് ചെയ്യിച്ചു, കനകംമൂലമോ കാമിനിമൂലമോ സംഭവിച്ചു, ഇന്റലിജന്‍സുകാരെക്കൊണ്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചെയ്യിച്ചു, ഒബാമ ഇടപെട്ട് സി.ഐ.എ.യെക്കൊണ്ട് ചെയ്യിച്ചു… തുടങ്ങി എന്തെല്ലാം തിയറികള്‍ സൃഷ്ടിച്ചതാണ്. ഒന്നിനും ഉണ്ടായില്ല ജീവന്‍.
അങ്ങനെയാണ് പാര്‍ട്ടി അന്വേഷണസംഘത്തെ നിയോഗിച്ചത്. ആയിരക്കണക്കിന് പോലീസുകാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ മാസങ്ങളോളം നാടുകുലുക്കി അന്വേഷണം നടത്തിയിട്ടും കേസന്വേഷണവും വിചാരണയും ഒരു വര്‍ഷത്തിലേറെ എടുത്തു. ഈ സംവിധാനമൊന്നുമില്ലാതെയാണ് പാര്‍ട്ടി അന്വേഷണം നടത്തിയത്. അതാണ് പാര്‍ട്ടിയുടെ ഗുണം. കോടതിവിധി വന്ന് ആഴ്ചകള്‍ കഴിയുംമുമ്പേ പാര്‍ട്ടി അന്വേഷണറിപ്പോര്‍ട്ടും പാര്‍ട്ടിക്കോടതി വിധിയും വന്നു. ഇപ്പോള്‍ മനസ്സിലായി, വ്യക്തിവിരോധം മൂത്ത് ഏതോ ഒരു കുന്നുമ്മലെ ലോക്കല്‍കമ്മിറ്റിയംഗം ഒരിലപോലും അറിയാതെ ചന്ദ്രശേഖരനെ വെട്ടിക്കൊന്നു. പാര്‍ട്ടി സ്വപ്നത്തില്‍േപ്പാലും ഇങ്ങനെയൊരു സംഗതി പ്രതീക്ഷിച്ചതല്ല.
പാര്‍ട്ടിശത്രുവിന്റെ ഉന്മൂലനം ഒരു സത്കൃത്യം തന്നെയാണ്. പക്ഷേ, നല്ല കാര്യവും പാര്‍ട്ടി അറിയാതെ ചെയ്യാന്‍ പാടില്ല. . അതുകൊണ്ട് ആദ്യം പി.ബി.അംഗവും പിന്നെ കണ്ണൂര്‍ ജയരാജന്മാരും ജയിലില്‍ പോയി മെമ്പറെ സംഭവം ബോധ്യപ്പെടുത്തിയിട്ടുണ്ട്. ചില പുറത്താക്കല്‍ അങ്ങനെയാണ്. നേരിട്ട് കണ്ട് പറഞ്ഞാലേ ശരിയാവൂ. പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത് ശരിതന്നെ, പക്ഷേ, സഖാവ് പാര്‍ട്ടിയില്‍ത്തന്നെയുണ്ട് എന്ന് ഉറപ്പിച്ചുപറയാനാണ് കണ്ണൂര്‍ ജയരാജന്മാര്‍ പോയത്. ഒഞ്ചിയം കോഴിക്കോട്ടാണെങ്കിലും മാഹിയുടെ ഭരണം പുതുച്ചേരിയിലാണെന്ന പോലെ, ഒഞ്ചിയംപാര്‍ട്ടി കണ്ണൂരിന് കീഴിലാണെന്ന് അറിയാമല്ലോ.
കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചരിത്രത്തില്‍ എത്രപേര്‍ കൊലചെയ്യപ്പെട്ടിട്ടുണ്ട് എന്ന് ചോദിച്ചാല്‍ ഭൂമിയുണ്ടായശേഷം എത്രപേര്‍ വെള്ളപ്പൊക്കത്തില്‍ മരിച്ചിട്ടുണ്ട് എന്ന് ചോദിക്കുന്നതുപോലെയാണ്. കൈയുംകണക്കും വെച്ചിട്ടില്ല. അതുകൊണ്ടുതന്നെ ആരെയും അതിന്റെ പേരില്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാറുമില്ല. ചില പി.ബി. ശിശുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഇത് ചെയ്യേണ്ടിവന്നത്. ഒരുപാട് ചോരകണ്ട സീനിയര്‍മോസ്റ്റ് വിപ്ലവകാരി ചെന്നാണ്, ചോര കണ്ടിട്ടില്ലാത്ത ആ ശിശുക്കളെ കരയിപ്പിച്ചത്. അതാണ് ഈ കമ്മീഷന്റെയും ശിക്ഷയുടെയുമെല്ലാം പശ്ചാത്തലം.
****
വേറെ ഏതെങ്കിലും പാര്‍ട്ടി തങ്ങള്‍ക്കെതിരായ ആരോപണത്തെക്കുറിച്ച് സ്വയം അന്വേഷണംനടത്തി റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ടോ എന്ന് വി.എസ്. ചോദിച്ചത് ന്യായംതന്നെ. ആരുംചെയ്യാറില്ല.
ഭയങ്കര റിസ്‌കാണ് പാര്‍ട്ടി എടുത്തിരിക്കുന്നത്. വിവരാവകാശനിയമം പാര്‍ട്ടികള്‍ക്കും ബാധകമാണെന്ന വിവരാവകാശകമ്മീഷന്‍വിധി പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു. പാര്‍ട്ടി നടത്തിയ കൊലക്കേസ് അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ആരെങ്കിലും ചോദിച്ചാല്‍ കൊടുക്കേണ്ടിവരും. ആരാണ് കേസ് അന്വേഷിച്ചത്, ആരെല്ലാമാണ് മൊഴി നല്‍കിയത്, എന്താണ് പറഞ്ഞത് തുടങ്ങിയ രേഖകള്‍ പുറത്തിറക്കേണ്ടിവന്നാല്‍ എല്ലാ കള്ളിയും പൊളിയും.
പക്ഷേ, തങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ടിറക്കേണ്ടിവരും എന്നുവന്നാല്‍ അത് പാര്‍ട്ടികള്‍ക്ക് വലിയ പൊല്ലാപ്പായി മാറും. ഈ മാതിരിയുള്ള കേമന്‍ അന്വേഷണങ്ങള്‍ നടത്താന്‍പറ്റില്ല. ഒരു കൊല നേരാംവണ്ണം മൂടിവെക്കാന്‍ പറ്റാതാവും. ഒരു സ്ഥാപനവും സ്വന്തംകാര്യം അന്വേഷിക്കാന്‍ തയ്യാറല്ല. സംഘടനകള്‍ ചെയ്യാറില്ല, സ്ഥാപനങ്ങള്‍ ചെയ്യാറില്ല, മാധ്യമങ്ങള്‍ ചെയ്യാറില്ല, ആത്മീയകേന്ദ്രങ്ങള്‍പോലും ചെയ്യാറില്ല. ശരിയും സത്യവും അവര്‍ പറയും. പൊതുജനം അതപ്പടി വിഴുങ്ങിയാല്‍ മതി. ****
കേരളത്തിന്റെ ഗവര്‍ണര്‍ നിഖില്‍കുമാര്‍ പൊതുതിരഞ്ഞെടുപ്പ് ഭാഗ്യപരീക്ഷണത്തിന് ടിക്കറ്റ് എടുത്തതുകൊണ്ട് സ്ഥലം വിടുകയാണ്. പകരം ഡല്‍ഹിയില്‍ രണ്ടുതവണ ലോട്ടറിയടിച്ച മാഡമാണ് വരുന്നത്. മൂന്നാം നറുക്കെടുപ്പിലെ ടിക്കറ്റ് ചൂല്‍കൊണ്ട് തൂത്തുവാരി ആംആദ്മിക്കാര്‍ കുപ്പത്തൊട്ടിയിലിട്ടതുകൊണ്ട് മാഡം വെറുേത ഇരിപ്പാണ്. കെജ്രിവാള്‍ ഇറങ്ങിപ്പോയതുകൊണ്ട് സമാധാനമുണ്ട്. ഇല്ലെങ്കില്‍ പുതിയ ഗവര്‍ണര്‍ക്ക് ഇടയ്ക്കിടെ ഡല്‍ഹിക്ക് പറന്ന് കോടതികളില്‍ ഹാജരാകേണ്ടിവരുമായിരുന്നു. വിമാനടിക്കറ്റ് നമ്മള്‍ എടുക്കണം. 10 കൊല്ലത്തെ ഫയലുകള്‍ ഓരോന്ന് കുറ്റിച്ചൂലുകാര്‍ വലിച്ച് പുറത്തിട്ടാല്‍ മാഡത്തിന്റെ ശിഷ്ടജീവിതം കോടതിയിലും വക്കീലാപ്പീസിലും ആകുമായിരുന്നു. ഭാഗ്യമുണ്ടെങ്കില്‍ നരസിംഹറാവുവിനെപ്പോലെ കുറച്ചുദിവസമെങ്കിലും ജയില്‍വാസവും അനുഷ്ഠിക്കാമായിരുന്നു. തിരഞ്ഞെടുപ്പില്‍ തോറ്റവര്‍ക്ക് പിന്നെ സ്ഥാനമൊന്നും കൊടുക്കരുതെന്ന ഒരു ക്രൂരവ്യവസ്ഥ പണ്ടുണ്ടായിരുന്നു. സോണിയാഗാന്ധിയുടെ കാലത്തോടെ അതെല്ലാം അവസാനിച്ചതുകൊണ്ട് എത്രയെത്ര സീനിയര്‍ സിറ്റിസണ്‍സിന് ജീവിതസന്ധ്യ ശോഭനമാക്കാന്‍ കഴിഞ്ഞെന്നോ.