അവസാനത്തെ ഓഫര്‍

ഇന്ദ്രൻ

കേരളരാഷ്ട്രീയത്തിലെ രണ്ട് ഘഡാഗഡിയന്‍ കക്ഷികളായിരുന്നു സി.എം.പി.യും ജെ.എസ്.എസ്സും. ആളെണ്ണം നോക്കേണ്ട. ആളില്ലാതെയും പലതും ചെയ്യാന്‍ കഴിവുള്ളവരാണ് രണ്ട് പാര്‍ട്ടികളെയും നയിച്ചത്. രണ്ടും ഉണ്ടായത് ഒരേ നക്ഷത്രത്തിലുണ്ടായ സ്‌ഫോടനങ്ങളുടെ ഫലമായാണ്. മഹാവിസ്‌ഫോടനങ്ങള്‍ എന്നുതന്നെ പറയാം. പ്രപഞ്ചോത്പത്തിതന്നെ അങ്ങനെയായിരുന്നു എന്നല്ലേ സിദ്ധാന്തം. ഒന്നുമില്ലായ്മയില്‍നിന്നാണ് അവിടെ ഓരോന്നുണ്ടായത്. ഇവിടെ മറിച്ചാണ്. ഓരോ സ്‌ഫോടനം നടന്നപ്പോഴും പുതിയ പാര്‍ട്ടികള്‍ ഉണ്ടായി. ഇതോടെ സി.പി.എമ്മിന്റെ കഥ തീരും എന്നായിരുന്നു ജന്മി-ബൂര്‍ഷ്വാ പിന്തിരിപ്പന്മാര്‍ വ്യാമോഹിച്ചത്. കൊടുങ്കാറ്റ് പോലെയല്ലേ എം.വി.ആര്‍. ആഞ്ഞടിച്ചത്. സാക്ഷാല്‍ ഇ.എം.എസ്. തന്നെ വേണ്ടിവന്നു കേരളം മുഴുവന്‍ കഷ്ടപ്പെട്ട് പാഞ്ഞുനടന്ന് ഡാമേജ് കണ്‍ട്രോള്‍ നടത്താന്‍. കണ്ണൂരില്‍ ചോര എത്ര ഒഴുകിയിരിക്കുന്നു, വെടി എത്ര പൊട്ടിയിരിക്കുന്നു, എത്രപേര്‍ വികലാംഗരായിരിക്കുന്നു. ഇപ്പോഴും കിടക്കുന്നുണ്ട് ജീവച്ഛവങ്ങളായി അന്നത്തെ പല ചെറുപ്പക്കാരും. വിസ്തരിക്കാന്‍ വയ്യ, കണ്ണീരൊഴുകും.

കേരംതിങ്ങും കേരളനാട്ടിലെ കെ.ആര്‍. ഗൗരിയമ്മയുടെ സങ്കടം പറയാതിരിക്കുകയാണ് ഭേദം. ആറുപതിറ്റാണ്ട് മുമ്പ് നിയമസഭയിലേക്ക് മത്സരിച്ച ആളാണ്. ആദ്യ നിയമസഭയില്‍ എം.എല്‍.എ. മാത്രമല്ല, മന്ത്രിയുമായി. എന്നിട്ടോ… 1996-നുശേഷം നിയമസഭയില്‍ ഒറ്റത്തടി കക്ഷി. ചുറ്റും ശത്രുക്കള്‍. കൊട്ടാരത്തില്‍നിന്ന് അനാഥാലയത്തിലേക്ക് ട്രാന്‍സ്ഫര്‍ കിട്ടിയ അവസ്ഥ. ജനാധിപത്യസംരക്ഷണ സമിതി എന്നാണ് പാര്‍ട്ടിയുടെ പേര്. ജനാധിപത്യം സംരക്ഷിക്കുന്നത് അവിടെ നില്‍ക്കട്ടെ, പാര്‍ട്ടിയുടെ ആ ഒരു സീറ്റുതന്നെ സംരക്ഷിക്കാനായില്ല. അരനൂറ്റാണ്ടുകാലം നിയമസഭയിലെ മുന്‍നിരയിലുണ്ടായിരുന്ന സീറ്റ്പിന്നിലാക്കിയതിന്റെ സങ്കടം ആത്മകഥയുടെ ആമുഖത്തില്‍ എഴുതിയിട്ടുണ്ട് ഗൗരിയമ്മ. താമസിക്കാന്‍ നല്ലൊരു ഹോസ്റ്റല്‍മുറി പോലും ഇല്ലാതാക്കി പഴയ സഖാക്കള്‍. ആത്മകഥ 1948-ഓടെ അവസാനിപ്പിച്ചു. ശേഷം വിശേഷങ്ങള്‍ ഇനി എഴുതാനിരിക്കുന്നതേ ഉള്ളൂ. ‘എന്റെ ആത്മകഥ ഇവിടെ അവസാനിക്കുന്നില്ല. അടുത്തഭാഗം എഴുതിക്കൊണ്ടിരിക്കുകയാണ്. അത് താമസിയാതെ വായനക്കാരിലെത്തും’ എന്ന ഭീഷണി ആദ്യഭാഗത്തിന്റെ ഒടുവില്‍ ചേര്‍ത്തിട്ടുണ്ട്. പക്ഷേ, എഴുതുക എളുപ്പമല്ല. സി.പി.എം. പീഡനം കവര്‍ചെയ്യാന്‍ ഒരു പുസ്തകവും യു.ഡി.എഫ്. പീഡനം വിവരിക്കാന്‍ വേറെ രണ്ട് പുസ്തകവും എഴുതേണ്ടിവരും. എഴുതിത്തീര്‍ത്തത് പലതും മാറ്റിയെഴുതേണ്ടി വരും…

വാര്‍ധക്യകാലത്ത് മാതാപിതാക്കളെ സംരക്ഷിക്കാതെ അമ്പലനടയില്‍ തള്ളുന്ന മക്കളെ പിടികൂടാന്‍വരെ നിയമമുള്ള ഇക്കാലത്താണ് എം.വി.ആറിനെയും ഗൗരിയമ്മയെയും യു.ഡി.എഫ്. തെരുവോരത്ത് തള്ളിക്കളഞ്ഞത്. ഒരു എം.എല്‍.എ. എങ്കിലും കൂടെ ഉണ്ടായിരുന്നെങ്കില്‍ ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ല. എം.എല്‍.എ. ഉണ്ടെങ്കില്‍ യു.ഡി.എഫില്‍ എന്തും കളിക്കാം. ആ ബലത്തിലൊരാള്‍ മന്ത്രിതുല്യ പദവിയോടെ സര്‍ക്കാറിനെ 24ന്ദ7 കൊല്ലാക്കൊല ചെയ്യുന്നുണ്ടല്ലോ. അച്ഛനും മകനും മാത്രമുള്ള വേറൊരു വന്‍കക്ഷി അച്ഛനും മകനും മന്ത്രിപ്പണിയോ മന്ത്രിതുല്യപ്പണിയോ കിട്ടാന്‍ വിലപേശുന്നു. ലക്ഷം ലക്ഷം പിറകെ ഇരമ്പിയിരുന്നത് പണ്ടാണെങ്കിലും ഇന്നും തലയെടുപ്പ് കുറഞ്ഞിട്ടില്ല ഗൗരിയമ്മയ്ക്കും എം.വി.ആറിനും. കൊട്ടാരമില്ലെന്നത് പോകട്ടെ, കേറിക്കിടക്കാന്‍ ഒരു എം.എല്‍.എ. മുറിപോലും കൊടുക്കുന്നില്ല ഇടതുവലതു ദുഷ്ടന്മാര്‍.

ഇനിയിപ്പോള്‍ ആത്മകഥാകഥനം തന്നെ ശരണം. എന്തെല്ലാമാണ് ഓര്‍മയില്‍ തിക്കിത്തിരക്കിവരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പ്, ഗൗരിയമ്മയെ ഇടതുമുന്നണിയുടെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാമെന്ന ഓഫര്‍ തോമസ് ഐസക്ക് മുന്നോട്ടുവെച്ചിരുന്നുവത്രെ. തമാശകള്‍ക്കൊന്നും സമയമില്ലാതിരുന്ന ജീവിതമായിരുന്നതുകൊണ്ട് തോമസ് ഐസകിന്റെ തമാശ മനസ്സിലാവാതെ പോയതാവും. പാര്‍ട്ടി പുറത്താക്കിയ, യു.ഡി.എഫ്. ഘടകകക്ഷിയുടെ നേതാവായ ഗൗരിയമ്മയെ എല്‍.ഡി.എഫിന്റെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുക !. തിരഞ്ഞെടുപ്പിനുമുമ്പ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്ന സമ്പ്രദായമില്ല ഇടതുമുന്നണിയില്‍. തിരഞ്ഞെടുപ്പിന് മുമ്പുതുടങ്ങി സത്യപ്രതിജ്ഞവരെ തുടരുന്ന മല്ലയുദ്ധത്തിലാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്. ആര്‍ക്കും ഒരു ഉറപ്പുമില്ല. ഇ.എം.എസ്സിന് ഉറപ്പില്ലായിരുന്നു അക്കാലത്ത്. ഇ.കെ. നായനാര്‍ അവസാനനിമിഷം വരെ കാര്‍ഡുകള്‍ മാറ്റി മാറ്റിയിറക്കിയാണ് അങ്കം ജയിച്ച് മുഖ്യനായത്. കെ.ആര്‍. ഗൗരി കേരളം ഭരിക്കുമെന്ന് നാടുമുഴുവന്‍ പാടി വോട്ടുപിടിച്ച്, ഗൗരിയമ്മ മുഖ്യമന്ത്രി എന്ന് പത്രങ്ങളില്‍ എട്ടുകോളം തലക്കെട്ട് വന്നശേഷമാണ് ഗൗരിയമ്മയുടെ പേരുവെട്ടി നായനാര്‍ വീണ്ടും മുഖ്യനായത്. ആ പാര്‍ട്ടിയാണ് യു.ഡി.എഫില്‍ നില്‍ക്കുന്ന ആളെ മുഖ്യമന്ത്രിയാക്കാമെന്ന് ഓഫര്‍ നല്‍കുന്നത്. ഇതിലും എളുപ്പമാണ് പ്രധാനമന്ത്രിസ്ഥാനാര്‍ഥിയാക്കാമെന്ന് ഉറപ്പുകൊടുക്കാന്‍. അവിടെ വേറെ ആരും എതിര്‍ക്കാന്‍ വരില്ലല്ലോ.

യു.ഡി.എഫില്‍ തുടരുന്ന ആയുഷ്‌കാല കമ്യൂണിസ്റ്റ് യഥാര്‍ഥത്തില്‍ ജീവിതത്തിന്റെ സ്ലേറ്റ് തേച്ചുമായ്ച്ചുകളയുകയാണ് ചെയ്യുന്നത്. ഫോട്ടോഷോപ്പിലിട്ട് ഗ്രൂപ്പ് ഫോട്ടോയില്‍ നിന്ന് തല മായ്ച്ചുകളയുംപോലെയാണ് അത്. പിന്നെ ഒന്നും അവശേഷിക്കില്ല. സി.പി.എമ്മിന്റെ ചരിത്രത്തില്‍ അടിക്കുറിപ്പായിപ്പോലും വരില്ല ഗൗരിയമ്മയും എം.വി.ആറും. ജെ.എസ്.എസ്സിനും സി.എം.പി.ക്കും ചരിത്രമേ ഉണ്ടാകാന്‍ പോകുന്നുമില്ല. ഇപ്പോഴും ഗൗരിയമ്മ ഓഫറുകള്‍ക്ക് കാത്തുനില്‍ക്കുകയാണ്. ചരിത്രത്തില്‍നിന്ന് ഉന്മൂലനം ചെയ്യപ്പെടില്ല എന്നതാണ് കിട്ടാനിടയുള്ള വലിയ ഓഫര്‍. കമ്യൂണിസ്റ്റ് ചരിത്രത്തില്‍ മാപ്പ് പതിവുള്ളതല്ല. പലര്‍ക്കും റീത്തുപോലും കിട്ടിയിട്ടില്ല.
* * * *
ലോകത്തെല്ലായിടത്തും കാര്യങ്ങള്‍ ഇതുപോലെയാണോ എന്ന് അറിയില്ല. പൊന്നുമോളേ, പഞ്ചാരക്കട്ടീ എന്നിങ്ങനെ വിളിച്ച് യുവതികളെ സംരക്ഷിക്കാനെന്ന വ്യാജേന അഭിഭാഷകര്‍ എത്തുന്നത് നാണക്കേടാണ്. പൈങ്കിളി വര്‍ത്തമാനവുമായി എത്തുന്ന പൊങ്ങന്മാരെ കാണുമ്പോള്‍ നാണം തോന്നുന്നു…

ഒരു അഭിഭാഷകയെ ഫെയ്‌സ്ബുക്കില്‍ ഇങ്ങനെ എഴുതിയതിന് ബാര്‍ അസോസിയേഷന്‍ സസ്‌പെന്‍ഡ് ചെയ്തു. പിന്നെ അതിന്റെ പേരില്‍ അസോസിയേഷന്‍ യോഗത്തില്‍ തല്ലുംപിടിയുംവരെ ഉണ്ടായി. നേരത്തേ, ഫെയ്‌സ്ബുക്കില്‍ മാത്രം വന്നതാണ് പരാമര്‍ശം. ബാര്‍ അസോസിയേഷന്റെ നീക്കംമൂലം ഇത് മാധ്യമങ്ങള്‍ ലോകത്തെ മുഴുവന്‍ അറിയിച്ചു. വിവരാവകാശത്തിന്റെ കാലത്ത് ഇതിലേറെ ബുദ്ധിപൂര്‍വമായ ഒരു നീക്കമില്ല.

അഭിഭാഷകയുടെ പരാമര്‍ശം പൊങ്ങന്മാര്‍ക്ക് കടുത്ത മാനഹാനി ഉണ്ടാക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയമില്ല. ഇത് അഭിഭാഷകര്‍ക്കിടയിലെ പൊങ്ങന്മാര്‍ക്ക് മാത്രമേ ബാധകമാവൂ എന്ന് ധരിച്ച് മറ്റുതൊഴില്‍മേഖലകളിലെ പൊങ്ങന്മാര്‍ അടങ്ങിയിരിക്കുന്നത് അപകടമാണ്. സത്വര തിരിച്ചടി ഉടന്‍ ഉണ്ടാകുന്നില്ലെങ്കില്‍ വനിതാ അഡ്വക്കേറ്റിന്റെ അവതാരങ്ങള്‍ മറ്റെല്ലാ തൊഴില്‍മേഖലകളിലും ഉയര്‍ന്നുവരും. പൊങ്ങന്മാരുടെ ജീവിതം അതോടെ കട്ടപ്പൊകയാകും. അതുകൊണ്ട് സംഘടിക്കുക… അഖിലലോക പൊങ്ങന്മാരേ സംഘടിക്കുക…
* * * *
ഒരു കേസിലെ പ്രതി വിലകൂടിയ വസ്ത്രം ധരിച്ച് കോടതിയില്‍ വന്നത് കോടതിയെ ക്ഷോഭിപ്പിച്ചതായി വാര്‍ത്തയുണ്ട്. കോടതിയിലുള്ളവരുടെ വസ്ത്രത്തേക്കാള്‍ കൂടിയ വിലയുള്ള വസ്ത്രം പ്രതികള്‍ ധരിക്കുന്നത് കോടതിയുടെ അന്തസ്സ് ഇടിക്കുന്ന നടപടിയാണ്, അതുകൊണ്ട് കോടതിയലക്ഷ്യവുമാണ്. പ്രതികള്‍ക്ക് ധരിക്കാന്‍ വിലകുറഞ്ഞ സാരി, ഷര്‍ട്ട് എന്നിവ കോടതിതന്നെ വിതരണം ചെയ്യുകയോ വസ്ത്രവിലയുടെ പരിധി നിര്‍ണയിക്കാന്‍ കമ്മീഷനെ നിയോഗിക്കുകയോ ചെയ്യുന്നതാവും ഉചിതം. മുഖത്ത് പൗഡറിടുക, മുടി ചീകി സൗന്ദര്യം കൂട്ടുക, പുഞ്ചിരി പൊഴിക്കുക, സുഗന്ധദ്രവ്യം ഉപയോഗിക്കുക തുടങ്ങിയ നടപടികളും അപലപനീയമാണ്. ജയിലിലുള്ളവര്‍ക്ക് മാത്രമല്ല, ജാമ്യംകിട്ടി ഇറങ്ങിയവര്‍ പിന്നീട് ഹാജരാകുമ്പോഴും ഇത് ബാധകമാക്കണമോ വസ്ത്രത്തിന് മാത്രം മതിയോ അതല്ല സഞ്ചരിക്കുന്ന വാഹനം, കഴിക്കുന്ന ഭക്ഷണം, താമസിക്കുന്ന ഭവനം എന്നിവയ്ക്കും ബാധകമാക്കണമോ എന്നെല്ലാം ബഹു.കോടതിക്ക് വഴിയേ തീരുമാനിക്കേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *

Go Top