ന്യൂ ജനറേഷന്‍ പൊളിറ്റിക്‌സ്‌

ഇന്ദ്രൻ

 

രാഹുല്‍ജിയുടെ കൈയില്‍ എടുത്തുപറയത്തക്ക പുതിയ ഐഡിയകളൊന്നും ഇല്ലെന്നൊരു തെറ്റിദ്ധാരണ ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയ നിരീക്ഷക കഴുകന്മാര്‍ക്കിടയില്‍ ഉണ്ടായിരുന്നു. അവര്‍ക്ക് തെറ്റി. ഇരുചെവിയറിയാതെ നടത്തേണ്ട ഒരു സംഗതി നാട്ടില്‍ പാട്ടാക്കി യുവപ്രതിഭ. കൈയിലിരിപ്പിനെക്കുറിച്ച് ജനത്തിന് ചില ഐഡിയാസ് കിട്ടുകയും ചെയ്തു.

സംഗതി നിസ്സാരം. ക്രിമിനല്‍ക്കേസില്‍ ശിക്ഷിക്കപ്പെട്ടാലും സ്ഥാനമാനങ്ങള്‍ ഒന്നും തെറിച്ചുപോകില്ലെന്ന് ഉറപ്പുവരുത്തുന്ന സംവിധാനമാണ് നാട്ടിലുള്ളത്. കോടതി ചൂണ്ടിക്കാട്ടിയപ്പോഴേ ചിലര്‍ക്ക് സംഗതി പിടികിട്ടിയുള്ളൂ. കോടതി പറഞ്ഞതുപോലെ ചെയ്താല്‍ ബുദ്ധിമുട്ടാകും. പാവപ്പെട്ട ക്രിമിനലുകള്‍ക്കൊന്നും പിന്നെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല. പിന്നെയെന്ത് ജനാധിപത്യം! ഉടനെ നിയമം ഭേദഗതിചെയ്ത് കോടതിയുടെ നാവടപ്പിക്കാനുള്ള പണി തുടങ്ങി ഗാന്ധിയന്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍. ഓര്‍ഡിനന്‍സ് ഇറക്കി കോടതിയെ വരുതിയിലാക്കാന്‍ തീരുമാനമെടുത്തത് ഇന്നലെയൊന്നുമല്ല. ചര്‍ച്ചയും സംവാദവും നടക്കാന്‍ തുടങ്ങിയിട്ട് മാസം മൂന്നായി.

യുവനേതാവ് വേറെയെന്തോ തിരക്കിലായിരുന്നെന്ന് തോന്നുന്നു. വിവരം വൈകി അറിഞ്ഞാലും മന്‍മോഹന്‍ജിയെ വിളിച്ച് ഒരു വാക്ക് പറഞ്ഞാല്‍ തീരുന്ന പ്രശ്‌നമേ സംഗതിയിലുള്ളൂ. മന്‍മോഹന്‍ജി കേസുകളിലൊന്നും പ്രതിയല്ല. അദ്ദേഹത്തിനുവേണ്ടിയല്ല ഓര്‍ഡിനന്‍സ് ഇറക്കുന്നതും. അമ്മയും പുത്രനും പറയുന്നതിനപ്പുറം ഒരു കടുംകൈയും അദ്ദേഹം ഇക്കാലംവരെ ചെയ്തിട്ടില്ല, ഇനി ചെയ്യുകയുമില്ല. ഓര്‍ഡിനന്‍സ് വേണ്ട എന്നൊരു കുറിപ്പെഴുതി കൊടുത്തയച്ചാല്‍ സംഗതി അവിടെ അവസാനിക്കും. പക്ഷേ, അതിലൊട്ടും നാടകീയതയില്ല. ചാനലുകാര്‍ ശ്രദ്ധിക്കില്ല. നാട്ടില്‍ ചര്‍ച്ചയാകില്ല. രാഹുല്‍ജി ജീവിച്ചിരിപ്പുണ്ടെന്ന് ആരും ശ്രദ്ധിക്കാതെ പോകും. ഒറ്റയടിക്ക് അതെല്ലാം സാധിച്ചെടുക്കണം. അതാണ് ഐഡിയ.

ഐഡിയ ഉദിച്ചപ്പോള്‍ ഇരിക്കപ്പൊറുതിയില്ലാതായി. ഇടംവലം നോക്കിയില്ല. വികാരത്തിന്റെ ഡിഗ്രി കുറച്ച് അധികമുണ്ടത്രേ രാഹുല്‍ജിക്ക്. അത് കൂടുന്നതിന് ആനുപാതികമായി വിവേകത്തിന്റെ തോതുകുറയും. വികാരം ഉണ്ടായതുതന്നെ ആഴ്ചകള്‍ വൈകിയാണ്, വിവേകം പിന്നെയും ലേറ്റായി. പഴയ കാലത്തെ ട്യൂബ് ലൈറ്റുകള്‍ സ്വിച്ചിട്ടാല്‍ കുറേ മിന്നിയേ കത്തൂ. എന്നാലും സിനിമയില്‍ പറഞ്ഞതുപോലെ ‘ലേറ്റാനാലും ലേറ്റസ്റ്റ്’ ആയാണ് അവതാരമുണ്ടായത്. ധൃതിക്കിടയില്‍ സ്വന്തമായി ഒരു പത്രസമ്മേളനം വിളിച്ചുകൂട്ടാനുള്ള സാവകാശം കിട്ടിയില്ല. പ്രധാനമന്ത്രി വിദേശത്ത് ലോക നേതാക്കളുമായി ചര്‍ച്ചനടത്തുന്നതുപോലൊരു സുവര്‍ണമുഹൂര്‍ത്തം പിന്നെ കിട്ടില്ലല്ലോ. പ്രസ്സ്‌ക്ലബ്ബില്‍ നടക്കുന്ന മറ്റൊരു പത്രസമ്മേളനത്തിലേക്ക് ഇടിച്ചുകേറി. എഴുതിത്തയ്യാറാക്കിയ പ്രസ്താവന വായിക്കുന്നതൊക്കെ പഴഞ്ചന്‍ രീതിയാണ്. വായില്‍വന്നത് പറയുകയാണ് ന്യൂ ജനറേഷന്‍ രീതി. നോണ്‍സെന്‍സ് എന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇറക്കാന്‍ തയ്യാറാക്കിയ ഓര്‍ഡിനന്‍സിനെ അദ്ദേഹം വിശേഷിപ്പിച്ചത്. സ്വന്തം സര്‍ക്കാര്‍, സ്വന്തം പാര്‍ട്ടി, സ്വന്തം തീരുമാനം-നോണ്‍സെന്‍സ്. സുരേഷ് ഗോപി സ്റ്റൈലിലുള്ള കടുത്ത വാക്ക് രാഹുല്‍ജിയുടെ നാക്കിന്‍തുമ്പത്ത് വരാഞ്ഞത് ഭാഗ്യം. ലോകപ്രശസ്തമായ വേറൊരു നാലക്ഷരവാക്കുണ്ട്. രാഹുല്‍ജിക്ക് അറിയാത്തതൊന്നുമല്ല. ഇംഗ്ലീഷ് സിനിമയിലൊക്കെ എല്ലാ വാചകത്തിലും അതുണ്ടാകണമെന്നാണ് നിയമം. സോണിയാജി കേട്ടേക്കുമെന്നതുകൊണ്ടാവും രാഹുല്‍ജി അത് പറഞ്ഞില്ല.

ഓര്‍ഡിനന്‍സ് കീറിയെറിയണം എന്നായിരുന്നു ആഹ്വാനം. നാട്ടുകാരോട് പറയാതെ അനിയനുതന്നെ അത് ചെയ്യാവുന്നതേ ഉണ്ടായിരുന്നുള്ളൂ. കീറല്‍ അദ്ദേഹത്തിന്റെ ഇഷ്ടപ്രവൃത്തിയാണ്. കഴിഞ്ഞ യു.പി. തിരഞ്ഞെടുപ്പുകാലത്ത് അദ്ദേഹം സമാജ്‌വാദി പാര്‍ട്ടിയുടെ പ്രകടനപത്രിക കീറിയെറിഞ്ഞതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കീറിയെറിയുന്നതിന് ഭാവിയില്‍ വലിയ സാധ്യതകളുണ്ട്. ചര്‍ച്ചചെയ്യുക, തിരുത്തിയെഴുതുക, മാറ്റിയെഴുതുക തുടങ്ങിയ പണികള്‍ക്കൊന്നും സമയം കളയേണ്ട. വെടിയും തീയും പോലെ പണി തീരും. ഹാഎത്ര മനോഹരം രാഹുല്‍കാലം…!

* * * *

സ്വത്വരാഷ്ട്രീയക്കാര്‍ക്കൊപ്പം പോവാം. അത് പുരോഗമനമാണ്. സ്വത്വക്കാര്‍ക്കും പുരോഗമനക്കാര്‍ക്കും പക്ഷേ, ആള്‍ദൈവത്തെ കണ്ണിനുപിടിക്കില്ല. ആള്‍ദൈവം പ്രതിലോമപരമാണ്. എന്താണ് ഇങ്ങനെയെന്ന് വിശദീകരിക്കാന്‍ പ്രാപ്തിയുള്ളവര്‍ പുകാസയില്‍ ഇല്ലാഞ്ഞിട്ടല്ല. പക്ഷേ, അവര്‍ എഴുതാനും പ്രസംഗിക്കാനും തുടങ്ങിയാല്‍ കേള്‍ക്കുന്ന പുകാസക്കാരുടെ തല പുകയുമെന്നല്ലാതെ വേറെ പ്രയോജനമൊന്നുമില്ല.

മതം, ജാതി, ദൈവം, ക്ഷേത്രം, ആരാധന എന്നിത്യാദികളുമായി സമാധാനപരമായി സഹവര്‍ത്തിക്കാനുള്ള വിദ്യ കണ്ടെത്തുന്നത് ഇനിയും താമസിപ്പിച്ചുകൂടാ. വിപ്ലവവും വേണം, തിരഞ്ഞെടുപ്പില്‍ ജയിക്കുകയും വേണം എന്നപോലെ ഭൗതികവാദവും വേണം, നാട്ടുനടപ്പും വേണം. അമ്പലത്തിലൊന്നും പോയി പ്രാര്‍ഥിക്കാന്‍ പറ്റില്ല, പക്ഷേ, അമ്പലക്കമ്മിറ്റിയില്‍ ഭാരവാഹിത്വം വേണം. ആള്‍ദൈവക്കാരുടെ വോട്ടുവേണം. പക്ഷേ, ആള്‍ദൈവത്തെ പുകഴ്ത്തി വത്സലടീച്ചര്‍ ലേഖനം എഴുതിക്കൂടാ. പാര്‍ട്ടി ഭരിക്കുമ്പോള്‍ പാര്‍ട്ടി നേതാവായ മന്ത്രിക്ക് പോയി ആള്‍ദൈവത്തെ വാനോളം പുകഴ്ത്താം. അതിനെക്കുറിച്ചൊരു ചര്‍ച്ചയുമുണ്ടായില്ല, വിവാദവുമുണ്ടായില്ല. മന്ത്രിക്ക് അതാവാം. പാര്‍ട്ടി സഹയാത്രികമാത്രമായ ടീച്ചര്‍ക്ക് പാടില്ല. ഹിന്ദുത്വബന്ധമുള്ള മഹാകവി അക്കിത്തത്തെ പുകാസയില്‍ ആദരിച്ചത് പ്രതിലോപരമെന്ന് വിവാദം കൊഴുത്തത് ഈയിടെ.

പാടുള്ളതെന്ത്, പാടില്ലാത്തതെന്ത് എന്നൊരു ആധികാരികരേഖ ഉണ്ടാക്കിയില്ലെങ്കില്‍ സംഗതി കുഴയും. പ്രത്യയശാസ്ത്രത്തിന് വഴങ്ങുന്ന ആള്‍ദൈവങ്ങളെയും ഉണ്ടാക്കിയെടുക്കാം. കെട്ടിപ്പിടിക്കുകയോ കാലില്‍ തൊടുകയോ അഖണ്ഡമുദ്രാവാക്യയജ്ഞം നടത്തുകയോ രക്തഹാരം അര്‍പ്പിക്കുകയോ ഒക്കെ ചെയ്യാം. അതിനുള്ള ചട്ടവട്ടങ്ങളുണ്ടാക്കാന്‍ സെമിനാറോ കണ്‍വെന്‍ഷനോ എന്താണെന്നുവെച്ചാല്‍ വിളിച്ചുകൂട്ടണം; വൈകിക്കേണ്ട.

* * * *

ചില പേരുകാര്‍ തീവ്രവാദിയല്ല എന്ന് തെളിയിച്ചാലേ ഇനി ബാങ്കുകളില്‍ അക്കൗണ്ട് എടുക്കാന്‍ പറ്റൂവത്രേ. ഓ വാട്ട് ഏന്‍ ഐഡിയ…എന്ന് ആഹ്ലാദിച്ചുപോകുന്നു. എന്തിന് ഇത് ബാങ്കുകളില്‍ മാത്രമാക്കുന്നു? ഈ തത്ത്വം വ്യാപിപ്പിക്കാവുന്നതാണ്. ഏതുപേരിലും കാണും ഒരു കൊള്ളക്കാരനോ കള്ളനോ കൊലയാളിയോ ബലാത്സംഗക്കാരനോ നികുതിവെട്ടിപ്പുകാരനോ അഴിമതിക്കാരനോ രാജ്യത്തെവിടെയെങ്കിലും. അതുകൊണ്ട് എല്ലാ പേരുകാരെയും സംശയദൃഷ്ടിയോടെ നോക്കേണ്ടതുണ്ട്. ചില പ്രായോഗിക ഹിന്റുകള്‍ തരാം. പോലീസിലും നിയമനിര്‍മാണരംഗത്തുമുള്ളവര്‍ ഇത് പ്രയോഗത്തില്‍ വരുത്തിയാല്‍ മതി.

എല്ലാവരെയും ആണോ പെണ്ണോ ഹിന്ദുവോ മുസ്‌ലിമോ എന്നൊന്നും നോക്കേണ്ട, ആദ്യ പരിഗണനയില്‍ കുറ്റവാളികളായി കണക്കാക്കുക. ജയില്‍ശിക്ഷയും വ്യവസ്ഥചെയ്യണം. ബിവറേജസിനുമുന്നില്‍ ക്യൂ നില്‍ക്കുന്നതുപോലെ ആളുകള്‍ പോലീസ് സ്റ്റേഷനുകളില്‍ ക്യൂനിന്ന് നിരപരാധിത്വസര്‍ട്ടിഫിക്കറ്റ് വാങ്ങട്ടെ. സംശയം തോന്നുന്നവരെ ലോക്കപ്പില്‍ കയറ്റി ഇടിച്ചാല്‍ മതി, മണി മണിയായി വിവരങ്ങള്‍ കിട്ടും. നിരപരാധിത്വം തെളിയിക്കാന്‍ പറ്റാത്ത എല്ലാവരും ജയിലില്‍ കിടക്കട്ടെ. നാടുമുഴുവന്‍ ജയിലുണ്ടാക്കേണ്ടി വരും, ലക്ഷക്കണക്കിന് പോലീസുകാരെ നിയോഗിക്കേണ്ടിവരും തുടങ്ങിയ തടസ്സവാദങ്ങള്‍ ഉന്നയിക്കുന്നവരെ ശ്രദ്ധിക്കണം. അവര്‍ തീവ്രവാദികളായിരിക്കാനാണ് സാധ്യത.

എല്ലാ കച്ചവടക്കാരെയും മറ്റ് നികുതിദായകരെയും കോടീശ്വരന്മാരും നികുതിവെട്ടിപ്പുകാരുമായി കണക്കാക്കി നല്ലൊരുസംഖ്യ നികുതിയും പിഴയുമായി ചുമത്തിയാല്‍ അത് സത്യമല്ലെന്ന് തെളിയിക്കാന്‍ അവര്‍ പരക്കം പാഞ്ഞുകൊള്ളും. ഭ്രാന്തനല്ലെന്ന് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ ഭ്രാന്തനെന്ന് കണക്കാക്കി ഷോക്ക് ചികിത്സ നല്‍കുക അതുപോലൊരു കിടിലന്‍ ആശയമാണ്. അസല്‍ നോട്ടാണ് എന്ന് തെളിയുന്നതുവരെ എല്ലാ നോട്ടുകളും കള്ളനോട്ടുകളായി കണക്കാക്കി ആളുകളെ അകത്താക്കുന്നതിനെക്കുറിച്ച് ചിന്തിക്കായ്കയല്ല. പക്ഷേ, പിന്നെയാരും പുറത്തില്ലാതായിപ്പോകും. അത് ബുദ്ധിമുട്ടാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

Go Top