ഉപ പൊതിയാത്തേങ്ങ

ഇന്ദ്രൻ

ഉപമുഖ്യമന്ത്രിസ്ഥാനമെന്ന പൊതിയാത്തേങ്ങ കടിച്ചുപൊളിക്കാന്‍നോക്കി ഐ.ജ. മുന്നണിയുടെ പല്ലും നഖവും ദ്രവിച്ച് നിലംപതിച്ചുകഴിഞ്ഞു. തേങ്ങയ്ക്കുചുറ്റും കൂടിയ ഘടകകക്ഷികള്‍ തമ്മിലായിരിക്കുന്നു ഇപ്പോള്‍ കടിപിടി. പല്ലില്ലാത്തതുകൊണ്ട് വലിയ തോതില്‍ ശാരീരികോപദ്രവം ഏല്‍പ്പിക്കാന്‍ കഴിയുന്നില്ല എന്നതുമാത്രമാണ് ആശ്വാസം. എന്നാലും, കടിപിടിയെ അനുഗമിക്കുന്ന അമറലും ആക്രോശവും അസഹ്യംതന്നെ.

കേരളചരിത്രത്തില്‍ ഇതുവരെ, ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രി ഭരിക്കുമ്പോള്‍ മറ്റൊരു കോണ്‍ഗ്രസ്സുകാരന് ഉപമുഖ്യമന്ത്രിയാകണമെന്ന ചിന്ത ഉണ്ടായതായി തെളിവില്ല. ആര്‍. ശങ്കറാണ് ആദ്യത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി. അന്ന് പി.ടി. ചാക്കോ ചോദിച്ചാല്‍ ഡെപ്യൂട്ടി പദവി കൊടുക്കാതെ പറ്റുമായിരുന്നോ? കോണ്‍ഗ്രസ്, ചെറിയ പാര്‍ട്ടിയായ സി.പി.ഐ.ക്ക് ഒന്നിലേറെത്തവണ മുഖ്യമന്ത്രിസ്ഥാനം കൊടുത്തിട്ടുണ്ട്. സി. അച്യുതമേനോന് കൊടുത്തപ്പോള്‍ കെ. കരുണാകരന്‍ ചോദിച്ചില്ല തുക്കിടിസ്ഥാനം. തലമൂപ്പില്ലാത്ത പി.കെ. വാസുദേവന്‍നായര്‍ മുഖ്യമന്ത്രിയായപ്പോള്‍ കോണ്‍ഗ്രസ് ഡെപ്യൂട്ടി എന്ന് തികച്ചും പറയേണ്ട, ‘ഡാഇ’ എന്ന് ഉച്ചരിച്ചിരുന്നെങ്കില്‍ സ്ഥാനം താലത്തില്‍ വെച്ചുകൊടുക്കുമായിരുന്നു മുന്നണി. അന്നും ചോദിച്ചില്ല.

ഐക്യകേരളത്തിലെ രണ്ടാംമന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയുണ്ടായിരുന്നു. പടുകൂറ്റനായ സോഷ്യലിസ്റ്റ് പട്ടം താണുപ്പിള്ള മുഖ്യമന്ത്രി, കൂറ്റനായ കോണ്‍ഗ്രസ്സുകാരന്‍ ആര്‍. ശങ്കര്‍ ഉപമുഖ്യനും. ഒരേ കക്ഷിക്കാര്‍ മുഖ്യനും ഉപമുഖ്യനുമായ ചരിത്രമില്ല. സി.എച്ച്. മുഹമ്മദ്‌കോയയും അവുക്കാദര്‍കുട്ടി നഹയും ഉപസ്ഥാനത്ത് ഉപവിഷ്ടരായത് മുന്നണിനേതൃത്വം കോണ്‍ഗ്രസ്സിന്റെ കൈയിലായിരുന്നപ്പോഴാണ്. മുഖ്യ സ്ഥാനവും ഉപസ്ഥാനവും തങ്ങള്‍ക്കുതന്നെ വേണം എന്നാവശ്യപ്പെടാന്‍മാത്രം മുന്നണിയില്‍ വലുതായോ കോണ്‍ഗ്രസ്? ഇല്ല. പാര്‍ട്ടികള്‍ കൂടുതല്‍ സ്ഥാനം ചോദിക്കുക വലുതാവുമ്പോഴല്ല, ചെറുതാവുമ്പോഴാണ്.

സാധാരണനിലയ്ക്കാണെങ്കില്‍ ഉറക്കത്തില്‍പോലും രമേശ് ചെന്നിത്തലയ്ക്ക് ഈ വിഷക്കനി കഴിക്കണമെന്ന ദുഷ്ചിന്ത വരാനിടയില്ല. അത് വരുത്തിക്കൊടുത്തത് ഒന്നാംതരം മിത്രങ്ങള്‍തന്നെയാവാനേ തരമുള്ളൂ. ഈ ഇനം മിത്രങ്ങള്‍ ഉണ്ടെങ്കില്‍ ശത്രുക്കള്‍ വേറെവേണ്ട. തത്ഫലമായി, ഇടുങ്ങിയ ചെമ്പുപാത്രത്തില്‍ തലയിട്ട ശ്വാനന്റെ അവസ്ഥയിലാണ് കോണ്‍ഗ്രസ് ഇപ്പോള്‍. തലയൂരിക്കാന്‍ ഡല്‍ഹിയില്‍നിന്ന് ശസ്ത്രക്രിയാവിദഗ്ധരെ വരുത്തുന്നുണ്ടത്രേ. ഈശ്വരോ രക്ഷത്…

ചെന്നിത്തലയില്‍ ‘ഉപ’ വൈറസ് കടത്തിവിട്ടവര്‍ സമുദായനേതാക്കളാണ്. സാമൂഹിക പരിഷ്‌കര്‍ത്താക്കളാണ്. സാത്വിക പരബ്രഹ്മങ്ങളാണ്. 24ന്ദ7 ഈശ്വരചിന്തയിതൊന്നേ ഉള്ളൂ. ആര്‍. ശങ്കര്‍ മുതല്‍ ഉമ്മന്‍ചാണ്ടിവരെ സകല യു.ഡി.എഫ്. മുഖ്യമന്ത്രിമാരെയും കയറ്റിയിരുത്തിയത് ഇവരാണ്. എ.കെ. ആന്റണി കേന്ദ്രമന്ത്രിയായതും ഡോ. മന്‍മോഹന്‍സിങ് ഒമ്പതുവര്‍ഷം തികച്ചതുമെല്ലാം ഇവരുടെ ഔദാര്യത്തിലാണ്. യു.ഡി.എഫ്. ജയിക്കുന്ന തിരഞ്ഞെടുപ്പില്‍ ഇവര്‍ ആ പക്ഷത്തും അല്ലാത്തപ്പോള്‍ നിഷ്പക്ഷ പക്ഷത്തും ആണ് നില്‍ക്കാറുള്ളത്. ഏതുപക്ഷത്തായിരുന്നു എന്ന് തിരഞ്ഞെടുപ്പുകഴിഞ്ഞേ വെളിപ്പെടുത്താറുള്ളൂ. പണ്ടൊരു ജോത്സ്യന്‍ സമാനമായ ബുദ്ധി പ്രയോഗിക്കാറുണ്ടായിരുന്നു. കുട്ടി ആണോ പെണ്ണോ എന്ന് പ്രവചിക്കും. പ്രവചിച്ചത് ആണ് എന്നും ജനിക്കുന്നത് പെണ്ണും ആണെങ്കില്‍ പെണ്ണ് എന്നെഴുതിയ കടലാസ് ട്രൗസറിന്റെ പോക്കറ്റില്‍നിന്ന് എടുത്തുകാട്ടും. ‘ഇതുകണ്ടില്ലേ, എനിക്ക് തെറ്റുപറ്റില്ല…’

ഈയിടെയായി രണ്ട് കിങ്‌മേക്കര്‍മാരും വലിയ ഐക്യത്തിലാണ്. കുറേക്കാലം പരസ്പരം പോരടിച്ച് മടുത്ത രണ്ട് നാടന്‍ ദാദമാര്‍ ഒടുവില്‍ തോളില്‍ കൈയിട്ട് ”ഇനി നമ്മളോട് കളിക്കാന്‍ ആരുണ്ടെടാ…” എന്ന് ചോദിച്ചതുപോലെ. അല്ലെങ്കിലും ഒരു കാര്യത്തിലേ ഇവര്‍തമ്മില്‍ മത്സരം ഉണ്ടായിരുന്നുള്ളൂ.

സാംസ്‌കാരികമായി മുന്നില്‍ ഞാനോ നീയോ എന്ന കാര്യത്തില്‍. വെള്ളാപ്പള്ളി നടേശനാണ് ഏറെമുമ്പില്‍ എന്നൊരു ധാരണ നേരത്തേ ഉണ്ടായിരുന്നു. സുകുമാരന്‍നായര്‍ അക്കാലത്ത് അധികം സംസാരിക്കാറില്ലാത്തതുകൊണ്ടാണ്. അത് നാരായണപ്പണിക്കരൊക്കെ ജീവിച്ചിരുന്ന കാലമല്ലേ. ഇനി എന്ത് നോക്കാനാണ്. സുകുമാരന്‍നായര്‍ സംസാരിച്ചുതുടങ്ങിയപ്പോള്‍ ജനം സമ്മതിച്ചുപോയി. വെള്ളാപ്പള്ളി നടേശന്‍ എത്ര നിസ്സാരന്‍. ”ഇവന്റെ അച്ഛന്‍ എത്ര മാന്യനായിരുന്നു” എന്നൊരു യുവതോണിക്കാരനെക്കുറിച്ച് നാട്ടില്‍ പെണ്ണുങ്ങള്‍ പറഞ്ഞ കഥയാണ് സമാനം.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കറക്ട് സമദൂരത്തിലായിരുന്നിട്ടും യു.ഡി.എഫ്. കഷ്ടിച്ച് ജയിച്ചത് ഇവരുടെ പിന്തുണകൊണ്ടാണ്. ഇവര്‍ സമദൂരത്തില്‍ ഒപ്പമുണ്ടായിരുന്നപ്പോഴാണ് മുന്‍തിരഞ്ഞെടുപ്പില്‍ മുന്നണി എട്ടുനിലയില്‍ പൊട്ടിയത്, ഇവരുണ്ടായിരുന്നപ്പോള്‍ത്തന്നെയാണ് അതിനുമുമ്പ് സീറ്റ് നൂറുനേടി തകര്‍പ്പന്‍ ജയം ജയിച്ചതും. രണ്ടുസീറ്റ് ഭൂരിപക്ഷത്തില്‍ നാണംകെട്ട് ജയിച്ചതും ഇവരുള്ളപ്പോള്‍ത്തന്നെ. ഇവരുണ്ടായാലും ഇല്ലെങ്കിലും എന്തുവ്യത്യാസമെന്ന് അറിയില്ല. സ്വന്തമായി ഓരോ പാര്‍ട്ടിയുണ്ടാക്കി കേരളത്തെ നന്നാക്കിക്കളയാമെന്ന് ഇവര്‍ക്ക് മുമ്പൊരു മോഹമുദിച്ചിരുന്നു. അതോര്‍ക്കുമ്പോള്‍ കരച്ചില്‍ വരും. രാഷ്ട്രീയത്തിലെ ആദ്യത്തെ നവജാതശിശുമരണം അതായിരുന്നുപോലും.

ഇനി, ഇത്രയെല്ലാം നാവില്‍ വെള്ളമൂറാന്‍മാത്രം എന്താണ് ഈ ഡെപ്യൂട്ടി പദവി? രേഖപ്രകാരം മുഖ്യമന്ത്രിയും മന്ത്രിമാരുമേ ഉള്ളൂ. ഫസ്റ്റ് എമങ് ഈക്വല്‍സ് മാത്രമാണ് മുഖ്യമന്ത്രി. സെക്കന്‍ഡ് എമങ് ഈക്വല്‍സ് എന്നൊന്നില്ല. പ്രോട്ടോക്കോളിലും ഇല്ല ഉപന്‍. മുഖ്യമന്ത്രി എങ്ങാനും പോവുകയാണെങ്കില്‍ ഉപന് മുഖ്യമന്ത്രിയായി അഭിനയിക്കാം. അതിന് മുഖ്യമന്ത്രി എങ്ങാനും പോയിട്ടുവേണ്ടേ! ബോധമുണ്ടെങ്കില്‍ പോവില്ല. ഇനി ഒട്ടുമില്ല.

യു.ഡി.എഫുമായുള്ള വിഹിതവും അവിഹിതവുമായ എല്ലാ ബന്ധവും അവസാനിപ്പിച്ചതായി എന്‍.എസ്.എസ്സും എസ്.എന്‍.ഡി.പി.യും പ്രഖ്യാപിച്ചുകഴിഞ്ഞു. ബന്ധത്തിന്റെ ബലത്തില്‍ കിട്ടിയ സന്താനങ്ങളെ വഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ഇനി കാണാം യു.ഡി.എഫിന്റെ നെഞ്ചത്തടിയും നിലവിളിയും. അനുഭവിച്ചേ പോവൂ….

* * * *

ഓരോ അസംബന്ധ നിയമങ്ങളേയ്… മന്ത്രിമാരുടെ എണ്ണത്തിന് പരിധിയുണ്ടത്രെ. മന്ത്രിസഭയിലേക്ക് രമേശ് വരികയാണെങ്കില്‍ ഗണേശിന് വരാന്‍പറ്റില്ല. എണ്ണം പരിധി കടക്കുമത്രെ. പുത്രന്‍ ഗണേശിനുപകരം നേരത്തേ അച്ഛന്‍ ബാലേശ് മന്ത്രിയാകുന്നതിന് തടസ്സമായത് വേറെ ഏതോ അസംബന്ധ നിയമമായിരുന്നു. എന്തായാലെന്ത്, എല്ലാറ്റിനെയും മറികടക്കാന്‍ നമുക്ക് സൂത്രങ്ങളുണ്ട്. അച്ഛന് മുന്നാക്കകമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം കൊടുക്കാം. ചെയര്‍മാന് കാബിനറ്റ്പദവി കൊടുക്കാം.

കാക്കത്തൊള്ളായിരം കമ്മീഷനുകളും ബോര്‍ഡുകളും ഉണ്ട് കേരളത്തില്‍. ന്യൂനപക്ഷകമ്മീഷന്‍, പിന്നാക്ക കമ്മീഷന്‍, പബ്ലിക് സര്‍വീസ് കമ്മീഷന്‍, മനുഷ്യാവകാശ കമ്മീഷന്‍, വിവരാവകാശ കമ്മീഷന്‍ എന്നിത്യാദി. ഇവയേക്കാളെല്ലാം ബഹുകാതം മുന്നില്‍ നില്‍ക്കുന്നതല്ലേ മുന്നാക്കകമ്മീഷന്‍? മന്ത്രിപദവിയെങ്കിലും ഇല്ലെങ്കില്‍ മുന്നാക്കകമ്മീഷന്‍ ആ പേരിനുതന്നെ അനര്‍ഹമാകും. മുന്നാക്ക, പിന്നാക്ക, പിണ്ണാക്ക് കമ്മീഷനുകളുടെ ചെയര്‍മാന്മാരുടെ കൂട്ടത്തില്‍ മന്ത്രിപദവിക്ക് അര്‍ഹതയുള്ള വേറൊരുപേര് പറയാന്‍ പറ്റുമോ? കൊടുക്കേണ്ടിയിരുന്നത് മന്ത്രിപദവിയല്ല. ഉപമുഖ്യമന്ത്രി പദവിയാണ്. ഒരു ഉപമുഖ്യമന്ത്രിയെയുംകൊണ്ട് പുലിവാലുപിടിച്ച് നില്‍ക്കുമ്പോള്‍ വേറൊന്നുകൂടി വയ്യ എന്ന് വിചാരിച്ചുകാണും യു.ഡി.എഫ്. മേലാളന്മാര്‍.

ബാലന്‍പിള്ളസാറിന് സംഗതി ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ല. പാവപ്പെട്ട മുന്നാക്കക്കാരെ മോചിപ്പിച്ച് പിന്നാക്കാവസ്ഥയിലാക്കാന്‍ സാറുതന്നെ വേണം എന്ന് സര്‍വരും സമ്മര്‍ദം ചെലുത്തിയതുകൊണ്ട് മാത്രമാണ് അദ്ദേഹം ‘വഴങ്ങിയത്’. അപ്പോഴും ഒരു പ്രശ്‌നം അവശേഷിക്കുന്നുണ്ട്. മുന്നാക്കകമ്മീഷന്‍ ചെയര്‍മാന്‍ പാര്‍ട്ടിക്ക് വഴങ്ങിയതുകൊണ്ടൊന്നും അഞ്ചുപൈസയുടെ ഗുണം കിട്ടില്ല. പാര്‍ട്ടിക്ക് മന്ത്രിവേണം, മന്ത്രിക്ക് വനംവകുപ്പ് പോലുള്ള ഗുണമുള്ള വകുപ്പ് വേണം, മന്ത്രി പാര്‍ട്ടിക്ക് ‘വഴങ്ങുകയും’ വേണം. അല്ലാതെങ്ങനാ കഴിഞ്ഞുകൂടി പോകുന്നത് ?

* * * *

പോപ്പുലര്‍ ഫ്രണ്ടുകാര്‍ വ്യാഴാഴ്ച തലസ്ഥാനത്ത് നടത്തിയ ഭീകരപ്രവര്‍ത്തനത്തെക്കുറിച്ച് നേര് നേരത്തേ അറിയിക്കുന്ന പത്രമല്ലാതെ മറ്റാരും റിപ്പോര്‍ട്ട്‌ചെയ്തില്ല. ഫ്രണ്ടുകാര്‍ എന്തോ ന്യായംപറഞ്ഞ് തലസ്ഥാനത്ത് വന്‍പ്രകടനം സംഘടിപ്പിച്ചു. അതിന്റെ തുടക്കം പരിപാവനമായ എ.കെ.ജി. സെന്ററിനുമുന്നില്‍ നിശ്ചയിച്ചത് കലാപം സൃഷ്ടിക്കാനല്ലെങ്കില്‍ മറ്റെന്തിനാണ്? പ്രകടനം തുടങ്ങാനും ആളൊഴിയാനും മണിക്കൂറുകള്‍ എടുക്കുമെന്ന് ഇക്കൂട്ടര്‍ക്ക് അറിയാത്തതല്ലല്ലോ. അത്രയും സമയം എ.കെ.ജി. സെന്ററിന്റെ പ്രവര്‍ത്തനം സ്തംഭിച്ചു. ആര്‍ക്കും അകത്തും പുറത്തും കടക്കാനായില്ല. വല്ല സെക്രട്ടേറിയറ്റോ ജില്ലാ ആസ്പത്രിയോ ആണോ എ.കെ.ജി.സെന്റര്‍? സി.പി.എമ്മിനെതിരെ മുദ്രാവാക്യം വിളിക്കാനുള്ള ഔദ്ധത്യവും അവര്‍ കാട്ടി.

സഖാക്കള്‍ കടുത്ത ആത്മനിയന്ത്രണം പുലര്‍ത്തിയതുകൊണ്ട് ചോരപ്പുഴ ഒഴുകിയില്ലെന്നേയുള്ളൂ. പോലീസ് വന്ന് വെറുതേ നോക്കിനിന്നു. ലാത്തിച്ചാര്‍ജോ വെടിവെപ്പോ നടത്തി എ.കെ.ജി.സെന്ററിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കാന്‍ അവര്‍ കൂട്ടാക്കിയില്ല. പാല്‍, പത്രം, ആസ്പത്രി, എ.കെ.ജി.സെന്റര്‍ എന്നിവയെ ഇത്തരം പ്രകടനങ്ങളുടെ ഉപദ്രവങ്ങളില്‍നിന്ന് ഒഴിവാക്കേണ്ടതാണ്. സര്‍ക്കാര്‍ നിയമംകൊണ്ടുവന്നാലും തെറ്റില്ല.

Leave a Reply

Your email address will not be published. Required fields are marked *

Go Top