രമേശ് ചെന്നിത്തല അല്പാല്പം അയയുന്നുണ്ട്. എല്ലാം പടച്ചവന് നിശ്ചയിക്കും എന്ന് സാധാരണ മനുഷ്യര്‍ പറയുന്ന സ്ഥാനത്ത് കോണ്ഗ്രസ്സുകാര് പറയുക എല്ലാം ഹൈക്കമാന്‍ഡ് നിശ്ചയിക്കും എന്നാണ്. താന്‍ മന്ത്രിയാകുന്ന കാര്യം ഹൈക്കമാന്‍ഡ് തീരുമാനിക്കും എന്നാണ് കേരളയാത്ര തീര്‍ന്നപ്പോള്‍ പറഞ്ഞത്. യാത്ര തുടങ്ങുമ്പോള്‍ പറഞ്ഞത് മന്ത്രിയാകാന്‍ താനില്ല, പ്രസിഡന്റ് സ്ഥാനമെന്താ മോശമാണോ എന്നും മറ്റുമാണ്. കേരളയാത്രകൊണ്ട് പ്രയോജനമില്ല എന്ന് പറഞ്ഞൂകൂടാ. വര്‍ഷം കുറേയായില്ലേ പ്രസിഡന്‍േറ തെക്കുവടക്കുനടക്കാന്‍ തുടങ്ങിയിട്ട്. ഇനി പോയി മന്ത്രിയാകാന്‍ നോക്ക് എന്ന് ജനം ഉപദേശിച്ചുകാണും. ജനം പറഞ്ഞാല്‍ അനുസരിക്കാതെ പറ്റില്ലല്ലോ.
മന്ത്രിയാകുന്നതിനെ കുറിച്ച് ചെന്നിത്തലയും സ്വപ്നം കാണ്ടിരിക്കാം. പണ്ടെന്നോ ചെറുപ്രായത്തിലാണ് അത് സാധിച്ചത്. അന്ന് പൂതിമാറുവോളം സാധിച്ചില്ല, പിന്നീടിക്കാലംവരെ സംഗതി നടന്നില്ല. മനുഷ്യരല്ലേ… അതൊക്കെ എങ്ങനെ ഉപേക്ഷിക്കാനാണ്. ആ സ്വപ്നത്തിന് ഒരു കുഴപ്പമുണ്ട്. അതുകണ്ടാല്‍ ഉടന്‍ ഞെട്ടിയുണരും. കെ. മുരളീധരന് സ്വപ്നത്തില്‍ ചാടിക്കേറി വന്നുകളയുന്നതാണ് കാരണം. പിന്നെ അന്ന് രാത്രി ഉറങ്ങാന്‍ പറ്റില്ല. തുടര്‍ന്ന് അടുത്ത ദിവസം ‘മന്ത്രിയാകാനൊന്നും ഞാനില്ല’ എന്ന് ഉറച്ച ശബ്ദത്തില്‍ ചെന്നിത്തല പത്രക്കാരോട് പറയും. കെ. മുരളീധരന്റെ കഥ ഓര്മയുള്ള ആരും കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം വെടിഞ്ഞ് മന്ത്രിയാകാന്‍ മുതിരില്ല. മുരളി എം.എല്‍.എ.ആയിരുന്നില്ല. അതാകാനുള്ള ശ്രമമാണ് എട്ടുനിലയില്‍ പൊട്ടിയത്. രമേശ് ചെന്നിത്തലയ്ക്ക് അങ്ങനെ സംഭവിക്കുകയില്ല. അദ്ദേഹം ഇത് മുന്‍കൂട്ടിക്കണ്ട്, നേരത്തേതന്നെ എം.എല്‍.എ. ആയ മഹാനാണ്. ഇതിനെയാണ് ദീര്‍ഘവീക്ഷണം എന്ന് വിളിക്കുന്നത്.
രമേശിന് എപ്പോള്‍ വേണമെങ്കിലും മന്ത്രിയാകാം എന്ന് മുഖ്യമന്ത്രി പറയുന്നതുകേട്ട്, അയ്യോ ഇതെന്തൊരു ഉദാരമതി എന്നെല്ലാവരും വിചാരിച്ചേക്കും. രമേശ് ചെന്നിത്തല ഏതായാലും ആ കെണിയില്‍ വീഴില്ല. തിരുവഞ്ചൂരിനും കെ.സി. ജോസഫിനും അനില്‍കുമാറിനും ആര്യാടനും കെ. ബാബുവിനും സി.എന്‍. ബാലകൃഷ്ണനും അടൂര്‍ പ്രകാശിനും ശിവകുമാറിനും ഒപ്പം വെറുമൊരു മന്ത്രിയായിരിക്കാന്‍ രമേശിന് വയ്യ. മന്ത്രിസഭയില്‍ മുഖ്യമന്ത്രി കഴിഞ്ഞാല്‍ എല്ലാവരും തുല്യരാണ്. രണ്ടാമന് എന്ന റാങ്ക്സര്‍ട്ടിഫിക്കറ്റുമായി ചെന്നില്ലെങ്കില്‍ മൂന്നുമാസം കഴിഞ്ഞാല്‍ രമേശ് ചെന്നിത്തലയും വെറും മന്ത്രിമാത്രമാകും. പ്രസിഡന്റായിരുന്നതൊക്കെ ജനമങ്ങ് മറക്കും. കെ.പി.സി.സി. പ്രസിഡന്റ് ആയിരുന്നില്ലേ കെ. മുരളീധരനും? ഇപ്പോഴെവിടെയാണ് ഇരിക്കുന്നത്?
ആഭ്യന്തരമന്ത്രിസ്ഥാനം ഓര്‍ക്കാപ്പുറത്ത് എടുത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കൊടുത്തത് മുഖ്യമന്ത്രി തന്നൊടുചെയ്ത കൊലച്ചതിയാണെന്ന് രമേശ് ചെന്നിത്തല ഉറച്ചുവിശ്വസിക്കുന്നുണ്ടാകണം. ചെന്നിത്തലയേക്കാള്‍ സീനിയര്‍ നേതാവാണ് തിരുവഞ്ചൂര്‍. കെ.പി.സി.സി. പ്രസിഡന്റായില്ലെന്നേ ഉള്ളൂ. 1974-ല്‍ ചെന്നിത്തല പ്രീഡിഗ്രി പഠിക്കുമ്പോള്‍ തിരുവഞ്ചൂര്‍ കെ.എസ്.യു. പ്രഡിഡന്റാണ്. ആ ഇനത്തില്‍ പെട്ടവരാണ് ജി. കാര്‍ത്തികേയനും കെ.സി. ജോസഫുമൊക്കെ. ആര്യാടന് അതിലുമെല്ലാം മേലെയാണ് – മേലെ ആകാശം താഴെ ഭൂമി. അപ്പോള്‍ പിന്നെ ഉപമുഖ്യമന്ത്രി ക്ലെയിമിന് ചെന്നിത്തലയ്ക്ക് ബലംപോര.
കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തിരിക്കെ എന്‍.എസ്.എസ്സുകാരുടെ പ്രേരണയ്ക്ക് വഴങ്ങിയാണ് ചെന്നിത്തല നിയമസഭാംഗമായതത്രെ. ഹരിപ്പാടുകാര്‍ക്ക് നല്ലൊരു എം.എല്‍.എ. ഇല്ലാതെ ഉറക്കം കിട്ടാത്തതുകൊണ്ടല്ലല്ലോ രമേശിനെ എം.എല്‍.എ. ആക്കിയത്. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും എന്നുകൂടി പ്രചരിച്ചാവും നായന്മാരുടെ വോട്ടുപിടിച്ചത്. മന്ത്രിസഭയുണ്ടാക്കിയപ്പോള്‍ രമേശ് വെറും എം.എല്‍.എ. ഇനിയിപ്പോള്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ രമേശിനെ മുന്നില്‍നിര്‍ത്തിയാല്‍ നാല് വോട്ടുകിട്ടുമോ എന്നേ നോട്ടമുള്ളൂ.
എന്‍.എസ്.എസ്സും എസ്.എന്‍.ഡി.പി.യും എന്തുപറഞ്ഞാലും ക്രിസ്ത്യന്‍-മുസ്ലിം പാര്‍ട്ടികള്‍ കാര്യമായൊന്നും മറുപടി പറയാറില്ല. ഈ വീമ്പുപറച്ചിലിലൊന്നും കഴമ്പില്ല എന്നവര്‍ക്കറിയാം. കേരളത്തില്‍ കമ്യൂണിസ്റ്റ് ഇതരര്‍ ഭരണത്തില്‍ വരുന്നത് ഹിന്ദുക്കളുടെ സഹായത്തേക്കാള്‍ ന്യൂനപക്ഷങ്ങളുടെ സഹായംകൊണ്ടാണ്. ഭൂരിപക്ഷസമുദായത്തില്‍ ഭൂരിപക്ഷവും ഇടതുപക്ഷത്തിനാണ് വോട്ടുചെയ്യുന്നത്. ക്രിസ്ത്യന്‍-മുസ്ലിം വോട്ടില്ലായിരുന്നെങ്കില്‍ ആജന്മകാലം യു.ഡി.എഫ്. അധികാരത്തില്‍ വരില്ല. 65 ക്രിസ്ത്യന്‍ മുസ്ലിം സ്ഥാനാര്‍ഥികളില്‍നിന്നാണ് യു.ഡി.എഫിന് 45 എം.എല്‍.എ.മാരെ കിട്ടിയത്. 75 ഹിന്ദുസ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ട് കിട്ടിയത് 27 എം.എല്‍.എ.മാരെ മാത്രം. വെള്ളാപ്പള്ളി നടേശനും സുകുമാരന്‍നായര്‍ക്കും ഇന്ന് യു.ഡി.എഫിനെതിരെ പറയാന്‍ കഴിയുന്നതിന് ലീഗിനോടും കേരളാകോണ്‍ഗ്രസ്സിനോടും വേണം നന്ദി പറയാന്‍. സാരമില്ല, മുഖ്യമന്ത്രിക്കും രണ്ട് മന്ത്രിമുഖ്യന്മാര്‍ക്കും ഇടയില്‍ ഒരു നായരുംകൂടി ഇരിക്കട്ടെ. സാമുദായികസന്തുലനത്തിന് അതും നല്ലതാണ്.
* * *
എന്തെല്ലാം മനഃപരിവര്‍ത്തനങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മഹാത്മാഗാന്ധിയുടെ പാര്‍ട്ടി ഇക്കാലം മുഴുവന്‍ രാജ്യം ഭരിച്ചിട്ടും വധശിക്ഷ ഇല്ലാതാക്കിയിട്ടില്ല. ഗാന്ധിജിയെ വെടിവെച്ചുകൊന്ന നാഥുറാം ഗോഡ്സെയെ തൂക്കിലേറ്റിയിട്ടുണ്ട് അഹിംസാവാദികള്‍. പ്രധാനമന്ത്രി നെഹ്റുവും ഗാന്ധിജിയുടെ രണ്ട് മക്കളും ആവശ്യപ്പെട്ടിട്ടും വധശിക്ഷ ഉപേക്ഷിക്കാന്‍ ഭരണകൂടം തയ്യാറായില്ല. അഹിംസയുടെ നാലയലത്തുപോകാത്ത കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റ് ഇതാ വധശിക്ഷ ഇല്ലായ്മചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു.
വധശിക്ഷക്കെതിരെ രംഗത്തുവന്ന ലോകത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് സി.പി.എം. എന്ന് ചിലരെങ്കിലും കരുതുന്നുണ്ട്. അത് ശരിയല്ല. നമ്മള് ഭരണത്തിലിരിക്കുന്നുണ്ടെങ്കില്‍ മാത്രമേ വധശിക്ഷ നിലനിര്‍ത്തേണ്ട കാര്യമുള്ളൂ. വര്‍ഗവഞ്ചകര്‍, പ്രതിവിപ്ലവകാരികള്‍ തുടങ്ങിയ നികൃഷ്ടജീവികള്‍ക്ക് വധശിക്ഷയല്ലാതെ മറ്റെന്ത് കൊടുക്കാനാണ്. പക്ഷേ, പാര്‍ട്ടി ഭരണത്തിലില്ലെങ്കില്‍ വധശിക്ഷ ഇല്ലാതാക്കുന്നതാണ് നല്ലത്. വെറുതെ നമ്മള്‍പോയി തലകൊടുക്കേണ്ടല്ലോ. ഭരണത്തിലില്ല എന്നുമാത്രമല്ല അത് സംഭവിക്കാനുള്ള വിദൂരസാധ്യതപോലും ഇല്ലാത്തതുകൊണ്ടാണോ എന്നറിയില്ല അമേരിക്കയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി 2005-ല്‍ വധശിക്ഷ നിരോധിക്കണമെന്ന് പ്രമേയം പാസ്സാക്കി. സംസ്കാരത്തെക്കുറിച്ച് കൊട്ടിഘോഷിക്കുന്ന ഒരു സമൂഹത്തിനും വധശിക്ഷയെ ന്യായീകരിക്കാവുന്ന ഒരു തത്ത്വവും എടുത്തുകാട്ടാനാവില്ല എന്ന മാര്‍ക്സ്വചനം ഉദ്ധരിച്ചാണ് പാര്‍ട്ടി വധശിക്ഷയ്ക്കെതിരെ പ്രസ്താവന ഇറക്കിയത്. സംസ്കാരത്തെക്കുറിച്ച് അവകാശവാദമൊന്നും ഇല്ലാതിരുന്നതിനാലാവാം കമ്യൂണിസ്റ്റ് ഭരണമുള്ള ഒരു രാജ്യവും വധശിക്ഷ കൈയൊഴിയാറില്ല. റഷ്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി അന്നും ഇന്നും വധശിക്ഷയ്ക്ക് അനുകൂലമാണ്. ഭരണകൂടം നിര്‍ത്തിവെച്ച വധശിക്ഷ പുനരാരംഭിക്കണമെന്നാണ് പാര്‍ട്ടി ഈയിടെയാണ് ആവശ്യപ്പെട്ടത്.
പാര്‍ട്ടിയെ എതിര്‍ത്തൂ എന്ന കുറ്റമേ ഒഞ്ചിയത്തെ ചന്ദ്രശേഖരന് ചെയ്തിരുന്നുള്ളൂ. അതിന്റെ പേരില്‍ ക്രൂരമായി വധശിക്ഷ നടപ്പാക്കിയതിന്റെ വിചാരണ കോഴിക്കോട്ടെ കോടതിയില്‍ നടക്കുമ്പോഴാണ് വധശിക്ഷയ്ക്കെതിരെ പാര്‍ട്ടി കേന്ദ്രനേതൃത്വം രംഗത്തുവന്നത്. നിരാശപ്പെടേണ്ട. പൊളിറ്റ് ബ്യൂറോവിന് അങ്ങനെ എന്തും പറയാം. പരിഷ്കൃത സംസ്കൃത സമൂഹത്തിലേ വധശിക്ഷ ഉപേക്ഷിക്കാനാവൂ എന്ന് മാര്‍ക്സ് പറഞ്ഞിട്ടില്ലേ? അത് വരാന്‍ ഇനിയും നൂറ്റാണ്ട് കഴിയേണ്ടേ? അതുവരെ നമുക്ക് വധശിക്ഷ തുടരാം. സര്‍ക്കാര്‍ വേണമെങ്കില്‍ നിര്‍ത്തിക്കോട്ടെ.
* * * *
ഒരു ചങ്ങാതിക്ക് പാര്‍ട്ടി വധശിക്ഷ വിധിച്ചു. വിധിച്ചുകഴിഞ്ഞാല്‍ വളരെ മാന്യമായി, അഹിംസാത്മകമായി, പരമാവധി കുറച്ച് വേദന മാത്രം ഉണ്ടാക്കി, അന്ത്യാഭിലാഷം വല്ലതും ഉണ്ടെങ്കില്‍ അത് അനുവദിച്ച് ശിക്ഷ നടപ്പാക്കണം എന്നാണ് പാര്‍ട്ടിയുടെ ആഗ്രഹം. പറ്റുമായിരുന്നെങ്കില്‍ പരിഷ്കൃതരാജ്യങ്ങളില്‍ ചെയ്യുന്നതുപോലെ ഇലക്ട്രിക് കസേരയില്‍ ഇരുത്തിയോ വിഷം കുത്തിവെച്ചോ സംഗതി നിര്‍വഹിക്കുമായിരുന്നു. അതല്ലെങ്കില്‍, സോവിയറ്റ് യൂണിയനിലും മറ്റ് സ്വര്‍ഗരാജ്യങ്ങളിലും ചെയ്തിരുന്നതുപോലെ ഒറ്റവെടിക്ക് കഥകഴിക്കാമായിരുന്നു. ഇപ്പറഞ്ഞതരം സാധനങ്ങളൊന്നും ലഭ്യമല്ലാത്തതുകൊണ്ടാണ് കത്തി, കൊടുവാള്, വടിവാള്‍ തുടങ്ങിയ സാമഗ്രികള്‍ ഉപയോഗിക്കേണ്ടിവന്നത്. ഒഞ്ചിയത്തുകാരന്‍ കുലംകുത്തി ചന്ദ്രശേഖരനെയും ഈവിധം സാധ്യമായേടത്തോളം അഹിംസാത്മകമായാണ് കാലപുരിക്കയച്ചത്.
നോക്കണേ, നാട്ടില്‍ എന്തെല്ലാം അനീതികളാണ് നടമാടുന്നത്. നെറികെട്ട യു.ഡി.എഫിന്റെ കുടില പോലീസും മാധ്യമഭീകരന്മാരും കൂടി പ്രചരിപ്പിച്ച കഥ കേട്ടിരുന്നില്ലേ? 51 വെട്ടുവെട്ടിയാണത്രെ ചന്ദ്രശേഖരനെ സഖാക്കള്‍ വധിച്ചത്. ആ പേരില്‍ പുസ്തകം വരെ ഇറക്കിവിറ്റ് കാശാക്കി നീചന്മാര്. പാര്‍ട്ടി പത്രം വെള്ളിയാഴ്ച ആ കുപ്രചാരണത്തിലെ അസത്യം വലിച്ചുകീറി പുറത്തിട്ടിട്ടുണ്ട്. വെറും 15 വെട്ടുമാത്രം വെട്ടിയാണ് സഖാക്കള്‍ ചന്ദ്രശേഖരന്റെ കഥകഴിച്ചത്. 15 നെ 51 ആക്കുന്ന അധാര്‍മികതയ്ക്കെതിരെ ആഞ്ഞടിക്കേണ്ടതുണ്ട് സമൂഹം. ഇടതുബുദ്ധിജീവികളുടെ സംയുക്തപ്രസ്താവന, മുഖപ്രസംഗം, സായാഹ്നധര്‍ണ, സെമിനാര്‍, പരമ്പര എന്നിവ ഉടനുണ്ടാകും. വെറുതെ വിടരുത് കശ്മലന്മാരെ. പാവപ്പെട്ട കൊലയാളികള്‍ക്കെതിരെ അപഖ്യാതി പ്രചരിപ്പിക്കുകയോ… വിടരുത് ഒരുത്തനെയും…