ചാനല്‍ വിഭ്രമങ്ങള്‍

ഇന്ദ്രൻ

കൈയിലൊരു കോലുമായി ഒരാള്‍ മുന്നിലും ചുമലില്‍ ക്യാമറയുമായി ഒരാള്‍ തൊട്ടുപിന്നിലുമായുള്ള ചാനല്‍ ഇരട്ടകളെ ചെല്ലുന്നേടത്തെല്ലാം കാണണം എന്നാഗ്രഹിക്കുന്നവരാണ് രാഷ്ട്രീയനേതാക്കള്‍. ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട് കേരളത്തില്‍ വിമാനമിറങ്ങുമ്പോള്‍ ആദ്യം നോക്കുക ഈ കൂട്ടര്‍ വന്നിട്ടുണ്ടോ എന്നാണ്. കണ്ടില്ലെങ്കില്‍ അന്ന് രാത്രി ഉറക്കം വരാന്‍ ഗുളിക വല്ലതും കഴിക്കേണ്ടിവരും. ഇതാണ് പൊതുവായ അവസ്ഥ. അതുപക്ഷേ, പുറത്തുപറയാറില്ല. ഈ ചാനലുകാരെക്കൊണ്ടുതോറ്റു. നില്‍ക്കാനും ഇരിക്കാനും സമ്മതിക്കുന്നില്ലെന്നേ… എന്നും മറ്റും നാലാള്‍ കേള്‍ക്കേ പറയും. അതാണ് ഒരു ഗമ. ചാനലുകാര്‍ പിറകെ നടക്കുന്നത് താന്‍ വലിയ പുള്ളിയായതുകൊണ്ടല്ലേ എന്നാണ് ഭാവം. എല്ലാവരുമില്ല, ചിലര്‍ .

മുമ്പെല്ലാം വല്ലതും പത്രത്തില്‍ വരണമെങ്കിലും മന്ത്രിമാരായാലും പത്രക്കാരെ അങ്ങോട്ടുവിളിക്കാറാണ് പതിവ്. കാലം മാറിയല്ലോ. ഒരു ബൈറ്റുതരൂ ചേട്ടാ ഒരു ബൈറ്റ് എന്ന് കേണ് പഞ്ചായത്ത് പ്രസിഡന്റുമാരുടെ പിറകെയും ചെല്ലേണ്ട സ്ഥിതി ഉണ്ടാക്കിയത് മാധ്യമങ്ങള്‍ തന്നെ. അമേരിക്കന്‍ പ്രസിഡന്റ് ഇടയ്‌ക്കെല്ലാം പുറത്തിറങ്ങി ഇന്ത്യന്‍ ഹോട്ടലില്‍വരെ ചെന്ന് ഭക്ഷണം കഴിക്കാറുണ്ട്. ഇന്ത്യയില്‍ ഏതെങ്കിലും ഹോട്ടലില്‍ അങ്ങനെ പ്രസിഡന്റ് ചെന്നാല്‍ ഹോട്ടല്‍ മാധ്യമക്കാര്‍ നിരപ്പാക്കും. വിരോധമൊന്നുമുണ്ടായിട്ടല്ല, പ്രസിഡന്റ് ഭക്ഷണം കഴിക്കുന്നത് വേറെ എങ്ങനെയാണ് ക്യാമറയിലാക്കുക ?

ചാനലുകാരെ എപ്പോഴും മുമ്പില്‍ കാണണമെന്നാണ് ആഗ്രഹം. പക്ഷേ, ചിലപ്പോള്‍ അവന്മാരുടെയും അവളുമാരുടെയും കണ്ണില്‍പ്പെടാതെ തലയില്‍ മുണ്ടിട്ടായാലും രക്ഷപ്പെടാന്‍ തോന്നിപ്പോകും. നമുക്ക് ഇഷ്ടപ്പെടുന്ന, നല്ല തലവാചകം കിട്ടുന്ന ചോദ്യങ്ങള്‍ ചോദിച്ചാല്‍പോരെ അവര്‍ക്ക് ? ഇല്ല, ചിലരുടെ ചോദ്യം കേട്ടാല്‍ മനസ്സിലാകും, നമുക്കിട്ട് കുത്താന്‍ വന്നിരിക്കുകയാണ് എന്ന്. അത്തരം സന്ദര്‍ഭങ്ങളില്‍ തലയൂരിപ്പോരണമെങ്കില്‍ ചില്ലറ ബുദ്ധിയും വിവേകവും നര്‍മബോധവും പ്രത്യുത്പന്നമതിത്വവുമൊക്കെ വേണം. ഇതൊന്നുമില്ലെങ്കിലും സാരമില്ല. വലതുകൈയുയര്‍ത്തിവീശി, വെളുക്കെ വിഡ്ഢിച്ചിരി ചിരിച്ച് ‘ നമുക്ക് പിന്നെ കാണാം’ എന്ന് പറഞ്ഞ് വേഗം കാറില്‍ കേറി സ്ഥലം കാലിയാക്കാനുള്ള ബുദ്ധിയെങ്കിലും വേണം. പി.ജെ.കുര്യനെ താനാണ് കുമളിയിലെ പെണ്‍കുട്ടിയുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയതെന്ന് ഒരു അധര്‍മരാജന്‍ ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞ ദിവസം കോലും ക്യാമറയുമായി ചാനലുകാര്‍ പാഞ്ഞുവരുന്നത് എന്തുചോദിക്കാനാണ് എന്നറിയാനുള്ള ബോധമില്ലെങ്കിലെന്തുചെയ്യും ? മാര്‍പാപ്പ സ്ഥാനമൊഴിഞ്ഞതിനെക്കുറിച്ചോ മറ്റോ ചോദിക്കാനാണ് ചാനല്‍കുട്ടികള്‍ പാഞ്ഞുവരുന്നത് എന്ന മട്ടിലാണ് കേന്ദ്രമന്ത്രി അറ്റന്‍ഷനായി നിന്നുകൊടുത്തത്. അപ്പോഴാണ് കുര്യന്‍, കുമളി, അമളി, ധര്‍മരാജന്‍ എന്നും മറ്റും ചോദിച്ചുതുടങ്ങിയത്. കേന്ദ്രമന്ത്രി അതിവേഗം നിയന്ത്രണാതീതനും അക്രമാസക്തനും ആയി. ചാനല്‍കോല്‍ പിടിച്ചുതാഴ്ത്തലും പേരക്കിടാവിന്റെ പ്രായമുള്ള മാധ്യമപ്രവര്‍ത്തകയോട് മൂന്നാംകിട ചോദ്യം ചോദിക്കലുമൊക്കെ നിമിഷങ്ങള്‍ക്കകം നടന്നു.

ജാതകദോഷമെന്നോ സമയദോഷമെന്നോ ബുദ്ധിമോശമെന്നോ എന്തുവേണമെങ്കിലും വിളിച്ചുകൊള്ളുക. ക്യാമറയുടെ മുന്നില്‍ചെന്നുനിന്ന് തുണിയൂരിയെറിയുന്നതുപോലുള്ള പണിയാണല്ലോ ചെയ്തത്. ഇനി അതവിടെ കിടന്നോളും. ജീവപര്യന്തം തടവ് എന്ന് പറഞ്ഞതുപോലെ ഇത് ജീവപര്യന്തം യൂട്യൂബിലും മറ്റും. അനശ്വരനാകാനുള്ള എളുപ്പവഴികളില്‍ ഒന്നാണ് ഇത്. ഇതില്‍നിന്ന് മോചനമില്ല. വിശദീകരിച്ച് കൂടുതല്‍ ആഴുമുള്ള കുളത്തില്‍ ചാടാനാണ്, ജന്മവാസന കൊണ്ട് ആദ്യം ശ്രമിച്ചതെങ്കിലും വേഗം മാപ്പുപറഞ്ഞ് തടിയൂരി. പ്രകോപനപരമായ ചോദ്യം ചോദിച്ച് നേതാവിനെ വിഡ്ഢിവേഷം കെട്ടിക്കാനുള്ള കഴിവ് മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. അതുകേട്ട് സമനില പോയാല്‍ ന്യൂസ് വേറെ ആകും എന്ന് കെ.എസ്.യു. കാലത്തുതന്നെ പഠിക്കേണ്ടതായിരുന്നു. ഇനി പഠിച്ചിട്ടുകാര്യമില്ല.

** ** **

ടെലിവിഷം വന്ന കാലം മുതല്‍ മൂന്നുനേരം അത് ഭുജിച്ച് ഇമ്യൂണിറ്റി നേടിയ രാഷ്ട്രീയനേതാക്കള്‍ക്ക് ഈ വിധം അബദ്ധം പറ്റാമെങ്കില്‍ ആര്‍ക്കാണ് പറ്റിക്കൂടാത്തത് ? ചാനല്‍ ക്യാമറക്കാര്‍ റോഡില്‍ ആടിനെയോ പശുവിനെയോ കണ്ടാല്‍ ശ്രദ്ധിക്കുന്ന അത്രപോലും ജഡ്ജിമാരെ കണ്ടാല്‍ ശ്രദ്ധിക്കാറില്ല. കാല്‍കാശിന്റെ വാര്‍ത്തയുള്ള ബൈറ്റ് ജീവിതകാലം മുഴുവന്‍ പിറകെ നടന്നാലും ജസ്റ്റിസുമാരില്‍ നിന്നും കിട്ടുകയില്ല. എന്നിട്ടും ഒരു റിട്ടയേര്‍ഡ് ജഡ്ജി ചാനല്‍ ലേഖികയോട് സംസാരിക്കാന്‍ സമ്മതിക്കുകയും തത്ഫലമായി അത്യഗാധമായ ഗര്‍ത്തത്തില്‍ ചെന്നുപതിക്കുകയും ചെയ്തു. റെക്കോഡ് ചെയ്യരുത് എന്ന്പറഞ്ഞാല്‍ അനുസരിക്കുന്ന കൂട്ടരാണ് മാധ്യമപ്രവര്‍ത്തകര്‍ എന്നദ്ദേഹം ധരിച്ചുപോയി. നിത്യജീവിതത്തില്‍ വേണമെന്ന് പറയുന്ന സത്യവും മര്യാദയും മാധ്യമ പ്രവര്‍ത്തനത്തിലും വേണമെന്ന് പറയുന്നവര്‍ വിഡ്ഢികള്‍തന്നെ. പല കുഴികളില്‍ വീണ് ശീലമുള്ളതുകൊണ്ട് കേന്ദ്രമന്ത്രി ഈ വീഴ്ചയില്‍നിന്നും രക്ഷപ്പെടും. മുമ്പൊരുകുഴിയില്‍ പോലും വീണിട്ടില്ലാത്തതുകൊണ്ട് ജഡ്ജിക്കുണ്ടാകുന്ന പരിക്ക് എളുപ്പം ഉണങ്ങുന്നതല്ല.

ഒരു ജഡ്ജി തന്റെ കേസ് വിധിയെക്കുറിച്ച് വിശദീകരിക്കാന്‍ പാടില്ല എന്ന് കീഴ് വഴക്കമുണ്ടാക്കിയവര്‍ മാധ്യമവിരുദ്ധന്മാര്‍തന്നെയാവും. ചോദ്യങ്ങള്‍ക്ക് മറുപടി പറയാനും പാടില്ലത്രെ. ചാനലിലുണ്ടോ അങ്ങനെ വല്ല ചിന്തയും ? സ്വകാര്യം പറഞ്ഞത് രഹസ്യക്യാമറയിലെടുത്ത് പരസ്യമാക്കാം. അത് തീര്‍ത്തും ധാര്‍മികം തന്നെ. ജഡ്ജിമാര്‍ തമ്മില്‍ വിധി പറയുന്നതിന്റെ തലേന്ന് ഫോണില്‍ സംസാരിക്കുന്നത് ചോര്‍ത്തി വേണമെങ്കില്‍ വിധി ബ്രേക്കിങ് ന്യൂസ് ആക്കാം. ഒളിക്യാമറ ലോകത്തെങ്ങും പ്രയോഗിച്ചിട്ടുള്ളത് കുറ്റകൃത്യങ്ങള്‍ തുറന്നുകാട്ടാനാണ്. ജഡ്ജിയെ ഒളിക്യാമറയില്‍ പകര്‍ത്തിയ ആദ്യസംഭവത്തിനുള്ള ലോക റെക്കോഡ് നമ്മുടേതുതന്നെ. ജഡ്ജി വിധി പറയാന്‍ കോഴ വാങ്ങിയൊന്നുമില്ലെന്നേ… അഭിപ്രായം പറഞ്ഞേ ഉള്ളൂ. ജഡ്ജിയുടെ പുരുഷകേന്ദ്രീകൃത സമീപനം ലോകത്തെ അറിയിക്കാനാണ് ഒളിക്യാമറ വെച്ചതെന്ന് വിശദീകരിക്കപ്പെട്ടിട്ടുണ്ട്. അതിനെന്തിന് ക്യാമറ ? സൂര്യനെല്ലിക്കേസ് വിധി വായിച്ചാല്‍ പോരേ ? ഇംഗ്ലീഷിലെഴുതിയ വിധി മനസ്സിലാകാത്തവര്‍ക്കുവേണ്ടിയാണ് അത് ഒളിക്യാമറയിലൂടെ മലയാളത്തില്‍ പറയിച്ചത്. അല്ലാതെ ചിലരെങ്കിലും കരുതുന്നതുപോലെ ചാനല്‍ റെയ്റ്റിങ് കൂട്ടാനൊന്നുമല്ല.

പണ്ട് മാധ്യമ ധാര്‍മികത എന്ന് പ്രയോഗിച്ചപ്പോള്‍ പലരും ചോദിച്ചത്രെരണ്ടും പരസ്?പര വിരുദ്ധമല്ലേ, എങ്ങനെ ഒത്തുപോകും എന്ന് ! ചാനലുകള്‍ വരുന്നതിനും വളരെക്കാലം മുമ്പായിരുന്നു അത്. ധര്‍മരാജനും ധര്‍മവും തമ്മിലുള്ള ബന്ധമേ മാധ്യമങ്ങളും ധാര്‍മികതയും തമ്മില്‍ ആവശ്യമുള്ളൂ. അധാര്‍മികത നമ്മളോട് ആരും കാട്ടാന്‍ പാടില്ല, നമുക്ക് ആരോടും കാട്ടാം. പറയാന്‍ നല്ല നാല് ന്യായം വേണം എന്നേ ഉള്ളൂ. അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം എന്നാരോ പറഞ്ഞതും ചാനലുകള്‍ വരുന്നതിനുമുമ്പാണ്. ഇന്ന് നാലുണ്ട് പക്ഷം.

Leave a Reply

Your email address will not be published. Required fields are marked *

Go Top