കേരളം ഭരിക്കുന്നത് ആരാണ് എന്നത് സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ ടോട്ടല്‍ കണ്‍ഫ്യൂഷന്‍ നിലനില്‍ക്കുന്നതായി വിശ്വസ്തകേന്ദ്രങ്ങളില്‍നിന്ന് മുസ്‌ലിം ലീഗ് നേതൃത്വത്തിന് കുറേ മുമ്പുതന്നെ റിപ്പോര്‍ട്ട് ലഭിക്കുകയുണ്ടായി. ആദ്യം അതത്ര കാര്യമായി എടുക്കുകയുണ്ടായില്ല. അണികള്‍കൂടി സംശയം പ്രകടിപ്പിക്കാന്‍ തുടങ്ങിയപ്പോഴാണ് അഞ്ചാംമന്ത്രിയെ സ്വയം പ്രഖ്യാപിച്ച് സത്യപ്രതിജ്ഞ ചെയ്യിച്ച് പരമാവധി ചീത്തപ്പേരുണ്ടാക്കിയത്. കുറച്ചുകാലം അതിന്റെ ബലത്തിലങ്ങ് നെഞ്ചുന്തി നടന്നു. പിന്നെയും അതാ ശത്രുക്കള്‍ പറയുന്നു, ഈ ലീഗ് എന്നുപറയുന്നത് വെറും ചത്ത കുതിരയാണ്, ഇവന്റെ ശൗര്യമൊന്നും പണ്ടേപ്പോലെ ഫലിക്കുന്നില്ല എന്നും മറ്റും. നിലമ്പൂര്‍ പ്രദേശങ്ങളിലാണ് കുപ്രചാരണത്തിന് ഊക്ക് കൂടുതല്‍. അപവാദം പലരും പറഞ്ഞുപരത്തിയപ്പോള്‍ നേതൃത്വത്തിനുതന്നെ സംശയമായി. എന്താണ് പരിഹാരം ? അന്വേഷണം നടത്തി ഒരു ധവളപത്രം പുറപ്പെടുവിക്കുക തന്നെ. പ്രത്യേക സഹചര്യത്തില്‍ ധവളപത്രത്തിന്റെ പേര് ഹരിതപത്രം എന്നാക്കാനും തീരുമാനമായി. ദേശീയനേതൃത്വം കൊടപ്പനക്കല്‍ കോലായയില്‍ യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്.
അന്വേഷണം തെറ്റിദ്ധാരണകളെല്ലാം നീക്കി. നമ്മളുതന്നെ ഭരിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ് പിന്നെ കണ്ടാലറിയുന്ന ചില പാര്‍ട്ടികളും ചേര്‍ന്ന യു.ഡി.എഫ്. ആണ് ഭരിക്കുന്നതെന്ന അപവാദത്തിന്റെ പൊള്ളത്തരവും വെളിവായി. ചില കാര്യങ്ങളില്‍ ശത്രുക്കള്‍ തന്നെയാണ് നല്ല മിത്രങ്ങള്‍. ബി.ജെ.പി., എന്‍.എസ്.എസ്., എസ്.എന്‍.ഡി.പി., സി.പി.എം. എന്നീ പാര്‍ട്ടികള്‍ക്ക് സംശയം ലവലേശമുണ്ടായിരുന്നില്ല. ഭരിക്കുന്നത് ലീഗാണേ ലീഗാണേ എന്ന് അവര്‍ കുറേയായി പറയുന്നുണ്ടായിരുന്നു. പക്ഷേ, ലീഗ് നേതാക്കള്‍ക്ക് സംശയം തീരുന്നുണ്ടായില്ല. ഇപ്പോള്‍ ആ സംശയമൊന്നുമില്ല ഭരിക്കുന്നത് ലീഗാണേ….
പ്രപഞ്ചരഹസ്യങ്ങളുടെ ചുരുളഴിക്കുന്ന ദൈവകണത്തിന്റെ കണ്ടെത്തല്‍ പ്രഖ്യാപിച്ചതിന്റെ ഗൗരവം ലോകം കണ്ടതാണല്ലോ. അതില്‍ ഒട്ടും കുറയരുത് കേരളം ഭരിക്കുന്ന കണം ഏതെന്ന കണ്ടെത്തലിന്റെ പ്രഖ്യാപനവും എന്ന് തീരുമാനമായി. പാണക്കാട്ടോ പുത്തരിക്കണ്ടം മൈതാനത്തിലോ പ്രഖ്യാപനം നടത്തിയാല്‍ ഗൗരവം ചോര്‍ന്നുപോകുമെന്ന് ഭയന്നാണ് ലോകതലസ്ഥാനമെന്നു പോലും കരുതാവുന്ന പട്ടാമ്പി കൊപ്പത്തെ കുലുക്കല്ലൂര്‍ പഞ്ചായത്തില്‍ സംഗതി നടത്തി ലോകത്തെ പിടിച്ചുകുലുക്കിയത്. പാണക്കാട് തങ്ങളോ പി.കെ. കുഞ്ഞാലിക്കുട്ടിയോ പ്രഖ്യാപിച്ചാലും ഈ പ്രശ്‌നമുണ്ട്. ഗൗരവം ചോര്‍ന്നുപോകും. അതാണ് സിംഹഗര്‍ജനം മന്ത്രി ഇബ്രാഹിംകുഞ്ഞുവക വേണം എന്നുതീരുമാനിക്കാന്‍ കാരണം. കുഞ്ഞുവിന്റെ പ്രഖ്യാപനത്തോടെ സംഗതി തെളിഞ്ഞു. ഭരിക്കുന്നത് ലീഗന്നെ, സംശ്യല്ലാ.
ലീഗിന്റെ പ്രഖ്യാപനം മറ്റുഭരണകക്ഷികളില്‍ ആധിയുണ്ടാക്കിയിരിക്കണം. സാരല്ല്യ. എല്ലാറ്റിനും മറുമരുന്നുണ്ട്. ഭരണകക്ഷികള്‍ ഓരോ മെഗാ സിറ്റികള്‍ കണ്ടെത്തി പ്രവര്‍ത്തകസമ്മേളനങ്ങള്‍ വിളിച്ചുചേര്‍ക്കട്ടെ. എന്നിട്ട് കുലുക്കല്ലൂര്‍ പ്രഖ്യാപനത്തിന്റെ മാതൃകയില്‍ സ്വന്തം പ്രഖ്യാപനങ്ങള്‍ നടത്തട്ടെ. ഭാഗ്യവശാല്‍ ഏത് പാര്‍ട്ടിക്കും ഏത് സന്ദര്‍ഭത്തിലും നടത്താന്‍ പറ്റുംവിധം സാര്‍വത്രികവും സര്‍വകാല പ്രസക്തവുമായ പ്രഖ്യാപനമാണല്ലോ മുസ്‌ലിം ലീഗ് നടത്തിയത്. പാര്‍ട്ടിയുടെ പേര് മാത്രം മാറ്റിയാല്‍ മതി. രാജ്യം മുഴുവന്‍ അനുയായികളും എണ്ണിയാല്‍തീരാത്തത്ര വോട്ടും ഉള്ള കെ.ആര്‍. ഗൗരിയമ്മയുടെയും എം.വി. രാഘവന്റെയും പാര്‍ട്ടികളാവും ആദ്യം ഈവിധം പ്രഖ്യാപനങ്ങള്‍ നടത്തുക. ഇതിനുശേഷം അനൂപ് ജേക്കബിന്റെ ഊക്കന്‍ പാര്‍ട്ടിക്ക് നടത്താം ശക്തിപ്രകടനം. മറ്റെന്ത് അല്ലെങ്കിലും മുച്ചൂടും സോഷ്യലിസ്റ്റും ഡമോക്രാറ്റിക്കും ആയ ജനത, മലയോരകേരളം ഭരിക്കുന്ന കേരളാ കോണ്‍ഗ്രസ് എന്നിവയുടെ പ്രഖ്യാപനങ്ങളും ഉടനെ ഉണ്ടാകും.
ഈ പാര്‍ട്ടികളാണ് യു.ഡി.എഫിനെ അധികാരത്തില്‍ കൊണ്ടുവന്നതും അധികാരത്തില്‍ തുടരാന്‍ ശക്തി പകരുന്നതും. അതുവേറെ കാര്യം. ഈ മുന്നണി ജയിപ്പിക്കാനല്ലാതെ നാളെ തോല്‍പ്പിക്കാന്‍ ഇവര്‍ക്കൊന്നും കഴിഞ്ഞെന്നുവരില്ല. അത് ചെയ്യാന്‍ കഴിയുന്ന ഒരേയൊരു പാര്‍ട്ടിയേ ഉള്ളൂ. അത് നമ്മുടെ മുസ്‌ലിംലീഗാണ്. അതവര്‍ക്ക് ഇപ്പോഴൊന്നും തെളിയിക്കാന്‍ കഴിയില്ല. അതിന് അടുത്ത നിയമസഭാതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണിത്തീരണം.
* * *
ഓരോ ഗൂഢാലോചനകളുടെ ഭീകരസ്വഭാവം കാണുമ്പോള്‍ ഉള്ളം വിറച്ചുപോകുന്നു. മാന്യന്മാരെ ജീവിക്കാന്‍ സമ്മതിക്കില്ല എന്നുവെച്ചാല്‍ എന്തുചെയ്യും. നമ്മുടെ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനെ അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ദീര്‍ഘകാലമായി ആസൂത്രണം ചെയ്തുപോന്ന ഒരു പദ്ധതിയാണ് ഇപ്പോള്‍ വെളിച്ചത്ത് വന്നിരിക്കുന്നത്. സ്വന്തം കാര്യം വരുമ്പോള്‍ ശുപാര്‍ശക്കാരെ ഇറക്കി വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന വെറുമൊരു നൂറാം ക്ലാസ് രാഷ്ട്രീയക്കാരനാണ് വി.എസ്. എന്ന് തെളിയിക്കുകയായിരുന്നു ദുഷ്ടശക്തികളുടെ ലക്ഷ്യം.
നടരാജന്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്‍ കുറേയായി നടക്കുന്നതുതന്നെ അതിനുവേണ്ടിയായിരുന്നു. ഇദ്ദേഹം വിവരക്കേടവകാശ കമ്മീഷന്‍ മേമ്പ്ര് ആകുന്നതിന് മുമ്പുംശേഷവും അച്യുതാനന്ദന്റെ വീട്ടില്‍തന്നെയായിരുന്നു സദാസമയം തീനുംകുടിയുമെന്ന് ദീര്‍ഘകാലം വി.എസ്. ഉപദേശിസംഘത്തലവന്‍ ആയിരുന്ന ഷാജഹാന്‍ മാധ്യമഅന്വേഷകര്‍ മുമ്പാകെ മൊഴി നല്‍കുകയുണ്ടായി. നടരാജനെ കമ്മീഷനംഗം ആക്കിയത് വി.എസ്. മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. മുഖ്യമന്ത്രിക്ക് തനിച്ച് അത് ചെയ്യാന്‍ പറ്റില്ല. പ്രതിപക്ഷനേതാവും കൂടി വേണം സഹായത്തിന്. നടരാജന്റെ പേര് നിര്‍ദേശിച്ചത് വി.എസ് ആയിരുന്നു, സമ്മതിച്ചു. ആള്‍മോശക്കാരന്‍ത്തന്നെ, അതുംസമ്മതിച്ചു. പക്ഷേ, അപ്പോള്‍തന്നെ അതിനെ എതിര്‍ത്തുതോല്‍പ്പിക്കേണ്ടതായിരുന്നു അന്നത്തെ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി. അദ്ദേഹം മിണ്ടിയില്ല. എങ്ങനെ മിണ്ടും? അച്യുതാനന്ദന്റെ ബന്ധുക്കള്‍ക്ക് ഭൂമി കൊടുത്തു എന്നൊരു ആരോപണം ഉണ്ടാക്കണമെന്നും അത് അന്വേഷിക്കുന്ന ഡിവൈ.എസ്.പി.യെ നടരാജന്‍ വിളിച്ച് സ്വാധീനിക്കാന്‍ ശ്രമിക്കണമെന്നും അത് മൊബൈല്‍ ഫോണില്‍ റെക്കോഡ് ചെയ്യണമെന്നും എല്ലാം മുന്‍കൂട്ടിക്കണ്ടാണ് ദുഷ്ട ഉമ്മന്‍ചാണ്ടി അന്ന് നടരാജന്റെ നിയമനത്തെ കണ്ണടച്ച് സ്വീകരിച്ചത്.
സി.പി.എമ്മോ പാര്‍ട്ടി പ്രവര്‍ത്തകരോ ഒന്നുമല്ല വിജിലന്‍സ് ഉദ്യോഗസ്ഥനെ സ്വാധീനിക്കാന്‍ പുറപ്പെട്ടത് എന്ന് പകല്‍വെളിച്ചംപോലെ വ്യക്തം. പാര്‍ട്ടിക്കാര്‍ക്ക് അതില്‍ പങ്കില്ല. ഉണ്ടായിരുന്നെങ്കില്‍ നടരാജനെയല്ല ഇറക്കുക. അതിന് ജയരാജന്മാരില്ലേ ? മൊബൈല്‍ ഫോണില്‍ വിളിക്കുന്നതുപോലുള്ള വിഡ്ഢിത്തങ്ങള്‍ അവര്‍ ചെയ്യുകയില്ല. കേസ്സുകള്‍ പാര്‍ട്ടിക്കെതിരായി തിരിക്കുന്ന ഉദ്യോഗസ്ഥരെ ശരിയായ പാതയില്‍ കൊണ്ടുവരുന്നതിന് വ്യവസ്ഥാപിതമായ നടപടിക്രമം ഉണ്ട്. ഉദ്യോഗസ്ഥനെ നേരിട്ട് കണ്ട് കാര്യം പറയും. പറയുന്നതിന്റെ കട്ടികൂട്ടാന്‍ അത്യാവശ്യം കൈക്രിയകളും ഉണ്ടായേക്കാം. കേട്ടില്ലെങ്കില്‍ ചെയ്യാനുള്ള നടപടി ക്രമങ്ങളുണ്ട്. ഒന്നുരണ്ടെണ്ണം പുറത്തെടുത്താല്‍ വഴങ്ങാത്ത ഉദ്യോഗസ്ഥര്‍ കേരളത്തില്‍ അധികമില്ല. നടരാജനെക്കൊണ്ട് ശുപാര്‍ശ ചെയ്യിച്ച് കേസ്സില്‍നിന്ന് തടിയൂരുന്നതുപോലുള്ള ഊച്ചാളിത്തരത്തിനൊന്നും വി.എസ്സിനെ കിട്ടില്ല.
* * *
കെ.മുരളീധരന്‍ ദീര്‍ഘകാലത്തെ മൗനവ്രതം, ഉപവാസം, യോഗ, മണ്‍ചികിത്സ, മെഡിറ്റേഷന്‍, ജലചികിത്സ എന്നിവയ്ക്ക് ശേഷം ശക്തി വീണ്ടെടുത്ത് വിജൃംഭിതവീര്യനായി രംഗത്തിറങ്ങിയത് കണ്ടുവല്ലോ. ഐ.എസ്.ആര്‍..ഒ. ചാരക്കേസ് തീര്‍ത്തും ചാരമായി എന്ന് ബോധ്യപ്പെട്ട ശേഷമാണ് മുരളി ആദ്യത്തെ വെടിപൊട്ടിച്ചത്. എസ്‌ക്ലൂസീവ് സ്‌കൂപ്പ് ആയിരുന്നു സ്‌റ്റോറി.
കെ. കരുണാകരന്റെ കഥ കഴിക്കുന്നതിനുവേണ്ടി പ്രധാനമന്ത്രി നരസിംഹറാവു തട്ടിക്കൂട്ടിയതായിരുന്നു ചാരക്കേസ്. ഈ ജന്മത്ത് വിശ്വസിക്കാന്‍ കൊള്ളാത്ത ആളാണ് നരസിംഹം. നരസിംഹത്തെ പ്രധാനമന്ത്രിയാക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച കരുണാകര്‍ജിയെ ആണ് ചാരക്കേസില്‍ കുടുക്കി ജയിലിലാക്കാന്‍ ശ്രമിച്ചത്. അത് സിംഹമല്ല, കുറുക്കനാണ്. ടിയാന്റെ അഞ്ചുകൊല്ലത്തെ ഭരണത്തിന് ശേഷം രാജ്യം ഈ നിലയില്‍ അവശേഷിച്ചതുതന്നെ ഭാഗ്യം.
എന്തായിരുന്നു കരുണാകരനോടുള്ള നരസിംഹത്തിന്റെ വിരോധം? പ്രധാനമന്ത്രിക്കസേരയില്‍നിന്നു തന്നെ ഇറക്കിവിട്ട് സ്ഥാനം കൈയടക്കാന്‍ സാധ്യതയുള്ളവരുടെ ഒരു പട്ടിക നരസിംഹം തയ്യാറാക്കിയിരുന്നുഅതില്‍ഒന്നാം സ്ഥാനത്ത്കരുണാകര്‍ജിയായിരുന്നു. രഹസ്യാന്വേഷണത്തലവന്മാര്‍, ആസ്ഥാന ജ്യോത്സ്യന്മാര്‍ തുടങ്ങിയവരുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷമാണ് ചാരക്കേസ് വാര്‍ത്തകള്‍ തൊടുത്തുവിട്ടത്. വൈകാതെ കരുണാകര്‍ജിക്ക് മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെട്ടുവെന്നത് ചരിത്രം.
ആകപ്പാടെ ഒരു സംശയമേ ഉള്ളൂ. ഇങ്ങേ മൂലയിലെ കൊച്ചുസംസ്ഥാനത്ത് മുഖ്യമന്ത്രിയായിരിക്കുന്ന അപകടകാരിയായ ഒരാളെ രാജിവെപ്പിച്ച്, ആദ്യം വന്ന ഒഴിവില്‍ രാജ്യസഭാംഗമാക്കി, മൂന്നുമാസം തികയും മുമ്പ് കേന്ദ്രമന്ത്രിസഭയില്‍ വ്യവസായം പോലൊരു കിണ്ണന്‍ വകുപ്പ് കൊടുത്ത്, അടുത്ത കസേരയിലിരുത്താന്‍ മാത്രം മണ്ടനായിരുന്നോ ചാണക്യബുദ്ധിക്കാരനെന്ന് പുകളുള്ള സാക്ഷാല്‍ നരസിംഹറാവു? വേലിയില്‍ കിടന്നതിനെ എടുത്ത് തോളിലിട്ടിട്ട് എന്താണ് റാവു നേടിയത് ? രാജ്യസഭയിലെ കാലാവധി തീരുംമുമ്പാണ് കരുണാകരന്‍ തൃശ്ശൂരില്‍ വന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചുതോറ്റത്. ഇനി അതിന്റെ പിന്നിലും നരസിംഹറാവു ആയിരുന്നോ എന്തോ….. പടച്ചോന്റെ ഓരോരോ ലീലാവിലാസങ്ങള്‍ എന്നല്ലാതെന്തുപറയാന്‍…