നെയ്യാറ്റിന്‍ കരയുദ്ധം

ഇന്ദ്രൻ

ഒരു ചങ്ങാതിയെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജയിപ്പിച്ചുവിട്ടതായിരുന്നു നെയ്യാറ്റിന്‍കരക്കാര്‍. വോട്ടും ചോദിച്ച് അങ്ങേരിതാ വീണ്ടും വരുന്നു. സഖാവേ… അല്ല സുഹൃത്തേ… കഴിഞ്ഞതവണ തന്ന വോട്ടെവിടെപ്പോയി? അന്നു തന്ന എം.എല്‍.എ.സ്ഥാനം എങ്ങോ കൊണ്ടുപോയിക്കളഞ്ഞിട്ട് വീണ്ടും വരികയാണോ അതൊരിക്കല്‍ക്കൂടി തരണമെന്ന് കേണുകൊണ്ട്? കൊടുത്ത ബലൂണ്‍ ഊതിപ്പൊട്ടിച്ച് കരഞ്ഞുംകൊണ്ട് പിന്നെയും ബലൂണ്‍ ചോദിച്ചുവരുന്ന കൊച്ചുകുട്ടികളെ കണ്ടിട്ടുണ്ട്. അതുപോലെയാണ് ഈ സെല്‍വരാജനും. എം.എല്‍.എ. സ്ഥാനം വീണ്ടും കൊടുത്താല്‍ അതും വഴിയില്‍ കളഞ്ഞ് പിന്നെയും വരുമോ എന്തോ…
കൈപ്പത്തിക്കാരനെ തോല്‍പ്പിക്കാന്‍ അരിവാള്‍ ചുറ്റിക നക്ഷത്രത്തിന് വോട്ട് ചോദിച്ചാണ് കഴിഞ്ഞതവണ വന്നതെങ്കില്‍ ഇത്തവണ അരിവാള്‍ ചുറ്റികക്കാരനെ തോല്‍പ്പിക്കാന്‍ കൈപ്പത്തിക്ക് വോട്ട് ചോദിച്ചാണ് വരുന്നതെന്ന വ്യത്യാസമേ ഉള്ളൂ. അതത്ര വലിയ വ്യത്യാസമൊന്നുമല്ലല്ലോ. പ്രചാരണയോഗങ്ങളില്‍ വോട്ടുചോദിക്കുമ്പോള്‍ സെല്‍വരാജന്‍ അബദ്ധത്തില്‍ അരിവാളിന് വോട്ട് ചോദിച്ചുപോകരുതെന്നേ ഉള്ളൂ. പത്തുനാല്‍പ്പത് കൊല്ലമായി ഒരു പക്ഷത്തിനുവേണ്ടി ഇളകിയ നാവാണ്. ചെറിയ മട്ടിലുള്ള ഫിസിയോതെറാപ്പിയോ മറ്റോ വേണ്ടിവന്നേക്കും നാക്കുപിഴയ്ക്കാതെ കൈപ്പത്തിക്ക് വോട്ട് ചോദിക്കാന്‍ എന്നുമാത്രം. അല്ലാതെ ഇതില്‍ വലിയ ആദര്‍ശപ്രശ്‌നമൊന്നുമില്ല.

ആദര്‍ശത്തിന്റെ ആള്‍രൂപമാണ് യു.ഡി.എഫിന് സെല്‍വരാജ്. സി.പി.എം. ഭീകരതയുടെ ഇര. അതിനെതിരെ പോരാടിത്തളര്‍ന്ന് പിറവം തിരഞ്ഞെടുപ്പിന്റെ മൂര്‍ധന്യത്തില്‍ മറുകണ്ടം ചാടിയ പാവം. എം.എല്‍.എ.സ്ഥാനം രാജിവെച്ചശേഷവും ചില്ലറ അബദ്ധങ്ങള്‍ യു.ഡി.എഫിനെക്കുറിച്ച് പറഞ്ഞുപോയെന്നേ ഉള്ളൂ. നീണ്ടകാല സി.പി.എം. കാരാഗൃഹവാസത്തിന്റെ ഹാങ്ഓവര്‍ മാത്രമായിരുന്നു അതും. അതുകൊണ്ടാണ് തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുന്ന ദിവസംതന്നെ എല്ലാ സംശയങ്ങളും ആദര്‍ശങ്ങളും കോണ്‍ഗ്രസ്സിന്റെ ഭരണഘടനതന്നെയും മാറ്റിവെച്ച് കോണ്‍ഗ്രസ്സുകാര്‍ സെല്‍വരാജിന് ഖദര്‍വേഷ്ടിയും കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പും നല്‍കിയത്. പൊതുവെ ഇങ്ങനെ മറുകണ്ടം ചാടി മത്സരിക്കുന്നവര്‍ ആചരിക്കുന്ന ചില വ്യവസ്ഥകള്‍ സെല്‍വരാജ് ഉപേക്ഷിച്ചത് ആദര്‍ശപരതയുടെ ലക്ഷണം തന്നെ. കാലുമാറി മത്സരിക്കുന്ന ആദ്യതിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി നില്‍ക്കുക, ജയിച്ചാല്‍ മെല്ലെ ഒച്ചയും ബഹളവുമൊന്നുമുണ്ടാക്കാതെ നിയമസഭാകക്ഷിയംഗമായി ചേരുക, അടുത്ത തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിടിക്കറ്റില്‍ത്തന്നെ കൈനോക്കുക… കാലം മാറിയില്ലേ? ഇപ്പോഴുമെന്തിന് പഴഞ്ചന്‍ ആചാരങ്ങള്‍. എല്ലാം നേര്‍ക്കുനേരെ മതി.

കോണ്‍ഗ്രസ് നിലപാട് ഇക്കാര്യത്തില്‍ ഉദാരമാക്കിയിട്ടുണ്ട്. മറുകണ്ടം ചാടിയ ഉടന്‍ സ്ഥാനാര്‍ഥിത്വം, അതു പ്രഖ്യാപിക്കുന്ന യോഗത്തില്‍ പാര്‍ട്ടി അംഗത്വം, അപ്പോള്‍ത്തന്നെ പാര്‍ട്ടിചിഹ്നം എന്നതാണ് ഇപ്പോഴത്തെ രീതി. ഒരു സെല്‍വരാജിനെക്കൊണ്ട് തീരുന്നതല്ല ഈ യുദ്ധം. അടുത്ത സെല്‍വരാജിനുവേണ്ടി ചൂണ്ട ഇട്ടിരിക്കുകയാണത്രെ ചെന്നിത്തലയും പി.സി. ജോര്‍ജുമെല്ലാം. ചില സമര്‍ഥന്മാര്‍ ചൂണ്ടയില്‍ കൊത്തുന്നതുപോലെ അഭിനയിച്ച് വേറെ ആനുകൂല്യങ്ങള്‍ പറ്റുന്നതായി സംശയമുണ്ട്. അതു സാരമില്ല. യു.ഡി.എഫ്. ക്ഷമാപൂര്‍വം കാത്തിരിക്കുകയാണ്. സി.പി.എം. തന്നെ അവരുടെ എം.എല്‍.എ.മാരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി പീഡിപ്പിക്കുകയാണത്രെ. മുഖ്യമന്ത്രിക്ക് നിവേദനം കൊടുക്കുക, മണ്ഡലത്തില്‍ വികസനപദ്ധതി നേടുക, ചെന്നിത്തലയെ കണ്ടാല്‍ ചിരിക്കുക തുടങ്ങിയ സംഗതികള്‍ പാര്‍ട്ടിവിരുദ്ധമായി പ്രഖ്യാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടത്രെ. അതുകൊണ്ട് യു.ഡി.എഫിന്റെ കാത്തിരിപ്പിന് ഫലമുണ്ടായേക്കും.

നെയ്യാറ്റിന്‍കരക്കാര്‍ അവസരത്തിനൊത്തുയര്‍ന്ന് സെല്‍വരാജിനെ വന്‍ഭൂരിപക്ഷത്തിന് വിജയിപ്പിക്കും എന്നാണ് യു.ഡി.എഫ്. പ്രതീക്ഷിക്കുന്നത്. വലിയ വികസനപദ്ധതികള്‍ നടപ്പാകണമെങ്കില്‍ സെല്‍വരാജ് തന്നെ വേണമല്ലോ. വികസനത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയം വേണ്ട എന്ന് സി.പി.എം. നേതാക്കള്‍ പറയാറുമുണ്ട്. ആകപ്പാടെ ഒരു പ്രശ്‌നമേ ഉള്ളൂ. സെല്‍വരാജിനെ തോല്‍പ്പിക്കുന്ന ആദര്‍ശവും വികസനവും ചുമലില്‍വെച്ചാണ് സി.പി.എമ്മിന്റെ സ്ഥാനാര്‍ഥി ലോറന്‍സ് രംഗത്തുവന്നത്. കേരളകോണ്‍ഗ്രസ്സിന്റെ സ്‌കൂളില്‍ ആണത്രെ അദ്ദേഹം പഠിച്ചത്. പലയിനം കേരള കോണ്‍ഗ്രസ്സുകളിലൂടെ സി.പി.എമ്മില്‍ എത്തുന്ന ആളുടെ ആദര്‍ശം നാല്പത് കൊല്ലമായി സി.പി.എമ്മില്‍ നില്‍ക്കുന്ന ആളുടെ ആദര്‍ശത്തിന്റെ തോതിലൊന്നുമായിരിക്കില്ലെന്ന് ഉറപ്പല്ലേ…
നെയ്യാറ്റിന്‍കരക്കാരുടെ ധര്‍മസങ്കടം വലുതായിരിക്കാം. ആദര്‍ശത്തിന്റെ രണ്ട് ആള്‍രൂപങ്ങളില്‍ ഏത് തിരഞ്ഞെടുക്കും? അവരുടെ മഹാഭാഗ്യം അതിലും വലുതാണ്. ആരു ജയിച്ചാലും ആദര്‍ശവും വികസനവും കൊണ്ട് ഇരിക്കപ്പൊറുതിയുണ്ടാവില്ല.
** **

ഏതു ഘട്ടത്തിലാണ് ബി.ജെ.പി.ക്ക് അതിമോഹം വന്നുപെടുക എന്നു പറയാനാവില്ല. വസ്തുനിഷ്ഠ ഭൗതികസാഹചര്യം വിപ്ലവം ആസന്നമാക്കി എന്ന് കമ്യൂണിസ്റ്റ് വിപ്ലവകാരികള്‍ക്ക് തോന്നി അവര്‍ പോയി ചാവേറാകാറുള്ളതുപോലെയാണ് ചിലപ്പോള്‍ ബി.ജെ.പി.ക്ക് ഇപ്പം തുറക്കാം അക്കൗണ്ട് എന്നു തോന്നാറുള്ളത്. നെയ്യാറ്റിന്‍കരയിലാണ് അത് ഇതാ സംഭവിക്കാന്‍ പോകുന്നതെന്ന് വിശ്വസിക്കാനുള്ള അവകാശം തീര്‍ച്ചയായും ബി.ജെ.പി.ക്കുണ്ട്.
കൊടിയ ജാതീയതയും വര്‍ഗീയതയും ആളിക്കത്തിക്കുന്നതില്‍ ഈ ‘ഹിന്ദു ഫാസിസ്റ്റു’കളെ മറ്റിനം മതേതരവാദികള്‍ ദയനീയമായി പിന്തള്ളിയെങ്കിലും അതിന്റെ ഗുണം തങ്ങള്‍ക്കുതന്നെയാണ് കിട്ടേണ്ടത് എന്ന് അവര്‍ ഉറച്ചുവിശ്വസിക്കുന്നു. ഇടതും വലതും രണ്ടിനം നാടാര്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയ സാഹചര്യത്തില്‍ ആ പാത്രത്തില്‍ കൈയിട്ടിട്ട് കാര്യമില്ല എന്നതു ന്യായം. ഒപ്പം അഞ്ചാംമന്ത്രി വിവാദം ഉണ്ടാക്കിയ തീയും പുകയും നമ്മുടെ കഞ്ഞി തിളപ്പിക്കാന്‍ മതിയാകുമെന്ന് അവര്‍ വിശ്വസിക്കുന്നതിലും തെറ്റുപറഞ്ഞുകൂടാ. അതുകൊണ്ടാണ് അവര്‍ ഒ. രാജഗോപാലിനെത്തന്നെ സ്ഥാനാര്‍ഥിയാക്കിയത്. ഇതിലും കൂടിയ ഒരാളെ കിട്ടുക പ്രയാസമാണ്. എല്‍.കെ. അദ്വാനിയോടൊക്കെ എങ്ങനെയാ മത്സരിക്കാന്‍ പറയുക…

നെയ്യാറ്റിന്‍കരക്കാരെ അത്ര വിശ്വസിച്ചുകൂടാ. ചിലപ്പോഴൊക്കെ പ്രതീക്ഷ തരും. പിന്നെ, നിലത്തിട്ട് ചവിട്ടിത്തേച്ചുകളയും. 1987-ല്‍ നമ്മുടെ പാര്‍ട്ടിക്ക് നെയ്യാറ്റിന്‍കരക്കാര്‍ തന്ന വോട്ട് എത്രയാണ്? 16031! ആ നിലയ്ക്കങ്ങ് മേലോട്ട് പോയിരുന്നെങ്കില്‍ നിയമസഭയില്‍ അക്കൗണ്ട് എന്നേ തുടങ്ങാമായിരുന്നു. സംഭവിച്ചത് നേരെ മറിച്ചാണ്. നമ്മുടെ ചില പഴയകാല റോക്കറ്റുകള്‍ പോലെ വോട്ടുനില നേരെ താഴോട്ടുപോന്നു. 16031-ല്‍ നിന്ന് 91-ല്‍ 8129, 96-ല്‍ 7090, 2001-ല്‍ 5364 , 2006-ല്‍ 3746… ഹാ എന്തൊരു മനോഹരമായ പതനം! 2011-ല്‍ ചെറിയ ഒരു ഉണര്‍വുണ്ടായി. വോട്ട് കച്ചവടം ചെയ്താല്‍പ്പോലും ഇങ്ങനെ കൃത്യമായി നിലംപതിപ്പിക്കാന്‍ കഴിയില്ല. ഇതൊക്കെയാണെങ്കിലും ഇത്തവണ പ്രതീക്ഷ വിട്ടുകൂടാ… അതിനിടെ ആരും കേറി ബംഗാരു… കങ്കാരു എന്നൊക്കെ പറയാതിരുന്നാല്‍ മതിയായിരുന്നു.
** **
കോണ്‍ഗ്രസ്-മുസ്‌ലിംലീഗ് ശണ്ഠ പെട്ടെന്ന് അണഞ്ഞുപോയി. വലിയ പ്രതീക്ഷ നല്‍കിയശേഷം എന്തേ ഇങ്ങനെ വെടി തീര്‍ന്നുപോയത് എന്നതുസംബന്ധിച്ച് നേതാക്കള്‍ ഒന്നും പറഞ്ഞുമില്ല. കോഴിക്കോട്ട് കല്യാണ വീട്ടില്‍ യാദൃച്ഛികമായി കണ്ടുമുട്ടിയപ്പോഴാണ് മഞ്ഞുരുകിയതെന്ന് പറയുന്നു. ബിരിയാണി ആണോ മഞ്ഞുരുക്കിയതെന്നൊന്നും പത്രറിപ്പോര്‍ട്ടില്‍ നിന്നു വ്യക്തമല്ല. ലീഗ്‌നേതൃത്വം അനേക പതിറ്റാണ്ടുകളിലായി ബിരിയാണിയിലാണ് മഞ്ഞുരുക്കാറ്. കോണ്‍ഗ്രസ്സില്‍ അത് അത്ര പതിവില്ല.
അങ്ങനെയൊരു കല്യാണം ഉണ്ടായത് ഭാഗ്യം. ഇല്ലെങ്കില്‍ എന്തായേനെ കേരളത്തിന്റെ അവസ്ഥ! നെയ്യാറ്റിന്‍കര കഴിഞ്ഞാല്‍ പുനരാരംഭിക്കുമായിരിക്കും. നമുക്കും പ്രതീക്ഷിക്കാനല്ലേ പറ്റൂ.

Leave a Reply

Your email address will not be published. Required fields are marked *

Go Top